ശ്രീശാന്തും ശ്രീജിത്തും
വീട്ടില്‍ രണ്ടാണ് പത്രം. ടൈംസ് ഓഫ് ഇന്ത്യ എന്ന ഇംഗ്ലീഷ് പത്രവും മലയാള മനോരമ എന്ന മലയാള പത്രവും. എന്തു കാര്യത്തിനെക്കുറിച്ചും രണ്ടഭിപ്രായം അറിയുന്നത് നല്ലതാണല്ലോ. പോരാണ്ട് ഈ പത്രങ്ങളെയൊന്നും കണ്ണടച്ച് വിശ്വസിക്കാന്‍ പാടില്ല എന്നാണ് സെബാസ്റ്റ്യന്‍ പോള്‍ കൈരളി ടിവിയിലെ പത്രവിശേഷം എന്ന പരിപാടിയില്‍ പറയാറുള്ളത്. എന്നാല്‍ വടക്കേഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന എന്റെ സഹമുറിയന് മലയാളം വായിക്കാനറിയാത്തതുകൊണ്ടാണ് ഇംഗ്ലീഷ് പത്രം വരുത്തുന്നതെന്നും എനിക്ക് ഇംഗ്ലീഷ് വായിക്കാനറിയാത്തതുകൊണ്ടാണ് മലയാളം പത്രവും വരുത്തുന്നതെന്നും ആണ് ചില കുബുദ്ധികള്‍ പ്രചരിപ്പിക്കുന്നത്. ശുദ്ധ അസംബന്ധമാണത്, ആരും വിശ്വസിക്കരുത്.
പതിവുപോലെ ഇന്നും വന്നു രണ്ടു പത്രവും. ആദ്യമെഴുന്നേറ്റത് ഞാനാണ്. അതുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ എടുത്ത് ഞാന്‍ ചിത്രങ്ങള്‍ നോക്കാന്‍ തുടങ്ങി (ടൈംസില്‍ നിറയെ ചിത്രങ്ങളുണ്ടാകും). ഇന്നത്തെ പ്രധാന വാര്‍ത്ത നീണ്ട പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്കയെ അവരുടെ സ്വന്തം മണ്ണില്‍ ക്രിക്കറ്റില്‍ തോല്‍പ്പിച്ചു എന്നതാണ്. നല്ല കാര്യം. വാര്‍ത്തയുമുണ്ടല്ലോ. വായിച്ചു കളയാം.
കളിയെക്കുറിച്ചും കളിക്കാരെക്കുറിച്ചും കളിക്കാര്‍ കളിയെക്കുറിച്ചും ഒക്കെയുള്ള അഭിപ്രായങ്ങളും വിവരണങ്ങളും വായിച്ചതിനുശേഷം അവസാനം എഴുതിക്കണ്ട വാചകം കണ്ട് ഞാന്‍ ഞെട്ടി. എനിക്ക് തെറ്റുപറ്റിയതല്ലെന്നുറപ്പ് വരുത്താന്‍ വീണ്ടും വീണ്ടും വായിച്ചു. അപ്പോള്‍ തെറ്റിയത് എനിക്കല്ല, വാര്‍ത്ത ഇങ്ങനെ.
"Man of the match S Sreesanth was on Monday fined 30% of his match fee for offences in the first Test. Match referee Roshan Mahanama found Sreesanth guity of following South African batsman Hashim Amla after he was out and showing a logo on his inner wear."
മോശമായിപ്പോയി. എന്നാലും നമ്മുടെ ശ്രീശാന്ത് ഇത് ചെയ്തല്ലോ.
ഹാഷിം ആംല ഔട്ട് ആയപ്പോള്‍ അദ്ദേഹത്തെ പിന്തുടര്ന്ന് സ്വന്തം അടിവസ്ത്രത്തിലെ ലോഗോ കാട്ടി അപമാനിച്ചെന്ന്. ഇത്ര തരം താണ പ്രവര്‍ത്തി ശ്രീശാന്തില്‍ നിന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. ഒന്നുമില്ലെങ്കിലും നമ്മള് മലയാളികളല്ലേ, ശ്രീശാന്ത് ഒരു കൊച്ചിക്കാരനല്ലേ, ഇത്തരം വൃത്തികേട് പരസ്യമായി ചെയ്യാന്‍ പാടുണ്ടോ? ച്ഛെ! അദ്ദേഹത്തിന്റെ ചിരിയും കളിയും ഒക്കെ ഇഷ്ടപ്പെട്ടിരുന്ന ഈ ആരാധകന് അത് ഫീല്‍ ആയി. ടി.വിയിലും മാസികകളിലും അദ്ദേഹത്തിന്റെ അഭിമുഖം എത്ര താല്പര്യത്തോടുകൂടിയാണ് ഞാന്‍ കാണാറുണ്ടായിരുന്നത്. എത്ര നന്നായി അന്നൊക്കെ ആദ്ദേഹം പെരുമാറി. ഞാന്‍ കൊടുത്ത കുറേ ബഹുമാനം വേസ്റ്റ് ആയല്ലോ, കഷ്ടമായിപ്പോയി. ടി.വി.യില്‍ കളികാണാതിരുന്ന ഞാന്‍, വീണ്ടും വീണ്ടും ആ രംഗം മനസ്സില്‍ കാണാന്‍ ശ്രമിച്ച് ഓരോ തവണയും കൂടുതല്‍ കൂടുതല്‍ ലജ്ജിതനായിക്കൊണ്ടിരുന്നു.
രാവിലെ തന്നെ മൂഡ് പോയി. ഇനി മനസ്സിലാവുന്ന ഭാഷയിലെ വല്ലതും വായിക്കാമെന്നു കരുതി മനോരമ എടുത്തു. അതിലും കാര്യമായ മാറ്റമില്ലാത്ത വാര്‍ത്തകള്‍ (ചിത്രങ്ങള്‍ക്ക് മാറ്റമുണ്ട്). വായിച്ചു വന്നപ്പോഴാണ് ശ്രീശാന്തിന്റെ അപരാധം എന്താണെന്ന് മനസ്സിലായത്.
ശ്രീശാന്ത് രണ്ട് അപരാധമാണ് കളിക്കളത്തില്‍ കാട്ടിയതത്രേ. ഹാഷിം ആംല പുറത്തായപ്പോള്‍ അദ്ദേഹത്തിനെ കളിയാക്കിയത് ഒന്ന്. ജര്‍സിക്കകത്ത് അനുവദനീയമല്ലാത്ത തരത്തില്‍ മറ്റൊരു ടി-ഷര്‍ട്ട് ഇട്ടത് അടുത്തത്. അകത്ത് ഇടുന്ന ടീ-ഷര്‍ട്ട്/ബനിയന് എന്നിവ വെള്ള നിറമുള്ളതായിരിക്കണമെന്നും അതില്‍ ലോഗോ പോലുള്ള ഒന്നും തന്നെ പാടില്ല എന്നതുമാണ് നിയമം അനുശാസിക്കുന്നത്. ശ്രീശാന്ത് ഇട്ടിരുന്ന ടീ-ഷര്‍ട്ടില്‍ അങ്ങിനെ എന്തോ ലോഗോ ഉണ്ടായിരുന്നു എന്നതാണ് അദ്ദേഹത്തിന് പിഴ വിധിക്കാന്‍ ഇടയാക്കിയത്.
ശ്ശൊ. ഈ എന്റെ ഒരു കാര്യം. എന്തൊക്കെയോ തെറ്റിദ്ധരിച്ചു. പാവം ശ്രീശാന്ത്. എത്ര മാന്യനാ. ജര്‍സി പോരണ് ഉള്ളില്‍ ഒരു ടീ-ഷര്‍ട്ട് കൂടെ ഇട്ടതിനാണ് ഇത്ര പുകില്. അവിടെ തണുപ്പ് കൂടുതലായിട്ടായിരിക്കും. നമ്മള് മലയാളികള്‍ക്ക് ഈ തണുപ്പ് എവിടെയാ ശീലം. അതു വല്ലതും ഈ മാച്ച് റഫറിക്ക് അറിയാമോ. ച്ഛെ. അതൊക്കെ പോട്ടെ, ഞാന്‍ ഇങ്ങനെയൊക്കെ വിചാരിച്ചു എന്നറിഞ്ഞാല്‍ ശ്രീശാന്തിന് എന്ത് തോന്നും. ഞങ്ങള്‍ക്കിനിയും കാണാനുള്ളതല്ലേ, ടി.വി.യില്‍. ഒരേ ഗ്രൌണ്ടില് കളിച്ച് വളര്‍ന്നവരാ ഞങ്ങള്‍, രണ്ട് സമയത്താണെന്ന് മാത്രം. സാരമില്ല, ആരും അദ്ദേഹത്തോട് ഇത് പറയാതിരുന്നാല്‍ മതി. ഞാനായിട്ട് പറയില്ല, സത്യം. അത്തിപ്പാറ അമ്മച്ചിയാണെ സത്യം.