ദീപാവലി മണ്ടത്തരം
ഇക്കഴിഞ്ഞ ആഴ്ചാവസാനം ബാംഗ്ലൂര്‍ ഒരു യുദ്ധഭൂമിക്ക് സമാനമായിരുന്നു. ഒരോ വീട്ടിലും റോഡിലും തോട്ടിലും കാട്ടിലും എന്ന് വേണ്ട ഒരിത്തിരി സ്ഥലം എവിടെയെങ്കിലും വെറുതേ കിടക്കുന്നത് കണ്ടാല്‍ അവിടെ നാലാള്‍ കൂടി പടക്കം പൊട്ടിച്ച് കളിക്കും എന്നതായിരുന്നു അവസ്ഥ. പടക്കം പൊട്ടിക്കാനായി ആളുകള്‍ ഒരുകയ്യില്‍ പടക്കവും മറുകയ്യില്‍ കത്തിച്ച തിരിയുമായി നടക്കുന്നത് കണ്ടാല്‍ സിനിമയില്‍ ഒക്കെ കാണുന്നത് പോലെ വര്‍ഗ്ഗീയ ലഹള സമയത്ത് നാട് കത്തിക്കാന്‍ നടക്കുന്നവരെയാണ് എനിക്കോര്‍മ്മ വന്നത്. സ്ഥലം കിട്ടാത്തവര്‍ പടക്കം പൊട്ടിക്കാനായി തിരഞ്ഞെടുത്തത് പൊതുവീഥിയാണ്. കഷ്ടകാലത്തിന് രാത്രി ഊണ് കഴിക്കാന്‍ പുറത്തിറങ്ങിയ എനിക്ക് നേരിടേണ്ടി വന്ന ആക്രമണം ഭൂമിയില്‍ നിന്ന് മാത്രമായിരുന്നില്ല, ആകാശത്ത് നിന്നും കൂടിയായിരുന്നു. അങ്ങോട്ടേക്ക് വിടുന്ന പടക്കങ്ങളില്‍ നല്ലൊരു പങ്കും പകുതിക്ക് വച്ച് യാത്ര മതിയാക്കി താഴോട്ട് വരുന്നതും, നിലത്ത് വീണ് പൊട്ടുന്നതും കാണാമായിരുന്നു. ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ വിടുന്ന റോക്കറ്റ് വരെ തിരിച്ച് വരുന്നു, പിന്നെയാണ് ഇത്. അറിയാവുന്ന ദൈവങ്ങളേയും അവര്‍ക്കറിയുന്ന ദൈവങ്ങളേയും മൊത്തം വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചതു കൊണ്ടുമാത്രമാണ് സുരക്ഷിതമായി ഞാന്‍ വീട്ടില്‍ തിരിച്ചെത്തിയത് എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല.
ഇതാണ് മക്കളേ “ദീപാവലി” ആഘോഷം. നമ്മുടെ നാട്ടിലെ വിഷുവിനുള്ള പടക്കം പൊട്ടിക്കല്‍ ഒന്നുമല്ല ഇതു വച്ച് നോക്കുമ്പോള്‍. രാവിലെത്തൊട്ട് രാത്രി വരെ നിര്‍ത്താതെ പടക്കം പൊട്ടിക്കുന്ന ഒരു ജനത വളരെ പുതുമയുള്ളതായിരുന്നു എനിക്ക്. ഒരു കമ്പിത്തിരി പായ്ക്കറ്റ് വാങ്ങാന്‍ പോലും കാശില്ല എന്ന് ഞാന്‍ കരുതിയിരുന്ന ഇജ്ജിപ്പുരയിലെ ചേരി നിവാസികള്‍ വരെ പൊട്ടിച്ചുകൊണ്ടിരുന്നത് ഇരുനില മത്താപ്പൂവും മറ്റുമായിരുന്നു. ആയിരക്കണക്കിന് രൂപയാണ് ഒരൊറ്റ ദിവസങ്ങള്‍ കൊണ്ട് അവരില്‍ പലരും പൊട്ടിച്ച് കളഞ്ഞത്.
പക്ഷെ എന്റെ കയ്യില്‍ ആയിരങ്ങള്‍ ഒന്നും ഇല്ല. ആകെയുള്ളത് മത്താപ്പൂവിനെക്കാള്‍ പ്രകാശമുള്ള ഒരു ചിരിയും, ഇന്നാട്ടിലെ ഭക്ഷണം കഴിച്ചാല്‍ പൂക്കുറ്റിയേക്കാള്‍ വേഗത്തില്‍ പുറത്തേക്ക് തുപ്പുന്ന ഒരു വയറും, ഒരോ മണ്ടത്തരം കഴിയുമ്പോഴും മാലപ്പടക്കത്തിനേക്കാള്‍ ഉച്ചത്തില്‍ പൊട്ടുന്ന ഒരു അഭിമാനവും ശമ്പളം കിട്ടുന്ന അന്ന് തന്നെ കമ്പിത്തിരിയേക്കാള്‍ വേഗത്തില്‍ കത്തിത്തീരുന്ന ബാങ്ക് അക്കൌണ്ടും മാത്രം. അത് കൊണ്ട് പടക്കമൊന്നും ഞാന്‍ വാങ്ങിയില്ല. ദീപാവലി നാട്ടുകാര്‍ ആഘോഷിക്കുന്നത് കണ്ട് ഞാനും മനസ്സ് നിറയ്ക്കും എന്ന് തന്നെ കരുതി. മറ്റൊരാളുടെ സന്തോഷം കാണുമ്പോഴുള്ള സന്തോഷം നമ്മള്‍ മാത്രം സന്തോഷിക്കുമ്പോള്‍ കിട്ടുമോ?
ഞാന്‍ തത്വചിന്ത പറയുന്നോ? അല്ലെങ്കിലും പറയാന്‍ വലിയ ബുദ്ധിമുട്ടില്ലല്ലോ, നടപ്പാക്കാനല്ലേ പാട്. എന്റെ വാശിയും രാത്രിയായപ്പോള്‍ അലിഞ്ഞില്ലാണ്ടായി. നാട്ടുകാര്‍ മൊത്തം പടക്കം പൊട്ടിക്കുന്നു. എന്റെ വീട്ടില്‍ മാത്രം നിശബ്ദത. മുകളിലേക്ക് പോകുന്ന ഒരോ വാണവും എന്റെ വീട് നോക്കി മൂക്കത്ത് വിരല്‍ വച്ച് ‘ഷെയിം ഷെയിം പപ്പി ഷെയിം’ എന്ന് പറയുന്നത് പോലെ ഒരു തോന്നല്‍. അപ്പുറത്തും ഇപ്പുറത്തും പൊട്ടുന്ന ഓരോ പടക്കവും എന്റെ വീട് നോക്കി ‘ദേണ്ടേ ഒരു പേടിത്തൊണ്ടന്റെ വീട്’ എന്ന പറഞ്ഞുകൊണ്ടാണോ പൊട്ടുന്നത് എന്നൊരു ശങ്ക. കത്തിത്തീരുന്ന ഓരോ പൂക്കുറ്റിയും എന്റെ വീട് നോക്കി അടക്കിപ്പിടിച്ച ചിരിയോടെയാണോ കത്തിത്തീരുന്നതെന്ന് സംശയം. എന്റെ അഭിമാനം, നാണക്കേട് കാരണം എന്നെ വിട്ട് എവിടെയോ പോയി ഒളിച്ചു.
അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ. എനിക്കും പൊട്ടിക്കണം പടക്കം. പക്ഷെ ഈ രാത്രി എവിടെപ്പോയി പടക്കം വാങ്ങിക്കാനാണ്? അല്ല, വാങ്ങാന്‍ എന്ത് ധൈര്യത്തിലാണ് പുറത്തിറങ്ങുന്നത്? അല്ലെങ്കില്‍ തന്നെ ഈ ബ്ലോഗ് വായിച്ച ചിലര്‍ എന്നെ കണ്ടാല്‍ പച്ചയ്ക്ക് കത്തിക്കുമെന്ന്‍ പറഞ്ഞ ഭീഷണി നിലനില്‍ക്കുന്നുണ്ട്. പോരാണ്ട് തലങ്ങും വിലങ്ങും പറന്ന് നടക്കുന്ന പേരും വിലാസവുമില്ലാത്ത തീ തുപ്പും ആയുധങ്ങള്‍. എന്റെ പട്ടി പോകും പുറത്ത്.
പിന്നെ എന്താ ഒരു വഴി? സോഫ്റ്റ്വേര്‍ എഞ്ചിനിയരുടെ ബുദ്ധി പ്രവര്‍ത്തിച്ചു തുടങ്ങി. ആദ്യം നമുക്ക് ആവശ്യങ്ങളുടെ കണക്കെടുക്കണം, പിന്നെ മതി അതെങ്ങിനെ പ്രാവര്‍ത്തികമാക്കാം എന്നതിനെപ്പറ്റിയുള്ള ആലോചന.
എന്റെ ആവശ്യങ്ങള്‍:- ഞാനും ഒട്ടും മോശമല്ല എന്ന് നാലാള്‍ അറിയണം. പടക്കത്തിന്റെ ഒച്ച അഡ്ജസ്റ്റ് ചെയ്യാം, അപ്പുറത്തും ഇപ്പുറത്തും ഒരുപാട് പൊട്ടുന്നുണ്ട്. ഒച്ച എവിടുന്നാണ് വരുന്നതെന്ന് കണ്ടുപിടിക്കാന്‍ പറ്റില്ലല്ലോ. പക്ഷെ തീയും പുകയും വേണം, അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല. പിന്നെ,... പിന്നെയൊന്നും ഇല്ല. ഇത്ര മാത്രം.
അടുത്ത പടി, ഇതെങ്ങിനെ പ്രാവര്‍ത്തികമാക്കാം എന്നതാണ്. തീയും പുകയും മാത്രം മതിയെങ്കില്‍ വെറുതേ തീയിട്ടാല്‍ പോരേ. ഐഡിയ. എന്നെ പൊന്നേ, മോനേ, ശ്രീജിത്തേ, നിന്റെ ബുദ്ധി സമ്മതിക്കണം. ഞാന്‍ എന്നോട് തന്നെ പറഞ്ഞു, എന്നിട്ട് ഞാന്‍ തന്നെ എന്റെ തോളത്ത് തട്ടി അഭിനന്ദിച്ചു.
വീട്ടിലാണെങ്കില്‍ കുറേ നാളത്തെ പത്രം വെറുതേ കിടപ്പുണ്ട്. വായന ഇല്ലാത്തതിനാല്‍ പത്രം നിര്‍ത്തിയാലോ എന്ന് നേരത്തേ ആലോചന തുടങ്ങിയതാണ്. മടി കാരണമാണ് അത് ചെയ്യാതിരുന്നത്. അതിപ്പോള്‍ ഉപകാരമായി.
കുറേ പത്രങ്ങള്‍ വാരിക്കൂട്ടിയെടുത്ത് ഞാന്‍ മട്ടുപ്പാവില്‍ കൊണ്ട് വച്ചു. ഇതെല്ലാം കൊണ്ടു പോകുന്നത് ആരും കാണാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മുകളില്‍ ചെന്നിട്ട് വെള്ളത്തിന്റെ ടാങ്കിന്റേയും മട്ടുപ്പാവിന്റെ കൈവരിയുടേയും ഇടയില്‍ എന്റെ ഈ അഭിനവ പടക്കം ഞാന്‍ ഒളിപ്പിച്ചു. ഇവിടെ നിന്നാകുമ്പോള്‍ തീയും പുകയും ഒക്കെ മറ്റുള്ളവര്‍ കണ്ടോളും. കടലാസ്, ഈ മറ കാരണം ആരും കാണുകയും ഇല്ല. ഓപ്പറേഷന്‍ പറ്റിക്കല്‍ ഒഫ് ദ പടക്കത്തിന്റെ ഏകദേശ രൂപരേഖ തയ്യാറായി.
പരീക്ഷണാടിസ്ഥാനത്തില്‍ കുറച്ച് കടലാസിട്ട് ഞാന്‍ തീ കൊളുത്തി. കടലാസായത് കൊണ്ട് പെട്ടെന്ന് കത്തി. പക്ഷെ തീ പോര. പുകയും കുറവ്. ആരും ശ്രദ്ധിക്കാന്‍ പാകത്തില്‍ ഇല്ല. പത്രത്തിന് കിലോ നാല് രൂപ വരെ തൂക്കി വില്‍ക്കുമ്പോള്‍ കിട്ടാറുള്ളതാണ്. ചുമ്മാ കത്തിച്ച് കളയാന്‍ പറ്റുമോ!
തീ ഒന്ന് പെരുപ്പിക്കാന്‍ കുറേയേറെ കടലാസുകള്‍ തീയിലേക്ക് ഞാനിട്ടു. ഈ കടലാസ് ഒന്ന് തീപിടിച്ച് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ, ഒരു മന്ദമാരുതന്‍ ആഞ്ഞ് വീശി. അതുകൊണ്ടുള്ള അപകടം ഞാന്‍ മനസ്സിലാക്കുന്നതിനുമുന്നേ തന്നെ എന്റെ പടക്കം നാലുപാടും പറന്ന് തുടങ്ങി. ഞാന്‍ നിലത്ത് കിടന്ന് കറങ്ങുന്ന ചക്രമായി കരുതിയിരുന്ന എന്റെ പടക്കം, വാണമായി മാറി പുതിയ വിഹായസ്സുകള്‍ തേടിപ്പിടിച്ച് തുടങ്ങി. എന്റെ ജീവിതവും മനസ്സും കത്തിത്തുടങ്ങി. ഈ തീപിടിച്ച കടലാസുകള്‍ ചുറ്റുവട്ടങ്ങളില്‍ പോയിവീണാല്‍ മൊത്തം പഞ്ചായത്ത് നിന്ന് കത്തും. അഥവാ കത്തിയില്ലെങ്കില്‍ എന്റെ വീട്ടില്‍ നിന്ന് കടലാസ് കത്തിച്ച് കാറ്റില്‍ പറത്തിയതിന് നാട്ടുകാര്‍ വന്ന് എന്റെ വീട് കത്തിക്കും. എന്റെ മരണം ഉറപ്പായി.
എത്രയും പെട്ടെന്ന് ഈ തീ കെടുത്തിയേ പറ്റൂ. എങ്ങിനെ എന്നൊന്നും ആലോച്ചിച്ച് തീരുമാനം എടുക്കാന്‍ നേരമുണ്ടായിരുന്നില്ല. അല്ലെങ്കിലും ആലോച്ചിക്കുക എന്നൊക്കെപ്പറഞ്ഞാല്‍ വലിയ ബുദ്ധിമുട്ടാണ്, ശീലമില്ലാത്ത കാര്യമല്ലേ. എന്ത് ചെയ്യണം എന്ന ചോദ്യം തലയ്ക്കകത്ത് എത്തി ഒരു മറുപടി തിരിച്ച് പുറത്തേക്ക് വരുന്നതിനു മുന്‍പേ അത് ഞാന്‍ ചെയ്ത് കഴിഞ്ഞിരുന്നു.
എന്ത്? ഞാന്‍ തീയിലേക്ക് എടുത്ത് ചാടി, അത്ര തന്നെ. ഞാന്‍ തീ ചവുട്ടിക്കെടുത്താല്‍ തുടങ്ങി. ചെരുപ്പ് ഉരുകിത്തുടങ്ങിയപ്പോള്‍ അതെടുത്ത് ദൂരെക്കളഞ്ഞു, അല്ലെങ്കില്‍ എന്റെ കാല്‍ പൊള്ളില്ലേ! കാറ്റ് വീണ്ടും വീശിക്കൊണ്ടിരുന്നു, അതുകൊണ്ട് തീ ആളിക്കൊണ്ടുമിരുന്നു. പതുക്കെ എന്റെ മുണ്ടിനും തീ പിടിച്ചു. അതോടെ പ്രശ്നം വഷളായി. വേറെ നിവര്‍ത്തിയില്ലാതെ ഞാന്‍ ടാങ്കിലേക്ക് എടുത്ത് ചാടി. അങ്ങിനെ തീ കെട്ടു. എവിടുത്തെ? എന്റെ മുണ്ടിലെ. താഴെ ഞാനിട്ട തീ അപ്പോഴും ആളിക്കത്തിക്കൊണ്ടിരുന്നു.
തിരിച്ച് ഞാന്‍ വീണ്ടും തീയിലേക്ക് ചാടി തീയെ ചവുട്ടിക്കൊല്ലാനുള്ള ശ്രമം തുടര്‍ന്നു. ഇത്തവണ മുണ്ട് കത്തിയില്ല. എന്തുകൊണ്ട്? അത് നനഞ്ഞിരിക്കുന്നത് കൊണ്ട്. അപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. വെള്ളമൊഴിച്ചാല്‍ തീ കെടും. ഐഡിയ. ടാങ്കില്‍ നിന്ന് അരികില്‍ കിടന്ന കപ്പുപയോഗിച്ച് വെള്ളമെടുത്ത് വെള്ളമടി തുടങ്ങി. കുറച്ച് സമയം കൊണ്ട് തീ കെട്ടു. എന്റെ കയ്യില്‍ നിന്നും കാലില്‍ നിന്നും രക്ഷപ്പെട്ട പറക്കും പന്തങ്ങള്‍ ആകാശത്ത് തന്നെ നിന്ന് കത്തിത്തീര്‍ന്നത് കൊണ്ട് വലിയൊരു ആപത്ത് ഒഴിവായി. ഇനി അഥവാ ഏതെങ്കിലും താഴെ വീഴുകയോ എന്തെങ്കിലും തീപിടുത്തം ഉണ്ടാവുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ ഉത്തരവാദിയല്ല. എനിക്കൊന്നും അറിയാന്‍ പാടില്ലേ. ഞാന്‍ പടക്കവും പൊട്ടിച്ചിട്ടില്ല, കടലാസും കത്തിച്ചിട്ടില്ല.
മതി ആഘോഷം. ഞാന്‍ ബാക്കി വന്ന ജീവനും കൊണ്ട് താഴെ വന്ന്, ആരും എന്നെ തല്ലിക്കൊല്ലാന്‍ വരല്ലേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് മൂടിപ്പുതച്ചു കിടന്നു. കാണിച്ച മണ്ടത്തരം കാരണം ശ്വാസം ഇരട്ടി വേഗത്തിലായിരുന്നു. പേടിയും ചമ്മലും എല്ലാം മനസ്സില്‍ നിറയെ ഉണ്ടായിരുന്നു. ദീപാവലിക്ക് പടക്കം പൊട്ടിച്ചില്ലല്ലോ എന്ന ദുഃഖം വേറെയും. എന്നാലും മറ്റൊരു വലിയ സമാധാനവുമുണ്ടായിരുന്നു. അത് എന്റെ എല്ലാ ദുഃഖങ്ങള്‍ക്കും അവധി കൊടുത്തു.
സ്വന്തം ജീവന്‍ വരെ തൃണവല്‍ഗണിച്ചുകൊണ്ട് ഞാന്‍ ബാംഗ്ലൂര്‍ നഗരത്തിനെ ഒരു വന്‍ അഗ്നിബാധയില്‍ നിന്ന് രക്ഷിച്ചു!
23 comments:
ചങ്ങാതീ,മണ്ടത്തരങ്ങളോട് ഇത്ര പ്രതിപത്തി എന്താ..?ഈ എഴുതിയതൊക്കെ നേരു തന്നെയോ..അതോ സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ ഭാവനയോ...?എന്തായാലും ഒറ്റ ഇരുപ്പിന് വായിച്ചു.
ദുരന്തങ്ങള്‍ക്കും ഒരു ചാരുതയുണ്ട്..അല്ലേ..
നീയണ്ടാ മോണേ ഒരു യഥാര്‍ത്ഥ സോഫ്റ്റ്വേര്‍ എഞ്ചിനീയര്‍, ഹൊ എന്തൊരു പുത്തി.
ഈശ്വരാ ആ കമ്പനി കഴിഞ്ഞ ജന്മത്തില്‍ എന്തു തെറ്റ് ചെയ്താവോ .
ആരെങ്കിലും ഇങ്ങേര്‍ക്ക് ഒരു ജീവന്‍രക്ഷാ പടക്കം..ഛെ പതക്കം ഒപ്പിച്ചു കൊടുക്കൂ...
ഒവ്വാ..ഒവ്വാ..എന്തെല്ലാം ഭാവനയാണെന്നു നോക്കിക്കെ ഒരു കുഞ്ഞിച്ചെക്കനു..! ഇവന്മാരെങ്ങാനും ഒരു ദിവസം കൂടി ഈ പടക്കം എങ്ങാനും പൊട്ടിച്ചിരുന്നെല്‍ അറിയാമാരുന്നു എന്റെ സ്വഭാവം.,ബാംഗ്ലൂര്‍ നഗരം കിരണില്‍ നിന്നു രക്ഷപെട്ടു..ഒരു ഊപ്രി ചെക്കനെ കിടത്തി ഉറക്കാന്‍ പെട്ട പാട് ഈ പൊട്ടീരന്മാര്‍ക്കുണ്ടോ മനസിലാവുന്നു..!
അല്ലാ..മണ്ടത്തരങ്ങള്‍ മെയിലില്‍ ലഭിക്കാന്‍ എന്ന ബോക്സ് തന്നെ മച്ചൂ ഈ ബ്ലൊഗ്ഗിലെ എറ്റവും വലിയ അറ്ററാക്ഷന്‍..! :)
ദീപാവലിയായപ്പോ മാര്‍വാഡികളും സിക്കന്തര്‍മാരൂടെ ഈ അന്യരാജ്യത്ത് എന്നെ ഉറങ്ങാന്‍ സമ്മതിച്ചിട്ടില്ല..
സായിപ്പിന് എന്തു തോന്നുമോ ആവോ?
എന്നാലും പടക്കത്തിന്‍ പകരം പേപ്പറ് കത്തിച്ച ശ്രീ...അങ്ങൊരു മഹാന്‍ തന്നെ
ആ കാലൊന്നിങ്ങോട്ട് കാണിയ്ക്കൂ ഒന്നു നമിയ്ക്കട്ടേ..
:)
എന്റെ പൊന്നു മണ്ടാ.. നീ മണ്ടത്തരം കാണിക്കുക മാത്രമല്ല, പറയുന്നതും മണ്ടത്തരമാണ്..... തീ ചവിട്ടി കെടത്താനുള്ള ബുദ്ധിയും വിവേകവും ശ്രീയ്ക്കുണ്ടെന്നു അമ്മയാണേ ഞാന്‍ വിശ്വസിക്കൂല... ഇനി ടാങ്കില്‍ ചാടി വന്നപ്പോള്‍ കണ്ടിട്ടാണെങ്കില്‍ ടാങ്കില്‍ ചാടാനുള്ള ബുദ്ധി എവിടെ നിന്നു കിട്ടി!!!!!??????
കൊള്ളാം
ദീപാവലി തീയിട്ട് ആഘോഷിച്ചത് ആദ്യമായിട്ട് കേള്‍ക്കുകയാണ്. പക്ഷേ വെറുതെ സോഫ്റ്റ്‌വെയര്‍ എഞ്ചികളുടെ മാനം കളയല്ലേ...:-)
ഇനിയും ഇതു പോലത്തെ കടുത്ത ആഘോഷങ്ങള്‍ക്കൊന്നും തുനിയല്ലേ...(ബാക്കിയുള്ളവര്‍ക്കു ജീവിയ്ക്കേണ്ടേ..:-))
എന്റമ്മോ...ഏതായാലും ഇനി ബാംഗ്ലൂര്‍ക്കില്ല...ശ്രീ, നിങ്ങള്‍ താമസ്സിക്കുന്നത് റസിഡന്‍സി റോഡിനടുതെങ്ങും അല്ലല്ലോ.. അല്ലേ ?
എന്റമ്മേ.......
മണ്ടന്‍..മണ്ടന്‍... തിരുമണ്ടന്‍...
ഒന്നാന്തരം.. ഇടിവെട്ട് മണ്ടന്‍..
മണ്ടന്മാരില്‍ പുലി.. പുപ്പുലി..
ഹയ്യോ...
എനിക്കു മേല...
ശ്രീ.പോസ്റ്റുകളുടെ കൂടെ അങ്ങയുടെ പാദാരവിന്ദങ്ങളുടെ പടം കൂടി കൊടുത്താല്‍ നാന്നായിരുന്നു.ഓരൊപ്രാവിശ്യവും തൊട്ടു തൊഴാമായിരുന്നു..
ജിത്തൂ അടിപൊളി....തന്റെ ദീപാവലി ആഘോഷം കലക്കി. താന്‍ തീകെടുത്താന്‍ ഉപയോഗിച്ച ടെക്നിക്ക് വായിച്ചപ്പോള്‍, വീടിന്റെ അടുത്തുള്ള മാരിയമ്മന്‍ കോവിലിലെ തീച്ചാട്ടം ഓര്‍മ്മ വന്നു.
പിന്മൊഴിയില്‍ ആദ്യം വന്ന കമന്റിന്റെ വാലില്‍ തൂങ്ങി വന്ന് വായിച്ചിരുന്നു..കൊള്ളാം ശ്രീ..ഈരേഴുപതിനാല് ലോകത്തും നിനക്ക് തുല്യന്‍ നീ മാത്രം..
ഇങ്ങനെയൊന്നും എനിക്ക് ദീവാലി ആഘോഷിക്കാന്‍ തോന്നാഞ്ഞത് ഭാഗ്യം,അതിനും വേണം ഒരു മിനിമം ബുദ്ധി,ല്ലേ..?
എങ്ങനാ ഇങ്ങനെ എഴുതാന്‍ പറ്റുന്നത്, ഇങ്ങനെ ചിരിപ്പിച്ച് ആളുകളുടെ ആയുസ്സ് കൂട്ടുന്നതിന് ഇനി വല്ല അവാര്‍ഡും കിട്ടും.
:-)
-പാര്‍വതി.
ചെരുപ്പ് ഉരുകിത്തുടങ്ങിയപ്പോള്‍ അതെടുത്ത് ദൂരെക്കളഞ്ഞു, അല്ലെങ്കില്‍ എന്റെ കാല്‍ പൊള്ളില്ലേ!....
ശ്രീജിത്ത്
സമ്മതിച്ചിരിക്കുന്നൂ.......
നാലാം ക്ലാസില്‍ പ0ഇക്കുമ്പോഴുണ്ടായ ഒരു സംഭവത്തിന്റെ റീമിക്സല്ലേ ഈ കഥ?
മണ്ടത്തരങ്ങള്‍ vpp ആയി അയച്ചു തരാനുള്ള സൌകര്യം ഉണ്ടല്ലേ. എന്റെ മെയില്‍ വിലാസം അയക്കുന്നൂ. മുറതെറ്റാതെ വായിച്ചു മണ്ണു കപ്പാലോ.
ഒരു മൈസൂര്‍ യാത്രയെക്കുറിച്ച് എഴുതീര്‍ന്നൂലോ. അവിടം മുതലാ ശ്രീജിത്ത് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടത്.
പഴയപോസ്റ്റുകള്‍ ഡയലി ഒന്നു വീതം വായിച്ച് തുടങ്ങണം. ന്നട്ട് വേണം ബ്ലഡ് പ്രഷര്‍ ഒന്നു ചെക്ക് ചെയ്യിക്കാന്‍. ചിരി ബ്ലഡ് പ്രഷര്‍ കുറക്കാന്‍ നല്ലതാണെന്ന് മനോരമേലെ ടോക്ടറൊട് ചോദിക്കാം പക്തില് വായിച്ച്തോര്‍കുന്നു.
ശ്രീജിത്ത് എന്ന സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയര്‍ ഇതിനേക്കാല്‍ വലിയൊറു മണ്ടത്തരം കാട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു. അതെന്തെന്നാല്‍ കമ്പ്യൂട്ടറില്‍തന്നെ കമ്പിത്തിരിയും, അമിട്ടും, ഏറ്‌പടക്കും, കൊരവപ്പൂവും, വെടിക്കെട്ടും തുടങ്ങി വലിയൊരു വിഭവം തന്നെ ഒരുക്കാമായിരുന്നു. അങ്ങിനെ ചെയ്താല്‍ അപകടങ്ങളും ഒഴിവാക്കാം പ്രകൃതിയെയും സംരക്ഷിക്കാം. പതങ്ങള്‍ക്ക് വേണ്ടത് വെടിപൊട്ടി മാരുതികാര്‍ കത്തി, ഫയറെന്‍ജിന്‍ വന്നു തീ അണച്ചു അല്ലെങ്ക്ങ്കില്‍ പടക്ക് പൊട്ടി കടയ്ക്ക് തീ പിടിച്ചു വന്‍ നഷ്ടം നേരിട്ടു മുതലായവയാണ്. ശ്രീജിത്തിന്റെ മണ്ടത്തരം പൊട്ടാത്ത പടക്കം പൊട്ടുന്നതായി കാണിക്കുന്നതിലൂടെ ആയേനെ.
ശ്രീജിത്തേ... ദീപാവലി ആഘോഷം കലക്കന്‍......
ദീപാവലി രക്തസാക്ഷിയാവാന്‍ കഴിയാത്ത വിഷമം ഉണ്ടാകും അല്ലെ.... അടുത്ത തവണ ശരിയാക്കാം... :-) ലേറ്റസ്റ്റ് ടെക്നോളജി ബുദ്ധി വല്ലോം കണ്ടു വച്ചേക്ക് അപ്പൊഴെക്കും....
ശ്രീ നീ വിഷമിക്കല്ലേ കുട്ടാ.
ഇതൊന്നും നിന്റെ കുറ്റവും മണ്ടത്തരവും ഒന്നും അല്ല.
ബട്ട്, ആ മന്ദമാരുതന്‍ ഇല്ലേ അവന്റെ മന്ദബുദ്ധിയില്‍ വന്നതല്ലെ.
നീ വിഷമിക്കല്ലെ. നീ വിഷമിക്കുന്നതു കണ്ടുനില്‍ക്കനാവുന്നില്ല.
ശ്രീ സംഭവം അടിപൊളി. ഇത് സ്വാപ്നമായിരുന്നോ ?.
എന്തായാലും എല്ലാ മണ്ടന്മാരുടെയും അഭിപ്രായം കൊള്ളാം .. ഈ മാങ്കുട്ട്യെ ഒന്നു നോക്കിക്കെ
www.maankutty.tk
ശ്രീജീ,
പടക്കം പൊട്ടിക്കലില്‍ കന്നഡക്കാരോട് മത്സരിച്ച് ജയിക്കാന്‍ നീ ആയിട്ടില്ല മകനേ.... വേണമെങ്കില്‍ മണ്ടത്തരത്തില്‍ മത്സരിച്ചോ... :-)
കൊള്ളാം ഇഷ്ടപ്പെട്ടു ഇത്തവണത്തെ ദീപാവലി ആഘോഷം.
പിന്നെ ശ്രീജിത്തിന്റെ തീ ചവിട്ടിക്കെടുത്താനുള്ള കഴിവ് മനസ്സിലാക്കി വല്ല ഫയര്‍ സ്റ്റേഷന്‍കാരും പിടിച്ചുകൊണ്ടുപോവാതെ നോക്കണേ. ;)
ജന്തുശാസ്ത്രം പാഠം 289123
ചോ: തീ കണ്ടാല്‍ ഓടി വന്നു ചവിട്ടി അണക്കാന്‍ നോക്കുന്ന ഒരു ജീവിയുടെ പേര്‍?
ഉ: ഒന്നല്ല, രണ്ടു ജീവിയുണ്ട്. രണ്ടും ഒരുപോലെ തൊലിക്കട്ടിയുള്ളതാ. ഒന്ന് കാണ്ടാമൃഗം. രണ്ട് ശ്രീജിത്ത്.
[കാണ്ടേട്ടന്‍ തീ അണക്കുമെന്നത് പൊതുവിലുള്ള ഒരു വിശ്വാസവും ശ്രീജിതന്‍ തീ അണക്കുമെന്നത് ഫയര്‍ ഫോര്‍സിനൊരു ആശ്വാസവും ആകുന്നു]
ശ്രീജിത്ത്,
കല്യാണം കഴിക്കുന്നതിനു ഒരു കനത്ത ഇന്‍ഷുറന്‍സു എടുത്തു വെക്കുമല്ലോ,പാവം ആ പെണ്‍കുട്ടിയെങ്കിലും സുഖമായി ജിവിക്കുമല്ലോ.
Post a Comment