Friday, November 03, 2006

പരീക്ഷാമണ്ടത്തരം

ലോങ്ങ് ടൈം എഗോ, അതായത് പണ്ടെങ്ങാണ്ടും ഒരു ദിവസം.

ഞാന്‍ അന്ന് ഏഴാം ക്ലാസ്സില്‍ പഠിക്കുന്നു. ആ പ്രായത്തിലെ ഏതൊരു കുട്ടിയെപ്പോലെയും വളരെ ഏകാഗ്രതയോടും ദൃഢചിത്തതയോടും കൂടി കളിച്ച് നടക്കുന്ന ഒരു കാലം.

***
ക്ലാസ്സില്‍ യാതൊരു ടെന്‍ഷനുമില്ലാതെയാണ് ഞാന്‍ അന്ന് ഇരുന്നിരുന്നത്. സാമൂഹ്യപാഠത്തിന്റെ പരീക്ഷപ്പേപ്പര്‍ അന്ന് ആ പിരീഡില്‍ തരുമെന്ന് ടീച്ചര്‍ പറഞ്ഞിരുന്നു. എന്നാലെന്താ, ഞാന്‍ നന്നായിട്ട് തന്നെ പരീക്ഷ എഴുതിയിരുന്നു. ഒരുകാലത്തും കൃത്യമായി എഴുതാതിരുന്ന ചരിതത്തിലെ തിയതികള്‍ വരെ ആ പരീക്ഷയ്ക്ക് ഞാന്‍ കൃത്യമായി ചരിത്രകാരന്റെ പ്രതിബദ്ധതയോടെ രേഖപ്പെടുത്തി. യുദ്ധങ്ങള്‍, നമ്മുടെ രാജ്യത്തിന്റെ ഭൂപ്രകൃതിയെക്കുറിച്ച്, കാലാവസ്ഥ, മഹാന്മാരുടെ ജീവചരിത്രം എന്നിങ്ങനെ പരീക്ഷയില്‍ വന്ന എല്ലാ ചോദ്യത്തിനും വളരെ സമഗ്രമായി തന്നെ ഞാന്‍ ഉത്തരം എഴുതിയിരുന്നു. ഇത്തവണ എന്റെ മാര്‍ക്ക് എന്റെ സര്‍വ്വകാല റെക്കോര്‍ഡ് ഭേദിക്കുന്ന ലക്ഷണമാണ്.

എന്റെ അത്ര തന്നെ ആത്മവിശ്വാസത്തിലായിരുന്നു എന്റെ അടുത്ത സീറ്റില്‍ ഇരിക്കുന്ന തോമാച്ചനും. അവനിതൊരു പുതുമ അല്ല. എല്ലാത്തവണയും പരീക്ഷയ്ക്ക് അവന് മുഴുവന്‍ മാര്‍ക്കും നേടാറുണ്ട്. നമുക്ക് പത്ത് മാര്‍ക്ക് നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വേദനയാണ് അവന് അര മാര്‍ക്ക് നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്നത്. അതിനാല്‍ തന്നെ ഒരു സ്പെല്ലിങ്ങ് മിസ്റ്റേക്ക് വന്നതായി സംശയം വന്നാല്‍ തന്നെ തോമാച്ചന്‌ ആധി ആണ്. എന്നാല്‍ ഇത്തവണ തോമാച്ചനും കൂള്‍ ആയി തന്നെ ഇരിക്കുന്നു. സേം പിഞ്ച്.

ടീച്ചര്‍ പേര് വിളിച്ച് ഓരോരുത്തര്‍ക്കും പേപ്പര്‍ നല്‍കിത്തുടങ്ങി. ചിലര്‍ നിരാശരായും ചിലര്‍ പതിവില്‍ കവിഞ്ഞ സന്തോഷത്തോടെയും പേപ്പര്‍ വാങ്ങിക്കൊണ്ട് പോകുന്നത് കണ്ട് രസിച്ച് ഞങ്ങള്‍ ഇരുന്നു. കാരണം ഞങ്ങള്‍ക്ക് ടെന്‍ഷന്‍ ഇല്ലല്ലോ. ടീച്ചറുടെ കയ്യിലെ പേപ്പറുകള്‍ കുറഞ്ഞ് കുറഞ്ഞ് വന്നു. പക്ഷെ എന്തോ, ഞങ്ങളെ വിളിക്കുന്നില്ല. ചിലപ്പോള്‍ രണ്ടാള്‍ക്കും മുഴുവന്‍ മാര്‍ക്ക് നേടി, അല്ലല്ല, എനിക്ക് മുഴുവന്‍ മാര്‍ക്കും തോമാച്ചന് അരമാര്‍ക്ക് കുറവും, ക്ലാസ്സില്‍ ഒന്നാമതായി എത്തിയവര്‍ക്ക് പ്രത്യേക അഭിനന്ദനം കൊടുക്കാനായിരിക്കും അവസാനം വിളിക്കാന്‍ വച്ചിരിക്കുന്നത് എന്ന് കരുതി ഞങ്ങള്‍ കാത്തിരുന്നു.

എന്നാല്‍ ടീ‍ച്ചറുടെ കയ്യിലെ ഉത്തരക്കടലാസുകള്‍ തീര്‍ന്നിട്ടും ഞങ്ങളെ രണ്ട് പേരെയും വിളിച്ചില്ല. അക്ഷമനായ ഞാന്‍ ഉറക്കെ ചോദിച്ചു. “ടീച്ചര്‍, എന്റെ പേപ്പര്‍ കിട്ടിയില്ല! തോമാച്ചനും കിട്ടിയില്ല.”

രണ്ട് പേരും ക്ലാസ്സ് കഴിഞ്ഞ് ക്ലാസ്സ് റൂമില്‍ വരൂ. അപ്പോള്‍ തരാം.

ഇനി ടീച്ചര്‍ ഞങ്ങള്‍ രണ്ടുപേരുടെ പേപ്പര്‍ മാത്രം കൊണ്ട് വരാന്‍ മറന്ന് പോയിക്കാണുമോ?

***

ഇന്നത്തെപ്പോലെത്തന്നെ അന്നും ഞാന്‍ പഠിക്കാന്‍ വളരെ മിടുക്കനായിരുന്നു. പക്ഷെ പരീക്ഷയുടെ തലേന്നേ പഠിക്കൂ എന്ന് മാത്രം.

അങ്ങിനെ ഉള്ള ഒരു സമയത്തിങ്കലായിരുന്നു ടി പരീക്ഷ വരുന്നത്. നന്നായി കുളിച്ചൊരുങ്ങി ആകെ മൊത്തം ഉഷാ‍റായി അസ്സലായൊരു ഊണും കഴിച്ച് ഞാന്‍ പഠിക്കാനിരുന്നപ്പോഴാണ് പരീക്ഷ സമൂഹപാഠമായത്തിന്റെ സാമൂഹികപ്രസക്തി മനസ്സിലാക്കി അമ്മ എനിക്ക് ബൂസ്റ്റ് കലക്കിയ പാല്‍ കുടിക്കാന്‍ തരുന്നത്. സമൂഹപാഠം എന്റെ ഒരു വീക്ക്നെസ്സ് ആണെന്ന് അമ്മയ്ക്ക് നന്നായി അറിയാം. കഴിഞ്ഞ തവണ നടന്ന സമൂഹപാഠപരീക്ഷയ്ക്ക് കഷ്ടിച്ചുമാത്രം ഞാന്‍ പാസ്സായത് പോഷകങ്ങള്‍ നിറഞ്ഞ ഈ പാനീയം കഴിക്കാത്തത് കൊണ്ടാണെന്ന് അമ്മ തെറ്റിദ്ധരിച്ചാല്‍ അമ്മയെ കുറ്റം പറയാന്‍ കഴിയില്ലല്ലോ.

എന്നാല്‍ ബൂസ്റ്റ് നല്ലൊരു ഉറക്കമരുന്നാണെന്ന് അമ്മയ്ക്ക് അറിയില്ലെന്ന് തോന്നുന്നു. അതോ അമ്മയുടെ സ്നേഹത്തിന്റെ ചൂട് ഒരു താരാട്ടായി തോന്നിയതോ, ഞാന്‍ തന്നെ എന്നില്‍ അടിച്ചേല്‍പ്പിച്ച പ്രതീക്ഷകളുടെ അമിതഭാരം കാരണമോ; എന്തോ ഈ സാധനം കഴിച്ചയുടനേ ഞാന്‍ ഉറങ്ങി. പിന്നീടുണര്‍ന്നത് സ്വാഭാവികമായും എന്നത്തേയും പോലെ പരീക്ഷയ്ക്ക് അരമുക്കാല്‍ മണിക്കൂര്‍ മുന്‍പാണ്. ഒരു കുന്തവും പഠിച്ചിട്ടില്ലെന്ന ദുരന്തസത്യം ഒരു ഞെട്ടലോടെ ഞാന്‍ തിരിച്ചറിഞ്ഞു. എന്നിട്ടും തളരാതെ ഞാന്‍ പതിവില്‍ കൂടുതല്‍ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. ആ പതിനൊന്നാം മണിക്കൂറില്‍ വായിക്കാന്‍ കഴിയുന്ന ചില ചില്ലറ ഭാഗങ്ങള്‍ പെട്ടെന്ന് വായിച്ചുതീര്‍ത്ത് ഞാന്‍ സ്കൂളിലേക്ക് യാത്രയായി.

എനിക്ക് അന്നും നല്ല ബുദ്ധിയാണെന്ന് ഒരിക്കല്‍ പറഞ്ഞല്ലോ. വീണ്ടും വീണ്ടും പറയുന്നതില്‍ ക്ഷമിക്കുക. പറഞ്ഞാലും ഇല്ലെങ്കിലും ഈ സത്യം ആര്‍ക്ക് നിഷേധിക്കാനാകും? അപ്പോള്‍ ഞാന്‍ പറഞ്ഞ് വന്നത്, ഇത്രയ്ക്കും ബുദ്ധിമാനായ ഒരു വിദ്യാര്‍ത്ഥിക്ക് പരീക്ഷയ്ക്കുള്ള പാഠങ്ങള്‍ ഒന്നോടിച്ച് വായിച്ചാലും മതി എന്നതാണ്.

ഈ ധാരണ തെറ്റാന്‍ അധികനേരം വേണ്ടി വന്നില്ല. പരീക്ഷയുടെ ചോദ്യക്കടലാസ് ഞാന്‍ നേരത്തേ പാഠ്യപുസ്തകം വാ‍യിച്ച അതേ സ്പീഡില്‍ ഒന്ന് ഓടിച്ച് വായിക്കേണ്ട നേരമേ താമസമേ ഉണ്ടായിരുന്നുള്ളൂ. ഇത്തവണ ഞാന്‍ പരാജയം രുചിക്കും. നിശ്ചയം. ഇത് ഒരു തരം, രണ്ട് തരം, മൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ... അല്ല ഇതാര് തോമ്മാച്ചനല്ലേ ഈ ഇരിക്കുന്നത്. ശ്ശൊ. ഇത്ര നേരമായിട്ടും ഞാന്‍ കണ്ടില്ലല്ലോ. ഇത്തിരി തിരക്കിലായിപ്പോയി, അതാ. ഇനി നമുക്ക് സംസാരിച്ചിരിക്കാം, എനിക്ക് പ്രത്യേകിച്ചൊന്നും ഇനി ചെയ്യാനില്ല അതാ.

ചിന്തകള്‍ ഇങ്ങനെ പോകുന്നതിന്റെ ഇടയ്ക്കാണ് ഞാന്‍ കുഞ്ഞനുറുമ്പുകള്‍ വരിവരിയായി പോകുന്നതുപോലെ തോമാച്ചന്റെ പേന ഉത്തരകടലാസിലേയ്ക്ക് ഉത്തരങ്ങള്‍ കുനുകുനാ എന്നെഴുതി വിടുന്നത് കാണുന്നത്. കൊള്ളാമല്ലോ, ഞാനും ഇതൊന്ന് ശ്രമിച്ച് നോക്കട്ടെ. തോമാച്ചാ, ആ കൈ ഒന്ന് മാറ്റിക്കേ.

പരീക്ഷ കഴിഞ്ഞു. ഞാന്‍ വളരെ ആത്മവിശ്വാസത്തിലായിരുന്നു. കാരണം? തോമാച്ചന്‍ എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായി തന്നെ ഉത്തരമെഴുതി. തനിക്ക് മുഴുവന്‍ മാര്‍ക്കും കിട്ടും എന്നുറപ്പ് പറഞ്ഞു തോമാച്ചന്‍. എങ്കില്‍പ്പിന്നെ ആ പേപ്പറിന്റെ ഫോട്ടോകോപ്പിയെടുത്ത എനിക്ക് എത്ര കിട്ടണം? ഇടയ്ക്കുള്ള വെട്ടലും തിരുത്തലും തോമാച്ചന്റെ അര മാര്‍ക്ക് നിര്‍ഭാഗ്യവശാല്‍ കുറച്ചാലും ശരി, എന്റെ കുറയില്ല. അച്ചടിച്ചപോലെയല്ലേ എന്റെ പേപ്പര്‍ കിടക്കുന്നത്. അനാവശ്യമായി ഒരു വെട്ടലോ തിരുത്തലോ അതിലില്ല.

ഇത്തവണ ആദ്യമായി എനിക്ക് മുഴുവന്‍ മാര്‍ക്ക് കിട്ടാന്‍ പോകുന്നു. ഞാന്‍ ഒരു വിലസ് വിലസും, നോക്കിക്കോ.

ഇങ്ങനെ കരുതിയിരുന്ന പേപ്പറാണ് ടീച്ചര്‍ ക്ലാസ്സില്‍ വച്ച് തരാതെ എന്നെ വഞ്ചിച്ചത്.
***

ക്ലാസ്സ് കഴിഞ്ഞപ്പോള്‍ രണ്ടാളും ക്ലാസ്സ് റൂമില്‍ ചെന്നു. ടീച്ചര്‍ അവിടെ രണ്ടുപേരെയും പ്രതീക്ഷിച്ച് ഇരിപ്പുണ്ടായിരുന്നു. ചെന്നയുടനേ ഞാന്‍ പേപ്പര്‍ ചോദിച്ചു. ക്ഷമയുടെ നെല്ലിപ്പലക ആ പ്രായത്തില്‍ എന്റേത് ചിരവപ്പലകയേക്കാള്‍ ചെറുതായിരുന്നു.

ടീച്ചര്‍ രണ്ട് ഉത്തരക്കടലാസുകള്‍ മേശയ്ക്ക് മുകളില്‍ വച്ചു. എന്നിട്ട് എന്നോട് എന്റേത് എടുത്തുകൊള്ളാന്‍ പറഞ്ഞു.

എന്റെ കൈയ്യക്ഷരം തിരിച്ചറിയാനാണോ പാട്? അത് ഏത് ഉറക്കത്തില്‍ വിളിച്ചുണര്‍ത്തിച്ചോദിച്ചാലും ഞാന്‍ തിരിച്ചറിയും. ചില അസൂയക്കാര്‍ അത് പുറമ്പോക്കില്‍ വേലികെട്ടിയപോലെയിരിക്കും എന്ന് പറഞ്ഞ് കളിയാക്കാറുണ്ട്, പക്ഷെ എന്റേത് നല്ല ബെസ്റ്റ് കൈയ്യക്ഷരമാണ്, കണ്ടാല്‍പ്പോലും നിങ്ങള്‍ വിശ്വസിക്കില്ല.

ടീച്ചറിന്റെ ചോദ്യം ഉടന്‍ വന്നു. നിന്റെ ഉത്തരക്കടലാസ് അതാണെന്നെങ്ങിനെ മനസ്സിലായി?

കൈയ്യക്ഷരം കണ്ടാണെന്ന് എങ്ങിനെ പറയും? അത് മോശമല്ലേ, സത്യം അതാണെങ്കിലും. സ്വാഭാവികമായും ആരും പറഞ്ഞ് പോകുന്ന ഉത്തരം തന്നെ ഞാനും പറഞ്ഞു.

“എന്റെ പേരുണ്ട് ഇതില്‍”

ഇത് മുഴുവന്‍ പറഞ്ഞോ എന്നോര്‍മ്മയില്ല എനിക്ക്. കാരണം പറഞ്ഞ്തീരുന്നതിനുമുന്നേ തന്നെ, ഞാന്‍ ഉത്തരക്കടലാസിന്റെ മുകളില്‍ പേരെഴുതുന്നയിടത്ത് എന്റെ കണ്ണുടക്കിയിരുന്നു. അവിടെ എന്റെ പേരായിരുന്നില്ല, മറിച്ച്, തോമാച്ചന്റെ പേരായിരുന്നു. അവന്റെ ഉത്തരക്കടലാസ് കമ്പ്ലീറ്റ് പകര്‍പ്പെടുക്കുന്നതിന്റെ ആവേശത്തില്‍ ഇടയ്ക്കെപ്പോഴോ‍ പേപ്പറിന്റെ മുകളിലെ അവന്റെ പേരും പകര്‍ത്തിയെഴുതിയത് ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല.

പ്രായപൂര്‍ത്തിയാകാത്ത ഒരു ചെക്കനായിരുന്നതിനാല്‍ കോടതി(ടീച്ചര്‍) എന്നെ വെറുതേ വിട്ടു. പ്രധാനാധ്യാപകനോടും എന്റെ മാതാപിതാക്കളോടും പറഞ്ഞ് എന്നെ നാറ്റിച്ചില്ല. ഉത്തരക്കടലാസില്‍ എനിക്ക് മുഴുവന്‍ മാര്‍ക്കും ടീച്ചര്‍ ഇട്ടിരുന്നു. എങ്കിലും സാമൂഹ്യപാഠം പരീക്ഷയ്ക്ക് ഞാന്‍ അന്ന് ആദ്യമായി തോറ്റു.

41 comments:

  1. മുല്ലപ്പൂ said...
    This comment has been removed by the author.


  2. Sagittarian said...

    ഇതിനാണു ഈച്ചക്കോപ്പി എന്നു പറയുന്നതു. ഉത്തരപേപ്പറില് ഒരു ഈച്ച വന്നിരുന്നൊപ്പൊള് അതു കൂടി ഉത്തരത്തിന്റെ ഭാഗമാണെന്നു കരുതി ഈച്ചയെ വരച്ചു വക്കുന്നതിനു.



  3. ലിഡിയ said...

    കോപ്പിയടിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെ കോപ്പിയടിച്ചിട്ടില്ല :-))

    ഹാ ആ കാലം...
    അസൈന്മെന്റ് എഴുതാന്‍ കൊടുത്ത് ഏത്തയ്ക്കാപ്പവും, ഫിസിക്സിന്റെ റെക്കോഡിന് പറ്റീര് റീഡിങ്ങ് എഴുതി കൊടുത്താല്‍ ഒരു ബിരിയാണിയും ഒക്കെ പോലീസ്കാരന്റെ മാസപ്പടി പോലെ കിട്ടികൊണ്ടിരുന്ന സുവര്‍ണ്ണ കാലം.

    -പാര്‍വതി.



  4. മനോജ് കുമാർ വട്ടക്കാട്ട് said...

    ടീച്ചേഴ്സ്‌ റൂമില്‍നിന്നും പുറത്തിറങ്ങി തോമാച്ചന്‍ പ്രശസ്തമായ ആ ചോദ്യം ചോദിച്ചുകാണും-
    "ഇനി നീ ആരാണെന്ന് നിനക്കറിയില്ലെങ്കില്‍ നീ എന്നോട്‌ ചോദിക്ക്‌ നീ ആരാണെന്ന്..."



  5. sreeni sreedharan said...

    എന്തൊരു ‘കടപ്പാട്’



  6. സു | Su said...

    പാവം തോമാച്ചന്‍. അവനും ബൂസ്റ്റ് കുടിച്ചിരുന്നെങ്കില്‍, സുഖമായി ഉറങ്ങാമായിരുന്നു. എന്നിട്ട് രണ്ടുപേര്‍ക്കും ഒന്നും എഴുതാതെ ഇരിക്കാമായിരുന്നു. അപ്പോഴും സേം പിഞ്ച്. ;)



  7. വല്യമ്മായി said...

    സത്യം പറ ഇത് തോമാച്ചനു പറ്റിയ അബദ്ധമല്ലെ.



  8. Anonymous said...

    നല്ല വൃത്തിയായി പറഞ്ഞു വന്നിട്ട് ഒരു മാതിരി തമിഴ് സിനിമ പോലെ കഥയില്ലാതാക്കി കളഞ്ഞല്ലോ താന്‍. ഈ സമയമുണ്ടായിരുന്നെങ്കില്‍ നാല് ബ്ലോഗ് ഞാന്‍ വായിച്ചേനേ!



  9. രാജേഷ് പയനിങ്ങൽ said...

    കോപ്പിയടിക്കാന്‍ ഏറ്റവും വിഷമം സാമുഹ്യപാടം.ഏറ്റവും എളുപ്പം കണക്ക്.
    പഴയ കാലം ഓര്‍മ്മയില്‍ വന്നു.



  10. ... said...

    ശ്രീജിത്തേ ഇതിപ്പൊ നിന്റെ കുഴപ്പം കൊണ്ടല്ലല്ലൊ. ആ ബൂസ്റ്റ്‌ അതല്ലെ വില്ലനായത്‌. അതിന്റെ എനര്‍ജി ബൂസ്റ്റര്‍ അല്ലെ ഉറക്കത്തിനിള്ള എനര്‍ജി തന്നത്‌.അതെ എനിക്കൊരു സംശയം ഉത്തരകടലാസിന്റെ ഫോട്ടൊകോപ്പി എടുത്തവിവരം ടീച്ചേഴ്സ്‌ റൂമില്‍ വച്ചാണൊ തോമാച്ചന്‍ അറിയുന്നെ??



  11. Anonymous said...

    ക്ഷമയുടെ നെല്ലിപലക കൊള്ളാം. ബാല്യ കാല ഓര്‍മ്മകളെ തൊട്ടുണര്‍ത്തുന്നു.



  12. ഖാദര്‍ said...

    ഈയൊരു തെറ്റ് എട്ടാം ക്ലസുമുതല്‍ സംഭവിച്ചിട്ടില്ലല്ലോ? തോമ്മാച്ചനെപ്പോലെ ഒരു ജീനിയസ്സിനെ പില്‍കാലങ്ങളിലും പരീക്ഷാസമയത്ത് കൂട്ട് കിട്ടിയോ?



  13. ഉമേഷ്::Umesh said...

    തോമാച്ചന്‍: അമ്മേ, ഇതു ശരിയല്ല. എന്റെ പേപ്പര്‍ അതുപോലെ കോപ്പിയടിച്ച ശ്രീജിത്തിനു് എന്റെ ഇരട്ടി മാര്‍ക്കു്!

    അമ്മ: അതു ശരിയല്ലല്ലോ മോനേ, ഈ ടീച്ചര്‍മാര്‍ എന്തു നോക്കിയാ മാര്‍ക്കിടുന്നതു്? ആട്ടേ, നിനക്കു് എത്ര മാര്‍ക്കു കിട്ടി?

    തോമാച്ചന്‍: നൂറില്‍ ഒരു മാര്‍ക്കു്!



  14. Kumar Neelakandan © (Kumar NM) said...

    ഈ കഥ ഞാന്‍ വിശ്വസിക്കില്ല. കാരണം ശ്രീജിത്ത് ഏഴാം ക്ലാസ് വരെ പഠിച്ചു എന്ന കള്ളക്കഥയും ഇതിനൊപ്പം ഞാന്‍ വിശ്വസിക്കേണ്ടിവരും. അതു വിശ്വസിക്കാന്‍ ഞാന്‍ നിന്നെപോലെ ഒരു മണ്ടനല്ല മ്വോനേ....!



  15. അലിഫ് /alif said...

    ഹ..ഹ..മണ്ടത്തരം വായിച്ചു ചിരിച്ചതല്ല, കുമാറിന്റെ കമന്റ് വായിച്ച് അറിയാതെ ചിരിച്ചുപോയി. ശ്രീജിത്തിന്റെ ആ ക്ഷമയുടെ പലക കലക്കന്‍, പിന്ന അവതരണവും.
    ഓ.ടോ: രണ്ടിടത്ത് ചെറിയ തെറ്റ് ഉണ്ട് കുട്ടിയേ, “രണ്ട് പേരും ക്ലാസ്സ് കഴിഞ്ഞ് ക്ലാസ്സ് റൂമില്‍ വരൂ. അപ്പോള്‍ തരാം” ക്ലാസ് റൂമിലല്ലല്ലോ സ്റ്റാഫ് റൂമിലല്ലേ പോയത്; വീണ്ടും ഇതാവര്‍ത്തിച്ചിട്ടുണ്ട്,കോപ്പി പേസ്റ്റ് അടിച്ചപ്പോള്‍ പറ്റിയതാണോ? അല്ല കോപ്പിയടിയാണല്ലോ വിഷയം!



  16. sreeni sreedharan said...

    ഉമേഷ്ജീ,
    ഈ സത്യവും കൂടി അറിഞ്ഞിരിക്കുന്നതു നല്ലതാ;
    എം ജി യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് ബിസിനസ്സ് ലോയ്ക്ക് കിട്ടിയ ‘രണ്ട്’ മാര്‍ക്ക് ഞാന്‍ ഇമ്പ്രൂവ്മെന്‍റ് എഴുതി മൊട്ടയാക്കിയിട്ടുണ്ട്...
    :)
    (ശ്രീയേ ഓ.ടോ യ്ക്ക് മാപ്പില്ല)



  17. ഇടിവാള്‍ said...

    മിട്‌ക്കന്‍ !

    നിന്നെ മണ്ടന്‍ എന്നു ഇനി ആരേലും വിളിച്ചാല്‍ ഓന്റെ തല ഞാന്‍ തല്ലിപ്പൊട്ടിക്കും!

    ( ഒള്ളതാണോടേയ്‌.. അതോ? )



  18. Vssun said...

    ശ്രീജി.. ഇത്‌ നിന്റെ മണ്ടത്തരമാണോ അതോ വായിക്കുന്നോരെ മണ്ടന്മാരാക്കുന്ന പണിയോ??

    പിന്നെ ഈ തോമാച്ചനാണോ നമ്മുടെ തോമാസുകുട്ടീ വിട്ടോടാ..??



  19. Santhosh said...

    അതിനാണ് പറയുന്നത്, ആദ്യപേജ് കോപ്പിയടിക്കരുതെന്ന്. മിക്ക അധ്യാപകരും ഉത്തരക്കടലാസിന്‍റെ ആദ്യപേജ് മാത്രമേ നന്നായി നോക്കുകയുള്ളൂ...

    -ഒരു അധ്യാപികയുടെ മകന്‍:)



  20. ഉത്സവം : Ulsavam said...

    അപ്പോള്‍ ബൂസ്റ്റ് ഈസ് ദ സീക്രട്ട് ഓഫ്....മണ്ടത്തരങ്ങള്‍ അല്ലേ ?
    ഞാനിനി മേലില്‍ ബൂസ്റ്റ് കുടിക്കില്ലാ...



  21. സൂര്യോദയം said...

    ശ്രീജിത്തേ... നല്ല കിടിലന്‍ പോസ്റ്റ്‌... എന്റെ ട്രെയിനിംഗ്‌ കിട്ടിയിരുന്നെങ്കില്‍ കാര്യം ശരിയാക്കാമായിരുന്നു... ആ... പോട്ടെ...



  22. രാധ said...

    പെരു നുണയിങ്ങനെ മണി മണി പോലെ
    എഴുതാന്‍ വേറെ ആര്‍ക്കാവും?



  23. അളിയന്‍സ് said...

    നടന്ന സംഭവമാണോ ശീജിത്തേ....??
    ക്ലൈമാക്സ് അത്ര പോരാ.... ഇത്രേം നല്ല ഒരു ടീച്ചറോ..?



  24. Abdu said...

    നല്ല ഒഴുക്കുള്ള വിവരണമായിരുന്നു, രസിച്ചു വായിച്ചതാണ്, പക്ഷെ അവസാനം രസച്ചെരട് പൊട്ടിച്ചു. പറയാതെ വയ്യ, ക്ലൈമാക്സ് ചീറ്റി.



  25. Peelikkutty!!!!! said...

    :)



  26. Sreejith K. said...

    ബ്ലോഗാഭിമാനി എന്നൊരാള്‍ ഉള്ളത് കൊണ്ടാണോ എന്തോ ഇപ്പോള്‍ വിമര്‍ശനങ്ങള്‍ തുറന്ന് പറയാന്‍ ആളുകള്‍ ഉപേക്ഷ വിചാരിക്കാതിരിക്കുന്നു. നല്ല കാര്യം തന്നെ. നല്ല വിമര്‍ശനങ്ങള്‍ നല്ല ഫലമേ ചെയ്യൂ. കമന്റിട്ട എല്ലാവര്‍ക്കും നന്ദി.

    ഞാന്‍ സാധാരണ ചെയ്യാറ് ആദ്യം ഒരു ക്ലൈമാക്സ് മനസ്സില്‍ കണ്ട് അവിടുന്ന് പുറകോട്ട് എഴുതുക എന്നതാണ്. ഒരു പക്ഷെ അത് കൊണ്ടാവാം ഈ ബ്ലോഗിലെ ക്ലൈമാക്സുകള്‍ അത്ര പോര എന്ന് വായിക്കുന്നവര്‍ക്ക് തോന്നുന്നത്. ഇനി അത് ശ്രദ്ധിക്കാം. അതല്ല അവസാനം ഞാന്‍ തോറ്റു എന്ന് പറഞ്ഞതാണ് മോശമായെങ്കില്‍, അതിനോട് എനിക്ക് യോജിക്കാന്‍ കഴിയില്ല. ഇത് സിനിമ അല്ലല്ലോ, കഥയ്ക്ക് നല്ല ഒരു അവസാനം വരണമെന്ന് വാശി പിടിക്കാന്‍. തെറ്റ് ചെയ്തവന്‍ ശിക്ഷിക്കപ്പെടണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. അക്കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ല.

    നുണക്കഥ എന്നൊരാരോപണവും ഇടയ്ക്കിടെ കറങ്ങിത്തിരിഞ്ഞ് വരാറുണ്ട്. ഇനി ഉള്ള കാര്യം പറയാമല്ലോ, ഈ ബ്ലോഗിലെ പോസ്റ്റുകള്‍ക്ക് ശരാശരി കാല്‍ഭാഗം സത്യം മാത്രമേ എനിക്കവകാശപ്പെടാന്‍ കഴിയുകയുള്ളൂ. മിക്കവാറും നടന്ന കാര്യം ക്ലൈമാക്സ് മാത്രമായിരിക്കും. അതാണ് ഞാന്‍ അവിടുന്ന് പുറകോട്ട് എഴുതുന്നത്. ഇവിടേയും അത് തന്നെ സ്ഥിതി. അതുകൊണ്ട് ടോംസിന്റെ മണ്ടൂസ് എന്ന കാര്‍ട്ടൂണ്‍ വായിക്കുന്നത് പോലെ മാത്രം ഈ ബ്ലോഗ് വായിക്കുക എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇതില്‍ സത്യം നിങ്ങള്‍ തിരഞ്ഞാല്‍ ഒരുപക്ഷെ ഒന്നും കണ്ടേക്കില്ല മിക്കപ്പോഴും. ഈ ബ്ലോഗ് എന്റെ ആത്മകഥ അല്ലെന്ന് ഞാന്‍ മുന്‍പും പറഞ്ഞിരുന്നു എന്നാണെന്റെ ഓര്‍മ്മ.



  27. മുസ്തഫ|musthapha said...

    മണ്ടത്തരങ്ങള്‍ക്കൊട്ടും പഞ്ഞമില്ലാത്തോണ്ട് ശ്രീജിത്ത് നുണപറയില്ലെന്ന് നൂറു തരം :)

    ബ്ലോഗാഭിമാനി യു. എ. ഇ. മീറ്റിനു വരുന്നുണ്ട് :)

    പറായാന്‍ വിട്ടു പോയി... വിവരണം കലക്കന്‍... എപ്പോഴത്തേയും പോലെ :)



  28. കുറുമാന്‍ said...

    മണ്ടന്മാര്‍ ഒരു കൂട്ടം നിറഞ്ഞൂ ഭൂതലം തന്നില്‍,

    കോപ്പിയടിക്കുകയാണേല്‍ ഇങ്ങനെ അടിക്കണം. ബാംഗ്ലൂരില്‍ ഒരു ബ്രാഞ്ച് തുടങ്ങടെ...ദി ആര്‍ട് ഓഫ് കോപ്പിയടി



  29. Siju | സിജു said...

    “ഉത്തരക്കടലാസില്‍ എനിക്ക് മുഴുവന്‍ മാര്‍ക്കും ടീച്ചര്‍ ഇട്ടിരുന്നു. എങ്കിലും സാമൂഹ്യപാഠം പരീക്ഷയ്ക്ക് ഞാന്‍ അന്ന് ആദ്യമായി തോറ്റു.“
    മുഴുവന്‍ മാര്‍ക്കും കിട്ടിയിട്ടും എങ്ങനെയാ തോറ്റത്



  30. Anonymous said...

    this is good....
    hahaha...........



  31. Anonymous said...

    ഈ സിജു ഒരു മണ്ടന്‍ ആണോ അതോ ചുമ്മാ മണ്ടന്‍ ആയി ആക്റ്റ്‌ ചെയ്യുന്നതോ? മണ്ടന്‍ ആയിരിക്കും ..ഇത്രേം natural ആയി ഒരാള്‍ക്ക്‌ ആക്റ്റ്‌ ചെയ്യാന്‍ ഒക്കുമോ?
    എല്ലാവരില്‍ നിന്നും വിഭിന്നമായി എനിക്ക്‌ ക്ലൈമാക്സ്‌ ഇഷ്ടപ്പെട്ടു കേട്ടോ..
    പരീക്ഷക്ക്‌ മാര്‍ക്ക്‌ വെച്ച്‌ തോറ്റുവെങ്കിലും മനസ്സെന്ന കോടതിയില്‍ നേരെന്ന ന്യായാധിപനു മുന്നില്‍ വിധി പറയേണ്ടി വന്നപ്പോള്‍ അവിടെ തോറ്റു പോയി എന്നാണ്‌ ശ്രീജി ഉദ്ദേശിച്ചതെന്നു കരുതുന്നു.
    Siju feelins aayillallo..chumma kiddin...



  32. Anonymous said...

    ശ്രീജിത്തെ,

    പടിപ്പുരയുടെ കമന്റ് പോസ്റ്റില്‍ ചേര്‍ത്താല്‍ നന്നായിരിക്കുമെന്നു തൊന്നുന്നു.

    ടീച്ചേഴ്സ്‌ റൂമില്‍നിന്നും പുറത്തിറങ്ങി തോമാച്ചന്‍ പ്രശസ്തമായ ആ ചോദ്യം ചോദിച്ചുകാണും-
    "ഇനി നീ ആരാണെന്ന് നിനക്കറിയില്ലെങ്കില്‍ നീ എന്നോട്‌ ചോദിക്ക്‌ നീ ആരാണെന്ന്..."

    :):)



  33. Siju | സിജു said...

    എന്റെ അനോണിചേട്ടാ..
    മനസ്സിലാക്കിതന്നതിനു നന്ദി
    പിന്നെ ഇതു പറയാന്‍ അനോണിയാകണമെന്നൊന്നുമില്ല, നേരെ വരാം. ഫീലിംഗ്സ് വന്നു ഞാനൊന്നും ചെയ്യില്ല; കൂടിപ്പോയാല്‍ ഒരു ക്വട്ടേഷനിടും; അത്രേള്ളൂ :-)
    പിന്നെ ഞാനൊരു മണ്ടനാണെന്നു ഇവിടെ പ്രൂവ് ചെയ്തതു കൊണ്ട് ഈ ബ്ലോഗില്‍ ഒരു മെമ്പര്‍ഷിപ്പിനു ഞാന്‍ അവകാശം ഉന്നയിക്കുന്നു; അനോണിയുടെ പിന്തുണയോടെ



  34. പട്ടേരി l Patteri said...

    :) :) :)
    എന്റെ പ്രീഡിഗ്രിയിലെ മാത്‌സ് പേപ്പര്‍ ഓര്‍മ വന്നു ..(അതൊക്കെ പറഞ്ഞാല്‍ നിന്റെ ഇമേജ് എനിക്കു വന്നാലൊ)
    njaan ninte blOgil malayalam type cheyyan paThichitteththiyirikkunnu :D



  35. മുക്കുവന്‍ said...

    ഈ മണ്ടത്തരങ്ങള്‍ക്കു കോപ്പി റൈറ്റ് ഉണ്ടൊ മാഷേ? കോപ്പിയടി ഒരു പുളുവായാലും, അവതരണം ഇഷ്ടായിട്ടാ..

    മുക്കുവന്‍



  36. ചന്ദ്രസേനന്‍ said...

    മണ്ടത്തരത്തിനു കൈയും കാലും വച്ച് അതിനു ശ്രീജിത്ത് എന്നു പേരിട്ടാലും ശ്രീജിത്താവുമെന്നു തോന്നുന്നില്ല...ഇനീങ്ങാനും അറിയാതെ മണ്ടത്തരത്തിനെ കേറി ശ്രീജിത്തെന്നെങ്ങാനും വിളിച്ചുപോകുമോആവൊ..ച്ചെലപ്പത് തല്ലും..



  37. Anonymous said...

    മണ്ടത്തരങ്ങള്‍ കാട്ടാന്‍ ഒരിടം കൂടി ഉണ്ട്‌. ചാറ്റ്‌ റൂം
    ഈ സൈറ്റില്‍
    www.malayalampoem.com



  38. Durga said...

    നമിച്ചു!:)



  39. കുറുമാന്‍ said...

    അല്ലാ ജിത്തേ, എനിക്കിതു വിശ്വസിക്കാന്‍ കഴിയുന്നില്ല. നവമ്പര്‍ 3 നു ശേഷം നീ മണ്ടത്തരങ്ങളൊന്നും ചെയ്തില്ലെന്നോ? അസംഭവ്, അവിശ്വസനീയ്, സാദ്യത തീരെയില്ലൈ....

    നീ ബ്രഹ്മി കഴിക്കാന്‍ തുടങ്ങിയോ, അതോ മണ്ടത്തരങ്ങള്‍ ഞങ്ങളില്‍ നിന്നും മറച്ചു വക്കുന്നോ?

    മലയാളം ബ്ലോഗ്സ് പോര്‍ട്ടല്‍ ഉണ്ടാക്കിയതു മുതല്‍ നിന്റെ മണ്ടത്തരങ്ങള്‍ നിന്നു പോയോ? അതോടു കൂടി തല തിരിഞ്ഞു നേരേയായി പോയോ?

    പോരട്ടെ അടുത്ത അമളി



  40. Rasheed Chalil said...

    കുറുജീ ശ്രീജിത്ത് ഒരു പുതിയ ബ്ലൊഗിന്റെ പണിപുരയിലാണെന്ന് കേട്ടു. പേര് ‘എന്റെ ഇന്നത്തെ മണ്ടത്തരം’

    ‘ശ്രീജിത്ത് എവിടെയുണ്ടോ അവിടെയുണ്ട് മണ്ടത്തരം’ (....... എവിടെയുണ്ടോ അവിടെയുണ്ട് ആരോഗ്യം ... ട്യൂണീല്‍)

    ഓടോ : ഇന്നും ഒരു മണ്ടത്തരം കാണിച്ചിട്ടുണ്ട്. വഴിയേ വരുമായിരിക്കും.

    ശ്രീ ഞാന്‍ ഓടിയിരിക്കുന്നു.



  41. fahad said...

    assignment spelling ariyathond project enneyuthi angad samarpichu