Friday, July 14, 2006

പിറ്റ്സക്കൊതി വരുത്തിയ വിന

മലയാളത്തില്‍ ബ്ലോഗ് എഴുതുന്നവരുടെ ഒരു സമ്മേളനം ഇക്കഴിഞ്ഞ ജൂലായ് 8-ന് എറണാകുളത്ത് വച്ച് നടന്നു. ബ്ലോഗ്‌സ്പോട്ടിലും വേഡ്‌പ്രെസ്സിലും മലയാളം ബ്ലോഗ് ഉള്ളവരേ തദവസരത്തില്‍ ക്ഷണിതാക്കളായുള്ളൂ എന്നത് പ്രത്യേകം പറഞ്ഞ് കൊള്ളട്ടേ, യാഹൂ ബ്ലോഗേര്‍സ് ക്ഷമിക്കണം.

ഞാന്‍ ഒരു ബാംഗ്ലൂര്‍വാസിയാതിനാല്‍ എനിക്ക് എറണാകുളത്തേക്ക് തലേന്ന് തന്നെ യാത്ര തിരിക്കേണ്ടി വന്നു. പെട്ടെന്ന് തീരുമാനിക്കപ്പെട്ട സമ്മേളനമായതിനാല്‍ ട്രെയിനിന് ടിക്കറ്റ് കിട്ടിയില്ല. ബസ്സിനാണ് ടിക്കറ്റ് ഒത്തത്.

ഏഴ് മണിക്കാണ് ബസ്സ്. സാധാരണ ദിവസങ്ങളില്‍ ഓഫീസില്‍ നിന്ന് എല്ലാവരും പോകാറുള്ളത് വൈകുന്നേരം എട്ട് മണിക്കാണ്. പുറപ്പെടേണ്ട ദിവസമാണെങ്കില്‍ ഒരു വെള്ളിയാഴ്ചയും. വീക്കന്റില്‍ ഓഫീസില്‍ വരുന്നത് ഒഴിവാക്കാന്‍ വെള്ളിയാഴ്ചകളില്‍ ചിലപ്പോള്‍ കൂടുതല്‍ നേരം ഇരിക്കാറുണ്ട് ചിലര്‍, ഞാനടക്കം. പോരാണ്ട് അന്ന് അര്‍ദ്ധരാത്രി വരെ ഇരുന്നാലും തീരാത്തത്ര പണിയും ഉണ്ട് എനിക്ക്. എങ്ങിനെ ഓഫീസില്‍ നിന്ന് നേരത്തേ ഇറങ്ങും?

പെട്ടെന്ന് എടുത്ത് പ്രയോഗിക്കാവുന്ന ഒരേ ഒരു കാരണമേ ഉള്ളൂ ഓഫീസില്‍ നിന്നിറങ്ങാന്‍. നല്ല സുഖം തോന്നുന്നില്ല എന്നതാണ് അത്. അത് തന്നെ ഫിക്സ് ചെയ്തു ഞാന്‍.

ഒരു 5 മണിയായപ്പോ എന്റെ അഭിനയം തുടങ്ങി. എനിക്ക് കലശലായ പനിയും ജലദോഷവും തലവേദനയും. അപ്പോള്‍ തന്നെ ടീം ലീഡിനോട് കാര്യം പറഞ്ഞു. വീട്ടില്‍ പോകണമെന്ന അഭ്യര്‍ത്ഥന ഫോര്‍വേര്‍ഡ് ചെയ്തു. ഉത്തരം പക്ഷെ പ്രതീക്ഷാപരമായിരുന്നില്ല. അപ്പോള്‍ ഞാന്‍ ഓടിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രോഗ്രാം തീര്‍ന്ന് കഴിഞ്ഞിട്ട് പൊയാല്‍ മതി എന്ന് ലീഡ്.

5.30 ആയിട്ടും പ്രോഗ്രാമിന് തീരണ്ട ഒരു വിചാരവും ഇല്ല. Alt + Ctrl + Del എന്ന പത്തല്‍ കൊണ്ടടിച്ച് അതിനെ കൊന്നാലോ എന്ന് വിചാരിച്ചു. പക്ഷെ അവന്‍ സ്വയം ഇല്ലാതാവുന്നതിനു മുന്‍പ് തീര്‍ന്നളിയാ എന്നൊരു ആത്മഹത്യക്കുറിപ്പ് അതിന്റെ ലോഗ് ഫയലില്‍ എഴുതിയിട്ടില്ലെങ്കില്‍ ടീം ലീഡ് നിന്നഥകോപിക്കും.

എന്റെ സമരം ശക്തിപ്പെടുത്തണ്ട സമയമായി. അറ്റ കൈയായി ചര്‍ദ്ദിക്കാന്‍ വരുന്നേ എന്ന് ടീം ലീഡിന് മെസ്സേജ് അയച്ചു. മറുപടിയായി ഓടിക്കോ വീട്ടിലേക്ക് എന്ന് ടീം ലീഡ് പറയേണ്ട താമസം ഞാന്‍ ഓടി.

വീട്ടില്‍ പോയി ബാഗ് എടുത്ത് ബസ് പുറപ്പെടുന്ന ഇടത്തെത്തിയപ്പോള്‍ സമയം ആറര. ഇനിയും കിടക്കുന്നു അര മണിക്കുര്‍ ബസ്സ് വരാന്‍. നല്ല വിശപ്പും.

ചുറ്റും നോക്കി. ചില ഹോട്ടലുകള്‍ ഉണ്ട്. പക്ഷെ സമയം വളരെ നേരത്തേ ആയതിനാല്‍ ഒരിടത്തും ഊണ് കിട്ടില്ല. പിന്നെയുള്ള ഭഷ്യവസ്തുവകകളില്‍ ഉപ്പും മുളകും ഉണ്ടാവില്ല എന്ന് മാത്രമല്ല, ശര്‍ക്കരയുടേയും മല്ലിയിലയുടേയും ബൂലോക ക്ലബ് ആയിരിക്കുകയും ചെയ്യും. ആ സമയത്ത് ഒന്ന് ചുറ്റും കണ്ണോടിച്ചപ്പോള്‍ ഭാഗ്യത്തിന് പിറ്റ്സ ഹട്ട് കണ്ണില്‍പ്പെട്ടു.

കൊള്ളാം. കുറേ നാളായി പിറ്റ്സ അടിച്ചിട്ട്. ഏത് നേരത്തും കിട്ടുമെന്ന് മാത്രമല്ല, കഴിച്ച് കഴിഞ്ഞാല്‍ വയറ് ശഠേന്ന് വീര്‍ക്കുകയും ചെയ്യുന്നതുമൂലം പിന്നെ ഒന്നും കഴിക്കാനുള്ള ത്വരയും ഉണ്ടാവില്ല. നാളെ ബസ്സ് എറണാകുളത്ത് എത്തുന്നത് വരെ പിടിച്ച് നില്‍ക്കാനുള്ളതാ. ലോങ്ങ് 12 ഹവേര്‍സ്, എന്റെ ആറ്റുകാലമ്മച്ചീ.

അവിടെക്കയറി ഒരു പിറ്റ്സ ഓര്‍ഡര്‍ ചെയ്ത്, കുറുമാനേട്ടനെപ്പോലെ കാലും ആട്ടി, മെനു വായിച്ച് വായിച്ച് ഹൃദിസ്ഥമാക്കുന്നതിന്റെ ഇടയില്‍ ഞാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത ട്രാവല്‍‌സിന്റെ മുന്നിലേക്ക് ചില്ലില്‍ക്കുടെ ഒന്ന് നോക്കി. ഒരു ബസ്സ് കിടക്കുന്നുണ്ട്. കണ്ടിട്ട് എറണാകുളത്തേക്ക് പോകുന്ന ബസ്സിന്റെ ഒരു ലുക്ക്. സമയം എന്റെ വാച്ചില്‍ ആറേമുക്കാല്‍. ഇനിയും പതിനഞ്ച് മിനുട്ട് സമയമുണ്ടല്ലോ എന്ന് ഞാന്‍.

ഇനി ഉണ്ടോ, സംശയമായല്ലോ!. ഒന്നും കൂടെ ടിക്കറ്റ് നോക്കി ഉറപ്പാക്കാം. ടിക്കറ്റ് എടുത്തു. എന്റെ കണ്ണ് തള്ളി. എന്റെ വായ ഹിപ്പൊപ്പൊട്ടാമസ്സിന്റെ വായ പോലെ തുറന്നു. അറിയാതെ ഞാന്‍ നിലവിളിച്ചു. ആറേമുക്കാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാല്‍.

ഈശ്വരാ, ആ കിടക്കുന്നത് എന്റെ ബസ്സ് തന്നെ. അതിപ്പോള്‍ പോകും. അപ്പൊ പിറ്റ്സ? അതിന്റെ കാശ് എന്തായാലും കൊടുക്കണം. അയ്യോ. ഓര്‍ത്തപ്പോള്‍ എന്റെ നെഞ്ച് കാളി.

അപ്പോഴേക്കും പിറ്റ്സ ടേബിളില്‍ എത്തി. കഴിക്കാന്‍ എവിടെ നേരം എനിക്ക്. ഒന്ന് വേഗം പാര്‍സല്‍ ആക്കിത്തരാന്‍ പറഞ്ഞു അവരോട്. അതും എടുത്ത് ബില്ലും കൊടുത്ത് ഇറങ്ങി ഓടി, ഓടിത്തുടങ്ങിയ ബസ്സില്‍ ചാടിക്കയറി.

കഷ്ടകാലത്തിന് ഞാന്‍ ഒരു ആവേശത്തില്‍ അവിടെ നിന്ന് ഓര്‍ഡര്‍ ചെയ്തത് വലിയ പിറ്റ്സ തന്നെ ആയിരുന്നു. അത് വച്ച് കഴിക്കാനുള്ള സ്ഥലമുണ്ടോ ബസ്സില്‍? അഥവാ ഉണ്ടെങ്കില്‍ പിറ്റ്സയുടെ മൂക്കു തുളയ്ക്കുന്ന മണം കാരണം ബാക്കി ഉള്ളവര്‍ എന്നെ കൈ വയ്ക്കില്ല്ലേ. ശ്ശൊ. തല്‍ക്കാലം പിറ്റ്സ പൊതിയോടു കൂടി മുകളില്‍ ബാഗ് വച്ചിരിക്കുന്നിടത്ത് വയ്ക്കാതെ വേറെ ഒരു നിവര്‍ത്തിയുമില്ല.

ഇനി ബസ്സ് എവിടെയെങ്കിലും ബാക്കി യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ നിര്‍ത്തുമ്പോഴേ എനിക്കത് കഴിക്കാന്‍ ഒക്കൂ എന്ന് ചിന്ത എന്റെ മനസ്സമാധാനം കളഞ്ഞു. അത് പോട്ടെ, അതില്ലേലും സാരമില്ല, പക്ഷെ ഈ ഗതികെട്ടനേരത്ത് എന്റെ വിശപ്പും അതിന്റെ കൂടെ പോയി. മൂത്രമൊഴിക്കാന്‍ മുട്ടിയിട്ട് ബസ്സ് നിര്‍ത്തുന്നതും കാത്തിരിക്കുന്ന ഒരു കുട്ടിയെപ്പോലെ ഞാന്‍ ബലം പിടിച്ച് അതിനകത്തിരുന്നു നേരം പോക്കി.

ബസ്സ് പിന്നെ നിര്‍ത്തിയത് പത്ത് മണിക്ക്. എല്ലാ‍വരും കഴിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ പാക്കറ്റ് തുറന്നു. അതിനുള്ളില്‍ എന്റെ കുറേക്കാലമായുള്ള കൊതി, എന്റെ പ്രിയപ്പെട്ട വില കൂടിയ പിറ്റ്സ തണുത്തുറഞ്ഞ് ഉറങ്ങിക്കിടക്കുന്നു.

തണുത്ത പിറ്റ്സ കഴിക്കുന്നതും ഒരു ഭാഗ്യമാണ്. കഴിച്ചവര്‍ക്കറിയാം. ഞാനല്ലാതെ അത് കഴിച്ച എത്ര പേരുണ്ടെന്ന് എന്നോട് ചോദിക്കരുതു. ആ മണ്ടത്തരം കാണിക്കാന്‍ എന്നെക്കാളും യോഗ്യന്‍ വേറെ ആരുണ്ട്?

വെണ്ണ ഒക്കെ ഒലിച്ചിറങ്ങി വേനല്‍ക്കാലത്തെ ഭാരതപ്പുഴ പോലെ കിടക്കുന്നു. ക്യാപ്സിക്കം പാണ്ടി ലോറി കയറിയ തവളയെപ്പോലെ. കുറവന്‍ ചത്ത കുറത്തിയെപ്പോലെ ഉള്ളി ഉണങ്ങി ഒരു പരുവമായി. താഴെ ഉള്ള ബ്രെഡ് ആണെങ്കില്‍ ബുള്‍ഡോഗിന്റെ താടി പോലെ മടങ്ങി മടങ്ങി. എന്തിനധികം. പാക്കറ്റ് തുറന്നപ്പോള്‍ വായില്‍ വന്ന തുപ്പല്‍ പോലും പ്രിന്‍സിപ്പാള്‍ റൌണ്ടിനിറങ്ങുമ്പോള്‍ ക്ലാസ്സില്‍ കയറുന്ന കുട്ടികളെപ്പോലെ കയറിപ്പോയി തിരിച്ച്.

ആ സാധനം നാളെ നടക്കാനിരിക്കുന്ന കേരളാമീറ്റ് മനസ്സില്‍ ഓര്‍ത്ത് മൂക്കും പൊത്തി ഒരു പിടി ആയിരുന്നു. ബസ്സില്‍ ആണെങ്കിലോ പുകയുന്ന ചൂടും. നിര്‍ത്തിയിട്ട വണ്ടിയല്ലേ. എങ്ങിനെയെങ്കിലുംമൊക്കെയായി, ബാക്കി എല്ലാവരും വരുന്നതിനു മുന്‍പു അത് എങ്ങിനെയോ കഴിച്ച് തീര്‍ത്തു. കാശ് മുടക്കിയതല്ലേ, കളയാന്‍ പറ്റുമോ. മിനറല്‍ വാട്ടര്‍ ഒരു കുപ്പി വാങ്ങി മുഴുവന്‍ ഒറ്റയിരിരുപ്പിന് കുടിച്ചും തീര്‍ത്തു, ദഹിക്കാന്‍ ഒരു സഹായത്തിന്. ഇല്ലെങ്കില്‍ ഈ സാധനങ്ങളെല്ല്ലാം അവിടെയും ഇവിടെയും ഒട്ടിപ്പിടിക്കും, ഉറങ്ങാന്‍ കൂടെ പറ്റില്ല.

ഈ സാധനം അകത്ത് കയറി ഉണ്ടാക്കിയ ഗ്യാസ് കൊണ്ട് എന്റെ വയറ് യാത്ര തുടരെ തുടരെ വീര്‍ത്ത് വീര്‍ത്ത് വന്നു. ഒരു ഫുട്ബോള്‍ പോലെ അതിനകത്തിരുന്ന് ഉറങ്ങാതെ ഞാന്‍ എറണാകുളത്തെത്തി ബ്ലോഗേര്‍സ് മീറ്റില്‍ ആഘോഷപൂര്‍വ്വം പങ്കെടുത്തു. ആ വിശേഷങ്ങള്‍ പിന്നെ.

ബാംഗ്ലൂര്‍ മീറ്റില്‍ പങ്കെടുത്ത ആളുകളെ ശരിയായി തിരിച്ചറിഞ്ഞതിന് ഉമേഷ്ജിക്ക് സമ്മാനമായി ഈ മണ്ടത്തരം ഡെഡിക്കേറ്റ് ചെയ്യുന്നു. ഇത്തിരി ഡെഡിക്കേഷന്‍ നാളെ ജന്മദിനം ആഘോഷിക്കുന്ന എനിക്കും.

21 comments:

  1. myexperimentsandme said...

    പിറ്റ്സാ കഥ കൊള്ളാം.

    അപ്പോള്‍ നാളെയും ജന്മദിനമാണോ? :) ആശംസകള്‍



  2. ബിന്ദു said...

    ശ്രീജിത്തിനിതെത്ര ആശംസകള്‍ വേണം?;) നാളെ ഹാപ്പി ബെര്‍ത്ത്‌ഡേ.. അല്ലേ? ആശംസകള്‍! ഞാന്‍ മുന്‍പു തന്നെ പറഞ്ഞിരുന്നതാ ഒരു വെജ്ജി പീറ്റ്സ എന്ന്‌.
    തണുത്താല്‍ വെണ്ണ ഒലിക്കുമോ അതോ??
    (ഇന്നിനി പീറ്റ്സ കഴിക്കാതെ നിവൃത്തിയില്ല. :( )



  3. ജ്യോതിര്‍മയി /ज्योतिर्मयी said...

    ശ്രീജിത്തേ,

    'നിര്‍വികാരപരബ്രഹ്മം' എന്ന ഓമനപ്പേരിട്ടു ഞാന്‍ വിളിക്കുന്ന പിറ്റ്‌സയെ ഇത്ര മനോഹരമായി വര്‍ണ്ണിയ്ക്കാമെന്നോ? കൊള്ളാം, എഴുത്തും.

    ആശംസകളോടെ
    ജ്യോതി



  4. Anonymous said...

    എ ബെരി ബെരി ഗാപ്പി ബര്‍ത്തഡേ ശ്രീജിക്കുട്ടീ...

    ഞാന്‍ പണ്ട് ബിരുദത്തിന് ചേരുന്ന വരെ എന്റെ ഹാപ്പി ബര്‍ത്തെഡേ എന്ന് പറയുമായിരുന്നു.
    പിന്നെ സീനിയേര്‍സ് കളിയാക്കിയപ്പോഴണ് ആ ഹാപ്പി മാറ്റണം എന്ന് മനസ്സിലായെ..:)



  5. Adithyan said...

    ജിത്തേ ഹാപ്പിയായി ഒരു ബര്‍ത്ത് ഡേ അങ്ങ് ആഘോഷിയ്ക്കൂ... അലക്കിപ്പൊളിയ്ക്കൂ.... കഴിഞ്ഞ് മാസമല്ലെ ബര്‍ത്ത് ഡേ ആഘോഷിച്ച് കൂട്ടുകാര്‍ക്കെല്ലാം ചിലവ് കൊടുത്തത്? ഇപ്പൊ ബര്‍ത്ത് ഡേ എല്ലാ മാസവും ആഘോഷിയ്ക്കാറുണ്ടോ?



  6. രാജ് said...

    ബര്‍ത്ത് ഡേ പയ്യന്‍സ് :) ആശംസകള്‍!

    പിന്നെ ശ്രീ വായില്‍ കൊതിമൂലം ഊറുന്ന ദ്രാവകം തുപ്പലല്ല, ഉമിനീരെന്നു പറയൂ, പുറത്തേയ്ക്കതു തുപ്പുമ്പോള്‍ തുപ്പലാകും.



  7. aneel kumar said...

    പിറന്നാള്‍ ആശംസകള്‍!

    നല്ലൊരു ദിവസമായിട്ട് പിന്നേം ആ കൊടല്‍‌ക്കോര്‍ക്ക് സാധനം വാങ്ങിത്തിന്നല്ലേ ശ്രീജീ.



  8. അഭയാര്‍ത്ഥി said...

    ജനിച്ചുപോയി ശ്രീജിത്തായി -
    ജന്മദിന വാഴ്ത്തുക്കള്‍.

    ഹിന്ദിയില്‍ ഒരു ചൊല്ലൂണ്ടു

    ഏഡ ബെന്‍ കേ പേഡ ഖാനേക്ക.

    മണ്ടനായി അഭിനയിച്ചു മറ്റുള്ളവര്‍ക്കു മുമ്പേ പിസ്സ തിന്നുക എന്നു ട്രാന്‍സ്ലിറ്ററേഷന്‍.

    മണ്ടത്തരങ്ങള്‍ എഴുതുന്ന ബുദ്ധിമാനെ നീ ഇനിയും മണ്ടത്തരങ്ങള്‍ ഒരു പാടെഴുതി ബൂലോഗര്‍ക്കു പ്രീമൊണിഷന്‍ നല്‍കു. ഒരുപാടുകാലം



  9. Rasheed Chalil said...

    ബുദ്ധിമാനായ മണ്ടത്തരങ്ങളുടെ സുല്‍ത്താന് ഒരായിരം ജന്മദിനാശംസകള്‍.. ഇത് ഓര്‍മ്മിപ്പിച്ച മണ്ടനല്ലാത്ത മറ്റൊരു ...യ്കും നന്ട്രി...



  10. Satheesh said...

    ശ്രീജിത്തേ, ജന്മദിനാശംസകള്‍. കഴിഞ്ഞ മാസമല്ലേ ഒരു ബര്‍ത്ത്‌ഡേ കഥ് എഴുതിയത്.. ഇപ്പോ നാട്ടില്‍ ഒന്നര മാസം കൂടുമ്പോളാണെന്നു തോന്നുന്നു ഈ സാധനം വരുന്നത്! ഒരു വര്‍ഷം മുമ്പ് ndtv യുടെ journalist എഴുതിയത് വായിച്ചിരുന്നു - വിജയ് മല്യ സ്വന്തം പിറന്നാള്‍ ഒരു കൊല്ലം മിനിമം 10 തവണ ആഘോഷിക്കാറുണ്ടത്രേ...
    ബൈ ദ ബൈ.. ഇറ്റലിക്കാരുടെ പിസയെ അമേരിക്കക്കാരാണ്‍ പിടിച്ച് പിറ്റ്സ ആക്കിയത്! പേരുമാറ്റാന്‍ അവര്‍ തയ്യാറല്ലാത്തത് കാരണം ഇറ്റലിക്കാര്‍ പിറ്റ്സയെ (pizza hut പിസയെ) അമേരിക്കന്‍ പിസ എന്നു വിളിക്കുന്നു!!



  11. പരസ്പരം said...

    നന്നായെഴുതിയിരിക്കുന്നു ശ്രീജിത്ത്.തണുത്ത പിസ്സായെക്കുറിച്ചുള്ള ഉപമകള്‍ ഗംഭീരം. ഇങ്ങനെ ബസ്സ് വിടാന്‍ നേരത്ത് പലതും വെട്ടി വിഴുങ്ങി ഒടുവില്‍ ഗത്യന്തരമില്ലാതെ വന്ന സംഭവം എനിക്കുണ്ടായിട്ടുണ്ട്.അതിനെ കുറിച്ച് പിന്നീടെഴുതാം. ഏതായാലും ഏഷ്യാനെറ്റില്‍ താങ്കള്‍ ഒരു ഗൌരവക്കാരനായ് ‘ചെത്തി’ കളഞ്ഞു. കൂടെ എന്റെ വക ജന്മദിനാശംസകളും.



  12. Kalesh Kumar said...

    ശ്രീ‍ജിത്തേ, ഇനി നാളെ ബര്‍ത്ത്ഡേ ആണേലും അല്ലേലും എന്റെ വക ആശംസകള്‍!!
    (പോസ്റ്റും കൊള്ളാം!)



  13. ആനക്കൂടന്‍ said...

    ആശംസകള്‍ ശ്രീജിത്തേ. ഒരു ബര്‍ത്ത് ഡേ പാര്‍ട്ടി ഓര്‍മ്മയില്‍ വച്ചോളൂ...



  14. ഉമേഷ്::Umesh said...

    എനിക്കൊരു പോസ്റ്റ് ഡെഡിക്കേറ്റു ചെയ്യുന്നു എന്നു ശ്രീജിത്ത് കുറേ ദിവസമായി പറയുന്നു. ഞാന്‍ എന്നും നോക്കും ശ്രീജിത്ത് പോസ്റ്റ് ഇട്ടോ എന്നു്.

    അവസാനം ഒരു തണുത്ത പിറ്റ്സയാണോ ഡെഡിക്കേറ്റ് ചെയ്യുന്നതു്?

    അതുപോലെ വിശാലന്‍ കുറെക്കാലമായി പറയുന്നു, എന്നെ സ്വപ്നം കണ്ട കഥ എഴുതുമെന്നു്. അവസാനം ഇങ്ങനെ വല്ലതുമായിരിക്കും:

    കക്കൂസ് വൃത്തിയാക്കിക്കൊണ്ടിരുന്നവനോടു ഞാന്‍ പറഞ്ഞു:

    പണി ചെയ്യുമ്പോഴാണോടാ ശ്ലോകം ചൊല്ലുന്നതു്? വെള്ളം തെറിപ്പിക്കാതെടാ *@%$#

    അവന്‍ തലയുയര്‍ത്തിനോക്കി. അതു നമ്മുടെ ഉമേഷ്‌ജിയായിരുന്നു....


    എന്തായാലും, പിറന്നാളാശംസകള്‍!

    ഇങ്ങനെ ഒരു വര്‍ഷം ഒരുപാടു് പിറന്നാള്‍ ആഘോഷിച്ചാല്‍ താമസിയാതെ എന്നെക്കാള്‍ പ്രായമാകുമല്ലോ... :-)



  15. ഉമേഷ്::Umesh said...

    ഒരു കാര്യം പറയാന്‍ വിട്ടുപോയി. നല്ല ജോലിയും ശമ്പളവുമൊക്കെ ആയല്ലോ. ഇനി ഇങ്ങനെ പിറ്റ്സയ്കുമൊക്കെ കാശു കളയാതെ പണം നല്ല കാര്യത്തിനു ചെലവാക്കുക. അത്യാവശ്യമായി താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്യുക.

    1. ആ ചടാക്കു ബൈക്കു വിറ്റിട്ടു് (അല്ലെങ്കില്‍ ഇരുമ്പുകച്ചവടക്കാരനു കൊടുത്തിട്ടു്‌) പുതിയ നല്ല ഒരെണ്ണം വാങ്ങുക.

    2. സമയം കൃത്യമായി കാണിക്കുന്ന ഒരു വാച്ചും, പ്രധാന കാര്യങ്ങള്‍ രേഖപ്പെടുത്തിയാല്‍ സമയത്തു “കീ കീ” എന്നലയ്ക്കുന്ന എന്തെങ്കിലും കുന്ത്രാണ്ടവും (ഓര്‍ഗനൈസര്‍, ഡിജിറ്റല്‍ ഡയറി, പാം പൈലറ്റ്, ഭാര്യ തുടങ്ങിയ എന്തെങ്കിലും) എത്രയും വേഗം കരസ്ഥമാക്കുക.

    3. ഈ കൂടെക്കൂടെയുള്ള നാട്ടില്‍പ്പോക്കു് ഒഴിവാക്കുക.

    4. അനാവശ്യമായ പാര്‍ട്ടികള്‍ കൊടുക്കുന്നതും വാങ്ങുന്നതും (പാര്‍ട്ടി സ്ത്രീധനം പോലെ വര്‍ജ്യം) ഒഴിവാക്കുക. പാര്‍ട്ടി ചോദിക്കരുതു്, വാങ്ങരുതു്, ചിന്തിക്കരുതു്.

    ശ്രീജിത്ത് നന്നായിക്കോട്ടേ എന്നു കരുതിയിട്ടല്ല. എത്ര കാലമാ ഞങ്ങള്‍ ഇതിനെ വെച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ സഹിക്കുക. ബൈക്കു കേടായെന്നു പറഞ്ഞു് അഞ്ചാറു പോസ്റ്റ്. ബസ്സു മിസ്സായെന്നു പറഞ്ഞു മൂന്നാലു പോസ്റ്റ്. പാര്‍ട്ടി നടത്തി കാശൂ പോയെന്നു പറഞ്ഞു് ഏഴെട്ടു പോസ്റ്റ്. ഇതെന്തരെടേ?

    ആവര്‍ത്തനവിരസത ക്യാന്‍സറുണ്ടാക്കും എന്നു ദേവന്‍ ധന്വന്തരി എവിടെയോ പറഞ്ഞിട്ടുണ്ടു് എന്നൊരു ഓര്‍മ്മ.



  16. keralafarmer said...

    njan thaamasichchupOyi enkilum enteyum janmadinaaSamsakal. ella praSnangaLkk~ parihaaram ഭാര്യ puthiya praSnangaLkk~ thuTakkavum.



  17. Santhosh said...

    അപ്പി ബര്‍ത്ത് എഡേയ്...



  18. അരവിന്ദ് :: aravind said...

    ഹ ഹ ഹ!! :-))
    അപ്പോ ഹാപ്പി ബര്‍ത് ഡേ ശ്രീജി..അതിന്റെ ചിലവും ട്രീറ്റിന്റേയുമെല്ലാം ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു :-)



  19. Visala Manaskan said...
    This comment has been removed by a blog administrator.


  20. Visala Manaskan said...

    പ്രിയ ശ്രീ (ശ്രീപ്രിയ, യല്ലേ!)

    രസകരമായിട്ട് എഴുതിയിട്ടുണ്ട്. ഇത് വായിച്ചപ്പോള്‍ pizza തിന്നാന്‍ കൊതി തോന്നി. സത്യം.

    ജന്മദിനാശംസ, ബിലേറ്റഡ് ഒന്ന് പിടി.

    ഉമേഷ് ജി, അത് മറന്നില്ലേ??
    ഞാന്‍ ആ സ്വപ്നം എഴുതാന്‍ ഒരു ബ്ലോഗ് വരെ തുടങ്ങിയിരുന്നു. പക്ഷെ, ടൈം കിട്ടാത്തതുകൊണ്ടും പിന്നെയാവട്ടെ എന്ന് വച്ചതുകൊണ്ടും ഇതുവരെ എഴുതിയില്ല.

    ബ്ലോഗ് മീറ്റിനെക്കുറിച്ചും എഴുതാന്‍ വിചാരിച്ചതും പെന്റിങ്ങായി കിടക്കുന്നുണ്ട്. ബ്ലോഗാന്‍ ഒരു രക്ഷയുമില്ല മാഷേ..



  21. myexperimentsandme said...

    pizza എന്ന് ചേര്‍ത്തത് നന്നായി. അല്ലെങ്കില്‍ ശ്രീജിത്ത് പേടിച്ച് പോയേനെ :)