പിറന്നാളാഘോഷ സ്മരണകള്‍
രണ്ടാം ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് മീറ്റും, ബാംഗ്ലൂര്‍ ബ്ലോഗ്ഗേര്‍സ് അസ്സോസിയേഷന്റെ ആദ്യകാല മെംബറുമായ ശ്രീജിത്തിന്റെ ജന്മദിനവും ഇക്കഴിഞ്ഞ ജൂലായ് പതിനഞ്ചിന് സമുചിതം കൊണ്ടാടപ്പെട്ടു.
ഒന്നാം ബാംഗ്ലൂര്‍ മീറ്റിന്റെ അന്നു തന്നെ എന്ന് രണ്ടാം മീറ്റ് നടത്തണമെന്നും തീരുമാനിക്കപ്പെട്ടതായിരുന്നു. എല്ലാ മാസവും ഒരു മീറ്റ് നടത്താന്‍ തന്നെയായിരുന്നു അംഗങ്ങള്‍ ഇച്ഛിച്ചതും, അസോസിയേഷന്‍ കല്‍പ്പിച്ചതും.
ജൂലായ് പതിഞ്ച് ശനിയാഴ്ച, വൈകീട്ട് അഞ്ചരയ്ക്ക് എല്ലാവരും ബാംഗ്ലൂരിലെ ഫോറം മാളില്‍ വച്ച് കാണാം എന്ന് തീരുമാനിക്കപ്പെട്ടു. കഴിഞ്ഞ ബാംഗ്ലൂര്‍ മീറ്റിന് വന്നവര്‍ക്കെല്ലാം ക്ഷണക്കത്ത് എസ്.എം.എസ് വഴി അയച്ചു. എല്ലാവരും എത്താമെന്നും ഏറ്റു.
ഞാന്‍ അഞ്ചര കഴിഞ്ഞ് ഇത്തിരി കഴിഞ്ഞ് ഒരു ആറ് മണിയായപ്പോള്‍ അവിടെ എത്തി. ഫോറത്തില്‍ ബാര്‍, അല്ലല്ല, നല്ല ഒരു ഹോട്ടല്‍ ഇല്ലാത്തതിനാല്‍ തമ്മില്‍ ഒത്ത് കൂടാന്‍ ഒരു സ്ഥലം മാത്രമായിരുന്നു ഫോറം. ബൈക്കിന് ഫോറത്തില്‍ പാര്‍ക്കിങ്ങ് ഫീ പത്ത് രൂപയാണ്. ആകെ പത്ത് മിനുട്ട് അവിടെ നില്‍ക്കാന്‍ പത്ത് രൂപ ചിലവാക്കി പാര്‍ക്ക് ചെയ്യാന്‍ തോന്നിയില്ല. പോരാണ്ട് പത്ത് രൂപ എന്ന് പറഞ്ഞാല്‍ ചില്ലറക്കാര്യമാണോ? ഫോറത്തിന് പുറത്തുള്ള മറ്റൊരു ഷോപ്പിങ്ങ് കോമ്പ്ലെക്സിന്റെ മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത് ഞാന്‍ ഫോറത്തില്‍ എത്തി.
അവിടെ മഴനൂലുകളും, വര്‍ണ്ണമേഘങ്ങളും കുറ്റിയടിച്ച് നില്‍ക്കുന്നുണ്ടായിരുന്നു. എന്നെക്കണ്ട് ബര്‍ത്ത്ഡേ ബമ്പ്സ് എന്നറിയപ്പെടുന്ന പൃഷ്ഠമര്‍ദ്ദനം നടത്താന്‍ ശ്രമിച്ചെങ്കിലും അവിടെയുണ്ടായിരുന്ന തിരക്ക് മൂലം നടന്നില്ല. മൂന്നാളും ചേര്‍ന്ന് അന്ന് ചെയ്യേണ്ട കര്‍മ്മപരിപാടികള്‍ നടത്താന്‍ പ്ലാന്‍ ഒരുക്കുമ്പോഴേക്കും നളനും അവിടെ എത്തി. കുറേക്കഴിഞ്ഞ് കുട്ടപ്പായിയും( കുട്ടപ്പായി ഫോറത്തിന്റെ മുന്നില്‍ വളരെ നേരത്തേ എത്തിയിരുന്നെങ്കിലും, ആ വഴി മുഴുവന്‍ വണ്‍വേ ആയിരുന്നതിനാലും, വളയ്ക്കാന്‍ പിന്നേയും ഒരു കിലോമീറ്റര്‍ അപ്പുറം പോയി വരണമെന്നതിനാലും എത്തിയപ്പോള്‍ വൈകി) ഞങ്ങളോടോപ്പം ചേര്‍ന്നു.
ഔട്ടര്‍ റിങ്ങ് റോഡില്‍ ഉള്ള 'ദ ധാബ' എന്ന ഹോട്ടലില്‍ പോകാം എന്ന് അസ്സോസിയേഷന്‍ തീരുമാനമെടുത്തു. ചില തിരക്കുകള്‍ കാരണം നളന് അപ്പോള്‍ തന്നെ തിരിച്ച് പോകേണ്ടി വന്നു. കുറച്ച് കഴിഞ്ഞപ്പോഴേക്കും അജിത്തും എത്തിച്ചേര്‍ന്നു.
എല്ലാവരും ചേര്‍ന്ന് കുട്ടപ്പായിയുടെ കാറില്‍, ധാബയിലേക്ക് യാത്രയായി.
അവിടെ ഒരു മേളമായിരുന്നു പിന്നീട് നടന്നത്. ഒച്ചയും ബഹളവുമായി മലയാളികളുടെ തനി കൊണം ഞങ്ങള്‍ അവിടെ കാണിച്ചു കൊടുത്തു. അവിടെ ഇരുന്ന് ലൈവായി ഗസല്‍ പാടിക്കൊണ്ടിരുന്ന ഗായകനെക്കൊണ്ട്, വര്‍ണ്ണമേഘം എനിക്ക് പിറന്നാള്‍ ആശംസിപ്പിച്ചു, പരസ്യമായി. അതിലും നന്നായി ഞാന്‍ പാടും എന്ന് പറഞ്ഞ് കൊണ്ട് ഞങ്ങളുടെ ഇടയില്‍ നിന്ന് കൊണ്ട് മഴനൂലും പാടി ഒന്ന് രണ്ട് പാട്ടുകള്‍ പതിഞ്ഞ സ്വരത്തില്‍. ബഹളത്തില്‍ ഒന്നും കേട്ടില്ലെങ്കിലും എല്ലാവരും കൈയടിച്ച് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
കുട്ടപ്പായി ആദ്യ രണ്ട് പെഗ് വരെ സമാധാനപ്രിയനായിരുന്നെങ്കിലും, അതിനു ശേഷം എന്ത് ഒച്ച കേട്ടാലും ആരാടാ എന്നുറക്കെ പറഞ്ഞ് അടിയുണ്ടാക്കാന്‍ ശ്രമിക്കുന്നത് കാണാമായിരുന്നു. ഒരു നിമിഷത്തെ നിശബ്ദത എപ്പോഴുണ്ടായാലും, ഇനി ഞാന്‍ ഒരു തമാശ പറയാം എന്ന് പറഞ്ഞ് അജിത്ത്, താന്‍ പണ്ട് വായിച്ചിട്ടുള്ള നുറുങ്ങ്ബിന്ദുക്കള്‍ വിളബിക്കൊണ്ടിരുന്നു. അപകടം മനസ്സിലായതില്‍ പിന്നെ നിശബ്ദത ഉണ്ടാകാതിരിക്കാന്‍ വര്‍ണ്ണമേഘം പ്രത്യേക ശ്രദ്ധ ചെലുത്തി. സൌന്ദര്യയുടെ അവസാന സിനിമയായ ആപ്തമിത്രയെക്കുറിച്ച് ഒരു പ്രഭാഷണം കുട്ടപ്പായി നടത്താന്‍ ഒരുങ്ങുമ്പോഴാണ് അതുല്യച്ചേച്ചി ഫോണ്‍ വിളിച്ചത്. എറണാകുളത്ത് ഒരു നെറ്റ് കഫേയിലും മലയാളം ടൈപ്പ് ചെയ്യാന്‍ ആകുന്നില്ല എന്ന് അതുല്യച്ചേച്ചി വിഷമത്തോടെ പറഞ്ഞപ്പോള്‍, ങാഹാ, അതങ്ങിനെ വിടാന്‍ പറ്റില്ല എന്നും പറഞ്ഞ് മഴനൂല്‍ അടുത്ത പെഗ് ഓര്‍ഡര്‍ ചെയ്തു.
കൂട്ടത്തിലെ ഒരാളും ക്യാമറ കൊണ്ട് വരാതിരുന്നതിനാല്‍ ഫോട്ടോയെടുപ്പും, വീഡിയോ എടുപ്പുമായി എന്റെ മൊബൈല്‍ അവിടെ മുഴുസമയവും തിരക്കിലായിരുന്നു. എടുക്കുന്ന ഫോട്ടോ നന്നാവാതെയിരിക്കുമ്പോള്‍ അത് ഡിലീറ്റ് ചെയ്ത് അടുത്തത് എടുക്കും. അതും ശരിയാവില്ല, വീണ്ടും ഡിലീറ്റ്, അങ്ങിനെ അധികം സമയം കഴിയുന്നതിനു മുന്നേ തന്നെ മൊബൈല്‍, ദേ എന്റെ കാറ്റ് പോയേ എന്ന് പറഞ്ഞ് ഓഫായി. ആ സമയം കൊണ്ട് ആകെ ക്യാമറയില്‍ കയറിയത് ഒരേ ഒരു ചിത്രം മാത്രവും.
സമയം പതിനന്നോടടുത്തപ്പോള്‍ പിരിയാന്‍ എല്ലാവരും തീരുമാനിച്ചു. പിരിയുന്നതിനു മുന്‍പ് ഒരു പാട്ട് എല്ലാവരും പാടണമെന്ന് വര്‍ണ്ണമേഘത്തിന് നിര്‍ബന്ധം. മഴനുല്‍ “അനുരാഗ ലോല ഗാത്രീ.... വരവായി നീല... രാത്രീ....” എന്ന പാട്ട് പാടി ആ മഹാകര്‍മ്മ ഉത്ഘാടനം ചെയ്തു. അടുത്തത് വര്‍ണ്ണമേഘങ്ങള്‍; റേഡിയോ നാടകത്തില്‍ ഊമയുടെ ഗാനമേള പോലെ ചുണ്ട് മാത്രം അനക്കി ഒരു മനോഹരഗാനം ആലപിച്ചു. ഒച്ച തൊണ്ട വരെ എത്തിയോ, അതിനു മുന്നേ തന്നെ കട്ട് ആയോ എന്നതിന്റെ ഗവേഷണം നടത്താന്‍, ഗവേഷണം കുലത്തൊഴിലായ വക്കാരിയുടെ സഹായം തേടാന്‍ അസ്സോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്തത് കുട്ടപ്പായി, കാനനച്ഛായയില്‍ ആട് മേയ്ക്കാന്‍ എന്ന സോങ്ങ് സിങ്ങി; എന്ന് ഞാന്‍ പറയില്ല, എല്ലാരും എന്നെ തല്ലും, അവന്‍ സോങ്ങ് ടെല്ലി. അടുത്ത ഊഴം അജിത്തിന്റെ, അവന്‍ പാട്ടിന്റെ ആദ്യ വരിയായ താനാരോ എന്ന് പാടിത്തുടങ്ങിയപ്പോഴേക്കും കുട്ടപ്പായി ചാടി വീണ് അവന്റെ വായ പൊത്തി. ജന്മദിനകുട്ടിയായ ഞാന്‍ ആയിരുന്നു അവസാനം. എന്റെ പാട്ടിനുള്ള ശ്രമത്തിനിടയില്‍ ഒന്ന് രണ്ട് അക്ഷരപ്പിശാച് വന്നു എന്ന് പറഞ്ഞ് വര്‍ണ്ണമേഘം എന്റെ പാട്ട് സെര്‍വറില്‍ ബ്ലോക്ക് ചെയ്തു. പാട്ടും വേണ്ട ഒരു മണ്ണാങ്കട്ടയും വേണ്ട എന്ന് പറഞ്ഞ് ഞാന്‍ പാടല്‍ നിര്‍ത്തി.
തുടര്‍ന്ന് കുട്ടപ്പായി വര്‍ണ്ണമേഘങ്ങളെയും അജിത്തിനേയും വീട്ടിലും, എന്നെയും മഴനൂലിനേയും ഫോറത്തിലും കാറില്‍ കൊണ്ട് വിട്ടതോടു കൂടി ബ്ലോഗ്ഗേര്‍സ് സമ്മേളനത്തിന് ഔപചാരികമായ വിരാമമായി. യാത്രയിലുടനീളം മഴനൂലുകള്‍ കഭീ കഭീ മേരേ ദില്‍ മേം എന്ന പാട്ട് പാടി എല്ലാവരേയും ആരാധകന്മാരാക്കി.
അപ്പോഴേക്കും ധാബ എന്ന ഹോട്ടലില്‍ നിന്ന് ഇറങ്ങി അരമണിക്കൂറോളം ആയതിനാല്‍, ഞാനും മഴനൂലും ഫോറത്തിനുള്ളിലെ ട്രാന്‍സിറ്റ് എന്നയിടത്ത് കേറി ഒരോരോ മസാലദോശ കഴിച്ച് അത്ര നേരം കൊണ്ട് ഭക്ഷണം ദഹിച്ച് വയറില്‍ ഉണ്ടായ ഗ്യാപ്പ് നികത്തി. എന്റെ വീട്ടിലേക്ക് പോകുന്ന വഴിയിലാണ് മഴനൂലിന്റെ വീട് എന്നതിനാല്‍ മഴനുലിന്റെ അവിടെ കൊണ്ട് വിടാം എന്ന് തീരുമാനിച്ച് രണ്ടാളും ബൈക്ക് വച്ചിരിക്കുന്നിടത്തെത്തിയപ്പോള്‍, ഞാന്‍ ഭയപ്പെട്ടിരിക്കുന്നത് തന്നെ സംഭവിച്ചു. അവിടെ ബൈക്ക് ഇല്ല !!!
സമയം രാത്രി പതിനൊന്നര. ഈ പതിനൊന്നാം മണിക്കൂറില്‍ എന്ത് ചെയ്യാന്‍. അവിടെ കണ്ട ഒരാളോട് ബൈക്ക് കാണുന്നില്ല എന്ന വിവരം പറഞ്ഞപ്പോള്‍ ഇത് നോ പാര്‍ക്കിങ്ങ് ഏരിയാ ആയതിനാല്‍ പോലീസ് വണ്ടി എടുത്ത് കൊണ്ട് പോയി എന്ന മറുപടി കിട്ടി. ആടുഗോഡി പോലീസ് സ്റ്റേഷനില്‍ പോയി അന്വേഷിച്ചു നോക്ക് എന്ന നിര്‍ദ്ദേശവും.
അവിടെ കണ്ട ഒരു ഓട്ടോയില്‍ ഞാനും മഴനൂലും കയറി ആടുഗോഡി പോലീസ് സ്റ്റേഷന്‍ അറിയുമോ എന്ന് ചോദിച്ചു. പിന്നില്ലാണ്ട്, പക്ഷെ ഡബിള്‍ ചാര്‍ജ്ജ് ആകും, കേറിക്കോ എന്ന് ആ ചേട്ടന്‍ സന്തോഷത്തില്‍ പറഞ്ഞതിന്റെ ബലത്തില്‍ ഞങ്ങള്‍ കയറി പോലീസ് സ്റ്റേഷന്‍ തേടി യാത്രയായി.
കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍, “ആടുഗോഡി എത്തി ഇറങ്ങിക്കോ” എന്ന് ഓട്ടോക്കാരന്‍. എവിടെ പോലീസ്‌സ്റ്റേഷന്‍ എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി, “പോലീസ് സ്റ്റേഷന്‍ ഒന്നും എനിക്കറിയില്ല, ഇതാണ് ആടുഗോഡി, പോലീസ് സ്റ്റേഷന്‍ ഇവിടെ എവിടെയെങ്കിലും കാണും” എന്നായിരുന്നു. “പിന്നെ എന്ത് പിണ്ണാക്കിനാണ് അറിയാം” എന്നും പറഞ്ഞോണ്ട് തലയാട്ടിയത് എന്ന് ചോദിക്കാന്‍ ഒരുമ്പെട്ടെങ്കിലും പിണ്ണാക്കിന്റെ കന്നഡ അറിയാത്തതിനാല്‍ ചോദിച്ചില്ല.
ലാലേട്ടന്റെ സ്റ്റ്രാറ്റജിയായ “നമുക്ക് ചോദിച്ച് ചോദിച്ച് പോകാം” എന്ന മഴനൂലിന്റെ തീരുമാനത്തില്‍ ഞങ്ങള്‍ വഴിയേ കാണുന്നവരോടെല്ലാം ചോദിക്കാന്‍ തുടങ്ങി. അര്‍ദ്ധരാത്രി ബാംഗ്ലൂര്‍ റോഡില്‍ കാണുന്നവരുടെ ദിശാബോധം മനസ്സിലായ ഒരു ദിവസമായിരുന്നു അത്. ചോദിക്കുന്നവര്‍ ഓരോരുത്തരും പറയുന്നത് ഒരോ ദിശ. തേരാപ്പാരാ ഓട്ടോ ഓടിച്ചതിന്റെ ഫലമായി അവസാനം ഭാഗ്യത്തിന് പോലീസ് സ്റ്റേഷന്‍ എന്ന ബോര്‍ഡ് ആരും പെട്ടെന്ന് ശ്രദ്ധിക്കാത്ത ഒരു മൂലക്ക് കണ്ടു. ഓട്ടോക്കാരനെ കാശ് കൊടുത്ത് മടക്കി, സ്റ്റേഷനില്‍ കയറി നോക്കിയപ്പോള്‍ അവിടെ ഉള്ളത് ആകെയൊരാള്‍ മാത്രം.
അങ്ങേര്‍ പറയുന്നത് തന്റെ കയ്യില്‍ താക്കോല്‍ ഇല്ലെന്നും, രാവിലെ മറ്റ് ആള്‍ക്കാര്‍ വന്നാലേ എന്തെങ്കിലും ചെയ്യാന്‍ പറ്റൂ എന്നും, പന്ത്രണ്ട് മണിക്കല്ല പോലീസ് സ്റ്റേഷനില്‍ ബൈക്ക് അന്വേഷിച്ച് വരുന്നതെന്നും ഒക്കെ ആയിരുന്നു. നിര്‍ഗ്ഗുണപരബ്രഹ്മത്തിനെപ്പോലെ, ചെരുപ്പും ഇല്ലാതെ, കണ്ണും തിരുമ്മി ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് വന്ന ആ സാറിനോട് എത്ര കെഞ്ചിയിട്ടും, കാശ് എത്രവേണമെങ്കിലും കൂടുതല്‍ തരാം എന്ന് പറഞ്ഞിട്ടും മറുപടി “ഞാന്‍ എന്ത് ചെയ്യാനാ മക്കളേ, ഞാന്‍ വിചാരിച്ചാല്‍ ഒന്നും നടക്കില്ല” എന്ന് തന്നെയായിരുന്നു.
പുറത്തിറങ്ങിയ ഞങ്ങള്‍ക്ക് ഓട്ടോ പിടിച്ച് തന്നെ വീട്ടില്‍ പോയി നാളെ തിരിച്ച് വന്ന് വണ്ടി എടുക്കുകയല്ലാതെ വേറെ നിവര്‍ത്തി ഇല്ലായിരുന്നു. ഞാന്‍ വിഷമിച്ച് താടിക്ക് കൈ കൊടുത്ത് നില്‍ക്കുന്ന സമയത്ത് മഴനൂലുകള്‍ പോയി ഒരു ഓട്ടോ പിടിച്ച് വന്നു. കോറമാങ്ക്‍ല ഇന്‍ഡോര്‍ സ്റ്റേഡിയം എന്ന മഴനൂലിന്റെ സ്ഥലം ഓട്ടോക്കാരനോട് പറഞ്ഞ് അങ്ങോട്ടേയ്ക്ക് ഓട്ടോയില്‍ പോയപ്പോള്‍, വഴിനീളെ ഞങ്ങള്‍ ഒന്നും മിണ്ടിയില്ലെന്നു തന്നെയാണെന്റെ ഓര്‍മ്മ.
ഇന്‍ഡോര്‍ സ്റ്റേഡിയം എത്തുന്നതിന് കുറച്ച് മുന്‍പായിരുന്നു മഴനൂലിന്റെ വീട്. ഓട്ടോ അവിടെ നിര്‍ത്തി മഴനൂല്‍ ഇറങ്ങി. എന്നോടും അവിടെ ഇറങ്ങൂ, തന്റെ വീട്ടില്‍ താമസിക്കുകയോ, തന്റെ ബൈക്കില്‍ എന്നെ വീട്ടില്‍ കൊണ്ട് വിടുകയോ ചെയ്യാമെന്ന് എന്നോട് പറഞ്ഞതാണ് മഴനൂല്‍. പക്ഷെ ഇനിയും കഷ്ടപ്പെടുത്തുന്നത് മര്യാദയല്ലല്ലോ എന്നോര്‍ത്ത് ഞാന്‍ ആ ക്ഷണം സ്നേഹപൂര്‍വ്വം നിരസിച്ചു.
തുടര്‍ന്ന് ഓട്ടോയില്‍ യാത്ര തുടര്‍ന്നു ഞാന്‍. ഇന്‍ഡോര്‍ സ്റ്റേഡിയം എത്തിയപ്പോള്‍ ഇടത്തേക്ക് തിരിയാന്‍ ഞാന്‍ ഓട്ടോക്കാരനോട് പറഞ്ഞു. ഇടത്തേക്കുള്ള വിജനമായ റോഡ് കണ്ട് ഓട്ടോക്കാരന്‍ ഒരു മിനുട്ട് ആലോചിച്ചു. എന്നിട്ട് അങ്ങോട്ട് വന്നാല്‍ അയാള്‍ക്ക് തിരിച്ച് ഓട്ടം കിട്ടില്ലാത്തതിനാല്‍ വരാന്‍ പറ്റില്ല എന്ന് അരുള്‍ ചെയ്തു. ഇവിടെ വരെ വരാനേ ഓട്ടം പിടിച്ചിട്ടുള്ളൂ എന്നും അയാള്‍ തര്‍ക്കിച്ചു. ഡബിള്‍ ചാര്‍ജ്ജ് തരാമെന്ന് പറഞ്ഞതും അയാള്‍ക്ക് സ്വീകാര്യമായില്ല. എന്നെ ആ മഹാനുഭാവന്‍ രാത്രിയുടെ പന്ത്രണ്ടാം യാമത്തില്‍ നടുറോഡില്‍ ഇറക്കി വിട്ടു.
മഴനൂലിന്റെ വീട്ടീലേക്ക് തിരിച്ച് പോകാം എന്ന് വിചാരിച്ചാല്‍ എനിക്ക് വഴി അറിയില്ല. കുറച്ചധികം വളവുകളും തിരിവുകളും ഉണ്ട്. എന്റെ സഹമുറിയനെ വിളിക്കാം എന്ന് വിചാരിച്ചാല്‍ മൊബൈല്‍ ചത്തിട്ട് മണിക്കൂര്‍ കുറേക്കഴിഞ്ഞിരിക്കുന്നു. ആ വഴി പോയ ഒരു ഓട്ടോയും, റിട്ടേണ്‍ കിട്ടില്ല എന്ന കാരണത്താല്‍ ഓട്ടത്തിന് തയ്യാറായില്ല. ഗത്യന്തരമില്ലാതെ ബാക്കിയുള്ള രണ്ട് കിലോമീറ്ററോളം നടക്കാന്‍ എനിക്ക് തീരുമാനിക്കേണ്ടി വന്നു.
കുറച്ച് നടന്നപ്പോള്‍ മഴയും പെയ്യാന്‍ തുടങ്ങി. നനയാതിരിക്കാന്‍ വല്ല കടയുടെ തിണ്ണയിലും കയറി നിന്നാല്‍ അവിടെത്തന്നെ നില്‍ക്കേണ്ടി വരും. പോരാണ്ട് രത്രിയിലെ തണുപ്പത്ത്, പരിചയമില്ലാത്ത സ്ഥലത്ത്, മഴയുംകുടെ ആകുമ്പോള്‍, ധൈര്യം ഏത് വഴിക്ക് ചോര്‍ന്ന് പോകും എന്ന് ചോദിച്ചാല്‍മതി. അധികം സമയം കളയാണ്ട് എത്രയും പെട്ടെന്ന് വീട് പിടിക്കുകയാകും ഭേദം എന്ന് തോന്നി നീട്ടി വലിച്ച് ഒരു നടപ്പ് അങ്ങ് നടന്നു ഞാന്‍ വീട്ടിലേക്ക്.
നനയാന്‍ ഒരിഞ്ച് സ്ഥലം പോലും ശരീരത്തിലോ, വസ്ത്രത്തിലോ ഇല്ലാത്ത അവസ്ഥയില്‍ ഞാന്‍ വീട്ടില്‍ എത്തി, വസ്ത്രം മാറി, ചൂട് കിട്ടാന്‍ ഒന്ന് രണ്ട് പുതപ്പുകള്‍ക്കുള്ളിലേക്ക് ചുരുണ്ട് കയറി, ഉറങ്ങാന്‍ ശ്രമിക്കുമ്പോള്‍, ഇങ്ങനെ ഒരു പിറന്നാള്‍ ഇനി ഉണ്ടാകരുതേ എന്നൊരു പ്രാര്‍ത്ഥന മാത്രമായിരുന്നു മനസ്സില്‍. ഇത് വരെ ആഘോഷിക്കാതിരുന്ന രീതിയില്‍ ആര്‍ഭാഢമായി, നല്ലവണ്ണം ആസ്വദിച്ച് ചെയ്ത പിറന്നാളാഘോഷം, വീണ്ടും ഓര്‍ക്കാന്‍ ശ്രമിക്കുമ്പോഴും മനസ്സില്‍ വരുന്നുണ്ടായിരുന്നത്, എന്നെക്കൂടാതെ പരിചയമില്ലാത്ത സ്ഥലത്ത് ബന്ധനസ്ഥനായി കിടന്നിരുന്ന എന്റെ ബൈക്കായിരുന്നു. ട്രീറ്റിന് ചിലവായ പത്ത് മൂവായിരം രൂപയെക്കാളും എനിക്ക് കനത്തതായി തോന്നിയത് നാളെ ബൈക്കിന് ഫൈന്‍ കൊടുക്കേണ്ട മുന്നൂറ് രൂപയായിരുന്നു. ഒരു പത്ത് രൂപ പാര്‍ക്കിങ്ങിന് കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നെങ്കില്‍ എന്നോര്‍ക്കുമ്പോള്‍ ...
16 comments:
ശ്ശൊ!ശ്ര്രീജിത്തേ, സാരമില്ല..ബൈക്ക് കിട്ടിയോ എന്നിട്ട്?
ഇങ്ങനെയൊക്കെ പറ്റിയില്ലെങ്കിലല്ലേ ശ്രീജിത്തേ അത്ഭുതം? ചുമ്മാതല്ലല്ലോ ബ്ലോഗിന്റെ പേര് ഇങ്ങനെയിട്ടത്!!! ഹി ഹി ഹി ഹി ഹി
മാഷെ വൈകിയവേളയിലാണെങ്കിലും പിറന്നാള്‍ ആശംസകള്‍.
പിന്നെ പോയ ബൈക്കും, അവസരവും, തിരിച്ചെടുക്കാം.......പച്ചേങ്കില്‍, എന്റെ ഒരു ബര്‍ത്ത്ഡേ ഞാന്‍ ദില്ലി ആര്‍ കെ പുരം ജെയിലില്‍ കൊണ്ടാടിയിട്ടുണ്ട്.......
ഇത് അതിലും ഭേദം ശ്രീജീ......സോ....
എന്‍ ജോയ് യുവര്‍സെല്‍ഫ്
അത് കഷ്ടമായിപ്പോയല്ലോ ശ്രീജിത്തേ,
ബൈക്ക് അപ്രത്യക്ഷമാകുമ്പോഴും പിന്നെ ഓട്ടോ പിടിച്ച് അത് തേടിപ്പോകുമ്പോഴും വല്ലാത്ത ഇറിറ്റേഷനാണ് ഉണ്ടാവുക. നല്ലൊരു പാര്‍ട്ടി പ്ലാന്‍ ചെയ്തതിന്റെ പിന്നാലെയാണെന്കില്‍ പറയുകയും വേണ്ട.
ഏതായാലും സുരക്ഷിതമായി വീട്ടിലെത്തിയല്ലോ. അതു മതി.
കുറുമാനേ, അതെപ്പഴാ ആര്‍ക്കേപുരം ജയിലില്‍ കിടന്നത്. അതൊരു ഒന്നൊന്നര പോസ്റ്റിനുള്ള വകയുണ്ടല്ലോ :) എന്നെയും ഒരു കൂട്ടുകാരനെയും ഒരു പോലീസുകാരന്‍ ചേതക്കില്‍ ചെയ്സ് ചെയ്തിട്ടുണ്ട്. ഡെല്‍ഹിയില്‍ വച്ച്. അതൊരു പോസ്റ്റാക്കണമെന്ന് കരുതിയിരിക്കുമ്പഴാ കുറുമാന്‍ ഭായി ജയിലില്‍ കിടന്ന കാര്യം പറയുന്നത്. ഞാന്‍ എന്റെ പോസ്റ്റ് ക്യാന്‍സലാക്കി :))
ധാബയില്‍ കയറി അല്ലെ? എന്നിട്ട് ഓടി രക്ഷപെട്ടില്ലെ? രണ്ടുമൂന്നു തവണ ഞാന്‍ പരീക്ഷിച്ചിട്ടുണ്ട്... വേണ്ടായിരുന്നു എന്ന് ഓരോ തവണയും തോന്നി... അപ്പുറത്ത് നമ്മുടെ സ്വന്തം ലെമണ്‍ ഗ്രാസ്സും ഗ്രീന്സും ഒക്കെ ഉണ്ടായിരുന്നല്ലോ...
എന്റെ വക ജന്മദിനാശംസകള്‍, എനിക്കും കിട്ടണം ട്രീറ്റ് :-(
അടിച്ചുപൊളിക്കു ശേഷം ഇങ്ങനെ ഒരു തല്ലിപ്പൊളിയും ഒണ്ടായല്ലേ. ബൈക്ക് തിരികെ കിട്ടിയൊ?
പോട്ടേ ശ്രീ,
അങ്ങിനെ മറക്കാനവാത്ത ഒരു പിറന്നാള്‍ കൂടി.
ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. നാട്ടിലേക്കു പോയ ഒരുവന്‍ ബൈക്ക് മടിവാള വച്ചു പോയതാണ്. ഒരു 11 മണിയോടു കൂടി ചെന്ന ഞങ്ങള്‍ കേള്‍ക്കുന്നത് ബൈക്ക് പോലീസ് കൊണ്ടു പോയ വാര്‍ത്തയാണ്. നല്ല മഴയും.
പിന്നെ ആത്മാര്‍ഥ സുഹൃത്തിന്റെ ബൈക്കായതു കൊണ്ട്, നന്നായി പോയി കിടന്നുറങ്ങി പിറ്റേന്ന് സ്റ്റേഷനില്‍ പോയി വാഹനം തിരിച്ചെടുത്തു.
ശ്രീജിത്തേട്ടാ,
ഈ ധാബ എന്ന് പറയുന്നത് നിലത്ത് കരിങ്കല്‍ ചീളുകള്‍ നിരത്തിയിട്ടുള്ള പഞ്ചാബി റെസ്റ്റോറന്റാണോ? മടിവാളയിലേക്ക് പോണ വഴി കോറമംഗലയില്‍? ഞാന്‍ എന്റെ ഒരു പഞ്ചാബി (ഗേള്‍?) ഫ്രന്റിന്റെ കൂടെ അവിടെ പോയിട്ടുണ്ട്. ഭയങ്കര അറവ് തന്നെ! അവിടെ പീനേ കാ പാനി കണ്ടില്ലല്ലോ. ഇനി വേറെ ധാബയാകുമോ.
ഈ ആഡുഗൊഡി പോലീസ് സ്റ്റേഷ്ന്‍ ആളൊഴിഞ്ഞ ഒരു റോഡില്‍ റ്റാറ്റാ ഇന്‍ഡികോം ഓഫീസൊക്കെ കഴിഞ്ഞ് ഒരു കാടിന്റെ ഉള്ളിലല്ലേ? ഈ കോറമംഗല ഏരിയായില്‍ നമ്മുടെ കന്നഡ പോലീസിന്റെ ‘നാഗബന്ധി’ എന്നോ മറ്റോ പേരുള്ള സ്ക്വാഡ് ബൈക്ക് പൊക്കാന്‍ മാത്രമായി നടക്കാറുണ്ടത്രേ! 6 മാസം മുമ്പത്തെ ബാംഗ്ലൂര്‍ ഓര്‍മ്മകളില്‍ നിന്ന്.
എന്തായാലും കുറുമാന്റെ പിറന്നാള്‍ പോലെയായില്ലല്ലോ? ഭാഗ്യം. എന്റെ വളരെ വൈകിയ പിറന്നാള്‍ ആശംസകള്‍ സ്വീകരിച്ചാലും.
ഹ ഹ ഹ...ചിരിക്കുന്നതിന് സോറി ശ്രീജ്യേ..എങ്ങനെ ചിരിക്കാതിരിക്കും :-))
എന്നാലും പോട്ടെ, ബര്‍ത്‌ഡേ നന്നായി ആഘോഷിച്ചല്ലോ, എല്ലാവരും കൂടെ! എവിടെ ഫോട്ടോ? :-)
ബൈക് കിട്ടിയോ?
:O അപ്പോ അന്നുരാത്രി അങ്ങനൊക്കെ സംഭവിച്ചായിരുന്നുല്ലേ??? ഫയങ്കരം!!!
ബില്ലു കണ്ടപ്പോള്‍ പോയ ബോധം തിരിച്ചുകിട്ടിയത് പിറ്റേന്ന് ഉച്ചയ്ക്കാ.
പിന്നെ,
"ഇനിയും കഷ്ടപ്പെടുത്തുന്നത് മര്യാദയല്ലല്ലോ എന്നോര്‍ത്ത് ഞാന്‍ ആ ക്ഷണം സ്നേഹപൂര്‍വ്വം നിരസിച്ചു.
"
ദാ ഇത്... കൊടുങ്ങല്ലൂര്‍ മമ്മിയാണെ (കട: ബിക്കുട്ടി) ഞാന്‍ വിശ്വസിക്കത്തില്ല.
എന്റെ ക്ഷണം സ്വീകരിച്ചാല്‍ വീട്ടിലെത്തിച്ചേരാനുള്ള സാധ്യതകള്‍ ഒറ്റയടിയ്ക്കു 90% കുറയും എന്നോര്‍ത്തല്ലേടാ ദുഷ്ടാ നീ നിരസിച്ചത്??? എന്നാണേലും നീ ചെയ്തതു നന്നായി. വേറെ അത്യഹിതങ്ങള്‍ ഒന്നും നമുക്കു സംഭവിച്ചില്ലല്ലോ :D
......
ദില്‍ബാസുരാ, അതു വേറെ. ചാന്ദ്നി ചൌക് എന്നാണതിന്റെ പേര്. അവിടെ പീനേ കാ പാനി കിട്ടത്തില്ല :( പക്ഷേ ഭക്ഷണം കഴിയുമ്പോ താനേ വെള്ളം കുടിച്ചോളും!
എന്താ ശ്രീജിത്തേയ് വെറും പത്തു രൂപയ്ക്കു വേണ്ടി.. മോശം മോശം...
(പ്ലീസ് ചീത്ത ബ്ലോഗിലിടരുത് മെയില്‍ അയച്ചാല്‍ മതി )
അതാ പണ്ടുള്ളവര്‍ പറയുന്നതു കൊടുക്കേണ്ടിടത്തു കൊടുതില്ലെഗില്‍ 10 ഇരട്ടി പിന്നെ കൊടുക്കേണ്ടി വരും എന്നു.......
(ബ്ലൊഗ് വായിചപ്പോള്‍ തൊന്നിയതു...ഈ മണ്ടതരങ്ങള്‍ ഒക്കെ വായിചാല്‍ ഒന്നും ഇല്ലെങ്ങിലും ബാംഗ്ലൂര്‍ റോഡ് മാപ് പഠിക്കാം
ഓഫ് ലൈന്‍: കുറു ജീ ജയില്‍ പുള്ളി ഓ
U have proved it again Sreejith! hats off!:)
എടാ ആ മഴനൂലന്‍ രാജകീയ വെല്ലുവിളീക്ക് ശേഷം
'ആയിയേ.. ലേ ജായിയേ..'
എന്ന് നീട്ടിപ്പാടിയത് അവിടത്തെ ബെയറര്‍മാരോടാണെന്നാ(അവനെ വഹിക്കാന്‍) ആദ്യം കരുതിയത്. ട്രാഫിക്ക് പോലീസുകാരോടായിരുന്നു എന്ന് ഇപ്പ മനസിലായി.
ആ അര്‍ദ്ധരാത്രിയില്‍..
നീ ഒന്നു വിളിച്ചിരുന്നെങ്കില്‍...
ഒന്ന് നീട്ടി കൂവിയിരുന്നെങ്കില്‍.....
...
ഞാനുണരില്ലായിരുന്നെടാ....!
ഈശ്വരാ...
ഇങ്ങനെയാണ് അടുത്ത മീറ്റെങ്കില്‍ ഞാനില്ല ഞാനില്ല മീറ്റിനു പോരാന്‍...
സാരമില്ല. ബര്‍ത്ത്ഡേ പ്രമാണിച്ച് ദേവാലയസന്ദര്‍ശനം നടത്തിയില്ലെങ്കില്‍ ട്രാഫിക് പോലീസിനു ധനലാഭം, ശ്രീജിത്തിന് മഴലാഭം എന്നിവ പറഞ്ഞിട്ടുണ്ടായിരുന്നു.
uqopewke- എന്തൊരു വേര്‍ഡ് വെരി.
Post a Comment