Thursday, July 20, 2006

എന്നാലും എന്നെയന്ന് വിളിച്ചതാരായിരുന്നു?

അവസാ‍നവര്‍ഷ ബിരുദത്തിനു പഠിക്കുമ്പോഴാണ് എനിക്ക് അപ്പന്റിസൈറ്റിസിന്റെ അസ്കിത മുട്ടുന്നത്. അവന് മൂപ്പെത്തിയെന്നും വിളവെടുക്കാറായെന്നും, അവനെ പെട്ടെന്ന് വെളിയിലേക്കെടുത്തില്ലെങ്കില്‍ എന്നെ പറമ്പിലേക്കെടുക്കേണ്ടി വരുമെന്നും കണ്ണില്‍ ചോരയില്ലാതെ ഡാക്കിട്ടര്‍ പറഞ്ഞപ്പോള്‍ ഇഞ്ചക്ഷന്‍ എന്ന് കേട്ടാള്‍ തന്നെ തലകറങ്ങുന്ന ഞാന്‍ ഗത്യന്തരമില്ലാതെ ഓപ്പറേഷനു സമ്മതിക്കുകയായിരുന്നു.

സുഖപ്രസവമായിരുന്നു എന്റേത്. പക്ഷെ കുടലില്‍ തുള വീണതിനാല്‍ കട്ടിയാഹാരം കഴിക്കാന്‍ എനിക്ക് വിലക്കുണ്ടായിരുന്നു. അതിന്റെ ക്ഷീണവും, വയറില്‍ കുത്തിക്കെട്ടുള്ളതിനാല്‍ നടക്കാനുള്ള ബുദ്ധിമുട്ടും കാരണം തുടര്‍ന്നുള്ള ദിവസങ്ങള്‍ എന്റെ ജിവിതം കട്ടിലില്‍ തന്നെ കഴിച്ച് കൂട്ടേണ്ടി വന്നു. ആയിടയ്ക്കുള്ള ദിവസങ്ങളിലൊന്നിലെ പ്രാഭാതത്തില്‍ എന്റെ കട്ടിലിനരികിലെ ഫോണ്‍ ശബ്ദിച്ചു. ക്ണീം ക്ണീം ...

ഔട്ഗോയിങ്ങ് എല്ലാവരും ഉപയോഗിക്കാരുണ്ടെങ്കിലും ഇന്‍‌കമിങ്ങ് എനിക്ക് മാത്രമായിരുന്നതിനാല്‍ വീട്ടില്‍ ഫോണ്‍ കണക്ഷന്‍ എടുത്ത് അധികകാലമാകുന്നതിനു മുന്നേ തന്നെ ആ ഫോണ്‍ സ്വീകരണമുറിയില്‍ നിന്ന് എടുത്ത് എന്റെ മുറിയില്‍ കൊണ്ട് വച്ചിരുന്നു. കുറച്ച് കാലം ഫോണ്‍ സ്വീകരണമുറിയില്‍ ഉണ്ടായിരുന്ന കാലത്ത് എനിക്ക് സ്വീകരണമുറിയില്‍ നിന്ന് എന്റെ മുറിയിലേക്ക് പോകാന്‍ സമയം കിട്ടുന്നുണ്ടായിരുന്നില്ല എന്ന കാരണത്താല്‍ എന്റെ മാതാപിതാക്കന്മാര്‍ തന്നെ എടുത്ത ഒരു തീരുമാനം ആയിരുന്നു അത്.

ഞാന്‍ ഫോണ്‍ എടുത്തു.

ഹലോ
ഹലോ
ശ്രീജിത്ത് അല്ലേ
അതെ. ആരാണ്?
എന്റെ ശബ്ദം കേട്ടിട്ട് മനസ്സിലായില്ലെ?
ഇല്ലല്ലോ. പിടികിട്ടുന്നില്ല.
എന്നാല്‍ ഞാന്‍ പറഞ്ഞ് നീ അറിയണ്ട.
ഓ, പേരറിയണമെന്ന് എനിക്കും വലിയ നിര്‍ബന്ധം ഒന്നുമില്ല.
പിന്നെ എന്തുണ്ട് വിശേഷം?

ഇത്രയും സംഭാഷണത്തില്‍ നിന്ന്‍ മറുതലയ്ക്കല്‍ ഒരു പെണ്‍കുട്ടി ആണെന്ന് മനസ്സിലായിക്കാണുമല്ലോ. അതിനാല്‍ സംഭാഷണം വീണ്ടും തുടര്‍ന്നു.

വീട്ടില്‍ ഒറ്റയ്ക്കിരുന്ന് ബോറടിച്ചിരിക്കുകയായിരുന്നതിനാല്‍ വര്‍ത്തമാനം പറയാന്‍ ഒരാളെ കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍. എന്റെ ഓപ്പറേഷനെക്കൂറിച്ചും, വരാനിരിക്കുന്ന എന്റെ പരീക്ഷകളെക്കുറിച്ചും, അതിന്റെ തയ്യാറെടുപ്പുകളെക്കുറിച്ചും, പരീക്ഷ കഴിഞ്ഞാല്‍ പിന്നെ എന്ത് എന്നതിനെക്കുറിച്ചും, അങ്ങിനെ അങ്ങിനെ ഞാന്‍ വാതോരാതെ സംസാരിച്ചു. ഇതിനിടയില്‍ ഞാന്‍ ഒരുതവണ പോലും മറുതലയ്ക്കല്‍ ആരാണെന്നു ചോദിക്കുകയോ, ആ ശബ്ദം തിരിച്ചറിയാന്‍ ശ്രമിക്കുകയോ ചെയ്തില്ല.

ഇടയ്ക്കെപ്പോഴോ ക്ലോക്കില്‍ നോക്കിയപ്പോള്‍ ആ ഫോണ്‍ വിളി ഒരുമണിക്കൂറിലേറെ കഴിഞ്ഞിരിക്കുന്നു എന്ന് മനസ്സിലായി. ഇനിയും പേര് ചോദിക്കാതിരിക്കുന്നത് മോശമാണ് എന്ന് തോന്നിത്തുടങ്ങി. ഒരാള്‍ മാത്രം സംസാരിക്കുന്നതില്‍ ഒരു ഔചിത്യക്കുറവ് ഇല്ലേ എന്നും സംശയം.

അപ്പോള്‍ ഇനി പറയൂ.
എന്ത്?
ഒരു മുത്തശ്ശിക്കഥ പറയാ‍നല്ലേ എന്നെ വിളിച്ചത്. അതിനി പറ എന്ന്‍.
അയ്യോ! മുത്തശ്ശി അവിടെ ഉണ്ടോ? എന്നാല്‍ ഞാന്‍ പിന്നെ വിളിക്കാം.
ക്‍ടിന്‍ ...

അവള്‍ ഒരു മുന്നറിയിപ്പും ഇല്ലാതെ ഫോണ്‍ വച്ചു. പേരുംകൂടി മനസ്സിലാക്കാന്‍ പറ്റിയില്ല.

എന്നെ എന്നും വിളിക്കാറുണ്ടായിരുന്ന, അഥവാ ഞാന്‍ സ്ഥിരം വിളിക്കാറുണ്ടായിരുന്ന അര-ഡസന്‍ പെണ്‍കുട്ടികളെങ്കിലും ഉണ്ടായിരുന്നു അന്ന്. അതിലാരുമാവാന്‍ സാധ്യത ഇല്ല. ആ ശബ്ദങ്ങള്‍ എനിക്ക് ചിരപരിചിതം. പിന്നെ ആര് എന്ന ചോദ്യം എന്നെ വലച്ചു. നീ ആണോ എന്ന് ചോദിച്ച് നടക്കാനും കഴിയില്ല. അപ്പൊ നിനക്കെന്റെ ശബ്ദം അറിയില്ലല്ലേ എന്ന് അവര്‍ തിരിച്ച് ചോദിച്ചാല്‍ ഞാന്‍ കുഴയും.

കൌതുകകരമായ വസ്തുത ഇതൊന്നുമല്ല. എന്റെ മുത്തശ്ശിമാര്‍ എന്റെ കൂടെയല്ല താമസമെന്നും, അവര്‍ കണ്ണുരിലാണെന്നും (ഞാന്‍ ബിരുദം പഠിച്ചത് എറണാകുളത്താണ്) എന്റെ സുഹൃത്തുക്കള്‍ക്ക് മുഴുവന്‍ അറിയാം. അപ്പോള്‍ അത് പോലും അറിയാത്ത ഇവള്‍ ആരായിരിക്കും?

ഇനി അവള്‍ക്ക് നം‌മ്പര്‍ തെറ്റിയതായിരിക്കുമോ? മറ്റേതെങ്കിലും ശ്രീജിത്തിനെയാകുമോ അവള്‍ വിളിച്ചത്?

ഇന്നും ഇതൊരു ഉത്തരം കിട്ടാത്ത ചോദ്യമായ് തുടരുന്നു.

എന്നാലും എന്നെയന്ന് വിളിച്ചതാരായിരുന്നു?

19 comments:

  1. മുല്ലപ്പൂ said...

    ഞാനല്ലാത്തതു എന്റെ ഫോണ്‍ ബില്ലിന്റെ ഭാഗ്യം /ഭാഗ്യക്കേടു..???

    :)



  2. കുറുമാന്‍ said...

    അവന് മൂപ്പെത്തിയെന്നും വിളവെടുക്കാറായെന്നും, അവനെ പെട്ടെന്ന് വെളിയിലേക്കെടുത്തില്ലെങ്കില്‍ എന്നെ പറമ്പിലേക്കെടുക്കേണ്ടി വരുമെന്നും - നന്നായി ജിത്തേ........

    എന്നാലും അതാരായിരുന്നെന്നൊറിയാന്‍ ഒരു വഴികണ്ടിരുന്നെങ്കില്‍ അതാരാണെന്നെന്നൊന്നറിയാമായിരുന്നു ഇനി ഇപ്പോള്‍ അതാരാണെന്നറിയാന്‍ വഴിയൊന്നും കണ്ടില്ലെങ്കില്‍, അതാരാണെന്നറിയാതെ, അതാരായിരുന്നാവോന്ന് ചിന്തിച്ച്, കാടുകയറിപോയാലും അതാരായിരുന്നെന്നറിയാന്‍ ഒരു വഴിയും കിട്ടില്ല, അപ്പോ പിന്നെ അതാരാണെന്നറിയാതിരിക്കുന്നതല്ലെ നല്ലതെന്ന് ചോദിച്ചാ, അതേ എന്നും അല്ല എന്നും പറയാം, ആയതിനാല്‍ അതാരാണെന്നറിഞ്ഞില്ലെങ്കിലും, അതാരാണെന്നറിയേണ്ടാന്ന് കരുതി, അതാരാണെന്നറിയാതെ പോട്ടെ.



  3. സു | Su said...

    ഞാനല്ല. :) അവള്‍ ബ്ലോഗ് വായിക്കുന്നുണ്ടെങ്കില്‍ വിളിച്ച കാശു ചോദിക്കും. പറഞ്ഞില്ലാന്നു വേണ്ട.



  4. -B- said...

    ഇപ്പഴും അതോര്‍ത്തോണ്ടിരിക്കുകയാണോ? ഞാന്‍ വിചാരിച്ചു അതൊക്കെ മറന്നു കാണും എന്ന്‌. ഇപ്പൊ മനസ്സിലായോ അതാരായിരുന്നു എന്ന്‌?

    വേര്‍ഡ് വെരി: ghostm :)



  5. സു | Su said...

    ചതിച്ചു. തൃപ്രയാറില്‍ നിന്ന് എറണാകുളത്തേക്ക് ഫോണ്‍ ചെയ്താല്‍ കാശെത്രയാകും എന്ന് അറിയാമോ? ഇനി കൊടുത്തോ. വേറെ വഴിയില്ല ;)

    (ഓ.ടോ) ഞാന്‍ തൃപ്രയാറില്‍ പോയി. ശ്രീരാമനെ സന്ദര്‍ശിച്ചു)



  6. myexperimentsandme said...

    ഇങ്ങിനത്തെ കോമ്പ്ലിക്കേറ്റഡ് പ്രശ്നങ്ങളൊക്കെ കുതിരവട്ടം പപ്പു സോള്‍വ് ചെയ്യുമെന്നാണ് തോന്നുന്നത്. “താനാരാണെന്ന് തനിക്കറിയാന്‍‌വയ്യെങ്കില്‍....“

    അല്ലെങ്കില്‍ ജഗതി ഒരൊറ്റ ചോദ്യം കൊണ്ട് സംഗതിക്ക് തീര്‍പ്പുണ്ടാക്കും..

    ഹല്ല, അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ, താനാരുവാ



  7. bodhappayi said...

    ചുള്ളാ അതു കൊള്ളാം... നിനക്കു ബൂലോകത്തില്‍ മാത്രമല്ല പുറത്തും ആരാധകര്‍ ഒണ്ട്‌ അല്ലേ... :)



  8. സഞ്ചാരി said...

    ഇതു ചിലവരു(ളു)ടെ അസുഖങ്ങളാണ* അതു വിട്ടുകള ശ്രീ..
    വിളവെടുക്കുന്നതിന്നു മുന്‍ബെ അവനെ പുറത്തെടുത്തില്ലെ അതു മതി.



  9. Durga said...

    മൂന്നാമത്തെ വരി വായിച്ച് ഞാന്‍ ഒന്നു ഞെട്ടി!



  10. Ajith Krishnanunni said...

    പാവം ഒറിജിനല്‍ ശ്രീജിത്ത്‌...



  11. അരവിന്ദ് :: aravind said...

    അതേ ശ്രീജ്യേ..അത് ആ “അപ്പന്റിക്സി“ ആകാനാണ് സാധ്യത..
    അതു വരെ അകത്തായിരുന്നതോണ്ട് മുത്തശ്ശി എവട്യാന്ന് പാവം എങ്ങനെയറിയും?
    ആശൂപത്രീടെ അടുത്തുള്ള എസ്.റ്റി.ഡി ബൂത്തീന്നാരിക്കും ഫോണ്‍ ചെയ്തത്.. :-)

    (ഞാന്‍ ഉച്ചക്കൊന്നും കഴിച്ചില്ല-അതാ :-) )



  12. സ്വാര്‍ത്ഥന്‍ said...

    നിനക്കറിയില്ല്യാല്ലേ??? അമ്പടാ!!!



  13. NYC TAXI SHOTS said...

    /



  14. Santhosh said...

    ഓപ്പറേഷന്‍ നടന്ന ആശുപത്രിയിലെ നഴ്സ് ആവാനാണ് സാധ്യത. ആശുപത്രിയിലായിരുന്നപ്പോള്‍ത്തന്നെ അവള്‍ക്കു മനസ്സിലായി, ശ്രീജിത്ത് അവളോട് ഒന്നും മറച്ചുവയ്ക്കില്ല എന്ന്...



  15. Anonymous said...

    ഹഹഹഹഹ..എനിക്ക് വയ്യ..ഹഹഹഹ..
    സന്തോഷേട്ടന്റെ കമന്റ് ഒരു 916 കമന്റ് തന്നെ



  16. വര്‍ണ്ണമേഘങ്ങള്‍ said...

    ദാ താഴെപ്പറയുന്ന പേരുകളും പിന്നെ അവരുടെ ഡേറ്റ്‌ ആഫ്‌ ബര്‍ത്തും(നിനക്കറിയാമെങ്കില്‍) കൂടി ഗൂഗ്ലി നോക്ക്‌..
    1. ചാള മേരി
    2. ഒണക്കയല ഓമന
    3. പച്ചകുത്തി പപ്പിനി
    4. പാതാളം വത്സമ്മ
    5. എട്ടെണ എല്‍സി
    .
    .
    എന്നിട്ടും പറ്റുന്നില്ലേല്‍ ഇവരുടെയെല്ലാം ഫാണുകള്‍ ടാപ്പുകള്‌ ചെയ്യെടൈ..!



  17. തണുപ്പന്‍ said...

    എന്നാ ഇനി ഞാനാ രഹസ്യം പറയാം..

    “അത് ഞമ്മാളാ...ഒച്ചയൊക്കെ മാറ്റി, അന്നെപ്പറ്റിക്കാന്‍ “



  18. Unknown said...

    ഇനി ഫോണ്‍ ഇന്‍ പരിപാടി ചേച്ചിമാരാരെങ്കിലും ആള് മാറി വിളിച്ചതാവുമോ? പക്ഷേ ഡെഡിക്കേഷന്‍ പോയിട്ട് മെഡിക്കേഷനെ പറ്റി പോലും ചോദിച്ച് കേട്ടില്ലല്ലോ.

    പര്‍ ബീച് മേം യേ മുത്തശ്ശി കൈസേ ആഗയാ?
    ഈ മുത്തശ്ശി എങ്ങനെ ബീച്ചില്‍ വന്നു എന്ന്.



  19. അഷ്റഫ് said...

    സ്രീജിത്ത് ഞാന്‍ മുന്മ്പൊരു തവണ ശല്ല്യം ചെയ്തിരുന്നു എന്റെ ബ്ലോഗ് രോളിലുള്‍പ്പെടുത്തണമെന്ന് പറഞ്ഞ് ശ്രദ്ധയില്‍ പെട്ടൊ ആവൊ...?
    http://ormayilennum.blogspot.com