പുതിയ കമ്പ്യൂട്ടര്‍, വീണ്ടും മണ്ടത്തരം
പുതിയ കമ്പ്യൂട്ടര്‍, പുതിയ മണ്ടത്തരം നിര്‍ത്തിയിടത്ത് നിന്ന് ഈ കഥ തുടങ്ങുന്നു.
ഫ്ലാഷ് ബാക്ക്: പുതിയൊരു കമ്പ്യൂട്ടര്‍ (ഗണനഗുണനത്വരിതയന്ത്രം) വാങ്ങിയത്, സ്ക്രൂ മാനിയ എന്ന് രോഗത്തിന്റെ പിടിയിലകപ്പെട്ട ഞാന്‍ അഴിച്ചുപണിത് കഠിനവളയത്തിന്റെ (ഹാര്‍ഡ് ഡിസ്ക്) മുനമ്പ് (പിന്) ഒടിച്ച് നിര്‍ജ്ജീവമാക്കി. ഞാനായിട്ടൊടിച്ച പിന്, കമ്പ്യൂട്ടര്‍ കടയിലുള്ളവര്‍ ജന്മനാ ഒടിഞ്ഞതാണെന്ന് തെറ്റിദ്ധരിച്ചതിനാല്‍ പുതിയതൊരെണ്ണം വാങ്ങേണ്ട ആപത്തില്‍ നിന്ന് തല്ക്കാലം രക്ഷപെട്ടു . പുതുമണം മാറാത്ത പുത്തനൊരു ഹാര്ഡ്ഡിസ്ക് അവര്‍ വച്ചു തന്നതോട് കൂടി ആ ക്യാബിനറ്റുമായി (പുറംചട്ട), അവര്‍ക്ക് ബോധം തിരിച്ചു കിട്ടുന്നതിനുമുന്പ് ഞാന്‍ വീട്ടിലേക്കോടി.
വീട്ടില്‍ തിരിച്ചെത്തി, എനിക്ക് പറ്റിയ മണ്ടത്തരവും അതിനേക്കാള്‍ വലിയ മണ്ടത്തരമായ ആ കമ്പ്യൂട്ടര്‍ കടയിലുള്ളവരുടെ അനുമാനവും ഓര്‍ത്ത് ഞാനും എന്റെ സഹമുറിയനും കുറേ ചിരിച്ചു. കാശ് കുറേ രക്ഷപ്പെട്ടതിന്റെ സന്തോഷം അടങ്ങാന്‍ തന്നെ കുറേ നേരം എടുത്തു. “ഇനിയും സ്ക്രൂ ഊരി കുഴപ്പമാക്കിയാല്‍ ഞാന്‍ വരില്ല നിന്റെ കൂടെ ഇനിയും കടയിലേക്ക്” എന്ന എന്റെ സഹമുറിയന്റെ ഭീഷണിപോലും എന്റെ രസം കെടുത്തിയില്ല. ആശ്വാസം കൊണ്ടും നടുക്കം മൂലവും ഉണ്ടായ ചെറുവിറയല്‍ മാറിയതിനു ശേഷം മാത്രമേ ഞാന്‍ അടിത്തറ മാറിയ പുതിയ കേന്ദ്ര പ്രവര്‍ത്തന ഘടകം (സി.പി.യൂ ) ഓണാക്കിയുള്ളൂ.
വീണ്ടും പഴയ പ്രക്രിയ തന്നെ ആവര്‍ത്തിച്ചു. ഉണര്‍ത്ത് ഒതുക്കവളയം(ബൂട്ടബിള്‍ സി.ഡി) ഇട്ട് ഹാര്‍ഡ് ഡിസ്കിന്റെ ഘടന ശരിയാക്കി(ഫോര്‍മാറ്റ് ചെയ്ത്), അഞ്ച് കഷ്ണമാക്കി വിജജിച്ച് (പാര്ട്ടീഷന്) അതില്‍ ജനാല (വിന്‍ഡോസ്) പിടിപ്പിച്ചു. ഒരുറപ്പിന് വേണ്ടി രണ്ട്-മൂന്ന് തവണ പുനരാരംഭിച്ചും (റീസ്റ്റാര്‍ട്ട്) നോക്കി. ഒരു കുഴപ്പവുമില്ല. ഈ ഹാര്‍ഡ് ഡിസ്ക് ഇനി പ്രശ്നമുണ്ടാക്കില്ല എന്നുറപ്പ്. അല്ലേലും നേരത്തേ പ്രശ്നമുണ്ടാക്കിയത് ഹാര്‍ഡ് ഡിസ്ക് അല്ലല്ലോ, ഞാനല്ലേ. ആ അപകടം ഇപ്പോഴും നില നില്ക്കുന്നു, പക്ഷെ അത് കൊണ്ട് കുഴപ്പമില്ല, ഞാന്‍ കുഴപ്പമുണ്ടാക്കാതിരിക്കാന്‍ ഞാന്‍ തന്നെ നോക്കിയാല്‍ പോരേ!
പാര്‍ട്ടീഷനുകള്‍ അഞ്ചെണ്ണം നിരന്ന് നില്‍ക്കുന്നത് കാണാന്‍ നല്ല ഭംഗി ആയിരുന്നു. കുറേ വര്‍ഷങ്ങളായി അധികം ഇടമില്ലാത്ത (കപ്പാസിറ്റി) ഒരു ഹാര്‍ഡ് ഡിസ്കാണ് ഉപയോഗിച്ചുകൊണ്ടിരുന്നത് എന്നത് കൊണ്ട് ഇത്രയധികം പാര്‍ട്ടിഷനുകള്‍ അതില്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലായിരുന്നു. പാര്‍ട്ടീഷനുകളില്‍ മാറി മാറി മൌസ് കൊണ്ട് കുത്തിയും പിന്നെ ശരമാര്ഗ്ഗദര്ശ്ശനം (ആരോ കീ) കൊണ്ട് ഓടി ഓടി കളിച്ചും സമയം കളഞ്ഞ് കൊണ്ടിരിക്കുന്നതിനിടയ്ക്കാണ് എന്തോ ഒരു ഏനക്കേട് ഉള്ളതായി മനസ്സില്‍ കത്തിയത്.
പാര്‍ട്ടീഷനുകളുടെ വലിപ്പം എല്ലാത്തിന്റേയും കൂട്ടി നോക്കിയിട്ടും വേണ്ടത്ര ഒക്കുന്നില്ല. ഞാന്‍ വാങ്ങിയത് നൂറ്റിഅറുപതിന്റെ ഡിസ്ക് ആണെങ്കിലും പാര്‍ട്ടീഷനുകളുടെ വലിപ്പം കൂട്ടി നോക്കിയിട്ട് നൂറ്റിമുപ്പതേ കിട്ടുന്നുള്ളൂ. കണക്ക് കൂട്ടാനുള്ള എന്റെ മനസ്സിന്റെ അസാമാന്യ സാമര്‍ത്ഥ്യം കാരണം ഞാന്‍ കമ്പ്യൂട്ടറിലെ കാല്‍ക്കുലേറ്ററിലും പിന്നീട് ഒരു കടലാസില്‍ എഴുതിയും കൂട്ടി നോക്കി. പോരാണ്ട് എന്റെ സഹമുറിയനെക്കൊണ്ടും കൂട്ടി നോക്കിപ്പിച്ചു. ഓരോ തവണയും ഒന്ന് രണ്ട് ജി.ബി അങ്ങോട്ടോ ഇങ്ങോട്ടോ മാറുന്നുണ്ടെന്ന് കണ്ടെങ്കിലും നൂറ്റിമുപ്പത് എന്നതിന് അടുത്ത് തന്നെ കിടന്നു ഓരോ ഉത്തരവും. ഈ മുപ്പത് ജി.ബി കാണാതായതിന് യാതൊരു ന്യായീകരണവും കണ്ടെത്താനായില്ല.
പുതിയ ഹാര്‍ഡ് ഡിസ്ക് വെറുതേ തന്നതിന് വിലയായി മുപ്പത് ജി.ബി അവരെടുത്തോ? അതോ ഇനി വേറെ ആരെങ്കിലും ഇത് പോലെ കേടായ ഒരു ഹാര്‍ഡ് ഡിസ്ക് അവിടെ കൊടുത്തിരുന്നതാണോ എനിക്ക് തന്നത്? മാനുഫാക്ചറിങ്ങ് ഡിഫക്റ്റ് എന്ന് നേരത്തേ ഉണ്ടായിരുന്ന ഹാര്‍ഡ് ഡിസ്കിനെ പറഞ്ഞത് അറം പറ്റി പുതിയതിന് അങ്ങിനെ ഒരു അസ്കിത വന്നതാണോ? അതോ മുപ്പത് ജി.ബി-യുടേയോ മറ്റോ പിന് ഈ ഹാര്‍ഡ് ഡിസ്കില്‍ ഒടിഞ്ഞോ വീണ്ടും? ഈശ്വരാ, ഒരായിരം ചോദ്യങ്ങള്‍ ഇത് പോലെ മനസ്സില്‍ പൂ വിടര്‍ത്തി. ഉത്തരങ്ങള്‍ക്കായി “ശ്രീജിത്തിന്റെ കമ്പ്യൂട്ടര്‍ സംശയങ്ങള്‍” എന്ന ബ്ലോഗ് തുടങ്ങി അവിടെ ഈ ചോദ്യങ്ങള്‍ പോസ്റ്റ് ഇട്ടാലോ എന്ന് വരെ ഞാന്‍ ആലോചിച്ചു.
വാങ്ങിയ ഇടത്ത് തന്നെ വിളിച്ച് ചോദിക്കുക തന്നെ ഒരേ ഒരു വഴി. വിളിച്ച് നോക്കി, ആരും എടുക്കുന്നില്ല, ദൈവമേ എന്നേം പറ്റിച്ച് അവര്‍ മുങ്ങിയോ? “സമയം നോക്കേടാ, പത്ത് മണിയാകാറായി” എന്ന് സഹമുറിയന് പറഞ്ഞത് കാരണം ഒരു പൊട്ടിക്കരച്ചില്‍ അവിടെ ഒഴിവായി.
പിറ്റേന്ന് ഞായറാഴ്ച ആയതിനാല്‍ അന്നും അവരുമായി ആശയസംവാദം നടത്താന്‍ കഴിഞ്ഞില്ല.
തിങ്കളാഴ്ചയാണ് ഞാന്‍ പിന്നീട് അവരെ വിളിക്കുന്നത്. “നൂറ്റി അറുപതില്‍ ഒരു മുപ്പത് കുറവുണ്ടല്ലോ, അതെവിടെ?” എന്ന് ചോദിച്ചപ്പോള്‍ ഇങ്ങോട്ട് കൊണ്ടുവന്നാല്‍ നോക്കാം എന്നാണ് അവര്‍ മറുപടി പറഞ്ഞത്. അവരുടെ കട തുറന്നിരിക്കുന്ന സമയവും എന്റെ ഓഫീസ് തുറന്നിരിക്കുന്ന സമയവും ഒന്നായതിനാല്‍ എനിക്ക് ജോലി ദിവസങ്ങളിലൊന്നും വീണ്ടും അങ്ങോട്ട് ട്രിപ്പ് അടിക്കാന്‍ സാധിക്കുമായിരുന്നില്ല. വേറെ ആരുടെ കൈവശവും അത് കൊടുത്ത് വിടാന്‍ ധൈര്യവും ഉണ്ടായിരുന്നില്ല. ഈ ബാച്ചിലേര്‍സിന്റെ ഓരോരോ പ്രോബ്ലംസേ.
ആ ആഴ്ചയില്‍ തന്നെ ബാംഗ്ലൂരില്‍ മഴക്കാലവും തുടങ്ങി. മഴക്കാലമെന്നാല്‍ എന്റെ ബൈക്കിന് അത് നീരുകാലമാണ്. വിശ്രമം വേണം അപ്പോള്‍. ബ്രേക്കില്‍ വെള്ളം കേറി ചവുട്ടുന്നിടത്ത് നില്‍ക്കാതാവും, പെട്രോള്‍ ടാങ്കില്‍ വെള്ളം കേറി പൊട്ടലും ചീറ്റലും തുടങ്ങും, അത് പോലെ മറ്റ് ചില പ്രശ്നങ്ങളും. അങ്ങിനെ ശനിയാഴ്ചയ്ക്ക് മുന്‍പ് ബൈക്ക് വീണ്ടും കട്ടപ്പുറത്തായി.
ശനിയാഴ്ച രാവിലെ തന്നെ എഴുന്നേറ്റ് പല്ല് തേച്ച്, കുളിച്ച്, ഊണ് കഴിച്ച്, ബാക്കി ഉണ്ടായിരുന്ന ഉറക്കം കൂടി തീര്‍ത്ത്, വസ്ത്രം മാറിയപ്പോഴേക്കും വൈകുന്നേരമായി. ഇനി കുളിക്കാനും പൌഡര്‍ ഇടാനും ഒക്കെ നിന്നാല്‍ രാത്രിയായി കട അടയ്ക്കും എന്നറിയാവുന്നത് കൊണ്ട് അതിന് നില്‍ക്കാതെ ഞാന്‍ വീണ്ടും ക്യാബിനറ്റുമായി ഇറങ്ങി പഴയ വഴിയിലേക്ക്. എന്റെ സഹമുറിയന് അപ്പോള്‍ ഏതോ ഒരു പുസ്തകവും പിടിച്ച് ഇരിക്കുന്നുണ്ടായിരുന്നു. പഠിക്കുന്നവരെ ഉണര്‍ത്താം, പഠിത്തം നടിക്കുന്നവരെ ഉണര്‍ത്താന്‍ പറ്റില്ലല്ലോ എന്നോര്‍ത്ത് അവനെ വിളിച്ചില്ല. ഒരു ഓട്ടോ പിടിച്ച് പോയി വീണ്ടും ഞാന്‍ ആ കടയുടെ പടി ഞാന്‍ ചവുട്ടി.
ക്യാബിനറ്റ് അവിടെ കൊണ്ട് വച്ച് എനിക്കിപ്പോള്‍ കിട്ടണം എന്റെ മുപ്പത് ജി.ബി എന്ന് പറഞ്ഞു. അപ്പോള്‍ കടയിലെ അദ്ദേഹം പറഞ്ഞ മറുപടി അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചു. വെള്ളാനകളുടെ നാട് എന്ന സിനിമയില്‍ പപ്പു പറഞ്ഞത് പോലെ “അ അ അ അ ആ, അപ്പോള്‍ അതാണല്ലേ പ്രശ്നം, അതിപ്പൊ ശരിയാക്കിത്തരാം” എന്ന മട്ടില്‍ പുള്ളി എന്നോട് ഇങ്ങനെയാണ് പറഞ്ഞത് “അത് ജനലുകള്‍ സേവനപ്പൊതി രണ്ട് (വിന്‍ഡോസ് സെര്വ്വീസ് പായ്ക്ക്-2) ഇട്ടാല്‍ മതി, ശരിയായിക്കോളും. ഇതിനാണോ ഈ ക്യാബിനറ്റും ചുമന്ന് കൊണ്ട് വന്നത്?”.
ഞാന്‍ ചമ്മിയില്ല. സത്യമായിട്ടും ഞാന്‍ ചമ്മിയില്ല. ഞാന്‍ ക്യാബിനറ്റും താങ്ങിപ്പിടിച്ച് തിരിച്ച് നടക്കുമ്പോള്‍ അയാള്‍ മറ്റുള്ളവരോട് “ഈ പൊട്ടന് ആ ഹാര്‍ഡ് ഡിസ്ക് മാത്രം ഊരി കൊണ്ട് വന്നാല്‍ പോരേ, ക്യാബിനെറ്റ് മുഴുവനും കൊണ്ട് വരണമായിരുന്നോ” എന്ന് കന്നഡയില്‍ ചോദിക്കുന്നത് (ഇംഗ്ലീഷിന്റെ അധികപ്രസരം കാരണം ആശയം മനസ്സിലായി) കേട്ടപ്പോഴും ഞാന്‍ ചമ്മിയില്ല. അമ്മച്ചിയാണെ, ഞാന്‍ ചമ്മിയില്ല.
എന്നാലും അവര്‍ വേന്ദ്രന്മാര് തന്നെ കേട്ടോ. പറഞ്ഞപോലെ സെര്‍വീസ് പായ്ക്ക് 2 ഇട്ടപ്പോള്‍ ആ മുപ്പത് ജി.ബി. എവിടുന്നോ പുറത്ത് വന്നു. അവനെ കയ്യോടെ പിടിച്ച് ഞാന്‍ പുതിയ ഒരു പാര്ട്ടീഷനുമാക്കി. ആ പാര്ട്ടീഷന് ഞാന്‍ മണ്ടത്തരങ്ങള്‍ എന്ന പേരിട്ടാലോ എന്നാലോചിക്കുന്നു ഇപ്പോള്‍. ഒരു മണ്ടത്തരം ഞാന്‍ ആദ്യം കാണിക്കുകയും പിന്നെ അതിനെത്തുടര്‍ന്ന് ഒരു ലോഡ് മണ്ടത്തരങ്ങള്‍ ഞാനും കമ്പ്യൂട്ടര്‍ കടയിലുള്ളവരും ചേര്‍ന്ന് ഒപ്പിക്കുകയും ചെയ്തതിന്റെ ഒരു ഓര്‍മ്മയ്ക്ക്. പഴയതും പുതിയതും ആയ എല്ലാ മണ്ടത്തരങ്ങളും ഇനി എഴുതി ശേഖരിച്ച് വയ്ക്കാനും ആ പാര്ട്ടീഷന് ഉപയോഗിക്കാമല്ലോ. സ്ഥലമുണ്ടാകുമോ എന്തോ!
18 comments:
Dear Sreeji,
I am also from my new computer, in which I didn't even get time to install "Varamozhi", or Keyman! But I still feel happy to crack the cocunut for this post, just to request you that please dont include the word "Mandatharam" in all your future postings. In light of our past experiances with you we will fill the blank when ever we see your new postings. Kunchen (Nambiar) of the Malayalam blogs, Mr. Aravindan onece told that "Where there is an 'Uzhunnuvata', there is a hole too"! In the same way, we can say that "where there is a Sreejith, there is a mandatharam too!" So Save the space!
ശ്രീജിത്തേ ഈ കമ്പ്യൂട്ടര്‍ മണ്ടത്തരങ്ങള്‍ കാണ്ഡം കാണ്ഡമായി വരട്ടേ...
ശനിയാഴ്ച രാവിലെ തന്നെ എഴുന്നേറ്റ് പല്ല് തേച്ച്, കുളിച്ച്, ഊണ് കഴിച്ച്, ബാക്കി ഉണ്ടായിരുന്ന ഉറക്കം കൂടി തീര്‍ത്ത്, വസ്ത്രം മാറിയപ്പോഴേക്കും വൈകുന്നേരമായി. ഇനി കുളിക്കാനും പൌഡര്‍ ഇടാനും ഒക്കെ നിന്നാല്‍ രാത്രിയായി കട അടയ്ക്കും എന്നറിയാവുന്നത് കൊണ്ട് അതിന് നില്‍ക്കാതെ ഞാന്‍ വീണ്ടും ക്യാബിനറ്റുമായി ഇറങ്ങി പഴയ വഴിയിലേക്ക്
കൂട്ടത്തില്‍ ആ കുമാരേട്ടന്റെ കൊഴിമുട്ട ചിത്രത്തിന്റെ കളറുള്ള പല്ലുകള്‍ ഇടയ്ക്കെങ്കിലും ഒന്ന് തേച്ചാല്‍ നന്നയിരിക്കും.
ഓ.ടോ : ശ്രീ ഈ മണ്ടത്തരവും അസ്സലായി.
കടക്കാരന്: എന്താ വീണ്ടും കമ്പ്യൂട്ടറും താങ്ങി?
ശ്രീജിത്ത്: ഒരു മുപ്പതിന്റെ കുറവുണ്ട്.
കടകാരന്: അത്രേം കുറവുണ്ടല്ലേ.. ഞാനാദ്യം കരുതീത് പത്തിന്റെ കുറവേ ഉള്ളൂന്നാ...
ശ്രീജിത്തിനെ മിക്കവാറും ബില്‍ഗേറ്റ്സ് പൊക്കികൊണ്ടുപോവാനുള്ള ലക്ഷണമുണ്ട്. മൂപ്പര് ഒരു അഴിച്ചുപണിക്കാരനെ (സ്ക്രൂ സഹിതം) തപ്പിനടക്കുകയാ.. ഈ ബ്ലോഗ് പുള്ളി കണ്ടാല്‍ മോനേ രക്ഷപ്പെട്ടു.
ആ കമ്പ്യൂട്ടര്‍ ഇപ്പോഴും ജീവനോടെ ഉണ്ടോ കൂട്ടുകാരാ.....???
ന്റെ സ്രീജീ
ഇന്നു വെരുതെ തന്റെ കൊമ്പുറ്റെര്ന്റെ ഫൊട്ടൊ നൊക്കിയദാ എന്റെം നിന്റെം arrengement അടക്കം ഇരട്ട പെറ്റ പൊലെ. ന്റെ ചങാതിമാര്ക്കു അന്റെ കത മൈല്‍ ചെയ്യാര്‍ ഉന്ട്. നിന്റെ ഫാന്‍സ് അയി
from kozhikode
ശ്രീജിത്തെ ആ കമ്പ്യൂട്ടറിന് ഒരു ശത്രു സംഹാര പൂജയും, നിനക്ക് ഒരു ഭാഗ്യസൂക്ത പുഷ്പാഞലിയും ചെയ്യുന്നത് നന്നായിരിക്കും!
ഇതിനെ മണ്ടത്തരമെന്നു വിളിയ്ക്കാമോ?ഇതൊക്കെ സാധാരണ എല്ലാവര്ക്കും സംഭവിയ്ക്കുന്നതല്ലെ(ഏത്??...അല്ല അതു പിന്നെ...).കുഴഞ്ഞോ അധിക നേരം ഇവിടെ നിന്നാല്‍ എനിയ്ക്കും ഇതൊക്കെ പറ്റിയിട്ടുണ്ടെന്നു നിങ്ങള്‍ക്ക് തോന്നും..ഏയ് ചുമ്മാ...
ഹഹ , നല്ല ഉപമ
അയ്യോ പച്ചാളമേ, ഭാഗ്യസൂക്ത പുഷ്പാഞ്ജലി കുട്ടികളുണ്ടാകാന്‍ വേണ്ടി കഴിപ്പിക്കുന്നതല്ലേ?
ശ്രീജിത്തേ, service pack 2 ഇട്ടാല്‍ 30 ജിബി തിരികെക്കിട്ടുന്ന പരിപാടി മനസ്സിലാവുന്നില്ല. technet ഉം MSDN നും അരിച്ചു പെറുക്കിയിട്ടും മനസ്സിലാവുന്നില്ല.
പിന്നെ ശ്രീജിത്തെ, room mate ന് സഹമുറിയന് എന്ന വിശേഷണം അത്ര ശരിയല്ല. സൌദിയില്‍ വെച്ച് സ്നേഹം കൂടി ഒരു സദസ്സില്‍ വെച്ച് ഒരുത്തനെ വിളിച്ചപ്പൊള്‍ കിട്ടിയ വീക്കും വാക്കും ഇന്നും നല്ല ഓര്‍മ്മയുണ്ട്.
സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട..
കുട്ടന് മേനോന് ചേട്ടാ ദാ ഇതില്‍ എന്തൊക്കെയോ പറയുന്നൂ
(ശ്രീ ഓ.ടോ യ്ക്ക് മാപ്പ്.)
പച്ചാളമേ, നിനക്ക് മാപ്പില്ല. നിനക്ക് നന്ദി മാത്രം. ഈ സാധനം ഞാനും നെറ്റില്‍ തപ്പി കിട്ടാതെ മണ്ടയ്ക്ക് കൈ കൊടുത്ത് നില്‍ക്കുവായിരുന്നു. നന്ദി.
കൂട്ടരേ, ഇതേ മണ്ടത്തരം ഇനി ആരും ഒപ്പിക്കാതിരിക്കാനാണ് സെര്‍വീസ് പായ്ക്ക് 2 ഇട്ടാല്‍ ഒളിഞ്ഞ് കിടക്കുന്ന ഹാര്‍ഡ് ഡിസ്ക് സ്ഥലങ്ങളുടെ മുഴുവന്‍ പട്ടയം പുറത്ത് വരും എന്ന വിവരം വിളിച്ച് പറഞ്ഞത്. വന്ന് വന്ന് ഈ ബ്ലോഗ് ഒരു ടെക്നിക്കല്‍ ബ്ലോഗാകുമോ എന്റെ കമന്റ് പുണ്യാളാ.
thanks pachalam. I never used win xp home edition. And the link have given me was really helpful.
ശ്രീജിത്തേ,
കുറുന്തോട്ടിക്കും വാതം പിടിച്ചോ? ദേണ്ടേ അബൌട് മീ ഭാഗം അങ്ങു താഴെ പോയി കിടക്കുന്നു ഈ ബ്ലോഗില്‍!
എന്തായാലും 130 ജി ബീ ലിമിറ്റ് ഇപ്പോഴാണ് മനസ്സിലായത്, കുട്ടമ്മേന്നൊന്റെ സംശയം എനിക്കും തോന്നിയിരുന്നു. നന്ദി.
പാച്ചാളം പ്രത്യേക നന്ദി!
Srijitheey! orkut oru message kannil oil pour cheythu wait cheythu irikkunnu!!
ശ്രീജിത്തേയ്,
എന്നെ പരിചയമില്ലല്ലൊ അല്ലെ!
ഞാന്‍ ഒരു സ്തിരം വായനക്കാരിയും പുതിയ commender ഉം ആണ്.
ഇതിന്റെ മുന്നത്തേ പൊസ്റ്റിന്റെ പേരും ഇതിന്റെ പേരും ഒരേ പോലിരിക്കുന്നു കേട്ടോ. അതു കൊണ്ട് ഇത്ര കാലം ഇതിനെ ഞാന്‍ ശ്രദ്ധീച്ചില്യ.
ഹൂ എന്റെ അമ്മേ ഇത്ര എഴുതിയപ്പൊത്തിനും ഞാന്‍ ക്ഷീണിച്ചൂട്ടോ.മലയാളം എഴുത്ത് വല്യ ബുദ്ധിമുട്ടാണേ......
പോസ്റ്റ് നന്നായിണ്ട്. നിങ്ങളെ കംപ്യൂട്ടറ് നന്നായി work ചെയ്യുന്നൂന്നു കരുതുന്നു.
Post a Comment