Wednesday, September 27, 2006

പുതിയ കമ്പ്യൂട്ടര്‍, പുതിയ മണ്ടത്തരം

അങ്ങിനെ ഞാന്‍ ഒരു കമ്പ്യൂട്ടര്‍ വാങ്ങി.

ഒരോ ഭാഗങ്ങളുടേയും (കോമ്പണന്റ്സ്) ആദ്യം ഉള്ള കവര്‍പൊട്ടിച്ച്, ചൂടാറാതെ എന്റെ മുന്നില്‍ വച്ച് തന്നെയാണ് അവര്‍ എനിക്ക് കമ്പ്യൂട്ടര്‍ സംയോജിപ്പിച്ചു തന്നത്. എന്നിട്ട്, കള്ളക്കടത്ത് സാധനം കൈമാറുന്നതുപോലെ ആ കമ്പ്യൂട്ടര്‍ എന്റെ കയ്യില്‍ തന്ന് ആരെങ്കിലും കാണുന്നതിനു മുന്നേ വേഗം പൊയ്ക്കോ എന്നും പറഞ്ഞ് എന്നെ കടയില്‍ നിന്ന് ഓടിച്ചും വിട്ടു. നോക്കണേ പൂരം.

കമ്പ്യൂട്ടറിന്റെ അസംസ്കൃത സാധനങ്ങളെല്ലാം വീട്ടില്‍ ഒരു ഓട്ടോയില്‍ കൊണ്ട് വന്ന്‍, “കാശ് കൊടുത്തതും പോര, ചുമക്കുകയും വേണം” എന്ന ദുരിതം ഓര്‍ത്ത് സ്വന്തം സമയത്തെ തെറി വിളിച്ച് കൊണ്ട്, അവനവന്റെ തലവര മായാതെ ശ്രദ്ധിച്ച് തലയില്‍ എല്ലാം ചുമന്ന് കൊണ്ടുവന്ന്, സമ്മാനപ്പൊതി തുറക്കുന്ന ആക്രാന്തത്തോടെ എല്ലാ കവറും പൊളിച്ച്, കമ്പ്യൂട്ടര്‍ അസ്തികൂടത്തിന്റെ ഭാഗമായ എല്ലാ സാമഗ്രികളും പുറത്തെടുത്ത്, അവര്‍ തന്നെ‍ ഒരു പായ്ക്കറ്റില്‍ തന്ന് വിട്ട വയറുകള്‍ തലങ്ങും വിലങ്ങും ഔചിത്യമനുസരിച്ച് കുത്തി, സിസ്റ്റം ഞാന്‍ ഓണാക്കി.

“ഹാര്‍ഡിസ്ക് കാണാനില്ലല്ലോ, നീ ഇതിന്റെ അകത്ത് തന്നെയല്ലേ അത് വച്ചത്, ഒന്നൂടെ ഒന്നോര്‍ത്ത് നോക്കിക്കേ” എന്ന കന്നി‌എറര്‍ എന്റെ പുത്തന്‍ മോണിട്ടറില്‍ തെളിഞ്ഞു.

ഞെട്ടി. പക്ഷെ പതറിയില്ല. ഇത് ഞാന്‍ എത്ര കണ്ടിരിക്കുന്നു.

കയ്യില്‍ ഉണ്ടായിരുന്ന ബൂട്ടബിള്‍ സി.ഡി. ഇട്ട് ഞാന്‍ ഈ ഒളിഞ്ഞിരുന്ന ഹാര്‍ഡ്‌ഡിസ്കിനെ കണ്ട് പിടിച്ചു. അവനെ പല തുണ്ടങ്ങളാക്കി(പാര്‍ട്ടീഷന്‍) മുറിച്ച്, ആദ്യത്തെ തുണ്ടത്തില്‍ ജനല്‍(വിന്‍ഡോസ്) പിടിപ്പിക്കുകയും ചെയ്തു. ആയ പടി കഴിഞ്ഞതോടുകൂടി ഞാന്‍ കമ്പ്യൂ‍ട്ടര്‍ ചരിതം രണ്ടാം ഘണ്ഡത്തിലേക്ക് കടന്നു. കയ്യില്‍ ഉണ്ടായിരുന്ന മുഴുവന്‍ സീ.ഡി.-യിലേയും മൃദുല‌ഉപകരണങ്ങള്‍(സോഫ്റ്റ്വേര്‍) ഞാന്‍ ഒന്നിനു പിറകേ ഒന്നായി എന്റെ ഗണനഗുണനത്വരിതയന്ത്രത്തില്‍ കുടിയിരുത്തി.

രണ്ടാമത്തേതും അവസാനത്തേതുമായ ഭാഗം കഴിഞ്ഞു. ഇനി എന്ത്? അലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല. ആറ്റ് നോറ്റ് വാങ്ങിയ കമ്പ്യൂട്ടര്‍ ദാ മുന്നില്‍ നില്‍ക്കുന്നു. ഒന്നും ചെയ്യാനുമില്ല. കാശ് പോയോ എന്റെ ഈശ്വരാ, കമ്പ്യൂട്ടര്‍ വാങ്ങിയത് ഒരു മണ്ടത്തരമായോ? ടെന്‍ഷനായി.

പെട്ടെന്ന്, എന്റെ ആത്മാവിന്റെ അന്തരാളങ്ങളില്‍ നിന്ന് ഒരു ഉള്‍വിളി ഉണ്ടായി.

സ്ക്രൂ‍.

അതെ, സ്ക്രൂ. ആ സാധനം കണ്ട് പിടിച്ചവനെ തല്ലണം. എപ്പൊ എന്ത് സാധനം വാങ്ങിയാലും അതില്‍ മുഴുവന്‍ സ്ക്രൂ ആണ്. എനിക്കാണെങ്കില്‍ സ്ക്രൂ‍ ഉള്ള എന്ത് സാധനം കയ്യില്‍ കിട്ടിയാലും അപ്പോള്‍ അത് മുഴുവന്‍ അഴിച്ച് പണിയണം. (ഇത് ഒരു രോഗമാണോ, ഡോക്റ്റര്‍!). അതിന് പറ്റിയില്ലെങ്കില്‍ ആ ഉപകരണം ഉപയോഗിക്കാന്‍ തന്നെ താല്‍പ്പര്യം ഉണ്ടാകില്ല. പുതുമണം മാറാത്ത ഒരു ഉപകരണത്തിന്റെ സ്ക്രൂ‍ ഊരുന്ന സന്തോഷം അതുപയോഗിച്ചാല്‍ കിട്ടുമോ? എന്റെ കമ്പ്യൂട്ടറും ഒട്ടും വ്യത്യസ്ഥമായിരുന്നില്ല. ആഫ്റ്റര്‍‌ഓള്‍ ഇറ്റ്സ് ആള്‍സോ ആന്‍ ഉപകരണം വിത്ത് സ്ക്രൂ‍.

മനസ്സെത്തുന്നിടത്ത് കയ്യെത്തണം, കയ്യെത്തുന്നിടത്ത് സ്ക്രൂ-ഡ്രൈവര്‍ ഉണ്ടാകണം എന്നതാണ് എന്റെ ആപ്തവാക്യം. എപ്പോഴാണ് ഒരു ആവശ്യം വരുന്നതെന്ന്(സ്ക്രൂ ഊരാന്‍ മുട്ടുന്നതെന്ന്) പറയാന്‍ പറ്റില്ല. പര്‍സില്‍ വയ്ക്കാന്‍ പറ്റുന്ന ഒരു സ്ക്രൂ-ഡ്രൈവര്‍ അന്വേഷിച്ച് നടക്കുകയാണ് ഇപ്പോള്‍ ഞാന്‍. ഒരു യാത്രയ്ക്കിടയിലോ ഒരു ചടങ്ങിന്റെയിടയിലോ, അല്ലെങ്കില്‍ ഞാന്‍ ഓഫീസില്‍ ഇരിക്കുന്ന സമയത്തോ മേല്‍പ്പറഞ്ഞ മുട്ടല്‍ വന്നാല്‍? അപ്പോള്‍ എന്റെ ത്വര ഞാന്‍ എങ്ങിനെ അടക്കും, എന്റെ ശുഷ്കാന്തി ഞാന്‍ എങ്ങിനെ കാണിക്കും? റിസ്ക് എടുക്കാന്‍ പാടില്ലല്ലോ. അപ്പോള്‍ പറഞ്ഞ് വന്നത്, ഞാന്‍ കൈ നീട്ടിയാല്‍ കിട്ടുന്നിടത്ത് ഒരു സ്ക്രൂ-ഡ്രൈവര്‍ ഉണ്ടായിരുന്നെന്നും അതെന്റെ കൈയ്യില്‍ കിട്ടിയെന്നും മാത്രമാകുന്നു.

അങ്ങിനെ പുറംചട്ടയുടെ (ക്യാബിനറ്റ്) ഒരു വശം ഞാന്‍ ഊരി. അകത്തേക്ക് നോക്കിയപ്പോള്‍ എന്തോ ഒരു അസംതൃപ്തിക്കുറവില്ലായ്മ. കഠിനവളയം(ഹാര്‍ഡ്‌ഡിസ്ക്) പുറംചട്ടയുടെ ഏറ്റവും താഴെയാണ് വച്ചിരിക്കുന്നത്. ഒതുക്കവളയത്തിന്റെ(സി.ഡി) സ്ഥാനം മുട്ട്ശാസ്ത്രപരമായി തെറ്റിച്ചാണ് പിടിപ്പിച്ചിരിക്കുന്നത്; എന്നു വച്ചാല്‍ സി.ഡി ഡ്രൈവ് പുറത്തേക്ക് വരുമ്പോള്‍ എന്റെ കാല്‍മുട്ടില്‍ ഇടിക്കുന്നു, അത് മുകളിലേക്ക് മാറ്റണം. പിന്നെ പണ്ട് മറിയയുടെ ഡിസ്ക് നോക്കാന്‍ വാങ്ങിയ ഡ്രൈവ് ഒന്ന് വെറുതേ കിടപ്പുണ്ട്. അതും പിടിപ്പിക്കണം. പുതിയ കമ്പ്യൂട്ടറില്‍ ഞാന്‍ ഫ്ലോപ്പി ഡ്രൈവ് വാങ്ങി വച്ചിട്ടില്ലായിരുന്നു, ഫ്ലോപ്പി എന്നേ നമ്മുടെ മനസ്സില്‍ നിന്നും കമ്പ്യൂട്ടറില്‍ നിന്നും പുറത്തായി.

അങ്ങിനെ ഞാന്‍ ഹാര്‍ഡ്‌ഡിസ്കിന്റെ സ്ക്രൂ ഊരി, ഹാര്‍ഡ്‌ഡിസ്കിനെ ക്യാബിനറ്റിന്റെ മധ്യഭാഗത്തായി പുനപ്രധിഷ്ഠിച്ചു. അടുത്തതായി ഹാര്‍ഡ്‌ഡിസ്കിന്റെ അടിയില്‍ ഫ്ലോപ്പി ഡ്രൈവ് വയ്ക്കാന്‍ നോക്കിയപ്പോള്‍ അതും ഹാര്‍ഡ്‌ഡിസ്കും തമ്മില്‍ വല്ലാത്ത ഒരു അടുപ്പം. മുട്ടിയിരുമ്മി നില്‍ക്കുന്നത് കണ്ടാല്‍ ആപാദചൂടം ഒട്ടി ജനിച്ച സയാമീസ് ഇരട്ടകളെപ്പോലെയുണ്ട്. ഇങ്ങനെ അടുപ്പിച്ച് വച്ച്, ക്യാബിനറ്റിന്റെ വാതിലും അടച്ചാല്‍, അകത്തെ ഇരുട്ടില്‍ ... ഓഹ്. നോ. അത് വേണ്ട.

ഹാര്‍ഡ്‌ഡിസ്ക് അവിടുന്ന് ഊരി കുറച്ച് മുകളില്‍ വച്ചു. അപ്പോള്‍ മറ്റൊരു പ്രശ്നം. അമ്മപ്പലകയുടെ (മതര്‍ബോര്‍ഡ്) വയര്‍ കുത്താന്‍ സ്ഥലമില്ല. വീണ്ടും സ്ക്രൂ‍ ഊരി ഹാര്‍ഡ്‌ഡിസ്ക് കുറച്ചും കൂടി മുകളില്‍ വച്ചു. അപ്പോള്‍ ബാക്കി ഉള്ള സ്ഥലം സി.ഡി. ഡ്രൈവിന് തികയില്ല. ആകെ പ്രശ്നമായി. ഇനി എന്ത് ചെയ്യും!

അത്രയ്ക് അഹങ്കാരം പാടില്ലല്ലോ ഒരു ഡിസ്കിന്. നീ താഴെ തന്നെ കിടന്നാല്‍ മതി. അവനെ ആദ്യം കിടന്നിടത്ത് തന്നെ വീണ്ടും കൊണ്ട് വച്ചു. അവിടെ കിട. അവനത് പിടിച്ചില്ലെന്ന് തോന്നുന്നു. ഞാന്‍ വിവരവയര്‍ (ഡാറ്റ കേബിള്‍) കുത്താന്‍ നോക്കുമ്പോള്‍ അവനൊരു വൈക്ലഭ്യം. അയ്യോ, അത് വയര്‍ തിരിഞ്ഞ് പോയതാ, സോറി. തിരിച്ച് കുത്തിയപ്പോള്‍ ശരിയായി. ഫ്ലോപ്പി ഡ്രൈവും വയ്ക്കാനുള്ള മൂട് പോയി. അല്ലേലും ഡ്രൈവ് വച്ചാല്‍ അത് പിന്നെ ടെസ്റ്റ് ചെയ്യാന്‍ ഞാന്‍ വേറെ ഫ്ലോപ്പി വാങ്ങണം, എന്റെ കയ്യില്‍ അഞ്ചിന്റെ തുട്ട് എടുക്കാനില്ല. അതും ഡ്രോപ്ഡ്. എങ്കിലും, സി.ഡി. ഡ്രൈവ് മാറ്റി പിടിപ്പിച്ചത് കാരണം സ്ക്രൂ‍ ഊരിയത് ഒരു നഷ്ടമായില്ല.

വീണ്ടും കമ്പ്യൂട്ടര്‍ ഓണാക്കി. സി.ഡി.ഡ്രൈവ് മാറ്റിക്കുത്തിയത് കമ്പ്യൂട്ടര്‍ ഏറര്‍ ആയി കാണിക്കേണ്ട കാര്യമില്ലാത്തത് കാരണം ഒരു എററും പ്രതീക്ഷിച്ചില്ല ഞാന്‍ ഇപ്രാവശ്യം. വിചാരിച്ചത് പോലെ എറര്‍ ഒന്നും വന്നില്ല. പക്ഷെ എന്നിട്ടും ഞാന്‍ ആകെ ടെന്‍ഷനായി. എററെങ്കിലും ഒന്ന് വന്നിരുന്നെങ്കില്‍ എന്ന് വിചാരിച്ചു പോയി. കാരണം എറര്‍ പോയിട്ട് എ പോലും സ്ക്രീനില്‍ തെളിയുന്നില്ല. കുറച്ചും കൂടി വ്യക്തമാക്കിയാല്‍, കമ്പ്യൂട്ടര്‍ ഓണാകുന്നില്ല.

പണി പാളി. എന്തോ കുഴപ്പം/മണ്ടത്തരം ഞാന്‍ ഒപ്പിച്ചു. എന്താണെന്ന് പ്രദമവിവരറിപ്പോര്‍ട്ടില്‍ വ്യക്തമല്ല. വീണ്ടും ഞാന്‍ സ്ക്രൂ ഊരി. ആദ്യദര്‍ശനത്തില്‍ കുഴപ്പമൊന്നും കാണുന്നില്ല. വീണ്ടും വീണ്ടും ഞാന്‍ ഓണ്‍ സ്വിച്ചിനെ തട്ടിവിളിച്ചു. ലൈറ്റ് കണ്ണ് തുറക്കുന്നില്ല. പ്രശ്നമായല്ലോ ഭഗവതീ.

ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്റെ അബോധമനസ്സ് സ്വബോധമനസ്സിനെ കയ്യേറി പ്രവര്‍ത്തനമാരംഭിക്കും. അത് തന്നെ സംഭവിച്ചു. ഓരോ ഭാഗങ്ങളായി മാറ്റി ഇട്ടുനോക്കി. പഴയ കമ്പ്യൂട്ടര്‍ അപ്പുറത്തിരിപ്പുണ്ടായിരുന്നത് സഹായമായി. റാമിന്റെ സ്ലോട് മാറ്റിക്കുത്തി നോക്കി, പഴയതും ഇട്ട് നോക്കി. ഒന്നും സംഭവിച്ചില്ല. വയറുകളെല്ലാം ഒന്നുകൂടി ഊരിക്കുത്തി. നോ രക്ഷ. ബൂട്ടബിള്‍ സി.ഡി. ഇട്ട് നോക്കി. കിം ഫല. ഹാര്‍ഡ്‌ഡിക്സ് ഊരി ഇട്ട് സി.ഡി വച്ച് ബൂട്ട് ചെയ്യാന്‍ നോക്കി. അപ്പോള്‍ ഓണായി. ഇതില്‍ നിന്ന് എന്ത് അനുമാനിക്കാം?

ഹാര്‍ഡ്‌ഡിസ്ക് എന്നെ വിട്ട് മറ്റേതോ കമ്പ്യൂട്ടര്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായെന്ന് അനുമാനിക്കാം. കണ്ണുനീര്‍ സ്ക്രൂവില്‍ അല്ല പൂട്ടിയിട്ടിരിക്കുന്നത് എന്നത് കൊണ്ട് അത് ഊരേണ്ടി വന്നില്ല, ധാരയായി അതൊഴുകാന്‍ തയ്യാറായി.

ഹാര്‍ഡ്‌ഡിക്സ് വീണ്ടും സ്ക്രൂവില്‍ നിന്നും ഊരി പുറത്തേക്കെടുത്ത് ഒന്ന് വിശകലനം ചെയ്തു. പുറമേന്ന് നോക്കിയാല്‍ ചെറിയ ഒരു ഉപകരണവും അകത്ത് വിശാലമായ ഡാറ്റയുടെ കളക്ഷന്‍സും ഉള്ള സാധനമാണെങ്കിലും നോക്കാതെ പറ്റില്ലല്ലോ. ഒറ്റ നോട്ടത്തില്‍ കാര്യം മനസ്സിലായി. നേരത്തേ ഡാറ്റ കേബിള്‍ തിരിച്ച് കുത്തിയപ്പോള്‍ കയറാതിരുന്നതിനാല്‍ ബലം പിടിച്ച് കേറ്റാന്‍ നോക്കിയിരുന്നു. ആ സമയം നോക്കി അതിലെ ഒരു “പിന്‍” അകത്തേക്ക് പിന്‍‌വലിഞ്ഞു. ആമയുടെ തല പോലെ ഒരറ്റം മാത്രം ഇപ്പോള്‍ പുറത്ത് കാണാം.

ഫോര്‍ക്ക് വച്ചും ബ്ലെയിഡ് വച്ചും മീശ വെട്ടുന്ന കത്രിക വച്ചും ഒക്കെ ആ പിന്നിനെ മുന്നിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ വിഫലമായി. “അസാധ്യമായത് ഒന്നുമില്ല” എന്നുപറഞ്ഞുകൊണ്ട് നടക്കുന്ന എന്റെ അഹങ്കാരവും ഈ തോല്‍‌വി സമ്മതിച്ചുകൊണ്ട് “എന്നെക്കൊണ്ട് പറ്റില്ല” എന്ന് പറയിപ്പിച്ചു. എല്ലാം കണ്ട് കൊണ്ട് എന്റെ പിറകില്‍ നിന്ന് ഊറിയൂറി ചിരിച്ച് കൊണ്ട് നില്‍ക്കുന്നുണ്ടായിരുന്ന സഹമുറിയനെ ഞാന്‍ ആലുവാ മണല്‍പ്പുറത്ത് പീപ്പി ഊതിക്കൊണ്ട് നില്‍ക്കുമ്പോള്‍ കണ്ട പരിചയം പോലും ഭാവിക്കാതെ, പുതിയ ഒരു ഹാര്‍ഡ്‌ഡിസ്കിന്റെ വില ബില്ലില്‍ നിന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.

***

പുതിയ കമ്പ്യൂട്ടര്‍, പുതിയ മണ്ടത്തരം: രണ്ടാം ഭാഗം.

വാങ്ങിയയിടത്ത് തന്നെ കമ്പ്യൂട്ടര്‍ തിരിച്ച് കൊടുത്തു, നന്നാക്കാന്‍. സ്ക്രൂവോ, ഞാനോ; അതെന്താണെന്നും കൂടി ഞാനറിയില്ല, ഞാന്‍ ക്യാബിനെറ്റ് ഊരിയിട്ടേയില്ല എന്ന മട്ടില്‍ ഞാന്‍ അവിടെ ദയ ചോദിച്ച് വാങ്ങുന്ന മുഖഭാവത്തോടെ നിന്നു. ഞാന്‍ പോയ പാതയിലൂടെ തന്നെ അവരും സഞ്ചരിച്ചു. കുറേ ഗവേഷണങ്ങള്‍ നടത്തിയിട്ടും അവര്‍ക്ക് പക്ഷെ കാര്യം മനസ്സിലുണ്ടാകുന്നുണ്ടായിരുന്നില്ല. ഹാര്‍ഡ്‌ഡിസ്കിനാണ് തകരാറ് എന്നെനിക്കും പറയാന്‍ ആകുന്നുണ്ടായിരുന്നില്ല, മിണ്ടിയാല്‍ കാശ് പോകുമല്ലോ! (കാശ് പോകുന്ന കാര്യമായത് കൊണ്ടാണ് മിണ്ടാതിരുന്നത്, അല്ലെങ്കില്‍ അവിടെ അഭിപ്രായം പറഞ്ഞ് പറഞ്ഞ്, അവരെക്കൊണ്ട് “എന്നാപ്പിന്നെ തനിക്ക് തന്നെ ഇതങ്ങ് നേരെയാക്കാന്‍ പാടില്ലായിരുന്നോ” എന്ന് പറയിപ്പിച്ചേനേ). കുറേയേറെ സമയം കൊണ്ട് അവര്‍ പ്രശ്നത്തിന്റെ ഉറവിടം കണ്ട് പിടിച്ചു. എന്നിട്ടവര്‍ പറഞ്ഞ മറുപടി കേട്ടിട്ട് സന്തോഷിക്കണോ, കരയണോ, ചിരിക്കണോ, സത്യം തുറന്ന് പറയണോ എന്നറിയാതെ ഞാന്‍ നിന്നു പോയി. എന്തെന്നാല്‍ അവര്‍ പറഞ്ഞത് “ഹാര്‍ഡ്‌ഡിസ്കിന്റെ ഒരു പിന്‍ കാണുന്നില്ല. മാനുഫാക്ചറിങ്ങ് ഡിഫറ്റാണ്. ഡിസ്ക് മാറ്റിത്തരാം” എന്നാകുന്നു.

ചക്കിക്കൊത്ത ചങ്കരന്‍. എനിക്കവരെ ഇഷ്ടമായി. ദൈവമായിട്ടാണ് ഇവരെ എനിക്ക് കാണിച്ച് തന്നത്. ഇവര്‍ ഒരു നൂറ് കൊല്ലം കൂടി കമ്പ്യൂട്ടര്‍ വില്‍ക്കട്ടെ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം ഉണ്ടാക്കിക്കൊടുക്കണേ എന്റെ ഈശ്വരാ.

35 comments:

 1. സൂര്യോദയം said...

  'ഇങ്ങനെ അടുപ്പിച്ച് വച്ച്, ക്യാബിനറ്റിന്റെ വാതിലും അടച്ചാല്‍, അകത്തെ ഇരുട്ടില്‍ ... ഓഹ്. നോ. അത് വേണ്ട.'

  ശ്രീജിത്തേ... കിടിലന്‍ പോസ്റ്റ്‌.... മലയാളീകരണം കേമം.... :-)

  ഈ കമ്പ്യൂട്ടര്‍ മൊത്തത്തില്‍ കഷണമാക്കി വീണ്ടും യോജിപ്പിക്കുകയും മറ്റും ചെയ്യുന്ന ഒരു ചെറു കോഴ്സ്‌ 10 കൊല്ലം മുന്‍പ്‌ പാസ്സായതിനാല്‍ അതിന്റെ അഹങ്കാരത്തില്‍ പലപ്പോഴും ഇങ്ങനത്തെ അബദ്ധങ്ങളില്‍ ചെന്ന് ചാടാറുണ്ട്‌.. ഇപ്പോ ആ മൊതല്‌ തുറക്കുക എന്ന് പറഞ്ഞാല്‍ പേടിയും അലര്‍ജിയുമാണ്‌... 2. രമേഷ് said...

  എപ്പൊ എന്ത് സാധനം വാങ്ങിയാലും അതില്‍ മുഴുവന്‍ സ്ക്രൂ ആണ്. എനിക്കാണെങ്കില്‍ സ്കൃ ഉള്ള എന്ത് സാധനം കയ്യില്‍ കിട്ടിയാലും അപ്പോള്‍ അത് മുഴുവന്‍ അഴിച്ച് പണിയണം. (ഇത് ഒരു രോഗമാണോ, ഡോക്റ്റര്‍!). ഈ രോഗം എനിക്കുമുണ്ടോന്നൊരു സംശയം......ഇഷ്‌ട്ടായി ട്ടോ.. 3. അളിയന്‍സ് said...

  കൊള്ളാം മാഷെ....
  പണ്ടു പറ്റിയ ഒരു പാട് മണ്ടത്തരങ്ങള്‍ ഞാനോര്‍ത്തുപോയി... അതെല്ലാം സ്വന്തം സിസ്റ്റത്തില്‍ അല്ലായിരുന്നു എന്നു മാത്രം. 4. അഗ്രജന്‍ said...

  '...ഇങ്ങനെ അടുപ്പിച്ച് വച്ച്, ക്യാബിനറ്റിന്റെ വാതിലും അടച്ചാല്‍, അകത്തെ ഇരുട്ടില്‍ ... ഓഹ്. നോ. അത് വേണ്ട...'

  ഹ ഹ ഹ സൂപ്പര്‍ ശ്രീജിത്ത്... അടിപൊളിയാക്കിയിരിക്കുന്നു.

  ഈ ബാച്ചിലേഴ്സിന്‍റെ ഒരൊരൊ സങ്കല്പങ്ങളേയ്... കമ്പ്യൂട്ടറായാലും വെറുതെ വിടില്ല :)) 5. ദില്‍ബാസുരന്‍ said...

  റിസ്ക് എടുക്കാന്‍ പാടില്ലല്ലോ. അപ്പോള്‍ പറഞ്ഞ് വന്നത്, ഞാന്‍ കൈ നീട്ടിയാല്‍ കിട്ടുന്നിടത്ത് ഒരു സ്ക്രൂ-ഡ്രൈവര്‍ ഉണ്ടായിരുന്നെന്നും അതെന്റെ കൈയ്യില്‍ കിട്ടിയെന്നും മാത്രമാകുന്നു.

  ഞാന്‍ ക്വോട്ടാന്‍ വെച്ചത് അഗ്രജേട്ടന്‍ ക്വോട്ടിയതിനാല്‍ ഞാനിത് ക്വോട്ടുന്നു.

  മ്വോനേ,
  റിസ്ക് എടുക്കരുത്. ഒരു കാര്യത്തിലും.പ്രത്യേകിച്ച് ‘സ്ക്രൂ’വിന്റെ കാര്യത്തില്‍. നിന്റെ ശുഷ്കാന്തി എനിക്കിഷ്ടപ്പെട്ടു, കീപ് ഇറ്റ് അപ്പ്.

  (ഓടോ:ആ ഹാര്‍ഡ് ഡിസ്ക് മാറ്റികൊടുത്ത ദൈവത്തിനെ വേണം തല്ലാന്‍. പുള്ളിയാണ് ഈ ശ്രീജിത്തരങ്ങള്‍ക്കൊക്കെ പ്രോത്സാഹനം കൊടുക്കുന്നത്) 6. സു | Su said...

  ഈ മണ്ടത്തരം ചേട്ടന് വല്യ ഇഷ്ടമാകും. ചേട്ടന്‍ മൂന്ന് കമ്പ്യുട്ടര്‍ ഒപ്പിച്ചെടുത്തു. ഭാഗങ്ങള്‍ ഒക്കെ കൊണ്ടുവന്ന് ഘടിപ്പിച്ച്, ഓരോന്നും തിരിച്ചും മറിച്ചും പണിഞ്ഞിട്ട് എന്നോട് പറയും. “വല്ല സ്ക്രൂവും താഴെയുണ്ടെങ്കില്‍ കിട്ടിയാല്‍ എടുത്തുവെക്കണേന്ന്. സ്ക്രൂ, ഓരോന്നൊക്കെ കിട്ടിയെങ്കിലും 3 കമ്പ്യൂട്ടറും കുഴപ്പമില്ലാതെ ഓടുന്നുണ്ട്. കമന്റടിക്കുന്ന ഈ സിസ്റ്റം അടക്കം. ;) 7. ഏറനാടന്‍ said...

  ഹഹാഹ.. മണ്ടത്തരങ്ങളുണ്ടാക്കാന്‍ വേണ്ടിമാത്രമാണോ ഈശ്വരാ ഈ ശ്രിജിത്തിനെ പടച്ചത്‌! ഇതു വായിച്ചപ്പോള്‍ ഒരു ജിംകാരിപടത്തിലെ തമാശയോര്‍ത്തു.

  ഏതോ അതീവരഹസ്യകേന്ദ്രത്തില്‍ ഫയലുകള്‍ തപ്പാന്‍ രാത്രിയിലെത്തിയ ജിമും കൂട്ടുകാരനും ഓഫീസ്‌ മുഴുക്കെ തിരഞ്ഞെങ്കിലും ഒന്നും കിട്ടിയില്ല. കൂട്ടുകാരന്‍ പറഞ്ഞു: കമ്പ്യൂട്ടറിനകത്ത്‌ ഫയലുണ്ട്‌. നോക്കാന്‍!" കുറച്ച്‌ കഴിഞ്ഞ്‌ തിരിഞ്ഞുനോക്കിയപ്പോള്‍ ജിംകാരി കമ്പ്യൂട്ടറെല്ലാം സ്‌ക്രൂ കൊണ്ടഴിച്ച്‌ നട്ടും ബോള്‍ട്ടുമെടുത്ത്‌ പീസ്‌പീസാക്കി പരതുന്നു, ഉള്ളിലെ ഫയല്‍ തപ്പിയെടുക്കാന്‍!! 8. ഇത്തിരിവെട്ടം|Ithiri said...

  എപ്പൊ എന്ത് സാധനം വാങ്ങിയാലും അതില്‍ മുഴുവന്‍ സ്ക്രൂ ആണ്. എനിക്കാണെങ്കില്‍ സ്കൃ ഉള്ള എന്ത് സാധനം കയ്യില്‍ കിട്ടിയാലും അപ്പോള്‍ അത് മുഴുവന്‍ അഴിച്ച് പണിയണം

  ശ്രീജിത്ത് അടിപൊളി... സൂപ്പര്‍ 9. തറവാടി said...

  ശ്രീജിത്തേ ..നല്ല പോസ്റ്റ് , മലയാളീകരണം എന്തേ എല്ലാറ്റിനും ഉപയോഗിക്കാത്തത്? 10. അലിഫ് /alif said...

  'മനസ്സെത്തുന്നിടത്ത് കയ്യെത്തണം, കയ്യെത്തുന്നിടത്ത് സ്ക്രൂ-ഡ്രൈവര്‍ ഉണ്ടാകണം എന്നതാണ് എന്റെ ആപ്തവാക്യം'ഈ അസുഖം അവിടേമുണ്ടല്ലേ..? ശ്രീജിത്തിന്റെ മണ്ടത്തരം കാണിക്കാന്‍ മാത്രമല്ല അത്‌ നന്നായി അവതരിപ്പിക്കാനുമുള്ള കഴിവിനെ അനുമോദിക്കാതെ വയ്യ. മലയാളീകരണശ്രമം കിടിലന്‍. 11. മുരളി വാളൂര്‍ said...

  ശ്രീജിയേ, ഈ ....ത്തരത്തിന്റെ പേറ്റന്റിന്‌ അപ്പ്ലൈ ചെയ്തിട്ടുണ്ടോ, ഇതെല്ലാം കൂടി കുത്തിക്കെട്ടി ഒരു പുസ്തകമാക്കഡെയ്‌... നല്ല മാര്‍ക്കറ്റുണ്ടാവുമെന്നുറപ്പ്‌. കീപ്‌ ദ ഉഗ്രത്വം 12. മലയാളം 4 U said...

  കൊള്ളാം സുഹൃത്തേ, കമ്പ്യൂട്ടറ് അഴിച്ച് പണിയുക എന്നത് എന്റേയും ഒരു വീക്നസ് ആണ്. ഇത്തരം അബദ്‌ധങ്ങളില്‍ ചാടിയിട്ടുമുണ്ട്. നേരത്തെ എന്റെ ഒരു കാഴ്ചപ്പാട് ഈ കമ്പ്യൂട്ടറ് കവറ് ചെയ്തിരിക്കുന്ന 4 സ്ക്രൂവും അഴിച്ച് വച്ചാല്‍ മാത്രമെ കമ്പ്യൂട്ടറ് ശരിയായി ഓടുകയുള്ളൂ എന്നതായിരുന്നു. എന്നാല്‍ ഇപ്പോള്‍ 3100ദിറംസ് കൊടുത്ത് 1998ല്‍ വാങ്ങിയ കമ്പ്യൂട്ടറ് (PII-350+128Ram+3gbHDD+1mb sis display etc). കട്ടിലിന്റെ അടിയിലേക്ക് ഡീ പ്രമോട്ട് ചെയ്തിട്ട് (അഴിച്ച് പണിഞ്ഞ് പണിഞ്ഞ്), വെറും 600 ദിറംസ് കൊടുത്തു വാങ്ങിയ IBM Netvista (Original USA)P1V 1.7+512RAM+60GB+ യൂസ്‌ഡ് കമ്പ്യൂട്ടറ് ആണ്‍ ഇപ്പോള്‍ ഞാന്‍ ഉപയോഗിക്കുന്നത്. ഉള്ളതു പറയാമല്ലോ. വെടിച്ചില്ല് സാധനമാണ് കേട്ടോ. ഇതിന്റെ പ്രധാന ഗുണം ഇതില്‍ സ്ക്രൂവെ ഇല്ല ഇന്നുള്ളതാണ്. കവറിന്റെ സൈഡില്‍ 2 ബട്ടന്‍ പ്രസ്സ് ചെയ്താല്‍ കവറ് ഊരിയെടുക്കാം. അകത്തുള്ള എല്ലാ സാധനങ്ങളും ഇതുപോലെ ഡിറ്റാച്ച് ചെയ്യാം എന്നുള്ളതിനാല്‍ സ്ക്രൂ ഡ്രൈവറ് ഞാന്‍ ഇപ്പോള്‍ ഉപയോഗിക്കാറേ ഇല്ല. 13. ദേവന്‍ said...

  സാരമില്ല ശ്രീജിത്തേ എനിക്കും ഇതുണ്ടായിരുന്നു. നല്ല രണ്ടനുഭവത്തോടെ നിര്‍ത്തി. ഇപ്പോ ഉറപ്പില്ലാത്ത ഒരു കാര്യവും ചെയ്യൂല്ലാ.

  അനു ഒന്ന്:
  കിണറ്റീന്നു വെള്ളമടിക്കുന്ന പമ്പിന്റെ ഫ്യൂസു പോയി ഉള്ളില്‍ ഒരു ഓന്തു കയറി ചത്തു പോയതാണ്‌. കവറൊന്ന് തുറന്ന് വെന്ത ഓന്തിനെ എടുത്തു കളയണം, ഫ്യൂസായ ഫ്യൂസ്‌ മാറ്റിയിടണം. ത്രേ വേണ്ടൂ.

  പവര്‍ മെയിന്‍ ഓഫ്‌ , പമ്പ്‌ കവര്‍ ഓഫ്‌.. ഠേ. ദേ കിടക്കുന്നു ദേവന്‍ തറയില്‍. പമ്പിന്റെ കപ്പാസിറ്ററിനു ഒരാളെ കൊല്ലാനുള്ള കപ്പാസിറ്റി ഉണ്ടെന്ന് അറിയില്ലായിരുന്നു. അറിഞ്ഞേല്‍ ഇങ്ങനെ ഷോക്ക്‌ കിട്ടില്ലായിരുന്നു.

  അനു രണ്ട്‌
  പണ്ട്‌ നാഷണലും പാനാസോണിയയും ടെക്ക്നിക്സും ഒരു കമ്പനി ആയിരുന്ന കാലം. ഗള്‍ഫീ പോയ കുഞ്ഞുമോനോട്‌ അന്യായ വില കൊടുത്ത്‌ ചേട്ടച്ചാര്‍ ഒരു മ്യൂസിക്ക്‌ സിസ്റ്റം വാങ്ങി. മഞ്ഞ ഫ്ലാനല്‍ പുതപ്പിച്ചു. സ്വരം തെളിയാന്‍ ആബ്സൊല്യൂട്ട്‌ സ്പിരിട്ടു കോണ്ട്‌ എന്നും പിഞ്ച്ച്‌ റോളറില്‍ തേനും വയമ്പും ഇറ്റിച്ചു.

  പുന്നാരപ്പാട്ടു പെട്ടിയുടെ മൂന്നാലു കഷണം സ്പീക്കറും രണ്ടു മൂന്നു പത്തായഡെക്കുകളും പൊടി പിടിച്ചു പോയത്‌ ഞാന്‍ ഒരിക്കല്‍ അഴിച്ചു . തുടച്ചു. ശകലം യൂഡി കൊളോണ്‍ ഇരുന്നതും എടുത്തു തേച്ചു. ഒരു സുഗന്ധത്തിന്‌. എല്ലാം തിരിച്ചു അടുക്കി വച്ചു.. സ്വെറ്റര്‍ തുന്നുന്നവരുടെ നൂല്‍പ്പന്തു പോലെ കിടന്ന കേബിളുകള്‍ എല്ലാം വട്ടം ചുറ്റി നൂലു കൊണ്ട്‌ കെട്ടി. പ്ലഗ്ഗേല്‍ കുത്തി. ഠോ. വെറും ഠോ അല്ല,
  അമിട്ടു പൊട്ടുന്ന പോലെ.

  പിന്നെ അനക്കമില്ല. ഓടി അടുത്ത വീട്ടില്‍ ചെന്നു വയറിങ്ങുകാരന്‍ ബാവുവിനെ വിളിച്ചോണ്ട്‌ വന്നു.
  "ഇതേല്‍ ഇനി ചെയ്യാനൊന്നുമില്ല." ബാബുക്കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു "മോന്‍ പവര്‍ പ്ലഗ്ഗേല്‍ കൊടുത്തത്‌ സ്പീക്കര്‍ കേബിള്‍ ആയിരുന്നു"

  നിര്‍ത്തീ. ഒക്കെ നിര്‍ത്തീ. 14. സ്വാര്‍ത്ഥന്‍ said...

  വായിച്ചു തുടങ്ങിയപ്പോള്‍ തോന്നിയത് നിന്റെ സ്ക്രൂ പിന്നേം ലൂസായി എന്നായിരുന്നു...
  പാവം ചങ്കരന്‍!!!!!!! 15. കുട്ടന്മേനൊന്‍::KM said...

  ശ്രീജിത്തേ.. അടിപൊളിയായിട്ടുണ്ട്.
  ...
  അവര്‍ പറഞ്ഞത് “ഹാര്‍ഡ്‌ഡിസ്കിന്റെ ഒരു പിന്‍ കാണുന്നില്ല. മാനുഫാക്ചറിങ്ങ് ഡിഫറ്റാണ്. ഡിസ്ക് മാറ്റിത്തരാം” എന്നാകുന്നു.
  ..
  അവര്‍ക്ക് ശ്രീജിത്തിനെ മുന്പരിചയമുണ്ടെന്ന് തോന്നുന്നു. :) 16. KANNURAN - കണ്ണൂരാന്‍ said...

  സ്ക്രൂ പുരാണം ഗംഭീരം... 17. Anonymous said...

  your posts are very good. why dont you publish them? if you dont have time, ask your better half to do the publishing works for you, sreejith.(if no body like that, well, kerala reading community cant wait...... make it fast!!!!) 18. suhruthu said...

  ഗംഭീരമായിട്ടുണ്ട്‌.... ബലേ ഭേഷ്‌...
  ഇത്തരം ഒരു കമ്പ്യൂട്ടര്‍ മണ്ടത്തരം പറ്റി, എന്റെ ആ പുന്നാര കമ്പ്യൂട്ടര്‍ വീട്ടില്‍ പൊടി പിടിച്ചിരിക്കാന്‍ തുടങ്ങിയിട്ടു മാസം ഒന്നായി...
  പറ്റിയതെന്താന്നല്ലേ!!!!.
  എഞ്ചിനീയരിംഗ്‌ വല്ലവിധേനയും പഠിച്ചു കഴിഞ്ഞ്‌ അങ്ങനെ ഇരുന്നപ്പോള്‍ പെട്ടന്നൊരു മോഹം networking പഠിക്കണം..വച്ചുപിടിച്ചു CCNA പഠിക്കാന്‍.....
  ആദ്യ ക്ലാസ്‌.... networking പഠിക്കും മുന്‍പ്‌ hardware knowledge വേണമത്രെ.... സര്‍ ഓരോ components ആയി പറഞ്ഞു തന്നു.... ഹൊ എല്ലാം പഠിച്ചതിന്റെ അഹങ്കാരം കുറച്ചൊന്നുമല്ല...അപ്പൊതന്നെ libraryല്‍ നിന്നും ഒരു hardware bookതപ്പി എടുത്തു....
  വീട്ടില്‍ എത്തിയപൊഴെ എനിക്കു വല്ലാത്ത ആ ത്വര... എന്റെ system തല്ലി തുറക്കണം..ആ ബുക്ക്‌ മുഴുവന്‍ വായിച്ചു... വായിച്ചതൊക്കെ ഒന്നു കൈകാര്യം ചെയ്യാന്‍ എന്റെ മനസ്‌ പിന്നെയും പിന്നെയും വിങ്ങി. അടുത്ത ദിവസം അവധി ആയതിനാല്‍ അന്നു തന്നെ 'അച്ഛനെയും അനിയനെയും ഞെട്ടിച്ചു കളയാന്‍' തീരുമാനിച്ചു ..ആ CPU തുറക്കാതെ അന്നു എനിക്കു ശരിക്കു ഉറങ്ങാന്‍ കൂടി കഴിഞ്ഞില്ല...
  അടുത്ത ദിവസം നേരം വെളുത്തപ്പൊള്‍ തന്നെ എന്റെ കലാപരിപാടികള്‍ക്കുള്ള ചിട്ടവട്ടങ്ങള്‍ ഒരുക്കി..അപ്പോളുണ്ട്‌ UPS, ON ആകുന്നില്ല... ആ കുന്ത്രാണ്ടം ഊരി directആയി connection കൊടുത്തു..ആദ്യം BIOS setup ഒന്നു പണിതു....ശേഷം system 'OFF'ചെയ്തു...(അതു അവസാനത്തെ ആണെന്നു ഞാന്‍ അറിഞ്ഞില്ല....) ആദ്യം ആ സ്ക്രൂകള്‍ എല്ലാം ഊരി...
  ആദ്യം തന്നെ മുന്നില്‍ പെട്ടതു processor ആയിരുന്നു... കടിച്ചുകീറാന്‍ തയാറായി നില്‍കുന്ന സിംഹത്തെപോലെ ഞാന്‍ ആ fan മെല്ലെ ഇളക്കി മാറ്റി ആ processorനെ സ്വതന്ത്രനാക്കി... pinകള്‍ ഒക്കെ ശ്രദ്ദിച്ചുതന്നെയാണു ഊരിയത്‌...സുന്ദരനായ ആ പ്രോസസ്സര്‍നെ എല്ലാവര്‍ക്കും പരിചയപ്പെടുത്തി.... ഒരു മഹാകാവ്യം രചിച്ച അഹങ്കാരത്തോടെ ഞാന്‍ മറ്റ്‌ ഏല്ലാ partകളും ഊരി മാറ്റി തിരികെ ഫിറ്റ്‌ ചെയ്തു... എല്ല പാര്‍ടുകളും ശരിയാണു എന്നുറപ്പിച്ച ശേഷം system ഓണ്‍ ചെയ്തു.... ഹൊ! boot ആകുന്നതിനു പകരം മധുര സുന്ദരമായ ഒരു tone ആണു പുറത്തേക്കു കേട്ടത്‌...

  പിന്നെയും പിന്നെയും ശ്രമിച്ചു....... ആ toneനു ഒരു കുറവുമില്ലെന്നു മാത്രമല്ല... ഇന്നുവരെ അതൊന്നു ബൂട്‌ അയിട്ടില്ല...... കുഴപ്പം ബോര്‍ഡ്‌ നൊ അതൊ പ്രോസസ്സര്‍ നൊ എന്ന അന്വെഷണത്തിലാണു ഞാന്‍.... ആ ടൈപ്പ്‌ പ്രോസസ്സര്‍ ഇപ്പൊ marketല്‍ ഇല്ലത്തത്‌ കൊണ്ട്‌ മാറ്റി ഇട്ടു നോക്കാനും പറ്റിയിട്ടില്ല.... hardware mechanicനൊട്‌ പറഞ്ഞത്‌ UPS ഇല്ലാതെ on ആക്കിയപ്പോള്‍ പറ്റിയതാണു എന്നാ..... ( അല്ലാതെ വെറുതെ ചമ്മാന്‍ എന്റെ ആ അഭിമാനം ഇന്നും സമ്മതികണില്ല...) എന്തായാലും സാധനം overall checkupനായി bangalore അയച്ചിരിക്കയാണു ഞാന്‍! 19. തണുപ്പന്‍ said...

  കലക്കി ശ്രീജിത്തേ..
  ഇനിയും സ്ക്രൂകളൊക്കെ അഴിക്കണം.നിനക്ക് അഴിക്കാനല്ലേ ഈക്കണ്ട സ്ക്രൂക്കളൊക്കെ പടച്ച് വെച്ചിരിക്കുനത് ! 20. ഉത്സവം : Ulsavam said...

  ശ്രീ, ഇതെന്ത് "സ്ക്രൂവാണിരോഗം" പിടിച്ചോ..?
  ഇങ്ങനെ കയ്യില്‍ കിട്ടുന്നതിന്റെ എല്ലാം സ്ക്രൂ അഴിക്കുന്ന്തു കൊള്ളാം പക്ഷേ തലയുടെ മാത്രം സ്ക്രൂ ദൈവത്തെ വിചാരിച്ചു അഴിച്ചെക്കരുതേ..പിന്നെ പിടിച്ചാല്‍ കിട്ടില്ലാ...:-)

  പോസ്റ്റു കിടിലം..! പ്രത്യേകിച്ചും "അമ്മപ്പലക" പോലത്തെ പ്രയോഗങ്ങള്‍..!

  അല്ലാ ഈ കട ബാ‍ഗ്ലൂര് എവിടെയായിട്ടു വരും..? :-) 21. ബെന്യാമിന്‍ said...

  ഈ പോസ്റ്റിലെ മലയാളീകരണങ്ങളാണ്‌ എനിക്ക്‌ നന്നേ പിടിച്ചത്‌, കഠിനവളയം, ഒതുക്കവളയം, അമ്മപ്പലക (കിടലന്‍ വിവര്‍ത്തനം!) വിവര വയര്‍...
  ഇനി പോസ്‌റ്റുമ്പോള്‍ ഇംഗ്ലീഷിന്റെ അകമ്പടിയില്ലാതെ ഇവ എഴുതണം. അങ്ങനെ ഈ വാക്കുള്‍ മലയാളത്തിലെ പരിചിതപദങ്ങള്‍ ആകട്ടെ. 22. താര said...

  ദൈവമേ ഈ മണ്ടൂ‍സിന്റെ തലയിലെ ഇളകിയ സ്ക്രൂ ഒന്നു മുറുക്കാന്‍ ആരുമില്ലേ ഇവിടെ??
  അല്ലെങ്കില്‍ വേണ്ട അതു മുറുക്കിയാല്‍ ഞങ്ങള്‍ക്കിങ്ങനത്തെ സൂപ്പര്‍ മണ്ടത്തരം പോസ്റ്റ് വായിക്കാന്‍ പറ്റുമോ? :D:D:D... 23. ikkaas|ഇക്കാസ് said...

  ശ്രീക്കുട്ടാ,
  കമ്പ്യൂട്ടര്‍ ചികിത്സ ഒന്നാന്തരം.
  സ്ക്രൂ വിന്റെ മലയാളം പിരിയാണി.
  അതുപോലെ സ്ക്രൂഡ്രൈവര്‍ = പിരിയാണി തിരിയന്‍.
  സ്റ്റാര്‍ സ്ക്രൂവിനെ വേണമെങ്കില്‍ ഉഡുപ്പിരിയാണി എന്നും വിളിക്കാം. സംശയനിവാരണത്തിന് ഉമേഷ് മാഷിനെ സമീപിക്കാവുന്നതാണ്. 24. വളയം said...

  ഇതിന്റെ പേര് മനശ്ശസ്ത്രത്തില്‍ സ്ക്രൂമാനിയാ എന്നാണ്. കല്ല്യാണം കഴിച്ചാല്‍ താനേ മാറിക്കൊള്ളും. പേടിക്കേണ്ട. 25. .::Anil അനില്‍::. said...

  ഇത് മിക്കവാറും മെനക്കേടാവുമെന്ന് തോന്നുന്നു :))
  പാവം കടക്കാര്‍ കഠിനവളയം അവര്‍ടെ സപ്ലയര്‍ക്ക് തിരിച്ചുകൊടുക്കും. അതങ്ങനെ കൈമാറിക്കൈമാറി വിവരമുള്ള ആരുടെയെങ്കിലും കൈയിലെത്തി, അതുമ്മേ ജനല്‍ പിടിപ്പിച്ചതു കണ്ടുപിടിക്കും. പിന്നെ അവിടുന്ന് തെറി കൈമാറിക്കൈമാറി എവിടെയെത്തിച്ചേരും?
  അപ്പോ വീണ്ടും കഥയെഴുതാന്‍ മറക്കണ്ടാ കേട്ടോ ;) 26. ഉഷ said...

  നന്നായിട്ടുണ്ട്. സ്ക്രൂ ബാക്കിയായത് രണ്ട് മൂന്നെണ്ണം എന്റെയടുത്തും കാണും. :) 27. Anonymous said...

  ആ തലവര മായാണ്ട് നടന്നത് എനിക്കങ്ങിഷ്ടപ്പെട്ടു. :-) 28. തക്കുടു said...

  മലയാളികരണം അടിപൊളി !!!

  എനിക്കും പണ്ടു ഉണ്ടായിരുന്നു ഈ രോഗം, 1999-ല്‍ ഈങ്ങനെ ഒരു ഒതുക്കവളയത്തിന്റെ പിന്‍ പോയപ്പം 2600 രൂപ അങ്ങു മാറി കിട്ടി. അതില്‍ പിന്നെ കമ്പ്യൂട്ടരിന്റെ സ്ക്രു ഉള്ള ഭാഗത്തേക്കേ ഞാന്‍ നോക്കിയിട്ടില്ല :)

  മലയാളി ബ്ലോഗര്‍ സുഹ്രുത്തുക്കള്‍ ഒന്നും ആ ഷോപ്പുകാര്‍ക്കു ഉണ്ടാകല്ലേ !!! അവരു ടാസ്ക്കി പിടിച്ചു വന്നു തല്ലും :) 29. കലേഷ്‌ കുമാര്‍ said...

  സ്ക്രൂ ഇളകി കിടക്കുവാന്ന് പണ്ടേ മനസ്സിലായതാ! 30. കരീം മാഷ്‌ said...

  ശ്രീജിത്തേ,
  ഇന്‌വോയ്‌സു നോക്കി ആ കടക്കാരന്റെ ഈമെയിലഡ്രസോന്നു പറഞെ?
  ഈ പോസ്‌റ്റ് ഒന്നു അവര്‍ക്കു ഫോര്‍വേര്‍ഡു ചെയ്‌തിട്ടു വേണം ഞങള്‍ക്കോരു ആശുപത്രി മണ്ടത്തരം വായിക്കാന്‍! 31. Anonymous said...

  കിടിലം തന്നെ മലയാളികരണം വളരെ ഇഷ്ടപ്പെട്ടു. 32. മുല്ലപ്പൂ || Mullappoo said...
  This comment has been removed by the author.


 33. Appol Shari - അപ്പോള്‍ ശരി said...

  ദൈവമേ, കഠിനവളയത്തില്‍ കടല്‍ക്കൊള്ള ചെയ്യപ്പെട്ട മൃദുലോപകരണങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ കട്ടപ്പൊക 34. വിശ്വപ്രഭ viswaprabha said...

  പല പഴങ്കഥകളിലൊന്ന് (ഭോപ്പാലിലായിരുന്നപ്പോള്‍):

  (അന്ന് കമ്പ്യൂട്ടര്‍ എന്നു പറഞ്ഞാല്‍ വലിയൊരു സാധനമായിരുന്നു. ഒരു കമ്പ്യൂട്ടര്‍ എന്നു വെച്ചാല്‍ ഒരു മുക്കാല്‍ നാസ വരും. അതുകൊണ്ട് എല്ലാര്‍ക്കും ഭയങ്കര ബഹുമാനവും. ഓഫീസുകളിലൊക്കെ കമ്പ്യൂട്ടര്‍ ഇരിക്കുന്ന മുറിക്കു രണ്ടും നാലും താഴും പൂട്ടും കാണും. മാനേജര്‍ മുതല്‍‍ ശിപായി വരെ കമ്പ്യൂട്ടറിനു മുന്നിലൂടെ പോവുമ്പോള്‍ യന്ത്രസാമഗ്രി നോക്കി ഒന്നു താണു തൊഴുകയും ചെയ്യും)

  വീടിനു തൊട്ടടുത്തുള്ള കുട്ടികളായിരുന്നു അനുവും അഖിലും അര്‍ച്ചനയും.ഞങ്ങള്‍ നാലഞ്ചു ബാച്ചലര്‍ അണ്‍കിള്‍സ് ആണ് അവരുടെ പ്രധാന സമയംകൊല്ലിഇരകള്‍‍. വെള്ളിയാഴ്ച്ച വൈകീട്ടുമുതല്‍ ഞായര്‍ ഇരുട്ടുന്നതുവരെ ഞങ്ങളുടെ വീട്ടില്‍ തന്നെ കാണും മൂന്നുപേരും.

  കാര്യം എന്താണെന്നല്ലേ? കമ്പ്യൂട്ടറില്‍ ഗെയിം കളിക്കണം എല്ലാര്‍ക്കും.

  അതിനെവിടാ കമ്പ്യൂട്ടര്‍?
  സംഘടിപ്പിക്കാമല്ലോ. ഫീല്‍ഡില്‍ നിറയെ കസ്റ്റമേര്‍സ് അല്ലേ? ശനിയും ഞായറും അവര്‍ക്കെന്തിനാ കമ്പ്യൂട്ടര്‍?

  വെള്ളിയാഴ്ച്ച എല്ലാ ഫീല്‍ഡ് എഞ്ചിനീയര്‍മാര്‍ക്കും തിരക്കോടു തിരക്കാണ്. സലിം, കണ്ണന്‍, ബോബി, പ്രസൂന്‍, ദേശായി എല്ലാവരും ഓരോ വഴിക്ക് ഇറങ്ങും. ഓരോ കസ്റ്റമേര്‍സിന്റെ അടുത്തുനിന്നും ഓരോ ഭാഗങ്ങളായി (വിശദമായ പരിശോധനയ്ക്കു വേണ്ടി) ഓഫീസിലേക്കു ഊരിക്കൊണ്ടുവരും. IGയുടെ ഓഫീസില്‍ നിന്ന് ഹാര്‍ഡ് ഡിസ്ക്, DRMഓഫീസില്‍ നിന്ന് അമ്മപ്പലക, TTTI വക പവര്‍ സപ്ലൈ, BHEL മോണിറ്റര്‍, നവോദയയുടെ കീബോര്‍ഡ്....
  ഒരു മണിക്കൂര്‍ മതി, ഒക്കെ കൂടി ഒരു കമ്പ്യൂട്ടര്‍ ആവാന്‍ വേണ്ടി. അതുകഴിഞ്ഞാല്‍ ആര്‍മ്മാദം തുടങ്ങാം.
  രണ്ടു ദിവസത്തെ ആര്‍മ്മാദത്തിനു ശേഷം എല്ലാ കഷ്ണങ്ങളും അവയുടെ പഴയ സ്ഥലങ്ങളില്‍ ‘ഞാനൊന്നുമറിഞ്ഞില്ലേ രാമന്‍ നായരേ...” എന്ന ഭാവത്തില്‍ ചെന്ന് മൂലയന്ത്രത്തില്‍ തിരിച്ചു ജോയിന്‍ ചെയ്ത് ഡ്യൂട്ടി തുടരും.

  അടുത്ത ആഴ്ച്ച വീണ്ടും അതേ നാടകം. പക്ഷേ കോമ്പൊണെന്റ്സ് വരുന്ന ഉറവിടങ്ങളൊക്കെ പരസ്പരം ക്രമം മാറിയിരിക്കും എന്നു മാത്രം.

  ആഴ്ച്ചകള്‍കൊണ്ട് നേപ്പാളി ഗൂര്‍ഖാ ധന്‍ബഹദൂര്‍ മുതല്‍ ഏഴുവയസ്സുകാരി അര്‍ച്ചന വരെ എല്ലാവരും എണ്ണം പറഞ്ഞ ഹാര്ഡ്‌വെയര്‍ ‘അസ്സെംബ്ലിസ്റ്റു’കളായി. 35. കുഞ്ഞാണ്ടി said...

  കൊള്ളാം....പതിവു പോലേ രസകരം