Monday, May 08, 2006

മറിയയുടെ ഡിസ്കും എന്റെ ഡ്രൈവും

എന്നാലും എന്റെ സഹമുറിയന്‍ ഇങ്ങനെ ഒരു പാര പണിയുമെന്ന് വിചാരിച്ചില്ല. കാശെത്രയാ എന്റെ പോയത്? അത് മാത്രമോ, എന്റെ സമയവും കളഞ്ഞു, എന്നിട്ടോ? വിചാരിച്ച കാര്യം ഒട്ടും നടന്നുമില്ല.

അവന്‍ ഇന്നലെ രാവിലെ ആരെയോ കാണാ‍നുണ്ടെന്നും പറഞ്ഞ് ഇറങ്ങിപ്പോയപ്പൊ, ദിവസം മുഴുവന്‍ കിടന്നുറങ്ങാമല്ലോ എന്ന സമത്വസുന്ദരമായ ഒരു സ്വപ്നമായിരുന്നു മനസ്സില്‍. വൈകുന്നേരം വരെ അത് ഞാന്‍ അസ്സലായി പൂര്‍ത്തീകരിക്കുകയും ചെയ്തു. എത്ര മനോഹരമായിരുന്നു ഇന്നലത്തെ ഞായറാഴ്ച്ച, അവന്‍ തിരിച്ച് വരുന്നത് വരെ.

അവന്‍ തിരിച്ച് വന്നത് ഒരു വെടിക്കെട്ട് സാധനം കൊണ്ടായിരുന്നു. പടക്കം ഒന്നുമല്ല, അതു പോലത്തെ ഒരാളുടെ ചിത്രങ്ങള്‍. ആരുടേതാണെന്നോ, മറിയ ശരപ്പോവയുടെ. അവനെ കാണാന്‍ നാട്ടില്‍ നിന്നു വന്ന ഒരു ആത്മസുഹൃത്ത്, അങ്ങിനെ കുറേ ഇക്കിളി ചിത്രങ്ങള്‍ അടങ്ങിയ ഒരു ഫ്ലോപ്പി ഡിസ്ക് കൊടുത്തിട്ടാണ് മടങ്ങിയത്. അദ്ദേഹത്തിന് വന്ദനം. അറ്റാച്ച്മെന്റ് ആയി ഒരുകോടി നന്ദിയും.

ചക്കക്കൂട്ടാന്‍ കണ്ട ഗ്രഹണിപിടിച്ച പിള്ളേരെപ്പോലെ ഞങ്ങള്‍ രണ്ട്പേരും കമ്പ്യൂട്ടറില്‍ ചാടി വീണപ്പോള്‍, ഞങ്ങളുടെ ഗ്രഹനില മോശം. വൈദ്യുതി ഇല്ല. പിന്നെ അത് വരുന്നവരെ ഉള്ള അര മണിക്കൂര്‍ ഞങ്ങള്‍ കഴിച്ച്കൂട്ടിയത് ഭക്ഷണപ്പൊതി കാത്തിരിക്കുന്ന ദുരിതാശ്വാസക്യാമ്പിലെ കുട്ടികളെപ്പോലെ ആയിരുന്നു.

കാത്ത്കാത്ത് ഇരുന്ന്, സകലദൈവങ്ങളേയും വിളിച്ച്, ഒന്ന് രണ്ട് അല്ലറ ചില്ലറ നേര്‍ച്ചകളും നേര്‍ന്ന് അവസാനം കരണ്ട് വന്നപ്പോഴോ, ഫ്ലോപ്പി റീഡ് ആകുന്നില്ല കമ്പ്യൂട്ടറില്‍. സാധുക്കള്‍ രണ്ട് പേര്‍ കൊടുത്ത ഫോപ്പി കമ്പൂട്ടര്‍ അസാധു ആണെന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും ഈ ഇരുപത്തിമൂന്നാം മണിക്കൂറില്‍. ആകെ കൊതിച്ചും പോയല്ലോ.

ഫ്ലോപ്പി ഡ്രൈവ് ഒന്നു ചൂടാക്കി നോക്കിയാലോ. അല്ലെങ്കില്‍ വേറെ നല്ല ഫ്ലോപ്പി ഇട്ട് അതിനെ റീഡ് ചെയ്യിപ്പിച്ച്, പതുക്കെ ആരും അറിയാത്ത പോലെ ഈ ഫോപ്പി ഇട്ടുനോക്കാം. ഐഡിയ !!! ഇന്ന് ഈ കമ്പ്യൂട്ടറിനെ പറ്റിച്ചിട്ട് തന്നെ കാര്യം.

കയ്യില്‍ കിടന്നിരുന്ന ഒന്ന് രണ്ട് പഴയ ഫോപ്പികള്‍ തപ്പിപ്പിടിച്ച് കൊണ്ട് വന്നു. കൂട്ടത്തില്‍ സുന്ദരനായ ഒരെണ്ണത്തിനെ ഡ്രൈവിന്റെ അണ്ണാക്കിലോട്ടിട്ടുകൊടുത്തു. ഒഹ് മൈ ഗോഡ്. അവനും റീഡ് ആകുന്നില്ല. അടുത്തതിട്ടു. അതും റീഡ് ആയില്ല. നെക്സ്റ്റ്. നെക്സ്റ്റ് ഇടാന്‍ ബാക്കി ഒന്നും ഇല്ല, ഫ്ലോപ്പി തീര്‍ന്നു.

അപ്പൊ അതാണ് പ്രശ്നം. ഫ്ലോപ്പി ഡ്രൈവ് അവന്റെ കാലാവധി തീര്‍ന്ന് സമാധി അടങ്ങി. സി.ഡി യും പെന്‍ഡ്രൈവും വന്നതോടു കൂടി ഉപേക്ഷിക്കപ്പെട്ട് കിടന്നിരുന്ന എന്റെ ഈ പൊന്ന് ഫ്ലോപ്പി ഡ്രൈവ്, അവഗണന താങ്ങാനാവതെ ആത്മഹത്യ ചെയ്തതോ, അതോ നെഞ്ച് പൊട്ടി മരിച്ചതോ? അറിയില്ല. അതാലോചിക്കാനും സമയമില്ല. മറിയയെ ഇപ്പൊ കണ്ടേ തീരൂ. ക്ഷമയുടെ പ്രാണവായു തീര്‍ന്നുകൊണ്ടിരിക്കുന്നു.

ബൈക്ക് എടുത്തു ഞായറാഴ്ച് തുറന്നിരിക്കുന്ന കമ്പ്യൂട്ടര്‍ ഷോപ്പും തപ്പി ഞങ്ങളിറങ്ങി. M.G.റോഡും, ബ്രിഗേഡ് റോഡും ഒക്കെ കറങ്ങി, പിന്നെ മജസ്റ്റിക്കിലും തപ്പി, കമ്പ്യൂട്ടര്‍ ഷോപ്പ് എങ്ങും ഇല്ല. അറിയാവുന്നവരെ ഒക്കെ വിളിച്ച് നോക്കി. അവസാനം റിങ്ങ് റോഡിലുള്ള ഒരു ഷോപ്പില്‍ നിന്ന് അഞ്ഞൂറ് രൂപയ്ക്ക് ഒരു ഫ്ലോപ്പി ഡ്രൈവും വാങ്ങി രാവേറെ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍, കിലോമീറ്ററുകള്‍ ഒരുപാട് ബൈക്ക് താണ്ടിക്കഴിഞ്ഞിരുന്നു. പക്ഷെ നമുക്ക് മാര്‍ഗ്ഗമല്ലല്ലോ, ലക്ഷ്യമല്ലേ പ്രധാനം. ഒരേ ഒരു ലക്ഷ്യം കണ്ണില്‍, ഒരേ ഒരു മന്ത്രം കാതില്‍, മറിയ, മറിയ, ഓ‌ൊ‌ൊ മറിയ.

പഴയ ഫ്ലോപ്പി ഡ്രൈവ് ഊരിപ്പറിച്ച്കളഞ്ഞ് പുതിയതിട്ട്, മറിയ കുടിയിരിക്കുന്ന ഫോപ്പി അകത്തോട്ട് കുത്തിയിറക്കി. പിന്നെ അവിടെ നടന്നത് ഒരേ സിനിമയുടെ ഫസ്റ്റ് ഷോയും സെക്കന്റ് ഷോയും പോലെ നേരത്തേ നടന്നതിന്റെ ആവര്‍ത്തനം. ഓരൊരോ ഫോപ്പികളായി പുതിയ ഡ്രൈവിലും കയറി ഇറങ്ങി. ഫലം നാസ്തി. ഒന്നും റീഡ് ആയില്ല.

അപ്പോള്‍ ഇതില്‍ നിന്ന് നമുക്ക് എന്ത് മനസ്സിലാക്കാം? പ്രശ്നം ഡ്രൈവിന്റെ ആയിരുന്നില്ല, പിന്നെയോ ? ഡിസ്കിന്റെ ആയിരുന്നു. അടുത്തുള്ള കടയില്‍ പോയി പുതിയ ഫോപ്പി വാങ്ങി രണ്ട് ഡ്രൈവിലും മാറി മാറി ഇട്ട് അത് സ്ഥിതീകരിച്ചു. അങ്ങിനെ നാലഞ്ച് മണിക്കൂര്‍ പലതും സ്വപ്നം കണ്ടതും, കിലോമീറ്റര്‍ കുറേ വണ്ടി ഓടിച്ചതും, പുതിയ ഡ്രൈവ് വാങ്ങിയതും മുഴുവന്‍ പാഴായി. കാശും പോയി, മാനവും പോയി, കൊതിച്ചതൊട്ട് കിട്ടിയതുമില്ല. രണ്ടാളും പരസ്പരം പഴിചാരിക്കൊണ്ട് പിന്നെ മൈന്‍സ്വീപ്പര്‍ കളിച്ച് സമയം കളഞ്ഞു.

ഒരു അറിയിപ്പ്: ഒറ്റത്തവണ മാത്രം ഉപയോഗിച്ച പുതിയ ഒരു ഫ്ലോപ്പി ഡ്രൈവ് വില്‍പ്പനക്ക്. വെളുത്ത നിറം. ബില്ലും ഗ്വാരന്റികാര്‍ഡും അടക്കം. വില നെഗോഷ്യബിള്‍. ഉടമസ്ഥന്‍ സ്നേഹത്തോടെ മറിയ എന്ന് വിളിക്കും.

10 comments:

  1. ശനിയന്‍ \OvO/ Shaniyan said...

    ശ്രീജിത്തേ, ‘മണ്ടന്മാര്‍ ലണ്ടനില്‘‍ എന്നത് ‘മണ്ടന്മാര്‍ ബാം‌ഗളൂരില്‍‘ എന്നു മാറ്റിപ്പറയിച്ചേ അടങ്ങൂ അല്ലേ?

    അല്ല, ഈ കാലത്തും ഇതൊക്കെ ഫ്ലോപ്പിയിലാണോ? ഞാന്‍ കരുതി ഇതൊക്കെ സീഡിയാക്കിക്കാണും എന്ന്.. തന്ന സുഹൃത്ത് ഉഗാണ്ടയില്‍ നിന്നാണോ മാഷെ? :)

    ആ മറിയ ഡ്രൈവിനെ പൂജാ മുറിയില്‍ പ്രതിഷ്ഠിക്കരുതോ?



  2. കുറുമാന്‍ said...

    മറിയേനൊട്ടും കണ്ടോമില്ല, കയ്യേലിരുന്ന കാശും പോയി അല്ലെ ശ്രീജിത്തെ? ഇതെന്തൊരു മറിയായ് പോയ്?



  3. Kumar Neelakandan © (Kumar NM) said...

    നല്ല റ്റൈറ്റില്‍.
    നല്ല അനുഭവം.
    നല്ല രസം.



  4. ദാവീദ് said...

    തൊണ്ണൂറ്റാറ്-തൊണ്ണൂറ്റേഴ് കാലത്തെ, സഹമുറിയന്റെ പുതിയ കമ്പ്യൂട്ടര്‍ ഓര്‍മ്മ വരുന്നു.

    ഭയങ്കര ആനക്കാര്യമായിട്ട് ചുള്ളന്‍ വാങ്ങിക്കൊണ്ടു വന്ന ആ കമ്പ്യൂട്ടറിന്റെ കോണ്‍ഫിഗറേഷന്‍ ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ ചിരി വരും. ബ്ലാക് & വൈറ്റ് മോണിട്ടര്‍, ടൂ ജി.ബി. ഹാര്‍ഡ് ഡിസ്ക്, 16 എം. ബി. റാം അങ്ങിനെ പോകുന്നു. ഇന്നിപ്പോള്‍ നാലു ജി.ബി. വരെ റാം ഉള്ള കമ്പ്യൂട്ടര്‍ ഓരോ പിള്ളേര് തട്ടിക്കളിക്കുന്നു.

    ഏതായാലും, അതിന്റെ ഫ്ലോപ്പി ഡ്രൈവില്‍ കുറേ മദാമ്മമാരുടെ പടം ഉള്ള ഒരു ഫ്ലോപ്പി കൊണ്ട് ഇട്ട് കണ്ടപ്പോളത്തെ ഒരു സാറ്റിസ്ഫാക്ഷന്‍. അന്ത കാലത്ത് എവിടെ ഇന്റര്‍നെറ്റ്, എന്ത് സ്ട്രീമിംഗ് വീഡിയോ.

    ശ്രീസാര്‍ എഴുതിയതും കുറെ പഴക്കമുള്ള ഓര്‍മ്മകള്‍ ആണെന്നു കരുതട്ടെ. നന്നായിട്ടുണ്ട്.



  5. കണ്ണൂസ്‌ said...

    :-)

    മരിയ ഷറപ്പോവയും അന്ന കൂര്‍ണ്ണിക്കോവയും പിന്നെ വേറേ കുറെ പേരറിയാത്ത റഷ്യന്‍ മാമമാരും ഇങ്ങനെ നെറ്റില്‍ പരന്നു കിടക്കുകയല്ലേ ജിത്തേ. ഇങ്ങനെ ആക്രാന്തം കാണിച്ചാലോ?



  6. ദേവന്‍ said...

    എന്റെ അഞ്ചു ജീബീ ഹാര്‍ഡ്‌ ഡിസ്ക്‌ (യെസ്‌ ഡി ബൈക്കിന്റെ സൌണ്ട്‌ ഉള്ളത്‌) നിറയുന്ന ശരപ്പോവമാരെ പുത്തന്‍ 20 ജീബി (അന്നതു ഹിമാലയം പോലെ വലുതാണേ) സീഗാറ്റ്‌ ഹാര്‍ഡ്‌ ഡിസ്കും അപ്പോള്‍ റെലീസ്‌ ആയ വിന്‍ഡോസ്‌ 98 എഡി 1 സീഡിയും പകരം തന്നു അഴിച്ചു സഞ്ചീലാക്കി കൊണ്ടു പോയ പൊന്നോമന സഹവാളി ഉണ്ണിക്കുട്ടന്റെ ആക്രാന്തം ഓര്‍മിപ്പിക്കുന്നു ഈ ശ്രീജിത്തന്‍



  7. വര്‍ണ്ണമേഘങ്ങള്‍ said...

    മറിയ ആളു കൊള്ളാം...!
    ഇനി അത്‌ മറിയ എന്ന പേരിലുള്ള വല്ല വൈറസുമായിരുന്നോഡൈ?



  8. സു | Su said...

    ഇപ്പോ മനസ്സിലായില്ലേ കൈയില്‍ കിട്ടിയാലും ചില മറിയായൊക്കെ മറിമായമായി പോകുമെന്ന്. അതുകൊണ്ട് അന്നേരംകൊണ്ട് വല്ല പോസ്റ്റും ഉണ്ടാ‍ക്ക്. അതാ നല്ലത്.



  9. മനൂ‍ .:|:. Manoo said...

    ഇതു വായിച്ചപ്പോള്‍ പഴയ ഒരു hostel സംഭവമാണോര്‍മ്മ വന്നത്‌.

    കഥാനായകന്‍ 'വാളു' എന്ന ഓമനപ്പേരിലറിയപ്പെടുന്ന ജെയിംസ്‌ (ഭീകരന്‍ പച്ചവെള്ളം 3 ഗ്ലാസ്സ്‌ കുടിച്ചാല്‍ തന്നെ വാളു വയ്ക്കും. മദ്യത്തിന്റെ കാര്യം പറയുന്നില്ല).

    കക്ഷി ഒരിക്കല്‍ അടിച്ചു കോണ്‍ത്തിരിഞ്ഞ്‌ റൂമിലെത്തിയപ്പോള്‍, തന്റെ എല്ലാ വസ്തുവഹകള്‍ക്കും സ്ഥാനഭ്രംശം സംഭവിച്ചിരിക്കുന്നു. കോപാക്രാന്ദനായി ജൂനിയര്‍ പിള്ളേരെ വിരട്ടി, സംശയത്തിന്റെ പേരില്‍ തൊട്ടടുത്തുള്ള റൂമില്‍ കയറി അവിടുള്ളതെല്ലാം വാരിവലിച്ചിട്ട്‌, പിന്നെ എല്ലാം തന്റെ തോന്നല്‍ മാത്രമല്ല എന്നു സ്വയം വിശ്വസിപ്പിക്കാന്‍ രണ്ടുതവണ കുളിയും കഴിഞ്ഞ്‌ inmates- നെയെല്ലാം എന്തൊയ്ക്കെയോ കാണിച്ചു കൊടുക്കുമെന്നെല്ലാം പ്രലോഭിപ്പിച്ച്‌, പതിവുപോലെ തന്റെ കലാപരിപാടികളും കഴിഞ്ഞ്‌ അതിനടുത്തു തറയില്‍ത്തന്നെ കിടന്നുറക്കം പിടിച്ചു.

    ചവിട്ടുകൊണ്ടാണു താന്‍ ഉറക്കമുണര്‍ന്നതെന്നു ഇന്നും അവന്‍ സമ്മതിക്കില്ലെങ്കിലും, യഥാര്‍ഥ ഉടമസ്ഥന്‍ തന്റെ മുറി വാളുകൊണ്ടലങ്കരിച്ചിരിക്കുന്നതു കണ്ട്‌ അവന്റെ അടിനാഭിയ്ക്കാണു തന്റെ കാല്‍ പ്രയോഗിച്ചതെന്നാണ്‌ ദൃക്‌സാക്ഷികള്‍ report ചെയ്തത്‌.

    ............

    രോഷാകുലനായി താന്‍ ചിന്നഭിന്നമാക്കിയ മുറി സ്വന്തം മുറിതന്നെയായിരുന്നെന്നു തിരിച്ചറിയാന്‍ അദ്ദേഹത്തിനു വീണ്ടും 8 മണിക്കൂര്‍ കൂടി ഉറങ്ങേണ്ടിയും വന്നു.

    ............

    'മണ്ടത്തരങ്ങള്‍' തുടരുവാന്‍ പറയുന്നില്ല. നീ എന്തെങ്കിലുമൊക്കെ എന്നും ചെയ്താല്‍ മാത്രം മതി ശ്രീജിത്‌ ;)



  10. Anonymous said...

    hi sree,
    As a new blogger it is verry intresting to read you,
    it inspiring me to become one like u(even i read 4 only)
    it put me back into old ages
    will be back with more
    anandg