ആരിഫും തുളസിയും പിന്നെ ഞാനും
ഈ കഥയ്ക്ക് മരിച്ചുപോയ ആരുമായും യാതൊരുവിധ സാമ്യവും ഇല്ലെങ്കിലും ജീവിച്ചിരിക്കുന്ന ചിലരുമായി വളരെയധികം സാമ്യത ഉണ്ടെന്ന് ആദ്യമേ പറഞ്ഞ് കൊള്ളട്ടെ. നിങ്ങള്‍ക്കും അത് തോന്നിയെങ്കില്‍ അത് യാദൃശ്ചികമല്ല. അത് തന്നെയാണ് എന്റെ ഉദ്ദേശ്യവും.
രംഗം 1, സീന്‍ 1, എടുപ്പ് (ടേക്ക്) 1
കഴിഞ്ഞതിന് മുന്‍പത്തെ ആഴ്ചയിലെ വെള്ളിയാഴ്ച. സീന്‍ എന്റെ മുറി. സ്ക്രീനില്‍ എന്റെ മൊബൈല്‍. തികഞ്ഞ നിശബ്ദത. പെട്ടെന്ന് ഫോണ്‍ ശബ്ദിച്ചു. യൂ ആന്റ് ഐ എന്ന ഹച്ചിന്റെ യുഗ്മഗാനം മുറിയില്‍ മുഴങ്ങി.
പെട്ടെന്ന് പിറകില്‍ നിന്ന് ഞാന്‍ രംഗപ്രവേശനം ചെയ്യുന്നു. ഹച്ചിന്റെ പട്ടി ഓടി വരുന്ന പോലെ കിതച്ച് കിതച്ച് വന്ന് ഫോണില്‍ നോക്കുന്നു. വളരെ ദുര്‍ലഭമായി വരുന്ന കോള്‍ അപ്രതീക്ഷിതമായി വരുന്നതിന്റെ സന്തോഷം എന്റെ മുഖത്ത്.
പരിചയം ഉള്ള നമ്പര്‍ അല്ല. കണ്ടിട്ട് എറണാകുളം എസ്.റ്റി.ഡി കോഡ് പോലെ ഉണ്ട്.
ഞാന്‍ ഫോണ്‍ എടുത്തു.
ഞാന്‍: ഹലോ
അപ്പുറം: ഹലോ
ഞാന്‍: ആരാണ്?
അപ്പുറം: ശബ്ദം കേട്ടിട്ട് മനസ്സിലായില്ലേ?
ഞാന്‍: ഇല്ലല്ലോ. ആരാണെന്ന് പറയൂ.
അപ്പുറം: ഒന്ന് ഊഹിച്ച് നോക്കിക്കേ
ഞാന്‍: ദയവായി എന്നോട് എന്റെ തലച്ചോര്‍ ഉപയോഗിക്കാന്‍ മാത്രം പറയരുത്. പിന്നെ എനിക്ക് രണ്ട് ദിവസം തലവേദന തന്നെ ആയിരിക്കും.
അപ്പുറം: എന്നാലും ...
ഞാന്‍: എസ്.റ്റി.ഡി കോഡ് കണ്ടിട്ട് എറണാകുളം പോലെ ഉണ്ട്. ഒരു ക്ലു തരുമോ?
അപ്പുറം: ഒരു ബ്ലോഗ്ഗര്‍ ആണ്.
ഞാന്‍: അപ്പൊ തുളസി, അല്ലേ?
അപ്പുറം: അതെ.
ഞാന്‍: കണ്ടു പിടിച്ചേ കണ്ടു പിടിച്ചേ
അപ്പുറം: (ചിരി)
ഞാന്‍: എന്തുണ്ട് വിശേഷം, തുളസീ
അപ്പുറം: പ്രത്യേകിച്ച് ഒന്നുമില്ല, വെറുതേ വിളിച്ചതാ.
ഞാന്‍: നീ ഓഫീസില്‍ നിന്നണോ വിളിക്കുന്നത്? രാത്രിയായല്ലോ, തിരക്കാണോ അവിടെ?
അപ്പുറം: ഹ്‌മ്മ്. കുറച്ച്.
ഞാന്‍: ബ്ലോഗ്ഗ് നന്നാവുന്നുണ്ട് കേട്ടോ.
അപ്പുറം: താങ്ക്സ്.
ഞാന്‍: എന്റെ ബ്ലോഗില്‍ കമന്റുകള്‍ ഒന്നും കാണുന്നില്ല. നീ ഇടയ്ക്കിടയ്ക്ക് വന്നിട്ട് അടിപൊളി പോസ്റ്റ് എന്ന് പറഞ്ഞ് സഹായിക്കണം, കേട്ടോ.
അപ്പുറം: എന്നെക്കൊണ്ട് അത്ര വലിയ പാതകം ചെയ്യിപ്പിക്കണോ?
ഞാന്‍: ഒരു ചേതമില്ലാത്ത ഉപകാരം അല്ലേ. എന്നെ ഒന്ന് രക്ഷിച്ചു താടാ.
അപ്പുറം: പിന്നെ, നീ ഡാഫോഡിത്സ് ഗ്രൂപ്പില്‍ എന്തൊക്കെയോ പ്രശ്നമുണ്ടാക്കിയെന്ന് കേട്ടല്ലോ.
ഞാന്‍: നീ ആ ഗ്രൂപ്പില്‍ അംഗമാണോ?
അപ്പുറം: അല്ല. പക്ഷെ ഞാന്‍ അറിഞ്ഞു.
ഞാന്‍: ഇബ്രു ആണോ പറഞ്ഞത്?
അപ്പുറം: അതെ.
ഞാന്‍: പ്രശ്നമൊന്നുമില്ലെടാ, ആരിഫ് നാട്ടില്‍ വന്നിട്ടുണ്ടല്ലോ. അപ്പൊ മെയില്‍ വായിക്കുന്നുണ്ടാവില്ല എന്ന വിശ്വാസത്തില്‍ ഞാന്‍ അവനിട്ട് കുറേ പാരകള്‍ ഗ്രൂപ്പില്‍ അയച്ചു. അത്രേയുള്ളൂ.
അപ്പുറം: ആരിഫോ? അതാരാ?
ഞാന്‍: നീ ആറിയില്ലേ ആരിഫിനെ, ആരിഫ് ബ്രഹ്മകുളം?
അപ്പുറം: ഇല്ലല്ലോ? ബ്ലോഗ് ഉണ്ടോ പുള്ളിക്ക്.
ഞാന്‍: ഉണ്ട്. ഇളംതെന്നല്‍ എന്ന പേരിലാ.
അപ്പുറം: അങ്ങിനെ ഒരു ബ്ലോഗോ ! ഞാന്‍ കണ്ടിട്ടില്ല.
ഞാന്‍: അത് അതിശയം തന്നെ കണ്ടിട്ടില്ല എന്ന് പറഞ്ഞാല്‍. നീ കണ്ടിട്ടുണ്ടാകും മറന്നതായിരിക്കും.
അപ്പുറം: ആവോ. ഒട്ടും ഓര്‍മ്മ കിട്ടുന്നില്ല.
ഞാന്‍: ഉള്ളത് പറഞ്ഞാല്‍, ആ ബ്ലോഗ് നീ മറന്നതിലും വലിയ അദ്ഭുതമില്ല. വലിയ നിലവാരം ഒന്നും പുലര്‍ത്താത്ത ഒരു ബ്ലോഗ് ആണ് അത്. ഞാന്‍ തന്നെ പണ്ടെപ്പോഴോ കണ്ടതാ.
അപ്പുറം: എന്നാലും നീ പറഞ്ഞ സ്ഥിതിക്ക് ഞാനൊന്ന് നോക്കാം.
ഞാന്‍: അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. പോരാണ്ട് പണ്ടൊരിക്കല്‍ നിന്റെ ബ്ലോഗിന്റെപ്പറ്റി ഞാനവനോട് ചോദിച്ചപ്പോ അവന്‍ മോശം അഭിപ്രായമാണ് പറഞ്ഞത്.
അപ്പുറം: അവന്‍ സത്യത്തില്‍ അങ്ങിനെ പറഞ്ഞോ?
ഞാന്‍: പറഞ്ഞെടാ, നിനക്കെന്നെ വിശ്വാസമില്ലേ?
അപ്പുറം: എന്ന് ചോദിച്ചാല്‍,... ആട്ടെ, അവനെന്ത് പാരയാണ് ഗ്രൂപ്പില്‍ നീ വച്ചത്?
ഞാന്‍: അവന്റെ മറുപടി പെട്ടെന്ന് വരില്ലെന്ന് ഉറപ്പല്ലേ, അത് കൊണ്ട് അവന്‍ ആള്‍ ഒരു നുണയനും, പരദൂഷണക്കാരനും, വിവരം കെട്ടവനും ആണെന്നൊക്കെ ഞാന്‍ ഗ്രുപ്പിലിട്ടു.
അപ്പുറം: അയ്യോ !!!
ഞാന്‍: നീ എന്തിനാ ഞെട്ടുന്നത്?
അപ്പുറം: എന്നാലും ഒരു ബ്ലോഗ്ഗറെക്കുറിച്ച് നീ ...
ഞാന്‍: അതിന് നീ ഇപ്പോഴേ ഞെട്ടിയാലോ, ഞാന്‍ തുടങ്ങിയിട്ടേ ഉള്ളൂ. അവനിനിയും പാരകള്‍ വരുന്നുണ്ട് എന്റെ വക.
അപ്പുറം: ഇനി എന്താ പരിപാടി?
ഞാന്‍: ഇനിയും എന്തെല്ലാം ചെയ്യാന്‍ കിടക്കുന്നു. അവന്റെ ബ്ലോഗുകള്‍ മുഴുവനും മോഷണമാണെന്നും, മഹാ പറ്റിപ്പ് കേസാണെന്നും ഒക്കെ ഞാന്‍ പറയാന്‍ കിടക്കുന്നു.
അപ്പുറം: അവനിതറിഞ്ഞാല്‍ ...
ഞാന്‍: അവന്‍ കുറെ കഴിഞ്ഞല്ലേ അറിയൂ. അപ്പോഴേക്കും ഞാന്‍ ഇതൊക്കെ ഒരു തമാശയല്ലേ ചേട്ടാ എന്ന് പറഞ്ഞ് സോപ്പിട്ട് ഊരൂലേ.
അപ്പുറം: എടാ പഹയാ. നിന്റെ മൊത്തം കുരുട്ട് ബുദ്ധി ആണല്ലോ.
ഞാന്‍: ഹി ഹി. എന്നെ സമ്മതിക്കണം.
അപ്പുറം: അത് വേണം. നിനക്ക് ഞാന്‍ ആരാന്ന് മനസ്സിലായോ?
ഞാന്‍: നീ തുളസിയല്ലേ?
അപ്പുറം: എടാ മണ്ടന്മാരുടെ രാജാവേ, ഞാന്‍ ആരിഫാടാ.
സീന്‍ ഇവിടെ തീരുന്നു, എടുപ്പും. രംഗം തീരുന്നില്ല, എന്റെ കഷ്ടകാലവും. പിന്നീട് അവിടെ നടന്ന സംഭാഷണം ഞാന്‍ നിങ്ങളുടെ യുക്തിക്ക് വിട്ട് തരുന്നു.
***
ആരിഫിന്റെ നിര്‍ബന്ധപ്രകാരം ഈ സംഭാഷണം ഇവിടെ ഇടുന്നു. ഈ ചമ്മല്‍ മാറിയിട്ടേ ഇവിടെ ഇടുന്നുള്ളൂ എന്ന് അവനോട് പറഞ്ഞത് ഞാന്‍ പാലിക്കുന്നില്ല. ഈ ചമ്മല്‍ എനിക്ക് ഈ ജന്മം മാറുമെന്ന് തോന്നുന്നില്ല. ആരിഫിന് എന്നെ അറിയാവുന്നതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല എന്ന് പ്രത്യേകം പറഞ്ഞ് കൊള്ളട്ടെ. ഇടയിലേക്ക് അനാവശ്യമായി വലിച്ചിഴച്ച ഇബ്രുവിനോടും തുളസിയോടും എന്റെ ക്ഷമാപണം.
13 comments:
ഹാ ഹാ ഹാ!
സൂപ്പര്‍ ശ്രീജിത്തേ...
ഡൈലോഗുകള്‍ + പോസ്റ്റ് , ഇതു വരെയുള്ള മണ്ടത്തരങ്ങളില്‍ വച്ചേറ്റവും ഇഷ്ടപ്പെട്ടു!!
:-)) ഉഗ്രന്‍!
ഈ പാവത്തിന്റെ വീട്ടില്‍ വന്നിട്ട്, ശ്രീജിത്തേ നല്ല മണ്ടത്തരം കേട്ടോ, ശ്രീജിത്ത് ഇത്രേം മണ്ടനാണെന്ന് ഓര്‍ത്തില്ല. ഇത്തവണത്തെ മണ്ടത്തരം കഴിഞ്ഞ തവണത്തേതിനേക്കാളും ബെസ്റ്റ് കേട്ടോ, അടുത്ത മണ്ടത്തരം എപ്പോഴാ എന്നൊക്കെ കണ്ണില്‍ ചോരയില്ലാതെ ചോദിക്കാന്‍ എന്തോ എനിക്കങ്ങ് മനസ്സുവരുന്നില്ല. എന്നുവെച്ച് പറയാതിരിക്കാനും പറ്റുന്നില്ല.
ശ്രീജിത്തേ, നല്ല മണ്ടത്തരം കേട്ടോ. ഫോണില്‍ കൂടി ഒച്ച കേട്ടുപിടിക്കുന്ന ടെക്‍നോളജി എനിക്കിതുവരെ പിടികിട്ടിയിട്ടില്ല. ഹലോ-ആരാ-ഇതു ഞാനാ- പരിപാടിയാണ് എനിക്ക് ഏറ്റവും പേടിയുണ്ടാക്കുന്ന ഒരു കാര്യം.
തന്നെത്തന്നെ നോക്കി ചിരിക്കാന്‍ പറ്റുന്നവനണ് ഏറ്റവും വലിയെ തത്വജ്ഞാനി എന്നു പണ്ടു അരിസ്ട്രൊക്രാറ്റ് പറഞ്ഞത് ശ്രീജിത്തിനെ ഉദ്ദേശിച്ചാണ്... ശ്രീജിത്തിനെ മാത്രം ഉദ്ദേശിച്ചാണ്... ശ്രീജിത്തിനെ തന്നെ ഉദ്ദേശിച്ചാണ്...
ഹി!ഹി!ഹി!
മോനേ, മണ്ടാ, മരമണ്ടാ, ശ്രീജിത്തേ,
എന്റെ ബ്ലോഗിനെപ്പറ്റി പറയാന്‍ ഉള്ളതൊക്കെ എന്നോട് പറയണേ. വേറെ ആരോടെങ്കിലും പറഞ്ഞൂന്ന് ഞാന്‍ അറിഞ്ഞാല്‍...ങാ ഹാ...
ഞാന്‍ അവരോട് ചോദിച്ച് മനസ്സിലാക്കിക്കോളാം. അല്ലാതെന്ത് ചെയ്യാന്‍?
ശ്രീജിയാരാ മോന്‍.
ഇത് മണ്ടത്തരമൊന്നുമല്ല.
കുറേനാള്‍ മുന്‍പ് കോട്ടയം നസീര്‍ ഒരു റ്റിവി പരിപാടിയില്‍ സ്ഥിരം കാണിച്ചിരുന്ന നമ്പരല്ലേ.
കോപ്പിയടി കോപ്പിയടി.
എന്നിട്ട് മുന്‍കൂറായി മണ്ടത്തരം എന്നു പറഞ്ഞാല്‍ മതിയല്ലോ ;)
sreekuttaa..
post kalakki...
enne kurichu paranja paradhooshanathinte pakuthi nee edit cheytho....
hmm enikkum oru divasam varum ..
എന്നെപ്പറ്റി എന്തായാലും ഒന്നും പറയില്ലാന്നു എനിക്കുറപ്പുണ്ട്. ഇനിയിപ്പോള്‍ മണ്ടന്‍ എന്നു മാത്രമല്ല പരദൂഷണം എന്ന പേരു കൂടി വരും. എന്തിനാ???....
മണ്ടന്‍മാരുടെ സ്ത്രീലിംഗത്തിന്
തെലങ്കാനയുമായി സാമ്മ്യമുണ്ടത്രേ.....അതാണത്രേ അവര്‍ എല്ലാത്തിനുമൊപ്പം....മണ്ടീ...മണ്ടീ എന്നു ചെര്‍ക്കുന്നത്......
അവലംബം:
മണ്ടപ്പീടിയ.കോം/ശ്രീജിത്ത്. എച്റ്റീമ്മെല്‍
ഇദ്ദേഹം ലോക ശ്രീജിത്തരത്തിന് മൊത്തപ്പടി വിലപറയുന്ന ലക്ഷണമാണല്ലോ മാഷുമ്മാരേ..
എന്തരെടേയ്? ചിരി ചിരിയോ...
ആരിഫേ, ഇതൊക്കെ സത്യം തന്നേ? താങ്കളുടെ വെര്‍ഷന്‍ കൂടെ കേട്ടാല്‍ നന്നായിരുന്നു ;-)
മഹാകാവ്യം എഴുതി മഹാകവി ആകുമ്പോലെ
ബൂലോഗമണ്ടത്തരം കാട്ടി ബൂലോഗ മണ്ടന്‍ ആകാന്‍ ശ്രമം ആണോ?
മണ്ടത്തരങ്ങള്‍ ഏറ്റുവാങ്ങാന്‍ ശ്രീജിത്തിന്‍റെ ജീവിതം പിന്നെയും ബാക്കി.
ഏതായാലും മണ്ടത്തരങ്ങളില്‍ ഒരു വെറൈറ്റി കാത്തുസൂക്ഷിക്കുന്നുണ്ട്.
ഹാഹഹഹ...
ആരിഫ് ഇത് മുമ്പ് പറഞ്ഞിരുന്നു. പക്ഷെ, അവന്‍ നിന്നോട് പാവം തോന്നിയത് കൊണ്ട് കുറച്ച് മയത്തിലാണ് പറഞ്ഞത്. പക്ഷെ, ഇത് വായിച്ചപ്പോള്‍ എനിക്ക് തോന്നുന്നു... ഞാനായിരുന്നെങ്കില്‍, ആ നിമിഷം തന്നെ ബാംഗ്ലൂരിലേക്ക് വണ്ടി കയറിയേനെ..
Post a Comment