Wednesday, September 27, 2006

പുതിയ കമ്പ്യൂട്ടര്‍, പുതിയ മണ്ടത്തരം

അങ്ങിനെ ഞാന്‍ ഒരു കമ്പ്യൂട്ടര്‍ വാങ്ങി.

ഒരോ ഭാഗങ്ങളുടേയും (കോമ്പണന്റ്സ്) ആദ്യം ഉള്ള കവര്‍പൊട്ടിച്ച്, ചൂടാറാതെ എന്റെ മുന്നില്‍ വച്ച് തന്നെയാണ് അവര്‍ എനിക്ക് കമ്പ്യൂട്ടര്‍ സംയോജിപ്പിച്ചു തന്നത്. എന്നിട്ട്, കള്ളക്കടത്ത് സാധനം കൈമാറുന്നതുപോലെ ആ കമ്പ്യൂട്ടര്‍ എന്റെ കയ്യില്‍ തന്ന് ആരെങ്കിലും കാണുന്നതിനു മുന്നേ വേഗം പൊയ്ക്കോ എന്നും പറഞ്ഞ് എന്നെ കടയില്‍ നിന്ന് ഓടിച്ചും വിട്ടു. നോക്കണേ പൂരം.

കമ്പ്യൂട്ടറിന്റെ അസംസ്കൃത സാധനങ്ങളെല്ലാം വീട്ടില്‍ ഒരു ഓട്ടോയില്‍ കൊണ്ട് വന്ന്‍, “കാശ് കൊടുത്തതും പോര, ചുമക്കുകയും വേണം” എന്ന ദുരിതം ഓര്‍ത്ത് സ്വന്തം സമയത്തെ തെറി വിളിച്ച് കൊണ്ട്, അവനവന്റെ തലവര മായാതെ ശ്രദ്ധിച്ച് തലയില്‍ എല്ലാം ചുമന്ന് കൊണ്ടുവന്ന്, സമ്മാനപ്പൊതി തുറക്കുന്ന ആക്രാന്തത്തോടെ എല്ലാ കവറും പൊളിച്ച്, കമ്പ്യൂട്ടര്‍ അസ്തികൂടത്തിന്റെ ഭാഗമായ എല്ലാ സാമഗ്രികളും പുറത്തെടുത്ത്, അവര്‍ തന്നെ‍ ഒരു പായ്ക്കറ്റില്‍ തന്ന് വിട്ട വയറുകള്‍ തലങ്ങും വിലങ്ങും ഔചിത്യമനുസരിച്ച് കുത്തി, സിസ്റ്റം ഞാന്‍ ഓണാക്കി.

“ഹാര്‍ഡിസ്ക് കാണാനില്ലല്ലോ, നീ ഇതിന്റെ അകത്ത് തന്നെയല്ലേ അത് വച്ചത്, ഒന്നൂടെ ഒന്നോര്‍ത്ത് നോക്കിക്കേ” എന്ന കന്നി‌എറര്‍ എന്റെ പുത്തന്‍ മോണിട്ടറില്‍ തെളിഞ്ഞു.

ഞെട്ടി. പക്ഷെ പതറിയില്ല. ഇത് ഞാന്‍ എത്ര കണ്ടിരിക്കുന്നു.

കയ്യില്‍ ഉണ്ടായിരുന്ന ബൂട്ടബിള്‍ സി.ഡി. ഇട്ട് ഞാന്‍ ഈ ഒളിഞ്ഞിരുന്ന ഹാര്‍ഡ്‌ഡിസ്കിനെ കണ്ട് പിടിച്ചു. അവനെ പല തുണ്ടങ്ങളാക്കി(പാര്‍ട്ടീഷന്‍) മുറിച്ച്, ആദ്യത്തെ തുണ്ടത്തില്‍ ജനല്‍(വിന്‍ഡോസ്) പിടിപ്പിക്കുകയും ചെയ്തു. ആയ പടി കഴിഞ്ഞതോടുകൂടി ഞാന്‍ കമ്പ്യൂ‍ട്ടര്‍ ചരിതം രണ്ടാം ഘണ്ഡത്തിലേക്ക് കടന്നു. കയ്യില്‍ ഉണ്ടായിരുന്ന മുഴുവന്‍ സീ.ഡി.-യിലേയും മൃദുല‌ഉപകരണങ്ങള്‍(സോഫ്റ്റ്വേര്‍) ഞാന്‍ ഒന്നിനു പിറകേ ഒന്നായി എന്റെ ഗണനഗുണനത്വരിതയന്ത്രത്തില്‍ കുടിയിരുത്തി.

രണ്ടാമത്തേതും അവസാനത്തേതുമായ ഭാഗം കഴിഞ്ഞു. ഇനി എന്ത്? അലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല. ആറ്റ് നോറ്റ് വാങ്ങിയ കമ്പ്യൂട്ടര്‍ ദാ മുന്നില്‍ നില്‍ക്കുന്നു. ഒന്നും ചെയ്യാനുമില്ല. കാശ് പോയോ എന്റെ ഈശ്വരാ, കമ്പ്യൂട്ടര്‍ വാങ്ങിയത് ഒരു മണ്ടത്തരമായോ? ടെന്‍ഷനായി.

പെട്ടെന്ന്, എന്റെ ആത്മാവിന്റെ അന്തരാളങ്ങളില്‍ നിന്ന് ഒരു ഉള്‍വിളി ഉണ്ടായി.

സ്ക്രൂ‍.

അതെ, സ്ക്രൂ. ആ സാധനം കണ്ട് പിടിച്ചവനെ തല്ലണം. എപ്പൊ എന്ത് സാധനം വാങ്ങിയാലും അതില്‍ മുഴുവന്‍ സ്ക്രൂ ആണ്. എനിക്കാണെങ്കില്‍ സ്ക്രൂ‍ ഉള്ള എന്ത് സാധനം കയ്യില്‍ കിട്ടിയാലും അപ്പോള്‍ അത് മുഴുവന്‍ അഴിച്ച് പണിയണം. (ഇത് ഒരു രോഗമാണോ, ഡോക്റ്റര്‍!). അതിന് പറ്റിയില്ലെങ്കില്‍ ആ ഉപകരണം ഉപയോഗിക്കാന്‍ തന്നെ താല്‍പ്പര്യം ഉണ്ടാകില്ല. പുതുമണം മാറാത്ത ഒരു ഉപകരണത്തിന്റെ സ്ക്രൂ‍ ഊരുന്ന സന്തോഷം അതുപയോഗിച്ചാല്‍ കിട്ടുമോ? എന്റെ കമ്പ്യൂട്ടറും ഒട്ടും വ്യത്യസ്ഥമായിരുന്നില്ല. ആഫ്റ്റര്‍‌ഓള്‍ ഇറ്റ്സ് ആള്‍സോ ആന്‍ ഉപകരണം വിത്ത് സ്ക്രൂ‍.

മനസ്സെത്തുന്നിടത്ത് കയ്യെത്തണം, കയ്യെത്തുന്നിടത്ത് സ്ക്രൂ-ഡ്രൈവര്‍ ഉണ്ടാകണം എന്നതാണ് എന്റെ ആപ്തവാക്യം. എപ്പോഴാണ് ഒരു ആവശ്യം വരുന്നതെന്ന്(സ്ക്രൂ ഊരാന്‍ മുട്ടുന്നതെന്ന്) പറയാന്‍ പറ്റില്ല. പര്‍സില്‍ വയ്ക്കാന്‍ പറ്റുന്ന ഒരു സ്ക്രൂ-ഡ്രൈവര്‍ അന്വേഷിച്ച് നടക്കുകയാണ് ഇപ്പോള്‍ ഞാന്‍. ഒരു യാത്രയ്ക്കിടയിലോ ഒരു ചടങ്ങിന്റെയിടയിലോ, അല്ലെങ്കില്‍ ഞാന്‍ ഓഫീസില്‍ ഇരിക്കുന്ന സമയത്തോ മേല്‍പ്പറഞ്ഞ മുട്ടല്‍ വന്നാല്‍? അപ്പോള്‍ എന്റെ ത്വര ഞാന്‍ എങ്ങിനെ അടക്കും, എന്റെ ശുഷ്കാന്തി ഞാന്‍ എങ്ങിനെ കാണിക്കും? റിസ്ക് എടുക്കാന്‍ പാടില്ലല്ലോ. അപ്പോള്‍ പറഞ്ഞ് വന്നത്, ഞാന്‍ കൈ നീട്ടിയാല്‍ കിട്ടുന്നിടത്ത് ഒരു സ്ക്രൂ-ഡ്രൈവര്‍ ഉണ്ടായിരുന്നെന്നും അതെന്റെ കൈയ്യില്‍ കിട്ടിയെന്നും മാത്രമാകുന്നു.

അങ്ങിനെ പുറംചട്ടയുടെ (ക്യാബിനറ്റ്) ഒരു വശം ഞാന്‍ ഊരി. അകത്തേക്ക് നോക്കിയപ്പോള്‍ എന്തോ ഒരു അസംതൃപ്തിക്കുറവില്ലായ്മ. കഠിനവളയം(ഹാര്‍ഡ്‌ഡിസ്ക്) പുറംചട്ടയുടെ ഏറ്റവും താഴെയാണ് വച്ചിരിക്കുന്നത്. ഒതുക്കവളയത്തിന്റെ(സി.ഡി) സ്ഥാനം മുട്ട്ശാസ്ത്രപരമായി തെറ്റിച്ചാണ് പിടിപ്പിച്ചിരിക്കുന്നത്; എന്നു വച്ചാല്‍ സി.ഡി ഡ്രൈവ് പുറത്തേക്ക് വരുമ്പോള്‍ എന്റെ കാല്‍മുട്ടില്‍ ഇടിക്കുന്നു, അത് മുകളിലേക്ക് മാറ്റണം. പിന്നെ പണ്ട് മറിയയുടെ ഡിസ്ക് നോക്കാന്‍ വാങ്ങിയ ഡ്രൈവ് ഒന്ന് വെറുതേ കിടപ്പുണ്ട്. അതും പിടിപ്പിക്കണം. പുതിയ കമ്പ്യൂട്ടറില്‍ ഞാന്‍ ഫ്ലോപ്പി ഡ്രൈവ് വാങ്ങി വച്ചിട്ടില്ലായിരുന്നു, ഫ്ലോപ്പി എന്നേ നമ്മുടെ മനസ്സില്‍ നിന്നും കമ്പ്യൂട്ടറില്‍ നിന്നും പുറത്തായി.

അങ്ങിനെ ഞാന്‍ ഹാര്‍ഡ്‌ഡിസ്കിന്റെ സ്ക്രൂ ഊരി, ഹാര്‍ഡ്‌ഡിസ്കിനെ ക്യാബിനറ്റിന്റെ മധ്യഭാഗത്തായി പുനപ്രധിഷ്ഠിച്ചു. അടുത്തതായി ഹാര്‍ഡ്‌ഡിസ്കിന്റെ അടിയില്‍ ഫ്ലോപ്പി ഡ്രൈവ് വയ്ക്കാന്‍ നോക്കിയപ്പോള്‍ അതും ഹാര്‍ഡ്‌ഡിസ്കും തമ്മില്‍ വല്ലാത്ത ഒരു അടുപ്പം. മുട്ടിയിരുമ്മി നില്‍ക്കുന്നത് കണ്ടാല്‍ ആപാദചൂടം ഒട്ടി ജനിച്ച സയാമീസ് ഇരട്ടകളെപ്പോലെയുണ്ട്. ഇങ്ങനെ അടുപ്പിച്ച് വച്ച്, ക്യാബിനറ്റിന്റെ വാതിലും അടച്ചാല്‍, അകത്തെ ഇരുട്ടില്‍ ... ഓഹ്. നോ. അത് വേണ്ട.

ഹാര്‍ഡ്‌ഡിസ്ക് അവിടുന്ന് ഊരി കുറച്ച് മുകളില്‍ വച്ചു. അപ്പോള്‍ മറ്റൊരു പ്രശ്നം. അമ്മപ്പലകയുടെ (മതര്‍ബോര്‍ഡ്) വയര്‍ കുത്താന്‍ സ്ഥലമില്ല. വീണ്ടും സ്ക്രൂ‍ ഊരി ഹാര്‍ഡ്‌ഡിസ്ക് കുറച്ചും കൂടി മുകളില്‍ വച്ചു. അപ്പോള്‍ ബാക്കി ഉള്ള സ്ഥലം സി.ഡി. ഡ്രൈവിന് തികയില്ല. ആകെ പ്രശ്നമായി. ഇനി എന്ത് ചെയ്യും!

അത്രയ്ക് അഹങ്കാരം പാടില്ലല്ലോ ഒരു ഡിസ്കിന്. നീ താഴെ തന്നെ കിടന്നാല്‍ മതി. അവനെ ആദ്യം കിടന്നിടത്ത് തന്നെ വീണ്ടും കൊണ്ട് വച്ചു. അവിടെ കിട. അവനത് പിടിച്ചില്ലെന്ന് തോന്നുന്നു. ഞാന്‍ വിവരവയര്‍ (ഡാറ്റ കേബിള്‍) കുത്താന്‍ നോക്കുമ്പോള്‍ അവനൊരു വൈക്ലഭ്യം. അയ്യോ, അത് വയര്‍ തിരിഞ്ഞ് പോയതാ, സോറി. തിരിച്ച് കുത്തിയപ്പോള്‍ ശരിയായി. ഫ്ലോപ്പി ഡ്രൈവും വയ്ക്കാനുള്ള മൂട് പോയി. അല്ലേലും ഡ്രൈവ് വച്ചാല്‍ അത് പിന്നെ ടെസ്റ്റ് ചെയ്യാന്‍ ഞാന്‍ വേറെ ഫ്ലോപ്പി വാങ്ങണം, എന്റെ കയ്യില്‍ അഞ്ചിന്റെ തുട്ട് എടുക്കാനില്ല. അതും ഡ്രോപ്ഡ്. എങ്കിലും, സി.ഡി. ഡ്രൈവ് മാറ്റി പിടിപ്പിച്ചത് കാരണം സ്ക്രൂ‍ ഊരിയത് ഒരു നഷ്ടമായില്ല.

വീണ്ടും കമ്പ്യൂട്ടര്‍ ഓണാക്കി. സി.ഡി.ഡ്രൈവ് മാറ്റിക്കുത്തിയത് കമ്പ്യൂട്ടര്‍ ഏറര്‍ ആയി കാണിക്കേണ്ട കാര്യമില്ലാത്തത് കാരണം ഒരു എററും പ്രതീക്ഷിച്ചില്ല ഞാന്‍ ഇപ്രാവശ്യം. വിചാരിച്ചത് പോലെ എറര്‍ ഒന്നും വന്നില്ല. പക്ഷെ എന്നിട്ടും ഞാന്‍ ആകെ ടെന്‍ഷനായി. എററെങ്കിലും ഒന്ന് വന്നിരുന്നെങ്കില്‍ എന്ന് വിചാരിച്ചു പോയി. കാരണം എറര്‍ പോയിട്ട് എ പോലും സ്ക്രീനില്‍ തെളിയുന്നില്ല. കുറച്ചും കൂടി വ്യക്തമാക്കിയാല്‍, കമ്പ്യൂട്ടര്‍ ഓണാകുന്നില്ല.

പണി പാളി. എന്തോ കുഴപ്പം/മണ്ടത്തരം ഞാന്‍ ഒപ്പിച്ചു. എന്താണെന്ന് പ്രദമവിവരറിപ്പോര്‍ട്ടില്‍ വ്യക്തമല്ല. വീണ്ടും ഞാന്‍ സ്ക്രൂ ഊരി. ആദ്യദര്‍ശനത്തില്‍ കുഴപ്പമൊന്നും കാണുന്നില്ല. വീണ്ടും വീണ്ടും ഞാന്‍ ഓണ്‍ സ്വിച്ചിനെ തട്ടിവിളിച്ചു. ലൈറ്റ് കണ്ണ് തുറക്കുന്നില്ല. പ്രശ്നമായല്ലോ ഭഗവതീ.

ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്റെ അബോധമനസ്സ് സ്വബോധമനസ്സിനെ കയ്യേറി പ്രവര്‍ത്തനമാരംഭിക്കും. അത് തന്നെ സംഭവിച്ചു. ഓരോ ഭാഗങ്ങളായി മാറ്റി ഇട്ടുനോക്കി. പഴയ കമ്പ്യൂട്ടര്‍ അപ്പുറത്തിരിപ്പുണ്ടായിരുന്നത് സഹായമായി. റാമിന്റെ സ്ലോട് മാറ്റിക്കുത്തി നോക്കി, പഴയതും ഇട്ട് നോക്കി. ഒന്നും സംഭവിച്ചില്ല. വയറുകളെല്ലാം ഒന്നുകൂടി ഊരിക്കുത്തി. നോ രക്ഷ. ബൂട്ടബിള്‍ സി.ഡി. ഇട്ട് നോക്കി. കിം ഫല. ഹാര്‍ഡ്‌ഡിക്സ് ഊരി ഇട്ട് സി.ഡി വച്ച് ബൂട്ട് ചെയ്യാന്‍ നോക്കി. അപ്പോള്‍ ഓണായി. ഇതില്‍ നിന്ന് എന്ത് അനുമാനിക്കാം?

ഹാര്‍ഡ്‌ഡിസ്ക് എന്നെ വിട്ട് മറ്റേതോ കമ്പ്യൂട്ടര്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായെന്ന് അനുമാനിക്കാം. കണ്ണുനീര്‍ സ്ക്രൂവില്‍ അല്ല പൂട്ടിയിട്ടിരിക്കുന്നത് എന്നത് കൊണ്ട് അത് ഊരേണ്ടി വന്നില്ല, ധാരയായി അതൊഴുകാന്‍ തയ്യാറായി.

ഹാര്‍ഡ്‌ഡിക്സ് വീണ്ടും സ്ക്രൂവില്‍ നിന്നും ഊരി പുറത്തേക്കെടുത്ത് ഒന്ന് വിശകലനം ചെയ്തു. പുറമേന്ന് നോക്കിയാല്‍ ചെറിയ ഒരു ഉപകരണവും അകത്ത് വിശാലമായ ഡാറ്റയുടെ കളക്ഷന്‍സും ഉള്ള സാധനമാണെങ്കിലും നോക്കാതെ പറ്റില്ലല്ലോ. ഒറ്റ നോട്ടത്തില്‍ കാര്യം മനസ്സിലായി. നേരത്തേ ഡാറ്റ കേബിള്‍ തിരിച്ച് കുത്തിയപ്പോള്‍ കയറാതിരുന്നതിനാല്‍ ബലം പിടിച്ച് കേറ്റാന്‍ നോക്കിയിരുന്നു. ആ സമയം നോക്കി അതിലെ ഒരു “പിന്‍” അകത്തേക്ക് പിന്‍‌വലിഞ്ഞു. ആമയുടെ തല പോലെ ഒരറ്റം മാത്രം ഇപ്പോള്‍ പുറത്ത് കാണാം.

ഫോര്‍ക്ക് വച്ചും ബ്ലെയിഡ് വച്ചും മീശ വെട്ടുന്ന കത്രിക വച്ചും ഒക്കെ ആ പിന്നിനെ മുന്നിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ വിഫലമായി. “അസാധ്യമായത് ഒന്നുമില്ല” എന്നുപറഞ്ഞുകൊണ്ട് നടക്കുന്ന എന്റെ അഹങ്കാരവും ഈ തോല്‍‌വി സമ്മതിച്ചുകൊണ്ട് “എന്നെക്കൊണ്ട് പറ്റില്ല” എന്ന് പറയിപ്പിച്ചു. എല്ലാം കണ്ട് കൊണ്ട് എന്റെ പിറകില്‍ നിന്ന് ഊറിയൂറി ചിരിച്ച് കൊണ്ട് നില്‍ക്കുന്നുണ്ടായിരുന്ന സഹമുറിയനെ ഞാന്‍ ആലുവാ മണല്‍പ്പുറത്ത് പീപ്പി ഊതിക്കൊണ്ട് നില്‍ക്കുമ്പോള്‍ കണ്ട പരിചയം പോലും ഭാവിക്കാതെ, പുതിയ ഒരു ഹാര്‍ഡ്‌ഡിസ്കിന്റെ വില ബില്ലില്‍ നിന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.

***

പുതിയ കമ്പ്യൂട്ടര്‍, പുതിയ മണ്ടത്തരം: രണ്ടാം ഭാഗം.

വാങ്ങിയയിടത്ത് തന്നെ കമ്പ്യൂട്ടര്‍ തിരിച്ച് കൊടുത്തു, നന്നാക്കാന്‍. സ്ക്രൂവോ, ഞാനോ; അതെന്താണെന്നും കൂടി ഞാനറിയില്ല, ഞാന്‍ ക്യാബിനെറ്റ് ഊരിയിട്ടേയില്ല എന്ന മട്ടില്‍ ഞാന്‍ അവിടെ ദയ ചോദിച്ച് വാങ്ങുന്ന മുഖഭാവത്തോടെ നിന്നു. ഞാന്‍ പോയ പാതയിലൂടെ തന്നെ അവരും സഞ്ചരിച്ചു. കുറേ ഗവേഷണങ്ങള്‍ നടത്തിയിട്ടും അവര്‍ക്ക് പക്ഷെ കാര്യം മനസ്സിലുണ്ടാകുന്നുണ്ടായിരുന്നില്ല. ഹാര്‍ഡ്‌ഡിസ്കിനാണ് തകരാറ് എന്നെനിക്കും പറയാന്‍ ആകുന്നുണ്ടായിരുന്നില്ല, മിണ്ടിയാല്‍ കാശ് പോകുമല്ലോ! (കാശ് പോകുന്ന കാര്യമായത് കൊണ്ടാണ് മിണ്ടാതിരുന്നത്, അല്ലെങ്കില്‍ അവിടെ അഭിപ്രായം പറഞ്ഞ് പറഞ്ഞ്, അവരെക്കൊണ്ട് “എന്നാപ്പിന്നെ തനിക്ക് തന്നെ ഇതങ്ങ് നേരെയാക്കാന്‍ പാടില്ലായിരുന്നോ” എന്ന് പറയിപ്പിച്ചേനേ). കുറേയേറെ സമയം കൊണ്ട് അവര്‍ പ്രശ്നത്തിന്റെ ഉറവിടം കണ്ട് പിടിച്ചു. എന്നിട്ടവര്‍ പറഞ്ഞ മറുപടി കേട്ടിട്ട് സന്തോഷിക്കണോ, കരയണോ, ചിരിക്കണോ, സത്യം തുറന്ന് പറയണോ എന്നറിയാതെ ഞാന്‍ നിന്നു പോയി. എന്തെന്നാല്‍ അവര്‍ പറഞ്ഞത് “ഹാര്‍ഡ്‌ഡിസ്കിന്റെ ഒരു പിന്‍ കാണുന്നില്ല. മാനുഫാക്ചറിങ്ങ് ഡിഫറ്റാണ്. ഡിസ്ക് മാറ്റിത്തരാം” എന്നാകുന്നു.

ചക്കിക്കൊത്ത ചങ്കരന്‍. എനിക്കവരെ ഇഷ്ടമായി. ദൈവമായിട്ടാണ് ഇവരെ എനിക്ക് കാണിച്ച് തന്നത്. ഇവര്‍ ഒരു നൂറ് കൊല്ലം കൂടി കമ്പ്യൂട്ടര്‍ വില്‍ക്കട്ടെ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം ഉണ്ടാക്കിക്കൊടുക്കണേ എന്റെ ഈശ്വരാ.

Monday, September 18, 2006

കുമാരസംഭവം അഥവാ കുമാരമണ്ടത്തരം

മണ്ടത്തരങ്ങളില്‍ ഞാന്‍ ഇതിനുമുന്‍പ് മറ്റൊരു ബ്ലോഗ്ഗറുടെ മണ്ടത്തരം എഴുതിയിട്ടുണ്ട്. മുല്ലപ്പൂവിന്റെ മണ്ടത്തരം എന്ന പേരില്‍. അത് മുല്ലപ്പൂവിന്റെ മണ്ടത്തരം ആയിരുന്നു. ഇന്ന് കുമാരേട്ടന്റെ ഊഴമാണ്.

സംഗതി നടക്കുന്നത് സെപ്റ്റംബര്‍ പതിനഞ്ചിന്, വെള്ളിയാഴ്ച. സമയം ഉച്ച കഴിഞ്ഞ് വൈകുന്നേരമാകുന്നതിനു മുന്‍പ്.

പെട്ടെന്ന് ആകസ്മികമായി ബ്ലോഗ്‌സ്പോട്ട് കിട്ടാതായി.

ആകെ അരക്ഷിതാവസ്ത. എങ്ങും പരിഭ്രാന്തരായ മുഖങ്ങള്‍. ചാറ്റില്‍ തിരക്കുകൂടി. എന്തു പറ്റി, എന്റെ കിട്ടുന്നില്ല-നിന്റെ കിട്ടുന്നുണ്ടോ മെസ്സേജുകള്‍ ചാറ്റ് വഴി പ്രവഹിച്ചു. ചിലര്‍ കരച്ചിലിന്റെ വക്കോളമെത്തി. പല കമന്റുകളും പലരുടേയും മനസ്സില്‍ കിടന്ന് പുറത്തുകടക്കാന്‍ വെമ്പല്‍ കൊണ്ടു. പുതിയ ബ്ലോഗുകള്‍ ആര്‍ക്കും വായിക്കാന്‍ കഴിയാതെയായി. കേരളത്തില്‍ ഒരു ബന്ത് വരെ പ്രഖ്യാപിക്കാവുന്ന തരത്തില്‍ പ്രശ്നങ്ങള്‍ രൂക്ഷമായിക്കൊണ്ടിരുന്നു.

അപ്പോഴതാ എനിക്കൊരു മെസ്സേജ് ജി-ടോക്ക് വഴി.

കുമാര്‍: എടാ, എനിക്കെന്റെ ബ്ലോഗ് കിട്ടുന്നില്ല.
ഞാന്‍: ആര്‍ക്കും ആരുടേയും ബ്ലോഗ് കിട്ടുന്നില്ല. ബ്ലോഗ്‌സ്പോട്ട് സെര്‍വറിന്റെ കുഴപ്പമാവും.
കുമാര്‍: സമാധാനമായി. എല്ലാവരുടേയും പോയല്ലേ. അപ്പോള്‍ ഇനി ഞാന്‍ ടെന്‍ഷന്‍ അടിക്കണ്ടല്ലോ?
ഞാന്‍: തല്‍ക്കാലം വേണ്ട.

ഇത്ര കഴിഞ്ഞതോടെ കുമാരേട്ടന്‍ മുങ്ങാംകുഴിയിട്ട് മുങ്ങി.

പിന്മൊഴിയുടെ നിശബ്ദത അന്തരീക്ഷത്തില്‍ തളം കെട്ടിക്കിടന്നു. ഇടയ്ക്ക് വിശ്വേട്ടന്റെ മാത്രം കമന്റുകള്‍ പിന്മൊഴികളില്‍ “ബ്ലോഗിന്റെ ഐഡി ഉണ്ടെങ്കില്‍ കമന്റിടാം. ആരും പരിഭ്രാന്തരാകരുതു” എന്നൊക്കെ പറഞ്ഞ് വന്നുകൊണ്ടിരുന്നു. മറ്റാരും മിണ്ടുന്നില്ല. ഉദ്വേഗജനകമായ നിമിഷങ്ങള്‍ കടന്നുപോയ്‌ക്കൊണ്ടേയിരുന്നു.

ഉദ്ദേശംഅരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍, ബ്ലോഗുകള്‍ കിട്ടിത്തുടങ്ങി. ഞാന്‍ ഒന്ന് ഉറപ്പ് വരുത്തി. എന്റെ ബ്ലോഗുകളും, ക്ലബ്ബും ഒക്കെ കിട്ടുന്നുണ്ട്. അപ്പോള്‍ സെര്‍വര്‍ ശരിയായി ഓടിത്തുടങ്ങി. ഹാവൂ!

വീണ്ടും എന്റെ ചാറ്റില്‍ ഒരു മെസ്സേജ് മിന്നിത്തുടങ്ങി.

കുമാര്‍: എടാ, ബ്ലോഗ്ഗര്‍ ശരിയായി എന്ന് കേട്ടല്ലോ, ആയോ?
ഞാന്‍: ആയി, എന്റെ ബ്ലോഗെല്ലാം കിട്ടുന്നുണ്ട്.
കുമാര്‍: അയ്യോ! എന്റെ കിട്ടുന്നില്ല. ഫ്രെയിമിലൂടെ കിട്ടുന്നുണ്ടോ എന്ന് നോക്കിക്കേ.

ഞാന്‍ നോക്കി, കിട്ടിയില്ല. റിഫ്രഷ് ചെയ്തു നോക്കി. കിട്ടുന്നില്ല. വീണ്ടും വീണ്ടും നോക്കി. കിട്ടുന്നില്ല.

ഞാന്‍: കിട്ടുന്നില്ലല്ലോ കുമാരേട്ടാ.
കുമാര്‍: ദൈവമേ, എന്റെ ബ്ലോഗ് അടിച്ചുപോയോ!
ഞാന്‍: ദൈവം സഹായിച്ച് അങ്ങിനെത്തന്നെ നടക്കട്ടെ.
കുമാര്‍: എടാ തെണ്ടീ, എന്ത് ചെയ്യണമെന്ന് പറ ഇനി.
ഞാന്‍: ബ്ലോഗ് എടുത്ത് ഒന്നൂടെ പബ്ലിഷ് ചെയ്ത് നോക്ക്.
കുമാര്‍: ശരി നോക്കാം. വെയിറ്റ്

കുറച്ച് നേരത്തേക്ക് ആളെക്കണ്ടില്ല. പിന്നെയും ആ വിന്‍ഡോ മിന്നി.

കുമാര്‍: എടാ പബ്ലിഷ് ചെയ്യുമ്പോള്‍ എന്തോ എറര്‍ വരുന്നു.
ഞാന്‍: എന്ത് എറര്‍.
കുമാര്‍: ആവോ. നീ ഒന്ന് നോക്കാമോ, ഞാന്‍ നിന്റെ എന്റെ ബ്ലോഗിന്റെ മെംബര്‍ ആക്കാം.
ഞാന്‍: ശരി. ഇന്വിറ്റേഷന്‍ അയക്കൂ.

തുടര്‍ന്ന് കുമാരേട്ടന്‍ എനിക്ക് ഇന്വിറ്റേഷന്‍ അയച്ചു. അങ്ങിനെ എന്റെ ഡാഷ്ബോര്‍ഡില്‍ ഒരു പൊന്‍‌തൂവല്‍ കൂടി.

ഞാന്‍ കുമാരേട്ടന്റെ വീട്ടില്‍, സോറി, ബ്ലോഗില്‍ കയറി. വേറൊരാളുടെ ബ്ലോഗില്‍ കയറുമ്പോഴുള്ള സംതൃപ്തി പറഞ്ഞറിയിക്കാന്‍ പ്രയാസം.

വന്ന കാലില്‍ നില്‍ക്കാതെ, വന്ന കാര്യം ചെയ്യാം. ബ്ലോഗ് പബ്ലിഷ് ചെയ്തു.

പബ്ലിഷ് ആയില്ല. എറര്‍ വരുന്നു. കുമാരേട്ടന്റെ സ്വഭാവം തിരിച്ചറിയാന്‍ പറ്റുന്നില്ല എന്ന് പറയുന്നു ബ്ലോഗ്ഗര്‍. Unrecognized character എന്ന് ഇംഗ്ലീഷ്.

ഞാന്‍: കുമാറേട്ടാ, എന്തോ കാര്യമായ പ്രശ്നം ഉണ്ട്. ഒന്ന് കേറി പണിയേണ്ടി വരും. അഡ്മിനാകൂ എന്നെ.
കുമാര്‍: എന്റെ ഒരു ഗതികേട്. നീ വരെ കയറി നിരങ്ങിയല്ലോ എന്റെ ബ്ലോഗില്‍.
ഞാന്‍: വേണമെങ്കില്‍ മതി.
കുമാര്‍: ശരി, നിന്നെ അഡ്മിന്‍ ആക്കാം.

അങ്ങിനെ ഞാന്‍ ഫ്രെയിമിലൂടെ എന്ന ബ്ലോഗിന്റെ അഡ്മിന്‍ ആയി. സെറ്റിങ്ങ്സ് ഒക്കെ ഞാന്‍ ഒന്ന് പരിശോധിച്ചു. കുഴപ്പമൊന്നും കാണുന്നില്ല. അവസാനമായിട്ട പോസ്റ്റുകളും ഒന്ന് നോക്കി. അതിലും പ്രശ്നം ഒന്നും ഉണ്ടാകാനുള്ള‍ വഴി കാണുന്നില്ല.

ഇന്റക്സ് മാത്രം പബ്ലിഷ് ചെയ്യുക എന്നും മൊത്തം ബ്ലോഗ് പബ്ലിഷ് ചെയ്യുക എന്നുമൊക്കെ ഓപ്ഷന്‍ ഉണ്ടല്ലോ. രണ്ടും മാറിമാറി ചെയ്തു. നാലഞ്ച് പബ്ലിഷുകള്‍ കഴിഞ്ഞപ്പോള്‍ സംഭവം ശരിയായി. ഫ്രെയിമിലൂടെ ബാക്ക് ഓണ്‍ ട്രാക്ക്.

ഞാന്‍: കുമാരേട്ടാ, ഇപ്പോള്‍ ഒന്ന് നോക്കിക്കേ ബ്ലോഗ് കിട്ടുന്നുണ്ടോയെന്ന്.
കുമാര്‍: കിട്ടുന്നുണ്ട്. രക്ഷപെട്ടു ഉണ്ണിയേ. നീ എന്താ ചെയ്തത്?
ഞാന്‍: വെറുതേ കുറെ പബ്ലിഷ് കൊടുത്തു. എങ്ങിനെയോ ശരിയായി.
കുമാര്‍: ഓക്കെ. താങ്ക്സ്. ഇനി ഞാന്‍ നിന്നെ കഴുത്തിനു പിടിച്ചു പുറത്താക്കട്ടെ?

എന്നെ എവിടുന്നെങ്കിലും പുറത്താക്കുക എന്ന് പറയുന്നത് കുമാരേട്ടന്‍ വളരെ സന്തോഷമുള്ള കാര്യമാണ്. ഇത്ര നേരം എത്ര ടെന്‍ഷന്‍ അടിച്ചോ, അത്ര കണ്ട് സന്തോഷത്തിലായിരുന്നു കുമാരേട്ടന്‍ ഇതെന്നോട് പറഞ്ഞത്. എന്റെ ആവശ്യം കഴിഞ്ഞതിനാല്‍ ഞാനും പറഞ്ഞു ഓക്കെ എന്ന്. ഇനി ഫ്രെയിമിലൂടെ എന്ന ബ്ലോഗില്‍ കോണ്ട്രിബ്യൂട്ടേര്‍സ് എന്നും പറഞ്ഞ് എന്റെ പേരു കണ്ടാല്‍ ആരൊക്കെ തോക്കെടുക്കുമെന്ന് പറഞ്ഞുകൂട. എനിക്ക് എന്റെ ലൊട്ടുലൊടുക്ക് മതിയേ.

കുറച്ച് നേരത്തേക്ക് ഒന്നും കണ്ടില്ല. പിന്നീട് പെട്ടെന്ന്...

കുമാര്‍: എടാ, ഒരു മണ്ടത്തരം പറ്റി.
ഞാന്‍: എന്റെ തറവാട്ടിലേക്ക് സ്വാഗതം. എന്നതാ ഒപ്പിച്ചേ?
കുമാര്‍: നിന്നെ പുറത്താക്കാനുള്ള ആക്രാന്തം മൂത്തതാ പ്രശ്നമായേ. ഓടിപ്പോയി നിന്റെ അഡ്മിന്‍ റൈറ്റ് എടുത്ത് കളയാന്‍ വേണ്ടി ക്ലിക്ക് ചെയ്താതാ. ഉന്നം തെറ്റി.
ഞാന്‍: ആപ്പോള്‍?
കുമാര്‍: എന്റെ അഡ്മിന്‍ റൈറ്റ് പോയി. ഇപ്പോള്‍ എന്റെ ബ്ലോഗില്‍ നീ അഡ്മിനും, ഞാന്‍ ഒരു വഴിപോക്കനും.

അവിടെ വച്ച് എന്റെ കണ്ട്രോള്‍ പോയി. ചിരി വന്നിട്ട് എനിക്ക് ഓഫീസില്‍ എന്റെ സീറ്റില്‍ ഇരിക്കാന്‍ പറ്റുന്നില്ല. കുറച്ച് ശ്രമിച്ച് നോക്കി. രക്ഷയില്ല. ഞാന്‍ ഓടി കാന്റീനിലേക്ക്. അവിടെയും ആളുകളുണ്ട്. അവര്‍ ശ്രദ്ധിക്കുന്നു. ഞാന്‍ എന്റെ മൊബൈല്‍ എടുത്ത് ചെവിയോട് ചേര്‍ത്തു. ഞാന്‍ ആരെങ്കിലും ആയി സംസാരിക്കുകയാണെന്ന് കരുതിക്കോട്ടെ. ഒരു കൈ വെറുതേ ഇരിക്കുകയല്ലേ എന്ന് കരുതി ഒരു കാപ്പിയും എടുത്തു കോഫീ മെഷീനില്‍ നിന്ന്. പക്ഷെ ചിരി കാരണം അത് കുടിക്കാനാകുന്നില്ല.

ഞാനോര്‍ത്തു. ഇനി കുമാരേട്ടന്റെ ബ്ലോഗില്‍ എനിക്കെന്തും ചെയ്യാം. പുതിയ പോസ്റ്റ് ഇടാം, പഴയത് ഡിലീറ്റ് ചെയ്യാം, അല്ലെങ്കില്‍ തിരുത്താം. സെറ്റിങ്ങ്സ് മാറ്റാം, ടെമ്പ്ലേറ്റ് മാറ്റാം. കുമാരേട്ടന് ഒന്നും ചെയ്യാന്‍ സാധിക്കില്ല. സ്വന്തം പോസ്റ്റുകള്‍ മാത്രം ഇനി തിരുത്താം, ഞാന്‍ എന്ത് ചെയ്താലും തൊടാന്‍ കൂടി പറ്റില്ല.

ഇനി ഫ്രെയിമിലൂടെ എന്നത് ഞാന്‍ ഒരു ലൊട്ടുലൊടുക്ക് ബ്ലോഗാക്കും. എന്റെ ചിത്രങ്ങള്‍ ഇനി ഇവിടെ മതി. കുമാരേട്ടന്‍ സമ്പാദിച്ചു വച്ച നല്ല പേരു വച്ചു ഒരു കളി കളിക്കാം. ആഹാ, എന്തൊരു രസം.

എന്നാലും പാവമല്ലേ, ഒരു ബ്ലോഗ് തട്ടിയെടുക്കുക എന്നൊക്കെ പറഞ്ഞാല്‍ ... ഒരു കാര്യം ചെയ്യാം. പകരത്തിനു പകരം. ഫ്രെയിമിലൂടെ എന്ന ബ്ലോഗ് എനിക്കു തന്നതിനു പകരം, എന്റെ ലൊട്ടുലൊടുക്ക് കുമാരേട്ടന് കൊടുക്കാം. എന്റെ അരുമബ്ലോഗാണ്, പിരിയാന്‍ വിഷമമുണ്ട്. എന്നാലും സാരമില്ല. കുമാരേട്ടനല്ലേ. ഫ്രെയിമിലൂടെ എനിക്ക് തന്നതില്‍ കുമാരേട്ടനും വിഷമമുണ്ടാകില്ലേ, അത് ഞാന്‍ മനസ്സിലാക്കണ്ടേ.

അപ്പോഴേക്കും ഞാന്‍ സീറ്റില്‍ നിന്ന് മാറി നിന്നിട്ട് കുറേ നേരമായിരുന്നു. തിരിച്ചു സീറ്റിലേക്ക് വന്നു. അവിടെ കുമാരേട്ടന്റെ ഒരുപാട് മെസ്സേജുകള്‍ വന്ന് മിന്നിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

പല പ്രലോഭനങ്ങളും, കാലുപിടിക്കലും, വാഗ്ദാനങ്ങളും, പിന്നെ ഇടയ്ക്കിത്തിരി ഭീഷണിയും. മെസ്സേജുകള്‍ മുഴുവന്‍ വായിച്ചു. കുമാരേട്ടന്റെ ബ്ലോഗ് സ്നേഹം എന്റെ മനസ്സ് നിറയിച്ചു. ആ രോദനം എന്റെ കണ്ണും. ഞാന്‍ ഒരു ലോലഹൃദയനായതിനാലും, എന്റെ പിള്ളമനസ്സില്‍ കള്ളമില്ലാത്തതിനാലും ഞാന്‍ ആ ബ്ലോഗ് അദ്ദേഹത്തിന് തിരിച്ച് കൊടുക്കാന്‍ തീരുമാനിച്ചു.

ആ ബ്ലോഗ് നല്ല രീതിയില്‍ നടത്തിക്കോളാം എന്ന് കുമാരേട്ടന്റെ കയ്യില്‍ നിന്ന് ഞാ‍ന്‍ വാക്ക് മേടിച്ചു. നല്ല പോസ്റ്റുകള്‍ തുടരെ ഇട്ടുകൊള്ളാം എന്നും കുമാരേട്ടന്‍ സമ്മതിച്ചു തന്നു. ഉത്തരവാദിത്തത്തോടെ ബ്ലോഗ് നോക്കി നടത്താം എന്ന് പറഞ്ഞത് കൊണ്ട് ഞാന്‍ കുമാരേട്ടന് ബ്ലോഗ് കൊടുക്കാന്‍ തീരുമാനിച്ചു. എന്റെ ബ്ലോഗ് (അതെ, എന്റെ ബ്ലോഗ് ആയല്ലോ) ഒരാള്‍ക്ക് കൊടുക്കുക എന്ന് പറഞ്ഞാല്‍ വലിയ വിഷമമുള്ള കാര്യമാണ്. എന്നാലും കുമാരേട്ടനായത് കൊണ്ട് ഓക്കെ. വിറയ്ക്കുന്ന കൈകളാലെ, വിതുമ്പും മനമോടെ, ഞാന്‍ ഫ്രെയിമിലൂടെ എന്ന ബ്ലോഗില്‍ ചെന്ന് കുമാരേട്ടന് അഡ്മിന്‍ പവര്‍ കൊടുത്തു, ആദ്യമായും അവസാനമായും ആ ബ്ലോഗിന്റെ ഡാഷ്ബോര്‍ഡ് ഞാന്‍ കണ്‍‌കുളിര്‍ക്കെ കണ്ടു.

പിന്നെ അധികം കഴിഞ്ഞില്ല, ഞാന്‍ ബ്ലോഗില്‍ നിന്ന് പുറത്തായി. ഇത്തവണ കുമാരേട്ടന് ഉന്നം തെറ്റിയില്ല.

സമര്‍പ്പണം: ഇത് പോസ്റ്റാക്കാന്‍ എന്നെക്കാളും താല്പര്യം കാണിച്ച കുമാരേട്ടന്. കുമാരേട്ടാ, സ്പെക്ഷല്‍ താങ്ക്സ്.

Thursday, September 14, 2006

ഉത്രാടപ്പാച്ചില്‍

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഓണം നാട്ടില്‍ ചിലവഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. ലീവ്, നാട്ടിലേക്കുള്ള വണ്ടികളില്‍ ടിക്കറ്റ് കിട്ടാനുള്ള ബുദ്ധിമുട്ട്, ഓണത്തിന് ബാംഗ്ലൂരില്‍ കൂട്ടുകാരുമായുള്ള ഒത്തുകൂടല്‍, അങ്ങിനെ പലതും എന്നെ തടഞ്ഞു. ഇത്തവണ എന്തായാലും കണ്ണൂരില്‍ തന്നെ ഓണമുണ്ണാന്‍ തന്നെ തീരുമാനിച്ചു. നാലു ദിവസം ലീവെടുത്ത് നാട്ടില്‍പ്പോയി ബന്ധുജനങ്ങളുടെകൂടെ തന്നെ ഓണം ആഘോഷിച്ചു.

നാട്ടില്‍ ഒരു കട നടത്തുന്നതിനാല്‍ അച്ഛനും അമ്മയ്ക്കും കടയിലെ ഓണത്തിരക്കിനിടയില്‍ത്തന്നെ കഴിയേണ്ടി വന്നു ഞാന്‍ നാട്ടില്‍ എത്തിയിട്ടും. ഉത്രാടത്തിന്റന്നാണ് എല്ലാവരും ഒന്ന് ഫ്രീ ആയത്. കട അന്നവര്‍ തൂറന്നില്ല. പുന്നാരമോന്‍ ഓണത്തിന് നാട്ടില്‍ വന്നിട്ട് അവന്റെ കൂടെ സമയം ചിലവഴിക്കണ്ടേ. കടയേക്കാ‍ള്‍ ഞാനല്ലേ പ്രധാനം? ഇതൊന്നവരെ സമ്മതിപ്പിച്ചെടുക്കാന്‍ ഞാന്‍ പെട്ട പാട്.

ഉത്രാടത്തിന് ഒന്ന് കറങ്ങാന്‍ പോകാം എന്ന് തീരുമാനിച്ച് ഞങ്ങള്‍ ഉച്ചയായപ്പോഴേക്കും പോകാന്‍ തയ്യാറായി. വിപുലമായ കലാപരിപാടികളായിരുന്നു. ആദ്യം പയ്യാമ്പലം ബീച്ച്. പിന്നെ കണ്ണൂര്‍ കോട്ട. പിന്നെ ഒന്ന് നാലഞ്ച് തുണിക്കടകള്‍, എല്ലാവര്‍ക്കും ഓണക്കോടിയും വാങ്ങി. പിന്നെ സൂപ്പര്‍ ബസാറില്‍ പോയി മറ്റ് അല്ലറ ചില്ലറ സാധനങ്ങള്‍, വഴിവക്കില്‍ നിന്ന് പൂക്കളമിടാന്‍ പൂക്കള്‍, ഇത്രയൊക്കെ ആയപ്പോഴേക്കും നേരം സന്ധ്യയായി.

ഇനി പൊലീസ് പരേഡ് ഗ്രൌണ്ടിലെ എക്സിബിഷന്‍ കൂടി കണ്ടിട്ട് വീട്ടിലേക്ക് മടങ്ങാം.

ടിക്കറ്റെടുത്ത് അകത്ത് കയറി. ആന മയില്‍ ഒട്ടകം കുതിര. എല്ലാമുണ്ട്. നിരവധി കടകള്‍, ഭക്ഷണശാലകള്‍, ജനക്കൂട്ടം, കൂമിളയുണ്ടാക്കുന്ന സാധനം വില്‍ക്കുന്നവര്‍ ആകാശത്ത് നിറച്ച കുമിളകള്‍, ... പക്ഷെ ഞങ്ങളുടെ കണ്ണുകളുടക്കിയത് മേളയുടെ മുഖ്യാകര്‍ഷണമായ ചലിക്കും വിനോദങ്ങളിലാ‍ണ്. വട്ടത്തിലും ചെരിഞ്ഞും കറങ്ങുന്ന ചക്രങ്ങള്‍, ചെറിയ ട്രെയിനുകള്‍, ഊഞ്ഞാല്‍ പോലെ ആടുന്ന വള്ളം, അങ്ങിനെ പലതും. കണ്ടിട്ട് എല്ല്ലാവര്‍ക്കും കുട്ടികളുടെ മനസ്സായി.

അമ്മയ്ക്ക് ജയന്റ് വീലില്‍ കയറിയാല്‍ തല കറങ്ങും, ആടുക മാത്രം ചെയ്യുന്ന വീല്‍ മതി. അച്ഛന് ചരിഞ്ഞ് കറങ്ങുന്ന റൈഡില്‍ ആണ് കയറേണ്ടത്. എനിക്കാണെങ്കില്‍ എല്ലാത്തിലും കയറണം. അപ്പോഴാണ് അമ്മ കുട്ടികള്‍ക്കായുള്ള ട്രെയിന്‍ കാണുന്നത്. അതില്‍ കയറിയാല്‍ കുഴപ്പമാകുമോ, നീ കേറിക്കോ രസമല്ലേ എന്നെന്നോട് പറഞ്ഞു. അത് കുട്ടികള്‍ക്കുള്ളതാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ നീ എന്നാടാ വലിയ ആളായത് എന്ന് അമ്മയുടെ മറുപടി.

ഇങ്ങനെ തമാശകള്‍ പറഞ്ഞും റൈഡുകളില്‍ കയറാന്‍ പരിപാടിയിട്ടുമിരുന്ന നേരത്താണ് അവര്‍ എല്ലായിടത്തേയും അലങ്കാരവിളക്കുകള്‍ തെളിയിച്ചത്. റൈഡുകളിലും ട്രെയിനിലും ചുറ്റുമുള്ള കടകളിലും ഒക്കെയുള്ള ലൈറ്റുകള്‍ കാണാന്‍ നല്ല ഭംഗിയായിരുന്നു. ഒരു ഫോട്ടൊ എടുത്ത് ബ്ലോഗിലിട്ടാലോ എന്നാലോചിച്ചതേയുള്ളൂ, അമ്മയും പറഞ്ഞു ഫോട്ടോ എടുക്ക് നല്ല ഭംഗിയുണ്ടെന്ന്.

ക്യാമറ എടുക്കാന്‍ പോക്കറ്റില്‍ കൈയിട്ട ഞാന്‍ ഞെട്ടി. ക്യാമറ കാണാനില്ല. ഈശ്വരാ, എന്റെ പതിനായിരം രൂപ വിലയുള്ള ക്യാമറ! (ചില സാങ്കേതികപ്രശ്നങ്ങളാല്‍ ക്യാമറയുടെ യഥാര്‍ത്ഥ വില ഇവിടെ വെളിപ്പെടുത്താന്‍ നിര്‍വ്വാഹമില്ല). തെങ്ങിന്‍പൂക്കുലാദിവിവാഹഫോട്ടോ പോലെ ചരിത്രപ്രാധാന്യമുള്ള ചിത്രങ്ങള്‍ എടുത്ത എന്റെ പൊന്നു ക്യാമറ. കാലങ്ങളായി എന്റെ പോക്കറ്റില്‍ മൊബൈലിനൊടൊപ്പം എല്ലാ യാത്രയിലും കൂടെ വരാറുള്ള എന്റെ സഹതസഞ്ചാരി! എന്റെ ഫോട്ടോഗ്രാഫിക്ക് പരീക്ഷണങ്ങളുടെ അവിഭാജ്യഘടകം! എടുക്കുന്നതെല്ലാം പതിയാറില്ലെങ്കിലും പതിഞ്ഞതൊക്കെയും എന്റെ അഭിമാനമായി മാറാറുണ്ടായിരുന്ന ഇലക്ട്രോണിക്ക് വണ്ടര്‍! അതെനിക്ക് നഷ്ടമായിരിക്കുന്നു.

ഇന്നെവിടെയെല്ലാം പോയതാ. എവിടെ വച്ചാണ് മറന്നതെന്ന് ഒരൂഹവും ഇല്ല. കളയാന്‍ പറ്റില്ലല്ലോ, വിലമതിക്കാത്ത ഉല്‍പ്പന്നമല്ലേ. തിരയുക തന്നെ.

എക്സിബിഷനില്‍ കയറിയതേ ഉണ്ടായിരുന്നുള്ളൂ, ഒന്നും നേരെചൊവ്വേ കാണാനുംകൂടെ പറ്റിയില്ല. ക്യാമറ തപ്പാന്‍ വേണ്ടി ചാടിയിറങ്ങേണ്ടി വന്നു പുറത്തേക്ക്. ആ ടിക്കറ്റിന്റെ കാശ് വെയിസ്റ്റ്. അന്ന് പോയ സ്ഥലങ്ങളൊക്കെ മനസ്സില്‍ ഫ്ലാഷ്‌ബാക്ക് ആയി ഓടിച്ചു നോക്കി. ആ വഴിയേ തന്നെ തിരിച്ചു പോകാനുള്ള റൂട്ട് മാപ്പും ചാര്‍ട്ട് ചെയ്തു. വന്ന വഴി മറക്കാത്തവനാണ് ഞാന്‍ എന്നത് ഈ അവസരത്തില്‍ പ്രയോജനം ചെയ്തു. അങ്ങിനെ “ഓപ്പറേഷന്‍ ക്യാമറ” തുടങ്ങി.

അന്ന് പോയ സൂപ്പര്‍ ബസാര്‍, തുണിക്കടകള്‍, പൂ മേടിക്കാന്‍ പോയ ചന്ത, എന്നിവടങ്ങളിലെല്ലാംതന്നെ പോയ ക്യാമറയ്ക്ക് കുടത്തില്‍വരെ തപ്പി നടന്നു. മുതലാളി മുട്ട വച്ച് ഓം‌ലെറ്റ് അടിച്ച് ഏമ്പക്കം വിടുമ്പോള്‍, ഇവിടെങ്ങാണ്ടാണല്ലോ താന്‍ മുട്ടയിട്ടത്ത് എന്നും പറഞ്ഞ് കോഴി മുട്ടതപ്പി നടക്കുന്നപോലാണോ‍ എന്‍െയീത്തിരച്ചില്‍ എന്ന് പേടിയും തുടങ്ങി. അവസാനമായി കോട്ടയിലും ബീച്ചീലും കൂടി തിരച്ചില്‍ നടത്തി വെറും കൈയോടെ ആ കൈ താടിക്ക് കൊടുത്തിരിക്കുമ്പോള്‍ ആ പേടി യാഥാര്‍ത്ഥ്യവുമായി. ഈ കണ്ണൂരില്‍ മറ്റെവിടെയോ ഒരു ഭാഗ്യവാന്‍ വീണുകിട്ടിയ സൌഭാഗ്യമായ എന്റെ ക്യാമറയുമായി നാളെ പകര്‍ത്താനുള്ള വിവാഹചിത്രങ്ങളെക്കുറിച്ചോര്‍ത്ത് മന്‍സ്സില്‍ ചിരിക്കുന്നുണ്ടാവാം.

അപ്പോഴേക്കും സമയം ഒരുപാടായിരുന്നു. നേരം വൈകിയുള്ള ഓട്ടവും തിരച്ചിലും കാരണം എല്ലാവരും നന്നേ ക്ഷീണിച്ചിരുന്നു. അത്താഴവും കഴിച്ചിരുന്നില്ലല്ലോ. ഈ ടെന്‍ഷനില്‍ വിശപ്പും കെട്ടിരുന്നു. ക്യാമറ പോയത് പോട്ടെ, ഒന്ന്പോയി വീട്ടില്‍ കിടന്നുറങ്ങിയാല്‍ മതി എന്ന മാനസികാവസ്ഥയിലായിരുന്നു അപ്പോള്‍ ഞാന്‍. അച്ഛനുമമ്മയും സേം പിഞ്ച്. വിരഹാര്‍ദ്രമാം മനസ്സോടുകൂടി, വിതുമ്പും ചേതനയോടെ ഞങ്ങള്‍ വീട്ടിലേക്ക് യാത്രയായി.

വിട്ടിലെത്തി വാതില്‍ തുറന്നപ്പോള്‍ ആദ്യം കാണുന്ന ടീപ്പോയിയില്‍ തന്നെ നില്‍ക്കുന്നു നമ്മുടെ കഥാനായകന്‍ ക്യാമറ. നിങ്ങള്‍ എവിടെയായിരുന്നു, എന്നെക്കൂട്ടാണ്ട് പുറത്ത് പോയി അല്ലേ എന്ന മട്ടില്‍ പരിഭവിച്ചുകൊണ്ടവിടെ അവന്‍ അനങ്ങാതെ നില്‍ക്കുന്നു. പിന്നെ ഒരു കള്ളച്ചിരിയുമായി എന്നെ നോക്കി കണ്ണിറുക്കി. ടൈമറില്‍ വച്ചിട്ട് പിന്നെ പടമെടുക്കുന്നപോലെ അവന്‍ എന്നെ നോക്കി ഒരു ഫ്ലാ‍ഷ് അടിച്ചു. ഇനി എനിക്ക് തോന്നിയതാണോ? അതോ അതെനിക്ക് ബോധം പോയതിന്റെ മിന്നായം ആയിരുന്നോ? ആവോ !!!