Monday, September 18, 2006

കുമാരസംഭവം അഥവാ കുമാരമണ്ടത്തരം

മണ്ടത്തരങ്ങളില്‍ ഞാന്‍ ഇതിനുമുന്‍പ് മറ്റൊരു ബ്ലോഗ്ഗറുടെ മണ്ടത്തരം എഴുതിയിട്ടുണ്ട്. മുല്ലപ്പൂവിന്റെ മണ്ടത്തരം എന്ന പേരില്‍. അത് മുല്ലപ്പൂവിന്റെ മണ്ടത്തരം ആയിരുന്നു. ഇന്ന് കുമാരേട്ടന്റെ ഊഴമാണ്.

സംഗതി നടക്കുന്നത് സെപ്റ്റംബര്‍ പതിനഞ്ചിന്, വെള്ളിയാഴ്ച. സമയം ഉച്ച കഴിഞ്ഞ് വൈകുന്നേരമാകുന്നതിനു മുന്‍പ്.

പെട്ടെന്ന് ആകസ്മികമായി ബ്ലോഗ്‌സ്പോട്ട് കിട്ടാതായി.

ആകെ അരക്ഷിതാവസ്ത. എങ്ങും പരിഭ്രാന്തരായ മുഖങ്ങള്‍. ചാറ്റില്‍ തിരക്കുകൂടി. എന്തു പറ്റി, എന്റെ കിട്ടുന്നില്ല-നിന്റെ കിട്ടുന്നുണ്ടോ മെസ്സേജുകള്‍ ചാറ്റ് വഴി പ്രവഹിച്ചു. ചിലര്‍ കരച്ചിലിന്റെ വക്കോളമെത്തി. പല കമന്റുകളും പലരുടേയും മനസ്സില്‍ കിടന്ന് പുറത്തുകടക്കാന്‍ വെമ്പല്‍ കൊണ്ടു. പുതിയ ബ്ലോഗുകള്‍ ആര്‍ക്കും വായിക്കാന്‍ കഴിയാതെയായി. കേരളത്തില്‍ ഒരു ബന്ത് വരെ പ്രഖ്യാപിക്കാവുന്ന തരത്തില്‍ പ്രശ്നങ്ങള്‍ രൂക്ഷമായിക്കൊണ്ടിരുന്നു.

അപ്പോഴതാ എനിക്കൊരു മെസ്സേജ് ജി-ടോക്ക് വഴി.

കുമാര്‍: എടാ, എനിക്കെന്റെ ബ്ലോഗ് കിട്ടുന്നില്ല.
ഞാന്‍: ആര്‍ക്കും ആരുടേയും ബ്ലോഗ് കിട്ടുന്നില്ല. ബ്ലോഗ്‌സ്പോട്ട് സെര്‍വറിന്റെ കുഴപ്പമാവും.
കുമാര്‍: സമാധാനമായി. എല്ലാവരുടേയും പോയല്ലേ. അപ്പോള്‍ ഇനി ഞാന്‍ ടെന്‍ഷന്‍ അടിക്കണ്ടല്ലോ?
ഞാന്‍: തല്‍ക്കാലം വേണ്ട.

ഇത്ര കഴിഞ്ഞതോടെ കുമാരേട്ടന്‍ മുങ്ങാംകുഴിയിട്ട് മുങ്ങി.

പിന്മൊഴിയുടെ നിശബ്ദത അന്തരീക്ഷത്തില്‍ തളം കെട്ടിക്കിടന്നു. ഇടയ്ക്ക് വിശ്വേട്ടന്റെ മാത്രം കമന്റുകള്‍ പിന്മൊഴികളില്‍ “ബ്ലോഗിന്റെ ഐഡി ഉണ്ടെങ്കില്‍ കമന്റിടാം. ആരും പരിഭ്രാന്തരാകരുതു” എന്നൊക്കെ പറഞ്ഞ് വന്നുകൊണ്ടിരുന്നു. മറ്റാരും മിണ്ടുന്നില്ല. ഉദ്വേഗജനകമായ നിമിഷങ്ങള്‍ കടന്നുപോയ്‌ക്കൊണ്ടേയിരുന്നു.

ഉദ്ദേശംഅരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍, ബ്ലോഗുകള്‍ കിട്ടിത്തുടങ്ങി. ഞാന്‍ ഒന്ന് ഉറപ്പ് വരുത്തി. എന്റെ ബ്ലോഗുകളും, ക്ലബ്ബും ഒക്കെ കിട്ടുന്നുണ്ട്. അപ്പോള്‍ സെര്‍വര്‍ ശരിയായി ഓടിത്തുടങ്ങി. ഹാവൂ!

വീണ്ടും എന്റെ ചാറ്റില്‍ ഒരു മെസ്സേജ് മിന്നിത്തുടങ്ങി.

കുമാര്‍: എടാ, ബ്ലോഗ്ഗര്‍ ശരിയായി എന്ന് കേട്ടല്ലോ, ആയോ?
ഞാന്‍: ആയി, എന്റെ ബ്ലോഗെല്ലാം കിട്ടുന്നുണ്ട്.
കുമാര്‍: അയ്യോ! എന്റെ കിട്ടുന്നില്ല. ഫ്രെയിമിലൂടെ കിട്ടുന്നുണ്ടോ എന്ന് നോക്കിക്കേ.

ഞാന്‍ നോക്കി, കിട്ടിയില്ല. റിഫ്രഷ് ചെയ്തു നോക്കി. കിട്ടുന്നില്ല. വീണ്ടും വീണ്ടും നോക്കി. കിട്ടുന്നില്ല.

ഞാന്‍: കിട്ടുന്നില്ലല്ലോ കുമാരേട്ടാ.
കുമാര്‍: ദൈവമേ, എന്റെ ബ്ലോഗ് അടിച്ചുപോയോ!
ഞാന്‍: ദൈവം സഹായിച്ച് അങ്ങിനെത്തന്നെ നടക്കട്ടെ.
കുമാര്‍: എടാ തെണ്ടീ, എന്ത് ചെയ്യണമെന്ന് പറ ഇനി.
ഞാന്‍: ബ്ലോഗ് എടുത്ത് ഒന്നൂടെ പബ്ലിഷ് ചെയ്ത് നോക്ക്.
കുമാര്‍: ശരി നോക്കാം. വെയിറ്റ്

കുറച്ച് നേരത്തേക്ക് ആളെക്കണ്ടില്ല. പിന്നെയും ആ വിന്‍ഡോ മിന്നി.

കുമാര്‍: എടാ പബ്ലിഷ് ചെയ്യുമ്പോള്‍ എന്തോ എറര്‍ വരുന്നു.
ഞാന്‍: എന്ത് എറര്‍.
കുമാര്‍: ആവോ. നീ ഒന്ന് നോക്കാമോ, ഞാന്‍ നിന്റെ എന്റെ ബ്ലോഗിന്റെ മെംബര്‍ ആക്കാം.
ഞാന്‍: ശരി. ഇന്വിറ്റേഷന്‍ അയക്കൂ.

തുടര്‍ന്ന് കുമാരേട്ടന്‍ എനിക്ക് ഇന്വിറ്റേഷന്‍ അയച്ചു. അങ്ങിനെ എന്റെ ഡാഷ്ബോര്‍ഡില്‍ ഒരു പൊന്‍‌തൂവല്‍ കൂടി.

ഞാന്‍ കുമാരേട്ടന്റെ വീട്ടില്‍, സോറി, ബ്ലോഗില്‍ കയറി. വേറൊരാളുടെ ബ്ലോഗില്‍ കയറുമ്പോഴുള്ള സംതൃപ്തി പറഞ്ഞറിയിക്കാന്‍ പ്രയാസം.

വന്ന കാലില്‍ നില്‍ക്കാതെ, വന്ന കാര്യം ചെയ്യാം. ബ്ലോഗ് പബ്ലിഷ് ചെയ്തു.

പബ്ലിഷ് ആയില്ല. എറര്‍ വരുന്നു. കുമാരേട്ടന്റെ സ്വഭാവം തിരിച്ചറിയാന്‍ പറ്റുന്നില്ല എന്ന് പറയുന്നു ബ്ലോഗ്ഗര്‍. Unrecognized character എന്ന് ഇംഗ്ലീഷ്.

ഞാന്‍: കുമാറേട്ടാ, എന്തോ കാര്യമായ പ്രശ്നം ഉണ്ട്. ഒന്ന് കേറി പണിയേണ്ടി വരും. അഡ്മിനാകൂ എന്നെ.
കുമാര്‍: എന്റെ ഒരു ഗതികേട്. നീ വരെ കയറി നിരങ്ങിയല്ലോ എന്റെ ബ്ലോഗില്‍.
ഞാന്‍: വേണമെങ്കില്‍ മതി.
കുമാര്‍: ശരി, നിന്നെ അഡ്മിന്‍ ആക്കാം.

അങ്ങിനെ ഞാന്‍ ഫ്രെയിമിലൂടെ എന്ന ബ്ലോഗിന്റെ അഡ്മിന്‍ ആയി. സെറ്റിങ്ങ്സ് ഒക്കെ ഞാന്‍ ഒന്ന് പരിശോധിച്ചു. കുഴപ്പമൊന്നും കാണുന്നില്ല. അവസാനമായിട്ട പോസ്റ്റുകളും ഒന്ന് നോക്കി. അതിലും പ്രശ്നം ഒന്നും ഉണ്ടാകാനുള്ള‍ വഴി കാണുന്നില്ല.

ഇന്റക്സ് മാത്രം പബ്ലിഷ് ചെയ്യുക എന്നും മൊത്തം ബ്ലോഗ് പബ്ലിഷ് ചെയ്യുക എന്നുമൊക്കെ ഓപ്ഷന്‍ ഉണ്ടല്ലോ. രണ്ടും മാറിമാറി ചെയ്തു. നാലഞ്ച് പബ്ലിഷുകള്‍ കഴിഞ്ഞപ്പോള്‍ സംഭവം ശരിയായി. ഫ്രെയിമിലൂടെ ബാക്ക് ഓണ്‍ ട്രാക്ക്.

ഞാന്‍: കുമാരേട്ടാ, ഇപ്പോള്‍ ഒന്ന് നോക്കിക്കേ ബ്ലോഗ് കിട്ടുന്നുണ്ടോയെന്ന്.
കുമാര്‍: കിട്ടുന്നുണ്ട്. രക്ഷപെട്ടു ഉണ്ണിയേ. നീ എന്താ ചെയ്തത്?
ഞാന്‍: വെറുതേ കുറെ പബ്ലിഷ് കൊടുത്തു. എങ്ങിനെയോ ശരിയായി.
കുമാര്‍: ഓക്കെ. താങ്ക്സ്. ഇനി ഞാന്‍ നിന്നെ കഴുത്തിനു പിടിച്ചു പുറത്താക്കട്ടെ?

എന്നെ എവിടുന്നെങ്കിലും പുറത്താക്കുക എന്ന് പറയുന്നത് കുമാരേട്ടന്‍ വളരെ സന്തോഷമുള്ള കാര്യമാണ്. ഇത്ര നേരം എത്ര ടെന്‍ഷന്‍ അടിച്ചോ, അത്ര കണ്ട് സന്തോഷത്തിലായിരുന്നു കുമാരേട്ടന്‍ ഇതെന്നോട് പറഞ്ഞത്. എന്റെ ആവശ്യം കഴിഞ്ഞതിനാല്‍ ഞാനും പറഞ്ഞു ഓക്കെ എന്ന്. ഇനി ഫ്രെയിമിലൂടെ എന്ന ബ്ലോഗില്‍ കോണ്ട്രിബ്യൂട്ടേര്‍സ് എന്നും പറഞ്ഞ് എന്റെ പേരു കണ്ടാല്‍ ആരൊക്കെ തോക്കെടുക്കുമെന്ന് പറഞ്ഞുകൂട. എനിക്ക് എന്റെ ലൊട്ടുലൊടുക്ക് മതിയേ.

കുറച്ച് നേരത്തേക്ക് ഒന്നും കണ്ടില്ല. പിന്നീട് പെട്ടെന്ന്...

കുമാര്‍: എടാ, ഒരു മണ്ടത്തരം പറ്റി.
ഞാന്‍: എന്റെ തറവാട്ടിലേക്ക് സ്വാഗതം. എന്നതാ ഒപ്പിച്ചേ?
കുമാര്‍: നിന്നെ പുറത്താക്കാനുള്ള ആക്രാന്തം മൂത്തതാ പ്രശ്നമായേ. ഓടിപ്പോയി നിന്റെ അഡ്മിന്‍ റൈറ്റ് എടുത്ത് കളയാന്‍ വേണ്ടി ക്ലിക്ക് ചെയ്താതാ. ഉന്നം തെറ്റി.
ഞാന്‍: ആപ്പോള്‍?
കുമാര്‍: എന്റെ അഡ്മിന്‍ റൈറ്റ് പോയി. ഇപ്പോള്‍ എന്റെ ബ്ലോഗില്‍ നീ അഡ്മിനും, ഞാന്‍ ഒരു വഴിപോക്കനും.

അവിടെ വച്ച് എന്റെ കണ്ട്രോള്‍ പോയി. ചിരി വന്നിട്ട് എനിക്ക് ഓഫീസില്‍ എന്റെ സീറ്റില്‍ ഇരിക്കാന്‍ പറ്റുന്നില്ല. കുറച്ച് ശ്രമിച്ച് നോക്കി. രക്ഷയില്ല. ഞാന്‍ ഓടി കാന്റീനിലേക്ക്. അവിടെയും ആളുകളുണ്ട്. അവര്‍ ശ്രദ്ധിക്കുന്നു. ഞാന്‍ എന്റെ മൊബൈല്‍ എടുത്ത് ചെവിയോട് ചേര്‍ത്തു. ഞാന്‍ ആരെങ്കിലും ആയി സംസാരിക്കുകയാണെന്ന് കരുതിക്കോട്ടെ. ഒരു കൈ വെറുതേ ഇരിക്കുകയല്ലേ എന്ന് കരുതി ഒരു കാപ്പിയും എടുത്തു കോഫീ മെഷീനില്‍ നിന്ന്. പക്ഷെ ചിരി കാരണം അത് കുടിക്കാനാകുന്നില്ല.

ഞാനോര്‍ത്തു. ഇനി കുമാരേട്ടന്റെ ബ്ലോഗില്‍ എനിക്കെന്തും ചെയ്യാം. പുതിയ പോസ്റ്റ് ഇടാം, പഴയത് ഡിലീറ്റ് ചെയ്യാം, അല്ലെങ്കില്‍ തിരുത്താം. സെറ്റിങ്ങ്സ് മാറ്റാം, ടെമ്പ്ലേറ്റ് മാറ്റാം. കുമാരേട്ടന് ഒന്നും ചെയ്യാന്‍ സാധിക്കില്ല. സ്വന്തം പോസ്റ്റുകള്‍ മാത്രം ഇനി തിരുത്താം, ഞാന്‍ എന്ത് ചെയ്താലും തൊടാന്‍ കൂടി പറ്റില്ല.

ഇനി ഫ്രെയിമിലൂടെ എന്നത് ഞാന്‍ ഒരു ലൊട്ടുലൊടുക്ക് ബ്ലോഗാക്കും. എന്റെ ചിത്രങ്ങള്‍ ഇനി ഇവിടെ മതി. കുമാരേട്ടന്‍ സമ്പാദിച്ചു വച്ച നല്ല പേരു വച്ചു ഒരു കളി കളിക്കാം. ആഹാ, എന്തൊരു രസം.

എന്നാലും പാവമല്ലേ, ഒരു ബ്ലോഗ് തട്ടിയെടുക്കുക എന്നൊക്കെ പറഞ്ഞാല്‍ ... ഒരു കാര്യം ചെയ്യാം. പകരത്തിനു പകരം. ഫ്രെയിമിലൂടെ എന്ന ബ്ലോഗ് എനിക്കു തന്നതിനു പകരം, എന്റെ ലൊട്ടുലൊടുക്ക് കുമാരേട്ടന് കൊടുക്കാം. എന്റെ അരുമബ്ലോഗാണ്, പിരിയാന്‍ വിഷമമുണ്ട്. എന്നാലും സാരമില്ല. കുമാരേട്ടനല്ലേ. ഫ്രെയിമിലൂടെ എനിക്ക് തന്നതില്‍ കുമാരേട്ടനും വിഷമമുണ്ടാകില്ലേ, അത് ഞാന്‍ മനസ്സിലാക്കണ്ടേ.

അപ്പോഴേക്കും ഞാന്‍ സീറ്റില്‍ നിന്ന് മാറി നിന്നിട്ട് കുറേ നേരമായിരുന്നു. തിരിച്ചു സീറ്റിലേക്ക് വന്നു. അവിടെ കുമാരേട്ടന്റെ ഒരുപാട് മെസ്സേജുകള്‍ വന്ന് മിന്നിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

പല പ്രലോഭനങ്ങളും, കാലുപിടിക്കലും, വാഗ്ദാനങ്ങളും, പിന്നെ ഇടയ്ക്കിത്തിരി ഭീഷണിയും. മെസ്സേജുകള്‍ മുഴുവന്‍ വായിച്ചു. കുമാരേട്ടന്റെ ബ്ലോഗ് സ്നേഹം എന്റെ മനസ്സ് നിറയിച്ചു. ആ രോദനം എന്റെ കണ്ണും. ഞാന്‍ ഒരു ലോലഹൃദയനായതിനാലും, എന്റെ പിള്ളമനസ്സില്‍ കള്ളമില്ലാത്തതിനാലും ഞാന്‍ ആ ബ്ലോഗ് അദ്ദേഹത്തിന് തിരിച്ച് കൊടുക്കാന്‍ തീരുമാനിച്ചു.

ആ ബ്ലോഗ് നല്ല രീതിയില്‍ നടത്തിക്കോളാം എന്ന് കുമാരേട്ടന്റെ കയ്യില്‍ നിന്ന് ഞാ‍ന്‍ വാക്ക് മേടിച്ചു. നല്ല പോസ്റ്റുകള്‍ തുടരെ ഇട്ടുകൊള്ളാം എന്നും കുമാരേട്ടന്‍ സമ്മതിച്ചു തന്നു. ഉത്തരവാദിത്തത്തോടെ ബ്ലോഗ് നോക്കി നടത്താം എന്ന് പറഞ്ഞത് കൊണ്ട് ഞാന്‍ കുമാരേട്ടന് ബ്ലോഗ് കൊടുക്കാന്‍ തീരുമാനിച്ചു. എന്റെ ബ്ലോഗ് (അതെ, എന്റെ ബ്ലോഗ് ആയല്ലോ) ഒരാള്‍ക്ക് കൊടുക്കുക എന്ന് പറഞ്ഞാല്‍ വലിയ വിഷമമുള്ള കാര്യമാണ്. എന്നാലും കുമാരേട്ടനായത് കൊണ്ട് ഓക്കെ. വിറയ്ക്കുന്ന കൈകളാലെ, വിതുമ്പും മനമോടെ, ഞാന്‍ ഫ്രെയിമിലൂടെ എന്ന ബ്ലോഗില്‍ ചെന്ന് കുമാരേട്ടന് അഡ്മിന്‍ പവര്‍ കൊടുത്തു, ആദ്യമായും അവസാനമായും ആ ബ്ലോഗിന്റെ ഡാഷ്ബോര്‍ഡ് ഞാന്‍ കണ്‍‌കുളിര്‍ക്കെ കണ്ടു.

പിന്നെ അധികം കഴിഞ്ഞില്ല, ഞാന്‍ ബ്ലോഗില്‍ നിന്ന് പുറത്തായി. ഇത്തവണ കുമാരേട്ടന് ഉന്നം തെറ്റിയില്ല.

സമര്‍പ്പണം: ഇത് പോസ്റ്റാക്കാന്‍ എന്നെക്കാളും താല്പര്യം കാണിച്ച കുമാരേട്ടന്. കുമാരേട്ടാ, സ്പെക്ഷല്‍ താങ്ക്സ്.

36 comments:

  1. Kumar Neelakandan © (Kumar NM) said...

    ശ്രീജിത്ത് മുകളില്‍ എഴുതിയ പോസ്റ്റ് ഒരു നടന്ന കാര്യമാണെന്ന് ഇതിനാല്‍ ഞാന്‍ സര്‍ട്ടിഫൈ ചെയ്യുന്നു.

    കുമാര്‍
    (ഒപ്പ്)

    (ഞാനിതു വായിച്ചിട്ട് ഒരുപാട് ചിരിച്ചു. അതിലുപരി അന്നു ഇതു സംഭവിച്ചപ്പോള്‍ ശ്രീജിത്ത് ചിരിച്ചപ്പോള്‍ ഇവിടെ ഞാനും ഉറക്കെ ചിരിക്കുകയായിരുന്നു, പറ്റിയ അബദ്ധമോര്‍ത്ത്)



  2. ലിഡിയ said...

    ജിത്തേ..നിന്നില്‍ നിന്ന് ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കാം, എന്നാലും ഹ്യൂമറിന്റെ തുമ്പികൈവണ്ണമുള്ള മഴയ്ക്കിടയില്‍ കുറെ കാര്യങ്ങള്‍ കണ്ട്പിടിച്ചു.

    1.ജിത്ത് ഒരു പുലിയല്ല പ്രസ്ഥാനമാണ്.
    2.പിള്ളമനസ്സാണ്, കള്ളമില്ല.
    3.ഇനി സഹായം ചോദിച്ച് ചെല്ലേണ്ടി വന്നാലും,പണി കഴിഞ്ഞയുടന്‍ ഉന്നം തെറ്റാതെ പിടിച്ച് പുറത്താക്കണം.

    രസിച്ചു..

    :-)

    -പാര്‍വതി.



  3. Kumar Neelakandan © (Kumar NM) said...

    പ്രിയപ്പെട്ടവരെ, ഞാനിതാ ശ്രീജിത്തിന്റെ ബ്ലോഗില്‍ മലര്‍ന്നു കിടക്കുകയാണ്. കേറി നിന്ന് നൃത്തം ചെയ്യേണ്ടവര്‍, ലൊട്ട് ലൊടുക്ക് കൂപ്പണും വാങ്ങി വരിവരിയായി കടന്നു വരേണ്ടതാണ്.



  4. ബിന്ദു said...

    ഹി ഹി ... എനിക്കു വയ്യ. ഇനി കുമാറിനെ കുമാര്‍ എന്നു വിളിക്കാന്‍ എനിക്കിത്തിരി ബുദ്ധിമുട്ടുണ്ട്, ശ്രീജിത്തേ എന്നു വിളിച്ചോട്ടേ? :)
    ശ്രീജിത്തേ പെട്ടെന്നങ്ങു കൊടുത്തത് ശരിയായൊ എന്നൊന്നു കൂടി ഒന്നാലോചിക്കു.(കുറച്ചു കൂടി മണ്ടത്തരങ്ങള്‍ക്കു സ്കോപ്പാകുമായിരുന്നു.)



  5. അരവിന്ദ് :: aravind said...

    ഹഹഹ
    ഈ കുമാര്‍‌ജിയുടെ ഒരു കാര്യം! :-)

    ശ്രീജ്യേ വിവരണം കലക്കി....എന്നാലും ഫ്രീ ആയി ബ്ലോഗ് തിരികെ കൊടുത്തോ? കൊച്ചിയിലെത്തുമ്പോള്‍ ഒരു ട്രീറ്റെങ്കിലും ഒപ്പിക്കാരുന്നു....
    സാരല്ല, ചാന്‍സ് ഇനീം കിട്ടും. അല്ലേ കുമാര്‍ജി ? :-)



  6. Unknown said...

    മോനേ ശ്രീജീ,
    നീ ചതിയാണ് ചെയ്തത്. എന്നെ അറിയിക്കണമായിരുന്നു. എങ്കില്‍ നമുക്ക് കുമാറേട്ടന്റെ ഫ്രെയിം ബ്ലോഗ് ‘ബൂലോഗ ക്ലബ് 5‘ ആക്കാമായിരുന്നു.

    എന്റെ ഒരു മണ്ടത്തരമുണ്ട്. കുമാറേട്ടന്‍ പറഞ്ഞ് തരും.പോസ്റ്റ് ചെയ്തോളൂ..... :-)

    (ഓടോ:കുമാറേട്ടാ പറഞ്ഞ് കൊടുക്കൂ. എനിക്ക് സമയമില്ലാഞ്ഞിട്ടാ നാണം കൊണ്ടൊന്നുമല്ല)



  7. ചില നേരത്ത്.. said...

    ഈ പോസ്റ്റ് വായിച്ചപ്പോഴുണ്ടായ സംശയം തീര്‍ക്കാന്‍ (അതായത് ആരാണിപ്പോള്‍ അഡ്മിന്‍ എന്നത്) ശ്രീജിത്തിന് ചാറ്റ് മെസേജ് ഇട്ടപ്പോള്‍ കിട്ടിയ മറുപടി എന്നെ വികാരാധീനനാക്കി. ശ്രീജിത്തെ നീ ഇത്രയ്ക്ക് തറ ആകാന്‍ പാടില്ല.



  8. Anonymous said...

    ഒരു പത്തിരുന്നൂറ് പേര്‍ കയറിയിറങ്ങിയതും (നിരങ്ങിയതും)ഒരു കൈയബദ്ധം കൊണ്ട് കമന്റ് ചെയ്തവരെയൊന്നും തിരിച്ചറിയാനാവാത്തതായ എന്റെ ബ്ലോഗ് പഴയപടി ആക്കുന്നവറ്ക്ക് (നൂറു കമന്റുകള്‍ വീതം (വിഷയമെന്തായാലും) + 1 ആഴ്ച്ചത്തേക്ക് അഡ്മിന്‍ പവറ് എന്നിവ സമ്മാനം.)(ബീറ്റാ വെര്‍ഷനില്‍ നിന്നും പഴയപടി):)

    (കണ്ടില്ലേ ബീറ്റായിലോട്ട് മാറിയപ്പോ ബ്ലോഗ്ഗറ്.കോമിന്‍ എന്നെ അറിയില്ലെന്ന്).

    ഓ. ടോ.)പോസ്റ്റ് ഇഷ്ടപ്പെട്ടു.



  9. വളയം said...

    എന്റെമ്മ്വോ, ഇവനെ പേടിക്കണം. ഇക്കണക്കിന് ഇവന്‍........????
    പലതും വരുന്നു പറയാന്‍....
    ഞാനൊന്നും പറയുന്നില്ലേ; കത്തോളിന്‍ എന്റെ ബ്ലോഗനാര്‍കാവിലമ്മേ.



  10. Satheesh said...

    ശ്രീജിത്തേ, അപാര വിവരണം..
    ഇനിയിപ്പം ആരെയാ ‘ശ്രീജിത്ത്‘ ന്ന് വിളിക്കുകാന്നുള്ള ഒരു സംശയം ബാക്കി!! :-)



  11. sreeni sreedharan said...

    ശ്രീജിത്തെ നീയാണ്ടാ സ്‌നേഹമുള്ള സിംഗം!
    കുമാറേട്ടാ, കുമാറേട്ടനാരാ, ഞാനാ?



  12. ഇടിവാള്‍ said...

    ഹ ഹ .. ഇതെഴുതിയതു നന്നായി ശ്രീ..

    നിങ്ങളു ഭയങ്കര കമ്പനിയാണല്ലേ.. എല്ലാ കാര്യത്തിലും ?? ;)



  13. Rasheed Chalil said...

    കുമാര്‍ജീ നന്ദികളഖിലവും താങ്കള്‍ക്ക്. ബൂലോഗത്ത് തേരാ പാര നടന്ന് സകലരും മണ്ടാ... മരമണ്ടാ... മണ്ടൂസേ എന്ന് വിളിച്ചിരുന്ന ശ്രീജിത്തിനെ ഒറ്റ ദിവസം കൊണ്ട് പുദ്ദിമാനാക്കിയില്ലേ... കുമാര്‍ജീ വാഴ്ക.

    ഓ.ടോ :
    ശ്രീജിത്തേ വിവരണം അസ്സലായി... സൂപ്പര്‍. ഇവിടെയിരുന്ന് ഞാനും ചിരിച്ചു. എന്റെ മണ്ടത്തരം എല്ലാവരും അറിഞ്ഞതിനാല്‍ പോസ്റ്റാവില്ല എന്ന പ്രതീക്ഷയോടെ.



  14. Anonymous said...

    ഹഹഹഹ...ശ്രീജിത്തെ ഇതു കലക്കി! കുമാറേട്ടന് കൊഞ്ചു കൊടുക്കണം എന്ന് ഞാന്‍ മനസ്സില്‍ കരുതിയേയുള്ളൂ..അപ്പോഴേക്കും ഉണ്ണീ നീ...തൃപ്തിയായി..തൃപ്തിയായി..ബ്ലോഗ് ഒരു പോസ്റ്റ് പോലും ചെയ്യാണ്ട് തിരിച്ച് കൊടുത്തതില്‍ ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു...



  15. kusruthikkutukka said...

    മണ്ടത്തരങ്ങള്‍ = ശ്രീജിത്തരങ്ങള്‍ = കുമാരസംമ്പവങ്ങള്‍
    ഞാനെന്തൊക്കെയാ കാണുന്നേ എന്റീശ്വരാ....
    മുല്ലപൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാകും സൌരഭ്യം ...അനുഭവിച്ചോ കുമാരേട്ടാഅ..അല്ലാതെ ഞാന്‍ എന്തു പറയാന്‍ ;;)

    ഒരു സംശയം ആദ്യ കമന്റിലെ ഒപ്പ് ഇട്ടതു ആരു? അഡ്മിന്‍ റൈറ്റ് ഉണ്ടായിരുന്ന ആളാണോ?



  16. സ്വാര്‍ത്ഥന്‍ said...

    "വിറയ്ക്കുന്ന കൈകളാലെ, വിതുമ്പും മനമോടെ, ഞാന്‍ ഫ്രെയിമിലൂടെ എന്ന ബ്ലോഗില്‍ ചെന്ന് കുമാരേട്ടന് അഡ്മിന്‍ പവര്‍ കൊടുത്തു, ആദ്യമായും അവസാനമായും ആ ബ്ലോഗിന്റെ ഡാഷ്ബോര്‍ഡ് ഞാന്‍ കണ്‍‌കുളിര്‍ക്കെ കണ്ടു."

    തത്സമയം നീ അനുഭവിച്ച മനഃക്ലേശത്തില്‍ ഞാനും പങ്കുചേരുന്നു ശ്രീ...



  17. കുറുമാന്‍ said...

    ജിത്തേ വെറും മണ്ടനല്ല നീ, സന്മനുസ്സുള്ള മരമണ്ടനാണെന്നും ഞാന്‍ പറയില്ല, പക്ഷെ ആത്മാര്‍ത്ഥതയുള്ള ഒരു ഡെഡിക്കേറ്റ് ബ്ലോഗര്‍ ആണു നീ.

    സഹൃദയരെ, നിങ്ങളുടെ ബ്ലോഗിന്നെന്തെങ്കിലും അപാകതകള്‍ പറ്റിയാല്‍ (ടെക്നിക്കലി വിവരം കുറഞ്ഞ എന്നെ പോലെയുള്ള ബ്ലോഗര്‍ക്ക്), വിശ്വസനീയമായ ഒരു മെക്കാനിക്ക് ആണ് ജിത്തു.

    ഈ ഞാന്‍ പണ്ട് ഒരു കഥയില്‍ അനാവശ്യമായി കുറെ കുത്തുകള്‍ ഇട്ടിട്ട് (സന്തോഷിന്റെ പോസ്റ്റ് വായിക്കുന്നതിന്നു മുന്‍പ്)എന്റെ ബ്ലോഗ് ഒരറ്റം പൊട്ടിയ ഊഞ്ഞാല്‍ കണക്കെ കിടന്നാടിയപ്പോള്‍, എന്റെ യൂസര്‍ നെയിമും, പാസ് വേര്‍ഡും ജിത്തിന്നു കൊടുത്തു. പത്തു മിനിട്ടിന്നുള്ളില്‍ സംഭവം റെഡി.

    ഇന്നും അതേ പാസ് വേര്‍ഡും, യൂസര്‍ നെയിമിലും ഞാന്‍ ബ്ലോഗുന്നു.

    ജിത്തു ഈ ബ്ലോഗിന്റെ നാഥന്‍ എന്നു ഫൂട്ടര്‍ കൊടുത്താലോ എന്നു ഞാന്‍ ആലോചിക്കുകയാണിന്നു.

    നന്ദി ജിത്തു......നന്ദി ബ്ലോഗേഴ്സ്.



  18. Adithyan said...

    ജിത്തേ, നെന്റെ ഐഡി ഞാന്‍ എന്റെ ജീടോക്കില്‍ നിന്നെടുത്ത് ദൂരെക്കളഞ്ഞു. എന്റെ നീയും കളഞ്ഞേരെ. നെന്നോടുള്ള ചാറ്റ് നിര്‍ത്തി. എന്തിനാ വെറുതെ എന്തേലും ഒക്കെ അറിയാതെ നിന്നോടു പറഞ്ഞിട്ട് പിന്നെ നീ അതു ‘മണ്ടത്തരങ്ങളില്‍’ ഒക്കെ എഴുതി, അയ്യേ, അയ്യയ്യേ, ഞാന്‍ ഒരുമാതിരി കുമാറേട്ടന്റെ ലെവലില്‍ ആയിപ്പോകും... അയ്യേ... ;)

    (ഹഹഹഹ കുമാറേട്ടാ, ‘ന്നെ ആദീന്നു വിളിച്ച് അപമാനിക്കരുതെന്ന്’ പറഞ്ഞതിന്റെ പലിശ ആരുന്നു ഇത്) ബുഹഹഹഹഹഹ്....



  19. magnifier said...

    മോനേ ശ്രീജിത്തേ തലക്കട്ട് കണ്ട്പ്പം ശ്ശി ഒന്നു ഭ്രമിച്ചു ട്ടോ...സങ്ങതി ഒറിജിനല്‍ സംഭവങ്ങാനാണ്വോന്ന്..കുമാരസംഭവം പിശകാണുട്ടോ...പിന്നെ നമ്മള്‍ കഴിഞ്ഞ ജന്മത്തിലല്ലഡോ ഈ ജന്മത്തിലും ചങ്ങായ്മാരാ.. സംശേണ്ടോ? പിന്നെ ഉദ്ദേശം ശുദ്ദിയുള്ളതാട്ടോ ശങ്ക വേണ്ട

    magnifier



  20. പാപ്പാന്‍‌/mahout said...

    ശ്രീ, ഡേ, നീ ഇപ്പൊ ‘കുറുമാന്‍’ എന്ന പേരിലും പോസ്റ്റാന്‍ തുഡങ്ങിയോഡേ?

    (എന്റെ കാര്യം പോക്കാന്നുതോന്നുന്നു. -- ഇങ്ങനത്തെ കമന്റൊക്കെ എഴുതി ഞാനും ഒരു വലതുപക്ഷ അരാഷ്ട്രീയക്കാരനായിപ്പോകുമോ? എംഗല്‍‌സേ, കാത്തോളണേ...)



  21. ദിവാസ്വപ്നം said...

    ഹ ഹ ശ്രീ‍ജിത്ത്,

    ഇതു വായിച്ച് ഞാന്‍ ഒത്തിരി ചിരിച്ചു.

    തന്റെ കണ്ട്രോള്‍ പോയ അതേ സ്ഥലത്ത് വച്ച് തന്നെ എന്റെയും കണ്ട്രോള്‍ പോയി. പോസ്റ്റ് കലക്കി കട്ടിലൊടിച്ചൂന്ന് ഞാന്‍ ഗ്യാരണ്ടി !

    താങ്ക്സ്, നല്ലൊരു ചിരിമുഹൂര്‍ത്തത്തിന് :-)



  22. ഉമേഷ്::Umesh said...

    കുമാരസംഭവം എന്ന തലക്കെട്ടു കലക്കി ശ്രീജിത്തേ. ഇരുന്ന കമ്പു മുറിച്ച കാളിദാസന്റെ കൃതിയല്യോ അതു്? സ്വന്തം ബ്ലോഗില്‍ നിന്നു തന്നെത്തന്നെ എടുത്തുകളഞ്ഞ അഭിനവകാളിക്കുമാരദാസന്‍... എനിക്കു വയ്യ!

    - അകത്താരാ?
    - പുറത്താരാ?
    - പുറത്തു കുമാരേട്ടന്‍ (“നിലാവിന്റെ പൂങ്കാവില്‍...”)
    - അകത്തു ശ്രീജിത്ത്
    - നാക്കു നീട്ടൂ താക്കോല്‍പ്പഴുതിലൂടെ...

    :-)



  23. പുള്ളി said...

    ശ്രീജിത്ത്‌, നമുക്ക്‌ ബ്ലോഗ്‌ പണയത്തില്‍ പണം കടം കൊടുക്കുന്ന ഒരു സംരംഭം തുടങ്ങിയാലോ? അഡ്മിന്‍ റൈറ്റ്‌ കിട്ടിയാല്‍ പണം കൊടുക്കാം.
    ഉരച്ചുനോക്കി സെര്‍ട്ടിഫൈ ചെയ്ത ബ്ലോഗുകള്‍ മാത്രമേ എടുക്കാവൂ...

    കുമാറേട്ടാ നിങ്ങളൂടെ ഹൈജാക്കര്‍ ശ്രീജിത്‌ ആയതു ഭാഗ്യം ഇന്നസെന്റ്‌ ഒരു തോക്കു കിട്ടീട്ട്ണ്ട്‌ എന്നു പറഞ്ഞു്‌ അതു വില്ലന്റെ കൈയ്യില്‍ അതു കൊടുത്ത പോലെ അല്ലേ ശ്രീജിത്ത്‌ ബ്ലോഗ്‌ തിരികെ തന്നത്‌



  24. Unknown said...

    ശ്രീജിത്തേ,
    കുമാരസംഭവത്തില്‍ നിന്നു ഉത്തേജനം ഉള്‍ക്കൊണ്ട് ഒരു ബ്ലോഗ് പണിശാല( വര്‍ക്ക് ഷാപ്പ്) തുടങ്ങി വെയ്ക്കൂ.

    ഇവിടെ ബ്ലോഗ് ‘പണീത്‘ കൊടുക്കപ്പെടും
    - ടെപ്ലേറ്റ് റിപ്പയര്‍
    - ബ്ലോഗ് പബ്ലിഷിങ്ങ് തടസ്സം മാറ്റല്‍
    - അനാവശ്യ പോസ്റ്റ് നിവാരണം (കരാര്‍ അടിസ്ഥാനത്തില്‍)

    - മികച്ച സേവനം, കുറഞ്ഞ കൂലി!

    കുറുമന്റേയും കുമാറിന്റേയും കൈയില്‍ നിന്ന് ഒരു സാക്ഷിപത്രവും വാങ്ങി പണീശാലയുടെ ഭിത്തിയില്‍ തൂക്കിയിട്ടേരെ..!



  25. വാളൂരാന്‍ said...

    ഒരു ബ്ലോഗ്ഗറുടെ കനലായെരിയുന്ന അഡ്മിന്‍ നൊമ്പരങ്ങള്‍ പ്രേക്ഷകരുടെ ഉള്ളില്‍ത്തട്ടുന്നവിധം ആവിഷ്കരിച്ച ഒരു ബ്ലോഗുകാവ്യമാണ്‌ ഇതെന്ന്‌ ഞാന്‍ ആണയിടുന്നു.



  26. thoufi | തൗഫി said...

    ജിത്തേ,
    നിന്നെ ഞാന്‍ സമ്മതിച്ചൂട്ടൊ,
    കലക്കീ.നല്ല വിവരണം.
    ഇപ്പൊള്‍ ഒരു കാര്യം മനസ്സിലായി
    ഇനി ജിത്തിനോടു എന്തെങ്കിലും
    തംസയം ചോദിക്കണമെങ്കില്‍
    ആദ്യം മണ്ടത്തരങ്ങളില്‍ വെളിച്ചം കാണില്ലെന്നു
    ഉറപ്പു വരുത്തണം



  27. മുസ്തഫ|musthapha said...

    ശ്രീജിത്തേ
    അമറന്‍, അലക്കിപ്പൊളി, കിണ്ണംകാച്ചി, എമണ്ടന്‍, ഇറ്റിസി കുത്ത്
    ഇതിലെല്ലാതും പ്രയോഗിച്ച് തന്നെ പറയട്ടെ സംഭവം സൂപ്പറി. കിടിലന്‍ വിവരണം.

    ഇനി ആ ബ്ലോഗിന്‍റെ പേര് മാറ്റിയാലും കൊയപ്പമില്ല...
    മണ്ടത്തരങ്ങള്‍... അതിനി ചേരില്ല
    വേണോങ്കി കുമാറുമായൊരു ഇന്‍റേണല്‍ ട്രാന്‍സ്ഫറിന് ശ്രമിക്കരുതോ :)



  28. Visala Manaskan said...

    ശ്രീ....
    കിണുക്കന്‍ വിവരണം. ഹഹഹ..
    കുമാറിനും നന്ദിയുണ്ട്. കുമാറങ്ങിനെ ചെയ്തില്ലെങ്കില്‍..



  29. മുല്ലപ്പൂ said...

    കുമാരസംഭവം വായിച്ചു, ചിരി നിക്കണില്ലല്ലോ ശ്രീജ്യേ.
    ഇനി ഫ്രെയിമിലൂടെ എന്നത് ഞാന്‍ ഒരു ലൊട്ടുലൊടുക്ക് ബ്ലോഗാക്കും. എന്റെ ചിത്രങ്ങള്‍ ഇനി ഇവിടെ മതി. കുമാരേട്ടന്‍ സമ്പാദിച്ചു വച്ച നല്ല പേരു വച്ചു ഒരു കളി കളിക്കാം. ആഹാ, എന്തൊരു രസം.

    ഹഹഹ വയ്യായെ.

    ശ്രീജീ ഒരിക്കലും നിനക്ക് ആശയ ദാരിദ്ര്യം ഉണ്ടാവില്ല കേട്ടോ.
    സ്വന്തം ബ്ലൊഗില്‍ നിന്നു സ്വയം അഡ്മിണ്‍ റൈറ്റ് എടുത്തു കളയുന്നവര്‍ അല്ലേ ഉള്ളതു.

    എഴുത്തു വളരെ വളരെ നന്നാവുന്നു.



  30. മുല്ലപ്പൂ said...

    ഉമേഷേ(ട്ട)ന്റെ കമെന്റു വായിച്ചു.
    ചിരി തുടരട്ടെ.



  31. ശിശു said...

    മണ്ടത്തരങ്ങളുടെ രാജാവെ..
    വിവരണം നന്നായി.



  32. കരീം മാഷ്‌ said...

    ysnuvpശ്രീജിത്തെ,
    നീ എന്തു മണ്ടത്തരമാ കാണിച്ചെ?
    (മണ്ടത്തരം കാട്ടിയെന്നു പറയേണ്ടാല്ലേ ! കാട്ടിയെന്നു പറഞ്ഞാല്‍ തന്നെ അര്‍ത്ഥം പൂര്‍ണ്ണം)
    ആ തങ്കം പോലത്ത ബ്ലോഗു നാലു മെസ്സേജും രണ്ടു ഭീഷണിയും വന്നപ്പോള്‍ വിട്ടു കൊടുത്തല്ലോ?

    റിലെയില്‍ ബാറ്റണ്‍ മാറുന്നപോലെ എല്ലാ ബ്ലോഗര്‍മാര്‍ക്കും മാറി മാറി അഡ്‌മിന്‍ പവറിട്ടു കുമാറിനെ ഇത്തിരി നേരം കളിപ്പിക്കാമായിരുന്നു.



  33. സൂര്യോദയം said...

    ഇന്ന് ചിരിയ്ക്കുള്ള സ്കോപ്പ്‌ ഉണ്ടാക്കിത്തന്ന കുമാറിനും അതിനെ കുമാറിനെത്തന്നെ ഞെട്ടിപ്പിക്കും വിധം രസകരമായി വിവരിച്ച ശ്രീജിത്തിനും എന്റെ വക അഭിനന്ദനങ്ങള്‍ ... കൊട്‌ കൈ...



  34. aanapremi - ആനപ്രേമി said...

    അളിയാ ജിത്തെ!!! നീ എന്നെ ബ്ലോഗ്ഗറാക്കി!!!

    ഇപ്പോൾ മിക്കവാറും മലയാളം ബ്ലോഗ്ഗുകൾ വായിച്ചിരിക്കലാണ്‌ പണി.

    എന്റെ ഇപ്പോഴത്തെ പണി എന്നു തെറിക്കും എന്നറിയില്ലാ!!! :)

    നീയും നിന്റെ മണ്ടത്തരങ്ങളും ശരിക്കും കലക്ക്‌ണ്‌ണ്ട്ട്ടോ!!!



  35. Kalesh Kumar said...

    കുമാര്‍ഭായിയുടെ ശ്രീജിത്തരം “മറക്കില്ല”!!!

    കലക്കി ശ്രീ!



  36. ശെഫി said...

    കഷ്ടപ്പെട്ട്‌ കിട്ടിയൊരു ബ്ലൊഗ്‌ ഒരു പോസ്റ്റ്‌ പോലും ഇടാതെ വെറുതെ കൊടുത്ത ശ്രീ യുടെ മണ്ടത്തര്‍മോര്‍ത്ത്‌ എനിക്കും ചിരി അടക്കാനാവുന്നില്ല