Monday, October 23, 2006

ദീപാവലി മണ്ടത്തരം

ഇക്കഴിഞ്ഞ ആഴ്ചാവസാനം ബാംഗ്ലൂര്‍ ഒരു യുദ്ധഭൂമിക്ക് സമാനമായിരുന്നു. ഒരോ വീട്ടിലും റോഡിലും തോട്ടിലും കാട്ടിലും എന്ന് വേണ്ട ഒരിത്തിരി സ്ഥലം എവിടെയെങ്കിലും വെറുതേ കിടക്കുന്നത് കണ്ടാല്‍ അവിടെ നാലാള്‍ കൂടി പടക്കം പൊട്ടിച്ച് കളിക്കും എന്നതായിരുന്നു അവസ്ഥ. പടക്കം പൊട്ടിക്കാനായി ആളുകള്‍ ഒരുകയ്യില്‍ പടക്കവും മറുകയ്യില്‍ കത്തിച്ച തിരിയുമായി നടക്കുന്നത് കണ്ടാല്‍ സിനിമയില്‍ ഒക്കെ കാണുന്നത് പോലെ വര്‍ഗ്ഗീയ ലഹള സമയത്ത് നാട് കത്തിക്കാന്‍ നടക്കുന്നവരെയാണ് എനിക്കോര്‍മ്മ വന്നത്. സ്ഥലം കിട്ടാത്തവര്‍ പടക്കം പൊട്ടിക്കാനായി തിരഞ്ഞെടുത്തത് പൊതുവീഥിയാണ്. കഷ്ടകാലത്തിന് രാത്രി ഊണ് കഴിക്കാന്‍ പുറത്തിറങ്ങിയ എനിക്ക് നേരിടേണ്ടി വന്ന ആക്രമണം ഭൂമിയില്‍ നിന്ന് മാത്രമായിരുന്നില്ല, ആകാശത്ത് നിന്നും കൂടിയായിരുന്നു. അങ്ങോട്ടേക്ക് വിടുന്ന പടക്കങ്ങളില്‍ നല്ലൊരു പങ്കും പകുതിക്ക് വച്ച് യാത്ര മതിയാക്കി താഴോട്ട് വരുന്നതും, നിലത്ത് വീണ് പൊട്ടുന്നതും കാണാമായിരുന്നു. ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ വിടുന്ന റോക്കറ്റ് വരെ തിരിച്ച് വരുന്നു, പിന്നെയാണ് ഇത്. അറിയാവുന്ന ദൈവങ്ങളേയും അവര്‍ക്കറിയുന്ന ദൈവങ്ങളേയും മൊത്തം വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചതു കൊണ്ടുമാത്രമാണ് സുരക്ഷിതമായി ഞാന്‍ വീട്ടില്‍ തിരിച്ചെത്തിയത് എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല.

ഇതാണ് മക്കളേ “ദീപാവലി” ആഘോഷം. നമ്മുടെ നാട്ടിലെ വിഷുവിനുള്ള പടക്കം പൊട്ടിക്കല്‍ ഒന്നുമല്ല ഇതു വച്ച് നോക്കുമ്പോള്‍. രാവിലെത്തൊട്ട് രാത്രി വരെ നിര്‍ത്താതെ പടക്കം പൊട്ടിക്കുന്ന ഒരു ജനത വളരെ പുതുമയുള്ളതായിരുന്നു എനിക്ക്. ഒരു കമ്പിത്തിരി പായ്ക്കറ്റ് വാങ്ങാന്‍ പോലും കാശില്ല എന്ന് ഞാന്‍ കരുതിയിരുന്ന ഇജ്ജിപ്പുരയിലെ ചേരി നിവാസികള്‍ വരെ പൊട്ടിച്ചുകൊണ്ടിരുന്നത് ഇരുനില മത്താപ്പൂവും മറ്റുമായിരുന്നു. ആയിരക്കണക്കിന് രൂപയാണ് ഒരൊറ്റ ദിവസങ്ങള്‍ കൊണ്ട് അവരില്‍ പലരും പൊട്ടിച്ച് കളഞ്ഞത്.

പക്ഷെ എന്റെ കയ്യില്‍ ആയിരങ്ങള്‍ ഒന്നും ഇല്ല. ആകെയുള്ളത് മത്താപ്പൂവിനെക്കാള്‍ പ്രകാശമുള്ള ഒരു ചിരിയും, ഇന്നാട്ടിലെ ഭക്ഷണം കഴിച്ചാല്‍ പൂക്കുറ്റിയേക്കാള്‍ വേഗത്തില്‍ പുറത്തേക്ക് തുപ്പുന്ന ഒരു വയറും, ഒരോ മണ്ടത്തരം കഴിയുമ്പോഴും മാലപ്പടക്കത്തിനേക്കാള്‍ ഉച്ചത്തില്‍ പൊട്ടുന്ന ഒരു അഭിമാനവും ശമ്പളം കിട്ടുന്ന അന്ന് തന്നെ കമ്പിത്തിരിയേക്കാള്‍ വേഗത്തില്‍ കത്തിത്തീരുന്ന ബാങ്ക് അക്കൌണ്ടും മാത്രം. അത് കൊണ്ട് പടക്കമൊന്നും ഞാന്‍ വാങ്ങിയില്ല. ദീപാവലി നാട്ടുകാര്‍ ആ‍ഘോഷിക്കുന്നത് കണ്ട് ഞാനും മനസ്സ് നിറയ്ക്കും എന്ന് തന്നെ കരുതി. മറ്റൊരാളുടെ സന്തോഷം കാണുമ്പോഴുള്ള സന്തോഷം നമ്മള്‍ മാത്രം സന്തോഷിക്കുമ്പോള്‍ കിട്ടുമോ?

ഞാന്‍ തത്വചിന്ത പറയുന്നോ? അല്ലെങ്കിലും പറയാന്‍ വലിയ ബുദ്ധിമുട്ടില്ലല്ലോ, നടപ്പാക്കാനല്ലേ പാട്. എന്റെ വാശിയും രാത്രിയായപ്പോള്‍ അലിഞ്ഞില്ലാണ്ടായി. നാട്ടുകാര്‍ മൊത്തം പടക്കം പൊട്ടിക്കുന്നു. എന്റെ വീട്ടില്‍ മാത്രം നിശബ്ദത. മുകളിലേക്ക് പോകുന്ന ഒരോ വാണവും എന്റെ വീട് നോക്കി മൂക്കത്ത് വിരല്‍ വച്ച് ‘ഷെയിം ഷെയിം പപ്പി ഷെയിം’ എന്ന് പറയുന്നത് പോലെ ഒരു തോന്നല്‍. അപ്പുറത്തും ഇപ്പുറത്തും പൊട്ടുന്ന ഓരോ പടക്കവും എന്റെ വീട് നോക്കി ‘ദേണ്ടേ ഒരു പേടിത്തൊണ്ടന്റെ വീട്’ എന്ന പറഞ്ഞുകൊണ്ടാണോ പൊട്ടുന്നത് എന്നൊരു ശങ്ക. കത്തിത്തീരുന്ന ഓരോ പൂക്കുറ്റിയും എന്റെ വീട് നോക്കി അടക്കിപ്പിടിച്ച ചിരിയോടെയാണോ കത്തിത്തീരുന്നതെന്ന് സംശയം. എന്റെ അഭിമാനം, നാണക്കേട് കാരണം എന്നെ വിട്ട് എവിടെയോ പോയി ഒളിച്ചു.

അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ. എനിക്കും പൊട്ടിക്കണം പടക്കം. പക്ഷെ ഈ രാത്രി എവിടെപ്പോയി പടക്കം വാങ്ങിക്കാനാണ്? അല്ല, വാങ്ങാന്‍ എന്ത് ധൈര്യത്തിലാണ് പുറത്തിറങ്ങുന്നത്? അല്ലെങ്കില്‍ തന്നെ ഈ ബ്ലോഗ് വായിച്ച ചിലര്‍ എന്നെ കണ്ടാല്‍ പച്ചയ്ക്ക് കത്തിക്കുമെന്ന്‍ പറഞ്ഞ ഭീഷണി നിലനില്‍ക്കുന്നുണ്ട്. പോരാണ്ട് തലങ്ങും വിലങ്ങും പറന്ന് നടക്കുന്ന പേരും വിലാസവുമില്ലാത്ത തീ തുപ്പും ആയുധങ്ങള്‍. എന്റെ പട്ടി പോകും പുറത്ത്.

പിന്നെ എന്താ ഒരു വഴി? സോഫ്റ്റ്വേര്‍ എഞ്ചിനിയരുടെ ബുദ്ധി പ്രവര്‍ത്തിച്ചു തുടങ്ങി. ആദ്യം നമുക്ക് ആവശ്യങ്ങളുടെ കണക്കെടുക്കണം, പിന്നെ മതി അതെങ്ങിനെ പ്രാവര്‍ത്തികമാക്കാം എന്നതിനെപ്പറ്റിയുള്ള ആലോചന.

എന്റെ ആവശ്യങ്ങള്‍:- ഞാനും ഒട്ടും മോശമല്ല എന്ന് നാലാള്‍ അറിയണം. പടക്കത്തിന്റെ ഒച്ച അഡ്ജസ്റ്റ് ചെയ്യാം, അപ്പുറത്തും ഇപ്പുറത്തും ഒരുപാട് പൊട്ടുന്നുണ്ട്. ഒച്ച എവിടുന്നാണ് വരുന്നതെന്ന് കണ്ടുപിടിക്കാന്‍ പറ്റില്ലല്ലോ. പക്ഷെ തീയും പുകയും വേണം, അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല. പിന്നെ,... പിന്നെയൊന്നും ഇല്ല. ഇത്ര മാത്രം.

അടുത്ത പടി, ഇതെങ്ങിനെ പ്രാവര്‍ത്തികമാക്കാം എന്നതാണ്. തീയും പുകയും മാത്രം മതിയെങ്കില്‍ വെറുതേ തീയിട്ടാല്‍ പോരേ. ഐഡിയ. എന്നെ പൊന്നേ, മോനേ, ശ്രീജിത്തേ, നിന്റെ ബുദ്ധി സമ്മതിക്കണം. ഞാന്‍ എന്നോട് തന്നെ പറഞ്ഞു, എന്നിട്ട് ഞാന്‍ തന്നെ എന്റെ തോളത്ത് തട്ടി അഭിനന്ദിച്ചു.

വീട്ടിലാണെങ്കില്‍ കുറേ നാളത്തെ പത്രം വെറുതേ കിടപ്പുണ്ട്. വായന ഇല്ലാത്തതിനാല്‍ പത്രം നിര്‍ത്തിയാലോ എന്ന് നേരത്തേ ആലോചന തുടങ്ങിയതാണ്. മടി കാരണമാണ് അത് ചെയ്യാതിരുന്നത്. അതിപ്പോള്‍ ഉപകാരമായി.

കുറേ പത്രങ്ങള്‍ വാരിക്കൂട്ടിയെടുത്ത് ഞാന്‍ മട്ടുപ്പാവില്‍ കൊണ്ട് വച്ചു. ഇതെല്ലാം കൊണ്ടു പോകുന്നത് ആരും കാണാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മുകളില്‍ ചെന്നിട്ട് വെള്ളത്തിന്റെ ടാങ്കിന്റേയും മട്ടുപ്പാവിന്റെ കൈവരിയുടേയും ഇടയില്‍ എന്റെ ഈ അഭിനവ പടക്കം ഞാന്‍ ഒളിപ്പിച്ചു. ഇവിടെ നിന്നാകുമ്പോള്‍ തീയും പുകയും ഒക്കെ മറ്റുള്ളവര്‍ കണ്ടോളും. കടലാസ്, ഈ മറ കാരണം ആരും കാണുകയും ഇല്ല. ഓപ്പറേഷന്‍ പറ്റിക്കല്‍ ഒഫ് ദ പടക്കത്തിന്റെ ഏകദേശ രൂപരേഖ തയ്യാറായി.

പരീക്ഷണാടിസ്ഥാനത്തില്‍ കുറച്ച് കടലാസിട്ട് ഞാന്‍ തീ കൊളുത്തി. കടലാസായത് കൊണ്ട് പെട്ടെന്ന് കത്തി. പക്ഷെ തീ പോര. പുകയും കുറവ്. ആരും ശ്രദ്ധിക്കാന്‍ പാകത്തില്‍ ഇല്ല. പത്രത്തിന് കിലോ നാല് രൂപ വരെ തൂക്കി വില്‍ക്കുമ്പോള്‍ കിട്ടാറുള്ളതാണ്. ചുമ്മാ കത്തിച്ച് കളയാന്‍ പറ്റുമോ!

തീ ഒന്ന് പെരുപ്പിക്കാന്‍‍ കുറേയേറെ കടലാസുകള്‍ തീയിലേക്ക് ഞാനിട്ടു. ഈ കടലാസ് ഒന്ന് തീപിടിച്ച് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ, ഒരു മന്ദമാരുതന്‍ ആഞ്ഞ് വീശി. അതുകൊണ്ടുള്ള അപകടം ഞാന്‍ മനസ്സിലാക്കുന്നതിനുമുന്നേ തന്നെ എന്റെ പടക്കം നാലുപാടും പറന്ന് തുടങ്ങി. ഞാന്‍ നിലത്ത് കിടന്ന് കറങ്ങുന്ന ചക്രമായി കരുതിയിരുന്ന എന്റെ പടക്കം, വാണമായി മാറി പുതിയ വിഹായസ്സുകള്‍ തേടിപ്പിടിച്ച് തുടങ്ങി. എന്റെ ജീവിതവും മനസ്സും കത്തിത്തുടങ്ങി. ഈ തീപിടിച്ച കടലാസുകള്‍ ചുറ്റുവട്ടങ്ങളില്‍ പോയിവീണാല്‍ മൊത്തം പഞ്ചായത്ത് നിന്ന് കത്തും. അഥവാ കത്തിയില്ലെങ്കില്‍ എന്റെ വീട്ടില്‍ നിന്ന് കടലാസ് കത്തിച്ച് കാറ്റില്‍ പറത്തിയതിന് നാട്ടുകാര്‍ വന്ന് എന്റെ വീട് കത്തിക്കും. എന്റെ മരണം ഉറപ്പായി.

എത്രയും പെട്ടെന്ന് ഈ തീ കെടുത്തിയേ പറ്റൂ. എങ്ങിനെ എന്നൊന്നും ആലോച്ചിച്ച് തീരുമാനം എടുക്കാന്‍ നേരമുണ്ടായിരുന്നില്ല. അല്ലെങ്കിലും ആലോച്ചിക്കുക എന്നൊക്കെപ്പറഞ്ഞാല്‍ വലിയ ബുദ്ധിമുട്ടാണ്, ശീലമില്ലാത്ത കാര്യമല്ലേ. എന്ത് ചെയ്യണം എന്ന ചോദ്യം തലയ്ക്കകത്ത് എത്തി ഒരു മറുപടി തിരിച്ച് പുറത്തേക്ക് വരുന്നതിനു മുന്‍പേ അത് ഞാന്‍ ചെയ്ത് കഴിഞ്ഞിരുന്നു.

എന്ത്? ഞാന്‍ തീയിലേക്ക് എടുത്ത് ചാടി, അത്ര തന്നെ. ഞാന്‍ തീ ചവുട്ടിക്കെടുത്താല്‍ തുടങ്ങി. ചെരുപ്പ് ഉരുകിത്തുടങ്ങിയപ്പോള്‍ അതെടുത്ത് ദൂരെക്കളഞ്ഞു, അല്ലെങ്കില്‍ എന്റെ കാല്‍ പൊള്ളില്ലേ! കാറ്റ് വീണ്ടും വീശിക്കൊണ്ടിരുന്നു, അതുകൊണ്ട് തീ ആളിക്കൊണ്ടുമിരുന്നു. പതുക്കെ എന്റെ മുണ്ടിനും തീ പിടിച്ചു. അതോടെ പ്രശ്നം വഷളായി. വേറെ നിവര്‍ത്തിയില്ലാതെ ഞാന്‍ ടാങ്കിലേക്ക് എടുത്ത് ചാടി. അങ്ങിനെ തീ കെട്ടു. എവിടുത്തെ? എന്റെ മുണ്ടിലെ. താഴെ ഞാനിട്ട തീ അപ്പോഴും ആളിക്കത്തിക്കൊണ്ടിരുന്നു.

തിരിച്ച് ഞാന്‍ വീണ്ടും തീയിലേക്ക് ചാടി തീയെ ചവുട്ടിക്കൊല്ലാനുള്ള ശ്രമം തുടര്‍ന്നു. ഇത്തവണ മുണ്ട് കത്തിയില്ല. എന്തുകൊണ്ട്? അത് നനഞ്ഞിരിക്കുന്നത് കൊണ്ട്. അപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. വെള്ളമൊഴിച്ചാല്‍ തീ കെടും. ഐഡിയ. ടാങ്കില്‍ നിന്ന് അരികില്‍ കിടന്ന കപ്പുപയോഗിച്ച് വെള്ളമെടുത്ത് വെള്ളമടി തുടങ്ങി. കുറച്ച് സമയം കൊണ്ട് തീ കെട്ടു. എന്റെ കയ്യില്‍ നിന്നും കാലില്‍ നിന്നും രക്ഷപ്പെട്ട പറക്കും പന്തങ്ങള്‍ ആകാശത്ത് തന്നെ നിന്ന് കത്തിത്തീര്‍ന്നത് കൊണ്ട് വലിയൊരു ആപത്ത് ഒഴിവായി. ഇനി അഥവാ ഏതെങ്കിലും താഴെ വീഴുകയോ എന്തെങ്കിലും തീപിടുത്തം ഉണ്ടാവുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ ഉത്തരവാദിയല്ല. എനിക്കൊന്നും അറിയാന്‍ പാടില്ലേ. ഞാന്‍ പടക്കവും പൊട്ടിച്ചിട്ടില്ല, കടലാസും കത്തിച്ചിട്ടില്ല.

മതി ആഘോഷം. ഞാന്‍ ബാക്കി വന്ന ജീവനും കൊണ്ട് താഴെ വന്ന്, ആരും എന്നെ തല്ലിക്കൊല്ലാന്‍ വരല്ലേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് മൂടിപ്പുതച്ചു കിടന്നു. കാണിച്ച മണ്ടത്തരം കാരണം ശ്വാസം ഇരട്ടി വേഗത്തിലായിരുന്നു. പേടിയും ചമ്മലും എല്ലാം മനസ്സില്‍ നിറയെ ഉണ്ടായിരുന്നു. ദീപാവലിക്ക് പടക്കം പൊട്ടിച്ചില്ലല്ലോ എന്ന ദുഃഖം വേറെയും. എന്നാലും മറ്റൊരു വലിയ സമാധാനവുമുണ്ടായിരുന്നു. അത് എന്റെ എല്ലാ ദുഃഖങ്ങള്‍ക്കും അവധി കൊടുത്തു.

സ്വന്തം ജീവന്‍ വരെ തൃണവല്‍ഗണിച്ചുകൊണ്ട് ഞാന്‍ ബാംഗ്ലൂര്‍ നഗരത്തിനെ ഒരു വന്‍ അഗ്നിബാധയില്‍ നിന്ന് രക്ഷിച്ചു!

Friday, October 13, 2006

പാചകമണ്ടത്തരം

വീട്ടില്‍ നിന്ന് മാറി അന്യദേശങ്ങളില്‍ ജോലിക്കായും മറ്റും പോകുന്നവരെ കൂടുതലായി അലട്ടുന്ന ഒരു പ്രശ്നം നല്ല ഭക്ഷണത്തിന്റെ ലഭ്യതയാണ്. ജോലി കിട്ടി ബാംഗ്ലൂരിലേക്ക് പറിച്ച് നട്ട എന്നേയും ഈ വിഷയം വല്ലാ‍തെ അലട്ടി. കര്‍ണ്ണാടകയുടെ പരമ്പരാഗത ഭക്ഷണങ്ങളായ ബിസിബെല്ലെ ബാത്ത്, ഘാര ബാത്ത്, കേസരി ബാത്ത് എന്നീ പ്രാതല്‍ വിഭവങ്ങളും റ്റൊമാറ്റോ റൈസ്, ലെമണ്‍ റൈസ്, പുളിയോഗരെ എന്നീ ഊണ് വിഭവങ്ങളും മധുരത്തില്‍ കുളിച്ച് നില്‍ക്കുന്ന സാമ്പാറ്, മല്ലിയിലയില്‍ കുളിച്ച് നില്‍ക്കുന്ന മറ്റ് കറികള്‍ എന്നിവയൊന്നും കഴിക്കാനുള്ള മാനസികാവസ്ഥയോ ശാരീരികമായോ ഉള്ള സഹനശേഷിയോ ഇല്ലാത്തതിനാല്‍ തുടക്കക്കാലത്ത് ഞാന്‍ ഏറെ കഷ്ടപ്പെട്ടു. എന്റെ സഹമുറിയനും ഇതേ പ്രശ്നത്തില്‍ സമാനമായ ദുരിതം അനുഭവിച്ച് മടുത്ത ഒരു അവസ്ഥയിലാണ് ഞങ്ങള്‍ വീട്ടില്‍ പാചകം തുടങ്ങാന്‍ തീരുമാനിക്കുന്നത്.

തുടക്കത്തില്‍ വെള്ളം തിളപ്പിക്കുന്നത് തന്നെ വളരെ ബുദ്ധിമുട്ടായിരുന്നു. വെള്ളം തിളപ്പിക്കാ‍ന്‍ വച്ച് അപ്പുറത്ത് പോയി ടി.വി കാണാന്‍ തുടങ്ങിയാല്‍ അവിടെ അതില്‍ മുഴുകി ഇരിക്കും, അടുപ്പത്ത് വച്ച് വെള്ളത്തിന്റെ കാര്യം മറക്കും. അങ്ങിനെ എത്രയോ തവണ ഞങ്ങള്‍ മേഘങ്ങള്‍ക്ക് നീരാവി ദാനം കൊടുത്തിരിക്കുന്നു. വെള്ളം തിളപ്പിക്കാന്‍ ഇത്ര ബുദ്ധിമുട്ടാണെങ്കില്‍ ചോറ്‌ വയ്ക്കാനുള്ള ബുദ്ധിമുട്ട് പറയണോ. പ്രഷര്‍ കുക്കറിന്റെ വിസിലടിയുടെ എണ്ണം എന്നും ഒരു തലവേദന ആയിരുന്നു. എണ്ണം കൃത്യമായാല്‍ തന്നെ ഒഴിച്ച വെള്ളത്തിന്റെ അളവ് കൃത്യമായില്ലെങ്കില്‍ വേവ് ശരിയാകില്ല. നാട്ടില്‍ അമ്മ ചെയ്യാറുള്ളത് പോലെ കലത്തില്‍ ചോറ് വയ്ക്കുന്ന എന്ന ഏര്‍പ്പാട് നോക്കാം എന്ന് ഒരിക്കലേ ശ്രമിച്ചിട്ടുള്ളൂ, അന്ന് കഞ്ഞിവെള്ളം കലം ചെരിച്ച് വച്ച് കളയാന്‍ ശ്രമിച്ചിട്ട് പൊള്ളിയത് രണ്ടാള്‍ക്കും നീറുന്ന ഓര്‍മ്മയായി എന്നും മനസ്സില്‍ തങ്ങി നിന്നു. പരിപ്പ് വേവിക്കാന്‍ വയ്ക്കുമ്പോള്‍ വിസില്‍ ഒന്നോ രണ്ടോ കൂടിയാല്‍ തന്നെ കുഴപ്പമില്ല എന്നതിനാലും ബാക്കി ഇടേണ്ട സാധനങ്ങളെല്ലാം കവറിലാക്കി വാങ്ങാന്‍‍ കിട്ടുമെന്നതിനാലും സമ്പാര്‍ മാത്രം വൃത്തിയായി വച്ചു കൊണ്ടിരുന്നു രണ്ട് ബാച്ചിലര്‍ കുക്കുകളും.

പലപ്പോഴും മടി കാരണം ചോറും സാമ്പാറും മാത്രമാക്കും അത്താഴത്തിന്. അച്ചാര്‍ ഇങ്ങനെയുള്ള അവസരങ്ങളില്‍ രക്ഷകനാകും. ഇതിനുപുറമേ ചിലപ്പോള്‍ ഓം‌ലെറ്റ്, ക്യാബേജ്, വെണ്ടയ്ക്ക, പാവയ്ക്ക, പയര്‍ എന്നിവയുടെ തോരന്‍ വരെ ഉണ്ടാക്കിയ ചരിത്രവുമുണ്ട്. ബ്ലോഗുകളും വിക്കിയും എന്താണെന്ന് അറിഞ്ഞ് തുടങ്ങുന്നതിനുമുന്‍പായിരുന്നു ഈ പരീക്ഷണങ്ങള്‍ എന്നതിനാല്‍ അവിടങ്ങളില്‍ പാചകക്കുറി അന്വേഷിക്കുന്നതിനുപകരം അന്നൊക്കെ ചെയ്തിരുന്നത് കറി വയ്ക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് അമ്മയെ ഫോണ്‍ വിളിച്ച് കറി വച്ച് തീരുന്നത് വരെ ലൈവ് കമന്ററി അങ്ങോട്ട് കൊടുത്ത് നിര്‍ദ്ദേശങ്ങള്‍ ഇങ്ങോട്ട് മേടിക്കുക എന്നതായിരുന്നു. ഒരേ കറി തന്നെ ദിവസവും വയ്ക്കുകയാണെങ്കില്‍ തന്നെയും അമ്മയെ വിളിച്ച് സംശയനിവാരണം വരുത്തിത്തന്നെയായിരുന്നു പാചകം. കുറേ നാളുകള്‍ക്ക് ശേഷം കറികള്‍ മോശമില്ല്ലാതെ വയ്ക്കാന്‍ പറ്റും എന്ന ആത്മവിശ്വാസം കൈവരിച്ചിട്ടേ ഈ കോള്‍ കോണ്‍ഫറന്‍സ് നിന്നുള്ളൂ.

ആത്മവിശ്വാസം അമിതവിശ്വാസം ആവാന്‍ അധികനേരം വേണ്ടി വന്നില്ല. എന്ത് പരീക്ഷണം നടത്താനും ധൈര്യം വന്നതോട് കൂടി ആ അടുക്കളയില്‍ പല പുതിയ കറികളും ജനനം കൊണ്ടു. മുട്ട സാമ്പാര്‍, വെണ്ടയ്ക്കാ ക്വാളിസ് (ടൊയോട്ട ക്വാളിസ് വണ്ടിയുടെ പരസ്യം ഉള്ള ഒരു പേപ്പറിലാണ് ഈ കറിക്കാവശ്യമുള്ള അസംസ്കൃത വസ്തുക്കള്‍ മുറിച്ചിട്ടത്), തക്കാളി തട്ടിമുട്ടി (ഒരു നഗരപദക്ഷിണം കഴിഞ്ഞ് തിരിച്ച് വന്നപ്പോള്‍ സാമ്പാര്‍ വയ്ക്കാന്‍ ആവശ്യമായ ഒന്നും ഉണ്ടായിരുന്നില്ല, ഉള്ളത് കൊണ്ട് തട്ടിമുട്ടി ഒരു കറിയുണ്ടാക്കി), സ്ക്രാംബിള്‍ഡ് ക്യാബേജ് എന്നിങ്ങനെയുള്ള പുതുവിഭവങ്ങള്‍‍ ഞങ്ങളുടെ അടുക്കളയ്ക്ക് പേരും പെരുമയും നേടിത്തന്നു.

അങ്ങിനെയിരിക്കെ ഒരുനാളില്‍ എനിക്ക് ഒരു സുഹൃത്തിന്റെ വിവാഹത്തിനായി എറണാകുളത്ത് പോകേണ്ടി വന്നു. തിരിച്ച് വന്നത് ട്രെയിനിലായിരുന്നു. ട്രെയിനില്‍ സാധാരണ കാണാറുള്ള പുസ്തകവില്‍പ്പനക്കാരുടെ കയ്യില്‍ കണ്ട ഒരു പുസ്തകത്തില്‍ ആദ്യമായി എന്റെ കണ്ണുകളുടക്കി. സ്വാഭാവികമായും അതൊരു പാചകപുസ്തകമായിരുന്നു. പാചകം എനിക്കൊരു ഹരമായി മാറിക്കൊണ്ടിരിക്കുന്ന സമയം. പത്ത് രൂപയ്ക്ക് ഈ പുസ്തകം ഒന്നുമാലോചിക്കാതെ തന്നെ ഞാന്‍ വാങ്ങി. പത്താം ക്ലാസ്സ് പാസ്സാക്കാന്‍ പഠിച്ചതിലും ആത്മാര്‍ത്ഥമായി വായിച്ച് പഠിച്ച് ഈ പുസ്തകം തിരിച്ച് ഞാന്‍ ബാംഗ്ലൂരിലെത്തുമ്പോഴേക്കും ഹൃദിസ്ഥമാക്കിയിരുന്നു.

ജീവിതത്തിലാദ്യമായി വീട്ടിലെ അടുക്കളയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ വേദന അന്ന് ഞാന്‍ അനുഭവിച്ചു. അടുക്കളയിലെ പാത്രങ്ങള്‍ തമ്മില്‍ കൂട്ടി മുട്ടുന്ന ശബ്ദവും, കുക്കറിന്റെ വിസിലും പച്ചക്കറികള്‍ അറിയുന്നതിന്റെ സുഖവും ഒക്കെ ഞാന്‍ ആദ്യമായി മിസ്സ് ചെയ്തു തുടങ്ങി. വീട്ടിലെത്തി ആ അടുക്കള കാണുന്നതു വരെ ഞാന്‍ അനുഭവിച്ച ആകാംഷ, ജോലിക്കുള്ള കൂടിക്കഴ്ച കഴിഞ്ഞ് ഫലം അറിയാന്‍ കാത്തിരുന്നപ്പോള്‍ ഉണ്ടായിരുന്നതിലും എത്രയോ ഇരട്ടിയായിരുന്നു. വാങ്ങിയ പുസ്തകം സഹമുറിയനെക്കാണിച്ച് ഇനി പുതുതായി ഉണ്ടാക്കാനായി കണ്ട് വച്ചിരിക്കുന്ന വിഭവങ്ങളെക്കുറിച്ച് വിവരിച്ച ശേഷമേ ഞാന്‍ യാത്രയ്ക്ക് കൊണ്ട് പോയ ചുമല്‍ ബാഗ് പോലും ഊരി വയ്ച്ചുള്ളൂ.

അന്നുതന്നെ പുതിയ പരീക്ഷണങ്ങള്‍ക്കായി ഞാന്‍ തയ്യാറെടുക്കുമ്പോള്‍ ബാംഗ്ലൂരില്‍ ഉണ്ടായിരുന്ന എന്റെ മറ്റ് സഹപാഠികളെ വിളിച്ച് കൊണ്ടു വന്നു എന്റെ സഹമുറിയന്‍. നമ്മുടെ കഴിവുകള്‍ അങ്ങിനെ അടുക്കളയുടെ നാലു ചുമരുകള്‍ക്കിടയില്‍ ഒതുക്കേണ്ടതല്ല എന്നതാ‍യിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എനിക്കും മറ്റൊരഭിപ്രായം ഉണ്ടായിരുന്നില്ല.

ആ പുസ്തകത്തില്‍ എനിക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയതും ഏറ്റവും സാഹസികമായി തോന്നിയതും “മുരിങ്ങയിലത്തോരന്‍” എന്നയിനമായിരുന്നു. പുസ്തകത്തില്‍ പറഞ്ഞ പാചകവിധിപ്രകാരം വലിയ ബുദ്ധിമുട്ടില്ല ഇതുണ്ടാക്കാന്‍. ചേര്‍ക്കേണ്ട ചേരുവകള്‍ ആണെങ്കില്‍ വളരെക്കുറവും. ചുരുങ്ങിയനേരം കൊണ്ട് പേരെടുക്കാന്‍ മുരിങ്ങയിലത്തോരന്‍ ബെസ്റ്റ് തന്നെ. പിന്നീടങ്ങോട്ട് ചൂടേറിയ, പൊടിപറക്കുന്ന അങ്കമായിരുന്നു അടുക്കളയില്‍. ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന ഞാന്‍ ആരെയും അടുപ്പിച്ചില്ല അടുക്കളയില്‍, എന്റെ പാചകസഹജസഞ്ചാരിയായ സഹമുറിയനെപ്പോലും. ഉച്ചയായപ്പോഴേക്കും കറികള്‍ തയ്യാറായി. ചോറും റെഡി. ഞാന്‍ തന്നെ മുന്‍‌കൈ എടുത്ത് വിളമ്പി വച്ച് എല്ലാവരേയും കഴിക്കാന്‍ വിളിച്ചു.

നല്ല വിശപ്പിന് പേര്‍ കേട്ടവരാണ് എന്റെ സഹപാഠികള്‍. ആര്‍ത്തിയുടെ പര്യായങ്ങള്‍. ഉത്തമമായ തീറ്റയുടേ ഉദാഹരണങ്ങള്‍. ഭക്ഷണത്തിനായി ഇവര്‍ വായ പൊളിച്ച് നില്‍ക്കുമ്പോള്‍ എന്റെ മുരിങ്ങയിലത്തോരന്‍ ഞാന്‍ പങ്ക് വച്ച് ഇവരുടെ പാത്രങ്ങളിലേയ്ക്ക് വിളമ്പിക്കൊടുത്തു. ഇവര്‍ പ്രശംസയുടെ ഭാണ്ഡം തുറന്ന് എനിക്കായി അഭിനന്ദനങ്ങള്‍ ചൊരിയുന്നത് കേള്‍ക്കാനായി ഞാന്‍ ചെവി കൂര്‍പ്പിച്ചിരുന്നു.

ഒന്നുമുണ്ടായില്ല. അവര്‍ മിണ്ടുന്നില്ല. പാത്രത്തിലുള്ള ചോറിന്റെ അളവ് കുറയുന്നതിന് അനുപാതികമായി മുരിങ്ങയിലത്തോരന്‍ കുറയുന്നില്ല. കുറയുന്നത് പോയിട്ട് വച്ചിടത്ത് നിന്ന് അനങ്ങുന്നുപോലുമില്ല. എന്തോ എവിടെയോ പിഴച്ചിരിക്കുന്നു! “കഴിക്കുന്നില്ലേ” ഞാന്‍ ചോദിച്ചു. മറുപടി ഇല്ല. “ഒന്ന് കഴിക്കെടാ”, അതിനും മറുപടി ഇല്ല. “ഒന്ന് രുചിയെങ്കിലും നോക്കെടാ, എന്ത് കഷ്ടപ്പെട്ടിട്ടാണ് ഞാന്‍ ഇതുണ്ടാക്കിയതെന്നറിയാ‍മോ”

സഹമുറിയന്‍ തലയൊന്നുയര്‍ത്തി എന്നെ രൂക്ഷമായി ഒരു നോട്ടം നോക്കി. എന്നിട്ട് സത്യസന്ധമായി അഭിപ്രായം പറഞ്ഞു എന്റെ മുരിങ്ങയിലത്തോരനെക്കുറിച്ച്.

“ഞാന്‍ പശുവും മാടുമൊന്നുമല്ല പച്ചില തിന്നാല്‍”

അന്നത്തോടെ എന്റെ പാചകം നിന്നു. അന്ന് മുതല്‍ ഞാന്‍ ഹോട്ടലില്‍ നിന്ന് മനസ്സമാധാനമായി സ്വാദുള്ള ഭക്ഷണം തന്നെ കഴിക്കാന്‍ തുടങ്ങി.

Thursday, October 05, 2006

പുതിയ കമ്പ്യൂട്ടര്‍, വീണ്ടും മണ്ടത്തരം

പുതിയ കമ്പ്യൂട്ടര്‍, പുതിയ മണ്ടത്തരം നിര്‍ത്തിയിടത്ത് നിന്ന് ഈ കഥ തുടങ്ങുന്നു.

ഫ്ലാഷ് ബാക്ക്: പുതിയൊരു കമ്പ്യൂട്ടര്‍ (ഗണനഗുണനത്വരിതയന്ത്രം) വാങ്ങിയത്, സ്ക്രൂ മാനിയ എന്ന് രോഗത്തിന്റെ പിടിയിലകപ്പെട്ട ഞാന്‍ അഴിച്ചുപണിത് കഠിനവളയത്തിന്റെ (ഹാര്‍ഡ് ഡിസ്ക്) മുനമ്പ്‍ (പിന്‍) ഒടിച്ച് നിര്‍ജ്ജീവമാക്കി. ഞാനായിട്ടൊടിച്ച പിന്‍, കമ്പ്യൂട്ടര്‍ കടയിലുള്ളവര്‍ ജന്മനാ ഒടിഞ്ഞതാണെന്ന് തെറ്റിദ്ധരിച്ചതിനാല്‍ പുതിയതൊരെണ്ണം വാങ്ങേണ്ട ആപത്തില്‍ നിന്ന് തല്‍ക്കാലം രക്ഷപെട്ടു . പുതുമണം മാറാത്ത പുത്തനൊരു ഹാര്‍ഡ്‌ഡിസ്ക് അവര്‍ വച്ചു തന്നതോട് കൂടി ആ ക്യാബിനറ്റുമായി (പുറംചട്ട), അവര്‍ക്ക് ബോധം തിരിച്ചു കിട്ടുന്നതിനുമുന്‍പ് ഞാന്‍ വീട്ടിലേക്കോടി.

വീട്ടില്‍ തിരിച്ചെത്തി, എനിക്ക് പറ്റിയ മണ്ടത്തരവും അതിനേക്കാള്‍ വലിയ മണ്ടത്തരമായ ആ കമ്പ്യൂട്ടര്‍ കടയിലുള്ളവരുടെ അനുമാനവും ഓര്‍ത്ത് ഞാനും എന്റെ സഹമുറിയനും കുറേ ചിരിച്ചു. കാശ് കുറേ രക്ഷപ്പെട്ടതിന്റെ സന്തോഷം അടങ്ങാന്‍ തന്നെ കുറേ നേരം എടുത്തു. “ഇനിയും സ്ക്രൂ ഊരി കുഴപ്പമാക്കിയാല്‍ ഞാന്‍ വരില്ല നിന്റെ കൂടെ ഇനിയും കടയിലേക്ക്” എന്ന എന്റെ സഹമുറിയന്റെ ഭീഷണിപോലും എന്റെ രസം കെടുത്തിയില്ല. ആശ്വാസം കൊണ്ടും നടുക്കം മൂലവും ഉണ്ടായ ചെറുവിറയല്‍ മാറിയതിനു ശേഷം മാത്രമേ ഞാന്‍ അടിത്തറ മാറിയ പുതിയ കേന്ദ്ര പ്രവര്‍ത്തന ഘടകം (സി.പി.യൂ ) ഓണാക്കിയുള്ളൂ.

വീണ്ടും പഴയ പ്രക്രിയ തന്നെ ആവര്‍ത്തിച്ചു. ഉണര്‍ത്ത് ഒതുക്കവളയം(ബൂട്ടബിള്‍ സി.ഡി) ഇട്ട് ഹാര്‍ഡ് ഡിസ്കിന്റെ ഘടന ശരിയാക്കി(ഫോര്‍മാറ്റ് ചെയ്ത്), അഞ്ച് കഷ്ണമാക്കി വിജജിച്ച് (പാര്‍ട്ടീഷന്‍) അതില്‍ ജനാല (വിന്‍ഡോസ്) പിടിപ്പിച്ചു. ഒരുറപ്പിന് വേണ്ടി രണ്ട്-മൂന്ന് തവണ പുനരാരംഭിച്ചും (റീസ്റ്റാര്‍ട്ട്) നോക്കി. ഒരു കുഴപ്പവുമില്ല. ഈ ഹാര്‍ഡ് ഡിസ്ക് ഇനി പ്രശ്നമുണ്ടാക്കില്ല എന്നുറപ്പ്. അല്ലേലും നേരത്തേ പ്രശ്നമുണ്ടാക്കിയത് ഹാര്‍ഡ് ഡിസ്ക് അല്ലല്ലോ, ഞാനല്ലേ. ആ അപകടം ഇപ്പോഴും നില നില്‍ക്കുന്നു, പക്ഷെ അത് കൊണ്ട് കുഴപ്പമില്ല, ഞാന്‍ കുഴപ്പമുണ്ടാക്കാതിരിക്കാന്‍ ഞാന്‍ തന്നെ നോക്കിയാല്‍ പോരേ!

പാര്‍ട്ടീഷനുകള്‍ അഞ്ചെണ്ണം നിരന്ന് നില്‍ക്കുന്നത് കാണാന്‍ നല്ല ഭംഗി ആയിരുന്നു. കുറേ വര്‍ഷങ്ങളായി അധികം ഇടമില്ലാത്ത (കപ്പാസിറ്റി) ഒരു ഹാര്‍ഡ് ഡിസ്കാണ് ഉപയോഗിച്ചുകൊണ്ടിരുന്നത് എന്നത് കൊണ്ട് ഇത്രയധികം പാര്‍ട്ടിഷനുകള്‍ അതില്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലായിരുന്നു. പാര്‍ട്ടീഷനുകളില്‍ മാറി മാറി മൌസ് കൊണ്ട് കുത്തിയും പിന്നെ ശരമാര്‍ഗ്ഗദര്‍ശ്ശനം (ആരോ കീ) കൊണ്ട് ഓടി ഓടി കളിച്ചും സമയം കളഞ്ഞ് കൊണ്ടിരിക്കുന്നതിനിടയ്ക്കാണ് എന്തോ ഒരു ഏനക്കേട് ഉള്ളതായി മനസ്സില്‍ കത്തിയത്.

പാര്‍ട്ടീഷനുകളുടെ വലിപ്പം എല്ലാത്തിന്റേയും കൂട്ടി നോക്കിയിട്ടും വേണ്ടത്ര ഒക്കുന്നില്ല. ഞാന്‍ വാങ്ങിയത് നൂറ്റിഅറുപതിന്റെ ഡിസ്ക് ആണെങ്കിലും പാര്‍ട്ടീഷനുകളുടെ വലിപ്പം കൂട്ടി നോക്കിയിട്ട് നൂറ്റിമുപ്പതേ കിട്ടുന്നുള്ളൂ. കണക്ക് കൂട്ടാനുള്ള എന്റെ മനസ്സിന്റെ അസാമാന്യ സാമര്‍ത്ഥ്യം കാരണം ഞാന്‍ കമ്പ്യൂട്ടറിലെ കാല്‍ക്കുലേറ്ററിലും പിന്നീട് ഒരു കടലാസില്‍ എഴുതിയും കൂട്ടി നോക്കി. പോരാണ്ട് എന്റെ സഹമുറിയനെക്കൊണ്ടും കൂട്ടി നോക്കിപ്പിച്ചു. ഓരോ തവണയും ഒന്ന് രണ്ട് ജി.ബി അങ്ങോട്ടോ ഇങ്ങോട്ടോ മാറുന്നുണ്ടെന്ന് കണ്ടെങ്കിലും നൂറ്റിമുപ്പത് എന്നതിന് അടുത്ത് തന്നെ കിടന്നു ഓരോ ഉത്തരവും. ഈ മുപ്പത് ജി.ബി കാണാതായതിന് യാതൊരു ന്യായീകരണവും കണ്ടെത്താനായില്ല.

പുതിയ ഹാര്‍ഡ് ഡിസ്ക് വെറുതേ തന്നതിന് വിലയായി മുപ്പത് ജി.ബി അവരെടുത്തോ? അതോ ഇനി വേറെ ആരെങ്കിലും ഇത് പോലെ കേടായ ഒരു ഹാര്‍ഡ് ഡിസ്ക് അവിടെ കൊടുത്തിരുന്നതാണോ എനിക്ക് തന്നത്? മാനുഫാക്ചറിങ്ങ് ഡിഫക്റ്റ് എന്ന് നേരത്തേ ഉണ്ടായിരുന്ന ഹാര്‍ഡ് ഡിസ്കിനെ പറഞ്ഞത് അറം പറ്റി പുതിയതിന് അങ്ങിനെ ഒരു അസ്കിത വന്നതാണോ? അതോ മുപ്പത് ജി.ബി-യുടേയോ മറ്റോ പിന്‍ ഈ ഹാര്‍ഡ് ഡിസ്കില്‍ ഒടിഞ്ഞോ വീണ്ടും? ഈശ്വരാ, ഒരായിരം ചോദ്യങ്ങള്‍ ഇത് പോലെ മനസ്സില്‍ പൂ വിടര്‍ത്തി. ഉത്തരങ്ങള്‍ക്കായി “ശ്രീജിത്തിന്റെ കമ്പ്യൂട്ടര്‍ സംശയങ്ങള്‍” എന്ന ബ്ലോഗ് തുടങ്ങി അവിടെ ഈ ചോദ്യങ്ങള്‍ പോസ്റ്റ് ഇട്ടാലോ എന്ന് വരെ ഞാന്‍ ആലോചിച്ചു.

വാങ്ങിയ ഇടത്ത് തന്നെ വിളിച്ച് ചോദിക്കുക തന്നെ ഒരേ ഒരു വഴി. വിളിച്ച് നോക്കി, ആരും എടുക്കുന്നില്ല, ദൈവമേ എന്നേം പറ്റിച്ച് അവര്‍ മുങ്ങിയോ? “സമയം നോക്കേടാ, പത്ത് മണിയാകാറായി” എന്ന് സഹമുറിയന്‍ പറഞ്ഞത് കാരണം ഒരു പൊട്ടിക്കരച്ചില്‍ അവിടെ ഒഴിവായി.

പിറ്റേന്ന് ഞായറാഴ്ച ആയതിനാല്‍ അന്നും അവരുമായി ആശയസംവാദം നടത്താന്‍ കഴിഞ്ഞില്ല.

തിങ്കളാഴ്ചയാണ് ഞാന്‍ പിന്നീട് അവരെ വിളിക്കുന്നത്. “നൂറ്റി അറുപതില്‍ ഒരു മുപ്പത് കുറവുണ്ടല്ലോ, അതെവിടെ?” എന്ന് ചോദിച്ചപ്പോള്‍ ഇങ്ങോട്ട് കൊണ്ടു‌വന്നാല്‍ നോക്കാം എന്നാണ് അവര്‍ മറുപടി പറഞ്ഞത്. അവരുടെ കട തുറന്നിരിക്കുന്ന സമയവും എന്റെ ഓഫീസ് തുറന്നിരിക്കുന്ന സമയവും ഒന്നായതിനാല്‍ എനിക്ക് ജോലി ദിവസങ്ങളിലൊന്നും വീണ്ടും അങ്ങോട്ട് ട്രിപ്പ് അടിക്കാന്‍ സാധിക്കുമായിരുന്നില്ല. വേറെ ആരുടെ കൈവശവും അത് കൊടുത്ത് വിടാന്‍ ധൈര്യവും ഉണ്ടായിരുന്നില്ല. ഈ ബാച്ചിലേര്‍സിന്റെ ഓരോരോ പ്രോബ്ലംസേ.

ആ ആഴ്ചയില്‍ തന്നെ ബാംഗ്ലൂരില്‍ മഴക്കാലവും തുടങ്ങി. മഴക്കാലമെന്നാല്‍ എന്റെ ബൈക്കിന് അത് നീരുകാലമാണ്. വിശ്രമം വേണം അപ്പോള്‍. ബ്രേക്കില്‍ വെള്ളം കേറി ചവുട്ടുന്നിടത്ത് നില്‍ക്കാതാവും, പെട്രോള്‍ ടാങ്കില്‍ വെള്ളം കേറി പൊട്ടലും ചീറ്റലും തുടങ്ങും, അത് പോലെ മറ്റ് ചില പ്രശ്നങ്ങളും. അങ്ങിനെ ശനിയാഴ്ചയ്ക്ക് മുന്‍പ് ബൈക്ക് വീണ്ടും കട്ടപ്പുറത്തായി.

ശനിയാഴ്ച രാവിലെ തന്നെ എഴുന്നേറ്റ് പല്ല് തേച്ച്, കുളിച്ച്, ഊണ് കഴിച്ച്, ബാക്കി ഉണ്ടായിരുന്ന ഉറക്കം കൂടി തീര്‍ത്ത്, വസ്ത്രം മാറിയപ്പോഴേക്കും വൈകുന്നേരമായി. ഇനി കുളിക്കാനും പൌഡര്‍ ഇടാനും ഒക്കെ നിന്നാല്‍ രാത്രിയായി കട അടയ്ക്കും എന്നറിയാവുന്നത് കൊണ്ട് അതിന് നില്‍ക്കാതെ ഞാന്‍ വീണ്ടും ക്യാബിനറ്റുമായി ഇറങ്ങി പഴയ വഴിയിലേക്ക്. എന്റെ സഹമുറിയന്‍ അപ്പോള്‍ ഏതോ ഒരു പുസ്തകവും പിടിച്ച് ഇരിക്കുന്നുണ്ടായിരുന്നു. പഠിക്കുന്നവരെ ഉണര്‍ത്താം, പഠിത്തം നടിക്കുന്നവരെ ഉണര്‍ത്താന്‍ പറ്റില്ലല്ലോ എന്നോര്‍ത്ത് അവനെ വിളിച്ചില്ല. ഒരു ഓട്ടോ പിടിച്ച് പോയി വീണ്ടും ഞാന്‍ ആ കടയുടെ പടി ഞാന്‍ ചവുട്ടി.

ക്യാബിനറ്റ് അവിടെ കൊണ്ട് വച്ച് എനിക്കിപ്പോള്‍ കിട്ടണം എന്റെ മുപ്പത് ജി.ബി എന്ന് പറഞ്ഞു. അപ്പോള്‍ കടയിലെ അദ്ദേഹം പറഞ്ഞ മറുപടി അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചു. വെള്ളാനകളുടെ നാട് എന്ന സിനിമയില്‍ പപ്പു പറഞ്ഞത് പോലെ “അ അ അ അ ആ, അപ്പോള്‍ അതാണല്ലേ പ്രശ്നം, അതിപ്പൊ ശരിയാക്കിത്തരാം” എന്ന മട്ടില്‍ പുള്ളി എന്നോട് ഇങ്ങനെയാണ് പറഞ്ഞത് “അത് ജനലുകള്‍ സേവനപ്പൊതി രണ്ട് (വിന്‍ഡോസ് സെര്‍വ്വീസ് പായ്ക്ക്-2) ഇട്ടാല്‍ മതി, ശരിയായിക്കോളും. ഇതിനാണോ ഈ ക്യാബിനറ്റും ചുമന്ന് കൊണ്ട് വന്നത്?”.

ഞാന്‍ ചമ്മിയില്ല. സത്യമായിട്ടും ഞാന്‍ ചമ്മിയില്ല. ഞാന്‍ ക്യാബിനറ്റും താങ്ങിപ്പിടിച്ച് തിരിച്ച് നടക്കുമ്പോള്‍ അയാള്‍ മറ്റുള്ളവരോട് “ഈ പൊട്ടന് ആ ഹാര്‍ഡ് ഡിസ്ക് മാത്രം ഊരി കൊണ്ട് വന്നാല്‍ പോരേ, ക്യാബിനെറ്റ് മുഴുവനും കൊണ്ട് വരണമായിരുന്നോ” എന്ന് കന്നഡയില്‍ ചോദിക്കുന്നത് (ഇംഗ്ലീഷിന്റെ അധികപ്രസരം കാരണം ആശയം മനസ്സിലായി) കേട്ടപ്പോഴും ഞാന്‍ ചമ്മിയില്ല. അമ്മച്ചിയാണെ, ഞാന്‍ ചമ്മിയില്ല.

എന്നാലും അവര്‍ വേന്ദ്രന്മാര്‍ തന്നെ കേട്ടോ. പറഞ്ഞപോലെ സെര്‍വീസ് പായ്ക്ക് 2 ഇട്ടപ്പോള്‍ ആ മുപ്പത് ജി.ബി. എവിടുന്നോ പുറത്ത് വന്നു. അവനെ കയ്യോടെ പിടിച്ച് ഞാന്‍ പുതിയ ഒരു പാര്‍ട്ടീഷനുമാക്കി. ആ പാര്‍ട്ടീഷന് ഞാന്‍ മണ്ടത്തരങ്ങള്‍ എന്ന പേരിട്ടാലോ എന്നാലോചിക്കുന്നു ഇപ്പോള്‍. ഒരു മണ്ടത്തരം ഞാന്‍ ആദ്യം കാണിക്കുകയും പിന്നെ അതിനെത്തുടര്‍ന്ന് ഒരു ലോഡ് മണ്ടത്തരങ്ങള്‍ ഞാനും കമ്പ്യൂട്ടര്‍ കടയിലുള്ളവരും ചേര്‍ന്ന് ഒപ്പിക്കുകയും ചെയ്തതിന്റെ ഒരു ഓര്‍മ്മയ്ക്ക്. പഴയതും പുതിയതും ആയ എല്ലാ മണ്ടത്തരങ്ങളും ഇനി എഴുതി ശേഖരിച്ച് വയ്ക്കാനും ആ പാര്‍ട്ടീഷന്‍ ഉപയോഗിക്കാമല്ലോ. സ്ഥലമുണ്ടാകുമോ എന്തോ!