Friday, October 13, 2006

പാചകമണ്ടത്തരം

വീട്ടില്‍ നിന്ന് മാറി അന്യദേശങ്ങളില്‍ ജോലിക്കായും മറ്റും പോകുന്നവരെ കൂടുതലായി അലട്ടുന്ന ഒരു പ്രശ്നം നല്ല ഭക്ഷണത്തിന്റെ ലഭ്യതയാണ്. ജോലി കിട്ടി ബാംഗ്ലൂരിലേക്ക് പറിച്ച് നട്ട എന്നേയും ഈ വിഷയം വല്ലാ‍തെ അലട്ടി. കര്‍ണ്ണാടകയുടെ പരമ്പരാഗത ഭക്ഷണങ്ങളായ ബിസിബെല്ലെ ബാത്ത്, ഘാര ബാത്ത്, കേസരി ബാത്ത് എന്നീ പ്രാതല്‍ വിഭവങ്ങളും റ്റൊമാറ്റോ റൈസ്, ലെമണ്‍ റൈസ്, പുളിയോഗരെ എന്നീ ഊണ് വിഭവങ്ങളും മധുരത്തില്‍ കുളിച്ച് നില്‍ക്കുന്ന സാമ്പാറ്, മല്ലിയിലയില്‍ കുളിച്ച് നില്‍ക്കുന്ന മറ്റ് കറികള്‍ എന്നിവയൊന്നും കഴിക്കാനുള്ള മാനസികാവസ്ഥയോ ശാരീരികമായോ ഉള്ള സഹനശേഷിയോ ഇല്ലാത്തതിനാല്‍ തുടക്കക്കാലത്ത് ഞാന്‍ ഏറെ കഷ്ടപ്പെട്ടു. എന്റെ സഹമുറിയനും ഇതേ പ്രശ്നത്തില്‍ സമാനമായ ദുരിതം അനുഭവിച്ച് മടുത്ത ഒരു അവസ്ഥയിലാണ് ഞങ്ങള്‍ വീട്ടില്‍ പാചകം തുടങ്ങാന്‍ തീരുമാനിക്കുന്നത്.

തുടക്കത്തില്‍ വെള്ളം തിളപ്പിക്കുന്നത് തന്നെ വളരെ ബുദ്ധിമുട്ടായിരുന്നു. വെള്ളം തിളപ്പിക്കാ‍ന്‍ വച്ച് അപ്പുറത്ത് പോയി ടി.വി കാണാന്‍ തുടങ്ങിയാല്‍ അവിടെ അതില്‍ മുഴുകി ഇരിക്കും, അടുപ്പത്ത് വച്ച് വെള്ളത്തിന്റെ കാര്യം മറക്കും. അങ്ങിനെ എത്രയോ തവണ ഞങ്ങള്‍ മേഘങ്ങള്‍ക്ക് നീരാവി ദാനം കൊടുത്തിരിക്കുന്നു. വെള്ളം തിളപ്പിക്കാന്‍ ഇത്ര ബുദ്ധിമുട്ടാണെങ്കില്‍ ചോറ്‌ വയ്ക്കാനുള്ള ബുദ്ധിമുട്ട് പറയണോ. പ്രഷര്‍ കുക്കറിന്റെ വിസിലടിയുടെ എണ്ണം എന്നും ഒരു തലവേദന ആയിരുന്നു. എണ്ണം കൃത്യമായാല്‍ തന്നെ ഒഴിച്ച വെള്ളത്തിന്റെ അളവ് കൃത്യമായില്ലെങ്കില്‍ വേവ് ശരിയാകില്ല. നാട്ടില്‍ അമ്മ ചെയ്യാറുള്ളത് പോലെ കലത്തില്‍ ചോറ് വയ്ക്കുന്ന എന്ന ഏര്‍പ്പാട് നോക്കാം എന്ന് ഒരിക്കലേ ശ്രമിച്ചിട്ടുള്ളൂ, അന്ന് കഞ്ഞിവെള്ളം കലം ചെരിച്ച് വച്ച് കളയാന്‍ ശ്രമിച്ചിട്ട് പൊള്ളിയത് രണ്ടാള്‍ക്കും നീറുന്ന ഓര്‍മ്മയായി എന്നും മനസ്സില്‍ തങ്ങി നിന്നു. പരിപ്പ് വേവിക്കാന്‍ വയ്ക്കുമ്പോള്‍ വിസില്‍ ഒന്നോ രണ്ടോ കൂടിയാല്‍ തന്നെ കുഴപ്പമില്ല എന്നതിനാലും ബാക്കി ഇടേണ്ട സാധനങ്ങളെല്ലാം കവറിലാക്കി വാങ്ങാന്‍‍ കിട്ടുമെന്നതിനാലും സമ്പാര്‍ മാത്രം വൃത്തിയായി വച്ചു കൊണ്ടിരുന്നു രണ്ട് ബാച്ചിലര്‍ കുക്കുകളും.

പലപ്പോഴും മടി കാരണം ചോറും സാമ്പാറും മാത്രമാക്കും അത്താഴത്തിന്. അച്ചാര്‍ ഇങ്ങനെയുള്ള അവസരങ്ങളില്‍ രക്ഷകനാകും. ഇതിനുപുറമേ ചിലപ്പോള്‍ ഓം‌ലെറ്റ്, ക്യാബേജ്, വെണ്ടയ്ക്ക, പാവയ്ക്ക, പയര്‍ എന്നിവയുടെ തോരന്‍ വരെ ഉണ്ടാക്കിയ ചരിത്രവുമുണ്ട്. ബ്ലോഗുകളും വിക്കിയും എന്താണെന്ന് അറിഞ്ഞ് തുടങ്ങുന്നതിനുമുന്‍പായിരുന്നു ഈ പരീക്ഷണങ്ങള്‍ എന്നതിനാല്‍ അവിടങ്ങളില്‍ പാചകക്കുറി അന്വേഷിക്കുന്നതിനുപകരം അന്നൊക്കെ ചെയ്തിരുന്നത് കറി വയ്ക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് അമ്മയെ ഫോണ്‍ വിളിച്ച് കറി വച്ച് തീരുന്നത് വരെ ലൈവ് കമന്ററി അങ്ങോട്ട് കൊടുത്ത് നിര്‍ദ്ദേശങ്ങള്‍ ഇങ്ങോട്ട് മേടിക്കുക എന്നതായിരുന്നു. ഒരേ കറി തന്നെ ദിവസവും വയ്ക്കുകയാണെങ്കില്‍ തന്നെയും അമ്മയെ വിളിച്ച് സംശയനിവാരണം വരുത്തിത്തന്നെയായിരുന്നു പാചകം. കുറേ നാളുകള്‍ക്ക് ശേഷം കറികള്‍ മോശമില്ല്ലാതെ വയ്ക്കാന്‍ പറ്റും എന്ന ആത്മവിശ്വാസം കൈവരിച്ചിട്ടേ ഈ കോള്‍ കോണ്‍ഫറന്‍സ് നിന്നുള്ളൂ.

ആത്മവിശ്വാസം അമിതവിശ്വാസം ആവാന്‍ അധികനേരം വേണ്ടി വന്നില്ല. എന്ത് പരീക്ഷണം നടത്താനും ധൈര്യം വന്നതോട് കൂടി ആ അടുക്കളയില്‍ പല പുതിയ കറികളും ജനനം കൊണ്ടു. മുട്ട സാമ്പാര്‍, വെണ്ടയ്ക്കാ ക്വാളിസ് (ടൊയോട്ട ക്വാളിസ് വണ്ടിയുടെ പരസ്യം ഉള്ള ഒരു പേപ്പറിലാണ് ഈ കറിക്കാവശ്യമുള്ള അസംസ്കൃത വസ്തുക്കള്‍ മുറിച്ചിട്ടത്), തക്കാളി തട്ടിമുട്ടി (ഒരു നഗരപദക്ഷിണം കഴിഞ്ഞ് തിരിച്ച് വന്നപ്പോള്‍ സാമ്പാര്‍ വയ്ക്കാന്‍ ആവശ്യമായ ഒന്നും ഉണ്ടായിരുന്നില്ല, ഉള്ളത് കൊണ്ട് തട്ടിമുട്ടി ഒരു കറിയുണ്ടാക്കി), സ്ക്രാംബിള്‍ഡ് ക്യാബേജ് എന്നിങ്ങനെയുള്ള പുതുവിഭവങ്ങള്‍‍ ഞങ്ങളുടെ അടുക്കളയ്ക്ക് പേരും പെരുമയും നേടിത്തന്നു.

അങ്ങിനെയിരിക്കെ ഒരുനാളില്‍ എനിക്ക് ഒരു സുഹൃത്തിന്റെ വിവാഹത്തിനായി എറണാകുളത്ത് പോകേണ്ടി വന്നു. തിരിച്ച് വന്നത് ട്രെയിനിലായിരുന്നു. ട്രെയിനില്‍ സാധാരണ കാണാറുള്ള പുസ്തകവില്‍പ്പനക്കാരുടെ കയ്യില്‍ കണ്ട ഒരു പുസ്തകത്തില്‍ ആദ്യമായി എന്റെ കണ്ണുകളുടക്കി. സ്വാഭാവികമായും അതൊരു പാചകപുസ്തകമായിരുന്നു. പാചകം എനിക്കൊരു ഹരമായി മാറിക്കൊണ്ടിരിക്കുന്ന സമയം. പത്ത് രൂപയ്ക്ക് ഈ പുസ്തകം ഒന്നുമാലോചിക്കാതെ തന്നെ ഞാന്‍ വാങ്ങി. പത്താം ക്ലാസ്സ് പാസ്സാക്കാന്‍ പഠിച്ചതിലും ആത്മാര്‍ത്ഥമായി വായിച്ച് പഠിച്ച് ഈ പുസ്തകം തിരിച്ച് ഞാന്‍ ബാംഗ്ലൂരിലെത്തുമ്പോഴേക്കും ഹൃദിസ്ഥമാക്കിയിരുന്നു.

ജീവിതത്തിലാദ്യമായി വീട്ടിലെ അടുക്കളയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ വേദന അന്ന് ഞാന്‍ അനുഭവിച്ചു. അടുക്കളയിലെ പാത്രങ്ങള്‍ തമ്മില്‍ കൂട്ടി മുട്ടുന്ന ശബ്ദവും, കുക്കറിന്റെ വിസിലും പച്ചക്കറികള്‍ അറിയുന്നതിന്റെ സുഖവും ഒക്കെ ഞാന്‍ ആദ്യമായി മിസ്സ് ചെയ്തു തുടങ്ങി. വീട്ടിലെത്തി ആ അടുക്കള കാണുന്നതു വരെ ഞാന്‍ അനുഭവിച്ച ആകാംഷ, ജോലിക്കുള്ള കൂടിക്കഴ്ച കഴിഞ്ഞ് ഫലം അറിയാന്‍ കാത്തിരുന്നപ്പോള്‍ ഉണ്ടായിരുന്നതിലും എത്രയോ ഇരട്ടിയായിരുന്നു. വാങ്ങിയ പുസ്തകം സഹമുറിയനെക്കാണിച്ച് ഇനി പുതുതായി ഉണ്ടാക്കാനായി കണ്ട് വച്ചിരിക്കുന്ന വിഭവങ്ങളെക്കുറിച്ച് വിവരിച്ച ശേഷമേ ഞാന്‍ യാത്രയ്ക്ക് കൊണ്ട് പോയ ചുമല്‍ ബാഗ് പോലും ഊരി വയ്ച്ചുള്ളൂ.

അന്നുതന്നെ പുതിയ പരീക്ഷണങ്ങള്‍ക്കായി ഞാന്‍ തയ്യാറെടുക്കുമ്പോള്‍ ബാംഗ്ലൂരില്‍ ഉണ്ടായിരുന്ന എന്റെ മറ്റ് സഹപാഠികളെ വിളിച്ച് കൊണ്ടു വന്നു എന്റെ സഹമുറിയന്‍. നമ്മുടെ കഴിവുകള്‍ അങ്ങിനെ അടുക്കളയുടെ നാലു ചുമരുകള്‍ക്കിടയില്‍ ഒതുക്കേണ്ടതല്ല എന്നതാ‍യിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എനിക്കും മറ്റൊരഭിപ്രായം ഉണ്ടായിരുന്നില്ല.

ആ പുസ്തകത്തില്‍ എനിക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയതും ഏറ്റവും സാഹസികമായി തോന്നിയതും “മുരിങ്ങയിലത്തോരന്‍” എന്നയിനമായിരുന്നു. പുസ്തകത്തില്‍ പറഞ്ഞ പാചകവിധിപ്രകാരം വലിയ ബുദ്ധിമുട്ടില്ല ഇതുണ്ടാക്കാന്‍. ചേര്‍ക്കേണ്ട ചേരുവകള്‍ ആണെങ്കില്‍ വളരെക്കുറവും. ചുരുങ്ങിയനേരം കൊണ്ട് പേരെടുക്കാന്‍ മുരിങ്ങയിലത്തോരന്‍ ബെസ്റ്റ് തന്നെ. പിന്നീടങ്ങോട്ട് ചൂടേറിയ, പൊടിപറക്കുന്ന അങ്കമായിരുന്നു അടുക്കളയില്‍. ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന ഞാന്‍ ആരെയും അടുപ്പിച്ചില്ല അടുക്കളയില്‍, എന്റെ പാചകസഹജസഞ്ചാരിയായ സഹമുറിയനെപ്പോലും. ഉച്ചയായപ്പോഴേക്കും കറികള്‍ തയ്യാറായി. ചോറും റെഡി. ഞാന്‍ തന്നെ മുന്‍‌കൈ എടുത്ത് വിളമ്പി വച്ച് എല്ലാവരേയും കഴിക്കാന്‍ വിളിച്ചു.

നല്ല വിശപ്പിന് പേര്‍ കേട്ടവരാണ് എന്റെ സഹപാഠികള്‍. ആര്‍ത്തിയുടെ പര്യായങ്ങള്‍. ഉത്തമമായ തീറ്റയുടേ ഉദാഹരണങ്ങള്‍. ഭക്ഷണത്തിനായി ഇവര്‍ വായ പൊളിച്ച് നില്‍ക്കുമ്പോള്‍ എന്റെ മുരിങ്ങയിലത്തോരന്‍ ഞാന്‍ പങ്ക് വച്ച് ഇവരുടെ പാത്രങ്ങളിലേയ്ക്ക് വിളമ്പിക്കൊടുത്തു. ഇവര്‍ പ്രശംസയുടെ ഭാണ്ഡം തുറന്ന് എനിക്കായി അഭിനന്ദനങ്ങള്‍ ചൊരിയുന്നത് കേള്‍ക്കാനായി ഞാന്‍ ചെവി കൂര്‍പ്പിച്ചിരുന്നു.

ഒന്നുമുണ്ടായില്ല. അവര്‍ മിണ്ടുന്നില്ല. പാത്രത്തിലുള്ള ചോറിന്റെ അളവ് കുറയുന്നതിന് അനുപാതികമായി മുരിങ്ങയിലത്തോരന്‍ കുറയുന്നില്ല. കുറയുന്നത് പോയിട്ട് വച്ചിടത്ത് നിന്ന് അനങ്ങുന്നുപോലുമില്ല. എന്തോ എവിടെയോ പിഴച്ചിരിക്കുന്നു! “കഴിക്കുന്നില്ലേ” ഞാന്‍ ചോദിച്ചു. മറുപടി ഇല്ല. “ഒന്ന് കഴിക്കെടാ”, അതിനും മറുപടി ഇല്ല. “ഒന്ന് രുചിയെങ്കിലും നോക്കെടാ, എന്ത് കഷ്ടപ്പെട്ടിട്ടാണ് ഞാന്‍ ഇതുണ്ടാക്കിയതെന്നറിയാ‍മോ”

സഹമുറിയന്‍ തലയൊന്നുയര്‍ത്തി എന്നെ രൂക്ഷമായി ഒരു നോട്ടം നോക്കി. എന്നിട്ട് സത്യസന്ധമായി അഭിപ്രായം പറഞ്ഞു എന്റെ മുരിങ്ങയിലത്തോരനെക്കുറിച്ച്.

“ഞാന്‍ പശുവും മാടുമൊന്നുമല്ല പച്ചില തിന്നാല്‍”

അന്നത്തോടെ എന്റെ പാചകം നിന്നു. അന്ന് മുതല്‍ ഞാന്‍ ഹോട്ടലില്‍ നിന്ന് മനസ്സമാധാനമായി സ്വാദുള്ള ഭക്ഷണം തന്നെ കഴിക്കാന്‍ തുടങ്ങി.

30 comments:

  1. മുല്ലപ്പൂ said...
    This comment has been removed by the author.


  2. വല്യമ്മായി said...

    ഹും! ബാച്ചിലേഴ്സിന്‍റെ ഓരോ കഷ്ടപ്പാടുകളെ.പ്രഷറ്കുക്കറിനെ പറ്റി ഇന്യും അറിയണമെന്നുണ്ടെങ്കില്‍ എന്‍റെ ഈ http://rehnaliyu.blogspot.com/2006/09/blog-post_22.html പോസ്റ്റ് വായിച്ചാല്‍ മതി.



  3. sreeni sreedharan said...

    അന്നാലു ശ്രീജിത്തെ അതെന്തായിരിക്കും അങ്ങിനെ സംഭവിച്ചത്?



  4. mydailypassiveincome said...

    അപ്പോള്‍ മുരിങ്ങയില ഓരോന്നായി പറിച്ചിടുന്നതിനു പകരം വലിയ ഒരു കൊമ്പായിരിക്കും ഇട്ടത്. മാത്രമല്ല തേങ്ങ ഇട്ടുകാണുകയുമീല്ല അല്ലെ? ;)അവര്‍ക്കെങ്ങിനെ ഇഷ്ടപ്പെടാനാ?

    അല്ലെങ്കില്‍ കൂടെയുള്ളവര്‍ ആദ്യം തന്നെ പറയില്ലായിരുന്നോ ആ കറി വെക്കേണ്ട എന്ന്.

    ചെറുപ്പത്തില്‍ മുരിങ്ങയിലകള്‍ കൊമ്പില്‍ നിന്നും ഓരോന്നായി അടര്‍ത്തിയിടാന്‍ കിട്ടുന്ന ജോലി ഓര്‍ത്തുപോയി.



  5. Peelikkutty!!!!! said...

    എനിയിപ്പം മുരിങ്ങയിലയ്ക്കു പകരം വെറേ വല്ല പച്ചിലയാണോ മിസ്റ്റര്‍.ഷെഫ് ഉപയോഗിച്ചെ... !



  6. രാധ said...

    പാചകം തുടങ്ങും മുമ്പു ഗ്യാസ് ഓണ്‍ ചെയ്യാന്‍ മറന്നു പോയോ!!!!!!!



  7. Anonymous said...

    അതു മുരിങ്ങയില അല്ലായിരുന്നോ?



  8. മനോജ് കുമാർ വട്ടക്കാട്ട് said...

    സംഗതി അതു തന്നെ-
    സ്റ്റൗ ഒാണ്‍ ചെയ്യണം എന്ന കാര്യം ബുക്കില്‍ പറഞ്ഞില്ലായിരുന്നൂ.....



  9. ലിഡിയ said...

    ഇതു വരെയ്ക്കും പച്ചക്കറി ഇഷ്ടത്തോടെ കഴിക്കുന്ന മലയാളി ബാച്ചികളെ അധികം കണ്ടിട്ടില്ല,അതാണോ കാര്യം,എന്തെങ്കിലും ചിക്കനോ മറ്റോ ശ്രമിച്ച് നോക്കാമായിരുന്നു.

    ഇത്രയും നല്ലൊരു കുക്ക് അതോടെ ആ മഹത്തായ സംരംഭമേ അവസാനിച്ചൂന്നൊക്കെ പറഞ്ഞാ ഇത്തിരി കടന്ന കയ്യായി പോയില്ലെ,ശ്രമിച്ചു നോക്കന്നേ,വീണു വീണല്ലേ നടക്കാന്‍ പഠിക്കൂ.

    -പാര്‍വതി.



  10. ഉത്സവം : Ulsavam said...

    കലക്കീല്ലോ തോരന്‍...!
    എന്താ‍യാലും ഫിഷ് മസാലയിട്ട് മുട്ടക്കറി വച്ച എന്റെ പഴയ സഹമുറിയനെ ഓറ്മ്മിപ്പിച്ചു ഈ പോസ്റ്റ്. അദ്ദേഹം സംവിധാനം ചെയ്ത മറ്റൊരു ബ്ലോക്ക് ബസ്റ്റര്‍ ഐറ്റം ആയിരുന്നു സ്ക്വിഡ് ഫ്രൈ അധവാ "സ്കഡ് ഫ്രൈ"... ഹോ ഭയാനകമായ ഇനിഷ്യല്‍ പുള്ളിങ്ങായിരുന്നു. ടോയ്ലറ്റിന്റെ മുന്നില്‍ മോഹന്‍ലാലിന്റെ പടം റിലീസു ചെയ്ത തീയറ്ററിന്റെ അവസ്ഥയായിരുന്നു.



  11. ബിന്ദു said...

    “തക്കാളി റ്റൊമാറ്റോ റൈസ്!”??
    സത്യത്തില്‍ എന്താ സംഭവിച്ചത്? പറഞ്ഞതു പോലെ,സ്റ്റൊവ് കത്തിച്ചില്ലെ?:)



  12. കാളിയമ്പി said...

    മുരിങ്ങയിലയ്ക്കു പകരം മ്മടെ ശ്രീജിത്ത് കറിവേപ്പിലയായിരിയ്ക്കുമിട്ടത്...

    ആരും കഴിച്ചില്ലേല്ലെന്താ..നമുക്കൊരുഗ്രന്‍ പോസ്റ്റ്കിട്ടിയില്ലേ ...

    പിന്നെ മുരിങ്ങയില വേവിയ്ക്കാതെ കഴിച്ചാല്‍ നല്ല തമാശയായിരിയ്ക്കും...
    വിം ഇട്ടു കൊടുത്തെന്നു പറഞ്ഞ് സഹമുറിയന്മാര്‍ അന്നെ തല്ലിക്കൊന്നേനേ ശ്രീ...

    അതും അനുഭവം ഗുരു



  13. ഇടിവാള്‍ said...

    ഹാ ശ്രീജിത്തേ...

    ബാച്ചി ക്ലബ്ബിലേക്കുള്ള നല്ലൊരു സെല്‍ഫ്‌ ഗോളായിരുന്നു ! ഇവിടെയായതോണ്ടു ഞാണ്‍ കേറി ഗോളടിക്കുന്നില്ല.

    അല്ലാ, ആക്ചുവല്ലി എന്തരു സംഭവിച്ചത്‌ ? ഗ്യാസു തീര്‍ന്നോ ?



  14. Anonymous said...

    അതേ.. സംഭവിച്ചതെന്തെന്നാല്‍ .. പാചകപുസ്തകത്തില്‍ എഴുതിയിരിക്കുന്നത് ഉപ്പ്‌ ‘പാകത്തിന്’ എന്ന്. പിന്നെ ശ്രീ.. യുടെ ഓറ്മ്മ വെച്ച് ഉപ്പ്‌ രണ്ട് മൂന്ന്‌ പ്റാവശ്യം ‘പാകത്തിന്’ ഇട്ട്‌ കാണണം.
    അതല്ലേ ശ്രീ.. കാര്യം.



  15. രമേഷ് said...

    അല്ലാ എന്താ പറ്റീത് .....അതും കൂടി പറയൂ ശ്രീജിത്തേ...........



  16. Sreejith K. said...

    എല്ലാവര്‍ക്കും തോരന്‍ എന്താണ് പറ്റിയതെന്നറിയാനുള്ള ആകാംഷ ആയതിനാല്‍ ഒരു വിശദീകരണം ആവശ്യമാണെന്ന്‍ തോന്നുന്നു. ഇങ്ങനെ ഒരു സംശയം തോന്നുമെന്ന് ആദ്യമേ ഊഹിക്കാനുള്ള ബുദ്ധി ഉണ്ടായിരുന്നെങ്കില്‍ ഞാനത് പോസ്റ്റില്‍ തന്നെ ചേര്‍ത്തേനേ ;)

    ***
    മുരിങ്ങയില വേവിക്കണം തോരന്‍ വയ്ക്കാന്‍. വേവ് നോക്കാന്‍ അറിയാതിരുന്നതിനാലും എത്ര നേരം വേവിക്കണം എന്നതിനെക്കുറിച്ച് ഒരൂഹവും ഇല്ലാതിരുന്നതിനാലും, അത് നേരാം വണ്ണം വെന്തില്ല. ശരിക്ക് വെന്തില്ലെങ്കില്‍ മുരിങ്ങയിലയ്ക്ക് ഒരുതരം കയ്പ്പ് ഉണ്ടാകും. അത് തൃണവല്‍ഗണിച്ച് എന്നോടുള്ള സ്നേഹത്തിന്റെ പുറത്ത് അത് കഴിക്കാന്‍ മാത്രം ത്യാഗമനസ്ഥിതി ഉള്ള കൂട്ടുകാരെ കിട്ടാതിരുന്നത് എന്റെ തെറ്റ്. ഒന്നുകില്‍ അവര്‍ നന്നാവണമായിരുന്നു, അല്ലെങ്കില്‍ ഞാന്‍. രണ്ടാമത്തേതായിരുന്നു എളുപ്പം എന്നതിനാല്‍ ഞാന്‍ പാചകം നിര്‍ത്തി അവരുടെ ജീവന്‍ രക്ഷിച്ചു.

    ***
    മുരിങ്ങയില കൊമ്പോടെ ഇട്ടതായിരിക്കുമെന്ന മഴത്തുള്ളിയുടേയും, മുരിങ്ങയിലയ്ക്ക് പകരം കറിവേപ്പിലയായിരിക്കും ഇട്ടതെന്ന അംബിയുടേയും കമന്റുകള്‍ തകര്‍പ്പന്‍. ഗ്യാസ് അടുപ്പ് ഓണ്‍ ചെയ്തില്ല എന്ന ഊഹവും എന്നെ ചിരിപ്പിച്ചു. എന്താ ഓരോരുത്തരുടെ ബുദ്ധി. ഹ ഹ. കമന്റ് ഇട്ട മറ്റുള്ളവര്‍ക്കും നന്ദി.



  17. മിടുക്കന്‍ said...

    കറിവേപ്പിലെ പറ്റി മാത്രം ആരും ഒന്നും പറയരുത്‌..
    ഞാന്‍ സമ്മതിക്കിത്തില്ല..



  18. മുസ്തഫ|musthapha said...

    ഹ ഹ ഹ... അതു കലക്കി ശ്രീജിത്ത് :)

    പണ്ട് പണ്ടൊരിക്കല്‍ ഞാന്‍ ഉപ്പുമാവുണ്ടാക്കി. പക്ഷേ ഉപ്പിടാന്‍ മറന്നു... വെള്ളോം കൂടി. അവസാനം കട്ടയായ ഉപ്പുമാവില്‍ ചട്ടുകം കൊണ്ട് അകത്തി അവിടേം ഇവിടേം ഗ്യാപ്പുണ്ടാക്കി ഉപ്പുവെള്ളം ഫില്ല് ചെയ്തു... അവസാനം കഴിച്ചവരില്‍ രണ്ടഭിപ്രായക്കാരായി... ഉപ്പില്ലെന്നൊരു വിഭാഗം, ഉപ്പുകൂടിയെന്ന് മറ്റൊരു കൂട്ടര്‍.

    ‘ഇവര്‍ പ്രശംസയുടെ ഭാണ്ഡം തുറന്ന് എനിക്കായി അഭിനന്ദനങ്ങള്‍ ചൊരിയുന്നത് കേള്‍ക്കാനായി ഞാന്‍ ചെവി കൂര്‍പ്പിച്ചിരുന്നു‘... പാവം!


    ഒ.ടോ> തലവാചകം ‘പാചകം’ എന്ന് മാത്രം മതിയായിരുന്നു. ബാക്കി ഞങ്ങള്‍...!



  19. ഏറനാടന്‍ said...

    എന്റെ ശ്രീജിത്തേ, ഞങ്ങളുടെ നാട്ടിലെയൊരു നാടന്‍പാട്ട്‌ ഒന്നു പാടട്ടെ:

    "പണ്ടൊരു കാക്ക മുരിങ്ങമ്മേല്‍ കേറി
    മുരിങ്ങ മറിഞ്ഞ്‌ കിണറ്റില്‍ ചാടി
    കിണറ്റിലെ രണ്ട്‌ തവളകള്‍ ചത്തു
    കാക്ക അതിനെ കൊത്തിയെടുത്തു..
    വലിഞ്ഞുകേറി പുറത്തുവന്നു
    അന്നത്തെ സദ്യ കുശാലായി.."



  20. Unknown said...

    ശ്രീജീ,
    ഈ വക കേസിലൊന്നും റിസ്കെടുക്കരുത്. വീട്ടില്‍ പോയി അമ്മ ഉണ്ടാക്കിത്തരുന്ന തോരന്‍ കഴിയ്ക്കുക, ബാംഗ്ലൂരില്‍ വന്നാല്‍ ഷവിഗെ ബാത്തും, ഘാര ബാത്തും കഴിച്ച് തൃപ്തിപ്പെടുക. അതാണ് നല്ലത്.

    (ഓടോ: സൌത്ത് ഇന്ത്യന്‍ കുക്കിങ് മൊത്തമായും കൂടാതെ ചൈനീസ്, മുഗളായ് എന്നീ രീതികളും അറിയാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പിന്നീട് ഒരു ഉണ്ടയും അറിയില്ല എന്ന് വന്നാല്‍ എന്ത് ശിക്ഷ കൊടുക്കാം?)



  21. ചില നേരത്ത്.. said...

    ശ്രീജിത്തേ .
    മുരിങ്ങയില തോരന്‍, പാചകമണ്ടത്തരം സീരീസിലെ ഒന്നാമത്തെ പോസ്റ്റ് ആയി വരവ് വെച്ചിരിക്കുന്നു.



  22. അഭയാര്‍ത്ഥി said...

    സാമ്പാറില്‍ മായം ചേര്‍ക്കാന്‍ അരവിന്ദന്‍. മുരിങ്ങയില കഷായ്മുണ്ടാക്കാന്‍ ശ്രീജിത്ത്‌.

    ബ്ലോഗ്‌ പലതരം കലാകാരന്മാരാല്‍ അനുഗൃഹീതം.

    പണ്ട്‌ കടല, മുതിര തുടങ്ങിയവ സ്ഥിരം എന്റെ കുക്കിംഗ്‌ ടേണില്‍ പാചകം ചെയ്യുമ്പോള്‍ ഒരു പാര്‍ട്ണര്‍ പറയുമായിരുന്നു:-" രാമ -ഞാന്‍ തല കീഴായി നില്‍ക്കാം എങ്ങിനേയെങ്കിലും ഇത്‌ റിവേഴ്സ്‌ ഡയറക്ഷനില്‍ വയറ്റിലെത്തിക്കു. വായിലൂടെ ചവച്ചരച്ചിറക്കാന്‍ പാടാണ്‌ . അതുകൊണ്ടാ".

    ശ്രീ ഒരു കലാകാരന്‍ തന്നെ



  23. രാജ് said...

    കലാകാരന്മാരുടെ ലിസ്റ്റെടുക്കുമ്പോള്‍ ഗന്ധര്‍വ്വജീ എന്നെ മറന്നു. എന്നെ മറന്നാലും സാരമില്ല, എനിക്കു ബുദ്ധിയുപദേശിക്കുന്ന ആദിത്യനെ മറക്കരുതു്, “സാപം കിട്ടും”.



  24. അഭയാര്‍ത്ഥി said...

    ഇല്ല പെരിങ്ങോടരെ - മുട്ട എങ്ങിനെ പുഴുങ്ങാം എന്നതും അത്‌ നാലായി പിളരുന്നതെങ്ങിനേയെന്നും, കഴിക്കേണ്ട വിധവും ഒക്കെ പഠിച്ചതീയിടെയല്ലെ.

    പിന്നെ ശരവണയിലെ മസാലദോശ കഴിക്കേണ്ട വിധവും---

    ഒന്നും മറക്കില്ല...

    പക്ഷെ മുരിങ്ങയിലകൊണ്ട്‌ വിരുന്നൊരുക്കുന്ന കൂട്ടുകാരെ പ്രകീര്‍ത്തിക്കണ്ടെ.

    ഞാനാണെങ്കില്‍ തല്ലിക്കൊന്ന്‌ മുരിങ്ങയില തോരന്‍ ലക്സേറ്റീവ്‌ ടോക്സിന്‍ ആകുന്നത്രയും കഴിച്ച്‌ ബ്ലോഗ്‌ എഴ്റ്റുതി വെച്ച്‌ മരിച്ചേനെ



  25. ദേവന്‍ said...

    ഹാവൂ.
    എന്റെ സങ്കടം മാറി. ഞാന്‍ മാത്രമല്ലല്ലോ ഇതനുഭവിക്കുന്നത്‌. താങ്ക്യൂ ശ്രീജിത്തേ..



  26. കരീം മാഷ്‌ said...

    അല്ലങ്കിലേ മുരിങ്ങയും ഉപോല്‍പ്പന്നങ്ങളും ബാച്ചിലേര്‍സിനു വേണ്ടി പടച്ചതമ്പുരാന്‍ പടച്ചതല്ല!.
    അതു വിവാഹിതര്‍ക്കു വേണ്ടി സൃഷ്ടിച്ചതാണ്‌.
    ഭാഗ്യരാജിന്റെ "മൂന്താണേ മുടിച്ചു" കണ്ടിട്ടുള്ളവര്‍ക്കു മനസ്സിലാവും.

    qw_er_ty



  27. മുസാഫിര്‍ said...

    നന്നായിരിക്കുന്നു ശ്രിജിത്ത്,ഇതാണു ബ്രഹ്മചര്യത്തിനും ഗൃഹസ്ഥാശ്രമത്തിനും ഇടക്കൂള്ള ത്രിശങ്കു സ്വര്‍ഗ്ഗം.



  28. Unknown said...

    ശ്രീജിത്തേ,
    ഓഫീസ്സില്‍ ഇരുന്നു ഈ പോസ്റ്റ് വായിച്ചു ചിരി അടക്കി പിടിച്ചതു കൊണ്ട് വയറു വേദന പിടിച്ചു, അപ്പോള്‍ ആ മുരിങ്ങയില തോരന്‍ കഴിച്ചതിനു തുല്യമായി! :)
    പാചകം നിര്‍ത്തിയോ, ആ പുസ്തകം എവിടെ?
    മടിച്ചു നില്‍ക്കാതെ അടുക്കളയിലേക്കു കയറൂ, അടുത്ത പോസ്റ്റിനുള്ള വിഭവങ്ങള്‍ ഒരുക്കൂ!



  29. ഫാരിസ്‌ said...

    * സഹമുറിയന്‍ തലയൊന്നുയര്‍ത്തി എന്നെ രൂക്ഷമായി ഒരു നോട്ടം നോക്കി. എന്നിട്ട് സത്യസന്ധമായി അഭിപ്രായം പറഞ്ഞു എന്റെ മുരിങ്ങയിലത്തോരനെക്കുറിച്ച്.

    “ഞാന്‍ പശുവും മാടുമൊന്നുമല്ല പച്ചില തിന്നാല്‍”

    കലക്കി ശ്രീജിത്ത് :)



  30. Vssun said...

    മീന്‍ മസാലയിട്ടു ബീഫ്‌ വച്ച എന്നെപ്പോലെത്തന്നെ