Tuesday, February 28, 2006

പട്ടിയൂട്ട്

ബാല്യകാലത്തെക്കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ ഓര്‍മ്മകളിലേക്ക്‌ ഓടിയെത്തുന്നത്‌ കണ്ണൂരിലുള്ള അവധിക്കാലമാണ്‌. വളര്‍ന്നത്‌ എറണാകുളത്ത്‌ ആയിരുന്നുവെങ്കിലും എപ്പോഴും മനസ്സു കൊണ്ട്‌ ഞാനൊരു കണ്ണൂര്‍ക്കാരനായിരുന്നു.

കണ്ണൂരിനു നാട്ടിന്‍പുറത്തിന്റെ തനിമയുണ്ട്‌, ഒരു സ്നേഹം നിറഞ്ഞ ലാളിത്യമുണ്ട്‌, അതിനെ ഭംഗിയുണ്ട്‌. എറണാകുളത്തിന്‌ ഇതൊന്നുമില്ല. എറണാകുളം സിറ്റി മുഴുവന്‍ പട്ടണമാണ്‌. അവിടെ നാട്ടിന്‍പുറം എന്നൊരു ഏര്‍പ്പാടേയില്ല.

വേനലവധിക്കാലത്താണ് ഞാന്‍ എല്ലാ വര്‍ഷവും കണ്ണുരില്‍ പൊകുക. അവിടെ ഉണ്ടാകുമായിരുന്ന രണ്ടു മാസം മുഴുവന്‍ ആ നാട്ടില്‍ ചുറ്റിയടിക്കുമായിരുന്നു ഞാന്‍. തൊടിയിലും, വരമ്പിലും, പാടത്തും, പറമ്പത്തും, നദിയോരത്തും, മലഞ്ചെരുവിലും, കാട്ടിലും, തോട്ടത്തിലും എന്നു വേണ്ട ആ നാടിന്റെ ഭംഗി മുഴുവനായും ഒപ്പിയെടുക്കാന്‍ എവിടെപ്പോകാനും ഞാന്‍ മടിക്കില്ലായിരുന്നു, എന്റെ ചെറിയമ്മയുടെ വീട്ടില്‍ ഒഴിച്ച്‌.

കാരണം അവിടെ ടോമി ഉണ്ടായിരുന്നു.

ടോമി ഒരു ശുനകന്‍ ആയിരുന്നു. യെസ്‌; പട്ടി, നായ, ഡോഗ്‌, കുത്താ, എന്തും വിളിക്കാം നിങ്ങള്‍ക്കവനെ. എനിക്കൊരു പ്രശ്നവുമില്ല. അവന്റെ മുഖാമേ കണ്ടുകൂടാ എനിക്ക്‌. ആസ്‌ എ മാറ്റര്‍ ഓഫ്‌ ഫാക്റ്റ്‌, എനിക്കൊരു പട്ടിയേയും കണ്ടു കൂടാ. പണ്ടേ അലര്‍ജിയാണ്‌, കണ്ടാല്‍ അപ്പൊ ഓടാന്‍ തോന്നും.

എന്നാലും ചെറിയമ്മയുടെ വീടല്ലേ, പോകാതിരിക്കാന്‍ പറ്റുമോ. എന്റെ പട്ടി വിദ്വേഷമൊന്നും ചെറിയമ്മയോട്‌ ഞാന്‍ പറഞ്ഞിട്ടില്ല. എന്നിട്ട്‌ വേണം ചെറിയമ്മ അത്‌ പട്ടിയോട്‌ പറയാനും ആ പട്ടി എന്നെ പ്രാകാനും.

ഒരു തവണ അവിടെപ്പോയപ്പോള്‍ വീട്ടില്‍ ചെറിയമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചെറിയമ്മ എന്നെ കണ്ടപ്പോള്‍ത്തന്നെ പറഞ്ഞു, മോനേ, ചക്കരേ, ഇവിടെ ടോമിക്ക്‌ കൊടുക്കുന്ന ഡോഗ്‌ ഫുഡ്‌ തീര്‍ന്നിരിക്കുകയാ. ഒന്നു പോയി വാങ്ങിച്ചോണ്ട്‌ വാടാ.

ഇഷ്ടമില്ലാതിരുന്നിട്ടും ഞാന്‍ പോയി, പട്ടിക്കുള്ള ഭോജനം വാങ്ങാന്‍. കടയില്‍ പോയി ഡോഗ്‌ ഫുഡ്ഡ്‌ ചോദിച്ചതും കടക്കാരന്റെ ഒരു പരിഹാസം.

"ഇതിവിടുന്ന്‌ കഴിക്കാനാണോ, അതോ കൊണ്ടുപോകാനാണോ."

എന്തൊരു തമാശ, അയ്യട. ഞാന്‍ ചിരിച്ചില്ല. എന്നാല്‍ ആ കടയില്‍ പലചരക്ക്‌ വാങ്ങാന്‍ വന്നിട്ടുണ്ടായിരുന്ന ബാക്കി എല്ലാവരും ചിരിച്ചു. ആ പരിസരത്തുണ്ടായിരുന്നവരും ആ ചിരിമത്സരത്തില്‍ പങ്കു ചേര്‍ന്നു. എന്തെങ്കിലും പറയാനൊക്കുമോ? അവിടുന്ന്‌ വേഗം കാശ്‌ കൊടുത്ത്‌ വേദി കാലിയാക്കി.

അതു കൊണ്ട്‌ തീര്‍ന്നില്ല. കാണുന്നവര്‍ക്കെല്ലാം എന്റെ പുറത്ത്‌ കുതിര കേറണം, അഥവാ പട്ടി കേറണം. ഒരുത്തന്‌ അറിയേണ്ടത്ത്‌ എന്താ ഞാന്‍ ഭക്ഷണം പൊതിഞ്ഞ്‌ കൊണ്ടു പോകുന്നത്‌, ഇന്ന്‌ വീട്ടില്‍ പാചകം ഇല്ലേ എന്നാണ്‌. വേറൊരുത്തനാണെങ്കില്‍ എന്റെ ബ്രാന്റ്‌ അറിഞ്ഞേ തീരൂ. ആ പറഞ്ഞവനെല്ലാം പണ്ടാരമടങ്ങി കുത്തുപാള എടുത്ത്‌, ചൊറി പിടിച്ചേ ചാകത്തുള്ളൂ എന്ന്‌ അന്നു തൊട്ടേ ഞാന്‍ പ്രാകുന്നതാ. എന്തെങ്കിലും പുരോഗതി ഉണ്ടോ എന്തോ.

ഏതു നേരത്താനാവോ ചെറിയമ്മയുടെ വീട്ടിലേക്ക്‌ വരാന്‍ തോന്നിയത്‌ എന്നും വിചാരിച്ച്‌ തിരിച്ചു വീട്ടില്‍ ചെന്നെത്തിയപ്പോള്‍ ദാ തരുന്നു ചെറിയമ്മ അടുത്ത പണി. ആ സാധനം വെള്ളത്തില്‍ കലക്കി ഞാന്‍ പട്ടിക്കു കൊടുക്കണമത്രേ. ചെറിയമ്മക്ക്‌ സമയമില്ലെന്ന്‌. ഈശ്വരാ. ഇന്നു കണികണ്ടവനെ പട്ടി കടിച്ചു കൊല്ലിപ്പിക്കണേ...

എല്ലാം കലക്കി മുന്‍പില്‍ ഒരു പാത്രത്തില്‍ വച്ച്‌ കൊടുത്തിട്ടും ആ പണ്ടാരപ്പട്ടി കഴിക്കണ്ടെ? വായില്‍ വച്ചു കൊടുക്കാനൊക്കുമൊ. എനിക്കറിയാവുന്ന ഭാഷയിലൊക്കെ പറഞ്ഞു നോക്കി, പട്ടി നിരക്ഷരനായതു കോണ്ടോ എന്തോ, അതും ഏറ്റില്ല. ഒരിത്തിരി ബലം പ്രയോഗിച്ചു നോക്കി പിന്നെ. പട്ടി എന്നെ തോണ്ടി അപ്പുറത്തേക്ക്‌ മാറ്റിയിട്ടു. ആ കിടന്ന പാത്രം വച്ച്‌ എനിക്ക്‌ ആരതി ഉഴിഞ്ഞും തന്നു. അവനെപ്പോലെ കുരക്കാനും മുരളാനും കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ അവനുമായി WWF നടത്തിയേനെ. പിന്നെ എന്തിനാ എന്റെ ശരീരം വെറുതെ കേടാക്കുന്നെ എന്നു വിചാരിച്ചു വേണ്ടാ‍ന്നു വച്ചു.

വീട്ടില്‍ എത്തിയപ്പൊ അമ്മയുടെ കയ്യില്‍ നിന്നും കിട്ടി നല്ലോണം. നിനക്ക്‌ ദേഹം മുഴുവന്‍ വാരിത്തേക്കാന്‍ പട്ടിക്കു കൊടുക്കുന്നതേ കിട്ടിയുള്ളോടാ എന്ന്‌ അമ്മ ചോദിച്ചപ്പോള്‍ തിരിച്ചു കുരച്ചു കാണിച്ചാലോ എന്നാ ആദ്യം തോന്നിയത്‌. പക്ഷെ അമ്മയുടെ പട്ടി വിരോദത്തെക്കുറിച്ചോര്‍ത്തപ്പോള്‍ ആ സംരംഭത്തില്‍ നിന്നും ഞാന്‍ പിന്മാറി. എന്നെ കല്ലെടുത്തെറിഞ്ഞോടിച്ചാലോ.

ആ പട്ടിയെ നേരിടാന്‍ ഉള്ള ശക്തി സംഭരിച്ച്‌ വന്നപ്പോഴേക്കും അടുത്ത വര്‍ഷത്തെ വേനലവധി ആയിരുന്നു. എന്തായാലും ആ പട്ടിയെ പിന്നീട്‌ കാണനുള്ള ഭാഗ്യം എനിക്കുണ്ടായില്ല. എന്റെ കൈ കൊണ്ട്‌ ചാകാന്‍ കാത്തു നില്‍ക്കാതെ അവന്‍ ഇഹലോകവാസം വെടിഞ്ഞു. ഇല്ലായിരുന്നേല്‍ ...

സമര്‍പ്പണം: തുളസിയുടെ ഈ പോസ്റ്റ്‌ എനിക്ക്‌ കാണിച്ച്‌ തന്നിട്ട്‌ അടുത്ത പോസ്റ്റില്‍ പട്ടികളെപ്പറ്റി എഴുതണം എന്നെന്നോട്‌ പറഞ്ഞ എന്റെ ഒരു സുഹൃത്തിന്‌.

Sunday, February 26, 2006

KFC-യും ബിരിയാണിയും പിന്നെ ഞാനും

പുല്ലൂരാന് ഒരായിരം പിറന്നാള്‍ ആശംസകള്‍. ഇത്ര മനോഹരമായ പിറന്നാള്‍ വിവരണത്തിന്‌ ഒരുപാട്‌ നന്ദി. നന്ദി, എന്നിലെ പിറന്നാള്‍ ഓര്‍മ്മകള്‍ ഉണര്‍ത്തിയതിനും.

ബാംഗ്ലൂരില്‍, പഠനം കഴിഞ്ഞ്‌ ജോലി കിട്ടി താമസമാക്കിയപ്പോള്‍, ഇവിടേക്ക്‌ വന്നത്‌ ഞാന്‍ ഒറ്റക്കായിരുന്നില്ല. എന്റെ കുറെ സഹപാഠികളും പലയിടങ്ങളിലായി ജോലി കിട്ടി ഇവിടെ എത്തിയിരുന്നു. ജോലിത്തിരക്ക്‌ കാരണവും മറ്റു അസൌകര്യങ്ങള്‍ കാരണവും പലപ്പോഴും ഞങ്ങള്‍ക്ക്‌ ഒത്തുകൂടാന്‍ കഴിഞ്ഞിരുന്നില്ല. അതു കൊണ്ടാണ്‌ അത്തവണത്തെ എന്റെ പിറന്നാള്‍ എല്ലാവരുടേയും ഒരു ഒത്തുകൂടലിനുള്ള ഒരു വേദി കൂടി ആക്കണമെന്ന്‌ ഞാന്‍ വിചാരിച്ചതും.

തീറ്റപ്രിയരായ എന്റെ സുഹൃത്തുക്കള്‍ ഇതു വരെ പോകാതിരുന്ന ഏതെങ്കിലും ഹോട്ടലില്‍ വച്ചാകട്ടെ പിറന്നാളാഘോഷം എന്നെനിക്ക്‌ തോന്നി. ചിക്കണ്‍ ബിരിയാണി കിട്ടുന്ന ഹോട്ടലായ ഹോട്ടലിലൊക്കെ എന്റെ മാന്യ സുഹൃത്തുക്കള്‍ ഇതിനകം കയറിയിറങ്ങിക്കാണും എന്നെനിക്കുറപ്പായിരുന്നു. അതു കൊണ്ട്‌ ഏതെങ്കിലും ബഹുരാഷ്ട്ര കമ്പനിയുടെ ചെയിനിലുള്ള ഹോട്ടലില്‍ പോകാമെന്ന് തീരുമാനിച്ചു.

പിസ്സ ഇവര്‍ക്കിഷ്ടപ്പെടാന്‍ പാടാണ്‌. അരിഭക്ഷണം കിട്ടിയില്ലെങ്കില്‍ അവര്‍ അവിടെ കലാപം ഉണ്ടാക്കും. അത്‌ കൊണ്ട്‌ പിസ്സാ ഹട്ട്‌, പിസ്സ കോര്‍ണര്‍ എന്നിവ വേണ്ട. ബര്‍ഗ്ഗറും സാന്‍വിച്ചും ഹോട്ട്‌-ഡോഗും കണ്ടാല്‍ ഇവര്‍ പച്ചവെള്ളം കണ്ട പേപ്പട്ടി കണക്കെ കുരച്ച്‌ ബഹളമുണ്ടാക്കും. അത്‌ കൊണ്ട്‌ അതും വേണ്ട. KFC മോശമില്ല. പേരില്‍ തന്നെ ഉണ്ട്‌ ചിക്കണ്‍. ഇവന്മാരെ അടക്കാന്‍ അത്‌ മതി.

അങ്ങിനെ എന്റെ പിറന്നാളിന്റെ അന്ന്‌ രാത്രി ഞങ്ങളെല്ലാവരും കൂടി KFC-ഇല്‍ എത്തി. മെനു ഞങ്ങളുടെ മുന്നില്‍ കാഴ്ച്‌ വെയ്ക്കപ്പെട്ടു. കരിമീന്‍ പൊരിച്ചതും അയില വറുത്തതും പിന്നെ നാടന്‍ കോഴിക്കറിയും മാത്രം കണ്ടിട്ടുള്ള ഞങ്ങള്‍ക്ക്‌ KFC-യുടെ മെനുവില്‍ എന്ത്‌ മനസ്സിലാകാന്‍. എല്ലാം ഒരോ പ്ലേറ്റ്‌ വരുത്തിച്ചാലോ എന്ന്‌ അപ്പോള്‍ ഒരു കുലദ്രോഹി പറയുകയും എല്ലാവരും അതിന് ഏറാന്‍ മൂളുകയും ചെയ്തു.

വെയിറ്റര്‍ വന്നു. മൂലക്കിരുന്നവന്‍ ഓര്‍ഡര്‍ തുടങ്ങി.

ചിക്കണ്‍ നോണ്‍സെന്‍സ്‌ ഒരു പ്ലേറ്റ്‌,
ചിക്കണ്‍ ജഗജില്ലി ഒരു പ്ലേറ്റ്‌,
കക്കൂസ ചിക്കണ്‍ ഒരു പ്ലേറ്റ്‌,
ചിക്കന്‍ തട്ടിമുട്ടി ഒരു പ്ലേറ്റ്‌,
...,
...

ഇങ്ങനെ ആര്‍ണോല്‍ഡ്‌ ഷ്വാസ്സനേഗ്ഗറിനെ ആര്യനാട്‌ ശിവശങ്കരന്‍ എന്നു വിളിക്കും പോലെ മെനുവില്‍ ഉള്ള വിഭവങ്ങള്‍ക്ക്‌ തനി മലയാളം പേരുകള്‍ നല്‍കി എന്റെ കൂട്ടുകാര്‍. വെയിറ്റര്‍ മലയാളി ആയതു കൊണ്ടോ, എന്തു കൊണ്ടു വന്നാലും ഈ കണ്ട്രികള്‍ക്ക്‌ മനസ്സിലാകില്ല എന്ന്‌ മനസ്സിലായത്‌ കൊണ്ടോ അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല.

ഒരു അര മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്തവയെല്ലം ടേബിളില്‍ എത്തി. "എന്നാല്‍ തുടങ്ങട്ടേ ശ്രീജിത്തേ?" കൂട്ടത്തില്‍ മാന്യത ഉള്ള ഒരുത്തന്‍ ചോദിച്ചു. "ആയിക്കോട്ടെ" എന്ന എന്റെ മറുപടി കേട്ടതും പിന്നെ അവിടെ നടന്നത്‌ ഓപ്പറേഷന്‍ പരാക്രമം ആയിരുന്നു.

സുനാമി ക്യാമ്പിലെ കുട്ടികള്‍ക്ക്‌ ഭക്ഷണം കിട്ടിയാല്‍ അവര്‍ ഇതിലും നല്ല ടേബിള്‍ മാന്നേര്‍സ്‌ കാണിക്കും. അവിടെ കഴിച്ചു കൊണ്ടിരുന്ന മറ്റുള്ളവര്‍ ഈ പൈശാചിക കൃത്യം കാണാനുള്ള ത്രാണി ഇല്ലാത്തത്‌ കൊണ്ട്‌ എണീറ്റ്‌ പോയി. ഞങ്ങള്‍ ആര്‌ അത്‌ ശ്രദ്ധിക്കാന്‍. ഇനി കാക്കയ്ക്ക്‌ തിന്നാന്‍ പോലും ഒന്നും കിട്ടില്ല എന്ന അവസ്ഥയില്‍ എത്തിയിട്ടേ എന്റെ പ്രിയ കൂട്ടുകാര്‍ ആ ഭോജനകര്‍മ്മം അവസാനിപ്പിച്ചുള്ളൂ.

എന്നാലെങ്കിലും നിര്‍ത്തുമോ പണ്ടാരങ്ങള്‍. വീണ്ടും വിശക്കുന്നു, ബിരിയാണി കിട്ടുന്ന വേറെ ഏതെങ്കിലും ഹോട്ടലില്‍ പോയി ഒരു ബിരിയാണി കൂടി കഴിച്ചാലേ തൃപ്തിയാവൂ എന്ന്‌ എല്ലാവരും ഒരേസ്വരത്തില്‍ ഏറ്റുപാടി. എന്തായാലും ഇത്‌ കേട്ടപ്പോള്‍ത്തന്നെ എനിക്കു തൃപ്തിയായി. പക്ഷെ അത്‌ പോരല്ലോ. അതിഥികളല്ലേ തൃപ്തരാവേണ്ടത്‌.

എല്ലാത്തിനേയും അങ്ങിനെ വീണ്ടുമൊരു ഹോട്ടലില്‍ ഞാന്‍ കൊണ്ടു പോയി, അഥവാ കൊണ്ടുപോകേണ്ടിവന്നു. പിന്നെയും അവരുടെ മൃഗയാവിനോദങ്ങള്‍ക്ക്‌ ഞാന്‍ ഇരയായി. കുറ്റം പറയരുതല്ലോ; എന്നെന്നും സൂക്ഷിക്കാനുള്ള ഓര്‍മ്മകളും പാഠങ്ങളും അവര്‍ എനിക്കാ രാത്രി പറയാതെ പറഞ്ഞു തന്നു. എല്ലാം കഴിഞ്ഞ്‌ കൈ കൊടുത്ത്‌ പിരിയുന്ന നേരം അവരിലൊരുത്തന്‍ ചോദിച്ചു "ഇത്‌ എല്ലാ വര്‍ഷവും പ്രതീക്ഷിക്കാമല്ലോ, അല്ലേ?" അതിനുള്ള എന്റെ ഉത്തരം ബ്ലാക്ക്‌ സിനിമയില്‍ റാണി മുക്കര്‍ജി കാണിക്കുന്ന പോലെ ഒരു ഗോഷ്ടി മാത്രമായിരുന്നു.

*സമര്‍പ്പണം: ഫെബ്രുവരി 26-ആം തീയതി, പിറന്നാള്‍ ഞങ്ങള്‍ക്ക്‌ ഒരു ഊണ്‌ തന്ന് ആഘോഷിച്ച ഞങ്ങളുടെ കൂട്ടുകാരന്‍ ഹഫീസിന്റെ ബീവിക്ക്‌.

Saturday, February 25, 2006

വഴി മാറെടാ മുണ്ടക്കല്‍ താറാവേ

ഈ വര്‍ഷം കുമാരസ്വാമി സ്മാരക ഫുട്ബോള്‍ മത്സരം ഫോര്‍ട്ട്‌കൊച്ചിയില്‍ ഫെബ്രുവരി 14-ആം തീയതി മുതല്‍ 21-ആം തീയതി വരെ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത അവസരത്തില്‍ നിങ്ങളേവരുടേയും മഹനീയ സാന്നിദ്ധ്യം ക്ഷണിച്ചു കൊള്ളുന്നു.

ഈ നോട്ടീസ്‌ വായിച്ചത്‌ 21-ആം തീയതി രാവിലെ. എറണാകുളത്തെ പ്രസിദ്ധരും പ്രഗല്‍ഭരും ആയ എല്ലാ ഫുട്ബോള്‍ ടീമുകളും മാറ്റുരക്കുന്ന വേദി. കാണാതിരുന്നാല്‍ നഷ്ടമാകുന്നത്‌ ഒരു ഫുട്ബോള്‍ മാമാങ്കം. ഇനി ഒരു കളി മാത്രം ബാക്കി ഉണ്ട്‌. ഫൈനല്‍. അതു കണ്ടേ തീരൂ.

ഞാനും എന്റെ കൂട്ടുകാരനും കൂടി അവന്റെ ബൈക്കെടുത്തു പോകാന്‍ തയ്യാറായി. അവന്‍ ബഹുമാനത്തോടെ ചേട്ടാ എന്നു മാത്രം വിളിക്കുന്ന അവന്റെ ബൈക്ക്‌. നല്ല പിക്കപ്പും നല്ല പുള്ളിങ്ങും. മീന്‍കാര്‍ പോലും അവരുടെ സൈക്കിളില്‍ പുല്ലുപോലെ ഓവര്‍ടേക്ക്‌ ചെയ്ത്‌ പോകുന്ന സാധനം. ഞങ്ങള്‍ക്ക്‌ പോകേണ്ടത്താണെങ്കില്‍ എറണാകുളം സിറ്റിയിലൂടെയും

വൈകുന്നേരം സമയത്ത്‌ എറണാകുളത്ത്‌ M G റോഡ്‌ വഴി ബൈക്കില്‍ പോകുന്നതിലും ഭേദം നടക്കുന്നതാണ്‌. എറണാകുളത്തു മാത്രമല്ല, ഇന്ത്യയിലെ ഒരു സിറ്റിയിലും വൈകുന്നേരം M G റോഡ്‌ വഴിയുള്ള യാത്ര ദുഷ്കരമാണ്‌. ഇനി എന്തു ചെയ്യും?

ഐഡിയ. എന്റെ ബള്‍ബ്‌ അപ്പൊ കത്തി. നമുക്കു എരൂറിലൂടെ താറാവ്‌ ഫാം റോഡ്‌ വഴി പോകാം. എന്റെ ബുദ്ധിയിലുദിച്ച ആശയം അവനും ഇഷ്ടപെട്ടു അല്ലെങ്കിലും എല്ലാ മണ്ടത്തരവും ആദ്യം ഒരു ബുദ്ധിപൂര്‍വ്വമായ ഐഡിയ ആയിരിക്കും.

താറാവ്‌ ഫാം റോഡിന്‌ ആ പേര്‌ വന്നത്‌ അവിടെ ഒരു പാട്‌ താറാവ്‌ വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്ന് കൊണ്ടാണ്‌. ഒന്നും രണ്ടുമല്ല, ഒരു പാട്‌ ഫാമുകള്‍. ചുരുങ്ങിയത്‌ ഒരു മൂന്നു നാലെണ്ണമെങ്കിലും.

ബൈക്ക്‌ എടുത്ത്‌ ഞങ്ങള്‍ പുറപെട്ടു. വായുവേഗത്തില്‍ ആയിരുന്നു യാത്ര. നമ്മള്‍ കൊട്ടുവായിടുമ്പൊ പുറത്തേക്ക്‌ പോകുന്ന വായുവിന്റെ വേഗം ആണെന്നു മാത്രം. ബൈക്കില്‍ നിന്നു പുറത്തേക്ക്‌ പോകുന്ന പുക കാരണമാണ്‌ മുന്നോട്ട്‌ പോകുന്നതെന്നു തോന്നിപ്പോകും. എന്തായാലും യാത്ര എരൂറും കഴിഞ്ഞു താറാവ്‌ ഫാം റോഡില്‍ എത്തി.

അന്ന് താറാവുകളെല്ലാം സമരത്തിലായിരുന്നു എന്ന്‌ തോന്നുന്നു. ഒരൊറ്റ താറാവ്‌ പോലും ഫാമില്‍ ഉണ്ടായിരുന്നില്ല. പകരം എല്ലാം റോഡില്‍ കുത്തിയിരുപ്പ്‌ സമരം നടത്തുകയായിരുന്നു. പത്തിരുപത്‌ വര്‍ഷം പഴക്കമുള്ള ബാറ്ററി ആണ്‌ ബൈക്കില്‍ എന്നത്‌ കൊണ്ട്‌ ഹോണ്‍ അടിച്ചാല്‍ ചീവീട്‌ കരയുന്ന ശബ്ദം പോലുമില്ല. ഇറങ്ങി താറാവുകളെ ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ അത്‌ സമരക്കാരെ പോലീസ്‌ നീക്കം ചെയ്യുന്നപോലെയേ ആയുള്ളൂ. ഒരെണ്ണം അനങ്ങണമല്ലോ.

ഒരോന്നിനേയും വകഞ്ഞുമാറ്റി അവസാനം ആ റോഡും കടന്ന്‌ ഞങ്ങള്‍ മൈതാനിയില്‍ എത്തി. അവിടെ കളിയും കഴിഞ്ഞ്‌ സമ്മാനദാനവും കഴിഞ്ഞ്‌ എല്ലാവരും പോയിക്കഴിഞ്ഞിരുന്നു. മൈതാനം ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പിനേക്കാള്‍ കഷ്ടമായിരുന്നു. ആട്‌ കിടന്നിടത്ത്‌ പൂട പോലും ഇല്ല എന്ന അവസ്ഥ.

അങ്ങിനെ എന്റെ അതിബുദ്ധി ഒരിക്കല്‍ കൂടി അതിമണ്ടത്തരമായി മാറി. പിന്നീട്‌ ആ വഴി ഒരിക്കല്‍ മാത്രമെ പോയിട്ടുള്ളൂ. അത്‌ പക്ഷെ ആ താറാവുകളെ കാണാന്‍ തന്നെ ആയിരുന്നു. അന്ന്‌ ആ താറാവുകളെല്ലാം അമേരിക്കന്‍ മിസ്സൈല്‍ ആക്രമണം ഭയന്ന്‌ ബങ്കറില്‍ ഒളിച്ചിരിക്കുകയായിരുന്നു എന്ന്‌ തോന്നുന്നു. മരുന്നിനു പോലും കിട്ടിയില്ല ഒന്നിനേയും കാണാന്‍. എന്തായിപ്പൊ കഥ. ഞാന്‍ കാണിക്കുന്നതെല്ലാം മണ്ടത്തരം ആയിട്ടാണോ അതോ ആ താറാവുകള്‍ക്ക്‌ ബുദ്ധി കൂടിപ്പോയിട്ടാണോ എന്തൊ. വന്ന് വന്ന് താറാവുകള്‍ വരെ എന്നെ മണ്ടനാക്കിത്തുടങ്ങിയല്ലൊ എന്റീശ്വരാ.

*സമര്‍പ്പണം: ഷേക്‌ക്‍മാരെല്ലാം വല്ലപ്പോഴും കിട്ടുന്ന മഴ കാണാന്‍ റോഡില്‍ ഇറങ്ങി നിന്ന കാരണം റോഡ്‌ ബ്ലോക്കായി മഴയത്ത്‌ കുടുങ്ങിപ്പോയ ദുബായിലെ എന്റെ ഒരു സുഹൃത്തിന്‌.

Friday, February 24, 2006

ചെറിയ തിയേറ്ററും വലിയ ഓര്‍മ്മകളും

അരവിന്ദന്റെ "വിലക്കപ്പെട്ട കനി - ഭാഗം 1" വായിച്ചപ്പോള്‍ എന്നിലെ ചില വികാരങ്ങളും ഉണര്‍ന്നു എന്നറിയിക്കാന്‍ സന്തോഷമുണ്ട്‌. അയ്യേ, അത്‌ നിങ്ങള്‍ ഉദ്ദേശിക്കുന്ന പോലെ ഒന്നും അല്ല. എനിക്കും പഴയ ഒരു കഥ ഓര്‍മ്മ വന്നു, അത്രേയുള്ളൂ.

തൃപ്പൂണിത്തുറയില്‍ "ജയമാധുരി" എന്നൊരു സിനിമാ തിയേറ്റര്‍ ഉണ്ട്‌. തൃപ്പൂണിത്തുറ ബസ്സ്സ്റ്റാന്റിന്റെ നേരെ എതിര്‍വശത്ത്‌. ആ തിയറ്ററില്‍ പോയി ഒരു സിനിമ കാണുക എന്നത്‌ ആ നാട്ടിലെ ഏതൊരു പ്രായം ചെന്ന ചെറുപ്പക്കാരന്റേയും വലിയൊരാഗ്രഹമായിരുന്നു. ലോകമൊട്ടാകെ ഇളക്കിമറിക്കുന്ന, ഇക്കിളി കോരി ഇടുന്ന, കുളിരു വാരിയിടുന്ന ഇംഗ്ലീഷ്‌ സിനിമകള്‍ അതിന്റെ പ്രൌഡിയും ഗാംഭീര്യവും ഒട്ടും നഷ്ടമാക്കാതെ കാണികളെ കാണിക്കുന്ന ഒരു ഘനഗംഭീരന്‍ തിയേറ്റര്‍ ആയിരുന്നു അത്‌.

പക്ഷെ ഞങ്ങളുടെ പ്രശ്നം എന്തായിരുന്നു എന്നു വച്ചാല്‍, എറണാകുളം ജില്ലയിലെ ജനങ്ങളിലധികവും യാത്രാപ്രിയരാണ്‌ എന്നുള്ളതാണ്‌. ഷോപ്പിങ്ങിനും, സ്ഥലങ്ങള്‍ കാണാനും, പുറത്ത് പോയി ഒരു ഊണ് കഴിക്കാനും, കൂട്ടുകാരുടേയും ബന്ധുക്കളുടേയും വീട്‌ സന്ദര്‍ശിക്കാനും എല്ലാവരും എപ്പോഴും യാത്രയിലായിരിക്കും. കല്യാണങ്ങളുടേയും വീട്‌ പാല്‍കാച്ചലിന്റേയും തിരക്ക്‌ പറയുകയേ വേണ്ട. അതും പോകുന്നവരെല്ലാം ആ ബസ്സ്സ്റ്റാന്റ്‌ വഴിയേ പോകുകയും ഉള്ളൂ. അത്‌ കൊണ്ട്‌ ആ കൊട്ടകയിലെ സിനിമ (പകല്‍)മാന്യന്മാര്‍ എല്ലാവര്‍ക്കും അപ്രാപ്യമായി തന്നെ നിന്നു.

ഒരിക്കല്‍ ഞാനും എന്റെ ഒരു കൂട്ടുകാരനും കൂടി ആ ബാലികേറാമല ചവിട്ടിക്കയറാന്‍ തന്നെ തീരുമാനിച്ചു. അവന്റെ പേര്‌ ഇവിടെ ഞാന്‍ പറയില്ല. എനിക്കിനിയും ജീവിക്കണം.

ഞങ്ങളുടെ പ്ലാന്‍ ഇങ്ങനെ ആയിരുന്നു, ബസ്സ്സ്റ്റാന്റില്‍ ബസ്സ്‌ കാത്തിരിക്കുന്നുവെന്ന വ്യാജേന സിനിമ തുടങ്ങാറാകുന്ന സമയം വരെ അങ്ങിനെ ഒന്നുമറിയാത്തപോലെ നില്‍ക്കുക. സിനിമ തുടങ്ങേണ്ട സമയമാകുമ്പോ തലയും കുനിച്ച്‌ വേഗം നടന്ന് പെട്ടെന്നുതന്നെ ടിക്കറ്റ്‌ എടുത്ത്‌ തിയറ്ററിനകത്തെ ഇരുട്ടില്‍ മറയുക. മോശമില്ലാത്ത പ്ലാന്‍, ചിലവൊന്നും ഇല്ലാത്ത പ്ലാന്‍, റിസ്ക്ക്‌ കുറഞ്ഞ പ്ലാന്‍, മനോഹരമായ പ്ലാന്‍.

എന്തായാലും പ്ലാനിന്റെ അവസാന ഭാഗം വരെ ഭംഗിയായി നടന്നു. സിനിമ തുടങ്ങേണ്ട സമയമാകുന്നത്‌ വരെ ഞങ്ങള്‍ ബസ്സ്‌ കാത്തിരിക്കുന്നവരെപ്പോലെ അസ്സലായി അഭിനയിച്ചു നിന്നു. സമയമായപ്പോ തലയും കുനിച്ച്‌ വേഗം നടന്ന് ആരും കാണാതെ ടിക്കറ്റ്‌ കൌണ്ടറിനടുത്തെത്തി കാശ്‌ അകത്തേക്ക്‌ നീട്ടി മെല്ലെ പറഞ്ഞു "ചേട്ടാ രണ്ടു ടിക്കറ്റ്‌".

എന്നാല്‍ അകത്ത്‌ നിന്ന് ഒരനക്കവുമുണ്ടായില്ലെന്ന്‌ മാത്രമല്ല പിറകില്‍ നിന്ന് ചില അനക്കങ്ങള്‍ തുടങ്ങുകയും ചെയ്തു. എന്തോ പന്തികേട് തോന്നി. അവിടവിടയായി ആരൊക്കെയോ അടക്കിപ്പിടിച്ച്‌ ചിരിക്കുന്ന പോലെ ഒരു തോന്നല്‍. സംശയം തോന്നി കൌണ്ടറിന്റെ മുകളിലേക്ക്‌ ഒന്നു നോക്കിയപ്പോള്‍ അവിടെ വെണ്ടക്കാ അക്ഷരത്തില്‍ എഴുതി വച്ചിരിക്കുന്നു,

"ഇന്ന്‌ കളി ഇല്ല"

ദൈവമേ, ഇനി എന്ത്‌ ചെയ്യും? പിറകില്‍ നിന്ന് ചിരിക്കുന്നവരെ ഒന്നു ഒളികണ്ണിട്ട്‌ നോക്കി. എല്ലാവരും എന്റെ നാട്ടുകാര്‍ ആന്റ് പരിചയക്കാര്‍. അവരും ചിലപ്പൊ ഇങ്ങനെ എന്തെങ്കിലും മണ്ടത്തരം ഒപ്പിച്ചു ചമ്മി നില്‍ക്കുവായിരിക്കും. ഇനി വരുന്നവര്‍ ചമ്മുന്നത്‌ കാണാനുള്ള കൊതി അവരുടെ മുഖത്ത്‌ നിന്ന്‌ ഒപ്പിയെടുക്കാന്‍ പാകത്തിനുണ്ടായിരുന്നു. നാട്ടിലുള്ള സകല നിലയും വിലയും പോയിക്കിട്ടി അന്നത്തോടെ. ഒരു ചെറിയ നല്ല അഭിപ്രായം ഉണ്ടായിരുന്നു രണ്ടു പേരെപ്പറ്റിയും നാട്ടില്‍. അതിനി ഓര്‍മ്മകള്‍ മാത്രം.

പിന്നിട്‌ എത്ര തവണ തൃപ്പൂണിത്തുറ ബസ്സ്സ്റ്റാന്റ്‌ വഴി പോയിട്ടുണ്ടെന്ന്‌ നിശ്ചയമില്ല. എങ്കിലും ആ റോഡ്‌ മറികടന്ന്‌ പിന്നീടൊരിക്കലും ഞാനോ എന്റെ കൂട്ടുകാരനോ പോയിട്ടില്ല. ഒരോ തവണ ആ വഴി ബസ്സില്‍ പോകുമ്പോഴും ആ തിയേറ്റര്‍ ഞങ്ങളെ നോക്കി പല്ല്ലിളിച്ചു കാണിക്കുമായിരുന്നു. അതിന്നും നിര്‍ബാധം തുടരുന്നു.

Thursday, February 23, 2006

ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്‌

ഉദഗമണ്ടലം എന്ന്‌ ശരിയായ പേര്‌. ഊട്ടി എന്നു വിളിക്കും. അങ്ങിനെ ഒരു സ്ഥലമുണ്ട്‌ തമിഴ്നാട്ടില്‍. മലയാളികള്‍ എല്ലാവരും അറിയും. ഇപ്പോഴും ഒരു ഹില്‍‍സ്റ്റേഷനില്‍ വിനോദയാത്ര പോകാന്‍ മലയാളിക്ക്‌ ഊട്ടി കഴിഞ്ഞേ കേരളത്തിലെ തന്നെ മൂന്നാര്‍ പോലും വരികയുള്ളൂ.

ഡിഗ്രിക്ക്‌ പഠിക്കുമ്പോള്‍ ഞങ്ങള്‍ക്കും ടൂര്‍ എങ്ങോട്ട്‌ പോകണമെന്നതിന്‌ രണ്ടാമത്‌ ആലോചിക്കേണ്ടി വന്നില്ല. ഞാനായിരുന്നു ടൂറിന്റെ സൂത്രധാരന്‍. ആ പേരും പറഞ്ഞ്‌ ക്ലാസ്സിലെ പെണ്‍പിള്ളേരോടൊക്കെ സൊള്ളാമല്ലോ. വെറെ ആരെങ്കിലും അത്‌ മനസ്സില്‍ കാണുന്നതിനു മുന്നേ ഞാന്‍ അത്‌ മാനത്ത്‌ കണ്ടു. ആദ്യം ടൂറിനു വരുമോ എന്ന് ചോദിക്കാനും പിന്നെ കാശ്‌ പിരിക്കാനും ആയി രണ്ട്‌ റൌണ്ട്‌ പഞ്ചാര അടിക്കാം. ടൂറിന്റെ ഇടയില്‍ സൌകര്യങ്ങള്‍ എല്ലാം ഉണ്ടോ എന്ന്‌ അന്വേഷിക്കാനായി വേറെയും പഞ്ചാര അവസരങ്ങള്‍, ശ്ശൊ. എനിക്കു വയ്യ. ഇപ്പോഴും ഓര്‍ത്താല്‍ വായില്‍ വെള്ളം വരും.

അങ്ങിനെ ചുരുങ്ങിയ കാലയളവ്‌ കൊണ്ട്‌, സാമ്പത്തിക ലാഭത്തിനേക്കാളും വലിയ ലാഭമോഹങ്ങളുമായി ഞാന്‍ ടൂര്‍ തല്ലിക്കൂട്ടിയെടുത്തു. ഒരു വെള്ളിയാഴ്ച വൈകുന്നേരം പുറപ്പെട്ട്‌ പിറ്റേ ദിവസം രാവിലെ അവിടെയെത്തി ഞങ്ങള്‍ ഒരു ഹോട്ടലില്‍ മുറി ഒക്കെ എടുത്ത്‌, പല്ലു തേച്ച്‌, കുളിച്ച്‌, തയ്യാറായി നാട്‌ ചുറ്റാന്‍ ഇറങ്ങി.

ആദ്യം തന്നെ ഊട്ടി ഡാമില്‍ ബോട്ടിങ്ങിന്‌ പോകാം. ആരോ പറഞ്ഞു. പോകാം, അല്ല പിന്നെ. രാവിലെ തന്നെ നാലു പെണ്‍പിള്ളേരെ പഞ്ചാര അടിക്കാന്‍ പറ്റിയ സ്ഥലവും അവസരവും ഡാമിന്റെ ഓരങ്ങള്‍ തന്നെ. കൊള്ളാലോ വീഡിയോണ്‍.

ഗ്രഹണി പിടിച്ച പിള്ളേര്‍ ചക്കക്കൂട്ടാന്‍ കണ്ടപോലെയായി അവിടെ എല്ലാവരും എത്തിയപ്പോള്‍. പെണ്‍പിള്ളേരെല്ലാം കിട്ടിയ ബോട്ടില്‍ കയറി നൂറേ, നൂറില്‍ വിട്ടു പോയി. അമീബ ഇര പിടിക്കുന്ന പോലെ അവരെ പിടിക്കാന്‍ ഇരുന്ന ഞാന്‍ ഒരുമാതിരി മണ്ടനായി. സാരമില്ല്ല, അവരെ പിറകേ ചെന്നു പിടിക്കാം എന്നും വിചാരിച്ച്‌ അടുത്ത ബോട്ടില്‍ കയറി ഞാനും പിറകേ വിട്ടു.

രാഹുകാലം നോക്കി ഇറങ്ങാത്തത്‌ കൊണ്ടാനോ എന്നറിയില്ല, ഒരു പെണ്ണും മൈന്റ്‌ ചെയ്യുന്നില്ല. തിളങ്ങുന്ന ഷര്‍ട്ടും പുതിയ കൂളിങ്ങ്‌ ഗ്ലാസ്സും ഒന്നും ഏശുന്നില്ല. പാട്ട്‌ പാടാമെന്ന് വച്ചാല്‍ അതൊട്ടു അറിയുകയും ഇല്ല.

ഇനിയിപ്പോ ബോട്ടില്‍ കിടന്നു കുറച്ചു അഭ്യാസം കാണിക്കുകയേ നിവര്‍ത്തി ഉള്ളൂ. ഞാന്‍ ബോട്ടില്‍ എണീറ്റു നിന്ന്‌ ബോട്ടിന്റെ മുന്‍പില്‍ വരെ പോയി അവിടുന്ന്‌ കുനിഞ്ഞ്‌ വെള്ളം ഒക്കെ കോരിയെടുത്ത്‌ "ഹായ്‌ വെള്ളം" എന്നൊക്കെ പറഞ്ഞു നോക്കി. ഭാഗ്യം, ഒന്നു രണ്ട്‌ കിടാങ്ങള്‍ എന്താ അവിടെ എന്ന മട്ടില്‍ നോക്കി തുടങ്ങി. അടവ്‌ ഫലിക്കുന്നുണ്ട്‌.

സമയദോഷം. അല്ലെങ്കില്‍ പിന്നെ എന്റെ ബാലന്‍സ്‌ തെറ്റേണ്ട കാര്യമുണ്ടോ അപ്പൊ. അതോ ബോട്ടിന്റെ ആണോ തെറ്റിയത്‌? എന്തായലും വീണത്‌ ഞാന്‍. ആ തണുത്ത വെളുപ്പാന്‍ കാലത്ത്‌ ഊട്ടിയിലെ ഡാമിലെ ഐസ്‌ പോലത്തെ വെള്ളത്തില്‍ ഒരു തകര്‍പ്പന്‍ കുളി. ഹായ്‌ ഹായ്‌. എന്താ അതിന്റെ ഒരു രസം. നോം കൃതാര്‍ത്ഥനായി.

എന്തായാലും ഇപ്പൊ എല്ലാവരും ശ്രദ്ധിച്ചു. പെണ്‍പിള്ളേര്‍ അടക്കം. എന്റെ ചമ്മിയ മുഖം കാണാന്‍ അന്ന്‌ ക്യൂ ആയിരുന്നു. ഇത്ര നന്നായി എല്ലാവര്‍ക്കും ചിരിക്കാന്‍ കഴിയുമെന്ന് അന്നാണ്‌ ഞാന്‍ ആദ്യമായി മനസ്സിലാക്കുന്നത്‌. ചെറുചിരി, പുഞ്ചിരി, വലിയ ചിരി, അടക്കിപ്പിടിച്ച ചിരി, പൊട്ടിച്ചിരി, കളിയാക്കിച്ചിരി, പുച്ഛച്ചിരി, വാശിച്ചിരി, അങ്ങിനെ എല്ലാ ജാതി ചിരികളുടേയും അഖിലേന്ത്യാ സമ്മേളനം ആയിരുന്നു അപ്പോള്‍. ആ വെള്ളത്തില്‍ തന്നെ ചാടി ചത്താലോ എന്നു വരെ ആലോച്ചിച്ചു പോയി.

രസം ഇതൊന്നുമല്ല. ഈ നനഞ്ഞത്‌ മാറാന്‍ വേറെ വസ്ത്രമെവിടെ? അതങ്ങ്‌ ഹോട്ടലില്‍. അവിടം വരെ ഇനി തിരിച്ചു പോകാന്‍ ഒക്കുമോ എന്റെ വസ്ത്രം മാറാനായി മാത്രം! അന്നേ ദിവസം രാത്രി തിരിച്ച്‌ ഹോട്ടലില്‍ പോകുമ്പോള്‍ ഞാന്‍ വസ്ത്രം മാറിയാല്‍ മതി എന്ന്‌ ഐക്യകണ്ഠേന തീരുമാനമായി. ഞാന്‍ ആ തീരുമാനം ഭക്തിയാദരപുരസരം ഏറ്റുവാങ്ങി.

ഊട്ടിയിലെ മരം കോച്ചുന്ന തണുപ്പില്‍ ആ ദിവസം മുഴുവന്‍ നനഞ്ഞ വേഷത്തില്‍ ഞാന്‍ കഴിച്ചു കൂട്ടി. അവിടത്തെ പൂന്തോട്ടവും മലഞ്ചരുവുകളും, ചായ തോട്ടങ്ങളും മറ്റുള്ളവരേക്കാള്‍ കൂടുതല്‍ കുളിരോടെ എനിക്ക്‌ ആസ്വദിക്കാന്‍ പറ്റി.

എന്റെ പഠിപ്പ്‌ അവിടം കൊണ്ടവസാനിക്കാതിരുന്നത്‌ കൊണ്ട്‌ വീണ്ടും പലപ്പോഴായി ഞാന്‍ ഊട്ടിയില്‍ പോയിട്ടുണ്ട്‌. എന്നാല്‍ ഇത്ര മനോഹരമായില്ല അതിലൊന്നും. ഇതിനെ തണുപ്പാതിരേക്തം എന്നേ എനിക്കു വിശേഷിപ്പിക്കാന്‍ പറ്റൂ. അങ്ങിനെ ഒരു വാക്ക്‌ അഥവാ മലയാളത്തില്‍ ഇല്ലെങ്കില്‍ നിങ്ങളാരെങ്കിലും ഇടപെട്ട്‌ അതൊന്ന് ഭാഷയില്‍ കൂട്ടിച്ചേര്‍ത്ത്‌ തരണം. എനിക്കത്‌ അത്രക്ക്‌ ഇഷ്ടപെട്ടുപോയി, അതു കൊണ്ടാ.

*സമര്‍പ്പണം: അലമാരയുടെ താക്കോല്‍ മറന്ന് പോയത്‌ കൊണ്ട്‌ ഇന്നലെ രാത്രി വസ്ത്രം മാറാന്‍ പറ്റാതെ പോയ എന്റെ ഒരു കൂട്ടുകാരിക്ക്‌.

Wednesday, February 22, 2006

തരുണിമണിയും പത്ത് മിനുട്ടും

ഇത്ര വലിയ മണ്ടത്തരം ഇങ്ങനെ ഒരു കമന്റ്‌ ആയി മാത്രം ഇട്ടാല്‍ മതിയോ? പോരാ. അത്‌ ഇവിടെ പോസ്റ്റ്‌ ആയിത്തന്നെ ഇടണം. വിരോദമുള്ളവര്‍ക്ക്‌ കൈ പൊക്കാം. വിരോദമില്ലാത്തവര്‍ക്കും കൈ പൊക്കാം. വെറുതേ ഇരിക്കുന്ന കൈ അല്ലേ, പൊക്കുന്നതിന്‌ നികുതി ഒന്നും കൊടുക്കണ്ടല്ലോ.

ഉദ്ദേശം ഒരു ഉച്ച-ഉച്ചര ആയപ്പോഴാണ്‌ എനിക്കീ ഫോണ്‍ കോള്‍ കിട്ടുന്നത്‌. മറുതലക്കല്‍ ഒരു സുന്ദരി. നീണ്ട കണ്ണുകളും, അത്തിപ്പഴം പോലത്തെ ചുണ്ടുകളും, തുടുത്ത കവിളുകളും ഒക്കെ ഉള്ള ഒരു കൊച്ചു സുന്ദരി. അതെങ്ങിനെ എനിക്കറിയാം എന്നായിരിക്കും നിങ്ങളിപ്പോള്‍ വിചാരിക്കുന്നത്. അതാണെന്റെ ബുദ്ധി.

അവള്‍ക്കെന്നോടെന്തോ പ്രധാനപെട്ട കാര്യം സംസാരിക്കാനുണ്ടായിരുന്നു. അതെങ്ങിനെ മനസ്സിലായെന്നോ? അവള്‍ എന്നോട്‌  "Can I take ten minutes of yours" എന്ന്‌ പറഞ്ഞു. അതിന്‌ അങ്ങിനെത്തന്നെ അല്ലേ അര്‍ത്ഥം, അല്ലേ?

'അതിനെന്താ' എന്ന്‌ ഞാനും. ഒരു തരുണീമണിക്ക്‌ ഒരു പത്ത്‌ മിനിറ്റ്‌ കൊടുക്കാന്‍ ഏതൊരു ആണായിപ്പിറന്നവനാ മടിയുണ്ടാകുക. ഞാന്‍ എന്നെ മൊത്തമായും ചില്ലറയായും അങ്ങോട്ട്‌ എടുത്തോ എന്ന്‌ തന്നെ പറഞ്ഞു.

അവള്‍ വിളിക്കുന്നത്‌ TATA AIG-യില്‍ നിന്നാണ്‌ പോലും. 'സന്തോഷം" ഞാന്‍ പറഞ്ഞു, "അതിന്‌?" അവര്‍ ഒരു പുതിയ പോളിസി തുടങ്ങിയിട്ടുണ്ടത്രേ, മഹാരക്ഷ പോളിസി. അതില്‍ ആള്‍ക്കാരെ പറ്റിച്ച്‌ ചേര്‍ക്കാനുള്ള വിളിയാണ്‌.

ഇങ്ങനത്തെ വിളികള്‍ ഒരു പാട്‌ വരാറുള്ളതാണ്‌ എനിക്ക്‌. സാധാരണ അവരോട്‌ സംസാരിച്ചോളാന്‍ പറഞ്ഞ്‌ മൊബൈല്‍ ഒരു മൂലക്കു വയ്ക്കുന്നതാ എന്റെ പതിവ്‌. കാസറ്റ്‌ ഇട്ട പോലെ അവര്‍ കുറെ നേരം എന്തെങ്കിലും പറയും. നമ്മള്‍ തിരിച്ച്‌ എന്തെങ്കിലും പറയുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നില്ലെന്നത്‌ കൊണ്ട്‌ അത്ര നേരം ഫോണ്‍ പിടിച്ചോണ്ട്‌ ഇരിക്കേണ്ട കാര്യമില്ലല്ലോ. കുറച്ച്‌ കഴിയുമ്പൊ ഞാന്‍ ഫോണ്‍ എടുത്ത്‌ താല്‍പര്യം ഇല്ല, വിളിച്ചതിന്‌ നന്ദി എന്നും പറഞ്ഞ്‌ കട്ട്‌ ചെയ്യും. ഇതായിരുന്നു എന്റെ രീതി.

ഇത്തവണ പക്ഷെ അത്‌ നടന്നില്ല. അവള്‍ മിടുക്കി ആയിരുന്നു. താല്‍പര്യം ഇല്ല എന്നു പറഞ്ഞപ്പോള്‍, അതെനിക്ക്‌ അവള്‍ പറഞ്ഞത്‌ മനസ്സിലാകാത്തത്‌ കൊണ്ടാണെന്ന്‌ അവള്‍. അത്‌ സമ്മതിച്ച്‌ കൊടുക്കാന്‍ പറ്റുമോ? എനിക്കെല്ലാം മനസ്സിലായി എന്ന് ഞാന്‍. എന്നിട്ടും എന്താണ്‌ എനിക്ക്‌ ഇത്ര നല്ല ഓഫറില്‍ താല്‍പര്യം ഇല്ലാത്തത്‌ എന്ന്‌ അവള്‍ക്കറിയണം. ഇപ്പൊ അറിയണം. ഈശ്വരാ!!! എന്ത്‌ പറഞ്ഞ്‌ ഒഴിവാക്കും ഇവളെ.

"എനിക്ക്‌ ചിന്തിക്കാന്‍ സമയം വേണം"

ന്‍ഹേ ഹെ.

"സോറി , അത്‌ തരാന്‍ ബുദ്ധിമുട്ടുണ്ട്‌. നിങ്ങള്‍ക്ക്‌ വേണമെങ്കില്‍ ഒന്നും കൂടി ഈ പറഞ്ഞതെല്ലാം ഒന്നും കൂടി പറയാം, തീരുമാനം എടുക്കാന്‍ എന്താ ഇത്ര താമസം?'

'എനിക്ക്‌ വേണ്ട." തറപ്പിച്ച്‌ പറഞ്ഞു ഞാന്‍. ഫോണ്‍ കട്ടും ചെയ്തു. ഫോണ്‍ തിരിച്ച്‌ പോക്കറ്റില്‍ ഇട്ടില്ല, അടുത്ത കോള്‍ വന്നു. ഇത്തവണ അവളുടെ മാനേജര്‍.

അങ്ങേരും പഴയ പല്ലവി. വീണ്ടും അവരുടെ പോളിസിയെ പറ്റി പ്രഭാഷണം. എല്ലാം ഞാന്‍ കേട്ടു കഴിഞ്ഞ്‌ അയാള്‍ക്കും അറിയണം എന്താ ഞാന്‍ പോളിസി എടുക്കാന്‍ സമ്മതിക്കാത്തതെന്ന്. പത്ത്‌ ഇരുപതിനായിരം രൂപയുടെ ഇടപാടല്ലേ, പെട്ടെന്നു ഒരു തീരുമാനം എടുക്കാന്‍ പറ്റില്ല എന്ന വാദഗതി വില പോയില്ല ആ മാനേജര്‍ സഖാവിന്റെ അടുത്ത്‌. ആ പോളിസി എടുത്ത്‌ പതിനാല്‌ ദിവസത്തിനകം അതു ക്യാന്‍സല്‍ ചെയ്താല്‍ എനിക്ക്‌ കാശ്‌ നഷ്ടം വരില്ല, ഇപ്പോള്‍ ഒന്നു എടുക്ക്‌ സാറേ എന്ന്‌ അയാള്‍ ഒരു പതിനാലു തവണ പറഞ്ഞു. ആ ഫോണും ഞാന്‍ ശല്യം സഹിക്ക വയ്യാതെ കട്ട്‌ ചെയ്തു.

ദാ, പിന്നേം. ഇത്തവണ വിളിച്ചത്‌ മാനേജറുടെ ബോസ്സ്‌. വീണ്ടും ശങ്കരന്‍ തെങ്ങേല്‍ തന്നെ. ഈ കലാപരിപാടികളെല്ലാം കൂടി ഒരു മണിക്കൂറിനു മുകളില്‍ ആയപ്പോള്‍ ഞാന്‍ പറഞ്ഞു ശരി, എന്തു പണ്ടാരമെങ്കിലും ആകട്ടെ. എന്നെ കൊന്ന് തിന്നണമെങ്കില്‍ അതും ആയിക്കോ. അയക്ക്‌ പൊളിസി ഒരെണ്ണം എന്റെ പേരില്‍.

ദോഷം പറയരുതല്ലോ, ഒരു പത്ത്‌ ദിവസം എടുത്തു ആ പോളിസി എന്റെ വീട്ടില്‍ എത്താന്‍. മുംബൈയില്‍ നിന്നു ബാംഗ്ലൂര്‍ വരെ കൊറിയര്‍ എത്താന്‍ പത്തു ദിവസം എടുക്കും എന്നത്‌ പുതിയ അറിവായിരുന്നു. എന്തായാലും പോളിസി കയ്യില്‍ കിട്ടേണ്ട താമസം ഞാന്‍ തിരിച്ച്‌ വിളിച്ചു ക്യാന്‍സല്‍ ചെയ്യാന്‍. പോളിസി വായിച്ചും കൂടി നോക്കിയില്ല. ആ ഫോണ്‍ എടുത്ത കോള്‍ സെന്റര്‍ ചേട്ടന്‍ 'മഹാരക്ഷ പോളിസി ക്യാന്‍സല്‍ ചെയ്യാന്‍ നിങ്ങള്‍‍ക്ക്‌ ഭ്രാന്തുണ്ടോ" എന്ന മട്ടിലാ സംസാരിച്ചത്‌.

"ക്യാന്‍സല്‍ ചെയ്യടാ"

"ക്യാന്‍സല്‍ ചെയ്തു"

"ഒരായിരം നന്ദി. ഇനിയും ഇവിടെങ്കിലും വച്ചു കാണാം"

"Is there anything else I can assist you with?"

"കടുപ്പത്തില്‍ ഒരു ചായ. നല്ലോണം മധുരം ഇട്ട്‌"

"ന്‍ഹെ?"

ക്ടിങ് ....

എന്തായാലും ഒരാഴ്ചക്കകം എന്റെ പോളിസി ക്യാന്‍സല്‍ ആയി. അവര്‍ എഴുത്തുകുത്തുകള്‍ക്കുള്ള ചിലവുകള്‍ എന്നും പറഞ്ഞ്‌ നൂറു രൂപ എന്റെ കയ്യില്‍ നിന്നും മേടിച്ചു. എന്നാലും ഒരു തലവേദന ഒഴിവായല്ലോ എന്നോര്‍ത്ത്‌ ഞാന്‍ സന്തോഷത്തോടെ അതു കൊടുത്തു. അപ്പോഴാണ്‌ അറിയുന്നത്‌ അവര്‍ എന്നോടുള്ള സ്നേഹത്തിന്റെ പുറത്ത്‌ രണ്ട്‌ പോളിസികള്‍ എന്റെ പേരില്‍ എടുത്തിരുന്നു എന്നത്‌.

വീണ്ടും ഒരാഴ്ച, അടുത്ത പോളിസി ക്യാന്‍സല്‍ ചെയ്യാന്‍. അവിടേയും നൂറു രൂപാ മാറിക്കിട്ടി. ക്യാന്‍സല്‍ ചെയ്യാനുള്ള അപേക്ഷ സ്‌കാന്‍ ചെയ്യാനും ഫാക്സ്‌ ചെയ്യാനും മറ്റും ആയി വേറെ കുറെ കാശും. എല്ലാം കൂടി ഒരു പത്ത്‌ മുന്നൂറ്‌ രൂപ, ഞാന്‍ ഒരു തരുണിമണിക്ക്‌ എന്റെ പത്ത്‌ മിനിറ്റ്‌ കൊടുത്തത്‌ കൊണ്ട്‌ മാറിക്കിട്ടി. അതോടെ പെന്മണികള്‍ക്ക്‌ മിനിറ്റ്‌സ്‌ കൊടുക്കുന്ന പരിപാടി ഞാന്‍ നിര്‍ത്തി. ഇനി ഇങ്ങോട്ട്‌ മിനുട്ട്‌ തരുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ മാത്രം ഒരു കൈ നോക്കാം. അല്ലെങ്കില്‍ അതു വേണോ? മണ്ടത്തരമാകുമോ?

Monday, February 20, 2006

ഒരിക്കലും തിരിച്ച്‌ കൊടുക്കാത്ത ഗ്രൈന്റര്‍

"എന്താ അച്ഛാ ഇത്‌ തിരിച്ച്‌ കൊടുക്കാത്തേ?"

എന്റെ ചോദ്യം കേട്ട്‌ അച്ഛനൊന്നു ഞെട്ടി. എങ്ങിനെ ഞെട്ടാതിരിക്കും. സ്വന്തം മകന്റെ ചോദ്യം കേട്ടില്ലേ!!! ഇമ്മാതിരി മണ്ടത്തരം എങ്ങിനെ ഇവന്‌ പറയാന്‍ കഴിയുന്നു എന്നു തോന്നിക്കാണും.

കഥ ഒരു ..., അത്‌ വേണ്ട. എത്ര വര്‍ഷം മുന്‍പ്‌ നടന്നതാണെന്ന്‌ ഞാന്‍ പറയില്ല. അങ്ങിനെ നിങ്ങള്‍ ചുളുവില്‍ എന്റെ പ്രായം മനസ്സിലാക്കണ്ട. അന്നും ഇന്നും മണ്ടത്തരങ്ങള്‍ ഒരേപോലെ ഒപ്പിക്കാറുണ്ട്‌ എന്നു മാത്രം മനസ്സിലാക്കിയാല്‍ മതി. അന്ന്‌ എനിക്കൊരു പത്ത്‌ വയസ്സ്‌ പ്രായം കാണും. മണ്ടത്തരങ്ങള്‍ പറയാനും ചെയ്യാനും പറ്റിയ പ്രായം (അത്‌ ബാക്കിയുള്ളവര്‍ക്ക്‌. എനിക്ക്‌ എന്നും ഒരുപോലെയാണ്‌)

എനിക്ക്‌ ഒന്‍പത്‌ വയസ്സുള്ളപ്പോഴോ മറ്റോ ആണ്‌ അച്ഛന്‍ ഗ്രൈന്റര്‍ വാങ്ങുന്നത്‌. ഗ്രൈന്റര്‍ ഇല്ലാതെ എന്ത്‌ പാടാണ്‌ ദോശമാവ്‌ ഉണ്ടാക്കാന്‍, അല്ലേ? അത്‌ അച്ഛന്‌ മനസ്സിലാവാന്‍ കല്യാണം കഴിഞ്ഞ്‌ പത്തു വര്‍ഷം എടുത്തു, മണ്ടന്‍.

വീട്ടില്‍ ഗ്രൈന്റര്‍ കൊണ്ട്‌ വന്നപ്പോള്‍ ഞാന്‍ ആ സാധനം ആദ്യമായിട്ട്‌ കാണുകയായിരുന്നു. അതിന്റെ ഉപയോഗങ്ങളും ഗുണങ്ങളും ഒക്കെ ഞാന്‍ അപ്പോള്‍ തന്നെ അമ്മയോട്‌ ചോദിച്ച്‌ മനസ്സിലാക്കി. എനിക്കെന്തായാലും സാധനം ഇഷ്ടപ്പെട്ടു. എല്ലാം കേട്ട്‌ മനസ്സിലാക്കിയപ്പോള്‍ അങ്ങോട്ടെന്തെങ്കിലും ചോദിക്കണമെന്ന്‌ അടക്കാനാകാത്ത ആഗ്രഹം. ചോദ്യം ചോദിക്കുന്നവനേ വീട്ടിലും നാട്ടിലും സ്ക്കൂളിലും അന്ന്‌ വിലയുള്ളൂ. അല്ലാ, അതിപ്പോഴും അത്രയേ ഉള്ളൂ. അത്‌ കൊണ്ട്‌ കുറെ നേരം ആലോചിച്ച്‌ ബുദ്ധിപൂര്‍വ്വമായ ചോദ്യം ഞാനുണ്ടാക്കി.

"ഇതാരുടെ ഗ്രൈന്ററാ?"

ഇപ്പൊ മാരുതി എസ്റ്റീം കാറിന്റെ പരസ്യത്തില്‍ അങ്ങിനെ ഒരു ചോദ്യമുണ്ട്‌, "Papa, whose big car is this?" എന്ന്‌. ഏതാണ്ട്‌ അത്‌ പോലെ ഒരു ചോദ്യമായി എന്റേതും. അച്ഛനെന്തു പറയും ആ സമയത്ത്‌? നിങ്ങള്‍ തന്നെ പറ, നിങ്ങള്‍ ആണെങ്കില്‍ ഇങ്ങനത്തെ മണ്ടന്‍ ചോദ്യത്തിന്‌ എന്ത്‌ മറുപടി പറയും?

അച്ഛനന്ന്‌ പറഞ്ഞ ഉത്തരം "ഇത്‌ അപ്പുറത്തെ മോഹനന്‍ മാമന്റെ ആണ്‌. കുറച്ച്‌ ദിവസത്തേക്ക്‌ കടം മേടിച്ചതാണ്‌" എന്നായിരുന്നു എന്നത് ചരിത്രം. അത്‌ പുച്ഛം കൊണ്ടാണോ പറഞ്ഞത്‌ അതോ അവജ്ഞ കൊണ്ടാണോ എന്നത്‌ ഇന്നും തര്‍ക്കവിഷയം. തിരുമണ്ടനായ ഞാന്‍ അത്‌ ഒരു വര്‍ഷത്തോളം വിശ്വസിച്ചോണ്ട്‌ നടന്നു എന്നത്‌ അതിന്റെ തമാശ.

അച്ഛന്റെ ഈ അതിബുദ്ധി ആണ്‌ പുത്രന്റെ അതിമണ്ടത്തരമായി ഒരു വര്‍ഷത്തിനുശേഷം തിരിച്ചടിച്ചത്‌. ഒരു ദിവസം അച്ഛനോട്‌ ഞാന്‍ ആദ്യം പറഞ്ഞ ചോദ്യം ചോദിച്ച്‌ അസ്സലായി ഒന്ന്‌ ഞെട്ടിച്ചു. പിന്നീട്‌ ഈ പുത്രനോട്‌ അച്ഛന്‍ നുണ പറഞ്ഞിട്ടില്ല, ഇതു വരെ. ഞാനാരാ മോന്‍, അച്ഛനാരാ അച്ഛന്‍.

Friday, February 17, 2006

മണ്ടത്തരം ഇന്‍ ഇന്ത്യന്‍ റെയില്‍‌വേയ്സ്

FACT എന്ന് കേട്ടാല്‍ ആരും ഞെട്ടും. നിങ്ങള്‍ ഞെട്ടിയില്ലേ? ഇല്ലേ? ഇല്ലെങ്കില്‍ ഞാനിപ്പൊ എന്തു ചെയ്യാനാ? കേള്‍ക്കുകയെങ്കിലും ചെയ്തിട്ടുണ്ടാവില്ലേ? അതും ഇല്ലേ? കഷ്ടം.

എന്നാ കേട്ടോ, അങ്ങിനെ ഒരു കമ്പനി ഉണ്ട്‌. അവിടെ ആണ്‌ എന്റെ അച്ചന്‍ ജോലി ചെയ്തിരുന്നത്‌, എറണാകുളത്ത്‌. അത്‌ കൊണ്ട്‌ ഞാനും അവിടെ ആയിരുന്നു. കമ്പനിയില്‍ അല്ല, കമ്പനി വക ക്വാര്‍ട്ടേര്‍സില്‍.

അങ്ങനെയിരിക്കെയുള്ള ഏതോ ഒരു സുപ്രഭാതം. തീയതി ഓര്‍മ്മ ഇല്ല. അതിനിവിടെ പ്രസക്തി ഇല്ല. അതും എന്റെ മണ്ടത്തരവും ആയി ബന്ധമില്ല. എന്നായാലും ഞാനീ മണ്ടത്തരം കാണിച്ചേനേ. ഞാനാരാ മോന്‍. നമുക്ക്‌ കാര്യത്തിലേക്ക്‌ കടക്കാം.

എനിക്കൊരു കല്യാണ സംബന്ധമായി ഒന്ന്‌ നീലേശ്വരം വരെ പോകേണ്ടതായിവന്നു. ചെ ച്ചെ, അയ്യേ അയ്യേ, എന്റെ കല്യാണം അല്ല; ഒരു ബന്ധുവിന്റെ. (ഞാന്‍ കല്യാണം കഴിച്ചിട്ടില്ല. സുമുഖിയും സുന്ദരിയും ആയ യുവതികളില്‍ നിന്ന്‌ ആലോചനകള്‍ ക്ഷണിച്ച്‌ കൊള്ളുന്നു. മണ്ടത്തരം സ്ഥിരം കാണിക്കുന്നവര്‍ സ്വീകാര്യമല്ല. എനിക്ക്‌ എന്റെ മണ്ടത്തരങ്ങള്‍ തന്നെ ബ്ലോഗ്‌ ചെയ്യന്‍ സമയമില്ല, അപ്പോഴാ).

നീലേശ്വരം എന്ന് പറയുന്നത്‌ കേരളത്തിന്റെ കൊമ്പത്തിരിക്കുന്ന കാസര്‍ക്കോട്‌ ജില്ലയുടെ സാംസ്കാരിക തലസ്ഥാനം ആണ്‌. സംസ്‌കാരമില്ലാത്ത ഞാന്‍ അവിടെ എന്തിനാ പോകുന്നേ എന്ന് നിങ്ങള്‍ ചോദിക്കണ്ട. മണ്ടത്തരമേ കാണിക്കൂ എന്ന ഒറ്റ കുറവേ എനിക്കുള്ളൂ. എന്നാലും ഞാന്‍ ഡീസന്റാ.

എറണാകുളത്ത്‌ നിന്ന് നീലേശ്വരം വരെ ട്രെയിനില്‍ പോകാം എന്നു വച്ചു. ട്രെയിനില്‍ ഏതാണ്ട്‌ ഒരു എട്ട്‌ എട്ടര മണികൂര്‍ യാത്ര വരും. ബസ്സില്‍ അതിലും കൂടും, അത്‌ കൊണ്ട്‌ അതിനെപ്പറ്റി ആലോചിച്ചില്ല. കണ്ണുരില്‍ വിമാനത്താവളം ഇത്‌ വരെ വന്നിട്ടില്ലാത്തത്‌ കൊണ്ട്‌ വിമാനത്തില്‍ പോകാന്‍ പറ്റിയില്ല. (ഹാവൂ, കയ്യില്‍ കാശില്ല എന്ന്‌ പറയാതെ ഒഴിവായി). അങ്ങിനെ ഞാന്‍ ഒരു 8 മണിയായപ്പൊ ഏതോ ഒരു കൊങ്കണ്‍ വഴി പോകുന്ന ട്രെയിനില്‍ കയറി. അത്‌ നീലേശ്വരത്ത്‌ പോകുമെന്നേ ഞാനറിയൂ. പേര്‌ ചോദിച്ചില്ല. എന്തായാലും പരിചയപ്പെടാനൊന്നുമല്ലല്ലോ.

അത്‌ കാഞ്ഞങ്ങാട്‌ നാലുമണിക്ക്‌ എത്തുമെന്ന്‌ അന്വേഷിച്ച്‌ വച്ചിരുന്നു. അതെങ്കിലും ചെയ്തല്ലോ, ഭാഗ്യം എന്നു നിങ്ങള്‍ പറയണ്ട, ഞാന്‍ അത്രക്ക്‌ മണ്ടനല്ല. എന്നിട്ട്‌ ട്രെയിനില്‍ കയറി നീട്ടി വലിച്ചു കിടന്നുറങ്ങി. ഇടക്കെപ്പോഴോ കണ്ണ്‌ തുറന്നു നോക്കിയപ്പൊ കണ്ണൂര്‍ എത്തിയിരുന്നു. സമയം എകദേശം ഒരു മൂന്ന്‌ മണി. അടുത്ത സ്റ്റോപ്പ്‌ നീലേശ്വരം ആണെന്ന് അറിയാമായിരുന്നെങ്കിലും ഉറങ്ങാനുള്ള ത്വര കാരണം ഞാന്‍ വീണ്ടും പോത്ത്‌ പോലെ കിടന്നുറങ്ങി. ഒരു 5-10 മിനിറ്റ്‌ കഴിഞ്ഞ്‌ കാണും. ഞാന്‍ റെയില്‍വേ സ്റ്റേഷനിലെ ചായ "ചായ എന്ന" ശബ്ദം കേട്ട്‌ കണ്ണ്‌ തുറന്നു.

ഈശ്വരാ!!! കാസര്‍ക്കോട്‌ സ്റ്റേഷന്‍. സമയം നോക്കി. അഞ്ച്‌ കഴിഞ്ഞിരിക്കുന്നു. വേഗം ബാഗും എടുത്തോണ്ട്‌ ചാടിയിറങ്ങി. പുറത്ത്‌ കണ്ടവരോട്‌ എന്റെ കദന കഥ പറഞ്ഞു. അവര്‍ പറഞ്ഞു Dont worry, പരശുരാം എക്സ്പ്രസ്സ്‌ ഇപ്പൊ വരും. അതില്‍ കയറിയാല്‍ അരമണിക്കൂര്‍ കൊണ്ട്‌ നീലേശ്വരത്തെത്താം. നേരത്തേ പോയ ട്രെയിനിന്റെ സ്പീഡില്‍ ഓടിക്കൊണ്ടിരുന്ന എന്റെ ശ്വാസം നേരെ വീണു.

പരശുരാം എക്സ്പ്രസ്സ്‌ വന്നതും ഞാന്‍ ചാടിക്കയറിയതും ഒരുമിച്ചായിരുന്നു. നല്ലൊരു സീറ്റ്‌ നോക്കി ഞാന്‍ ആസനസ്ഥനായി. നേരത്തേ കാണിച്ച മണ്ടത്തരത്തില്‍ നിന്നു ഞാന്‍ പഠിച്ചു എന്ന്‌ നിങ്ങള്‍ ആരെങ്കില്‍ തെറ്റിദ്ധരിച്ചോ? എന്നാല്‍ നിങ്ങള്‍ എന്നെക്കാള്‍ വലിയ മണ്ടന്‍. നേരത്തേപോലെ ഞാന്‍ വീണ്ടും നിദ്രയിലാണ്ടു. വീണ്ടും പഴയ ശബ്ദം. "ചായ ചായ". ചെറിയ വെത്യാസമുണ്ട്‌. ചിലപ്പൊ പഴയ ആളുടെ ചേട്ടനോ അനിയനോ ആയിരിക്കും. എന്റെ കണ്ണുകള്‍ സ്റ്റേഷന്‍ ഏതാണെന്ന്‌ പരതി. "പയ്യന്നൂര്‍", വീണ്ടും ഞാന്‍ മണ്ടനായി. ഒരു പത്തിരുപതു കിലോമീറ്റര്‍ നീലേശ്വരത്തിന്റെ അപ്പുറത്ത്‌ നിന്ന്‌ അത്ര തന്നെ ദൂരം ഇപ്പുറത്ത്‌ എത്തിക്കിട്ടി. സന്തോഷം.

മതി. ഇനി വേണ്ട ഈ ലാലുവിന്റെ വണ്ടിയിലുള്ള യാത്ര എന്നും പറഞ്ഞ്‌ ട്രെയിനോട്‌ യാത്രയും ചൊല്ലി ഞാന്‍ അവിടുന്ന് ബാക്കി ദൂരം ബസ്സില്‍ സഞ്ചരിച്ച്‌ ഒരു ഉച്ച ആയപ്പൊഴേക്കും വീട്ടില്‍ എത്തി. ഫിനിഷിംഗ്‌ ലൈനില്‍ എത്തിയ ഒരു ദീര്‍ഘദൂര ഓട്ടക്കാരന്റെ സന്തോഷമായിരുന്നു അപ്പോള്‍. അന്നേരം എന്റെ മുഖത്തിന്റെ ഒരു ഫോട്ടോ എടുക്കാന്‍ പറ്റിയില്ലല്ലോ എന്ന സങ്കടം മാത്രം ഇപ്പൊ.

അതോടു കൂടി ട്രെയിനില്‍ ഉള്ള ദീര്‍ഘദൂര യാത്ര ഞാന്‍ അവസാനിപ്പിച്ചു. പ്രത്യേകിച്ചും രാത്രി ഉള്ളത്‌. ബസ്സില്‍ ആകുമ്പൊ കണ്ടക്ടറെങ്കിലും ഇറക്കി വിടുമല്ലോ. പിന്നീട്‌ അച്ചന്‍ കമ്പനിയില്‍ നിന്ന്‌ വിരമിച്ച്‌ കണ്ണൂരില്‍ സ്ഥിരതാമസമാക്കി. ഞാന്‍ ജോലി കിട്ടി ബാംഗ്ലൂരിലേക്കും ചേക്കേറി. ബാംഗ്ലൂരില്‍ നിന്ന്‌ കണ്ണൂരിലേക്ക്‌ ട്രെയിന്‍ ഇല്ലാത്തത്‌ എന്റെ ഭാഗ്യം, നിങ്ങളുടെ നിര്‍ഭാഗ്യവും. നിങ്ങള്‍ക്ക്‌ ഇനിയും ഇതുപോലത്തെ മണ്ടത്തരങ്ങള്‍ക്കുള്ള സ്‌കോപ്പ്‌ പോയി. സാരമില്ല. ബസ്സിലും മണ്ടത്തരങ്ങള്‍ ഒപ്പിച്ചോണ്ട്‌ ഞാന്‍ വരാം. വിശ്വസികൂ, ഞാനല്ലേ പറയുന്നത്‌.

Thursday, February 16, 2006

പട്ടിപിടുത്തം

ഇന്നലെ ഓഫീസില്‍ പാര്‍ട്ടി ആയിരുന്നു. പ്രത്യേകിച്ച് കാര്യം ഒന്നും ഉണ്ടായിട്ടല്ല. ‘നിങ്ങള്‍ ഇപ്പോഴും ഈ കമ്പനിയില്‍ തന്നെ തുടരുന്നതിന് നന്ദി’ എന്നും പറഞ്ഞ് ഇതുപോലത്തെ പാര്‍ട്ടികള്‍ ഇടക്ക് ഉണ്ടാകാറുള്ളതാ. പോകും, തുള്ളും, തിന്നും, പോരും ഇതിന്റെ ചുരുക്കപ്പേരാകുന്നു നേരത്തേ പറഞ്ഞ പാര്‍ട്ടി.

ഈ പാര്‍ട്ടിയില്‍ ഞാനെന്ത് മണ്ടത്തരം കാണിച്ചു എന്നാണോ നിങ്ങള്‍ ആലോചിക്കുന്നത്? പറ്റിച്ചേ, പാര്‍ട്ടിയില്‍ ഭാഗ്യത്തിന് ഒരു മണ്ടത്തരവും ഞാന്‍ കാണിച്ചില്ല. അഥവാ കാണിച്ചെങ്കില്‍ ഞാനത് ശ്രദ്ധിച്ചില്ല. മണ്ടത്തരം കാണിച്ചത് വീട്ടിലേക്ക് വരുന്ന വഴിയാ.

വീട്ടിനു മുന്‍പില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത് വീട്ടിലേക്ക് കേറാന്‍ തുടങ്ങിയപ്പോഴാ അവിടെ മൂന്ന് നാല് പട്ടികള്‍ വട്ടം കൂടി നില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചത്. സ്വതവേ സമാധാനപ്രിയരാണ് ബാങ്ക്ലുരിലെ പട്ടികള്‍. ആ ധൈര്യത്തില്‍ അവറ്റകളെ ഞാന്‍ അവിടുന്ന് ഓടിക്കാന്‍ നോക്കി. ഓടിയില്ലെന്ന് മാത്രമല്ല അതില്‍ സാമാന്യം തരക്കേടില്ലാത്ത ആകാരം ഉള്ള ഒരുത്തന്‍ കുരച്ച് കൊണ്ട് എന്റെ നേരെ ചാടുകയും ചെയ്തു. വേറൊരു പട്ടിയാണെങ്കില്‍ ‘പോടാ പട്ടി’ എന്ന് പറയുന്ന കണക്കെ എന്നെ നോക്കി മുരണ്ടു. കിട്ടേണ്ടത് കിട്ടിയാല്‍ ഞാന്‍ അടങ്ങും, അതാ എന്റെ സ്വഭാവം. അത് കൊണ്ട് ഒന്നും പിന്നെ മിണ്ടാതെ ഞാന്‍ വീട്ടില്‍ കയറി വയറ് നിറച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ആര്‍ഭാടമായി കിടന്നുറങ്ങി.

പിറ്റേന്ന് സഹമുറിയന്മാര്‍ പറയുമ്പോഴല്ലേ സംഗതിയുടെ കിടപ്പ് വശം എനിക്ക് മനസ്സിലാക്കുന്നത്. ആ പട്ടികളില്‍ ഒന്ന് പെണ്‍പട്ടിയും ബാക്കിയുള്ളത് ആണ്‍പട്ടികളും ആയിരുന്നു. കന്നിമാസം ആയത് കൊണ്ട് ആ പെണ്‍പട്ടിയെ ആകര്‍ഷിക്കാനും പരിപാടികള്‍ ഗംഭീരമായി ഒപ്പിച്ചെടുക്കാനും അവര്‍ തമ്മില്‍ മത്സരം നടന്നോണ്ടിരിക്കുമ്പോഴാ സ്ഥലത്തെ പ്രധാന പയ്യന്‍സായി ഞാന്‍ രംഗപ്രവേശനം ചെയ്തത്. അവര്‍ എന്നെ വെറുതെ വിട്ടത് എന്റെ ഭാഗ്യം.

എന്റെ മുജ്ജന്മ സുകൃതം കൊണ്ടോ, ആ പട്ടികള്‍ എന്നെ പോലെ മടിയന്മാരായിരുന്നത് കൊണ്ടോ എന്തോ, ഞാന്‍ പതിനാല് കുത്തിവയ്പ്പുകളില്‍ നിന്നും അദ്ഭുതകരമായി രക്ഷപെട്ടു. ഇനി ആ പഞ്ചായത്തിലേക്കേ ഞാനില്ല. അവര്‍ എന്ത് വേണമെങ്കിലും ചെയ്തോട്ടെ, പിന്നേ, ചോദിക്കാന്‍ എന്റെ പട്ടി പോകും.

Wednesday, February 15, 2006

തുമ്മല്‍ വരുന്നുണ്ട്‌, സൂക്ഷിക്കുക

തുമ്മല്‍ വൃത്തികെട്ട ഒരു വികാരമാണ്. എപ്പൊ എവിടെ വച്ച് അത് വരും എന്ന് പറയാന്‍ പറ്റില്ല. വന്നാല്‍ നിര്‍ത്താന്‍ ബുദ്ധിമുട്ടാണ്, നിര്‍ത്തിയാല്‍ അതിനേക്കാള്‍ ബുദ്ധിമുട്ടാണ്. ഇതൊരു രോഗമല്ല, ഇതിന് മരുന്നുമില്ല, തുമ്മല്‍ എന്നും പറഞ്ഞ് ഒരു വൈദ്യനെ കാണാനും പറ്റില്ല. വന്നു, തുമ്മി, കീഴടക്കി എന്നൊക്കെ പറയുന്ന പോലെ ഒരു അവസ്ഥ. വന്നാല്‍ ‘ഈശ്വരോ രക്ഷതു’ എന്ന് പ്രാര്‍ത്ഥിക്കാന്‍ പോലും സമയം കിട്ടില്ല, അതിനു മുന്നേ എല്ലാം തീരും.

ഇന്നും പതിവ് പോലെ ഒരു ദിവസമായിരുന്നു. സൂര്യന്‍ എന്നത്തേയും പോലെ രാവിലെ എഴുന്നേറ്റു; ഞാന്‍ എന്റെ ഓഫീസ് സമയമായപ്പോഴും. സൂര്യനെ തോല്‍പ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല, ഞങ്ങള്‍ തമ്മില്‍ ഒരു മത്സരവുമില്ല. പല്ലുതേപ്പ്, കുളി, ഒരുങ്ങല്‍, ഭക്ഷണം എന്നീ ചിട്ടകള്‍ പാലിച്ച് ഞാന്‍ ഓഫീസിലേക്ക് എന്റെ ബൈക്കില്‍ യാത്രയായി. എന്നും കണ്ടു രസിക്കുന്ന ദൃശ്യങ്ങള്‍ ഇന്ന് വീണ്ടും കണ്ടു രസിച്ച്, വരികള്‍ അറിയാത്ത പുതിയ ഏതോ ഒരു പാട്ട് മൂളിക്കൊണ്ട് ഞാന്‍ അങ്ങിനെ, അങ്ങിനെ ഓഫീസിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ആ നിമിഷത്തിലാണ് അപ്രതീക്ഷിതമായി അത് സംഭവിച്ചത്. ഏയ്, ആക്സിഡന്റ് ഒന്നും അല്ല, ഒന്ന് തുമ്മി അത്രേ ഉള്ളു.

സ്വതവേ മറവിക്കാര‍നാണ് ഞാന്‍. അവശ്യ സാധനങ്ങള്‍ മിക്ക ദിവസവും ഓഫീസിലേക്കെടുക്കാന്‍ മറക്കുന്നവന്‍. എന്നാല്‍ മറക്കേണ്ട സമയം വന്നപ്പോള്‍, മറക്കുന്ന കാര്യം ഞാന്‍ മറന്നു. ഇത്തവണ ഞാന്‍ മറക്കാതിരുന്നത് എന്റെ ഹെല്‍മറ്റ് ആയിരുന്നു. തുമ്മലിന്റെ അവശേഷിപ്പുകള്‍ എന്നാം കൂടി എന്റെ ഹെല്‍മറ്റിന്റെ അകത്ത് പറ്റിപ്പിടിച്ചു. അവിടെ തട്ടി തിരിച്ചു വന്നതില്‍ ചിലത് എന്റെ മുഖത്തിന് അലങ്കാരമായി. എന്റെ മുഖം സ്പൈക്സ് ഉള്ള ഷൂ പോലെ വിളങ്ങി. ഹെല്‍മറ്റിനകത്തായതിനാല്‍ അധികം ആരും കണ്ടില്ല. ആരെങ്കിലും കണ്ടോ എന്ന് ഞാനും നോക്കിയില്ല. തല താഴെക്കു ചരിച്ച് ഓടിക്കേണ്ടി വന്നു ബാക്കി ദൂരം മുഴുവനും.

തുമ്മലിനെക്കുറിച്ചുള്ള ഗവേഷണത്തിലാണ് ഞാനിപ്പൊ. തുമ്മല്‍ എങ്ങിനെ ഒഴിവാക്കാം, എങ്ങിനെ വായ തുറക്കാതെ തുമ്മാം എന്നിവ കൂടാതെ ഹെല്‍മറ്റ് ധരിച്ചവര്‍ എങ്ങിനെ തുമ്മണം എന്നും ഞാന്‍ അന്വേഷിക്കുന്നുണ്ട്. ബിരുദാനന്തര ബിരുദം എടുത്തതോടെ ഇനി പഠനം ഇല്ല എന്ന് തീരുമാനിച്ചതായിരുന്നു. ഇനിയിപ്പോ ഈ ‘തുമ്മല്‍ + ഹെല്‍മറ്റ് ’ വിഷയത്തില്‍ Phd. എടുത്തിട്ടേ ബാക്കി കാര്യമുള്ളൂ.