Friday, February 17, 2006

മണ്ടത്തരം ഇന്‍ ഇന്ത്യന്‍ റെയില്‍‌വേയ്സ്

FACT എന്ന് കേട്ടാല്‍ ആരും ഞെട്ടും. നിങ്ങള്‍ ഞെട്ടിയില്ലേ? ഇല്ലേ? ഇല്ലെങ്കില്‍ ഞാനിപ്പൊ എന്തു ചെയ്യാനാ? കേള്‍ക്കുകയെങ്കിലും ചെയ്തിട്ടുണ്ടാവില്ലേ? അതും ഇല്ലേ? കഷ്ടം.

എന്നാ കേട്ടോ, അങ്ങിനെ ഒരു കമ്പനി ഉണ്ട്‌. അവിടെ ആണ്‌ എന്റെ അച്ചന്‍ ജോലി ചെയ്തിരുന്നത്‌, എറണാകുളത്ത്‌. അത്‌ കൊണ്ട്‌ ഞാനും അവിടെ ആയിരുന്നു. കമ്പനിയില്‍ അല്ല, കമ്പനി വക ക്വാര്‍ട്ടേര്‍സില്‍.

അങ്ങനെയിരിക്കെയുള്ള ഏതോ ഒരു സുപ്രഭാതം. തീയതി ഓര്‍മ്മ ഇല്ല. അതിനിവിടെ പ്രസക്തി ഇല്ല. അതും എന്റെ മണ്ടത്തരവും ആയി ബന്ധമില്ല. എന്നായാലും ഞാനീ മണ്ടത്തരം കാണിച്ചേനേ. ഞാനാരാ മോന്‍. നമുക്ക്‌ കാര്യത്തിലേക്ക്‌ കടക്കാം.

എനിക്കൊരു കല്യാണ സംബന്ധമായി ഒന്ന്‌ നീലേശ്വരം വരെ പോകേണ്ടതായിവന്നു. ചെ ച്ചെ, അയ്യേ അയ്യേ, എന്റെ കല്യാണം അല്ല; ഒരു ബന്ധുവിന്റെ. (ഞാന്‍ കല്യാണം കഴിച്ചിട്ടില്ല. സുമുഖിയും സുന്ദരിയും ആയ യുവതികളില്‍ നിന്ന്‌ ആലോചനകള്‍ ക്ഷണിച്ച്‌ കൊള്ളുന്നു. മണ്ടത്തരം സ്ഥിരം കാണിക്കുന്നവര്‍ സ്വീകാര്യമല്ല. എനിക്ക്‌ എന്റെ മണ്ടത്തരങ്ങള്‍ തന്നെ ബ്ലോഗ്‌ ചെയ്യന്‍ സമയമില്ല, അപ്പോഴാ).

നീലേശ്വരം എന്ന് പറയുന്നത്‌ കേരളത്തിന്റെ കൊമ്പത്തിരിക്കുന്ന കാസര്‍ക്കോട്‌ ജില്ലയുടെ സാംസ്കാരിക തലസ്ഥാനം ആണ്‌. സംസ്‌കാരമില്ലാത്ത ഞാന്‍ അവിടെ എന്തിനാ പോകുന്നേ എന്ന് നിങ്ങള്‍ ചോദിക്കണ്ട. മണ്ടത്തരമേ കാണിക്കൂ എന്ന ഒറ്റ കുറവേ എനിക്കുള്ളൂ. എന്നാലും ഞാന്‍ ഡീസന്റാ.

എറണാകുളത്ത്‌ നിന്ന് നീലേശ്വരം വരെ ട്രെയിനില്‍ പോകാം എന്നു വച്ചു. ട്രെയിനില്‍ ഏതാണ്ട്‌ ഒരു എട്ട്‌ എട്ടര മണികൂര്‍ യാത്ര വരും. ബസ്സില്‍ അതിലും കൂടും, അത്‌ കൊണ്ട്‌ അതിനെപ്പറ്റി ആലോചിച്ചില്ല. കണ്ണുരില്‍ വിമാനത്താവളം ഇത്‌ വരെ വന്നിട്ടില്ലാത്തത്‌ കൊണ്ട്‌ വിമാനത്തില്‍ പോകാന്‍ പറ്റിയില്ല. (ഹാവൂ, കയ്യില്‍ കാശില്ല എന്ന്‌ പറയാതെ ഒഴിവായി). അങ്ങിനെ ഞാന്‍ ഒരു 8 മണിയായപ്പൊ ഏതോ ഒരു കൊങ്കണ്‍ വഴി പോകുന്ന ട്രെയിനില്‍ കയറി. അത്‌ നീലേശ്വരത്ത്‌ പോകുമെന്നേ ഞാനറിയൂ. പേര്‌ ചോദിച്ചില്ല. എന്തായാലും പരിചയപ്പെടാനൊന്നുമല്ലല്ലോ.

അത്‌ കാഞ്ഞങ്ങാട്‌ നാലുമണിക്ക്‌ എത്തുമെന്ന്‌ അന്വേഷിച്ച്‌ വച്ചിരുന്നു. അതെങ്കിലും ചെയ്തല്ലോ, ഭാഗ്യം എന്നു നിങ്ങള്‍ പറയണ്ട, ഞാന്‍ അത്രക്ക്‌ മണ്ടനല്ല. എന്നിട്ട്‌ ട്രെയിനില്‍ കയറി നീട്ടി വലിച്ചു കിടന്നുറങ്ങി. ഇടക്കെപ്പോഴോ കണ്ണ്‌ തുറന്നു നോക്കിയപ്പൊ കണ്ണൂര്‍ എത്തിയിരുന്നു. സമയം എകദേശം ഒരു മൂന്ന്‌ മണി. അടുത്ത സ്റ്റോപ്പ്‌ നീലേശ്വരം ആണെന്ന് അറിയാമായിരുന്നെങ്കിലും ഉറങ്ങാനുള്ള ത്വര കാരണം ഞാന്‍ വീണ്ടും പോത്ത്‌ പോലെ കിടന്നുറങ്ങി. ഒരു 5-10 മിനിറ്റ്‌ കഴിഞ്ഞ്‌ കാണും. ഞാന്‍ റെയില്‍വേ സ്റ്റേഷനിലെ ചായ "ചായ എന്ന" ശബ്ദം കേട്ട്‌ കണ്ണ്‌ തുറന്നു.

ഈശ്വരാ!!! കാസര്‍ക്കോട്‌ സ്റ്റേഷന്‍. സമയം നോക്കി. അഞ്ച്‌ കഴിഞ്ഞിരിക്കുന്നു. വേഗം ബാഗും എടുത്തോണ്ട്‌ ചാടിയിറങ്ങി. പുറത്ത്‌ കണ്ടവരോട്‌ എന്റെ കദന കഥ പറഞ്ഞു. അവര്‍ പറഞ്ഞു Dont worry, പരശുരാം എക്സ്പ്രസ്സ്‌ ഇപ്പൊ വരും. അതില്‍ കയറിയാല്‍ അരമണിക്കൂര്‍ കൊണ്ട്‌ നീലേശ്വരത്തെത്താം. നേരത്തേ പോയ ട്രെയിനിന്റെ സ്പീഡില്‍ ഓടിക്കൊണ്ടിരുന്ന എന്റെ ശ്വാസം നേരെ വീണു.

പരശുരാം എക്സ്പ്രസ്സ്‌ വന്നതും ഞാന്‍ ചാടിക്കയറിയതും ഒരുമിച്ചായിരുന്നു. നല്ലൊരു സീറ്റ്‌ നോക്കി ഞാന്‍ ആസനസ്ഥനായി. നേരത്തേ കാണിച്ച മണ്ടത്തരത്തില്‍ നിന്നു ഞാന്‍ പഠിച്ചു എന്ന്‌ നിങ്ങള്‍ ആരെങ്കില്‍ തെറ്റിദ്ധരിച്ചോ? എന്നാല്‍ നിങ്ങള്‍ എന്നെക്കാള്‍ വലിയ മണ്ടന്‍. നേരത്തേപോലെ ഞാന്‍ വീണ്ടും നിദ്രയിലാണ്ടു. വീണ്ടും പഴയ ശബ്ദം. "ചായ ചായ". ചെറിയ വെത്യാസമുണ്ട്‌. ചിലപ്പൊ പഴയ ആളുടെ ചേട്ടനോ അനിയനോ ആയിരിക്കും. എന്റെ കണ്ണുകള്‍ സ്റ്റേഷന്‍ ഏതാണെന്ന്‌ പരതി. "പയ്യന്നൂര്‍", വീണ്ടും ഞാന്‍ മണ്ടനായി. ഒരു പത്തിരുപതു കിലോമീറ്റര്‍ നീലേശ്വരത്തിന്റെ അപ്പുറത്ത്‌ നിന്ന്‌ അത്ര തന്നെ ദൂരം ഇപ്പുറത്ത്‌ എത്തിക്കിട്ടി. സന്തോഷം.

മതി. ഇനി വേണ്ട ഈ ലാലുവിന്റെ വണ്ടിയിലുള്ള യാത്ര എന്നും പറഞ്ഞ്‌ ട്രെയിനോട്‌ യാത്രയും ചൊല്ലി ഞാന്‍ അവിടുന്ന് ബാക്കി ദൂരം ബസ്സില്‍ സഞ്ചരിച്ച്‌ ഒരു ഉച്ച ആയപ്പൊഴേക്കും വീട്ടില്‍ എത്തി. ഫിനിഷിംഗ്‌ ലൈനില്‍ എത്തിയ ഒരു ദീര്‍ഘദൂര ഓട്ടക്കാരന്റെ സന്തോഷമായിരുന്നു അപ്പോള്‍. അന്നേരം എന്റെ മുഖത്തിന്റെ ഒരു ഫോട്ടോ എടുക്കാന്‍ പറ്റിയില്ലല്ലോ എന്ന സങ്കടം മാത്രം ഇപ്പൊ.

അതോടു കൂടി ട്രെയിനില്‍ ഉള്ള ദീര്‍ഘദൂര യാത്ര ഞാന്‍ അവസാനിപ്പിച്ചു. പ്രത്യേകിച്ചും രാത്രി ഉള്ളത്‌. ബസ്സില്‍ ആകുമ്പൊ കണ്ടക്ടറെങ്കിലും ഇറക്കി വിടുമല്ലോ. പിന്നീട്‌ അച്ചന്‍ കമ്പനിയില്‍ നിന്ന്‌ വിരമിച്ച്‌ കണ്ണൂരില്‍ സ്ഥിരതാമസമാക്കി. ഞാന്‍ ജോലി കിട്ടി ബാംഗ്ലൂരിലേക്കും ചേക്കേറി. ബാംഗ്ലൂരില്‍ നിന്ന്‌ കണ്ണൂരിലേക്ക്‌ ട്രെയിന്‍ ഇല്ലാത്തത്‌ എന്റെ ഭാഗ്യം, നിങ്ങളുടെ നിര്‍ഭാഗ്യവും. നിങ്ങള്‍ക്ക്‌ ഇനിയും ഇതുപോലത്തെ മണ്ടത്തരങ്ങള്‍ക്കുള്ള സ്‌കോപ്പ്‌ പോയി. സാരമില്ല. ബസ്സിലും മണ്ടത്തരങ്ങള്‍ ഒപ്പിച്ചോണ്ട്‌ ഞാന്‍ വരാം. വിശ്വസികൂ, ഞാനല്ലേ പറയുന്നത്‌.

8 comments:

 1. Thulasi said...

  നിന്റെ ഓരോ അബദ്ധങ്ങളെ..... നിനക്കറിയോ, ഞാന്‍ എന്നും രാത്രി വണ്ടിക്കാ വീട്ടില്‍ പോക.എറണാകുളം സൌത്ത്‌ സ്റ്റേഷനീന്ന്‌ കേറി ആദ്യത്തെ പരിപാടി ഇല്ലാത്ത ഒരു സീറ്റുണ്ടാക്കിയെടുക്കുക എന്നതാണ്‌. അതില്‍ കേറി കിടന്നാ പിന്നെ ആ സീറ്റ്‌ എങ്ങനെ നഷ്ട്ടപെടുത്താതെ നോക്കാം എന്നതാണ്‌ അടുത്ത പരിപാടി. അങ്ങനെ എട്ടുമണീകൂറത്തെ ആ യാത്രയില്‍ മിക്കവാറും ഷോര്‍ണ്ണൂരെത്തുമ്പോള്‍ ഉറങ്ങാന്‍ പറ്റും. ട്രെയിന്‍ കൃത്യം തേജേസ്വിനി പുഴ കടക്കുമ്പോ ഞാന്‍ ഉണരും.ഒന്നു മുഖം കഴുകി വരുമ്പോഴേക്കും നീലേശ്വരം സ്റ്റേഷന്‍.അവിടെ ഇറങ്ങി സഘാവ്‌ ബാലേട്ടന്റെ ടീ സ്റ്റാളില്‍ നിന്നും ഒരു ചായയും കുടിച്ച്‌ ഒറ്റ നടത്തം വീട്ടിലേക്ക്‌...എനിക്കിപ്പോ വീട്ടില്‍ പോകണം :( 2. Anonymous said...

  ee 'nidraaviheenan' eannu vechaa eanthaa artham? 3. ശ്രീജിത്ത്‌ കെ said...

  തെറ്റ് ചൂണ്ടിക്കാണിച്ച് തന്നതിന് നന്ദി. തിരുത്തിയിട്ടുണ്ട്. അല്ല, പേരു പറഞ്ഞില്ല !!! 4. കലേഷ്‌ കുമാര്‍ said...

  ശ്രീജിത്തേ, കഥയും അവതരണവും കലക്കൻ!
  അബദ്ധങ്ങളെ നോക്കി ചിരിക്കാനുള്ള കഴിവാണ് മനുഷ്യന് കിട്ടിയിട്ടുള്ള നല്ല കഴിവുകളിലൊരെണ്ണം! 5. സ്വാര്‍ത്ഥന്‍ said...

  അടുത്തത് ബാംഗ്ലൂര്‍ ബസ്സിലായിരുന്നല്ലോ ല്ലേ? അതും വേഗം പോന്നോട്ടെ... 6. സാക്ഷി said...

  മണ്ടത്തരം പറ്റാത്തവര്‍ അരാ ഉള്ളത്.
  പക്ഷെ അത് രസകരമായി അവതരിപ്പിക്കാന്‍
  എല്ലാവര്‍ക്കും സാധിക്കില്ല.

  ഒരു കാര്യം മറന്നു. ഇത്രയൊക്കെ ഒപ്പിച്ചിട്ടും
  അതിന്‍റെ തീരെ അഹങ്കാരം ശ്രീജിത്തിനില്ലാട്ടോ. ;) 7. സു | Su said...

  ആ രണ്ട് അധികയാത്രയുടെയും ചാര്‍ജ് പിഴയോടെ ഉടനെ അടച്ചില്ലെങ്കില്‍ ശ്രീജിതിന്റെ പേരില്‍ കര്‍ശനനടപടി എടുക്കുന്നതാണ്. 8. Anonymous said...

  thank you! mr sreejith!!
  very good presentation!! ihave niether font nor keyboad to write o in malayalam . sorry!
  koladi ahmed from abudhabi!
  koladi33@yahoo.com