Friday, February 24, 2006

ചെറിയ തിയേറ്ററും വലിയ ഓര്‍മ്മകളും

അരവിന്ദന്റെ "വിലക്കപ്പെട്ട കനി - ഭാഗം 1" വായിച്ചപ്പോള്‍ എന്നിലെ ചില വികാരങ്ങളും ഉണര്‍ന്നു എന്നറിയിക്കാന്‍ സന്തോഷമുണ്ട്‌. അയ്യേ, അത്‌ നിങ്ങള്‍ ഉദ്ദേശിക്കുന്ന പോലെ ഒന്നും അല്ല. എനിക്കും പഴയ ഒരു കഥ ഓര്‍മ്മ വന്നു, അത്രേയുള്ളൂ.

തൃപ്പൂണിത്തുറയില്‍ "ജയമാധുരി" എന്നൊരു സിനിമാ തിയേറ്റര്‍ ഉണ്ട്‌. തൃപ്പൂണിത്തുറ ബസ്സ്സ്റ്റാന്റിന്റെ നേരെ എതിര്‍വശത്ത്‌. ആ തിയറ്ററില്‍ പോയി ഒരു സിനിമ കാണുക എന്നത്‌ ആ നാട്ടിലെ ഏതൊരു പ്രായം ചെന്ന ചെറുപ്പക്കാരന്റേയും വലിയൊരാഗ്രഹമായിരുന്നു. ലോകമൊട്ടാകെ ഇളക്കിമറിക്കുന്ന, ഇക്കിളി കോരി ഇടുന്ന, കുളിരു വാരിയിടുന്ന ഇംഗ്ലീഷ്‌ സിനിമകള്‍ അതിന്റെ പ്രൌഡിയും ഗാംഭീര്യവും ഒട്ടും നഷ്ടമാക്കാതെ കാണികളെ കാണിക്കുന്ന ഒരു ഘനഗംഭീരന്‍ തിയേറ്റര്‍ ആയിരുന്നു അത്‌.

പക്ഷെ ഞങ്ങളുടെ പ്രശ്നം എന്തായിരുന്നു എന്നു വച്ചാല്‍, എറണാകുളം ജില്ലയിലെ ജനങ്ങളിലധികവും യാത്രാപ്രിയരാണ്‌ എന്നുള്ളതാണ്‌. ഷോപ്പിങ്ങിനും, സ്ഥലങ്ങള്‍ കാണാനും, പുറത്ത് പോയി ഒരു ഊണ് കഴിക്കാനും, കൂട്ടുകാരുടേയും ബന്ധുക്കളുടേയും വീട്‌ സന്ദര്‍ശിക്കാനും എല്ലാവരും എപ്പോഴും യാത്രയിലായിരിക്കും. കല്യാണങ്ങളുടേയും വീട്‌ പാല്‍കാച്ചലിന്റേയും തിരക്ക്‌ പറയുകയേ വേണ്ട. അതും പോകുന്നവരെല്ലാം ആ ബസ്സ്സ്റ്റാന്റ്‌ വഴിയേ പോകുകയും ഉള്ളൂ. അത്‌ കൊണ്ട്‌ ആ കൊട്ടകയിലെ സിനിമ (പകല്‍)മാന്യന്മാര്‍ എല്ലാവര്‍ക്കും അപ്രാപ്യമായി തന്നെ നിന്നു.

ഒരിക്കല്‍ ഞാനും എന്റെ ഒരു കൂട്ടുകാരനും കൂടി ആ ബാലികേറാമല ചവിട്ടിക്കയറാന്‍ തന്നെ തീരുമാനിച്ചു. അവന്റെ പേര്‌ ഇവിടെ ഞാന്‍ പറയില്ല. എനിക്കിനിയും ജീവിക്കണം.

ഞങ്ങളുടെ പ്ലാന്‍ ഇങ്ങനെ ആയിരുന്നു, ബസ്സ്സ്റ്റാന്റില്‍ ബസ്സ്‌ കാത്തിരിക്കുന്നുവെന്ന വ്യാജേന സിനിമ തുടങ്ങാറാകുന്ന സമയം വരെ അങ്ങിനെ ഒന്നുമറിയാത്തപോലെ നില്‍ക്കുക. സിനിമ തുടങ്ങേണ്ട സമയമാകുമ്പോ തലയും കുനിച്ച്‌ വേഗം നടന്ന് പെട്ടെന്നുതന്നെ ടിക്കറ്റ്‌ എടുത്ത്‌ തിയറ്ററിനകത്തെ ഇരുട്ടില്‍ മറയുക. മോശമില്ലാത്ത പ്ലാന്‍, ചിലവൊന്നും ഇല്ലാത്ത പ്ലാന്‍, റിസ്ക്ക്‌ കുറഞ്ഞ പ്ലാന്‍, മനോഹരമായ പ്ലാന്‍.

എന്തായാലും പ്ലാനിന്റെ അവസാന ഭാഗം വരെ ഭംഗിയായി നടന്നു. സിനിമ തുടങ്ങേണ്ട സമയമാകുന്നത്‌ വരെ ഞങ്ങള്‍ ബസ്സ്‌ കാത്തിരിക്കുന്നവരെപ്പോലെ അസ്സലായി അഭിനയിച്ചു നിന്നു. സമയമായപ്പോ തലയും കുനിച്ച്‌ വേഗം നടന്ന് ആരും കാണാതെ ടിക്കറ്റ്‌ കൌണ്ടറിനടുത്തെത്തി കാശ്‌ അകത്തേക്ക്‌ നീട്ടി മെല്ലെ പറഞ്ഞു "ചേട്ടാ രണ്ടു ടിക്കറ്റ്‌".

എന്നാല്‍ അകത്ത്‌ നിന്ന് ഒരനക്കവുമുണ്ടായില്ലെന്ന്‌ മാത്രമല്ല പിറകില്‍ നിന്ന് ചില അനക്കങ്ങള്‍ തുടങ്ങുകയും ചെയ്തു. എന്തോ പന്തികേട് തോന്നി. അവിടവിടയായി ആരൊക്കെയോ അടക്കിപ്പിടിച്ച്‌ ചിരിക്കുന്ന പോലെ ഒരു തോന്നല്‍. സംശയം തോന്നി കൌണ്ടറിന്റെ മുകളിലേക്ക്‌ ഒന്നു നോക്കിയപ്പോള്‍ അവിടെ വെണ്ടക്കാ അക്ഷരത്തില്‍ എഴുതി വച്ചിരിക്കുന്നു,

"ഇന്ന്‌ കളി ഇല്ല"

ദൈവമേ, ഇനി എന്ത്‌ ചെയ്യും? പിറകില്‍ നിന്ന് ചിരിക്കുന്നവരെ ഒന്നു ഒളികണ്ണിട്ട്‌ നോക്കി. എല്ലാവരും എന്റെ നാട്ടുകാര്‍ ആന്റ് പരിചയക്കാര്‍. അവരും ചിലപ്പൊ ഇങ്ങനെ എന്തെങ്കിലും മണ്ടത്തരം ഒപ്പിച്ചു ചമ്മി നില്‍ക്കുവായിരിക്കും. ഇനി വരുന്നവര്‍ ചമ്മുന്നത്‌ കാണാനുള്ള കൊതി അവരുടെ മുഖത്ത്‌ നിന്ന്‌ ഒപ്പിയെടുക്കാന്‍ പാകത്തിനുണ്ടായിരുന്നു. നാട്ടിലുള്ള സകല നിലയും വിലയും പോയിക്കിട്ടി അന്നത്തോടെ. ഒരു ചെറിയ നല്ല അഭിപ്രായം ഉണ്ടായിരുന്നു രണ്ടു പേരെപ്പറ്റിയും നാട്ടില്‍. അതിനി ഓര്‍മ്മകള്‍ മാത്രം.

പിന്നിട്‌ എത്ര തവണ തൃപ്പൂണിത്തുറ ബസ്സ്സ്റ്റാന്റ്‌ വഴി പോയിട്ടുണ്ടെന്ന്‌ നിശ്ചയമില്ല. എങ്കിലും ആ റോഡ്‌ മറികടന്ന്‌ പിന്നീടൊരിക്കലും ഞാനോ എന്റെ കൂട്ടുകാരനോ പോയിട്ടില്ല. ഒരോ തവണ ആ വഴി ബസ്സില്‍ പോകുമ്പോഴും ആ തിയേറ്റര്‍ ഞങ്ങളെ നോക്കി പല്ല്ലിളിച്ചു കാണിക്കുമായിരുന്നു. അതിന്നും നിര്‍ബാധം തുടരുന്നു.

8 comments:

  1. സു | Su said...

    :))



  2. രാജ് said...

    ഈ കുട്ടനെല്ലൂര്‍ എന്നുള്ളത് ആ ഹൈവേയുടെ തീരത്തുള്ള തീയേറ്റര്‍ അല്ലയോ ബെന്നിയേ :) മണ്ണൂത്തി, മുണ്ടൂര്‍, കൈപ്പറമ്പ്.. ഹാഹാ ബെന്നിയുടെ ലിസ്റ്റ് ഒരു തൃശൂര്‍ കാരന്‍ വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം അപൂര്‍ണ്ണമാണേയ്..



  3. അരവിന്ദ് :: aravind said...

    ശ്രീജിത്തേ :-)) ഹി ഹി
    പണ്ട് അവധിക്കു വീട്ടില്‍ പോണ വഴിക്ക് ഞാനും മൊയ്തീനും പ്രസാദും ആനന്ദും പെട്ടിയും,പൊക്കാണവും, ഭാണ്ടക്കെട്ടുമെല്ലാമെടുത്ത് മലപ്പുറം ഡിലൈറ്റിന്റെ മുന്നില്‍ ക്യൂ നിന്നു. ഞങ്ങളെ കണ്ട മറ്റു സഹൃദയര്‍ “ഇന്തെന്താണ്ടാ, തീയറ്റ്രിലിക്ക് താമസം മാറ്റാന്‍ വന്നതാ” ന്ന്. അങ്ങനെ നില്‍ക്കുമ്പോ പിറകില്‍ നിന്നൊരു അലര്‍ച്ച “ ന്താണ്ടാ ഇവിടെ?”
    നോക്കിയപ്പോ സ്കൂളിലെ ഡ്രൈവര്‍ മുരളിയേട്ടന്‍.
    “മുരളിയേട്ടാ പ്ലീസ്, കൊളുത്തല്ലേ..”
    “ഉം...”. മുരളിയേട്ടന്റെ ടികറ്റെടുത്ത് ഞങ്ങള്‍ പ്രശ്നം പരിഹരിച്ചു.
    ബെന്നി പറഞ്ഞപോലെ വായ പൊളിച്ചു 2 മണിക്കൂര്‍ ഇരുന്നിട്ടും ഒന്നും കണ്ടില്ല.
    അതൊരു ജയിംസ് ബോണ്ട് പടമായിരുന്നു."Living Day Lights"
    പോസ്റ്ററു “ശ്രദ്ധിച്ചു“ നോക്കാതെ, ഡിലൈറ്റിനെ taken for granted എടുത്തതിന്റെ കുഴപ്പം.



  4. ചില നേരത്ത്.. said...

    ശ്രീജിത്തിന്റെ ഈ മണ്ടത്തരം വായിച്ചപ്പോള്‍, നാട്ടില്‍ സ്ഥിരമായി ബിറ്റ് ഫിലിം കാണിച്ചിരുന്ന തിയേറ്ററിലെ അനൌണ്‍സ്മെന്റ് ഓര്‍മ്മ വന്നു.
    “ഇന്നു മുതല്‍ പരിയാപുരം തുളുത്തി(തിയേറ്ററിന്റെ പേര്)യില്‍ പ്രദര്‍ശനമാരംഭിക്കുന്നു അമ്മേ നാരായണ..എന്നാലും ഉണ്ടാവും.
    ശ്രീജിത്തേ ..മണ്ടത്തരങ്ങള്‍ ഇങ്ങിനെ എഴുതി കൊതിപ്പിക്കാതെ..
    അരവിന്ദേ..കുറ്റിപ്പുറം മീന ‘കവര്‍‘ ചെയ്തിരുന്നില്ലല്ലേ..:)



  5. രാജീവ് സാക്ഷി | Rajeev Sakshi said...

    ശ്രീജിത്തേ മണ്ടത്തരങ്ങള്‍ക്കൊരു പഞ്ഞോമില്ലല്ലോ.



  6. കണ്ണൂസ്‌ said...

    ഒലവക്കോട്‌ റെയില്‍വെ കോളനി രാജേന്ദ്രയില്‍ ഇടക്കൊരു കാലത്ത്‌ ബിറ്റിന്റെ ഏര്‍പ്പാട്‌ ഉണ്ടായിരുന്നു. (തിയേറ്റര്‍ മുതലാളിയുടെ വീട്‌ പണി നടക്കുന്ന കാലത്താണെന്നാണ്‌ പറയപ്പെടുന്നത്‌. വലിയ ലാഭക്കൊതി ഒന്നും ഇല്ലാത്ത മനുഷ്യന്‍ ആയതിനാല്‍ വാര്‍പ്പ്‌ കഴിഞ്ഞപ്പോള്‍ അങ്ങേര്‍ ബിറ്റിടലും നിര്‍ത്തി). കഷ്ടകാലത്തിന്‌ പരീക്ഷക്കാലമായിരുന്നു അത്‌. പടം കണ്ടവരോട്‌ ബിറ്റിന്റെ സമയം ചോദിച്ചു വെച്ച്‌, അതിനു 15 മിനിറ്റ്‌ മുന്നേ കേറി, കഴിഞ്ഞാലുടന്‍ ഇറങ്ങിപ്പോരുക എന്നതായിരുന്നു അന്നത്തെ എഞ്ചി പിള്ളേരുടെ ഒരു രീതി. അങ്ങിനെ ഒരു ദിവസം ബിറ്റ്‌ പ്രതീക്ഷിച്ച്‌ എസ്‌.പി. മുത്തുരാമന്‍ അഭിനയിച്ച ഒരു തമിഴ്‌ പടം കാണാന്‍ പോയിരുന്നു എന്റെ സഹമുറിയന്‍മാര്‍.(സത്യമായും ഞാനില്ല. പരീക്ഷതലേന്ന് പടം കാണാനുള്ള ധൈര്യമൊന്നും എനിക്കില്ലായിരുന്നു.) പറഞ്ഞ സമയം കഴിഞ്ഞിട്ടും സംഭവം വരുന്നില്ല എന്ന് കണ്ട്‌ കക്ഷികള്‍ ചൂടായി. ഒരു കുഞ്ഞു തുണി കൊണ്ടുള്ള മറവ്‌ മാത്രം ഉണ്ടായിരുന്ന പ്രൊജക്റ്റര്‍ റൂം നോക്കി ഒരലര്‍ച്ച.

    " അണ്ണോ, വല്ലോം ഒണ്ടെങ്കില്‍ ഇട്ടു തൊലക്കണേ.. നാളെ fluid dynamics പരീക്ഷയാ.. "



  7. Kalesh Kumar said...

    :))



  8. Anonymous said...

    ithellam vadakkan theyettarukalanallo , ennal thekku kollam es em pi (sreemoolam palas) ennoru theyettarund avide bittidal thudangngiyath hikoodathi idapettayirunnu ennuvachalu oru padam ulpathi haikkodathi idapettu pradarsanam kodutha padam, athil niraye thundayirunnu, nooru divasam oodi, haikodathi koduththu ennu vendakka ezhuthi pidippichchathinal polees aa vazhi thrinju nokkiyilla, pakshe thiyettaril banchanu kooduthal nammal koleju kat cheythu varumpol tikkatteduthalum kathu nilkkanam, ennathina 3 perum koodi vannal oru benchu tharum athum thalayil chumannu kayaranam pension pattiya ammavanmarum njanganglum othorumichhu banch chumannu ulpathi oru pathu thavana kandu, ammavanmaru parayum eda pillare kooveda kooveda appol avammaru bit idum , aaa nalla kalam ini varukillallo