Thursday, February 23, 2006

ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്‌

ഉദഗമണ്ടലം എന്ന്‌ ശരിയായ പേര്‌. ഊട്ടി എന്നു വിളിക്കും. അങ്ങിനെ ഒരു സ്ഥലമുണ്ട്‌ തമിഴ്നാട്ടില്‍. മലയാളികള്‍ എല്ലാവരും അറിയും. ഇപ്പോഴും ഒരു ഹില്‍‍സ്റ്റേഷനില്‍ വിനോദയാത്ര പോകാന്‍ മലയാളിക്ക്‌ ഊട്ടി കഴിഞ്ഞേ കേരളത്തിലെ തന്നെ മൂന്നാര്‍ പോലും വരികയുള്ളൂ.

ഡിഗ്രിക്ക്‌ പഠിക്കുമ്പോള്‍ ഞങ്ങള്‍ക്കും ടൂര്‍ എങ്ങോട്ട്‌ പോകണമെന്നതിന്‌ രണ്ടാമത്‌ ആലോചിക്കേണ്ടി വന്നില്ല. ഞാനായിരുന്നു ടൂറിന്റെ സൂത്രധാരന്‍. ആ പേരും പറഞ്ഞ്‌ ക്ലാസ്സിലെ പെണ്‍പിള്ളേരോടൊക്കെ സൊള്ളാമല്ലോ. വെറെ ആരെങ്കിലും അത്‌ മനസ്സില്‍ കാണുന്നതിനു മുന്നേ ഞാന്‍ അത്‌ മാനത്ത്‌ കണ്ടു. ആദ്യം ടൂറിനു വരുമോ എന്ന് ചോദിക്കാനും പിന്നെ കാശ്‌ പിരിക്കാനും ആയി രണ്ട്‌ റൌണ്ട്‌ പഞ്ചാര അടിക്കാം. ടൂറിന്റെ ഇടയില്‍ സൌകര്യങ്ങള്‍ എല്ലാം ഉണ്ടോ എന്ന്‌ അന്വേഷിക്കാനായി വേറെയും പഞ്ചാര അവസരങ്ങള്‍, ശ്ശൊ. എനിക്കു വയ്യ. ഇപ്പോഴും ഓര്‍ത്താല്‍ വായില്‍ വെള്ളം വരും.

അങ്ങിനെ ചുരുങ്ങിയ കാലയളവ്‌ കൊണ്ട്‌, സാമ്പത്തിക ലാഭത്തിനേക്കാളും വലിയ ലാഭമോഹങ്ങളുമായി ഞാന്‍ ടൂര്‍ തല്ലിക്കൂട്ടിയെടുത്തു. ഒരു വെള്ളിയാഴ്ച വൈകുന്നേരം പുറപ്പെട്ട്‌ പിറ്റേ ദിവസം രാവിലെ അവിടെയെത്തി ഞങ്ങള്‍ ഒരു ഹോട്ടലില്‍ മുറി ഒക്കെ എടുത്ത്‌, പല്ലു തേച്ച്‌, കുളിച്ച്‌, തയ്യാറായി നാട്‌ ചുറ്റാന്‍ ഇറങ്ങി.

ആദ്യം തന്നെ ഊട്ടി ഡാമില്‍ ബോട്ടിങ്ങിന്‌ പോകാം. ആരോ പറഞ്ഞു. പോകാം, അല്ല പിന്നെ. രാവിലെ തന്നെ നാലു പെണ്‍പിള്ളേരെ പഞ്ചാര അടിക്കാന്‍ പറ്റിയ സ്ഥലവും അവസരവും ഡാമിന്റെ ഓരങ്ങള്‍ തന്നെ. കൊള്ളാലോ വീഡിയോണ്‍.

ഗ്രഹണി പിടിച്ച പിള്ളേര്‍ ചക്കക്കൂട്ടാന്‍ കണ്ടപോലെയായി അവിടെ എല്ലാവരും എത്തിയപ്പോള്‍. പെണ്‍പിള്ളേരെല്ലാം കിട്ടിയ ബോട്ടില്‍ കയറി നൂറേ, നൂറില്‍ വിട്ടു പോയി. അമീബ ഇര പിടിക്കുന്ന പോലെ അവരെ പിടിക്കാന്‍ ഇരുന്ന ഞാന്‍ ഒരുമാതിരി മണ്ടനായി. സാരമില്ല്ല, അവരെ പിറകേ ചെന്നു പിടിക്കാം എന്നും വിചാരിച്ച്‌ അടുത്ത ബോട്ടില്‍ കയറി ഞാനും പിറകേ വിട്ടു.

രാഹുകാലം നോക്കി ഇറങ്ങാത്തത്‌ കൊണ്ടാനോ എന്നറിയില്ല, ഒരു പെണ്ണും മൈന്റ്‌ ചെയ്യുന്നില്ല. തിളങ്ങുന്ന ഷര്‍ട്ടും പുതിയ കൂളിങ്ങ്‌ ഗ്ലാസ്സും ഒന്നും ഏശുന്നില്ല. പാട്ട്‌ പാടാമെന്ന് വച്ചാല്‍ അതൊട്ടു അറിയുകയും ഇല്ല.

ഇനിയിപ്പോ ബോട്ടില്‍ കിടന്നു കുറച്ചു അഭ്യാസം കാണിക്കുകയേ നിവര്‍ത്തി ഉള്ളൂ. ഞാന്‍ ബോട്ടില്‍ എണീറ്റു നിന്ന്‌ ബോട്ടിന്റെ മുന്‍പില്‍ വരെ പോയി അവിടുന്ന്‌ കുനിഞ്ഞ്‌ വെള്ളം ഒക്കെ കോരിയെടുത്ത്‌ "ഹായ്‌ വെള്ളം" എന്നൊക്കെ പറഞ്ഞു നോക്കി. ഭാഗ്യം, ഒന്നു രണ്ട്‌ കിടാങ്ങള്‍ എന്താ അവിടെ എന്ന മട്ടില്‍ നോക്കി തുടങ്ങി. അടവ്‌ ഫലിക്കുന്നുണ്ട്‌.

സമയദോഷം. അല്ലെങ്കില്‍ പിന്നെ എന്റെ ബാലന്‍സ്‌ തെറ്റേണ്ട കാര്യമുണ്ടോ അപ്പൊ. അതോ ബോട്ടിന്റെ ആണോ തെറ്റിയത്‌? എന്തായലും വീണത്‌ ഞാന്‍. ആ തണുത്ത വെളുപ്പാന്‍ കാലത്ത്‌ ഊട്ടിയിലെ ഡാമിലെ ഐസ്‌ പോലത്തെ വെള്ളത്തില്‍ ഒരു തകര്‍പ്പന്‍ കുളി. ഹായ്‌ ഹായ്‌. എന്താ അതിന്റെ ഒരു രസം. നോം കൃതാര്‍ത്ഥനായി.

എന്തായാലും ഇപ്പൊ എല്ലാവരും ശ്രദ്ധിച്ചു. പെണ്‍പിള്ളേര്‍ അടക്കം. എന്റെ ചമ്മിയ മുഖം കാണാന്‍ അന്ന്‌ ക്യൂ ആയിരുന്നു. ഇത്ര നന്നായി എല്ലാവര്‍ക്കും ചിരിക്കാന്‍ കഴിയുമെന്ന് അന്നാണ്‌ ഞാന്‍ ആദ്യമായി മനസ്സിലാക്കുന്നത്‌. ചെറുചിരി, പുഞ്ചിരി, വലിയ ചിരി, അടക്കിപ്പിടിച്ച ചിരി, പൊട്ടിച്ചിരി, കളിയാക്കിച്ചിരി, പുച്ഛച്ചിരി, വാശിച്ചിരി, അങ്ങിനെ എല്ലാ ജാതി ചിരികളുടേയും അഖിലേന്ത്യാ സമ്മേളനം ആയിരുന്നു അപ്പോള്‍. ആ വെള്ളത്തില്‍ തന്നെ ചാടി ചത്താലോ എന്നു വരെ ആലോച്ചിച്ചു പോയി.

രസം ഇതൊന്നുമല്ല. ഈ നനഞ്ഞത്‌ മാറാന്‍ വേറെ വസ്ത്രമെവിടെ? അതങ്ങ്‌ ഹോട്ടലില്‍. അവിടം വരെ ഇനി തിരിച്ചു പോകാന്‍ ഒക്കുമോ എന്റെ വസ്ത്രം മാറാനായി മാത്രം! അന്നേ ദിവസം രാത്രി തിരിച്ച്‌ ഹോട്ടലില്‍ പോകുമ്പോള്‍ ഞാന്‍ വസ്ത്രം മാറിയാല്‍ മതി എന്ന്‌ ഐക്യകണ്ഠേന തീരുമാനമായി. ഞാന്‍ ആ തീരുമാനം ഭക്തിയാദരപുരസരം ഏറ്റുവാങ്ങി.

ഊട്ടിയിലെ മരം കോച്ചുന്ന തണുപ്പില്‍ ആ ദിവസം മുഴുവന്‍ നനഞ്ഞ വേഷത്തില്‍ ഞാന്‍ കഴിച്ചു കൂട്ടി. അവിടത്തെ പൂന്തോട്ടവും മലഞ്ചരുവുകളും, ചായ തോട്ടങ്ങളും മറ്റുള്ളവരേക്കാള്‍ കൂടുതല്‍ കുളിരോടെ എനിക്ക്‌ ആസ്വദിക്കാന്‍ പറ്റി.

എന്റെ പഠിപ്പ്‌ അവിടം കൊണ്ടവസാനിക്കാതിരുന്നത്‌ കൊണ്ട്‌ വീണ്ടും പലപ്പോഴായി ഞാന്‍ ഊട്ടിയില്‍ പോയിട്ടുണ്ട്‌. എന്നാല്‍ ഇത്ര മനോഹരമായില്ല അതിലൊന്നും. ഇതിനെ തണുപ്പാതിരേക്തം എന്നേ എനിക്കു വിശേഷിപ്പിക്കാന്‍ പറ്റൂ. അങ്ങിനെ ഒരു വാക്ക്‌ അഥവാ മലയാളത്തില്‍ ഇല്ലെങ്കില്‍ നിങ്ങളാരെങ്കിലും ഇടപെട്ട്‌ അതൊന്ന് ഭാഷയില്‍ കൂട്ടിച്ചേര്‍ത്ത്‌ തരണം. എനിക്കത്‌ അത്രക്ക്‌ ഇഷ്ടപെട്ടുപോയി, അതു കൊണ്ടാ.

*സമര്‍പ്പണം: അലമാരയുടെ താക്കോല്‍ മറന്ന് പോയത്‌ കൊണ്ട്‌ ഇന്നലെ രാത്രി വസ്ത്രം മാറാന്‍ പറ്റാതെ പോയ എന്റെ ഒരു കൂട്ടുകാരിക്ക്‌.

12 comments:

  1. Kalesh Kumar said...

    മിടുക്കൻ!!
    അടിപൊളി!! കസറുന്നുണ്ട് ചേട്ടാ!! :)))
    പുതിയ വാക്കും കണ്ടുപിടിച്ചല്ലോ!
    ഇനിയും പോരട്ടെ സത്യാന്വേഷണ പരീക്ഷണങ്ങൾ!



  2. Anonymous said...

    അതേതാ കൂട്ടുകാരി. പാവം ഇപ്പോഴും താക്കോല്‍ കിട്ടാതെ നില്‍ക്കുകയാണോ? അഡ്ഡ്രസ്സ് തരൂ. ഒരു ജോഡി ഡ്രസ്സും വാങ്ങി ഞാനവിടെ എത്തിക്കോളാമെന്നും വിഷമിക്കേണ്ടെന്നും ഫോണ്‍ ചെയ്ത് പറഞ്ഞേക്കൂ. പരോപകാരായമിദം ശരീരം എന്നാണല്ലോ - എഴുത്താളന്‍



  3. ചില നേരത്ത്.. said...

    എങ്ങിനെ സാധിക്കുന്നു മണ്ടത്തരങ്ങള്‍ ഇത്ര ചാതുരിയോടെ ഒപ്പിച്ചെടുക്കാന്‍?
    ഒരു കണക്കിന് നന്നായി എന്തായാലും ഒരു കിടിലന്‍ ബ്ലോഗ് കിട്ടിയല്ലോ..
    കോളേജ് കാലത്ത് ഇങ്ങിനെയാണെങ്കില്‍ ബാക്കി കഥകള്‍ കിടിലന്‍ ആകുമല്ലോ..കാത്തിരിക്കുന്നു.
    സസ്നേഹം..



  4. Visala Manaskan said...

    :) സൂപ്പറാകുന്നുണ്ട്‌ മാഷേ..



  5. Anonymous said...

    thanks jith,
    dat u mentiond abt me at the end. anyway im happy dat it was me who inspired you to make such a good one. it was really fantastic keep going. waiting for more mandatharal 4m u.

    hi ezhuthaalan thanks for ur sweet heart. nd u r so concerned about me. if u really wish u can buy me a new dress. "ohh ethu veendaayirunnu , bhuthimuttaayillee " ennu njaan parayumennum karutheenda. i vl receive it vth all my heart



  6. Anonymous said...

    Anna...Adipoli,
    Enikku ishtapettu
    enteyum oru ooty -kodaikknal tour undayirnnu-from college
    u said it right-Munnar l njan ithuvare poyilla

    Keep the good work on



  7. സൂഫി said...

    മണ്ടാ... അന്റെ ഹലാക്കിലെ മണ്ടത്തരം കൊണ്ട് ഞമ്മളു തോറ്റ്...ശിരിച്ച് ഊപ്പാടു പോയി...



  8. Anonymous said...

    കണ്ണൂര്കാരാ, കോളജില്‍ ഞങ്ങളുടെ കൂടെ ഹോസ്റ്റലില്‍ ഒരു കണ്ണൂര് കാരനുണ്ടായിരുന്നു, പേര് അക്കിടി... കൂടുതല്‍ വിവരിക്കേണ്ടല്ലൊ ? കൊച്ചിയില്‍ എത്തിയിട്ടും താങ്കളും തഥയ്‌വ...

    വേറൊരു കണ്ണൂര്‍കാരന്‍..!



  9. ചില നേരത്ത്.. said...

    തുളസീ..
    മുന്‍ മിസ്സിന്ത്യ എന്നൊക്കെ പറയുന്ന പോലെ മുന്‍ മണ്ട ശ്ശിരോമണി തുളസിയില്‍ നിന്നും പട്ടം സ്വീകരിക്കാന്‍ ശ്രീജിത്ത് തയ്യാറായേക്കും :)



  10. ഇന്ദു | Preethy said...

    ശ്രീജിത്തേ,
    മണ്ടത്തരങ്ങള്‍ പറയാന്‍ തുടങ്ങിയപ്പോ ആയിരം നാവാണല്ലോ :) വായിക്കാന്‍ രസമുണ്ട്‌, കേട്ടോ... ഇതൊക്കെ വായിച്ചപ്പോള്‍ എനിക്ക്‌ ഛെ! എനിക്കല്ല...എന്റെ സുഹൃത്തിന്‌ പറ്റിയ ഒരു അബദ്ധം ഓര്‍ത്തത്‌.

    പ്രീഡിഗ്രീ-ക്ക്‌ മാതൃഭാഷയോട്‌ സ്നേഹം മൂത്ത്‌ മലയാളം എടുത്തന്ന് മുതല്‍ ഹിന്ദി പാടെ മറന്നതാണ്‌. പിന്നെ പഠിത്തമെല്ലാം കഴിഞ്ഞ്‌ ബാംഗ്ലൂരില്‍ ജോലി ചെയ്യാന്‍ തുടങ്ങിയ കാലം. ഓഫീസിലെ സുഹൃത്തുക്കളൊരുമിച്ച്‌ ഒരുച്ചയ്ക്ക്‌ കഴിക്കാനിറങ്ങിയതാണ്‌. ഓര്‍ഡര്‍ എടുക്കാന്‍ തൊപ്പി വെച്ച ചേട്ടനെത്തി. കൂടെയുള്ള മൂന്നു പേരും പറഞ്ഞത്‌ 'മൂര്‍ഗ്‌ മഖന്‍വാല'. എന്റെ കൂട്ടുകാരി ഓര്‍ഡര്‍ ചെയ്തത്‌ 'ബട്ടര്‍ ചിക്കന്‍'. വെയ്റ്റര്‍ ചേട്ടന്‍ പോകുന്നതിനു മുന്‍പ്‌ ഓര്‍ഡര്‍ ഒന്നു കൂടെ കണ്‍ഫേം ചെയ്തു " 4 മൂര്‍ഗ്‌ മഖന്‍വാല, റൈറ്റ്‌?" എന്റെ സുഹൃത്ത്‌ ഉടനെ തിരുത്തി "നോ...3 മൂര്‍ഗ്‌ മഖന്‍വാല ആന്‍ഡ്‌ വണ്‍ ബട്ടര്‍ ചിക്കന്‍" എല്ലാരും ഒരുമിച്ച്‌ പൊട്ടിച്ചിരിച്ചതു കണ്ടിട്ടും അങ്ങു മോളില്‍ ബള്‍ബ്‌ മിന്നിയില്ല. പിന്നെ അടുത്തിരുന്ന ആള്‍ ദയ തോന്നി പദാനുപദ വിവര്‍ത്തനം ചെയ്തു തന്നപ്പ്പോളല്ലേ പറ്റിയ പറ്റ്‌ പിടി കിട്ടിയത്‌! മൂര്‍ഗ്‌ =ചിക്കന്‍=കോഴി
    മഖന്‍=ബട്ടര്‍=വെണ്ണ!



  11. രാജീവ് സാക്ഷി | Rajeev Sakshi said...

    രണ്ട് പ്ലെയ്റ്റ് മണ്ടത്തരവും ഒരു പ്ളേറ്റ് 'മൂര്‍ഗ്‌ മഖന്‍വാല'യും കൂടി എടുത്തോളൂ.



  12. ദേവന്‍ said...

    വീണിതല്ലോ കിടക്കുന്നൂ ചെക്കൻ വെള്ളത്തിൽ
    കോണകവും നനഞ്ഞയ്യയ്യോ..

    (ഇന്ദൂ, ഹിന്ദി സ്റ്റേഷൺ പിടിക്കാത്ത ഒരാളിനെകൂടി കണ്ടപ്പോൾ എന്തൊരാശ്വാസം.എന്നെക്കൊണ്ട് സർദാർജിക്കടയിൽ “ചിക്കൻ മജ്ബൂർ“‍ ഉണ്ടോ എന്നു ചോദിപ്പിച്ച് സഹപാഠികൾ ചിരിച്ചിട്ടുണ്ട് ക്വാളേജുകാലത്ത്)