Thursday, February 16, 2006

പട്ടിപിടുത്തം

ഇന്നലെ ഓഫീസില്‍ പാര്‍ട്ടി ആയിരുന്നു. പ്രത്യേകിച്ച് കാര്യം ഒന്നും ഉണ്ടായിട്ടല്ല. ‘നിങ്ങള്‍ ഇപ്പോഴും ഈ കമ്പനിയില്‍ തന്നെ തുടരുന്നതിന് നന്ദി’ എന്നും പറഞ്ഞ് ഇതുപോലത്തെ പാര്‍ട്ടികള്‍ ഇടക്ക് ഉണ്ടാകാറുള്ളതാ. പോകും, തുള്ളും, തിന്നും, പോരും ഇതിന്റെ ചുരുക്കപ്പേരാകുന്നു നേരത്തേ പറഞ്ഞ പാര്‍ട്ടി.

ഈ പാര്‍ട്ടിയില്‍ ഞാനെന്ത് മണ്ടത്തരം കാണിച്ചു എന്നാണോ നിങ്ങള്‍ ആലോചിക്കുന്നത്? പറ്റിച്ചേ, പാര്‍ട്ടിയില്‍ ഭാഗ്യത്തിന് ഒരു മണ്ടത്തരവും ഞാന്‍ കാണിച്ചില്ല. അഥവാ കാണിച്ചെങ്കില്‍ ഞാനത് ശ്രദ്ധിച്ചില്ല. മണ്ടത്തരം കാണിച്ചത് വീട്ടിലേക്ക് വരുന്ന വഴിയാ.

വീട്ടിനു മുന്‍പില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത് വീട്ടിലേക്ക് കേറാന്‍ തുടങ്ങിയപ്പോഴാ അവിടെ മൂന്ന് നാല് പട്ടികള്‍ വട്ടം കൂടി നില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചത്. സ്വതവേ സമാധാനപ്രിയരാണ് ബാങ്ക്ലുരിലെ പട്ടികള്‍. ആ ധൈര്യത്തില്‍ അവറ്റകളെ ഞാന്‍ അവിടുന്ന് ഓടിക്കാന്‍ നോക്കി. ഓടിയില്ലെന്ന് മാത്രമല്ല അതില്‍ സാമാന്യം തരക്കേടില്ലാത്ത ആകാരം ഉള്ള ഒരുത്തന്‍ കുരച്ച് കൊണ്ട് എന്റെ നേരെ ചാടുകയും ചെയ്തു. വേറൊരു പട്ടിയാണെങ്കില്‍ ‘പോടാ പട്ടി’ എന്ന് പറയുന്ന കണക്കെ എന്നെ നോക്കി മുരണ്ടു. കിട്ടേണ്ടത് കിട്ടിയാല്‍ ഞാന്‍ അടങ്ങും, അതാ എന്റെ സ്വഭാവം. അത് കൊണ്ട് ഒന്നും പിന്നെ മിണ്ടാതെ ഞാന്‍ വീട്ടില്‍ കയറി വയറ് നിറച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ആര്‍ഭാടമായി കിടന്നുറങ്ങി.

പിറ്റേന്ന് സഹമുറിയന്മാര്‍ പറയുമ്പോഴല്ലേ സംഗതിയുടെ കിടപ്പ് വശം എനിക്ക് മനസ്സിലാക്കുന്നത്. ആ പട്ടികളില്‍ ഒന്ന് പെണ്‍പട്ടിയും ബാക്കിയുള്ളത് ആണ്‍പട്ടികളും ആയിരുന്നു. കന്നിമാസം ആയത് കൊണ്ട് ആ പെണ്‍പട്ടിയെ ആകര്‍ഷിക്കാനും പരിപാടികള്‍ ഗംഭീരമായി ഒപ്പിച്ചെടുക്കാനും അവര്‍ തമ്മില്‍ മത്സരം നടന്നോണ്ടിരിക്കുമ്പോഴാ സ്ഥലത്തെ പ്രധാന പയ്യന്‍സായി ഞാന്‍ രംഗപ്രവേശനം ചെയ്തത്. അവര്‍ എന്നെ വെറുതെ വിട്ടത് എന്റെ ഭാഗ്യം.

എന്റെ മുജ്ജന്മ സുകൃതം കൊണ്ടോ, ആ പട്ടികള്‍ എന്നെ പോലെ മടിയന്മാരായിരുന്നത് കൊണ്ടോ എന്തോ, ഞാന്‍ പതിനാല് കുത്തിവയ്പ്പുകളില്‍ നിന്നും അദ്ഭുതകരമായി രക്ഷപെട്ടു. ഇനി ആ പഞ്ചായത്തിലേക്കേ ഞാനില്ല. അവര്‍ എന്ത് വേണമെങ്കിലും ചെയ്തോട്ടെ, പിന്നേ, ചോദിക്കാന്‍ എന്റെ പട്ടി പോകും.

10 comments:

  1. Kalesh Kumar said...

    കഥ കൊള്ളാം, പക്ഷേ, ബാംഗളൂരിപ്പം കന്നി മാസമാണോ?



  2. Sreejith K. said...

    ദീപിക കലണ്ടര്‍ പ്രകാരം ഇതിപ്പൊ കുംഭമാസം ആണ്. പട്ടികള്‍ക്കിപ്പൊ അങ്ങിനെ ഇന്ന മാസം എന്നൊന്നും ഇല്ലാന്നാ തോന്നണെ.



  3. Durga said...

    pattikaLe pedippikkaan avattakaLude kaNnukaLileku sookshichu nokkiyaal mathi ennu enne upadeSicha aa pazhaya Sreejithevide??? kaalam manushyanil varuthunna maattangaLey!! Siva Siva!!



  4. Adithyan said...

    ആ പട്ടികൾ സമാധാനപ്രിയരായതു കൊണ്ട്‌ ഇത്‌ എഴുതാൻ പറ്റി... :-)



  5. വര്‍ണ്ണമേഘങ്ങള്‍ said...

    വീണിടം വിഷ്ണുലോകം എന്ന മട്ടിലാ പട്ടികൾ..
    എവിടെ കലണ്ടർ നോക്കാൻ..
    കന്നി,കുംഭം എല്ലാം ഒരു പോലെ..!
    ആട്ടേ താങ്കൾ ബംഗ്ലൂരിൽ എവിടെയാ?



  6. സ്വാര്‍ത്ഥന്‍ said...

    ബാംഗ്ലൂരല്ലേ, ഫുള്‍ ടൈം കന്നിമാസമാ!



  7. Anonymous said...

    kurey kalamai malayalathil vayichittu...nannayittundu. Adyam kurachu buddhimutti...split words vaayikkan...pinne athu aswadikkan patti...thani nadan reethi. Good one!

    SA



  8. Unknown said...

    ശ്രീജിത്ത്,

    സംഗതി ജോറായി. ബാംഗ്ലൂരില്‍ ജീവിച്ചിട്ടുള്ളവര്‍ക്കല്ലേ അവിടുത്തെ പട്ടികളുടെ “കെമിസ്ട്രി” അറിയൂ.

    ഏതായാലും ഈ സംഭവം എന്നെയും ബാംഗ്ലൂരിലെ ഓര്‍മ്മകളിലേക്ക് കൊണ്ടു പോയി. അപ്പോള്‍ ദാണ്ടെ കെടക്കുന്നു ഓര്‍മ്മകളില്‍ ഒരു പട്ടിക്കഥ. ഒട്ടും മടിക്കാതെ എഴുതി പോസ്റ്റ് ചെയ്തു. ദാ ഇവിടെ

    ഫ്രീ റൈഡ്



  9. രാജീവ് സാക്ഷി | Rajeev Sakshi said...

    മാസമേതായാലും 'പട്ടിപിടുത്തം' അല്ലെങ്കില്‍ 'പട്ടിപിടിക്കാഞ്ഞത്' അടിപൊളി.



  10. Anonymous said...

    ഓ! ആ പെണ്‍പട്ടി അവിടെ തന്നെയായിരുന്നെങ്കിലത്തെ സ്തിഥി ഞാനാലോചിച്ചുപൊവ്വാ! എന്റമ്മേ!! കന്നിമാസം എന്നല്ല, കലികാലം എന്നുവേണം പറയാന്‍.. ഇപ്പോ പെണ്‍പട്ടികളൂം എസ്കോര്‍ട്ടുമായല്ലേ നടക്കുന്നത്.. എപ്പഴാ സ്ഥലത്തെ പ്രധാനപയ്യന്‍സ് രംഗപ്രവേശനം ചെയ്യുന്നതെന്ന് അറിയില്ലല്ലോ! ഹമ്.. പട്ടികളല്ലാതെ ചിലരൊക്കെ കലണ്ടര്‍ നോക്കുന്നുണ്ടെന്നും രാഹുവും കന്നിമാസവുമൊക്കെ നോക്കിയിറങ്ങുന്നുണ്ടെന്നും മനസ്സിലായി..

    p.s. എന്തിനാ ഈ ബ്ളോഗ് തുറന്ന് തരാന്‍ പറഞ്ഞതെന്ന് ഇപ്പോ മനസ്സിലായല്ലോ :D