Wednesday, February 22, 2006

തരുണിമണിയും പത്ത് മിനുട്ടും

ഇത്ര വലിയ മണ്ടത്തരം ഇങ്ങനെ ഒരു കമന്റ്‌ ആയി മാത്രം ഇട്ടാല്‍ മതിയോ? പോരാ. അത്‌ ഇവിടെ പോസ്റ്റ്‌ ആയിത്തന്നെ ഇടണം. വിരോദമുള്ളവര്‍ക്ക്‌ കൈ പൊക്കാം. വിരോദമില്ലാത്തവര്‍ക്കും കൈ പൊക്കാം. വെറുതേ ഇരിക്കുന്ന കൈ അല്ലേ, പൊക്കുന്നതിന്‌ നികുതി ഒന്നും കൊടുക്കണ്ടല്ലോ.

ഉദ്ദേശം ഒരു ഉച്ച-ഉച്ചര ആയപ്പോഴാണ്‌ എനിക്കീ ഫോണ്‍ കോള്‍ കിട്ടുന്നത്‌. മറുതലക്കല്‍ ഒരു സുന്ദരി. നീണ്ട കണ്ണുകളും, അത്തിപ്പഴം പോലത്തെ ചുണ്ടുകളും, തുടുത്ത കവിളുകളും ഒക്കെ ഉള്ള ഒരു കൊച്ചു സുന്ദരി. അതെങ്ങിനെ എനിക്കറിയാം എന്നായിരിക്കും നിങ്ങളിപ്പോള്‍ വിചാരിക്കുന്നത്. അതാണെന്റെ ബുദ്ധി.

അവള്‍ക്കെന്നോടെന്തോ പ്രധാനപെട്ട കാര്യം സംസാരിക്കാനുണ്ടായിരുന്നു. അതെങ്ങിനെ മനസ്സിലായെന്നോ? അവള്‍ എന്നോട്‌  "Can I take ten minutes of yours" എന്ന്‌ പറഞ്ഞു. അതിന്‌ അങ്ങിനെത്തന്നെ അല്ലേ അര്‍ത്ഥം, അല്ലേ?

'അതിനെന്താ' എന്ന്‌ ഞാനും. ഒരു തരുണീമണിക്ക്‌ ഒരു പത്ത്‌ മിനിറ്റ്‌ കൊടുക്കാന്‍ ഏതൊരു ആണായിപ്പിറന്നവനാ മടിയുണ്ടാകുക. ഞാന്‍ എന്നെ മൊത്തമായും ചില്ലറയായും അങ്ങോട്ട്‌ എടുത്തോ എന്ന്‌ തന്നെ പറഞ്ഞു.

അവള്‍ വിളിക്കുന്നത്‌ TATA AIG-യില്‍ നിന്നാണ്‌ പോലും. 'സന്തോഷം" ഞാന്‍ പറഞ്ഞു, "അതിന്‌?" അവര്‍ ഒരു പുതിയ പോളിസി തുടങ്ങിയിട്ടുണ്ടത്രേ, മഹാരക്ഷ പോളിസി. അതില്‍ ആള്‍ക്കാരെ പറ്റിച്ച്‌ ചേര്‍ക്കാനുള്ള വിളിയാണ്‌.

ഇങ്ങനത്തെ വിളികള്‍ ഒരു പാട്‌ വരാറുള്ളതാണ്‌ എനിക്ക്‌. സാധാരണ അവരോട്‌ സംസാരിച്ചോളാന്‍ പറഞ്ഞ്‌ മൊബൈല്‍ ഒരു മൂലക്കു വയ്ക്കുന്നതാ എന്റെ പതിവ്‌. കാസറ്റ്‌ ഇട്ട പോലെ അവര്‍ കുറെ നേരം എന്തെങ്കിലും പറയും. നമ്മള്‍ തിരിച്ച്‌ എന്തെങ്കിലും പറയുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നില്ലെന്നത്‌ കൊണ്ട്‌ അത്ര നേരം ഫോണ്‍ പിടിച്ചോണ്ട്‌ ഇരിക്കേണ്ട കാര്യമില്ലല്ലോ. കുറച്ച്‌ കഴിയുമ്പൊ ഞാന്‍ ഫോണ്‍ എടുത്ത്‌ താല്‍പര്യം ഇല്ല, വിളിച്ചതിന്‌ നന്ദി എന്നും പറഞ്ഞ്‌ കട്ട്‌ ചെയ്യും. ഇതായിരുന്നു എന്റെ രീതി.

ഇത്തവണ പക്ഷെ അത്‌ നടന്നില്ല. അവള്‍ മിടുക്കി ആയിരുന്നു. താല്‍പര്യം ഇല്ല എന്നു പറഞ്ഞപ്പോള്‍, അതെനിക്ക്‌ അവള്‍ പറഞ്ഞത്‌ മനസ്സിലാകാത്തത്‌ കൊണ്ടാണെന്ന്‌ അവള്‍. അത്‌ സമ്മതിച്ച്‌ കൊടുക്കാന്‍ പറ്റുമോ? എനിക്കെല്ലാം മനസ്സിലായി എന്ന് ഞാന്‍. എന്നിട്ടും എന്താണ്‌ എനിക്ക്‌ ഇത്ര നല്ല ഓഫറില്‍ താല്‍പര്യം ഇല്ലാത്തത്‌ എന്ന്‌ അവള്‍ക്കറിയണം. ഇപ്പൊ അറിയണം. ഈശ്വരാ!!! എന്ത്‌ പറഞ്ഞ്‌ ഒഴിവാക്കും ഇവളെ.

"എനിക്ക്‌ ചിന്തിക്കാന്‍ സമയം വേണം"

ന്‍ഹേ ഹെ.

"സോറി , അത്‌ തരാന്‍ ബുദ്ധിമുട്ടുണ്ട്‌. നിങ്ങള്‍ക്ക്‌ വേണമെങ്കില്‍ ഒന്നും കൂടി ഈ പറഞ്ഞതെല്ലാം ഒന്നും കൂടി പറയാം, തീരുമാനം എടുക്കാന്‍ എന്താ ഇത്ര താമസം?'

'എനിക്ക്‌ വേണ്ട." തറപ്പിച്ച്‌ പറഞ്ഞു ഞാന്‍. ഫോണ്‍ കട്ടും ചെയ്തു. ഫോണ്‍ തിരിച്ച്‌ പോക്കറ്റില്‍ ഇട്ടില്ല, അടുത്ത കോള്‍ വന്നു. ഇത്തവണ അവളുടെ മാനേജര്‍.

അങ്ങേരും പഴയ പല്ലവി. വീണ്ടും അവരുടെ പോളിസിയെ പറ്റി പ്രഭാഷണം. എല്ലാം ഞാന്‍ കേട്ടു കഴിഞ്ഞ്‌ അയാള്‍ക്കും അറിയണം എന്താ ഞാന്‍ പോളിസി എടുക്കാന്‍ സമ്മതിക്കാത്തതെന്ന്. പത്ത്‌ ഇരുപതിനായിരം രൂപയുടെ ഇടപാടല്ലേ, പെട്ടെന്നു ഒരു തീരുമാനം എടുക്കാന്‍ പറ്റില്ല എന്ന വാദഗതി വില പോയില്ല ആ മാനേജര്‍ സഖാവിന്റെ അടുത്ത്‌. ആ പോളിസി എടുത്ത്‌ പതിനാല്‌ ദിവസത്തിനകം അതു ക്യാന്‍സല്‍ ചെയ്താല്‍ എനിക്ക്‌ കാശ്‌ നഷ്ടം വരില്ല, ഇപ്പോള്‍ ഒന്നു എടുക്ക്‌ സാറേ എന്ന്‌ അയാള്‍ ഒരു പതിനാലു തവണ പറഞ്ഞു. ആ ഫോണും ഞാന്‍ ശല്യം സഹിക്ക വയ്യാതെ കട്ട്‌ ചെയ്തു.

ദാ, പിന്നേം. ഇത്തവണ വിളിച്ചത്‌ മാനേജറുടെ ബോസ്സ്‌. വീണ്ടും ശങ്കരന്‍ തെങ്ങേല്‍ തന്നെ. ഈ കലാപരിപാടികളെല്ലാം കൂടി ഒരു മണിക്കൂറിനു മുകളില്‍ ആയപ്പോള്‍ ഞാന്‍ പറഞ്ഞു ശരി, എന്തു പണ്ടാരമെങ്കിലും ആകട്ടെ. എന്നെ കൊന്ന് തിന്നണമെങ്കില്‍ അതും ആയിക്കോ. അയക്ക്‌ പൊളിസി ഒരെണ്ണം എന്റെ പേരില്‍.

ദോഷം പറയരുതല്ലോ, ഒരു പത്ത്‌ ദിവസം എടുത്തു ആ പോളിസി എന്റെ വീട്ടില്‍ എത്താന്‍. മുംബൈയില്‍ നിന്നു ബാംഗ്ലൂര്‍ വരെ കൊറിയര്‍ എത്താന്‍ പത്തു ദിവസം എടുക്കും എന്നത്‌ പുതിയ അറിവായിരുന്നു. എന്തായാലും പോളിസി കയ്യില്‍ കിട്ടേണ്ട താമസം ഞാന്‍ തിരിച്ച്‌ വിളിച്ചു ക്യാന്‍സല്‍ ചെയ്യാന്‍. പോളിസി വായിച്ചും കൂടി നോക്കിയില്ല. ആ ഫോണ്‍ എടുത്ത കോള്‍ സെന്റര്‍ ചേട്ടന്‍ 'മഹാരക്ഷ പോളിസി ക്യാന്‍സല്‍ ചെയ്യാന്‍ നിങ്ങള്‍‍ക്ക്‌ ഭ്രാന്തുണ്ടോ" എന്ന മട്ടിലാ സംസാരിച്ചത്‌.

"ക്യാന്‍സല്‍ ചെയ്യടാ"

"ക്യാന്‍സല്‍ ചെയ്തു"

"ഒരായിരം നന്ദി. ഇനിയും ഇവിടെങ്കിലും വച്ചു കാണാം"

"Is there anything else I can assist you with?"

"കടുപ്പത്തില്‍ ഒരു ചായ. നല്ലോണം മധുരം ഇട്ട്‌"

"ന്‍ഹെ?"

ക്ടിങ് ....

എന്തായാലും ഒരാഴ്ചക്കകം എന്റെ പോളിസി ക്യാന്‍സല്‍ ആയി. അവര്‍ എഴുത്തുകുത്തുകള്‍ക്കുള്ള ചിലവുകള്‍ എന്നും പറഞ്ഞ്‌ നൂറു രൂപ എന്റെ കയ്യില്‍ നിന്നും മേടിച്ചു. എന്നാലും ഒരു തലവേദന ഒഴിവായല്ലോ എന്നോര്‍ത്ത്‌ ഞാന്‍ സന്തോഷത്തോടെ അതു കൊടുത്തു. അപ്പോഴാണ്‌ അറിയുന്നത്‌ അവര്‍ എന്നോടുള്ള സ്നേഹത്തിന്റെ പുറത്ത്‌ രണ്ട്‌ പോളിസികള്‍ എന്റെ പേരില്‍ എടുത്തിരുന്നു എന്നത്‌.

വീണ്ടും ഒരാഴ്ച, അടുത്ത പോളിസി ക്യാന്‍സല്‍ ചെയ്യാന്‍. അവിടേയും നൂറു രൂപാ മാറിക്കിട്ടി. ക്യാന്‍സല്‍ ചെയ്യാനുള്ള അപേക്ഷ സ്‌കാന്‍ ചെയ്യാനും ഫാക്സ്‌ ചെയ്യാനും മറ്റും ആയി വേറെ കുറെ കാശും. എല്ലാം കൂടി ഒരു പത്ത്‌ മുന്നൂറ്‌ രൂപ, ഞാന്‍ ഒരു തരുണിമണിക്ക്‌ എന്റെ പത്ത്‌ മിനിറ്റ്‌ കൊടുത്തത്‌ കൊണ്ട്‌ മാറിക്കിട്ടി. അതോടെ പെന്മണികള്‍ക്ക്‌ മിനിറ്റ്‌സ്‌ കൊടുക്കുന്ന പരിപാടി ഞാന്‍ നിര്‍ത്തി. ഇനി ഇങ്ങോട്ട്‌ മിനുട്ട്‌ തരുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ മാത്രം ഒരു കൈ നോക്കാം. അല്ലെങ്കില്‍ അതു വേണോ? മണ്ടത്തരമാകുമോ?

6 comments:

  1. ചില നേരത്ത്.. said...

    ശ്രീജിത്തേ..
    പെണ്‍‌വിളി കേള്‍ക്കാതെയെന്ന് ചുരുക്കം..
    എത്രായിരം കുരുക്കുകള്‍.
    ഈ ബ്ലോഗൊരു ജോയിന്റ് വെഞ്ച്വര്‍ ആക്കിക്കൂടെ?
    സസ്നേഹം ഇബ്രു..



  2. അരവിന്ദ് :: aravind said...

    കൊള്ളാം ശ്രീജിത്തേ..
    :-)) ഇതിനു ഞാന്‍ ചിരിച്ചു പോയി.



  3. Unknown said...

    ഡാ ശ്രീജീ.. നീ കളിക്കരുത്‌.. പറഞ്ഞേക്കാം...
    നിന്റെ മണ്ടത്തരങ്ങള്‍ വായിക്കുമ്പോഴാണ്‌ മാനാജര്‍ ഓഫീസിലേക്ക്‌ കയറി വന്നത്‌.
    'എന്താടാ രാവിലെ തന്നെ ഒറ്റക്കിരുന്ന് ചിരിക്കുന്നെ.?'
    മാനാജര്‍ എന്റെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നോക്കി. സ്ക്രീനില്‍ കണ്ടത്‌, ഒരു സെമിനാറുമായി ബന്ധപ്പെട്ട ഒരു എക്സല്‍ ഫയല്‍. താഴെ ടാസ്‌ക്‌ ബാറില്‍ ഒളിച്ച്‌ നില്‍ക്കുന്ന 'മണ്ടത്തരങ്ങള്‍' അങ്ങേര്‌ കണ്ടില്ല.
    തിരിച്ച്‌ പോകുമ്പോള്‍ അയാള്‍ എന്നെ നോക്കുന്നുണ്ടായിരുന്നു. ആ കണ്ണുകളില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. 'ഇവന്‌ വട്ടായോ..???'
    ഇബ്രു പറഞ്ഞത്‌ പോലെ ഇതൊരു ജോയ്‌ന്റ്‌ വെഞ്ച്വര്‍ ആക്കിക്കൂടെ.. നിന്റെ പറമ്പിന്റെ അവകാശം ചോദിക്ക്യാണെന്ന് വിചാരിക്കരുത്‌..!! -:)



  4. രാജീവ് സാക്ഷി | Rajeev Sakshi said...

    ഇതും കലക്കി!



  5. Kalesh Kumar said...

    നന്നായിട്ടുണ്ട് ശ്രീജിത്തേ!
    ഉച്ച-ഉച്ചര കലക്കി!!!



  6. OruRasam said...

    ജിത്തേ,
    ഉച്ച-ഉച്ചര കലക്കി.

    :)