Tuesday, May 30, 2006

അശ്വമേധമണ്ടത്തരം

അഹങ്കാരം കേറിയാല്‍ മനുഷ്യന്‍ എന്ത് ചെയ്യുമെന്ന് പറയാന്‍ പറ്റില്ല. ഞാന്‍ എന്ത് ചെയ്യുമെന്ന് ഒട്ടും പറയാന്‍ പറ്റില്ല.

ഇന്നലെ എന്റെ സഹമുറിയനുമായി പലതും പറഞ്ഞ് വാഗ്വാദമുണ്ടായപ്പോള്‍ എനിക്ക് അവനേക്കാള്‍ വിവരം ഉണ്ടെന്ന് പറയേണ്ടിവരികയും, അത് സ്ഥാപിച്ചെടുക്കേണ്ടി വരികയും ചെയ്തു. കഷ്ടകാലത്തിന് അപ്പോള്‍ എന്റെ മനസ്സില്‍ വന്ന ഒരേ ഒരു വഴി അശ്വമേധം കളിച്ച് അവനെ തോല്‍പ്പിക്കുക എന്നതാണ്.

അശ്വമേധം എന്നത് കൈരളി ടി.വി-യില്‍ ഗ്രാന്റ്മാസ്റ്റര്‍ എന്ന് (സ്വയം) വിശേഷിപ്പിക്കുന്ന ജി.എസ്.പ്രദീപ് അവതരിപ്പിക്കുന്ന ഒരു പരിപാടി ആണ്. ലോകത്തിലെ ആദ്യത്തെ റിവേഴ്സ് ക്വിസ് എന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. കക്ഷി ഇപ്പൊ വലിയ മോഡല്‍ ഒക്കെ ആണെന്ന് തോന്നുന്നു. കുറേ പരസ്യങ്ങളിലൊക്കെ കാണാറുണ്ട് ഇപ്പോള്‍. എന്തായാലും, ഒരിക്കലെങ്കിലും ആ പരിപാടി കാണാത്ത മലയാളികള്‍ കുറവാണ്.

ഇനി ബാക്ക് റ്റു കഥ.

ആ പരിപാടിയിലെപ്പോലെ എന്റെ സഹമുറിയന്‍ മനസ്സില്‍ കാണുന്ന ആളിനെ ഞാന്‍ ഇരുപത്തി ഒന്ന് ചോദ്യങ്ങള്‍ കൊണ്ട് കണ്ട് പിടിക്കും എന്നതാണ് പന്തയം. എന്റെ വാശിക്ക് അപ്പോള്‍ എന്റെ പര്‍‍സില്‍ ഉണ്ടായിരുന്ന അഞ്ഞൂറ് രൂപയ്ക്ക് തന്നെ ഞാന്‍ പന്തയം വയ്ക്കുകയും ചെയ്തു.

പന്തയത്തിന്റെ ഉറപ്പിനായി എന്റെ ഒന്ന് രണ്ട് കൂട്ടുകാരെ വിളിച്ച് വരുത്തി. അവരെ പിടിച്ച് പാനലും ആക്കി. ചുമ്മാ കിടക്കട്ടെ പാനല്‍, ഒരു ജാഡയ്ക്ക്.

അങ്ങിനെ എന്റെ അശ്വമേധം ആരംഭിച്ചു.

എന്റെ സഹമുറിയന്‍ മനസ്സില്‍ കണ്ട ആളെ പാനലിനോട് പറഞ്ഞു.

ഞാന്‍: പാനല്‍, ഈസ് ഇറ്റ് അപ്പ്‌റൂവ്ഡ്?
പാനല്‍: ഓ, തന്നെ തന്നെ.
ഞാന്‍: വെല്‍ക്കം റ്റു ദ ബാറ്റില്‍ ഓഫ് അശ്വമേധം.
സഹു: താങ്ക്സ്.
ഞാന്‍: ക്യു1:- താങ്കള്‍ മനസ്സില്‍ കണ്ട വ്യക്തി ഭാരതീയനാണോ?
സഹു: അതെ
ഞാന്‍: ക്യു2:- കേരളീയന്‍?
സഹു: അതെ
ഞാന്‍: ക്യു3:- പുരുഷന്‍?
സഹു: അതെ
ഞാന്‍: ക്യു4:- ജീവിച്ചിരിപ്പുണ്ടോ?
സഹു: ഉണ്ട്.
ഞാന്‍: ക്യു5:- അന്‍പത് വയസ്സിനു മുകളില്‍ പ്രായം?
സഹു: ഇല്ല.
ഞാന്‍: ക്യു6:- തെക്കന്‍ കേരളം?
സഹു: അല്ല.
ഞാന്‍: ക്യു7:- വടക്കന്‍ കേരളം?
സഹു: അതെ.
ഞാന്‍: ക്യു8:- രാഷ്രീയം, കല, സാഹിത്യം?
സഹു: അതും ഇത്തിരി കയ്യില്‍ ഉണ്ട്.
ഞാന്‍: മതപരം, ആത്മീയം, സാമൂഹ്യപ്രവര്‍ത്തനം?
സഹു: പാനലിനോട് ചോദിക്കണം
പാനല്‍: അതിനൊന്നും പോന്ന ആളല്ല.
ഞാന്‍: അപ്പൊ അല്ല എന്നുത്തരം. ഹ്‌മ്‌മ്. ക്യു9:- ശാസ്ത്രം, സാങ്കേതികം?
സഹു: അതെ.
ഞാന്‍: ക്യു10:- ബന്ധുക്കള്‍ ആരെങ്കിലും പ്രശസ്തരാണോ?
സഹു: അല്ല.
ഞാന്‍: ക്യു11:- എന്തെങ്കിലും കണ്ടുപിടുത്തം നടത്തിയിട്ടുള്ള ആളാണോ?
സഹു: ഒട്ടുമല്ല.
ഞാന്‍: ക്യു12:- പേരിനൊപ്പം വിട്ടുപേരോ ജാതിപ്പേരോ ഉള്ള ആളാണോ?
സഹു: അതെ.
ഞാന്‍: പന്ത്രണ്ട് ചോദ്യങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇനി രാജസൂയം
ഞാന്‍: ക്യു13:- പേരിനൊപ്പം വീട്ടുപേര്?
സഹു: അതെ.
ഞാന്‍: ക്യു14:- എന്തെങ്കിലും വിശേഷണങ്ങള്‍ പേരിനൊപ്പം ചേര്‍ക്കപ്പെടാറുണ്ടോ?
സഹു: ഉണ്ട്.
ഞാന്‍: ക്യു15:- അന്താ‍രാഷ്ട്രതലത്തില്‍ പ്രസക്തി?
സഹു: അങ്ങിനെയും പറയാം.
ഞാന്‍: ക്യു16:- പ്രസക്തി നല്ല രീതിയില്‍ ആണോ അതോ കുപ്രസിദ്ധി ആണോ?
സഹു: പാനല്‍, എന്താ അഭിപ്രായം?
പാനല്‍: ആണെന്നും അല്ലെന്നും പറയാം.
ഞാന്‍: എന്ന് പറഞ്ഞാല്‍ പറ്റില്ല. പതിനാറ് ചോദ്യങ്ങള്‍ കഴിഞ്ഞു. എനിക്ക് ശരിയായ ഉത്തരം കിട്ടിയേ മതിയാകൂ
പാനല്‍: എന്നാല്‍ കുപ്രസിദ്ധി എന്ന് കൂട്ടിക്കോ.
ഞാന്‍: ഓക്കെ. പതിനാറ് ചോദ്യങ്ങള്‍ കഴിഞ്ഞു. ഇനി പണ്ടാരസൂയം.
ക്യു17:- അടുത്ത കാലത്ത് പ്രശസ്തനായ ഒരാളാണോ?
സഹു: അതെ.
ഞാന്‍: ക്യു18:- എന്തെങ്കിലും ഒരു പ്രത്യേക സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശസ്തി ആണോ?
സഹു: അല്ല.
ഞാന്‍: പിന്നെ എന്ത് പണ്ടാരമാണ്...
പാനല്‍: ഗ്രാന്‍ഡ് മാസ്റ്റര്‍ സഭ്യത പാലിക്കണം.
ഞാന്‍: ഓകെ. ക്യു19:- പത്രങ്ങളിലോ മാഗസിനുകളിലോ പേരു വന്ന ആളാണോ?
സഹു: അല്ല.
ഞാന്‍: ക്യു20:- സ്വന്തമായി വെബ്സൈറ്റ് ഉള്ളതോ, ഏതെങ്കിലും വെബ്സൈറ്റുകളില്‍ പേരുവരികയോ ചെയ്ത ആളാണോ?
സഹു: അല്ല.
ഞാന്‍: ക്യു21:- അറ്റ്ലീസ്റ്റ്, സ്വന്തമായി ഒരു ബ്ലോഗ് എങ്കിലും ഉള്ള ആ‍ളാണോ?
സഹു: അതെ.
ഞാന്‍: എന്റെ ചോദ്യങ്ങള്‍ ഒക്കെ കഴിഞ്ഞിരിക്കുന്നു. ഇനി ഉത്തരം പറയാന്‍ മാത്രം അവസരം. ഓകെ. നിങ്ങള്‍ ഊഹിച്ച വ്യക്തി ഹായ് ഫ്രന്‍ഡ്സ് എന്ന ബ്ലോഗ് എഴുതുന്ന, കള്ളന്‍ എന്ന് വിശേഷണമുള്ള, അരുണ്‍ജിത്ത് അല്ലേ?
സഹു: എടാ‍ മണ്ടാ, മണ്ടന്‍ എന്ന് വിശേഷണമുള്ള, പേരിനൊപ്പം കുളങ്ങരത്ത് എന്ന വീട്ട്പേരുള്ള ഞാന്‍ വിചാരിച്ച വ്യക്തി നീയാടാ.
ഞാന്‍: അയ്യോ !!! എന്റെ അഞ്ഞൂറ് രുപ.
...

അങ്ങിനെ എന്റെ മണ്ടത്തരങ്ങള്‍ക്ക് ഇന്ന് ഒരു വില വീണിരിക്കുന്നു. അഞ്ഞൂറ് രുപ. ഞാന്‍ പാപ്പരായേ !!!

Friday, May 26, 2006

ആരിഫും തുളസിയും പിന്നെ ഞാനും

ഈ കഥയ്ക്ക് മരിച്ചുപോയ ആരുമായും യാതൊരുവിധ സാമ്യവും ഇല്ലെങ്കിലും ജീവിച്ചിരിക്കുന്ന ചിലരുമായി വളരെയധികം സാമ്യത ഉണ്ടെന്ന് ആദ്യമേ പറഞ്ഞ് കൊള്ളട്ടെ. നിങ്ങള്‍ക്കും അത് തോന്നിയെങ്കില്‍ അത് യാദൃശ്ചികമല്ല. അത് തന്നെയാണ് എന്റെ ഉദ്ദേശ്യവും.

രംഗം 1, സീന്‍ 1, എടുപ്പ് (ടേക്ക്) 1

കഴിഞ്ഞതിന് മുന്‍പത്തെ ആഴ്ചയിലെ വെള്ളിയാഴ്ച. സീന്‍ എന്റെ മുറി. സ്ക്രീനില്‍ എന്റെ മൊബൈല്‍. തികഞ്ഞ നിശബ്ദത. പെട്ടെന്ന് ഫോണ്‍ ശബ്ദിച്ചു. യൂ ആന്റ് ഐ എന്ന ഹച്ചിന്റെ യുഗ്മഗാനം മുറിയില്‍ മുഴങ്ങി.

പെട്ടെന്ന് പിറകില്‍ നിന്ന് ഞാന്‍ രംഗപ്രവേശനം ചെയ്യുന്നു. ഹച്ചിന്റെ പട്ടി ഓടി വരുന്ന പോലെ കിതച്ച് കിതച്ച് വന്ന് ഫോണില്‍ നോക്കുന്നു. വളരെ ദുര്‍ലഭമായി വരുന്ന കോള്‍ അപ്രതീക്ഷിതമായി വരുന്നതിന്റെ സന്തോഷം എന്റെ മുഖത്ത്.

പരിചയം ഉള്ള നമ്പര്‍ അല്ല. കണ്ടിട്ട് എറണാകുളം എസ്.റ്റി.ഡി കോഡ് പോലെ ഉണ്ട്.

ഞാന്‍ ഫോണ്‍ എടുത്തു.

ഞാന്‍: ഹലോ
അപ്പുറം: ഹലോ
ഞാന്‍: ആരാണ്?
അപ്പുറം: ശബ്ദം കേട്ടിട്ട് മനസ്സിലായില്ലേ?
ഞാന്‍: ഇല്ലല്ലോ. ആരാണെന്ന് പറയൂ.
അപ്പുറം: ഒന്ന് ഊഹിച്ച് നോക്കിക്കേ
ഞാന്‍: ദയവായി എന്നോട് എന്റെ തലച്ചോര്‍ ഉപയോഗിക്കാന്‍ മാത്രം പറയരുത്. പിന്നെ എനിക്ക് രണ്ട് ദിവസം തലവേദന തന്നെ ആയിരിക്കും.
അപ്പുറം: എന്നാ‍ലും ...
ഞാന്‍: എസ്.റ്റി.ഡി കോഡ് കണ്ടിട്ട് എറണാകുളം പോലെ ഉണ്ട്. ഒരു ക്ലു തരുമോ?
അപ്പുറം: ഒരു ബ്ലോഗ്ഗര്‍ ആണ്.
ഞാന്‍: അപ്പൊ തുളസി, അല്ലേ?
അപ്പുറം: അതെ.
ഞാന്‍: കണ്ടു പിടിച്ചേ കണ്ടു പിടിച്ചേ
അപ്പുറം: (ചിരി)
ഞാന്‍: എന്തുണ്ട് വിശേഷം, തുളസീ
അപ്പുറം: പ്രത്യേകിച്ച് ഒന്നുമില്ല, വെറുതേ വിളിച്ചതാ.
ഞാന്‍: നീ ഓഫീസില്‍ നിന്നണോ വിളിക്കുന്നത്? രാത്രിയായല്ലോ, തിരക്കാണോ അവിടെ?
അപ്പുറം: ഹ്‌മ്മ്. കുറച്ച്.
ഞാന്‍: ബ്ലോഗ്ഗ് നന്നാവുന്നുണ്ട് കേട്ടോ.
അപ്പുറം: താങ്ക്സ്.
ഞാന്‍: എന്റെ ബ്ലോഗില്‍ കമന്റുകള്‍ ഒന്നും കാണുന്നില്ല. നീ ഇടയ്ക്കിടയ്ക്ക് വന്നിട്ട് അടിപൊളി പോസ്റ്റ് എന്ന്‌ പറഞ്ഞ് സഹായിക്കണം, കേട്ടോ.
അപ്പുറം: എന്നെക്കൊണ്ട് അത്ര വലിയ പാതകം ചെയ്യിപ്പിക്കണോ?
ഞാന്‍: ഒരു ചേതമില്ലാത്ത ഉപകാരം അല്ലേ. എന്നെ ഒന്ന് രക്ഷിച്ചു താടാ.
അപ്പുറം: പിന്നെ, നീ ഡാഫോഡിത്സ് ഗ്രൂപ്പില്‍ എന്തൊക്കെയോ പ്രശ്നമുണ്ടാക്കിയെന്ന് കേട്ടല്ലോ.
ഞാന്‍: നീ ആ ഗ്രൂപ്പില്‍ അംഗമാണോ?
അപ്പുറം: അല്ല. പക്ഷെ ഞാന്‍ അറിഞ്ഞു.
ഞാന്‍: ഇബ്രു ആണോ പറഞ്ഞത്?
അപ്പുറം: അതെ.
ഞാന്‍: പ്രശ്നമൊന്നുമില്ലെടാ‍, ആരിഫ് നാട്ടില്‍ വന്നിട്ടുണ്ടല്ലോ. അപ്പൊ മെയില്‍ വായിക്കുന്നുണ്ടാവില്ല എന്ന വിശ്വാസത്തില്‍ ഞാന്‍ അവനിട്ട് കുറേ പാരകള്‍ ഗ്രൂപ്പില്‍ അയച്ചു. അത്രേയുള്ളൂ.
അപ്പുറം: ആരിഫോ? അതാരാ?
ഞാന്‍: നീ ആറിയില്ലേ ആരിഫിനെ, ആരിഫ് ബ്രഹ്മകുളം?
അപ്പുറം: ഇല്ലല്ലോ? ബ്ലോഗ് ഉണ്ടോ പുള്ളിക്ക്.
ഞാന്‍: ഉണ്ട്. ഇളംതെന്നല്‍ എന്ന പേരിലാ.
അപ്പുറം: അങ്ങിനെ ഒരു ബ്ലോഗോ ! ഞാന്‍ കണ്ടിട്ടില്ല.
ഞാന്‍: അത് അതിശയം തന്നെ കണ്ടിട്ടില്ല എന്ന് പറഞ്ഞാല്‍. നീ കണ്ടിട്ടുണ്ടാകും മറന്നതായിരിക്കും.
അപ്പുറം: ആവോ. ഒട്ടും ഓര്‍മ്മ കിട്ടുന്നില്ല.
ഞാന്‍: ഉള്ളത് പറഞ്ഞാല്‍, ആ ബ്ലോഗ് നീ മറന്നതിലും വലിയ അദ്ഭുതമില്ല. വലിയ നിലവാരം ഒന്നും പുലര്‍ത്താത്ത ഒരു ബ്ലോഗ് ആണ് അത്. ഞാന്‍ തന്നെ പണ്ടെപ്പോഴോ കണ്ടതാ.
അപ്പുറം: എന്നാലും നീ പറഞ്ഞ സ്ഥിതിക്ക് ഞാനൊന്ന് നോക്കാം.
ഞാന്‍: അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. പോരാണ്ട് പണ്ടൊരിക്കല്‍‍ നിന്റെ ബ്ലോഗിന്റെപ്പറ്റി ഞാനവനോട് ചോദിച്ചപ്പോ അവന്‍ മോശം അഭിപ്രായമാണ് പറഞ്ഞത്.
അപ്പുറം: അവന്‍ സത്യത്തില്‍ അങ്ങിനെ പറഞ്ഞോ?
ഞാന്‍: പറഞ്ഞെടാ, നിനക്കെന്നെ വിശ്വാസമില്ലേ?
അപ്പുറം: എന്ന് ചോദിച്ചാല്‍,... ആട്ടെ, അവനെന്ത് പാരയാണ് ഗ്രൂപ്പില്‍ നീ വച്ചത്?
ഞാന്‍: അവന്റെ മറുപടി പെട്ടെന്ന് വരില്ലെന്ന് ഉറപ്പല്ലേ, അത് കൊണ്ട് അവന്‍ ആള്‍ ഒരു നുണയനും, പരദൂഷണക്കാരനും, വിവരം കെട്ടവനും ആണെന്നൊക്കെ ഞാന്‍ ഗ്രുപ്പിലിട്ടു.
അപ്പുറം: അയ്യോ !!!
ഞാന്‍: നീ എന്തിനാ ഞെട്ടുന്നത്?
അപ്പുറം: എന്നാലും ഒരു ബ്ലോഗ്ഗറെക്കുറിച്ച് നീ ...
ഞാന്‍: അതിന് നീ ഇപ്പോഴേ ഞെട്ടിയാലോ, ഞാന്‍ തുടങ്ങിയിട്ടേ ഉള്ളൂ. അവനിനിയും പാരകള്‍ വരുന്നുണ്ട് എന്റെ വക.
അപ്പുറം: ഇനി എന്താ പരിപാടി?
ഞാന്‍: ഇനിയും എന്തെല്ലാം ചെയ്യാന്‍ കിടക്കുന്നു. അവന്റെ ബ്ലോഗുകള്‍ മുഴുവനും മോഷണമാണെന്നും, മഹാ പറ്റിപ്പ് കേസാണെന്നും ഒക്കെ ഞാന്‍ പറയാന്‍ കിടക്കുന്നു.
അപ്പുറം: അവനിതറിഞ്ഞാല്‍ ...
ഞാന്‍: അവന്‍ കുറെ കഴിഞ്ഞല്ലേ അറിയൂ. അപ്പോഴേക്കും ഞാന്‍ ഇതൊക്കെ ഒരു തമാശയല്ലേ ചേട്ടാ എന്ന് പറഞ്ഞ് സോപ്പിട്ട് ഊരൂലേ.
അപ്പുറം: എടാ പഹയാ. നിന്റെ മൊത്തം കുരുട്ട് ബുദ്ധി ആണല്ലോ.
ഞാന്‍: ഹി ഹി. എന്നെ സമ്മതിക്കണം.
അപ്പുറം: അത് വേണം. നിനക്ക് ഞാന്‍ ആരാന്ന് മനസ്സിലായോ?
ഞാന്‍: നീ തുളസിയല്ലേ?
അപ്പുറം: എടാ മണ്ടന്മാരുടെ രാജാവേ, ഞാന്‍ ആരിഫാടാ.

സീന്‍ ഇവിടെ തീരുന്നു, എടുപ്പും. രംഗം തീരുന്നില്ല, എന്റെ കഷ്ടകാലവും. പിന്നീട്‌ അവിടെ നടന്ന സംഭാഷണം ഞാന്‍ നിങ്ങളുടെ യുക്തിക്ക് വിട്ട് തരുന്നു.

***

ആരിഫിന്റെ നിര്‍ബന്ധപ്രകാരം ഈ സംഭാഷണം ഇവിടെ ഇടുന്നു. ഈ ചമ്മല്‍ മാറിയിട്ടേ ഇവിടെ ഇടുന്നുള്ളൂ എന്ന് അവനോട് പറഞ്ഞത് ഞാന്‍ പാലിക്കുന്നില്ല. ഈ ചമ്മല്‍ എനിക്ക് ഈ ജന്മം മാറുമെന്ന് തോന്നുന്നില്ല. ആരിഫിന് എന്നെ അറിയാവുന്നതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല എന്ന് പ്രത്യേകം പറഞ്ഞ് കൊള്ളട്ടെ. ഇടയിലേക്ക് അനാവശ്യമായി വലിച്ചിഴച്ച ഇബ്രുവിനോടും തുളസിയോടും എന്റെ ക്ഷമാപണം.

Monday, May 22, 2006

ടൈ കെട്ടിയ മണ്ടത്തരം

പതിനെട്ട് തികഞ്ഞ ആര്‍ക്കും തോന്നുന്നത് തന്നെ എനിക്കും തോന്നി അക്കാലത്ത്. തെറ്റിദ്ധരിക്കല്ലേ, വാഹനമോടിക്കാനുള്ള ലൈസന്‍സിന്റെ കാര്യമാണ് ഞാന്‍ ഉദ്ദേശിച്ചത്. അത് മാത്രമോ, ആ സമയത്ത് വരുന്ന ആഗ്രഹങ്ങള്‍ക്ക് വല്ല കയ്യും കണക്കുമുണ്ടോ? പാസ്സ്പോര്‍ട്ടും വേണം എനിക്ക് അപ്പോള്‍ തന്നെ. അതും പ്രായമായി ഒരു ബന്ധവുമില്ല എന്ന് ശരിവയ്ക്കുന്നു. എന്ന് വച്ച് ആഗ്രഹിക്കാന്‍ പാടില്ല എന്നുണ്ടോ.

പോരാണ്ട് മറ്റ് ചില ആവശ്യങ്ങളും. പുതിയ കോളേജില്‍ ചേര്‍ന്നു. അപ്പോള്‍ ഐഡന്റിറ്റി കാര്‍ഡ് വേണം. പിന്നെ ബസ്സില്‍ കണ്‍സഷനുള്ള കാര്‍ഡും എടുക്കണം. എല്ലാം കൂടി പല പല ആവശ്യങ്ങള്‍, പക്ഷെ വേണ്ടത് ഒരേഒരു കാര്യം, ഇല്ലാത്തതും അത് തന്നെ. പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ.

അങ്ങിനെ ആണ് ഒരു സുപ്രഭാതത്തില്‍ ഞാന്‍ ഫോട്ടോ എടുക്കാന്‍ പോകുന്നത് എറണാകുളം ഭവന്‍സ് സ്റ്റുഡിയോയില്‍. അവിടെ ചെന്നു, ആവശ്യമറിയിച്ചു, അവര്‍ എനിക്ക് മേക്കപ്പ് മുറി കാണിച്ചു തന്ന് തയ്യാറായി വരാന്‍ പറഞ്ഞു.

അവിടെയാണെങ്കില്‍ ആവശ്യത്തിലധികം പൌഡര്‍ ഉണ്ടായിരുന്നത് കൊണ്ട് കുറച്ച് സമയം കൊണ്ട് ഞാനൊന്ന് വെളുത്തു. മുടിയും ഒക്കെ ഒതുക്കി വച്ച് ഫോട്ടോ എടുക്കാന്‍ പാകത്തിന് മേക്കപ്പ് മുറിയില്‍ നിന്ന് ഇറങ്ങാന്‍ നേരത്താണ് ഞാനത് കാണുന്നത്.

ഫോട്ടോ എടുക്കാന്‍ വരുന്നവര്‍ക്ക് അണിയാന്‍ കോട്ടും ടൈയും മറ്റ് യൂണിഫോമുകളും. കോട്ടും ടൈയും ഉപയോഗിക്കാന്‍ ആദ്യമായി കിട്ടുന്ന അവസരം. അതിട്ട് ഫോട്ടോ എടുത്താല്‍, അത് കാണിച്ച് കൂട്ടുകാരുടെ മുന്നില്‍ ഒന്ന് തിളങ്ങുകയും ചെയ്യാം. ടൈയും കോട്ടും ഒക്കെയുള്ള ഫോട്ടൊ വച്ച കണ്‍സഷന്‍ കാര്‍ഡ് കാണിച്ചാല്‍ ബസ്സ് കണ്ടക്റ്റര്‍ക്ക് ഒരു ബഹുമാനവും തോന്നിയാലോ? ഒന്ന് ശ്രമിച്ചിട്ട് തന്നെ ബാക്കിക്കാര്യം.

ടൈ കെട്ടുന്നത് ടി.വി.-യില്‍ എന്നോ കണ്ട പരിചയം മാത്രം. എനിക്ക് നല്ല ബുദ്ധിയും ഓര്‍മ്മശക്തിയും ഉള്ളത് കൊണ്ട് കുഴപ്പമില്ല. ടൈ എടുത്ത് കഴുത്തിന് മുകളില്‍ കൂടി ഇട്ട്, മുന്നില്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും പാമ്പിന്റെ സഞ്ചാരപഥം പോലെ ഓടിച്ച്, ടൈ ഒരു വിധത്തില്‍ ശരിയാക്കി. കോട്ട് ഇട്ട് നോക്കി. ശ്ശെടാ, ഒരു മമ്മൂട്ടി ലുക്ക്; പക്ഷെ പൊന്തന്മാട എന്ന സിനിമയിലെ ആണെന്ന് മാത്രം. അത് എടുത്ത അതേ സ്പീഡില്‍ തന്നെ തിരിച്ചും വച്ചു.

ടൈ കിടക്കട്ടെ. അത് വലിയ വലിയ ആള്‍ക്കാര്‍ ഇടുന്ന സാധനമാ. കണ്ഠകൌപീനം എന്നൊക്കെ അസൂയക്കാര്‍ പറയും. ഞാന്‍ എന്തായാലും ഇത് ഊരുന്നില്ല തല്‍ക്കാലം, ന്‍‌ഹാ.

അകത്ത് പോയപ്പോ ഉള്ള ആളല്ലല്ലോ തിരിച്ച് വരുന്നത് എന്ന മട്ടില്‍ ഫോട്ടോഗ്രാഫറുടെ ഒരു നോട്ടം. എന്റെ വെളുത്ത മുഖം അങ്ങേര്‍ക്ക് പിടിച്ചില്ലെന്നാ തോന്നുന്നേ. പിന്നേ, അങ്ങേരല്ലേ കാശ് കൊടുത്ത് അവിടെ പൌഡര്‍ വാങ്ങി വച്ചിരിക്കുന്നത്.

എന്നെ ഒരു സ്റ്റൂളില്‍ പിടിച്ചിരുത്തി ശ്വാസം ഒന്ന് വലിച്ച് വിട്ട് റിലാക്സ് ആയി ഇരിക്കാന്‍ പറഞ്ഞു ഫോട്ടൊച്ചേട്ടന്‍. അപ്പോഴാണ് ആ ദുരന്തസത്യം ഞാന്‍ മനസ്സിലാക്കുന്നത്.

എന്റെ ശ്വാസം പുറത്തേക്ക് പോകുന്നില്ല.

ആ ടൈ അത്രയ്ക്ക് മുറുകിയിരിക്കുന്നു. ഇടയില്‍കൂടെ വിരലിട്ട് ഊരാന്‍ നോക്കി. ഊരാന്‍ശ്രമിക്കുംതോറും കൂടുതല്‍ മുറുകുന്നു. എന്റെ പെടാപ്പാട് കണ്ട് ഉള്ളില്‍ വന്ന ചിരി പുറത്ത് കാണിക്കാതെ ഫോട്ടോചേട്ടന്‍ പറഞ്ഞു, നേരെ നില്‍ക്ക് ഒരു നിമിഷം ശ്വാസം പിടിച്ച്. ഫോട്ടോ പെട്ടെന്നെടുത്തേക്കാം. എന്നിട്ട് എങ്ങിനെയെങ്കിലും കെട്ട് ഊരാം.

അപ്പോഴേക്കും എന്റെ ശ്വാസം നിലച്ചിട്ട് ഒരു മിനിട്ടോളമാകുന്നു. എങ്ങിനെയോ ധൈര്യം സംഭരിച്ച് ക്യാമറയ്ക്ക് മുന്നില്‍ നിന്നു. സ്മൈല്‍ പ്ലീസ് എന്ന് പറയുന്നത് കേട്ട് ചിരിക്കാന്‍ ഒന്ന് ശ്രമിച്ചു. അതും ഹൃദയത്തില്‍ നിന്ന് വന്ന് ആ ടൈയില്‍ കുടുങ്ങി നിന്നു. മുഖത്തേക്ക് വന്നില്ല.

മുന്നേ തേച്ച പൌഡറിന്റെ ഗുണത്താല്‍ ലൈറ്റ് ഒന്നും ശരിയാക്കേണ്ടി വന്നില്ല. മുഖം നല്ല വെണ്ണക്കല്ല് പോലെ വിളങ്ങി നിന്നു. ഫോട്ടൊ എടുത്ത ഉടന്‍ സ്റ്റുഡിയൊ ജീവനക്കാര്‍ ഒരു കത്രിക കൊണ്ട് വന്ന് ടൈ മുറിച്ച് തന്നു. എന്റെ ശ്വാസം തിരിച്ച് കിട്ടിയപ്പോള്‍ തന്നെ അവര്‍ക്ക് ശ്വാസം പോയിത്തുടങ്ങി, ചിരിച്ചിട്ട്. ഒരുതരത്തില്‍ അവിടുന്നു പിന്നെ രക്ഷപ്പെടുകയായിരുന്നു.

അന്നെടുത്ത ഫോട്ടൊ ദാ ഇവിടെ. ഈ ഫോട്ടൊ, എന്റെ യാഹൂ ആല്‍ബത്തിലല്ലാതെ വേറെ എവിടേയും ഞാന്‍ ഉപയോഗിച്ചിട്ടില്ല. അതിനുള്ള തൊലിക്കട്ടി ഇത് വരെ കിട്ടിയില്ല. ഈ പോസ്റ്റ്, ഈ ഫോട്ടൊ കണ്ട് പൊട്ടിപ്പൊട്ടി ചിരിച്ച L G-ക്ക്.

Wednesday, May 17, 2006

ഹൌസ്‌ഓണറും ഓസിന് കിട്ടിയ ഭക്ഷണവും

ഓണര്‍ നല്ല ഓണര്‍
എന്ത് നല്ല ഓണര്‍
കുക്കില്ലാത്ത ദിവസം
ഫുഡുണ്ടാക്കി തന്നു.

ഹൌസ് ഓണറെ പറ്റി നല്ല മതിപ്പായിപ്പോയി അന്ന്. കുക്ക് വന്നില്ല എന്ന് രാവിലെ എങ്ങിനേയോ അറിഞ്ഞ് വൈകുന്നേരം എനിക്കും സഹമുറിയനും വേണ്ട ഭക്ഷണം ഉണ്ടാക്കി കൊടുത്തയച്ചിരിക്കുന്നു. എന്ത് നല്ല ഹൌസ് ഓണര്‍.

പാത്രങ്ങള്‍ കുറേ എണ്ണം ഉണ്ട്. ഒരോന്നായി തുറന്ന് നോക്കി.

ആദ്യത്തേതില്‍ ലെമണ്‍ റൈസ്. അതു തുറന്നത് പോലെ അടച്ച് വച്ചു. എനിക്കും എന്റെ സഹമുറിയനും ലെമണ്‍ റൈസ്, പുളിയോഗരെ, കോക്കനട്ട് റൈസ് എന്നീ കന്നഡ ഡെലിക്കസീസ് കണ്ടു കുട. ചുവന്നരിച്ചോറ്, അല്ലേല്‍ വെളുത്ത‌അരി, പിന്നെ ബാസ്മതി അരിയും. ബാക്കി എന്ത് കണ്ടാലും ഒന്നുകില്‍ ഞങ്ങള്‍ ഓടും അല്ലെങ്കില്‍ അത് കൊണ്ട് വരുന്നവനെ ഓടിക്കും.

രണ്ടാമത്തെ പാത്രത്തില്‍ സാമ്പാര്‍. ഒരിത്തിരി എടുത്ത് രുചി നോക്കി. നല്ല മധുരം. അല്ലെങ്കിലും കര്‍ണാടകയില്‍ ഇങ്ങനെയാ, എല്ലാത്തിലും ശര്‍ക്കര കലക്കും. അതില്ലാതെ അവര്‍ക്ക് പറ്റില്ല. ഇന്നാള് ഏതോ ഒരു ഹോട്ടലില്‍ പോയി ഊണ്‌ കഴിച്ചപ്പോള്‍ അവിടത്തെ അച്ചാറിനും ഉണ്ട് മധുരം. ശിവ ശിവ. മധുരസാമ്പാറും വേണ്ടേ വെണ്ടേ. അതും അടച്ചു വച്ചു.

പിന്നെ ഒരു പാത്രത്തില്‍ എന്തോ ഒരു തോരന്‍. ചോറും സാമ്പാറും ഇല്ലാതെ തോരന്‍ കഴിക്കുന്നത്തെങ്ങിനാ, ആ പാത്രവും അടച്ചു. ഇനി ഒരു പാത്രവും കൂടി.

അതില്‍ ചിക്കന്‍ തന്നെ ആയിരിക്കും, അതിന്റെ ഒരു ഭാഗത്ത് മസാല ഒഴുകിയ പാട് കാണാനുണ്ട്. കാവിലമ്മയെ മനസ്സില്‍ ധ്യാനിച്ചു കൊണ്ട് പാത്രം തുറന്നു. ഭാഗ്യം, ചിക്കന്‍ തന്നെ. പക്ഷെ രുചി നോക്കിയപ്പൊ അയ്യോന്ന് വിളിച്ചു പോയി. പായസത്തില്‍ ചിക്കന്‍ കഷ്ണം ഇട്ടപോലെ. അതിലും മധുരമയം. ഞങ്ങളുടെ കൊതി ആവിയായി കാറ്റിലലിഞ്ഞു. ആ പാത്രവും ഞങ്ങള്‍ക്ക് അടച്ച് വയ്ക്കേണ്ടി വന്നു.

വന്ന ദേഷ്യത്തിന് ആ പാത്രങ്ങള്‍ ഞങ്ങള്‍ ചപ്പു് ചവറുകള്‍ കൂട്ടിയിട്ടിരിക്കുന്ന മൂലയ്ക്കിട്ട് പുറത്ത് ഊണ് കഴിക്കാന്‍ പോയി. ഊണ് കഴിച്ച് തിരിച്ച് വന്ന ഉടനേ ഹിപ്പൊപ്പൊട്ടാമസ്സിനെപ്പോലെ കിടന്ന് ഉറങ്ങുകയും ചെയ്തു.

അന്നൊരു വ്യാഴാഴ്ച ആയിരുന്നു. പിറ്റേന്ന് വെള്ളിയാഴ്ച ഒരു ബന്ധുവിന്റെ കല്യാണം പ്രമാണിച്ച് എനിക്ക് നാട്ടില്‍ പോകേണ്ട ആവശ്യം വന്നു. എന്റെ സഹമുറിയന് തിരുവനന്തപുരത്ത് ഒരു ട്രൈനിങ്ങ് പ്രമാണിച്ച് അവനും പോയി. രണ്ടാളും തിരിച്ച് വന്നത് മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞ്.

കുക്ക് അപ്പോഴും വന്നിട്ടുണ്ടായിരുന്നില്ല. ഞങ്ങള്‍ അത്താഴം സ്ഥിരമായി പുറത്ത് നിന്നുമാക്കി. സ്ഥിരം ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നത് മുതലാകില്ല എന്ന് കണ്ട് ഓണര്‍ അത് തരുന്നതും നിര്‍ത്തി. മധുരതരമായ അത്താഴം കഴിക്കാന്‍ താല്പര്യമില്ലാത്ത് കാരണം ഫ്രീ ഭക്ഷണം കിട്ടാഞ്ഞിട്ടും ഞങ്ങള്‍ ഹാപ്പി.

ആഴ്ച ഒന്നങ്ങിനെ കഴിഞ്ഞു. ചവറുകള്‍ കൂട്ടിയിട്ടിരിക്കുന്നിടത്ത് നിന്ന് സഹിക്കാന്‍ വയ്യാത്ത് ദുര്‍ഗന്ധം വന്ന് തുടങ്ങിയപ്പോഴാണ് പണ്ട് തന്ന ഭക്ഷണപാത്രങ്ങള്‍ അതിന്റെ അടിയില്‍ ഉള്ള കാര്യം ഓര്‍ത്തത്. അതിന്റെ ആ പരിസരപ്രദേശത്തേക്കെങ്ങും അടുക്കാന്‍ പറ്റുന്നില്ല. അതിനു മുന്നേ ഓക്കാനം വരുന്നു. വീട്ടിലേയ്ക്കേ അടുക്കാന്‍ പറ്റാത്ത സ്ഥിതി.

മൂക്കിനകത്തും പുറത്തും വിക്സും അമൃതാഞ്ജനും ചേര്‍ന്ന മിശ്രിതം തേച്ച് പിടിപ്പിച്ച്, ഇനി വേറെ ഒരു മണവും അകത്ത് കേറില്ലെന്ന് ഉറപ്പിച്ച്, മൂക്കിനു പുറത്ത് തുണിയുടെ ഒരു മറയും കെട്ടി ഇല്ലാത്ത് ധൈര്യവും സംഭരിച്ച് ചവറുകൂനയുടെ അടിയില്‍ നിന്ന പാത്രങ്ങള്‍ നാലും ഞങ്ങള്‍ പൊക്കിയെടുത്തു. ഇത്ര ദുര്‍ഗന്ധം വമിക്കുന്ന സാധനം പുറത്തെങ്ങും കൊണ്ടുപോയി കളയാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ അത് ക്ലോസറ്റില്‍ ഒഴിക്കിക്കളയാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

ബാത്ത്‌റൂമില്‍ ചെന്ന് ആദ്യത്തെ പാത്രം തുറന്നു. തുറക്കേണ്ട താമസം അതില്‍ നിന്നു നൂഡിത്സ് പോലെ കൊച്ച് കൊച്ച് പുഴുക്കളും കൃമികീടങ്ങളും പുറത്ത് ചാടി. അത് വരെ പിടിച്ച് നിന്നതൊക്കെ അവിടെപ്പോയി. കാവിലമ്മ കൈവിട്ടു. രണ്ടാളും ചര്‍ദ്ദി തുടങ്ങി.

ആ പാത്രം തന്നതിന് ശേഷം ഞങ്ങള്‍ കഴിച്ച സകല ഭക്ഷണവും അന്നു ഞങ്ങള്‍ വെളിയില്‍ തള്ളി. എന്നിട്ടും നിന്നില്ല. അടുത്ത രണ്ടു ദിവസം ഞങ്ങള്‍ക്ക് ഭക്ഷണം എന്ന് കേട്ടാല്‍ തന്നെ ഓക്കാനം വരുമായിരുന്നു. ജ്യൂസ് കുടിച്ചാലും ജീവന്‍ നിലനിര്‍ത്താം എന്ന് ഞങ്ങള്‍ക്ക് മനസ്സിലായ ദിവസങ്ങളായിരുന്നു പിന്നീട്.

ഓട കഴുകി വൃത്തിയാക്കുന്ന ഒരാളെ വിളിച്ച് കൊണ്ട് വന്നാണ് ആ പാത്രങ്ങള്‍ ഞങ്ങള്‍ പിന്നീട് വൃത്തിയാക്കിയത്. നേരത്തേ പറഞ്ഞുറപ്പിച്ചതിന്റെ ഇരട്ടി കാശ് കൊടുത്തതിനുപുറമേ അങ്ങേരുടെ പുച്ഛം നിറഞ്ഞ നോട്ടവും കാണേണ്ടി വന്നെങ്കിലും സാരമില്ല, അപകടം ഒഴിവായിക്കിട്ടിയല്ലോ.

എന്തായാലും ആ പാത്രങ്ങള്‍ ഇപ്പോഴും വീട്ടില്‍ അലമാരയില്‍ തന്നെ ഉണ്ട്. പഴയ ഓര്‍മ്മക്ക് മാത്രമായി വച്ചതല്ല. അത് തിരിച്ച് കൊടുത്താല്‍ ചിലപ്പോല്‍ ഇനി എന്നെങ്കിലും ഹൌസ്‌ഓണര്‍ക്ക് ഇനിയും ഭക്ഷണം കൊടുത്തയക്കണമെന്ന് തോന്നിയാലോ? ആ കുക്ക് ഇതു വരെ വന്നിട്ടില്ലേയ്.

Thursday, May 11, 2006

ഓറക്കിളും എന്റെ ലാഭക്കൊതിയും

ഇംഗ്ലീഷ് അറിയാത്തവന് ഡിക്ഷണറി കിട്ടുന്ന പോലെ ആയിരുന്നു എനിക്ക് കമ്പ്യൂട്ടര്‍ കിട്ടിയപ്പോള്‍. കമ്പ്യൂട്ടര്‍ പഠനം തുടങ്ങിയ കാലത്ത് “കിട്ടിയേ തീരൂ, കിട്ടിയേ തീരൂ”, എന്ന് വീട്ടില്‍ സമരം നടത്തിയതിന്റേയും അതിന്റെ പേരില്‍ ശബ്ദമലിനീകരണം നടത്തി പൊല്യൂഷന്‍ കണ്ട്രോള്‍ ഓഫീസില്‍ ജോലി ചെയ്യുന്ന അച്ചന്റെ സ്വൈര്യം കെടുത്തിയതിന്റേയും ഫലമായിരുന്നു വീട്ടില്‍ വന്ന കമ്പ്യൂട്ടര്‍.

സിനിമ കാണാനും പാട്ട് കേള്‍ക്കാനും മാത്രം അറിയാവുന്ന എനിക്ക്, കമ്പ്യൂട്ടര്‍ ആദ്യം കയ്യില്‍ കിട്ടുന്ന ആരും ചെയ്ത് പോകുന്ന ഒരു കാര്യം ചെയ്യല്‍ ഒരു ഹരമായി. ലോകത്തുള്ള സകല സോഫ്റ്റ്വേറും അതില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക എന്നത്.

ഓടി നടന്ന്, കൂട്ടുകാരുടെ എല്ലാവരുടേയും കയ്യിലുള്ള എല്ലാ സി.ഡി-യും തപ്പിയെടുത്ത് മുഴുവനും ഞാന്‍ വീട്ടിലുള്ള കമ്പ്യൂട്ടറില്‍‍ ഇന്‍സ്റ്റാള്‍ ചെയ്തു. മുഴുവന്‍ എന്ന് പറഞ്ഞ് കൂടാ. ഒന്നു മാത്രം ആരുടേയും കയ്യില്‍ ഉണ്ടായിരുന്നില്ല.

ഓറക്കിള്‍.

അത് മാത്രം വിടുന്നതെങ്ങിനെ? ഓറക്കിള്‍ എന്ന് കേട്ട് മാത്രമേ പരിചയും ഉള്ളൂ, എന്നാലും എനിക്കതും വേണം. എല്ലാ സുഹൃത്തുക്കളേയും വിളിച്ച് ചോദിച്ചു. ആരുടേയും കയ്യിലില്ല. ഇനി ഏതെങ്കിലും സി.ഡി.ഷോപ്പില്‍ ചെന്ന് ബേണ്‍ ചെയ്തെടുക്കുക തന്നെ ശരണം.

അടുത്തുള്ള ഒരു ഷോപ്പില്‍ പോയി ഉദ്ദേശം അറിയിച്ചു. അവരുടെ കയ്യില്‍ സാധനം ഇരുപ്പുണ്ട്. ചെയ്ത് തരാം എന്നും പറഞ്ഞു. എന്നോട് ഏത് സി.ഡി വേണമെന്ന് ചോദിച്ചു.

അവിടെ 15 രൂപയുടെ ഡൂക്കിലി സി.ഡി-യും 20-രൂപയുടെ നല്ല സി.ഡി.യും ആയിരുന്നു ഉണ്ടായിരുന്നത്. ഞാന്‍ വിചാരിച്ചു, എന്തിന് അഞ്ച് രുപ കളയണം? സി.ഡി. ഏതായലെന്താ. ശരി. പതിനഞ്ചിന്റെ മതി.

അങ്ങിനെ അവര്‍ ഓറക്കിള്‍ ആ സി.ഡി.യില്‍ എഴുതി തന്നു. ഞാന്‍ അതുമായി വീട്ടില്‍ എത്തി അത് ഇന്‍സ്റ്റാള്‍ ചെയ്യാനും തുടങ്ങി.

സി.ഡി ഇട്ടു, ഇന്‍സ്റ്റാളും ക്ലിക്ക് ചെയ്ത് ഞാന്‍ ചായ കുടിക്കാന്‍ പോയി. കുറേ നേരം എടുക്കുമല്ലോ അത് ഇന്‍സ്റ്റാള്‍ ആവാന്‍. അതു വരെ ബോര്‍ അടിച്ചിരിക്കുന്നതെന്തിനാ എന്ന് കരുതി.

അര മണിക്കൂര്‍ കഴിഞ്ഞ് തിരിച്ച് വന്നപ്പോഴും സംഭവം കഴിഞ്ഞിട്ടില്ല. പകുതിപോലും ആയിട്ടില്ല എന്നതാണ് ശരി. മാത്രമല്ല സി.ഡി കറങ്ങുന്നതിന്റെ ശബ്ദം അതിന്റെ ഉച്ചസ്ഥായിയിലെത്തുകയും ചെയ്തു. വീട്ടിലെ ഫാനിനേക്കാള്‍ ഒച്ചയുണ്ടാക്കിക്കൊണ്ടായി അതിന്റെ കറക്കം. സ്വല്പം പേടി ആകാതിരുന്നില്ല. പിന്നെ, സി.ഡി അല്ലേ, കറങ്ങാനായി ജനിച്ചവനല്ലേ, കറങ്ങട്ടെ എന്ന് കരുതി.

ഇപ്പൊ ഓറക്കിള്‍ ഇന്‍സ്റ്റാള്‍ ആകും, എന്നിട്ട് ഞാനതില്‍ കേറി കളിക്കും എന്നൊക്കെ സ്വപ്നം കണ്ട് ഞാന്‍ അതിന്റെ മുന്നില്‍ അങ്ങിനെ ഇരുന്നു. എന്നെ പകല്‍സ്വപ്നത്തില്‍ നിന്ന് ഉണര്‍ത്തിയത് ഒരു ശബ്ദമായിരുന്നു.

ഠോ

അല്ല. ആരും എന്നെ ഉണര്‍ത്താന്‍ മനപ്പൂര്‍വ്വം ചെയ്തതല്ല. മനുഷ്യന്റെ ശബ്ദമല്ല. ഞാന്‍ എന്റെ ദേഹം ഒന്ന് പരിശോധിച്ചു. ഇല്ല, ചോര ഇല്ല. അപ്പോ ആരും വെടിവച്ചതല്ല. പടക്കം പൊട്ടിച്ചതും ആകാന്‍ വഴിയില്ല, വിഷുവും തിരഞ്ഞെടുപ്പും ഒക്കെ നേരത്തേ കഴിഞ്ഞു. പിന്നെ എന്താണാവോ.

അപ്പോഴാണ് ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചത്. സി.ഡി-യുടെ ഒച്ച നിന്നിരിക്കുന്നു. അയ്യോ. എന്റെ സി.ഡി. പൊട്ടിത്തേറിച്ചേ, നാട്ടുകാരേ ഓടിവരണേ.

സി.ഡി പുറത്തേക്കെടുക്കാന്‍ നോക്കി ഞാന്‍. കുപ്പിച്ചില്ലിന്റെ മുകളില്‍ കയറി ചവുട്ടുന്നതിന്റെ ശബ്ദം മാത്രം അകത്തു നിന്ന്. സി.ഡി പുറത്തേക്ക് വരുന്നില്ല.

കമ്പ്യൂട്ടര്‍ ഓഫ് ചെയ്ത് സി.ഡി.ഡ്രൈവ് ഊരിയെടുത്ത് പിന്നും കോമ്പസ്സും ഒക്കെ ഇട്ട് കുത്തിത്തുറക്കാന്‍ നോക്കി. നോ രക്ഷ. സ്ക്രൂ ഒക്കെ ഊരി നോക്കി. എന്നിട്ടും ഡ്രൈവ് മുഴുവനായി തുറന്നില്ല. കൂടുതല്‍ പണിതാല്‍ നന്നാക്കാ‍ന്‍ പറ്റാത്ത വിധം കേടായലോ എന്ന പേടിയും; അല്ല, അങ്ങിനെ ആണേ അനുഭവം.

പിന്നെ ഈ സി.ഡി. ഡ്രൈവും താങ്ങിപ്പിടിച്ച്, കമ്പ്യൂട്ടര്‍ വാങ്ങിയ കടയില്‍ തന്നെ കൊണ്ട് പോയി നന്നാക്കാന്‍ കൊടുക്കേണ്ടി വന്നു. എന്റെ ഒരു പണിയും അതിനോട് വിലപോയില്ല. എന്റെ പരീക്ഷണങ്ങള്‍ക്കിടയില്‍ അതിന്റെ ഗ്വാരന്റിക്കുള്ള സീല്‍ കേടു വന്നതിനാല്‍ ഫ്രീ ആയി അവര്‍ അത് ശരിയാക്കിത്തന്നുമില്ല. റിപ്പേര്‍ ചാര്‍ജ്ജ് ആയി ഇരുന്നൂറ് രൂപ കൊടുക്കേണ്ടി വന്നു.

അങ്ങിനെ അഞ്ച് രുപ ലാഭിക്കാന്‍ പോയ ഞാന്‍ ഇരുന്നൂറ് രൂപ നഷ്ടത്തില്‍ കൊണ്ട് ചെന്ന് അവസാനിപ്പിച്ചു എന്റെ ഓറക്കിള്‍ കൊതി. 4000 ശതമാനം നഷ്ടം. അതില്‍ പിന്നെ ഇന്നേവരെ എന്റെ കമ്പ്യൂട്ടര്‍ ഓറക്കിള്‍ കണ്ടിട്ടില്ല, എന്തിന് അവന്റെ മുന്നില്‍ വച്ച് ഞാന്‍ മിണ്ടീട്ട് പോലുമില്ല. പാവത്തിന്റെ പഴയ മുറിവ് ഉണങ്ങിയിട്ടില്ലെങ്കിലോ.

Monday, May 08, 2006

മറിയയുടെ ഡിസ്കും എന്റെ ഡ്രൈവും

എന്നാലും എന്റെ സഹമുറിയന്‍ ഇങ്ങനെ ഒരു പാര പണിയുമെന്ന് വിചാരിച്ചില്ല. കാശെത്രയാ എന്റെ പോയത്? അത് മാത്രമോ, എന്റെ സമയവും കളഞ്ഞു, എന്നിട്ടോ? വിചാരിച്ച കാര്യം ഒട്ടും നടന്നുമില്ല.

അവന്‍ ഇന്നലെ രാവിലെ ആരെയോ കാണാ‍നുണ്ടെന്നും പറഞ്ഞ് ഇറങ്ങിപ്പോയപ്പൊ, ദിവസം മുഴുവന്‍ കിടന്നുറങ്ങാമല്ലോ എന്ന സമത്വസുന്ദരമായ ഒരു സ്വപ്നമായിരുന്നു മനസ്സില്‍. വൈകുന്നേരം വരെ അത് ഞാന്‍ അസ്സലായി പൂര്‍ത്തീകരിക്കുകയും ചെയ്തു. എത്ര മനോഹരമായിരുന്നു ഇന്നലത്തെ ഞായറാഴ്ച്ച, അവന്‍ തിരിച്ച് വരുന്നത് വരെ.

അവന്‍ തിരിച്ച് വന്നത് ഒരു വെടിക്കെട്ട് സാധനം കൊണ്ടായിരുന്നു. പടക്കം ഒന്നുമല്ല, അതു പോലത്തെ ഒരാളുടെ ചിത്രങ്ങള്‍. ആരുടേതാണെന്നോ, മറിയ ശരപ്പോവയുടെ. അവനെ കാണാന്‍ നാട്ടില്‍ നിന്നു വന്ന ഒരു ആത്മസുഹൃത്ത്, അങ്ങിനെ കുറേ ഇക്കിളി ചിത്രങ്ങള്‍ അടങ്ങിയ ഒരു ഫ്ലോപ്പി ഡിസ്ക് കൊടുത്തിട്ടാണ് മടങ്ങിയത്. അദ്ദേഹത്തിന് വന്ദനം. അറ്റാച്ച്മെന്റ് ആയി ഒരുകോടി നന്ദിയും.

ചക്കക്കൂട്ടാന്‍ കണ്ട ഗ്രഹണിപിടിച്ച പിള്ളേരെപ്പോലെ ഞങ്ങള്‍ രണ്ട്പേരും കമ്പ്യൂട്ടറില്‍ ചാടി വീണപ്പോള്‍, ഞങ്ങളുടെ ഗ്രഹനില മോശം. വൈദ്യുതി ഇല്ല. പിന്നെ അത് വരുന്നവരെ ഉള്ള അര മണിക്കൂര്‍ ഞങ്ങള്‍ കഴിച്ച്കൂട്ടിയത് ഭക്ഷണപ്പൊതി കാത്തിരിക്കുന്ന ദുരിതാശ്വാസക്യാമ്പിലെ കുട്ടികളെപ്പോലെ ആയിരുന്നു.

കാത്ത്കാത്ത് ഇരുന്ന്, സകലദൈവങ്ങളേയും വിളിച്ച്, ഒന്ന് രണ്ട് അല്ലറ ചില്ലറ നേര്‍ച്ചകളും നേര്‍ന്ന് അവസാനം കരണ്ട് വന്നപ്പോഴോ, ഫ്ലോപ്പി റീഡ് ആകുന്നില്ല കമ്പ്യൂട്ടറില്‍. സാധുക്കള്‍ രണ്ട് പേര്‍ കൊടുത്ത ഫോപ്പി കമ്പൂട്ടര്‍ അസാധു ആണെന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും ഈ ഇരുപത്തിമൂന്നാം മണിക്കൂറില്‍. ആകെ കൊതിച്ചും പോയല്ലോ.

ഫ്ലോപ്പി ഡ്രൈവ് ഒന്നു ചൂടാക്കി നോക്കിയാലോ. അല്ലെങ്കില്‍ വേറെ നല്ല ഫ്ലോപ്പി ഇട്ട് അതിനെ റീഡ് ചെയ്യിപ്പിച്ച്, പതുക്കെ ആരും അറിയാത്ത പോലെ ഈ ഫോപ്പി ഇട്ടുനോക്കാം. ഐഡിയ !!! ഇന്ന് ഈ കമ്പ്യൂട്ടറിനെ പറ്റിച്ചിട്ട് തന്നെ കാര്യം.

കയ്യില്‍ കിടന്നിരുന്ന ഒന്ന് രണ്ട് പഴയ ഫോപ്പികള്‍ തപ്പിപ്പിടിച്ച് കൊണ്ട് വന്നു. കൂട്ടത്തില്‍ സുന്ദരനായ ഒരെണ്ണത്തിനെ ഡ്രൈവിന്റെ അണ്ണാക്കിലോട്ടിട്ടുകൊടുത്തു. ഒഹ് മൈ ഗോഡ്. അവനും റീഡ് ആകുന്നില്ല. അടുത്തതിട്ടു. അതും റീഡ് ആയില്ല. നെക്സ്റ്റ്. നെക്സ്റ്റ് ഇടാന്‍ ബാക്കി ഒന്നും ഇല്ല, ഫ്ലോപ്പി തീര്‍ന്നു.

അപ്പൊ അതാണ് പ്രശ്നം. ഫ്ലോപ്പി ഡ്രൈവ് അവന്റെ കാലാവധി തീര്‍ന്ന് സമാധി അടങ്ങി. സി.ഡി യും പെന്‍ഡ്രൈവും വന്നതോടു കൂടി ഉപേക്ഷിക്കപ്പെട്ട് കിടന്നിരുന്ന എന്റെ ഈ പൊന്ന് ഫ്ലോപ്പി ഡ്രൈവ്, അവഗണന താങ്ങാനാവതെ ആത്മഹത്യ ചെയ്തതോ, അതോ നെഞ്ച് പൊട്ടി മരിച്ചതോ? അറിയില്ല. അതാലോചിക്കാനും സമയമില്ല. മറിയയെ ഇപ്പൊ കണ്ടേ തീരൂ. ക്ഷമയുടെ പ്രാണവായു തീര്‍ന്നുകൊണ്ടിരിക്കുന്നു.

ബൈക്ക് എടുത്തു ഞായറാഴ്ച് തുറന്നിരിക്കുന്ന കമ്പ്യൂട്ടര്‍ ഷോപ്പും തപ്പി ഞങ്ങളിറങ്ങി. M.G.റോഡും, ബ്രിഗേഡ് റോഡും ഒക്കെ കറങ്ങി, പിന്നെ മജസ്റ്റിക്കിലും തപ്പി, കമ്പ്യൂട്ടര്‍ ഷോപ്പ് എങ്ങും ഇല്ല. അറിയാവുന്നവരെ ഒക്കെ വിളിച്ച് നോക്കി. അവസാനം റിങ്ങ് റോഡിലുള്ള ഒരു ഷോപ്പില്‍ നിന്ന് അഞ്ഞൂറ് രൂപയ്ക്ക് ഒരു ഫ്ലോപ്പി ഡ്രൈവും വാങ്ങി രാവേറെ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍, കിലോമീറ്ററുകള്‍ ഒരുപാട് ബൈക്ക് താണ്ടിക്കഴിഞ്ഞിരുന്നു. പക്ഷെ നമുക്ക് മാര്‍ഗ്ഗമല്ലല്ലോ, ലക്ഷ്യമല്ലേ പ്രധാനം. ഒരേ ഒരു ലക്ഷ്യം കണ്ണില്‍, ഒരേ ഒരു മന്ത്രം കാതില്‍, മറിയ, മറിയ, ഓ‌ൊ‌ൊ മറിയ.

പഴയ ഫ്ലോപ്പി ഡ്രൈവ് ഊരിപ്പറിച്ച്കളഞ്ഞ് പുതിയതിട്ട്, മറിയ കുടിയിരിക്കുന്ന ഫോപ്പി അകത്തോട്ട് കുത്തിയിറക്കി. പിന്നെ അവിടെ നടന്നത് ഒരേ സിനിമയുടെ ഫസ്റ്റ് ഷോയും സെക്കന്റ് ഷോയും പോലെ നേരത്തേ നടന്നതിന്റെ ആവര്‍ത്തനം. ഓരൊരോ ഫോപ്പികളായി പുതിയ ഡ്രൈവിലും കയറി ഇറങ്ങി. ഫലം നാസ്തി. ഒന്നും റീഡ് ആയില്ല.

അപ്പോള്‍ ഇതില്‍ നിന്ന് നമുക്ക് എന്ത് മനസ്സിലാക്കാം? പ്രശ്നം ഡ്രൈവിന്റെ ആയിരുന്നില്ല, പിന്നെയോ ? ഡിസ്കിന്റെ ആയിരുന്നു. അടുത്തുള്ള കടയില്‍ പോയി പുതിയ ഫോപ്പി വാങ്ങി രണ്ട് ഡ്രൈവിലും മാറി മാറി ഇട്ട് അത് സ്ഥിതീകരിച്ചു. അങ്ങിനെ നാലഞ്ച് മണിക്കൂര്‍ പലതും സ്വപ്നം കണ്ടതും, കിലോമീറ്റര്‍ കുറേ വണ്ടി ഓടിച്ചതും, പുതിയ ഡ്രൈവ് വാങ്ങിയതും മുഴുവന്‍ പാഴായി. കാശും പോയി, മാനവും പോയി, കൊതിച്ചതൊട്ട് കിട്ടിയതുമില്ല. രണ്ടാളും പരസ്പരം പഴിചാരിക്കൊണ്ട് പിന്നെ മൈന്‍സ്വീപ്പര്‍ കളിച്ച് സമയം കളഞ്ഞു.

ഒരു അറിയിപ്പ്: ഒറ്റത്തവണ മാത്രം ഉപയോഗിച്ച പുതിയ ഒരു ഫ്ലോപ്പി ഡ്രൈവ് വില്‍പ്പനക്ക്. വെളുത്ത നിറം. ബില്ലും ഗ്വാരന്റികാര്‍ഡും അടക്കം. വില നെഗോഷ്യബിള്‍. ഉടമസ്ഥന്‍ സ്നേഹത്തോടെ മറിയ എന്ന് വിളിക്കും.

Friday, May 05, 2006

സോഫ്റ്റ്‌വേര്‍ എഞ്ചിനീയറുടെ ലോകം

വീണ്ടും കിട്ടി എനിക്ക് അടി. ശ്ശെടാ, ഇതെന്തു പുകില്. എനിക്കൊന്നും മിണ്ടാന്‍ പാടില്ലേ? നോക്കിക്കേ, ഇത്രയേ സംഭവിച്ചുള്ളൂ.

ഇന്നലെ എന്റെ സഹമുറിയന്‍ ഒരുപാട് വൈകിയാണ് ഓഫീസില്‍ നിന്ന് വന്നത്. എന്തോ പാര്‍ട്ടി ഉണ്ടായിരുന്നത്രേ. ഓഫീസ്സില്‍ നിന്ന് നേരിട്ടാണ് പോയത്. ഒന്നും ചോദിക്കാന്‍ പറ്റിയില്ല രാത്രിയില്‍. ഇന്ന് രാവിലെയാണ് ചോദിച്ചത്. ഇങ്ങനെ പോയി സംഭാഷണം.

ഞാന്‍: എങ്ങിനെ ഉണ്ടായിരുന്നു പാര്‍ട്ടി?
അവന്‍: കുഴപ്പമില്ല. നല്ല ഭക്ഷണം കിട്ടി. നമുക്ക് വേറെ എന്ത് വേണം!
ഞാന്‍: വെറുതേയല്ല, ഇന്നലെ നിന്റെ കൂര്‍ക്കംവലി കുറച്ച് കൂടുതലായിരുന്നു.
അവന്‍: അത് പോട്ടെ. ഇന്നലെ ഒരു വിശേഷം ഉണ്ടായി.
ഞാന്‍: ആരെങ്കിലും നിന്നെ തെറി വിളിച്ചോ?
അവന്‍: അതല്ല. ഇന്നലെ ഒരു കിടിലന്‍ പെണ്ണിനെ കണ്ടു അളിയാ, പാര്‍ട്ടിയില്‍.
ഞാന്‍: അളിയാ, ബാക്കിയും കൂടെ പറ വേഗം. എന്നിട്ട് മതി പല്ല് തേപ്പ്.
അവന്‍: ഞാന്‍ ഇതിന് മുന്‍പ് കണ്ടിട്ടില്ല. പുതുതായി കമ്പനിയില്‍ ചേര്‍ന്നതാണെന്ന് തോന്നുന്നു.
ഞാന്‍: ഹ്‌മ്മ്.
അവന്‍: ഒരു നീല ടോപ്പും ജീന്‍സും. ആവശ്യത്തിന് പൊക്കവും തടിയും. നിറമാണെങ്കില്‍ പറയണ്ട. നല്ല ചൊമചൊമാന്നിരിക്കും.
ഞാന്‍: കൊതിയാകുന്നു കേട്ടിട്ട്, ങ്‌ഹാ, എന്നിട്ട്?
അവന്‍: ഞാന്‍ ചെന്നപ്പോഴേ കണ്ടു. അവള്‍ എന്നെയും നോക്കി. കണ്ണും കണ്ണും തമ്മിലുടക്കി.
ഞാന്‍: ശ്ശൊ. എന്നിട്ട്?
അവന്‍: അപ്പൊ മിണ്ടാന്‍ പറ്റിയില്ല. പിന്നെ ഊണ് കഴിഞ്ഞപ്പോഴാണ് പിന്നേയും കണ്ടത്. ഞാന്‍ പുറത്ത് കസേരയില്‍ ഇരിക്കുകയായിരുന്നു. എന്റെ തൊട്ടടുത്ത സീറ്റ് ഒഴിഞ്ഞ് കിടക്കുന്നുണ്ടായിരുന്നു. അവള്‍ എന്റെ നേരെ വന്നു.
ഞാന്‍: അത് കലക്കി. ഒന്നു വേഗം പറ മോനേ
അവന്‍: എന്നോട് സംസാരിക്കാന്‍ തന്നെ ആണ് ഉദ്ദേശം എന്ന് എനിക്ക് ഉറപ്പായിരുന്നു. നാണം കൊണ്ട് എന്റെ മുഖത്ത് നോക്കുന്നുണ്ടായിരുന്നില്ല. ഒളികണ്ണിട്ട് ഇടക്ക് മാത്രം.
ഞാന്‍: എന്നിട്ട്?
അവന്‍: എന്റെ അടുത്ത് വന്ന് അവള്‍ ഹലോ പറഞ്ഞു. ഞാന്‍ തിരിച്ചും.
ഞാന്‍: അപ്പൊ മിണ്ടി. എന്നിട്ട്? ഒന്ന് പറഞ്ഞ് തുലക്കഡേ.
അവന്‍: ഞാന്‍ അവളോട് എന്റെ അടുത്തുള്ള കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. അവള്‍ പതുക്കെ ഇരുന്നു.
ഞാന്‍: ഈശ്വരാ‍, കലക്കിയെടാ അളിയാ. എന്നിട്ടെന്തായി?
അവന്‍: ഞാന്‍ ഓഫീസില്‍ നിന്ന് പോയത് കാരണം എന്റെ പുതിയ ലാപ്പ്‌ടോപ്പ് എടുത്തിട്ടുണ്ടായിരുന്നു. അവള്‍ ഇരുന്നത് അതിന്റെ മുകളില്‍ ആയിപ്പോയി.
ഞാന്‍: നീ പുതിയ ലാപ്പ്‌ടോപ്പ് വാങ്ങിയോ, എന്നോട് പറഞ്ഞില്ലല്ലോ? എന്താ അതിന്റെ കോണ്‍ഫിഗുറേഷന്‍? എന്ത് വിലയായി? അതൊന്ന് നോക്കട്ടെ, എനിക്കത്യാവശ്യമായി ഒരു മെയില്‍ അയക്കാനുണ്ട്.
ഠപ്പേ

--കര്‍ട്ടന്‍--

Tuesday, May 02, 2006

എന്റെ അരണയും അവന്റെ കാക്കയും

ഞാനും എന്റെ സഹമുറിയനും കൂടെ ആണ്ടിലൊരിക്കലോ രണ്ടു തവണയോ രാവിലെ നടത്താറുള്ള മോര്‍ണിങ്ങ് വാക്ക് എന്ന നടത്ത കലാപരിപാടി ആണ് രംഗം. വഴിയില്‍ ഒരു അരണയെ കാണുന്നിടത്ത് ഞങ്ങളുടെ സംഭാഷണം ആരംഭിക്കുന്നു.

ഞാന്‍: ദേടാ, ഒരു അരണ.
അവന്‍: കണ്ടു.
ഞാന്‍: അരണ കടിച്ചാല്‍ ഉടനേ മരണം എന്നാ പറയാറ്.
അവന്‍: അത് വെറുതേ പറയുന്നതാണ്. അരണക്ക് വിഷമില്ല.
ഞാന്‍: അതെനിക്കും അറിയാം. അരണ ഒരിക്കലും കടിക്കില്ല എന്നത് കൊണ്ടാണ് അങ്ങിനെ ഒരു പഴംചൊല്ല്.
അവന്‍: അരണ കടിക്കില്ല എന്നൊന്നുമില്ല. അതിന്റെ വായില്‍ കൈ ഇട്ടു ഇക്കിളിയാക്കിയാല്‍ അത് കടിക്കും.
ഞാന്‍: ഇതൊരു മുടന്തന്‍ ന്യായമാണ്. കാക്കയെ തലകീഴായി കെട്ടിയിട്ട്, ചിറകടിപ്പിച്ചാല്‍ ചിലപ്പൊ അതിത്തിരി നീങ്ങി എന്ന് വരും. അതു കൊണ്ട് അത് തലകീഴായി പറന്നു എന്ന് വിചാരിക്കാന്‍ പറ്റുമോ.
അവന്‍: അങ്ങിനെ ചെയ്‌താല്‍ കാക്ക ചത്ത് പോകും.
ഞാന്‍: ചത്ത് പോട്ടെ. നിനക്ക് നിന്റെ കാക്കയുടെ കാര്യം. എന്റെ അരണയുടെ വേദന നിനക്കൊരു പ്രശ്നമല്ലല്ലേ.
അവന്‍: ഞാന്‍ നിന്റെ അരണയുടെ വായില്‍ കൈ ഇട്ടതിനാണോ നീ എന്റെ കാക്കയെ കൊന്നത്?
ഞാന്‍: എന്റെ അരണയെ തൊട്ടാല്‍ നിന്റെ കാക്കയെ ഞാന്‍ തട്ടും കട്ടാ‍യം.
അവന്‍: നീ അത്രക്കായോടാ @#$*(#@$
ഞാന്‍: ആയെടാ $%^&#$%!
ഠിഷ്യും ഠിഷ്യും അയ്യോ, അമ്മേ.

--കര്‍ട്ടന്‍--