Thursday, May 11, 2006

ഓറക്കിളും എന്റെ ലാഭക്കൊതിയും

ഇംഗ്ലീഷ് അറിയാത്തവന് ഡിക്ഷണറി കിട്ടുന്ന പോലെ ആയിരുന്നു എനിക്ക് കമ്പ്യൂട്ടര്‍ കിട്ടിയപ്പോള്‍. കമ്പ്യൂട്ടര്‍ പഠനം തുടങ്ങിയ കാലത്ത് “കിട്ടിയേ തീരൂ, കിട്ടിയേ തീരൂ”, എന്ന് വീട്ടില്‍ സമരം നടത്തിയതിന്റേയും അതിന്റെ പേരില്‍ ശബ്ദമലിനീകരണം നടത്തി പൊല്യൂഷന്‍ കണ്ട്രോള്‍ ഓഫീസില്‍ ജോലി ചെയ്യുന്ന അച്ചന്റെ സ്വൈര്യം കെടുത്തിയതിന്റേയും ഫലമായിരുന്നു വീട്ടില്‍ വന്ന കമ്പ്യൂട്ടര്‍.

സിനിമ കാണാനും പാട്ട് കേള്‍ക്കാനും മാത്രം അറിയാവുന്ന എനിക്ക്, കമ്പ്യൂട്ടര്‍ ആദ്യം കയ്യില്‍ കിട്ടുന്ന ആരും ചെയ്ത് പോകുന്ന ഒരു കാര്യം ചെയ്യല്‍ ഒരു ഹരമായി. ലോകത്തുള്ള സകല സോഫ്റ്റ്വേറും അതില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക എന്നത്.

ഓടി നടന്ന്, കൂട്ടുകാരുടെ എല്ലാവരുടേയും കയ്യിലുള്ള എല്ലാ സി.ഡി-യും തപ്പിയെടുത്ത് മുഴുവനും ഞാന്‍ വീട്ടിലുള്ള കമ്പ്യൂട്ടറില്‍‍ ഇന്‍സ്റ്റാള്‍ ചെയ്തു. മുഴുവന്‍ എന്ന് പറഞ്ഞ് കൂടാ. ഒന്നു മാത്രം ആരുടേയും കയ്യില്‍ ഉണ്ടായിരുന്നില്ല.

ഓറക്കിള്‍.

അത് മാത്രം വിടുന്നതെങ്ങിനെ? ഓറക്കിള്‍ എന്ന് കേട്ട് മാത്രമേ പരിചയും ഉള്ളൂ, എന്നാലും എനിക്കതും വേണം. എല്ലാ സുഹൃത്തുക്കളേയും വിളിച്ച് ചോദിച്ചു. ആരുടേയും കയ്യിലില്ല. ഇനി ഏതെങ്കിലും സി.ഡി.ഷോപ്പില്‍ ചെന്ന് ബേണ്‍ ചെയ്തെടുക്കുക തന്നെ ശരണം.

അടുത്തുള്ള ഒരു ഷോപ്പില്‍ പോയി ഉദ്ദേശം അറിയിച്ചു. അവരുടെ കയ്യില്‍ സാധനം ഇരുപ്പുണ്ട്. ചെയ്ത് തരാം എന്നും പറഞ്ഞു. എന്നോട് ഏത് സി.ഡി വേണമെന്ന് ചോദിച്ചു.

അവിടെ 15 രൂപയുടെ ഡൂക്കിലി സി.ഡി-യും 20-രൂപയുടെ നല്ല സി.ഡി.യും ആയിരുന്നു ഉണ്ടായിരുന്നത്. ഞാന്‍ വിചാരിച്ചു, എന്തിന് അഞ്ച് രുപ കളയണം? സി.ഡി. ഏതായലെന്താ. ശരി. പതിനഞ്ചിന്റെ മതി.

അങ്ങിനെ അവര്‍ ഓറക്കിള്‍ ആ സി.ഡി.യില്‍ എഴുതി തന്നു. ഞാന്‍ അതുമായി വീട്ടില്‍ എത്തി അത് ഇന്‍സ്റ്റാള്‍ ചെയ്യാനും തുടങ്ങി.

സി.ഡി ഇട്ടു, ഇന്‍സ്റ്റാളും ക്ലിക്ക് ചെയ്ത് ഞാന്‍ ചായ കുടിക്കാന്‍ പോയി. കുറേ നേരം എടുക്കുമല്ലോ അത് ഇന്‍സ്റ്റാള്‍ ആവാന്‍. അതു വരെ ബോര്‍ അടിച്ചിരിക്കുന്നതെന്തിനാ എന്ന് കരുതി.

അര മണിക്കൂര്‍ കഴിഞ്ഞ് തിരിച്ച് വന്നപ്പോഴും സംഭവം കഴിഞ്ഞിട്ടില്ല. പകുതിപോലും ആയിട്ടില്ല എന്നതാണ് ശരി. മാത്രമല്ല സി.ഡി കറങ്ങുന്നതിന്റെ ശബ്ദം അതിന്റെ ഉച്ചസ്ഥായിയിലെത്തുകയും ചെയ്തു. വീട്ടിലെ ഫാനിനേക്കാള്‍ ഒച്ചയുണ്ടാക്കിക്കൊണ്ടായി അതിന്റെ കറക്കം. സ്വല്പം പേടി ആകാതിരുന്നില്ല. പിന്നെ, സി.ഡി അല്ലേ, കറങ്ങാനായി ജനിച്ചവനല്ലേ, കറങ്ങട്ടെ എന്ന് കരുതി.

ഇപ്പൊ ഓറക്കിള്‍ ഇന്‍സ്റ്റാള്‍ ആകും, എന്നിട്ട് ഞാനതില്‍ കേറി കളിക്കും എന്നൊക്കെ സ്വപ്നം കണ്ട് ഞാന്‍ അതിന്റെ മുന്നില്‍ അങ്ങിനെ ഇരുന്നു. എന്നെ പകല്‍സ്വപ്നത്തില്‍ നിന്ന് ഉണര്‍ത്തിയത് ഒരു ശബ്ദമായിരുന്നു.

ഠോ

അല്ല. ആരും എന്നെ ഉണര്‍ത്താന്‍ മനപ്പൂര്‍വ്വം ചെയ്തതല്ല. മനുഷ്യന്റെ ശബ്ദമല്ല. ഞാന്‍ എന്റെ ദേഹം ഒന്ന് പരിശോധിച്ചു. ഇല്ല, ചോര ഇല്ല. അപ്പോ ആരും വെടിവച്ചതല്ല. പടക്കം പൊട്ടിച്ചതും ആകാന്‍ വഴിയില്ല, വിഷുവും തിരഞ്ഞെടുപ്പും ഒക്കെ നേരത്തേ കഴിഞ്ഞു. പിന്നെ എന്താണാവോ.

അപ്പോഴാണ് ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചത്. സി.ഡി-യുടെ ഒച്ച നിന്നിരിക്കുന്നു. അയ്യോ. എന്റെ സി.ഡി. പൊട്ടിത്തേറിച്ചേ, നാട്ടുകാരേ ഓടിവരണേ.

സി.ഡി പുറത്തേക്കെടുക്കാന്‍ നോക്കി ഞാന്‍. കുപ്പിച്ചില്ലിന്റെ മുകളില്‍ കയറി ചവുട്ടുന്നതിന്റെ ശബ്ദം മാത്രം അകത്തു നിന്ന്. സി.ഡി പുറത്തേക്ക് വരുന്നില്ല.

കമ്പ്യൂട്ടര്‍ ഓഫ് ചെയ്ത് സി.ഡി.ഡ്രൈവ് ഊരിയെടുത്ത് പിന്നും കോമ്പസ്സും ഒക്കെ ഇട്ട് കുത്തിത്തുറക്കാന്‍ നോക്കി. നോ രക്ഷ. സ്ക്രൂ ഒക്കെ ഊരി നോക്കി. എന്നിട്ടും ഡ്രൈവ് മുഴുവനായി തുറന്നില്ല. കൂടുതല്‍ പണിതാല്‍ നന്നാക്കാ‍ന്‍ പറ്റാത്ത വിധം കേടായലോ എന്ന പേടിയും; അല്ല, അങ്ങിനെ ആണേ അനുഭവം.

പിന്നെ ഈ സി.ഡി. ഡ്രൈവും താങ്ങിപ്പിടിച്ച്, കമ്പ്യൂട്ടര്‍ വാങ്ങിയ കടയില്‍ തന്നെ കൊണ്ട് പോയി നന്നാക്കാന്‍ കൊടുക്കേണ്ടി വന്നു. എന്റെ ഒരു പണിയും അതിനോട് വിലപോയില്ല. എന്റെ പരീക്ഷണങ്ങള്‍ക്കിടയില്‍ അതിന്റെ ഗ്വാരന്റിക്കുള്ള സീല്‍ കേടു വന്നതിനാല്‍ ഫ്രീ ആയി അവര്‍ അത് ശരിയാക്കിത്തന്നുമില്ല. റിപ്പേര്‍ ചാര്‍ജ്ജ് ആയി ഇരുന്നൂറ് രൂപ കൊടുക്കേണ്ടി വന്നു.

അങ്ങിനെ അഞ്ച് രുപ ലാഭിക്കാന്‍ പോയ ഞാന്‍ ഇരുന്നൂറ് രൂപ നഷ്ടത്തില്‍ കൊണ്ട് ചെന്ന് അവസാനിപ്പിച്ചു എന്റെ ഓറക്കിള്‍ കൊതി. 4000 ശതമാനം നഷ്ടം. അതില്‍ പിന്നെ ഇന്നേവരെ എന്റെ കമ്പ്യൂട്ടര്‍ ഓറക്കിള്‍ കണ്ടിട്ടില്ല, എന്തിന് അവന്റെ മുന്നില്‍ വച്ച് ഞാന്‍ മിണ്ടീട്ട് പോലുമില്ല. പാവത്തിന്റെ പഴയ മുറിവ് ഉണങ്ങിയിട്ടില്ലെങ്കിലോ.

11 comments:

  1. Obi T R said...

    പാവം ഒറാക്കിള്‍
    ശ്രീയുടെ കമ്പ്യൂട്ടര്‍ ഒറാക്കിള്‍ കണ്ടില്ലേലും ആ മോഡല്‍ സിഡി പിന്നേയും കണ്ടുകാണുമായിരിക്കും അല്ലേ?



  2. ജേക്കബ്‌ said...

    ഈ ഒറാക്കിള്‍ ഇത്ര ഭയങ്കരനാനെന്നു ഞാന്‍ അറിഞ്ഞിരുന്നില്ല ;-)



  3. Nikhil Narayanan said...

    paavam computer:)



  4. സു | Su said...

    ഹി ഹി ഹി :) ഓറക്കിളിനെപ്പറ്റി ഒന്നും അറിയാത്തതുകൊണ്ട് അപക്വമായ അഭിപ്രായം പറയുന്നില്ല. എന്നാലും ശ്രീജിത്തിന്റെ മണ്ടത്തരത്തില്‍ ചിരിക്കാലോ.‍



  5. ശനിയന്‍ \OvO/ Shaniyan said...

    അറിയാത്ത സീഡി പൊട്ടുമ്പോ അറിയും!



  6. myexperimentsandme said...

    അങ്ങിനെ കമന്റുപ്രയാണം അവസാനഘട്ടം. മണ്‍-ജിത്തേ, മണ്ടത്തരത്തിനും കമന്റോ എന്നൊരു ചൊല്ല് ഇപ്പോള്‍ത്തന്നെ പേറ്റന്റെടുത്തു വെച്ചോ - നൂറുകൊല്ലം കഴിയുമ്പോള്‍ പാണന്മാര്‍ പാടി നടക്കും.

    എങ്കിലും ഓരോ മണ്ടത്തരം കഴിയുമ്പോഴും കൊള്ളാം മണ്‍-ജിത്തേ ഈ മണ്‍-ടത്തരവും ഇഷ്ടപ്പെട്ടു എന്നു പറയാന്‍, എന്തോ ഒരു കുറ്റബോധം. നമ്മളങ്ങിനെയൊന്നും ഇതുവരെ പറഞ്ഞിട്ടില്ലല്ലോ. പണ്ടേ ദുര്‍ബ്ബലന്‍, പിന്നെ ദുര്‍ബ്ബലഹൃദയനും കൂടി എന്നാരോ പറഞ്ഞതുപോലെ, എങ്ങിനെ ഞാന്‍ ഓരോ പ്രാവശ്യവും, കൊള്ളാം മണ്ടത്തരങ്ങള്‍ ഇനിയും പോരട്ടേ എന്ന്, ആ നിഷ്‌കളങ്കമായ കണ്ണാടി വെച്ച മുഖത്തുനോക്കി.... എനിക്കു വയ്യ...

    ഹ..ഹ ജപ്പാനിലിരിക്കുന്ന എനിക്ക് ഇതില്‍പ്പരം അനുയോജ്യമായ വേര്‍ഡ് വെരി വേറേ ഏതു കിട്ടും - jypon



  7. കണ്ണൂസ്‌ said...

    :-)



  8. Durga said...

    ഹഹാ‍....!!!
    ജിത്തേ...“കാച്ചവെള്ളത്തില്‍ ചാടിയ പൂച്ച...”
    ഉം....ബാക്കി ഞാന്‍ പറയണില്ല...:-))
    അതാണ് സി.ഡി എന്നു കേള്‍ക്കുമ്പഴേയ്ക്കും വിയര്‍ക്കുന്നത് അല്ലേ...;;-)))
    ഈശ്വരാ!! ഈ മരമണ്ടൂസ് മുറിവൈദ്യനെയാണല്ലോ ഞാന്‍ വീട്ടിലെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാളേഷന്‍ പ്രശ്നങ്ങള്‍ വന്നപ്പോള്‍ സംശയം തീര്‍ക്കാന്‍ ഫോണ്‍ വിളിച്ചിരുന്നത്...!!!



  9. aneel kumar said...

    ശ്രീജി, (അങ്ങനെ വിളിക്കുന്നതില്‍ തെറ്റുണ്ടോ?)

    എന്റെ ഒരു സുഹൃത്ത് ദുബായി ഇന്റര്‍നെറ്റ് സിറ്റിയിലെ എന്താണ്ടൊരു കമ്പനീല്‍ എന്താണ്ടൊരു ജോലി ചെയ്യുന്നുണ്ട്.
    ഒറാക്കിളിനോ മറ്റോ കുറേ മിടുക്കന്‍ കുട്ടന്മാരെ വേണമെന്നു പരസ്യം വന്നിരുന്നൂന്നു പറഞ്ഞ് എന്നോടു ചോദിച്ചു, ആരെങ്കിലും ഉണ്ടോന്ന്. ആ സാധനം ഞാനിതുവരെ കണ്ടിട്ടില്ല എന്നു പറഞ്ഞെങ്കിലും ബാംഗ്ലൂരില്‍ ഇങ്ങനെ ചില പുലികള്‍ ഉണ്ടെന്ന ഓര്‍മ്മയില്‍ ‘സംഘടിപ്പിക്കാം’ എന്നു പറഞ്ഞു.

    ഒരു കൈ നോക്കണോ?



  10. Anonymous said...

    :)



  11. Adithyan said...

    ജിത്തേ, സത്യം പറ.. :-)
    സീഡിയില്‍ ഒറക്കിള്‍ തെന്നെ ആരുന്നോ... :-))