Friday, May 05, 2006

സോഫ്റ്റ്‌വേര്‍ എഞ്ചിനീയറുടെ ലോകം

വീണ്ടും കിട്ടി എനിക്ക് അടി. ശ്ശെടാ, ഇതെന്തു പുകില്. എനിക്കൊന്നും മിണ്ടാന്‍ പാടില്ലേ? നോക്കിക്കേ, ഇത്രയേ സംഭവിച്ചുള്ളൂ.

ഇന്നലെ എന്റെ സഹമുറിയന്‍ ഒരുപാട് വൈകിയാണ് ഓഫീസില്‍ നിന്ന് വന്നത്. എന്തോ പാര്‍ട്ടി ഉണ്ടായിരുന്നത്രേ. ഓഫീസ്സില്‍ നിന്ന് നേരിട്ടാണ് പോയത്. ഒന്നും ചോദിക്കാന്‍ പറ്റിയില്ല രാത്രിയില്‍. ഇന്ന് രാവിലെയാണ് ചോദിച്ചത്. ഇങ്ങനെ പോയി സംഭാഷണം.

ഞാന്‍: എങ്ങിനെ ഉണ്ടായിരുന്നു പാര്‍ട്ടി?
അവന്‍: കുഴപ്പമില്ല. നല്ല ഭക്ഷണം കിട്ടി. നമുക്ക് വേറെ എന്ത് വേണം!
ഞാന്‍: വെറുതേയല്ല, ഇന്നലെ നിന്റെ കൂര്‍ക്കംവലി കുറച്ച് കൂടുതലായിരുന്നു.
അവന്‍: അത് പോട്ടെ. ഇന്നലെ ഒരു വിശേഷം ഉണ്ടായി.
ഞാന്‍: ആരെങ്കിലും നിന്നെ തെറി വിളിച്ചോ?
അവന്‍: അതല്ല. ഇന്നലെ ഒരു കിടിലന്‍ പെണ്ണിനെ കണ്ടു അളിയാ, പാര്‍ട്ടിയില്‍.
ഞാന്‍: അളിയാ, ബാക്കിയും കൂടെ പറ വേഗം. എന്നിട്ട് മതി പല്ല് തേപ്പ്.
അവന്‍: ഞാന്‍ ഇതിന് മുന്‍പ് കണ്ടിട്ടില്ല. പുതുതായി കമ്പനിയില്‍ ചേര്‍ന്നതാണെന്ന് തോന്നുന്നു.
ഞാന്‍: ഹ്‌മ്മ്.
അവന്‍: ഒരു നീല ടോപ്പും ജീന്‍സും. ആവശ്യത്തിന് പൊക്കവും തടിയും. നിറമാണെങ്കില്‍ പറയണ്ട. നല്ല ചൊമചൊമാന്നിരിക്കും.
ഞാന്‍: കൊതിയാകുന്നു കേട്ടിട്ട്, ങ്‌ഹാ, എന്നിട്ട്?
അവന്‍: ഞാന്‍ ചെന്നപ്പോഴേ കണ്ടു. അവള്‍ എന്നെയും നോക്കി. കണ്ണും കണ്ണും തമ്മിലുടക്കി.
ഞാന്‍: ശ്ശൊ. എന്നിട്ട്?
അവന്‍: അപ്പൊ മിണ്ടാന്‍ പറ്റിയില്ല. പിന്നെ ഊണ് കഴിഞ്ഞപ്പോഴാണ് പിന്നേയും കണ്ടത്. ഞാന്‍ പുറത്ത് കസേരയില്‍ ഇരിക്കുകയായിരുന്നു. എന്റെ തൊട്ടടുത്ത സീറ്റ് ഒഴിഞ്ഞ് കിടക്കുന്നുണ്ടായിരുന്നു. അവള്‍ എന്റെ നേരെ വന്നു.
ഞാന്‍: അത് കലക്കി. ഒന്നു വേഗം പറ മോനേ
അവന്‍: എന്നോട് സംസാരിക്കാന്‍ തന്നെ ആണ് ഉദ്ദേശം എന്ന് എനിക്ക് ഉറപ്പായിരുന്നു. നാണം കൊണ്ട് എന്റെ മുഖത്ത് നോക്കുന്നുണ്ടായിരുന്നില്ല. ഒളികണ്ണിട്ട് ഇടക്ക് മാത്രം.
ഞാന്‍: എന്നിട്ട്?
അവന്‍: എന്റെ അടുത്ത് വന്ന് അവള്‍ ഹലോ പറഞ്ഞു. ഞാന്‍ തിരിച്ചും.
ഞാന്‍: അപ്പൊ മിണ്ടി. എന്നിട്ട്? ഒന്ന് പറഞ്ഞ് തുലക്കഡേ.
അവന്‍: ഞാന്‍ അവളോട് എന്റെ അടുത്തുള്ള കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. അവള്‍ പതുക്കെ ഇരുന്നു.
ഞാന്‍: ഈശ്വരാ‍, കലക്കിയെടാ അളിയാ. എന്നിട്ടെന്തായി?
അവന്‍: ഞാന്‍ ഓഫീസില്‍ നിന്ന് പോയത് കാരണം എന്റെ പുതിയ ലാപ്പ്‌ടോപ്പ് എടുത്തിട്ടുണ്ടായിരുന്നു. അവള്‍ ഇരുന്നത് അതിന്റെ മുകളില്‍ ആയിപ്പോയി.
ഞാന്‍: നീ പുതിയ ലാപ്പ്‌ടോപ്പ് വാങ്ങിയോ, എന്നോട് പറഞ്ഞില്ലല്ലോ? എന്താ അതിന്റെ കോണ്‍ഫിഗുറേഷന്‍? എന്ത് വിലയായി? അതൊന്ന് നോക്കട്ടെ, എനിക്കത്യാവശ്യമായി ഒരു മെയില്‍ അയക്കാനുണ്ട്.
ഠപ്പേ

--കര്‍ട്ടന്‍--

15 comments:

 1. സുഗതരാജ് പലേരി said...

  ഇവിടെ ഈ ബൂലോകത്ത്‌ അധികം നാളായിട്ടില്ല വന്നിട്ട്‌, ആദ്യം മുതൽ തന്നെ മണ്ടത്തരങ്ങൾ വായിക്കാൻ തുടങ്ങിയിരുന്നൂ. വളരെ നന്നാവുന്നു. രസികൻ ശൈലി. അഭിനന്ദനങ്ങൾ. 2. ശനിയന്‍ \OvO/ Shaniyan said...

  ഹഹ! പാവം ലാപ്‌റ്റോപ്.. :) (ഞാനോടി) 3. സ്വാര്‍ത്ഥന്‍ said...

  ആ ലാപ് റ്റോപ്പായി ജനിച്ചിരുന്നെങ്കില്‍ ........
  (ശനിയാ‍ാ‍ാ‍ാ, ഞാന്‍ പിന്നാലെ) 4. ബിജു വര്‍മ്മ said...

  ശ്രീസാറേ,

  ഞാന്‍ സാറിനെക്കാളും വല്യ മണ്ടന്‍. ഈ പോസ്റ്റ് വായിച്ച് തീര്‍ന്നപ്പോള്‍, ഞാന്‍ വിചാരിച്ചത് എന്താണെന്നറിയാമോ ? ശ്രീജിത്തിന് പെണ്ണിനെക്കാള്‍ പ്രിയം ലാപ്ടോപ്പിനെയാണ് എന്ന്. പിന്നെ കമന്റുകള്‍ വായിച്ചപ്പോളല്ലേ മനസ്സിലായത്, പെണ്ണിരുന്നതുകൊണ്ടാണ്, ശ്രീ ലാപ്ടോപ്പ് തേടിപ്പോയതെന്ന്.

  (അതോ, ഇനി ഞാന്‍ കരുതിയതാണോ ശ്രീ ഉദ്ദേശിച്ചത് ? ആ... ആര്‍ക്കറിയാം)

  എന്നേലുവാട്ടെ, പോസ്റ്റ് നന്നായിട്ടുണ്ട്. 5. ദേവന്‍ said...

  മ്മടെ തമ്പിയണ്ണന്‍
  "നിന്‍ മണിയറയിലെ നിര്‍മ്മല ശയ്യയിലെ നീല നീരാളമായി ഞാന്‍ മാറിയെങ്കില്‍.. ഇന്ദു വദനേ നിന്റെ നീരാട്ടു കടവിലെ ഇന്ദീവരങ്ങളായി ഞാന്‍ വിടര്‍ന്നുവെങ്കില്‍" എന്നു പാടിയപോലെയുണ്ടല്ലോ.

  ശ്രീജിതനോ ഇത്‌ സ്ത്രീജിതനോ? 6. കണ്ണൂസ്‌ said...

  :-) 7. Obi T R said...

  ശ്രീ ഇതു മോശമായിപ്പോയി, ആ സഹമുറിയനെ കഥ മുഴുവന്‍ പറയാന്‍ അനുവദിക്കണ്ടായിരുന്നോ? ങാ പോട്ടേ മണ്ടന്റെ തലയില്‍ ബുദ്ധി ഉദിക്കില്ലെല്ലൊ? ആട്ടെ ഇപ്പോള്‍ ആ laptop ന്റെ അവസ്ഥ എന്താണു? 8. ശ്രീജിത്ത്‌ കെ said...

  സുഗതരാജ്, ഈ വാക്കുകള്‍ എനിക്ക് ആശിര്‍വാദവും പ്രചോദനവും ആകുന്നു, നന്ദി.

  മറ്റുള്ളവര്‍ക്ക്, എന്റെ ആശം നിങ്ങളില്‍ എത്തിക്കുന്നതില്‍ ഞാന്‍ പരാജയപെട്ടു എന്നാണ് എനിക്ക് നിങ്ങളുടെ അഭിപ്രായങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. ഒരു സോഫ്റ്റ്‌വേര്‍ എഞ്ചിനീയറുടെ ലോകം എന്ന തലക്കെട്ടില്‍ ഞാന്‍ ഇട്ട ഈ പോസ്റ്റില്‍, ഒരു സോഫ്റ്റ്‌വേര്‍ എഞ്ചിനീയറുടെ ലോകം എത്ര ചെറുതാണെന്ന് കാണിക്കാനാണ് ഞാന്‍ ശ്രമിച്ചത്. ഒരു സാധാരണ ചെറുപ്പക്കാരന്‍ വളരെ താല്പര്യത്തോടെ കേല്‍ക്കുന്ന ഒരു വിഷയത്തിനിടയില്‍പ്പോലും ഒരു ലാപ്‌ടോപ്പ് എന്ന് കേട്ടപ്പോള്‍ എല്ലാം മറന്ന് അതിന്റെ പിറകേപോയ, ജീവിക്കാന്‍ മറക്കുന്ന, കമ്പൂട്ടറിന് പുറത്ത് ഒരു ലോകമില്ലാത്ത ഒരു സോഫ്റ്റ്‌വേര്‍ എഞ്ചിനീയറെ ആണ് ഞാന്‍ ഇവിടെ കളിയാക്കാന്‍ ശ്രമിച്ചത്. ചീറ്റിപ്പോയി അല്ലേ? “സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍ പൊട്ടക്കിണറ്റിലെ തവള” ആണെന്ന് എന്നൊട് പറഞ്ഞ ഇബ്രുവിനുള്ളതാണ് ഈ പോസ്റ്റ്. അവന്‍ നാട്ടില്‍ പോയില്ലായിരുന്നെങ്കില്‍, അവന്റെ പ്രതികരണം ഇവിടെ ഇട്ടിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോകുന്നു.

  ശനിയാ, സ്വാര്‍ത്ഥാ, കണ്ണൂസേ, ഒബീ, നന്ദി. വന്നതിനും, അഭിപ്രായം പറഞ്ഞതിനും.

  ദേവേട്ടാ, എന്റെ പേര് തന്നെ സ്വഭാവവും, ആ സംശയം വേണ്ട കേട്ടോ,

  ബിജു, എന്റെ മനസ്സിലുള്ള ആശയം മനസ്സിലാക്കിയത് ബിജു മാത്രം. എന്നെപ്പോലെ ചിന്തിക്കുന്ന ഒരാളുംകൂടെ ഉണ്ടെന്ന് മനസ്സിലാക്കുമ്പോള്‍ ഒരു സന്തോഷം. അതിവിടെ പറഞ്ഞതിന് അതിലേറെ നന്ദി. 9. കുറുമാന്‍ said...

  ശ്രീജിത്തേ, തന്റെ പോസ്റ്റുകള്‍ വായിക്കാന്‍ തുടങ്ങിയിട്ടേ ഉള്ളൂ. വൈകിയതിനു ക്ഷമൈ.
  ബുദ്ധിജീവികളേക്കാള്‍ മനുഷ്യനെ ചിരിപ്പിക്കാന്‍ കഴിവ് മണ്ടന്മാര്‍ക്കായതിനാല്‍ .....ഞാന്‍ ഹാപ്പി. 10. പെരിങ്ങോടന്‍ said...

  നോക്കെത്താദൂരത്തു കണ്ണുംനട്ട് എന്ന സിനിമയില്‍ ഫാസിലിന്റെ കഥ കേട്ടിരിക്കെ കമിഴ്‌ന്നു കിടക്കുന്ന ലാലിനെ ഓര്‍മ്മ വരുന്നു ;) 11. അതുല്യ said...

  ശ്രീക്കുട്ടാ എനിക്കും അതാണു കത്തിയത്‌. പക്ഷെ ഒരുപാടുപേരു ലാപ്പ്റ്റോപ്പിന്റെ പിന്നാലെ പോയപ്പോ...

  പണ്ടൊരു പാണ്ടന്‍ കപ്പലു മുങ്ങി ഏതോ ദ്വീപിലെത്തി, അവിടെന്ന് പിന്നെ ഏതോ ഒരു ഘോര വനത്തിലെത്തി, ഒരാഴ്ച്ക പട്ടിണി കിടന്നങ്ങനെ അലയുമ്പോള്‍, മുമ്പില്‍ പ്രത്യക്ഷപ്പെട്ടു ഒരു അപ്സര കന്യക. പാണ്ടനെ കൊണ്ടുപോയി കൊട്ടാരത്തിലിരുത്തി കുളിപ്പിചു ആഹാരമോക്ക്‌ കൊടുത്ത്‌ ബോധമൊക്കെ തെളിഞ്ഞു. അപ്സ്സര പിന്നീട്‌ രാത്രി, "തുറന്നിട്ട ജാലകങ്ങള്‍ അടച്ചോട്ടേ, തൂവല്‍ കിടക്ക വിരിച്ചോട്ടെ" എന്നൊക്കെ പാടി, ശൃംഗരിച്ച്‌ പാണ്ടന്റെ അടുത്ത്‌ ഉരസിനിന്നു. അതിനിടയ്ക്‌ അപസരസ്സു പിന്നേയും പാടി, പാണ്ടാ, ഇനി എന്തു വേണമിനിന്തു വേണം..ഇനി എന്തു നല്‍കണം, ഇനിയും എന്ത്‌ നല്‍കണം.... പാണ്ടന്‍ മെല്ലേ മൊഴിഞ്ഞു, എനിക്കെന്റെ ഈമെയിലൊന്ന് ചെക്ക്‌ ചെയ്യാന്‍ പറ്റിയാ കൊള്ളായിരുന്നു.....

  :) 12. ശനിയന്‍ \OvO/ Shaniyan said...

  ശ്രീജിത്തേ, ഞാനും ലാപ്‌ടോപ്പിന്റെ പിന്നലെയല്ലേ പോയത്? :-) 13. ബിജു വര്‍മ്മ said...
  This comment has been removed by a blog administrator.


 14. ബിജു വര്‍മ്മ said...

  യേസ്..... യേസ്..... യേസ്..... ഐ ഡിഡ് ഇറ്റ്, ഐ ഡിഡ് ഇറ്റ്.... വര്‍മ്മ ഡിഡ് ഇറ്റ്.

  ഇപ്പോ മനസ്സിലായില്ലേ, എന്റെ ട്യൂബ് ലൈറ്റും കത്തും !!

  അങ്ങിനെ ചിന്തിക്കാന്‍ കാരണം മറ്റൊന്നുമല്ല, പുതിയ ലാപ്ടോപ് വാങ്ങിയേ പിന്നെ, ജോലി കഴിഞ്ഞ് വന്ന് അതുമായി കണ്ണില്‍ കണ്ണില്‍ നോക്കി ഇരിക്കലാണെന്റെ ഒരേയൊരു പണി. ഉറക്കവും സ്റ്റഡിയില്‍ തന്നെ ആക്കിയതു കൊണ്ട്, രാജ്ഞിയ്ക്കും പരാതിയില്ല. (ശല്യം ശനിയാഴ്ച മാത്രമേ ഉള്ളല്ലോ) :)

  ശ്രീജിത്ത് പറഞ്ഞത് സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ കാര്യം. അതല്ലാത്തവരുടെ കാര്യത്തിലും, ലാപ്റ്റോപ് അഡിക്റ്റീവ് ആക്കാന്‍ ശേഷിയുള്ളൊരു രംഭ തന്നെ ആണ്. ഒന്നാമത് പോകുന്നിടത്തെല്ലാം കൊണ്ടുപോകാം. ഇന്റര്‍നെറ്റും കൂടെ പോന്നോളും. ആനന്ദലബ്ധിക്കിനിയെന്തു വേണം ?

  ഈ വിഷയത്തെക്കുറിച്ച് ഇനിയും ഒത്തിരി ചര്‍ച്ചയ്ക്ക് സ്കോപ്പുണ്ട് എന്നെനിക്കു തോന്നുന്നു. ആരെങ്കിലും ഇതു വച്ചൊരു പുതിയ ബ്ലൊഗ് ഇടാമോ. വിഷയം ഐ. ടി. ആകുമ്പോള്‍, ആ ഫീല്‍ഡുകാര്‍ ആരെങ്കിലും ഇടുന്നതാവും ഭംഗി എന്ന് ഒരു എളിയ ‘സജ്ജക്ഷന്‍‘ ഉണ്ട് 15. evuraan said...

  വല്യ മണ്ടത്തരത്തിനുള്ള സ്കോപ്പില്ലെങ്കിലും, ഞാന്‍ പണ്ടൊരിക്കല്‍ എഴുതിയത് ലാപ്‌റ്റോപ്പെന്നൊക്കെ കേട്ടപ്പോള്‍ തപ്പിയെടുത്തതാണ്‍.

  ലിങ്ക്