Tuesday, May 30, 2006

അശ്വമേധമണ്ടത്തരം

അഹങ്കാരം കേറിയാല്‍ മനുഷ്യന്‍ എന്ത് ചെയ്യുമെന്ന് പറയാന്‍ പറ്റില്ല. ഞാന്‍ എന്ത് ചെയ്യുമെന്ന് ഒട്ടും പറയാന്‍ പറ്റില്ല.

ഇന്നലെ എന്റെ സഹമുറിയനുമായി പലതും പറഞ്ഞ് വാഗ്വാദമുണ്ടായപ്പോള്‍ എനിക്ക് അവനേക്കാള്‍ വിവരം ഉണ്ടെന്ന് പറയേണ്ടിവരികയും, അത് സ്ഥാപിച്ചെടുക്കേണ്ടി വരികയും ചെയ്തു. കഷ്ടകാലത്തിന് അപ്പോള്‍ എന്റെ മനസ്സില്‍ വന്ന ഒരേ ഒരു വഴി അശ്വമേധം കളിച്ച് അവനെ തോല്‍പ്പിക്കുക എന്നതാണ്.

അശ്വമേധം എന്നത് കൈരളി ടി.വി-യില്‍ ഗ്രാന്റ്മാസ്റ്റര്‍ എന്ന് (സ്വയം) വിശേഷിപ്പിക്കുന്ന ജി.എസ്.പ്രദീപ് അവതരിപ്പിക്കുന്ന ഒരു പരിപാടി ആണ്. ലോകത്തിലെ ആദ്യത്തെ റിവേഴ്സ് ക്വിസ് എന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. കക്ഷി ഇപ്പൊ വലിയ മോഡല്‍ ഒക്കെ ആണെന്ന് തോന്നുന്നു. കുറേ പരസ്യങ്ങളിലൊക്കെ കാണാറുണ്ട് ഇപ്പോള്‍. എന്തായാലും, ഒരിക്കലെങ്കിലും ആ പരിപാടി കാണാത്ത മലയാളികള്‍ കുറവാണ്.

ഇനി ബാക്ക് റ്റു കഥ.

ആ പരിപാടിയിലെപ്പോലെ എന്റെ സഹമുറിയന്‍ മനസ്സില്‍ കാണുന്ന ആളിനെ ഞാന്‍ ഇരുപത്തി ഒന്ന് ചോദ്യങ്ങള്‍ കൊണ്ട് കണ്ട് പിടിക്കും എന്നതാണ് പന്തയം. എന്റെ വാശിക്ക് അപ്പോള്‍ എന്റെ പര്‍‍സില്‍ ഉണ്ടായിരുന്ന അഞ്ഞൂറ് രൂപയ്ക്ക് തന്നെ ഞാന്‍ പന്തയം വയ്ക്കുകയും ചെയ്തു.

പന്തയത്തിന്റെ ഉറപ്പിനായി എന്റെ ഒന്ന് രണ്ട് കൂട്ടുകാരെ വിളിച്ച് വരുത്തി. അവരെ പിടിച്ച് പാനലും ആക്കി. ചുമ്മാ കിടക്കട്ടെ പാനല്‍, ഒരു ജാഡയ്ക്ക്.

അങ്ങിനെ എന്റെ അശ്വമേധം ആരംഭിച്ചു.

എന്റെ സഹമുറിയന്‍ മനസ്സില്‍ കണ്ട ആളെ പാനലിനോട് പറഞ്ഞു.

ഞാന്‍: പാനല്‍, ഈസ് ഇറ്റ് അപ്പ്‌റൂവ്ഡ്?
പാനല്‍: ഓ, തന്നെ തന്നെ.
ഞാന്‍: വെല്‍ക്കം റ്റു ദ ബാറ്റില്‍ ഓഫ് അശ്വമേധം.
സഹു: താങ്ക്സ്.
ഞാന്‍: ക്യു1:- താങ്കള്‍ മനസ്സില്‍ കണ്ട വ്യക്തി ഭാരതീയനാണോ?
സഹു: അതെ
ഞാന്‍: ക്യു2:- കേരളീയന്‍?
സഹു: അതെ
ഞാന്‍: ക്യു3:- പുരുഷന്‍?
സഹു: അതെ
ഞാന്‍: ക്യു4:- ജീവിച്ചിരിപ്പുണ്ടോ?
സഹു: ഉണ്ട്.
ഞാന്‍: ക്യു5:- അന്‍പത് വയസ്സിനു മുകളില്‍ പ്രായം?
സഹു: ഇല്ല.
ഞാന്‍: ക്യു6:- തെക്കന്‍ കേരളം?
സഹു: അല്ല.
ഞാന്‍: ക്യു7:- വടക്കന്‍ കേരളം?
സഹു: അതെ.
ഞാന്‍: ക്യു8:- രാഷ്രീയം, കല, സാഹിത്യം?
സഹു: അതും ഇത്തിരി കയ്യില്‍ ഉണ്ട്.
ഞാന്‍: മതപരം, ആത്മീയം, സാമൂഹ്യപ്രവര്‍ത്തനം?
സഹു: പാനലിനോട് ചോദിക്കണം
പാനല്‍: അതിനൊന്നും പോന്ന ആളല്ല.
ഞാന്‍: അപ്പൊ അല്ല എന്നുത്തരം. ഹ്‌മ്‌മ്. ക്യു9:- ശാസ്ത്രം, സാങ്കേതികം?
സഹു: അതെ.
ഞാന്‍: ക്യു10:- ബന്ധുക്കള്‍ ആരെങ്കിലും പ്രശസ്തരാണോ?
സഹു: അല്ല.
ഞാന്‍: ക്യു11:- എന്തെങ്കിലും കണ്ടുപിടുത്തം നടത്തിയിട്ടുള്ള ആളാണോ?
സഹു: ഒട്ടുമല്ല.
ഞാന്‍: ക്യു12:- പേരിനൊപ്പം വിട്ടുപേരോ ജാതിപ്പേരോ ഉള്ള ആളാണോ?
സഹു: അതെ.
ഞാന്‍: പന്ത്രണ്ട് ചോദ്യങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇനി രാജസൂയം
ഞാന്‍: ക്യു13:- പേരിനൊപ്പം വീട്ടുപേര്?
സഹു: അതെ.
ഞാന്‍: ക്യു14:- എന്തെങ്കിലും വിശേഷണങ്ങള്‍ പേരിനൊപ്പം ചേര്‍ക്കപ്പെടാറുണ്ടോ?
സഹു: ഉണ്ട്.
ഞാന്‍: ക്യു15:- അന്താ‍രാഷ്ട്രതലത്തില്‍ പ്രസക്തി?
സഹു: അങ്ങിനെയും പറയാം.
ഞാന്‍: ക്യു16:- പ്രസക്തി നല്ല രീതിയില്‍ ആണോ അതോ കുപ്രസിദ്ധി ആണോ?
സഹു: പാനല്‍, എന്താ അഭിപ്രായം?
പാനല്‍: ആണെന്നും അല്ലെന്നും പറയാം.
ഞാന്‍: എന്ന് പറഞ്ഞാല്‍ പറ്റില്ല. പതിനാറ് ചോദ്യങ്ങള്‍ കഴിഞ്ഞു. എനിക്ക് ശരിയായ ഉത്തരം കിട്ടിയേ മതിയാകൂ
പാനല്‍: എന്നാല്‍ കുപ്രസിദ്ധി എന്ന് കൂട്ടിക്കോ.
ഞാന്‍: ഓക്കെ. പതിനാറ് ചോദ്യങ്ങള്‍ കഴിഞ്ഞു. ഇനി പണ്ടാരസൂയം.
ക്യു17:- അടുത്ത കാലത്ത് പ്രശസ്തനായ ഒരാളാണോ?
സഹു: അതെ.
ഞാന്‍: ക്യു18:- എന്തെങ്കിലും ഒരു പ്രത്യേക സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശസ്തി ആണോ?
സഹു: അല്ല.
ഞാന്‍: പിന്നെ എന്ത് പണ്ടാരമാണ്...
പാനല്‍: ഗ്രാന്‍ഡ് മാസ്റ്റര്‍ സഭ്യത പാലിക്കണം.
ഞാന്‍: ഓകെ. ക്യു19:- പത്രങ്ങളിലോ മാഗസിനുകളിലോ പേരു വന്ന ആളാണോ?
സഹു: അല്ല.
ഞാന്‍: ക്യു20:- സ്വന്തമായി വെബ്സൈറ്റ് ഉള്ളതോ, ഏതെങ്കിലും വെബ്സൈറ്റുകളില്‍ പേരുവരികയോ ചെയ്ത ആളാണോ?
സഹു: അല്ല.
ഞാന്‍: ക്യു21:- അറ്റ്ലീസ്റ്റ്, സ്വന്തമായി ഒരു ബ്ലോഗ് എങ്കിലും ഉള്ള ആ‍ളാണോ?
സഹു: അതെ.
ഞാന്‍: എന്റെ ചോദ്യങ്ങള്‍ ഒക്കെ കഴിഞ്ഞിരിക്കുന്നു. ഇനി ഉത്തരം പറയാന്‍ മാത്രം അവസരം. ഓകെ. നിങ്ങള്‍ ഊഹിച്ച വ്യക്തി ഹായ് ഫ്രന്‍ഡ്സ് എന്ന ബ്ലോഗ് എഴുതുന്ന, കള്ളന്‍ എന്ന് വിശേഷണമുള്ള, അരുണ്‍ജിത്ത് അല്ലേ?
സഹു: എടാ‍ മണ്ടാ, മണ്ടന്‍ എന്ന് വിശേഷണമുള്ള, പേരിനൊപ്പം കുളങ്ങരത്ത് എന്ന വീട്ട്പേരുള്ള ഞാന്‍ വിചാരിച്ച വ്യക്തി നീയാടാ.
ഞാന്‍: അയ്യോ !!! എന്റെ അഞ്ഞൂറ് രുപ.
...

അങ്ങിനെ എന്റെ മണ്ടത്തരങ്ങള്‍ക്ക് ഇന്ന് ഒരു വില വീണിരിക്കുന്നു. അഞ്ഞൂറ് രുപ. ഞാന്‍ പാപ്പരായേ !!!

15 comments:

  1. aneel kumar said...

    ഒന്നുരണ്ടു ചോദ്യം കഴിഞ്ഞപ്പോഴേ പ്രതി ശ്രീജിയല്ലാതെ മറ്റാരുമല്ല മനസിലായിരുന്നു. തിരുമണ്ടന്‍.

    പോസ്റ്റിന്റെ ആദ്യഖണ്ഡിക ശരിക്കും ജി.എസ്.പ്രദീപിനും ചേരും. സത്യം.

    മണ്ടത്തരം കാണിച്ച് -അതും അഹങ്കാരം കൊണ്ട് - കാശുകളഞ്ഞ് പാപ്പരാവുന്ന മണ്ടന്മാര്‍ക്ക് കൊടുക്കാന്‍ ഒരു ഫണ്ടുണ്ടോ ഇവിടെ?



  2. കുറുമാന്‍ said...

    ശ്രീജ്യേ.....ശ്രീജീടെ അഞ്ഞൂറ് പോയാലെന്താ....ഞങ്ങള്‍ക്ക് ഉറഞ്ഞു ചിരിക്കാനുള്ള വക കിട്ടിയല്ലോ........ഹാപ്പി......സന്തോയം



  3. Obi T R said...

    ആരാ പറഞ്ഞെ ശ്രീജിത്ത്‌ മണ്ടനാണെന്ന്, ഇവിടെ ഒരോരുത്തര്‍ അരുണ്‍ജിത്തിനു എന്തു പണി കൊടുക്കും എന്ന് വേവലാതിപ്പെട്ടിരുന്നപ്പോള്‍ ഇതാ വരുന്നു ശ്രീടെ ഒരു നൈസ്‌ പണി.



  4. ചില നേരത്ത്.. said...

    ശ്രീജിത്തെ..
    മണ്ടന്‍ തന്നെ..(അരുണ്‍ജിതിനിട്ട് കൊടുത്ത പണി നന്നായി)

    ഓഫ് : ഒബീ, ഒരേ ഐ.പി അഡ്രസ്സില്‍ നിന്ന് known ആയും anonymous ആയും കമന്റ് വെക്കുന്നവര്‍ക്കും പണി കൊടുക്കണം എന്നൊരു താല്പര്യക്കാരനാണ് ഞാന്‍.



  5. തണുപ്പന്‍ said...

    ശീജിത്ജീ, പോക്കറ്റില്‍ ഒരായിരം രൂപയുണ്ടാകുമ്പോള്‍ നമുക്കൊന്നു കാണണം. എന്തെങ്കിലും പറഞ്ഞ് ബെറ്റ് വെക്കാലോ .



  6. അരവിന്ദ് :: aravind said...

    ചടുലമായ സരസം‌ഭാഷണങ്ങളും, കഥക്കിടയിലുള്ള quip കളും(ഈ പോസ്റ്റിലെ മാത്രമല്ല) എഴുതാന്‍ ശ്രീജിത്തിനെ വെല്ലാന്‍ പ്രയാസം :-)



  7. സ്നേഹിതന്‍ said...

    ബെറ്റ് കൊള്ളാം. അടുത്ത പ്രാവശ്യം ആയിരമൊ അയ്യായിരമൊ ബെറ്റ് വയ്ക്കു. പലിശയും മുതലുമടക്കം ആര്‍ക്കെങ്കിലും കിട്ടട്ടെ. :) :)
    മണ്ടത്തരങ്ങള്‍ക്കിടയിലും മണ്ടത്തരത്തില്‍ പെടാത്ത എന്തോ ഒന്ന് ഒളിച്ചിരിപ്പുണ്ടല്ലൊ. അല്ലെങ്കിലീ
    മണ്ടത്തരങ്ങള്‍ എഴുതാന്‍ കഴിയില്ലല്ലൊ!



  8. Anonymous said...

    എനിക്കു പോലും മനസ്സിലായി ശ്രീജിത്തേട്ടന്‍ ആണു എന്നു.അയ്യേ ഷേം ഷേം!

    ഞാന്‍ മലയാളി ആണു. ഇന്നേ വരെ അശ്വമേധം കണ്ടിട്ടില്ല.

    എന്തുവാണു ഈ റിവേര്‍സ് ക്വിസ്? ഇതിന്റെ പേരു ‘റ്റ്വെന്റി കൊസ്റ്റിയന്‍സ് ’ എന്നാണു,
    ഞങ്ങടെ കോളേജില്‍ ഒക്കെ എപ്പോഴും കോംബറ്റീഷന്‍ ഉണ്ടാ‍യിരുന്ന ഐറ്റം ആണു.

    ഈ ലിങ്ക് നോക്കൂ.
    http://en.wikipedia.org/wiki/20_Questions



  9. Obi T R said...

    അതാരാ ഇബ്രു ആ കക്ഷികള്‍, അവര്‍ക്കിട്ടു പണി കൊടുക്കാനും ശ്രീജിത്തിനെ തന്നെ ഏല്‍പ്പിച്ചാല്‍ പോരേ?



  10. കരീം മാഷ്‌ said...

    തെക്കന്‍ കേരളം? എന്നു ചോദിച്ചപ്പോള്‍ "അല്ല" എന്നുത്തരം പറഞ്ഞിട്ടും വടക്കന്‍ കേരളം? എന്നു ചോദിച്ചു ഒരു ക്ലൂ വേസ്‌റ്റാക്കിയപ്പോള്‍ മണ്ടന്‍ വേറേ ആരുമല്ലാന്നൂഹിച്ചിരുന്നു.



  11. Adithyan said...

    കരിം മാഷേ, ഇനി അധവാ മ’ദ്യ’ കേരളം ആണെങ്കിലോ ;)

    ഈ മദ്യ കേരളം എന്നു പറയുന്നത് വേറെ ഒന്നുമല്ല പാലാ-കോട്ടയം ബെല്‍റ്റ് തന്നെ... അല്ലെ?



  12. റീനി said...

    ആരെടോ കോട്ടയം പാലാ സൈഡിനെക്കുറിച്ച്‌ അപഖ്യാതി പറയെണെ?, അവിടെ തണ്ണിയടിക്കുന്ന നല്ല കുറെ ചേട്ടന്മാര്‍ ഉണ്ടന്നു വച്ച്‌...



  13. Adithyan said...

    അപ്പോ പെങ്ങളു പാലായീന്നാ അല്ലിയോ?

    നൈസ് റ്റു മീറ്റ് യു :))



  14. Anonymous said...

    പിന്നെ പിന്നെ കുറേ പാലക്കാരു വന്നേക്കുണു..

    കഴിഞ്ഞ് ക്രിസ്തുമസ്സിനും ഈസ്റ്ററിനും ഏറ്റവും കൂടുതല്‍ തണ്ണി ചിലവായത് ചാലക്കുടിയില്‍ ആണ്. പത്രത്തിലൊന്നും വായിച്ചാലോരുന്നോന്നെ?



  15. കരീം മാഷ്‌ said...

    ആദിത്യാ......

    ഉളുമ്പത്തുകുന്നാണ്‌ കേരളത്തിന്റെ മദ്ധ്യ ബിന്ദു. കേരളത്തിന്റെ അങ്ങേത്തലക്കല്‍ നിന്ന്‌ ഒരു കയര്‍ ഇങ്ങേതലക്കലേക്കു വലിച്ചു പിടിച്ചാല്‍ അതിന്റെ മദ്ധ്യബിന്ദു വന്നു നില്‍ക്കുന്നതു ഉളുമ്പത്തു കുന്നിന്റെ ടവരില്‍.
    (സംശയമുണ്ടെങ്കില്‍ വിശാലമന്‍സ്‌കനോടു ചോദിക്കുക കോടകരപുരാണം വാള്യം ഒന്ന്‌ അദ്ധ്യായം 23 ശീര്‍ഷകം (ഉലുമ്പത്തു കുന്ന്‌)

    ഉളുമ്പത്തു ടവറിനു വടക്കു ഭാഗം ഉത്തര്‍കേരളവും തെക്കുഭാഗം ദക്ഷിണകേരളവും മാത്രം.
    അതിനാല്‍ ദക്ഷിണകേരളവും ഉത്തരകെരളവും സംശയാതീതമായി അംഗീകരിച്ചിരിക്കുന്നു. 'മദ്യ' കേരള വാദികളെ മരിക്കുന്നതുവരെ തൂക്കിലിടാന്‍ ഈ കോടതി വിധിക്കുന്നു.