Friday, June 02, 2006

വലിഞ്ഞ്കേറിയ മണ്ടത്തരം

ഒറ്റപ്പാലം എന്ന മാസ്മരികലോകത്തെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചധികം കാലമായി. എന്ന് ഞാന്‍ ഒരു ഒറ്റപ്പാലംകാരന്റെ കൂടെ താമസിക്കാന്‍ തുടങ്ങിയോ അന്ന് വന്ന് തുടങ്ങിയതാണ് എന്റെ ചെവിയില്‍ ഒറ്റപ്പാലം എന്ന തഴമ്പ്.

ഒറ്റപ്പാലംകാര്‍ സ്വന്തം നാടിനെക്കുറിച്ച് ആവശ്യത്തിലധികം ഊറ്റം കൊള്ളുന്നവരാണെന്ന് തോന്നുന്നു. ഫിലിം സിറ്റി ഓഫ് ഗോഡ്സ് ഓണ്‍ കണ്ട്രി എന്നാണവന്‍ സ്വന്തം നാടിനെ വിശേഷിപ്പിക്കാറ്. ഇത്രയും മനോഹരമായ വേറെ ഏതെങ്കിലും സ്ഥലമുണ്ടോ കേരളത്തില്‍ എന്ന് അവന്‍ നാഴികയ്ക്ക് നാല്പത് വട്ടം ചോദിക്കും. കണ്ണൂര്‍ എന്ന് ഒരിക്കല്‍ പറഞ്ഞതിന് അവിടത്തെ രാഷ്രീയകൊലപാതകങ്ങളുടെ ഒരു കണക്ക് നിരത്തി അവന്‍ എന്നെ വധിച്ചതില്‍ പിന്നെ ആ ചോദ്യത്തിന് പിന്നീട് ഞാന്‍ ഒരിക്കലും മറുപടി കൊടുത്തിട്ടില്ല.

അങ്ങനെയിരിക്കെയാണ് പട്ടാമ്പിയുള്ള എന്റെ ഒരു പഴയ സഹപാഠിയുടെ വിവാഹം നിശ്ചയിച്ചത്. വിവാഹവും അവിടെത്തന്നെ. എനിക്കും എന്റെ സഹമുറിയനും, പിന്നെ ബാംഗ്ലൂരില്‍ത്തന്നെയുള്ള മറ്റു നല്ല സുഹൃത്തുക്കള്‍ക്കും ക്ഷണം ഉണ്ട്. വിവാഹം വിളിച്ച ആളുമായുള്ള അടുപ്പവും, പിന്നെ ഇത്രയും നാള്‍ എന്റെ സഹമുറിയന്‍ കൊട്ടിഘോഷിച്ച ഒറ്റപ്പാലം എന്ന പ്രപഞ്ചം കാണാനുള്ള ആഗ്രഹവും കൂടിയായപ്പോള്‍ രണ്ടാമതൊന്നാലോചിക്കാതെ, പോകാന്‍ തീരുമാനമായി.

താമസിക്കാന്‍ സഹമുറിയന്റെ വീടുണ്ടല്ലോ അവിടെ. പിന്നെ എന്ത് പേടിക്കാന്‍. അങ്ങിനെ ഒരു ദിവസം ഒറ്റപ്പാലത്ത് നിന്ന് സ്ഥലങ്ങള്‍ കാണാനും, ചില തരികിടകള്‍ ഒപ്പിക്കാനും, പിന്നെ അടുത്ത ദിവസം വിവാഹം കൂടാനും, ഒരു ഭാരതപ്പുഴനീരാട്ടും കഴിച്ച് ( ഭാരതത്തോട് എന്ന് പേര്‍ മാറ്റണം എന്ന് ഞങ്ങള്‍ തമ്മില്‍ നടക്കുന്ന തര്‍ക്കം കാവേരിപ്രശ്നം പോലെ നീണ്ട് പോകുന്നു) സസന്തോഷം തിരികെ വരുന്നതും ആയ ഒരു ടൂര്‍പാക്കേജ് ഞാന്‍ മുന്നോട്ട് വച്ചു. അത് പുല്ല് പോലെ പാസ്സായി. ഈ ടൂര്‍പാക്കേജ് ഞാന്‍ കൂട്ടുകാര്‍ക്ക് മെയില്‍ ആയി അയച്ച്, അതില്‍ താല്പര്യം കാണിച്ചവരില്‍ നിന്ന് ചര്‍ച്ചകള്‍‍ക്കും മുഖാമുഖങ്ങള്‍ക്കും ശേഷം തിരഞ്ഞെടുത്ത വേറെ രണ്ടുപേരെയും കൂടെ ചേര്‍ത്ത് ഞങ്ങള്‍ ടൂറിന്റെ രൂപരേഘ തയ്യാറാക്കി.

തീരുമാനിച്ചുറപ്പിച്ച പ്രകാരം ഞങ്ങള്‍ ശനിയാഴ്ച അതിരാവിലെതന്നെ ഒറ്റപ്പാലത്തെത്തി. കുളിയും പ്രാതലും ഒരുങ്ങലും ഒക്കെ അതിന്റേതായ സമയം എടുത്ത് പൂര്‍ത്തിയാക്കി ഒരു പതിനൊന്ന് മണിയോടെ ഞങ്ങള്‍ ഔട്ടിങ്ങിന് തയ്യാറായി. തുടര്‍ന്ന്, ആദ്യം നമുക്ക് കീഴൂര്‍ എന്ന സ്ഥലത്ത് പോകാം എന്ന് ഒറ്റപ്പാലംകാരന്‍ സഹമുറിയന്‍ നിര്‍ദ്ദേശിക്കുകയും, ഒരു സ്ഥലവും അറിയാത്ത ഞങ്ങള്‍ അവിടെയെങ്കില്‍ അവിടെ എന്ന നിലപാടെടുക്കുകയും ചെയ്തു. അവന്റെ കൂട്ടുകാരുടെ രണ്ട് ബൈക്കും സംഘടിപ്പിച്ച് ഞങ്ങള്‍ നാലുപേരും കീഴൂരേക്ക് യാത്രയായി.

പറഞ്ഞ്കേട്ടപോലെ മനോഹരമായ സ്ഥലം തന്നെ കീഴൂര്‍. ഒരു വശത്ത് വയലോലകള്‍. മറുവശത്ത് പാറക്കെട്ടുകള്‍. തെങ്ങുകളാലും പനകളാലും മറ്റ് വൃക്ഷങ്ങളാലും സ‌മൃദ്ധം. വളഞ്ഞ് പുളഞ്ഞുള്ള റോഡ്. കുത്തനെയുള്ള ചില കയറ്റങ്ങളും ഇറക്കങ്ങളും. പാതയോരത്ത് വളരെ ദൂരം വിട്ട് ചെറിയ വീടുകള്‍. കൃഷിസ്ഥലങ്ങള്‍. വീട്ട്മൃഗങ്ങള്‍. പാലക്കാടന്‍ ഗ്രാമീണഭംഗി വിവരണാതീതം. അസംഖ്യം സിനിമകള്‍‍ ഈ പ്രദേശത്ത് ചിത്രീകരിച്ചിരിക്കുന്നു. വിവാഹത്തിന് ശേഷം ഫില്ലറായി കല്യാണപ്പെണ്ണും ചെറുക്കനും, ഓടുന്നതും ചാടുന്നതും മടിയില്‍ തല വച്ച് കിടക്കുന്നതുമായ വീഡിയോ ചിത്രീകരിക്കാന്‍ പ്രദേശത്തെ സ്റ്റുഡിയോക്കാര്‍ കൂടുതലായി ഇഷ്ടപ്പെടുന്നതും ഈ പ്രദേശം തന്നെ.

അങ്ങിനെ ദൃശ്യങ്ങള്‍ കണ്ട് കൊണ്ട് ബൈക്കില്‍ ഞങ്ങള്‍ യാത്ര ചെയ്ത് കൊണ്ടിരുന്നപ്പോഴാണ് എന്റെ മനസ്സില്‍ ചെകുത്താന്‍ കേറിയത്. ഒരു ചെങ്കുത്തായ പാറ കണ്ടപ്പോള്‍ എനിക്കതില്‍ വലിഞ്ഞ് കേറി ഒരു ഫോട്ടോ എടുക്കണം. കൂട്ടുകാര്‍ എല്ലാം വിലക്കി. കുത്തനെ ഉള്ള പാറ ആണെന്നും എങ്ങാനും വീണാ‍ല്‍ പൊട്ടാന്‍ എല്ലൊന്നും ബാക്കി ഉണ്ടാവില്ല എന്നുമുള്ള ഉപദേശങ്ങള്‍ ആ പാറ പോലെ ഉറച്ച എന്റെ തീരുമാനം മാറ്റിയില്ല. ക്യാമറ ഉള്ളവനോട് എവിടെ നിന്ന് ഫോട്ടോ എടുക്കണം എന്നുള്ള നിര്‍ദ്ദേശവും കൊടുത്ത് പാറയില്‍ അള്ളിപ്പിടിച്ച് കയറാന്‍ ഞാന്‍ തയ്യാറായി.

കുത്തനെ ഉള്ള പാറയതിനാല്‍ ദൂരെ നിന്ന് ഓടി വന്ന് ആ വേഗതയുടെ ബലത്തില്‍ കയറുകയേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ. രണ്ടാള്‍ പൊക്കത്തില്‍ അങ്ങിനെ കേറി. പിന്നെ എന്റെ സ്വന്തം കൈകാലുകളുടെ ബലത്തില്‍ നിരങ്ങിക്കയറേണ്ടി വന്നു. പിന്നില്‍ നിന്ന് “മതി, ഇനി ഇറങ്ങ്” എന്നൊക്കെയുള്ള അലറലുകള്‍ ഞാന്‍ കേട്ടില്ലെന്ന് നടിച്ചു. ഇനി കേറാനുള്ള സ്കോപ്പില്ല എന്ന് മനസ്സിലായപ്പോള്‍ കിട്ടിയ ഒരു ചെറിയ വിടവില്‍ ആസനംവച്ച് ഞാന്‍ ഇരിപ്പായി.

ഇരുന്ന് കഴിഞ്ഞ് താഴേക്ക് നോക്കുമ്പോഴാണ് ഞാന്‍ കേറിയ ദൂരത്തെക്കുറിച്ച് ഒരു ധാരണ കിട്ടുന്നത്. വീഴുമ്പോഴും ഇതേ പൊക്കത്തില്‍ നിന്ന് വീഴുമല്ലോ എന്ന വിചാരം എന്റെ സകലനാഡീഞരമ്പുകളേയും തളര്‍ത്തി. പേടികാരണം തലകറങ്ങുന്നപോലെ തോന്നി. ഞാന്‍ അയ്യോ എന്നുറക്കെ തന്നെ വിളിച്ചു. താഴെ നില്‍ക്കുന്നവര്‍ക്കും പേടിയായി.

എന്തായാലും കേറിയതല്ലേ, ഫോട്ടോ എടുത്തേക്കാം എന്ന് പറഞ്ഞ് ക്യാമറക്കാരന്‍ ഫോട്ടോ എടുത്ത്, അവന്റെ കര്‍മ്മം നിര്‍വ്വഹിച്ച്, ഇനി കിട്ടാന്‍ സാധ്യതയുള്ള സ്കൂപ്പിനായി തയ്യാറായി. എ.എക്സ്.എന്‍ എന്ന ചാനലിലെ മാക്സ്.എക്സ് എന്ന പരിപാടിക്കയയ്ക്കാന്‍ ഞാന്‍ മൂക്കും കുത്തി വീഴുന്ന വീഡിയോ ഷൂട്ട് ചെയ്യാന്‍ ആ ദ്രോഹി നല്ല ആങ്കിള്‍ നോക്കി താഴെ നിലയുറപ്പിച്ചു.

എങ്ങിനെ താഴെ ഇറങ്ങും എന്ന് എനിക്കൊരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല. നട്ടുച്ച വെയിലത്തെ ചൂടിന് പാറ ചൂട് പിടിച്ചിരിക്കുകയായിരുന്നതിനാല്‍ എനിക്ക് അവിടെയുള്ള ഇരിപ്പും അത്ര സുഖകരമായിരുന്നില്ല. ഇട്ടിരുന്ന തേഞ്ഞ്തീരാറായ ചെരുപ്പിനാല്‍ പാറയില്‍ കാലുവച്ച് പിടിത്തവും കിട്ടുന്നുണ്ടായിരുന്നില്ല. താഴെ ഇറക്കാന്‍ ക്രെയില്‍ വിളിക്കണോ അതോ ഫയര്‍സര്‍വ്വീസുകാരെ വിളിക്കണോ എന്ന് താഴെനിന്നവര്‍ കുലംകശമായി ചിന്തിക്കുന്നതിനിടയില്‍ എനിക്ക് വരാന്‍പോകുന്ന നാണക്കേടിന്റെ ആഴമോര്‍ത്ത് ഞാന്‍ ഊര്‍ന്നിറങ്ങാന്‍ തീരുമാനിച്ചു.

ഈ മിഷന്‍ ഇമ്പോസിബിള്‍ ഞാന്‍ ജോണ്‍ വൂവിന് ഡെഡിക്കേറ്റ് ചെയ്ത്, ഇക്കാര്യത്തില്‍ എന്റെ അഭിനവഗുരുവായ ടോംക്രൂസ് ദൈവങ്ങളെ മനസ്സില്‍ ധ്യാനിച്ച് കൊണ്ടും, മറ്റ് പരിചയമുണ്ടായിരുന്ന ദൈവങ്ങളായ ബ്രഹ്മ, വിഷ്ണു, മഹേശ്വരന്മാര്‍ക്ക് നേര്‍ച്ചകള്‍ നേര്‍ന്ന് കൊണ്ടും ഞാന്‍ എന്റെ മടക്കയാത്ര ആരംഭിച്ചു.

കുറച്ച് ദൂരം നിരങ്ങി ഇറങ്ങി. പിന്നെ ഗര്‍ഷണം മൂലം പിന്‍ഭാഗങ്ങള്‍ ചൂടായിത്തുടങ്ങിയപ്പൊ പതുക്കെ ഒന്നുയര്‍ന്ന് സ്വാമിയേ ശരണമയ്യപ്പാ എന്ന വിളി ബാക്ക്ഗ്രൌണ്ട് മ്യൂസിക്കായിക്കൊടുത്ത് കുത്തനെയുള്ള പാറയില്‍ ഞാന്‍ ഓടിതുടങ്ങി. പാറയുടെ താഴെ വരെ മോശമില്ലാത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞെങ്കിലും പിന്നീട് ഞാന്‍ ഒരു പരാജയമായിമാറി.

9.8 മീറ്റര്‍/സെക്ക്ന്റ്2 എന്ന ഗുരുത്വാകര്‍ഷണത്വരണത്തില്‍ വന്നുകൊണ്ടിരുന്ന എനിക്ക് പിന്നീടും ആ വേഗത തുടരാന്‍ ഒരു ത്വര ഉണ്ടായെങ്കിലും, പാറയും ഭൂമിയും തമ്മില്‍ ലംബമായി നിന്ന കൊണ്ട് അതിന് സാധിക്കുകയുണ്ടായില്ല. പിന്നീട് ട്രെയിനില്‍ നിന്ന് വീഴുന്ന പ്ലാസ്റ്റിക്ക് കുപ്പി താഴെ നിലത്ത് തെന്നിതെന്നി തെറിച്ച്പോകുന്ന പോലെ ഞാന്‍ കയറ് കെട്ടി വലിച്ചകണക്കെ കുറേ ദൂരം മുന്നോട്ട് പോയി നില്‍ക്കുകയായിരുന്നു. ദൈവം സഹായിച്ച് എന്റെ എല്ല്, പല്ല്, തലയോട് തുടങ്ങിയ ഉറപ്പുള്ള ഭാഗങ്ങള്‍ക്ക് ഒടിവൊന്നും സംഭവിച്ചില്ലെങ്കിലും എന്റെ തൊലി, മുട്ട്, പൃഷ്ഠം, അഭിമാനം തുടങ്ങിയ ലോലമായ ഭാഗങ്ങളില്‍ ചില പാച്ച്‌വര്‍ക്കുകള്‍ ആവശ്യമായിവന്നു.

ഈ ഗംഭീരപ്രകടനത്തോടുകൂടി അന്നത്തെ ദിവസത്തെ മറ്റ് പരിപാടികള്‍ എനിക്ക് ശാരീരികാസ്വാസ്ത്യം കാരണം ഒഴിവാക്കേണ്ടി വന്നു. അടുത്ത് ദിവസം നടന്ന വിവാഹം പരസഹായത്തോട്കൂടി നടക്കാം എന്ന ഭേദപ്പെട്ട അവസ്ഥയില്‍ എത്തിയതിനാല്‍ പങ്കെടുക്കാന്‍ പറ്റിയെങ്കിലും പിന്നീട് ഒരു മലപോയിട്ട് ഒരു സ്റ്റെപ്പ് എങ്കിലും സ്വന്തമായി കേറാന്‍ പറ്റുന്ന അവസ്ഥ എത്താന്‍ ദിവസങ്ങള്‍ കുറച്ചധികം വേണ്ടി വന്നു. ചലനശേഷിക്ക് അവശ്യമായ മുട്ട്, കനങ്കാല്‍, കഴുത്ത്, നടുവ് എന്നീ ഭാഗങ്ങളില്‍ വന്നുചേര്‍ന്ന ക്ഷണിക്കപ്പെടാത്ത അതിഥിയായ നീരു വലിയാന്‍ ഒരു തെര്‍മല്‍ പവര്‍പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ അവശ്യമായത്രയും നീരാവിയും വേണ്ടിവന്നു. പാവം ഞാന്‍ !!!

അടിക്കുറിപ്പ്: എന്റെ വീഴ്ചയുടെ ഭംഗി നേരില്‍ ആസ്വദിച്ച എന്റെ പ്രിയപ്പെട്ട കൂട്ടുകാരന് ആ ദൃശ്യം വീഡിയോ ആയി പകര്‍ത്താന്‍ കഴിഞ്ഞില്ല എന്ന ദുരന്തസത്യം ഞാന്‍ വ്യസനസമ്മേതം അറിയിക്കട്ടെ. എന്നാലും അതിനു മുന്‍പെടുത്ത ചിത്രം കാണാന്‍ താല്പര്യമുള്ളവര്‍ക്ക് ഇതാ ഇവിടെ.

വലിഞ്ഞ്കേറിയ മണ്ടത്തരത്തിന്റെ ചിത്രം

13 comments:

  1. തണുപ്പന്‍ said...

    നുമ്മള്‍ ഗോമ്പിറ്റേഷനൊന്നുമില്ലേ, ഇനി വന്നാല്‍ തന്നെ ശ്രീജിയുണ്ടാകുമ്പോള്‍ ഗപ്പ് നമുക്കെങ്ങനെ ഗിട്ടാനാ?

    ദേ, വീണ്ടും ഒരു മണ്ടത്തരം ചെയ്തു, ശ്രീജിയെ ജി ടോക്കില്‍ ചേര്‍ത്തേ.....



  2. Unknown said...

    എന്റെ ഒരു കൂട്ടുകാരന്‍ പണ്ട്‌ ഒരു ഏണിയില്‍ കയറി ഇതുപോലെ തിരിച്ചിറങ്ങാന്‍ വയ്യാതെ വന്നപ്പോള്‍, ഏണിയിലൂടെ വന്നാല്‍ അതില്‍ ഉരയും, അതിനേക്കാള്‍ നല്ലത്‌ നേരെ തറയില്‍ വീഴുന്നതാണെന്നു തീരുമാനിച്ചു, നേരെ എടുത്ത്‌ ചാടി. ആരുടെയൊക്കെയോ ഭാഗ്യത്തിനു കുറെ പെയ്ന്റ്‌ പോയതൊഴിച്ച്‌ ഒന്നും പറ്റിയില്ല..


    പിന്നെ വേറൊരു സംശയം

    ഒരു ദിവസം ഒറ്റപ്പാലത്ത് നിന്ന് സ്ഥലങ്ങള്‍ കാണാനും, ചില തരികിടകള്‍ ഒപ്പിക്കാനും, പിന്നെ അടുത്ത ദിവസം വിവാഹം കൂടാനും,...

    എന്തായിരുന്നു ശ്രീ ആ തരികിട??



  3. കല്യാണി said...

    ശ്രീജിത്തേ, കൊള്ളാം. നല്ല ഒഴുക്കുള്ള വിവരണം.



  4. സു | Su said...

    ഉം...

    വീടിന്റെ മുകള്‍നിലയില്‍ ഒന്നായിട്ട് പണിഞ്ഞിട്ട റൂമൊക്കെ വേറെ വേറെ ആക്കിയെടുക്കാമെന്ന് അച്ഛനും അമ്മയും തീരുമാനിച്ചു. ജോലി തുടങ്ങി. വീടിന്റെ ഉള്ളില്‍ നിന്ന് മുകളിലേക്ക് കയറാന്‍ ഉള്ള പടികള്‍ക്കുള്ള വാതില്‍( അത് മുകളില്‍ നിന്ന് താഴോട്ട് അടയ്ക്കുന്നപോലെയുള്ളതാണ്) അടച്ചിട്ടു. ജോലി തുടങ്ങി. താഴെ മുറ്റത്ത് നിന്ന് ടെറസ്സിലേക്ക് ജോലിക്കാര്‍ക്ക് കയറാന്‍ ഒരു മരത്തിന്റെ ഏണിയും, വേറൊരു സൈഡില്‍ മുകളില്‍ കാഴ്ച കാണാനും അമ്മയ്ക്ക് ചെടി പരിപാലിയ്ക്കാന്‍ പോകാനും വേറെ ഒരു ഇരുമ്പിന്റെ ഏണിയും വെച്ചിരുന്നു. ഇത്തവണ വീട്ടില്‍ പോയപ്പോള്‍ അമ്മയ്ക്ക് നിര്‍ബന്ധം. മുകളിലെ ജോലിയും ചെടിയും കാണാന്‍ എന്നെ കൊണ്ടുപോകണം. എനിക്കാണെങ്കില്‍ ധൈര്യം കൊണ്ട് ഒരു വിറ. കേറിക്കോ കേറിക്കോന്നും പറഞ്ഞ് അമ്മ താഴെ നിന്ന് ഉത്സാഹിപ്പിച്ചു. ഞാന്‍ ഓരോ പടിയിലും കാലു വെച്ചിട്ട് ഞാനിപ്പം വീഴുമേന്നും പറഞ്ഞ് അലറാന്‍ തുടങ്ങി. ഇല്ല ഇല്ല പോയ്ക്കൊന്നും പറഞ്ഞ് അമ്മ എന്നെ ടെറസ്സില്‍ എത്തിച്ചു. എന്നിട്ട് പിന്നാലെ ഉഷാറായിട്ട് കയറി വന്നു. ഞാന്‍ അവിടെയൊക്കെ ചുറ്റി നടന്ന് എല്ലാം കണ്ടു. അവസാ‍നം ഇറങ്ങാന്‍ നേരം ആയി. അമ്മ ആദ്യം ഇറങ്ങി. പിന്നെ ഏണി പിടിക്കണമല്ലോ.ആദ്യത്തെ സ്റ്റെപ്പില്‍ കാലെടുത്ത് വെച്ചതും എനിക്ക് ഭയങ്കര ധൈര്യം വന്നു. ഞാന്‍ ഇറങ്ങില്ലേന്നും പറഞ്ഞ് അലറാന്‍ തുടങ്ങി. കുറേ തര്‍ക്കിച്ചതിനു ശേഷം അമ്മ വീടിനകത്തു പോയി വാതില്‍ മുകളിലേക്കുള്ളത് തുറക്കാന്‍ ശ്രമിച്ചു. അതിനുമുകളില്‍ കുറേ പലകയും കല്ലും ഒക്കെ ജോലിക്കാര്‍ വെച്ചിട്ടുണ്ട്. ഞാന്‍ മുകളില്‍ നിന്ന് കുറേയൊക്കെ എടുത്തുമാറ്റി. അമ്മ വാതില്‍ ഉയര്‍ത്തി. എനിക്കു കടക്കാന്‍ പാകം ആയപ്പോള്‍ അതിലൂടെ ഇറങ്ങിപ്പോന്നു. പിന്നെ ഫോണ്‍ ചെയ്താല്‍ ജോലി തീര്‍ന്നോ തീര്‍ന്നോ എന്നു ചോദിക്കലായി എന്റെ ജോലി. എന്നിട്ട് ശരിക്കുള്ള സ്റ്റെപ്പ് കയറി പോകാമല്ലോ ;)

    ശ്രീജിത്ത് പാറയില്‍ നിന്ന് രക്ഷപ്പെട്ടപ്പോള്‍ മനസ്സില്‍ എന്തൊക്കെ മേളം ആയിരുന്നെന്ന് എനിക്ക് ഊഹിക്കാന്‍ പറ്റും. ;)



  5. മറുനാടന്‍ said...

    ഇതു പോലെ എനിക്കും ഒരു അനുഭവം ഉണ്ടായി !

    കുറചു കൂട്ടുകാരുമായി കേരള-കര്‍ണാടക അതിര്‍ത്തിയിലുള്ള ബന്ദിപ്പൂര്‍ കാട്ടിലൂടെ കാറില്‍ പോകുകയായിരുന്നു. 5 പേരില്‍ 2 പുമാന്മാര്‍ ഒഴിചു ബാക്കി 3 പേരും നല്ല വണ്ണം മദ്ദ്യം സേവിച്ചിരുന്നു. ഈയുള്ളവന്‍ രണ്ടാമത്തെ ഗണത്തില്‍ ഉള്‍പ്പെട്ടിരുന്നു. വഴിയില്‍ പ്രക്രുതിയുടെ വിളി വന്നതു കൊണ്ട് ഞങളുടെ കൂടെയുള്ള ഒരാള്‍ കാട്ടിലേക്ക് അപ്രത്യക്ഷനായി.
    വെറുതെ നിന്ന സമയത്ത് ഞാന്‍ ചുറ്റുപാടും നോക്കിയപ്പോള്‍ ഒരു പടു മരത്തിനു മുകളില്‍ ഒരു കൊച്ച് വീട്. അതിലേക്ക് കയറുവാനായി ഒരു കോണിയുമുണ്ട്. ഏതാണ്ട് 15-20 അടി ഉയരത്തിലാണ് ഈ വീട്. ഞാന്‍ വിചാരിച്ചു ഒന്നു വീട്ടില്‍ കയറി കളയാം എന്ന്. രണ്ടും കല്‍പ്പിച്ച് അതില്‍ വലിഞ്ഞ് കയറി. മുകളിലെത്തി വീടൊക്കെ പരിശോദിച്ചു താഴെക്ക് നോക്കിയപ്പോള്‍ 8 പേരെ കാണാനുണ്ട്. ഞാന്‍ വിചാരിച്ചു 4 കാടന്മാര്‍ കൂട്ടുകാരെ തടഞഞ്ഞു വെച്ചിരിക്കുകയാണെന്ന്! ഞാന്‍ കണ്ണ് ഒന്നു കൂടി തിരുമ്മി നോക്കിയപ്പോഴണു മനസ്സിലായത്, 4 കൂട്ടുകാരെ തന്നെയാണ് 8 ആയി ക്ണ്ട്തെന്ന്. എനിക്ക് ലഹരിയും, ഭയവും കൊണ്ട് താഴെക്ക് ഇറങ്ങുവാന്‍ പറ്റുന്നുണ്ടായിരുന്നില്ല.
    ..................................
    ..................................
    അവസാനം ഒരു വിധത്തില്‍ കെട്ട് ഇറങ്ങിയ ശേഷമാണു മരത്തില്‍ നിന്നു വലിഞ്ഞ്ഞിറങ്ങിയത്. അതു വരെ എന്നെയും ശപിച്ചു കൊണ്ട് കൂട്ടുകാര്‍ കാറിനു ചുറ്റും പ്രദക്ഷിണം വെച്ചു കൊണ്ടിരുന്നു..
    ...................................
    ബാക്കിപത്രം
    വെള്ളമടിച്ചാല്‍ വയറ്റില്‍ കിടക്കണം.



  6. Satheesh said...

    എന്നാലും ആ വീഡിയോ എടുക്കാഞ്ഞത് മഹാകഷ്ടമായിപ്പോയി..ഇനിയിപ്പോ ഇതിന്റെ റിടേക്കിനു പ്ലാനുണ്ടോ..
    സംഗതി കലക്കി..



  7. ഉമേഷ്::Umesh said...

    ശ്രീജിത്തേ,

    പണ്ടു ഡെമോക്ലീസിനു പകരം ഡെമോസ്തനീസിനെ എഴുതിയപ്പൊഴേ പറഞ്ഞതാ അറിയാത്ത കാര്യത്തിനെപ്പറ്റി മണ്ടത്തരം എഴുന്നള്ളിക്കരുതെന്നു്.

    സെക്കന്റില്‍ 9.8 കിലോമീറ്റര്‍ വേഗതയില്‍ കീഴോട്ടു പോന്നെന്നോ? ശബ്ദം ഏതാണ്ടു 340 മീറ്ററും റോക്കറ്റ് 12 കിലോമീറ്ററും മാത്രമേ ഒരു സെക്കന്റില്‍ സഞ്ചരിക്കുകയുള്ളൂ...

    ഓ... പൊത്തോന്നു താഴെ വീണു എന്നു പറഞ്ഞതായിരിക്കും, അല്ലേ. അതു് 9.81 മീറ്റര്‍ പേര്‍ സെക്കന്റ് സ്ക്വയര്‍ ആണു്. അതു സ്പീഡല്ല, ആക്സിലറെഷനാണു് (ത്വരണം).

    ഇനി പൊത്തോന്നു വീണാല്‍ 9.8 km/s സ്പീഡു കിട്ടാന്‍ ആയിരം സെക്കന്റു കഴിയണം. അതായതു് ഏകദേശം രണ്ടേമുക്കാല്‍ മണിക്കൂര്‍. ആ സമയത്തിനുള്ളില്‍ 4905 കിലോമീറ്റര്‍ വീണിട്ടുണ്ടാവും. അത്രയും വീണാല്‍ ഇതെഴുതാന്‍ ജ്ജ് ഉണ്ടാവില്ലെടാ മോനേ..

    പിന്നെ, മണ്ടനായതുകൊണ്ടു ക്ഷമിച്ചിരിക്കുന്നു...



  8. ശനിയന്‍ \OvO/ Shaniyan said...

    ഈ --ത്തരത്തിന് സാക്ഷ്യം വഹിച്ച ആ ഒറ്റപ്പാലം കാരന്റെ പേരെന്താ?



  9. Adithyan said...

    ജോറായി മാഷേ... :-)
    പടം കണ്ടു ഞാനും പേടിച്ചു. ഇതിന്റെ മുകളില്‍ വലിഞ്ഞു കയറിയതെങ്ങനെ?



  10. JK Vijayakumar said...

    നിര്യാതനായ മലയാള സാഹിത്യകാരന്‍ പാറപ്പുറത്തിന്‌ ശേഷം, നമ്മുടെ മണ്ടന്‍ സാഹിത്യകാരനായ ശ്റീജേഷ്‌ പാറപ്പുറത്ത്‌ കയറിയതും, ഇറങ്ങിയതും ദൈവാനുഗ്രഹം.

    നിര്യാതനായ മറ്റൊരു പാറപ്പുറവും കുടി ഉണ്ടായില്ലല്ലോ, നല്ലത്‌.



  11. കണ്ണൂസ്‌ said...

    കൊംപറ്റീഷന്‍ വന്നതു കൊണ്ടായിരിക്കും, ഈയിടെയായി ജിത്ത്‌ എല്ലാം വിത്‌ പ്രൂഫ്‌ ആണ്‌ അവതരിപ്പിക്കുന്നത്‌.

    ഒരു പന്ത്രണ്ട്‌ കി.മീ കിഴക്കോട്ട്‌ വന്നാല്‍ തിരുവില്ല്വാമലയില്‍ ഇങ്ങനെ കേറി ഇറങ്ങാന്‍ ഇഷ്ടം പോലെ പാറ കണ്ടേനേ ജിത്തേ.



  12. Sreejith K. said...

    തണുപ്പാ, പരിചയപ്പെട്ടതില്‍ സന്തോഷം. റഷ്യയില്‍ നല്ല തണുപ്പാണല്ലേ.

    കുഞ്ഞന്‍സ്, ഇങ്ങനെ ഉള്ള കാര്യങ്ങള്‍ പരസ്യമായി പറയാന്‍ പറ്റുമോ! ചാറ്റ് ചെയ്യാന്‍ വരികയാണെങ്കില്‍ പറയാം.

    സു, മറുനാടന്‍, ഈ സൈസ് മണ്ടത്തരങ്ങള്‍ നിങ്ങളുടേയും കയ്യില്‍ ഉണ്ടല്ലേ. ശ്ശൊ. ഞാന്‍ ധന്യനായി. എന്നെപ്പോലെ വേറെ മണ്ടന്മാര്‍ വേറെ ഉണ്ടാവില്ല എന്നിനി ആരും പറയില്ലല്ലോ,

    കല്യാണീ, സതീശേ, ആദിത്യാ, പഴങ്ങാലം നന്ദി.

    ശനിയാ, ആ ഒറ്റപ്പാലംകാരന്റെ പേര്‍ മനോജ്. സഹമുറിയന്‍ എന്ന പേരില്‍ എന്റെ ബ്ലോഗുകളില്‍ പ്രത്യക്ഷപ്പെടുന്ന കക്ഷിയും അത് തന്നെ.

    ഉമേഷേട്ടാ, അതും കണ്ട് പിടിച്ചോ, കൊച്ച് കള്ളന്‍. സത്യത്തില്‍ നല്ല സ്പീഡില്‍ താഴോട്ട് വരുമ്പൊ എത്രയാ സ്പീഡ് എന്ന് ശ്രദ്ധിക്കാന്‍ പറ്റിയില്ല. അത് കൊണ്ട് പറ്റിപ്പോയതാ. പിന്നെ ഫിസിക്സില്‍ ബിരുദം ഉള്ളതല്ലേ എന്നിട്ടും ഇതൊന്നും അറിയില്ലേ എന്ന് ചോദിച്ചാല്‍ എനിക്കൊന്നേ പറയാനുള്ളൂ. വിദ്യാഭ്യാസമേ ഉള്ളൂ എനിക്ക് വിവരം തീരെ ഇല്ല. വെറുതേയാണോ എല്ലാരും എന്നെ മണ്ടന്‍ എന്ന് വിളിക്കുന്നത്.



  13. Obi T R said...

    ഈ പെണ്ണുങ്ങളുടെ കഥ വായിക്കാന്‍ പോയി എനിക്കു ഇതു മിസ്സ്‌ ആയല്ലോ..ആ വിഡിയോ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്നു വെറുതെ മോഹിച്ചു പോകുന്നു