Tuesday, June 20, 2006

വഴിമാറിപ്പോയ ഒരു പാര്‍ട്ടി

നെറ്റ്വര്‍ക്കിക്ക് വിസ കിട്ടിയേ !!!

വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. ആക്ച്വലി ഈ കാട്ടുതീ പടരുന്നത് ഞാന്‍ കണ്ടിട്ടില്ല. അങ്ങിനെ ഒരു പഴഞ്ചൊല്ല് ഉള്ളത്, അവസരം കിട്ടിയപ്പോള്‍ പ്രയോഗിച്ചതാണ്.

നെറ്റ്വര്‍ക്കി എന്റെ സഹപാഠിയാണ്. കുറേയേറെ നാളുകളായി എന്റെ കൂടെ ബാംഗ്ലൂരില്‍ ഉണ്ട്. മറ്റൊരു ഓഫീസില്‍ ജോലി ചെയ്യുന്നു. ഇദ്ദേഹം എന്റെ കൂടെ പഠിക്കുന്ന സമയത്ത് മൂന്നാം സെമസ്റ്റര്‍ അല്‍ഗോരിതം പരീക്ഷയ്ക്ക്, നാലാം സെമസ്റ്ററിലെ നെറ്റ്വര്‍ക്കിങ്ങ്, പുസ്തകം മാറി പഠിച്ച് പരീക്ഷ എഴുതിയതില്‍പ്പിന്നെയാണ് ആ പുസ്തകത്തിന്റെ പേര്‍ പാവത്തിന് വീണ് കിട്ടിയത്. അല്‍ഗോരിതം ചോദ്യങ്ങള്‍ക്ക് കൃത്യമായി നെറ്റ്വര്‍ക്കിങ്ങ് ഉത്തരങ്ങള്‍ ടിയാന്‍ എഴുതിയെങ്കിലും വാഴ്സിറ്റി കനിഞ്ഞില്ല. അത് കൊണ്ട് അടുത്ത് സെമസ്റ്ററിന് നെറ്റ്വര്‍ക്കിങ്ങ് കൂടാതെ അല്‍ഗോരിതവും ടിയാന് പഠിക്കേണ്ടി വന്നു. രണ്ടാം അങ്കത്തിന് പരീക്ഷ പാസ്സായെങ്കിലും, നെറ്റ്വര്‍ക്കിങ്ങ് ഭൂതം പാവത്തിനെ പിരിഞ്ഞില്ല, പിന്നീടൊരിക്കലും.

പറഞ്ഞ്‌വന്നത് നെറ്റ്വര്‍ക്കിക്ക് വിസ കിട്ടിയ കാര്യം. മാഗസിനുകളിള്‍ കാണുന്ന പുതിയ കുറെ ഇലക്ട്രോണിക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാനും, എന്നും കൊതിച്ചിരുന്ന വിമാനയാത്ര നടത്തുവാനും, വിദേശികളുടെ തോളത്ത് കൈയിട്ട് നടക്കുവാനും, സര്‍വ്വോപരി ഇവിടെ തിരിച്ച് വന്ന് അവിടത്തെ വിശേഷങ്ങളും, അവിടുന്ന് സമ്പാദിച്ച് കാശും കൊണ്ട് ഷോ കാണിക്കാനും എല്ലാത്തിനുമായി അവന്‍ ഒരുപാട് ആഗ്രഹിച്ചതായിരുന്നു ഈ വിദേശയാത്ര. അതിതാ യാദാര്‍ത്ഥ്യമാകാന്‍ പോകുന്നു.

എല്ലാം പെട്ടെന്നായിരുന്നു. ഇന്നലെ ഉച്ച തിരിഞ്ഞാണ് അറിയിപ്പ് വന്നത്. നാളെ വൈകുന്നേരം ആണ് ഫ്ലൈറ്റ് . അവനും ഞങ്ങള്‍ക്കും ഒരുങ്ങാനും പ്ലാന്‍ ചെയ്യാനും ചുരുങ്ങിയ സമയം മാത്രം. ഇന്നലെ അവന്‍ ചില തിരക്കുകള്‍മൂലം വരാന്‍ വൈകി. പോരാണ്ട് ഒരു പാര്‍ട്ടി അറേഞ്ച് ചെയ്യാന്‍ ഞങ്ങള്‍ക്ക് സമയവും ഉണ്ടായിരുന്നില്ല. പക്ഷെ അത് നന്നായി. വൈകിയുള്ള അറിയിപ്പായതിനാല്‍ ക്ഷണിതാക്കള്‍ക്ക് വിശപ്പോമീറ്റര്‍ ലെവല്‍ നല്ലോണം താഴ്ത്താനുള്ള സമയവും ഉണ്ടായിരുന്നില്ല.

ഇന്നലെ വൈകുന്നേരം തൊട്ട് വിവരസാങ്കേതിക വിദ്യ പരമാവധി ഉപയോഗിച്ചുകൊണ്ടുള്ള ജീവിതമായിരുന്നു എന്റേത്. പരിപാടിയുടെ സംഘാടകനാകാന്‍ ഉള്ള അപേക്ഷാഫോറം ഞാന്‍ തന്നെ ഉണ്ടാക്കി, എനിക്ക് തന്നെ കൊടുത്ത്, ഞാന്‍ തന്നെ പൂരിപ്പിച്ച്, ഞാന്‍ തന്നെ ഫയലില്‍ സ്വീകരിച്ചു. അതിനാല്‍ ഇ-മെയില്‍, ഫോണ്‍, എസ്.എം.സ്. എന്നീ ഇലക്ടോണിക്ക് മാധ്യമങ്ങളില്‍ എന്റെ പ്രപഞ്ചം ഒതുങ്ങി. ബാംഗ്ലൂരില്‍ ഉള്ളവരെ എല്ലാവരേയും ഇന്നലെത്തന്നെ വിളിച്ച് ഇന്ന് വൈകുന്നേരമുള്ള പാര്‍ട്ടിക്ക് മുടങ്ങാതെ എത്താനുള്ള എല്ലാ നിര്‍ദ്ദേശങ്ങളും നല്‍കി. അങ്ങിനെ സന്തോഷത്തോടെ അവന്‍ ഞങ്ങളെ പിരിയണ്ട, കല്യാണം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് പോക്കുന്ന വധുവിനെപ്പോലെ പോയാല്‍ മതി എന്ന് ഉറപ്പാക്കാനുള്ള എല്ലാം ഞാന്‍ ചെയ്തു.

ഇവിടെ ഉള്ള ചിക്കന്‍ കൌണ്ടി എന്ന റെസ്റ്റോറന്റില്‍ പോകാം എന്ന് ഞാന്‍ മനസ്സില്‍ പ്രമേയം അവതരിപ്പിച്ച്, അവിടെത്തന്നെ വച്ച് പാസ്സാക്കി. ദേശികള്‍ക്ക് താങ്ങാനാകുന്ന മെനു അല്ല അവര്‍ വിശക്കുന്നവര്‍ക്ക് കൊടുക്കുന്നതെങ്കിലും വിദേശത്തേക്ക് പോകുന്ന ഒരാള്‍ക്ക് അത് താങ്ങാവുന്നതേയുള്ളൂ എന്നാണ് പറയപ്പെടുന്നത്. അവിടത്തെ ഒരു വലിയ ടേബിള്‍ തന്നെ വിളിച്ച് ഞാന്‍ ബുക്ക് ചെയ്തു. എന്തായാലും വിളിച്ചതല്ലേ എന്ന് വിചാരിച്ച് അവിടത്തെ വിഭവങ്ങളെക്കുറിച്ചും, അതിന്റെ വിലയെക്കുറിച്ചും ഒക്കെ വിശദമായി ചോദിക്കുകയും ചെയ്തു. നാളെ അത്താഴപ്പണിക്ക് പോകുന്ന എല്ലാവരുമായി ആ അറിവ് ഒരു വിക്കി ലേഖനം‌പോലെ വിശദീകരിച്ച് പറഞ്ഞ കൊടുത്ത്, അപ്രത്യക്ഷമാക്കേണ്ട വിഭഗങ്ങളെക്കുറിച്ചുള്ള ഒരു ഡ്രാഫ്റ്റ് പ്ലാന്‍ റെഡിയാക്കി. എല്ലാം കഴിഞ്ഞ് ജീവിതത്തിലെ ഒരു വലിയ ആഗ്രഹം സഫലീകരിച്ച സന്തോഷത്തില്‍ നാളെ എന്റെ വയറ്റിനുള്ളില്‍‍ നിന്ന് കൂവാനുള്ള കോഴികളുമായി സ്വപ്നത്തില്‍ ചാറ്റ് ചെയ്ത് സുഖസുഷുപ്തിയില്‍ ഏര്‍പെട്ടു.

കോഴികളുമായുള്ള സരസസംഭാഷണത്തിന് അറുതി വരുത്തിയത് എനിക്ക് അതിരാവിലെ വന്ന ഫോണ്‍കോളാണ്. ദേഷ്യത്തില്‍ ഫോണ്‍ എടുത്തപ്പോള്‍ മറുതലയ്ക്കല്‍ അമ്മ. എന്താ ഇന്നത്തെ പരിപാടികള്‍ എന്ന് അമ്മ ചോദിച്ചപ്പോള്‍, വരാനിരിക്കുന്ന സുന്ദരചിക്കണ്‍ദിനങ്ങളെ ഞാന്‍ വിവരിച്ച് കേള്‍പ്പിച്ചു. അമ്മ ഞെട്ടി. എടാ, ഇന്ന് നോണ്‍-വെജ് കഴിക്കാന്‍ പാടില്ല എന്ന് അമ്മ.

ഇതെന്തൊരന്യായം? ഞാന്‍ കഷ്ടപെട്ട്, ബുദ്ധിമുട്ടി, പാട്പെട്ട് ഒപ്പിച്ചതാണ് ഈ ഒരു പാര്‍ട്ടിയുടെ അവസരം. ചിക്കനല്ലാണ്ട് മറ്റൊന്നും കിട്ടാത്ത ഒരു ഹോട്ടലില്‍ ഞാന്‍ എല്ലാ അറേഞ്ച്മെന്റ്സും തയ്യാറാക്കിയിട്ട് ഇപ്പോള്‍ ഒന്നും കഴിക്കാന്‍ പാടില്ലെന്നോ? അരുത് മാതാശ്രീ, അങ്ങിനെ ഒരു പുത്രനോട് ഒരുക്കലും പറയരുത് .

ഞാന്‍ കരുതി ചിലപ്പോള്‍ കൃഷ്ണന്റേയോ, രാമന്റേയോ പിറന്നാളോ അല്ലെങ്കില്‍ ഹിന്ദുസംഘടനകള്‍ പുതിയതായി ഇറങ്ങിയ വല്ല വ്രതങ്ങളോ ആയിക്കും കാരണമെന്ന്. ചോദിക്കാതെ പറ്റില്ലല്ലോ. ഏത് ദൈവത്തിന്റെ ബര്‍ത്ത്ഡേ ആയാലും ഞാന്‍ ഇന്ന് ചിക്കണ്‍‍ കഴിക്കും, നാളെ ബിലേറ്റഡ് പിറനാള്‍ ആഘോഷിക്കാം എന്ന് ഞാന്‍. ഭക്ഷണം കൊതിച്ച്പോയ ഒരു വയറിനെ ദൈവത്തിന് മനസ്സിലാകാതിരിക്കുമോ? അമ്മ നയം വ്യക്തമാക്കണം. ഇന്ന് കലന്ററില്‍ ദിവസം ചുവപ്പിലല്ല എന്ന് ഞാന്‍ ആദ്യമേ ശ്രദ്ധിച്ചു. അമ്മ എന്നെ പറ്റിക്കണ്ട.

തായ്‌മൊഴി തുടര്‍ന്നു. “എടാ മണ്ടാ, ഇന്നത്തെ തിയതിയുടെ അടിയില്‍ കൂടെ നീ ഒന്ന് നോക്ക്. ഇന്ന് മിഥുനത്തിലെ രേവതി നാള്‍. ഇന്ന് നിന്റെ പിറന്നാള്‍.”

***

അതിന്‍പിന്നാലെ നടന്ന സംഭവങ്ങള്‍ ഊഹിക്കാന്‍ കഴിയാത്തവര്‍ക്ക്: ആ പാര്‍ട്ടി ഒരു സെന്റോഫ് പാര്‍ട്ടി എന്നത് മാറി ഒരു ബര്‍ത്ത്ഡേ പാര്‍ട്ടി ആയി മാറാന്‍ അധികനേരം വേണ്ടി വന്നില്ല. വിദേശത്ത് പോകുന്നതിന്റെ പാര്‍ട്ടി അവിടുന്ന് വന്നിട്ടും ആകാം, പിറന്നാള്‍ പാര്‍ട്ടി ഇന്ന് തന്നെ വേണം എന്ന് നെറ്റ്വര്‍ക്കി പറഞ്ഞതിനെ എതിര്‍ക്കാന്‍ ഇരുപതിനെതിരെ ഒറ്റയ്ക്കായ എന്റെ ദുര്‍ബലകണ്ഠത്തിന്‍ കഴിഞ്ഞില്ല. അതിനാല്‍ ഇന്ന് ഞാന്‍ കുഴിച്ച് കുഴിയില്‍ ഞാന്‍‍ തന്നെ അടക്കപ്പെടുന്നു. മണ്ണിടാന്‍ വന്ന ജനങ്ങള്‍ക്കും പെട്ടിക്കും മാറ്റമില്ല. അവര്‍ മുന്‍പേ ഉറപ്പിച്ച കാര്യപരിപാടികളും മെനുവുമായി മുന്നോട്ട് പോകുമെന്ന് സംയുക്തപ്രസ്ഥാവന ഇറക്കിക്കഴിഞ്ഞു. ഒരുപക്ഷെ ഈ മാസം അവസാനിപ്പിക്കാന്‍ എനിക്ക് നല്ലവരായ എന്റെ സുഹൃത്തുക്കളുടെ ഉദാരമായ സംഭാവന ആവശ്യമായി വന്നേക്കാം. പ്രത്യേക ശ്രദ്ധയ്ക്ക്, ഇതൊരു ഭീഷണിയല്ല, ഒരു മുന്നറിയിപ്പ് മാത്രം. എന്നെ ചാറ്റില്‍ ചേര്‍ത്തിട്ടുള്ളവര്‍ എന്റെ ഐഡി ബ്ലോക്ക് ചെയ്യരുതെന്ന് അപേക്ഷ. അല്ലേലും സ്നേഹമല്ലേ എല്ലാത്തിലും വലുത് ...

37 comments:

  1. ചില നേരത്ത്.. said...

    ഹാപ്പി ബര്‍ത്ത് ഡേ റ്റൂ യൂ..

    നീ കുഴികള്‍ കുഴിക്കുമ്പോള്‍ അത്ര ആഴത്തിലല്ലാതെ കുഴിക്കുക. വീണാല്‍ തന്നെ എളുപ്പം കയറി പോരാമെന്ന ഗുണവുമതിനുണ്ട്.
    നെറ്റ്വര്‍ക്കിയുടെ പേര് വന്ന കഥ കലക്കി..

    സസ്നേഹം
    ഇബ്രു



  2. അരവിന്ദ് :: aravind said...

    ഹി ഹി ഹി...നല്ല പോസ്റ്റ്.

    മിഥുനത്തിലെ രേവതിയാണല്ലേ..
    ഞാന്‍ ചിങ്ങത്തിലേ...

    ബാക്കി രേവതിക്കാര്‍ കൌണ്ടറില്‍ വന്ന് പേര് റെജിസ്റ്റര്‍ ചെയ്ത് രസീത് വാങ്ങണ്ടതാണ്.



  3. മനൂ‍ .:|:. Manoo said...

    ശ്രീജിത്ത്‌,

    പിറന്നാള്‍ ആശംസകള്‍... :)

    കൊള്ളാം... നിന്റെ ഭാഷ കൂടുതല്‍ കൂടുതല്‍ നന്നായി വരുംപോലെ...
    ഇബ്രു പറഞ്ഞതു കേട്ടല്ലോ, ഇനി കുഴിയ്ക്കുമ്പോള്‍ ആഴം കുറച്ച്‌ ;)

    പിന്നെ, ആളുകളെ ക്ഷണിച്ച്‌, നീ ബുദ്ധിമുട്ടണ്ട. എല്ലാം ഞാന്‍ ശരിയാക്കിത്തരാം :D കുറച്ചുപേര്‍ വൈകുന്നേരം അങ്ങോട്ടെയ്ക്കെത്തിക്കോളും...



  4. കുറുമാന്‍ said...

    പിറന്നാളാശംസകള്‍ ശ്രീജിത്തേ....

    താന്‍ കുഴിച്ച കോഴിക്കുഴിയില്‍, താന്‍ തന്നെ വീണു.

    ചീക്കന്‍ കൌണ്ടി.......നീ തെണ്ടിpoi



  5. bodhappayi said...

    ജന്മദിനാശംസകള്‍ ശ്രീജിത്ത്‌.

    നൂല്‍ പറഞ്ഞ ആളുകളുടെ ലിസ്റ്റില്‍ ഞാനുമൊണ്ടേ... :)



  6. ഇളംതെന്നല്‍.... said...

    പ്രിയപ്പെട്ട ശ്രീജീ........
    ജന്മദിനശംസകള്‍



  7. വര്‍ണ്ണമേഘങ്ങള്‍ said...

    പിറന്നാളാശംകള്‍.
    ആട്ടെ അടിച്ച്‌ തീര്‍ത്ത ചിക്കന്‍ നീ കൌണ്ടിയോ?
    അതേ.. കൌണ്ടാത്തവര്‍ക്കു വേണ്ടിയാ അതിന്‌ ചിക്കന്‍ കൌണ്ടി എന്ന പേരിട്ടിരിക്കുന്നത്‌. ബില്ല് കിട്ടുമ്പോള്‍ അറിയാതെ കൌണ്ടിപ്പോകും.
    വിധി വരുന്ന വഴി അറിയില്ല മോനെ..
    അതുപോലാ പാര്‍ട്ടി..
    മഴനൂല്‍ പറഞ്ഞപോലെ നന്നാകുന്നുണ്ട്‌ നിന്റെ പോസ്റ്റുകള്‍.(ഇതിന്‌ മുന്‍പത്തേതെല്ലാം രസകരങ്ങള്‍ തന്നെയായിരുന്നു.)



  8. aneel kumar said...

    ‘സുഖസുഷുപ്തിയില്‍ ഏര്‍പെട്ടു‘ന്നൊക്കെ എങ്ങനെയാ ശ്രീജീ മനസില്‍ വരുന്നേ? അതങ്ങ് ഇഷ്ടപ്പെട്ടു.

    പിറന്നാള്‍ ആശംസകള്‍ ഞാന്‍ വീട്ടില്‍ച്ചെന്ന് മലയാളം കലണ്ടര്‍ നോക്കീട്ട് തരാം. ഹോള്‍ഡ് ഓണ്‍.

    ചാറ്റ് ഐഡി ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് ബ്ലോക്ക് ചെയ്യാന്‍ പറ്റില്ലല്ലോ ;)



  9. ദേവന്‍ said...

    ശ്രീജിത്തിന്‌ പിറന്നാള്‍ ആശംസകള്‍



  10. അരവിന്ദ് :: aravind said...

    സ്റ്റോറി...:-) മറന്നു പോയി..കള്ളന്‍ തലക്കടിച്ചതില്‍ പിന്നിങ്ങന്ന്യാ...

    പിറന്നാളാശംസകള്‍...:-))
    പിറന്നാളിന് നോണ്‍ വെജ് ട്രീറ്റ് കൊടുക്കാന്‍ പാടില്യാന്ന് പറഞ്ഞ് ട്രീറ്റ് മാറ്റെന്ന്! ;-)



  11. myexperimentsandme said...

    ശ്രീജിത്തിന് പിറന്നാള്‍ ആശംസകള്‍..

    പിറന്നാളിലോട്ടുള്ള ആ വരവ് നല്ല രസമായി ആസ്വദിച്ചു. ദേവേട്ടന്റെ സദ്യയൊക്കെ ഉണ്ടിട്ട് സുഖമായി കിടന്നുറങ്ങൂ... നല്ല നല്ല സ്വപ്നങ്ങളൊക്കെ കണ്ട്...



  12. മുല്ലപ്പൂ said...

    പിറന്നാള്‍ ആശംസകള്‍..

    എഴുത്തു നന്നായി നന്നായി വരുന്നു..
    (എഴുത്തിന്റെ ഒഴുക്കു..)



  13. കണ്ണൂസ്‌ said...

    പിറന്നാളാശംസകള്‍ ജിത്തേ.

    ദീര്‍ഘായുഷ്മാന്‍ ഭവഃ,
    ദീര്‍ഘസുമംഗലോ ഭവഃ,
    ഗര്‍ഭവതീ ഭവഃ

    എന്റെ വക ഒരു പെപ്പര്‍മിന്റ്‌ പോളോ സമ്മാനം കൊറിയര്‍ ചെയ്തിട്ടുണ്ട്‌.



  14. സിദ്ധാര്‍ത്ഥന്‍ said...

    ഹാപ്പി പിറനാള്‍ റ്റൂ യൂ.
    നല്‍വാഴ്വുകള്‍! നന്നായി വരട്ടെ



  15. Ajith Krishnanunni said...

    ശ്രീജിത്തേയ്‌
    ഒരായിരം ജന്മദിനാശംസകള്‍...



  16. Unknown said...

    ജന്മനാളാശംസകള്‍!! (ജന്മദിനം പിറകേ ആശംസിക്കുന്നതായിരിക്കും)



  17. സു | Su said...

    ശ്രീജിത്ത് :)

    പിറന്നാള്‍ ആശംസകള്‍. ഒരു ബൂലോഗസദ്യ കൊടുത്തൂടായിരുന്നോ?



  18. കല്യാണി said...

    ഇതാ പിറന്നാളാശംസകള്‍ കയ്യോടെ പിടിച്ചോ. പിന്നെ ബാംഗളൂരിലെ ബൂലോഗ കൂടപ്പിറപ്പുകള്‍ക്കെന്നാണ്‌ ശ്രീജിത്തേ പാര്‍ട്ടി? എന്നെ വിളിക്കാന്‍ മറന്നാല്‍ ഗ്‌ര്‍ര്‍ര്‍.....



  19. തണുപ്പന്‍ said...

    ശ്രീജിയേ ....
    പിറന്നാളാശംസകള്‍....മണ്ടത്തരങ്ങള്‍ക്ക് ഇനി വയസ്സൊന്നു കൂടി അല്ലെ?
    നമുക്കും വേണം പാര്‍ട്ടി.



  20. Adithyan said...

    ശ്രീജിത്തേ,

    പിറന്നാളാശംസകള്‍!!!

    ‘ബ്ലൂര്‍‘ ഒണ്ടാരുന്നെങ്കില്‍ തീര്‍ച്ചയായും ഒരു ട്രീറ്റ് മേടിച്ചേനെ... ;-)



  21. -B- said...

    കോഴിക്ക് കോഴി, സദ്യക്ക്‌ സദ്യ.. കോളടിച്ചല്ലോ ചെങ്ങായീ.. ഇഞ്ഞിപ്പൊ എന്ത്‌ വേണം? എന്തായാലും പിറന്നാള്‍ ദിവസം പോലും ശ്രീജിത്തരം കാണിക്കാന്‍ വിട്ടുപോകാതുള്ള ആ ആത്മാര്‍ത്ഥത..!! സമ്മതിച്ചു എന്റിഷ്ട്ടോ... രേവതി നാളിന്നെഴുപതു ശീലം എന്നാ ചൊല്ല്. ഇതിപ്പോ തിരിച്ചിട്ടാലും മറിച്ചിട്ടാലും ശീലം ഒന്ന്‌ തന്നെ - ശ്രീജിത്തരം. :-)

    പിറന്നാളാശംസകള്‍.!!



  22. Santhosh said...

    പിറന്നാളാശംസകള്‍!



  23. Kuttyedathi said...

    വായിച്ചു വരുമ്പോള്‍ ഞാനുമതു തന്നെ ആലോചിക്കയായിരുന്നു. ശ്രീജിത്തെഴുതി തുടങ്ങിയ കാലത്തെക്കാള്‍ ശ്രീജിത്തിന്റെ ഭാഷ വളരെ വളരെ മനോഹരമായിരിക്കുന്നു. എഴുതി തെളിയുക എന്നൊക്കെ പറയുന്നതിതിനാവുമല്ലേ ?

    രേവതി നാളുകാര്‍ക്കുയരങ്ങളിലുയരാന്‍ രാജയോഗം എന്നു കേട്ടിട്ടുണ്ട്‌. അതോ അതു വെറും സിനിമാപ്പാട്ടോ ? പിറന്നാളാശംസകള്‍! അപ്പോളിനി ജന്മദിനത്തിന്റെ അന്നും ഇതുപോലെ റ്റ്രീറ്റ്‌ കൊടുക്കുമോ ? കുത്തുപാളയൊക്കെ കിട്ടാനുണ്ടോ നാട്ടില്‍ ? ഒരെണ്ണം വേണമെങ്കില്‍ ഞാന്‍ തരാം:)



  24. Kuttyedathi said...

    വായിച്ചു വരുമ്പോള്‍ ഞാനുമതു തന്നെ ആലോചിക്കയായിരുന്നു. ശ്രീജിത്തെഴുതി തുടങ്ങിയ കാലത്തെക്കാള്‍ ശ്രീജിത്തിന്റെ ഭാഷ വളരെ വളരെ മനോഹരമായിരിക്കുന്നു. എഴുതി തെളിയുക എന്നൊക്കെ പറയുന്നതിതിനാവുമല്ലേ ?

    രേവതി നാളുകാര്‍ക്കുയരങ്ങളിലുയരാന്‍ രാജയോഗം എന്നു കേട്ടിട്ടുണ്ട്‌. അതോ അതു വെറും സിനിമാപ്പാട്ടോ ? പിറന്നാളാശംസകള്‍! അപ്പോളിനി ജന്മദിനത്തിന്റെ അന്നും ഇതുപോലെ റ്റ്രീറ്റ്‌ കൊടുക്കുമോ ? കുത്തുപാളയൊക്കെ കിട്ടാനുണ്ടോ നാട്ടില്‍ ? ഒരെണ്ണം വേണമെങ്കില്‍ ഞാന്‍ തരാം:)



  25. ഉമേഷ്::Umesh said...

    ശ്രീജിത്തേ,

    കലക്കി! എന്തൊക്കെ ചെയ്താലും മണ്ടത്തരങ്ങള്‍ നമ്മളെപ്പോലുള്ളവരെ വിട്ടുപോകില്ല എന്നു മനസ്സിലായില്ലേ?

    മറ്റു പലരും നിരീക്ഷിച്ചതുപോലെ ശ്രീജിത്ത് നന്നായി എഴുതിത്തെളിഞ്ഞിരിക്കുന്നു. “ആക്ച്വലി ഈ കാട്ടുതീ പടരുന്നത് ഞാന്‍ കണ്ടിട്ടില്ല. അങ്ങിനെ ഒരു പഴഞ്ചൊല്ല് ഉള്ളത്, അവസരം കിട്ടിയപ്പോള്‍ പ്രയോഗിച്ചതാണ്.“ എന്ന പ്രയോഗം ഉദാഹരണം. തകര്‍ത്തുകളഞ്ഞ തര്‍ക്കപോസ്റ്റിലെ സാക്ഷിയുടെ കഥകളുടെ പരാമര്‍ശം മറ്റൊരുദാഹരണം. ബൂലോഗത്തിലെ മറ്റു ഹാസ്യപ്രതിഭകളില്‍ നിന്നു വ്യത്യസ്തമായ ഒരു ശൈലി.

    (സത്യം പറയട്ടേ. ശ്രീജിത്ത് എഴുതിയവയില്‍ വായിച്ചിട്ടു ഞാന്‍ ചിരിക്കാത്ത പോസ്റ്റുകളും ധാരാളമുണ്ടു്. ചിലപ്പോള്‍ പോസ്റ്റിടാന്‍ വേണ്ടി വെറുതേ ഒന്നിട്ടു എന്നു തോന്നിയിട്ടുണ്ടു്. അതു കുറേശ്ശെ മാറിത്തുടങ്ങിയിരിക്കുന്നു)

    അപ്പോള്‍, പിറന്നാളാശംസകള്‍!



  26. രാജ് said...

    ശ്രീജിത്തേ ബിലേറ്റഡ് പിറന്നാളാശംസകള്‍ (ഇന്ത്യയില്‍ ദിവസം മാറിയെന്നു തോന്നുന്നു.)

    എന്റെ അരവിന്ദോ, എല്ലാവരും സ്വന്തം നാളു പരസ്യപ്പെടുത്തണം എന്നാഹ്വാനം ചെയ്യാഞ്ഞതു നന്നായി, നാലാളോടു പറയുവാന്‍ കൊള്ളാത്ത നാളാണു് എന്റേതെന്നൊരു തോന്നലു് എനിക്കുണ്ടു് ;)

    പേരു മാറ്റുന്ന പോലെ നാളുമാറ്റാന്‍ കഴിയില്ലല്ലോ :|



  27. ഉമേഷ്::Umesh said...

    1979 ജൂലൈ 15 രാത്രിയില്‍ ജനനം. സൂര്യനും ശുക്രനും മിഥുനത്തില്‍. ചന്ദ്രന്‍ മീനത്തില്‍. ബുധനും ഗുരുവും കര്‍ക്കടകത്തില്‍. കുജന്‍ ഇടവത്തില്‍. ശനിയും രാഹുവും ചിങ്ങത്തില്‍. കേതു കുംഭത്തില്‍. പ്ലൂട്ടോ (പട്ടിയല്ല) കന്നിയില്‍. പിന്നെന്തു വേണം?

    രാജയോഗമൊന്നും കാണുന്നില്ലേടത്ത്യേ. ആകെയുള്ളതു് ഒരു മണ്ടയോഗം മാത്രം. സിനിമാപ്പാട്ടു വെറുതേ പറയുന്നതാണെന്നേ...

    പെരിങ്ങോടാ, പെണ്ണുങ്ങള്‍ക്കു നല്ല നാളാണെന്നേ ഉള്ളല്ലോ, മൂലവും ഭരണിയുമൊന്നുമല്ലല്ലോ :-)



  28. aneel kumar said...

    മിഥുനത്തിലെ രേവതി ഇവിടൊക്ക കഴിഞ്ഞു. ഇനി...

    ‘പിറന്തനാള്‍ ആശംസകള്‍’

    ---
    പിറന്നാള്‍ സമയം കഴിയുന്നതുവരെ ആശംസിക്കാനോ പ്രായം പറയാനോ പാടില്ലാന്ന് ഇന്നു പുറത്തിറങ്ങിയ, ജ്യോ.ആട്ടുകല്‍ കോവാല്‍കിഷന്റെ ‘അന്തവിശ്വാസം എന്തവിശ്വാസം?’ എന്ന ബൃഹുത്തായ റെഫറന്‍സ് ഗ്രന്ഥത്തില്‍ കണ്ടു.



  29. evuraan said...

    പിറന്നാള്‍ ആശം‌സകള്‍..!!



  30. സ്നേഹിതന്‍ said...

    പിറന്നാള്‍ ആശംസകള്‍ ശ്രീജിത്ത്.
    മറ്റേ പിന്നാള്‍ (ഏപ്രില്‍ 1) ഓരോ പോസ്റ്റിലും ആഘോഷിയ്ക്കുന്നതല്ലെ :) :)
    ചിക്കന്‍ പാര്‍ട്ടി നന്നായിരിയ്ക്കുന്നു !



  31. myexperimentsandme said...

    ചിക്കന്‍ കൌണ്ടീ, ചിക്കന്‍ കൌണ്ടീ എന്നു പറഞ്ഞപ്പോള്‍ ഞാനാദ്യം ഓര്‍ത്തത് കോഴീടെ ബായ്‌ക്കു മാത്രം വേവിച്ചു കൊടുക്കുന്ന ഏതോ മലയാളിക്കടയാണെന്നാ.

    (ക്ഷമിക്കണേ, വിശാലന്റെ യോഹന്നാന്‍ ചേട്ടനെപ്പോലെ വേണ്ട്രാ, വേണ്ട്രാ എന്ന് മനസ്സ് ഒത്തിരി പറഞ്ഞതാ.. പക്ഷേ ചിലപ്പോളങ്ങിനെയാ, കണ്ട്രോളു പോകും).



  32. Anonymous said...

    പിറന്നാള്‍ ആശംസകള്‍ ശ്രീജിത്തു കുട്ടീ‍...ഇതു ഞാനിവിടെ കണ്ടില്ല..

    പിന്നെ പോസ്റ്റില്‍ ഊഹിക്കാന്‍ പറ്റാത്തോര്‍ക്കു എന്നു എഴുതിയതു എന്നെ ഉദ്ദേശിച്ചല്ലല്ലോ അല്ലെ?
    ഹിഹി... വെറുത്യാട്ടൊ..

    എന്നാലും ഇതു ഇച്ചിരെ കടുപ്പം ആയിപ്പോയി.
    ശ്രീജിത്തു ഇങ്ങോട്ട് ബായൊ,ഇവിടെ പിറന്നാളിനു നമ്മള്‍ ഒന്നും കൊടുക്കണ്ട,
    മറ്റുള്ളോരു നമുക്കു തരും എന്നതാണു ഏര്‍പ്പാടു. ഈ സുന്ദരന്‍ ഏര്‍പ്പാടു നാട്ടിലോട്ടു കൊണ്ട് വന്നിട്ട് വേണം,ഇവിടെന്നു അവിടെ വരാന്‍ ഫോര്‍ ഗൂഡ്! :)



  33. മറുനാടന്‍ said...

    ശ്രീജിത്തേ..
    ജന്മ്ദിനാശംസകള്‍!!
    മ്മ്മക്ക് ഓരോ നാരങ്ങാവെള്ളം ങ്ങട് പൂശ്യാലോ?



  34. Unknown said...

    ഹപ്പ്യെ ബര്‍ത്ത് ഡേ മൈ ഡിയര്‍...



  35. Satheesh said...

    ഹാപ്പി ബര്‍ത്ത് ഡേ ടൂ യൂ‍!!
    എന്നിട്ടവസാനം ശ്രീജിത്തും കഴിച്ചോ നോണ്‍ വെജ്, അതും പിറന്നാളിന്റന്ന്!!
    എല്ലാരും പറഞ്ഞത് ആദ്യേ പറയാന്‍ ഒരു മടി. അതുകൊണ്ട് ഞാന്‍ അത് എഴുതാം - ശ്രീജിത്തിപ്പം എഴുതി തെളിയുന്നുണ്ട്! ‘കുണം ബര്‍ണം!‘



  36. Sreejith K. said...

    പിറന്നാള്‍ ആശംസകള്‍ നല്‍കിയ എല്ലാവര്‍ക്കും നന്ദി. ഒരോരുത്തരുടേയും പേര് എടുത്ത് പറയുന്നില്ല. ഇത്തവണ ആളുകള്‍ കൂടുതലുണ്ട്. ;)

    ഇന്നലത്തെ പാര്‍ട്ടിയില്‍ എല്ലാവരും മത്സരിച്ച് കഴിക്കുന്നത് കണ്ട് ഞാനും വാശിക്ക് കഴിച്ചു. ചിക്കണ്‍ കൂടാതെ മട്ടനും, പോര്‍ക്കും, ബീഫും എല്ലാം കൂട്ടിക്കുഴച്ച് കഴിച്ചു. ഇനി എന്നാ ഇങ്ങനെയൊക്കെ കഴിക്കാന്‍ കിട്ടുക എന്നറിയില്ലല്ലോ !!!

    എഴുത്ത് നന്നാവുന്നുണ്ട് എന്ന കുറേയേറെപ്പേര്‍ പറഞ്ഞിട്ടുണ്ട്. എല്ലാവര്‍ക്കും ഒരുപാട് നന്ദി. കുറച്ചും കൂടി സമയമെടുത്ത് എഴുതുന്നതിന്റെ ഫലം കാണുന്നുണ്ടല്ലേ, രക്ഷപെട്ടു. ഉമേഷേട്ടനെപ്പോലെ എനിക്കും ഇഷ്ടമാകാതിരുന്ന ചില രചനകള്‍ ഞാന്‍ ഇട്ടിട്ടുണ്ട് ഇവിടെ. സമയക്കുറവ് മൂലം തിരുത്തിയുമില്ല, എഴുതിപ്പോയത് കളയാനും തോന്നിയില്ല. മനസ്സ് തുറന്ന് പറഞ്ഞതിന് ഉമേഷേട്ടന് പ്രത്യേകം നന്ദി.



  37. keralafarmer said...

    പിറന്നാളാശംസകള്‍ ശ്രീജിത്തേ....
    ഞാൻ വൈകിപ്പോയി അല്ലെ. ക്ഷമിക്കണെ എന്റെ കാര്യങ്ങൾ പോലും പൂർത്തിയാകുന്നില്ല.