Tuesday, June 13, 2006

ബന്ദെന്ന മണ്ടത്തരം

വേള്‍ഡ്‌ഫേമസ് ഇന്‍ ഇന്ത്യ എന്നൊരു തമാശ പണ്ട് ചിലര്‍ പറയാറുണ്ടായിരുന്നു. അതുപോലെ ഒരു തമാശ ആകുന്നു ഭാരത്ബന്ദ് ഇന്‍ കേരള എന്ന് പറയുന്നത്. കേരളത്തിനകത്തുള്ളവര്‍ക്ക് അത് ഭാരത്ബന്ദും കേരളത്തിന് പുറത്തുള്ളവര്‍ക്ക് അത് കേരളാബന്ദും ആകുന്നു എന്ന് ഈ തമാശയുടെ പൊരുള്‍. ഇതിപ്പൊ വിളിച്ച് പറയാന്‍ കാരണം?

ഇന്ന് ജുണ്‍ 13. കേരളത്തില്‍ ഇന്ന് ഭാരത്ബന്ദ്. അതെന്താ ഈ ബന്ദ് കേരളത്തില്‍ മാത്രം എന്ന് ചോദ്യം വരാം. വേറെ എവിടെയാ ബന്ദ് കൊണ്ടാടുന്നതെന്ന് ഞാന്‍ മറുചോദ്യം ചോദിക്കും. ബംഗാളിലും ഇത് ആഘോഷിക്കാറുണ്ടെന്ന് കേട്ടു. വേറെ ഒരു നാട്ടിലും ഈ പ്രാകൃതമായ പ്രതികരണമുറ ഇന്നും ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെന്ന് വിചാരിക്കുക വയ്യ.

അതിലും വലിയ തമാശ ഈ ബന്ദ് എന്തിനുള്ളതാണെന്നുള്ളതാണ്. അടുത്തിടെ കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂട്ടിയതില്‍ പ്രതിഷേധിച്ചാണ് ഈ ബന്ദ്. കോണ്‍ഗ്രസ്സ് ഈ വിലകൂട്ടലിനായി മാസങ്ങളായി കാത്തിരിക്കുകയായിരുന്നു എന്നാണറിവ്. പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്ന കാരണമാ‍യിരുന്നു ഈ വിലവര്‍ദ്ധന ഇത് വരെ നീണ്ടത്. ഇത് ഒരു പരസ്യമായ രഹസ്യമായിരുന്നെങ്കിലും ആരും ഒന്നു മിണ്ടിയില്ല ഇത് വരെ. അത് ആരെ മണ്ടനാക്കാനായിരുന്നോ എന്തോ.

പെട്രോളിയത്തിന് ബാരലിന് പത്തും ഇരുപതും വച്ചാ കേറുന്നത് വിദേശവിപണിയില്‍. എന്നാല്‍ ഇന്ത്യയില്‍ അതിനനുപാധികമായി വിലവര്‍ദ്ധനവ് ഉണ്ടാകുന്നുമില്ല. ബാക്കി വരുന്ന നഷ്ടം സര്‍ക്കാരാണ് സഹിക്കുന്നത്. സര്‍ക്കാര്‍ എന്ന് പറയുന്നത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയല്ല എന്നോര്‍ക്കണം. അവര്‍ക്ക് ഒരു നഷ്ടവും വരുന്നില്ല. നഷ്ടവും ലാഭവും എന്തുണ്ടെങ്കിലും അത് അവരെ തിരഞ്ഞെടുത്തയക്കുന്ന ജനങ്ങള്‍ക്ക് മാത്രം.

ഈ പെട്രോള്‍, സംസ്കരണം കഴിഞ്ഞ് വിപണിയില്‍ വരുമ്പോള്‍ വില ഇരട്ടിയും അതിലേറെയും ആകുമെന്നാണ് പ്രതിഷേധക്കാരുടെ വാദം. ഒരു റിഫൈനറിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ലിറ്ററിന് ഇരുപത് രൂപയില്‍ താഴെ മാത്രം വരുന്ന പെട്രോളിന്റെ വില‍, വിപണിയില്‍ ലഭ്യമാകുമ്പോള്‍ അന്‍പത് രൂപയോളം ആയി വര്‍ദ്ധിക്കുന്നു. ബാക്കി ഉള്ള തുക കേന്ദ്രസര്‍ക്കാരും, സംസ്ഥാനസര്‍ക്കാരും ചേര്‍ന്ന് പങ്കിട്ടെടുക്കുന്നു. ഇതില്‍ ഏറിയ പങ്കും കേന്ദ്രസര്‍ക്കാരിന്റെ പോക്കറ്റിലേക്ക് തന്നെ പോകുന്നു.

ഈ തുക നികുതി എന്ന പേരിലാണ് പിരിച്ചെടുക്കുന്നത്. ഇത് കുറച്ചാല്‍ പെട്രോളിന്റെ വില കുറയ്ക്കാം എന്നാണ് പ്രതിഷേധക്കാരുടെ വാദം. എന്നിട്ടോ? അപ്പോള്‍ ഉണ്ടാകുന്ന വരുമാനക്കമ്മി എങ്ങിനെ നികത്തും എന്നതിന് മറുപടി എവിടെ? കൂടുതലായി കിട്ടുന്ന പണം വേണ്ട എന്ന് വയ്ക്കണമെങ്കില്‍ സര്‍ക്കാരായാലും ഒരു വ്യക്തി ആയാലും, ഒന്നുകില്‍ ഭൌതികസുഖങ്ങളില്‍ താല്പര്യമില്ലാത്തവരായിരിക്കണം, അല്ലെങ്കില്‍ മണ്ടന്മാരായിരിക്കണം.

ഈ പണം വെറുതേ പോക്കറ്റിലിട്ട് സുഖിക്കാനല്ല പിരിച്ചെടുക്കുന്നത് എന്ന വിചാരം ആര്‍ക്കുമില്ല. ഈ അടുത്താണ് കേന്ദ്രസംഘം കേരളത്തില്‍ വന്ന് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ പ്രശ്നം പഠിച്ചിട്ട് പോയത്. ഇനി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാരിന് കോടികള്‍ ദാനമായി നല്‍കുകയും ചെയ്യും. ഈ പണം എവിടുന്ന് വരുന്നതാണെന്നാ‍ വിചാരം? പോരാണ്ട് മഴ പെയ്യുമ്പൊ പ്രളയദുരിതാശ്വാസമെന്നും, മഴ പെയ്യാണ്ടിരിക്കുമ്പൊ വരള്‍ച്ചാദുരിതാശ്വാസമെന്നും, അല്ലാത്തപ്പോള്‍ ജെനറല്‍ദുരിതാശ്വാസമെന്നും പറഞ്ഞ്പോയി കേന്ദ്രത്തിന്റെ വാതിലില്‍ മുട്ടുന്നില്ലേ, അപ്പൊ കിട്ടുന്ന കാശും എവിടുന്ന് വരുന്നതാണെന്നാ വിചാരം?

ഇതെല്ലാം പലകാരണങ്ങള്‍ പറഞ്ഞ് പിരിച്ചെടുക്കുന്ന നികുതിയാണ്. നികുതി പിരിക്കാന്‍ പാടില്ല എന്ന് പറയുന്നവര്‍, ഈ നികുതി പിരിച്ച കാശ് തിരിച്ച് മറ്റ് വഴികളില്‍ തിരിച്ച് കിട്ടുമ്പൊ അത് വേണ്ട എന്ന് പറയാനുമുള്ള സദാചാരബോധം കാണിക്കാന്‍ ബാധ്യസ്ഥരാണ്. അതല്ലെങ്കില്‍ അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെങ്കിലും ആ നികുതി വേണ്ട എന്ന് വയ്ക്കാന്‍ ചങ്കുറ്റം കാണിക്കണം. ചുരുങ്ങിയപക്ഷം മറ്റുള്ളപാര്‍ട്ടികള്‍ പ്രതിഷേധിക്കുന്ന അന്ന് തന്നെ പ്രതിഷേധിച്ച് തുടരെ തുടരെ രണ്ട് ബന്ദിന്റെ ക്ലേശം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാതിരിക്കാനെങ്കിലുമുള്ള മാന്യത കാണിക്കേണ്ടതായിരുന്നു.

ഈ പറയുന്ന പാര്‍ട്ടികളോ അണികളോ നികുതി കൃത്യമായി അടയ്ക്കുന്നുണ്ടോ എന്ന അന്വേഷിച്ചാല്‍ ചിത്രം പൂര്‍ണ്ണമാകുന്നതാണ്. ഞാനടക്കം ആരും നികുതി കൃത്യമായി അടയ്ക്കുന്നില്ല എന്ന് കണ്ണടച്ച് തന്നെ പറയാവുന്നതേയുള്ളൂ. അങ്ങോട്ട് കൃത്യമായി കൊടുക്കാനും വയ്യാ, ഇങ്ങൊട്ട് കിട്ടുന്നത് കൃത്യമായി കിട്ടുകയും വേണം എന്ന് പറയുന്നത് എങ്ങിനെ ന്യായമാകും? നമ്മളില്‍ എത്രപേര്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബില്ല് ചോദിച്ച് വാങ്ങുന്നുണ്ട്? ഇവിടെ നിന്നെല്ലാം സര്‍ക്കാരിന് ഭീമമായ വരുമാനനഷ്ടമാണുണ്ടാകുന്നത്. ഉറപ്പായിട്ടും പിരിച്ചെടുക്കാന്‍ പറ്റുന്ന ഒരു ഉപഭോഗവസ്തുവേ ഉള്ളൂ. അതെ പെട്രോളാണ്. മദ്യത്തിന്റെ പേരില്‍ പോലും വ്യാപകമായ നികുതി വെട്ടിപ്പ് നടക്കുന്നുണ്ട്. അങ്ങിനെയുള്ള ഈ പെട്രോളിലുള്ള നികുതിയും മുട്ടിക്കാന്‍ നടക്കുന്നവരോട് എന്താണ് പറയുക. ഈ മണ്ടത്തരം അവര്‍ ബോധപൂര്‍വ്വം ചെയ്യുന്നതോ അതോ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ചെയ്യുന്നതോ എന്ന് നമ്മള്‍ ആലോചിക്കേണ്ടതാണ്.

ഇന്ന് ബന്ദ് നടത്തുന്ന ഇടതുപക്ഷകക്ഷികള്‍ കേന്ദ്രസര്‍ക്കാരിന്റെ തന്നെ ഭാഗമാണെന്നത് മറ്റൊരു തമാശ. എന്നിട്ടും എന്തിനീ പ്രതിഷേധം ഇപ്പോള്‍? അല്ല, പറഞ്ഞ വരുമ്പോ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയഗാന്ധിയടക്കമുള്ള തലമുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ ഈ വര്‍ദ്ധനവിനെ അപലപിച്ചിട്ടുണ്ട്. കേട്ടാല്‍ തോന്നും പെട്രോളിയം മന്ത്രി സ്വന്തം ഇഷ്ടപ്രകാരം വിലകൂട്ടിയതാണെന്ന്. ഈ രാജ്യത്തിലെ മുഴുവന്‍ ജനങ്ങളേയും ഇങ്ങനെ മണ്ടന്മാരാക്കുന്നത് കണ്ട് വെറുതേയിരിക്കാനാണ് കഴുത എന്ന് വിളിക്കുന്ന പൊതുജനത്തിന് ആകെ കഴിയുന്നത്.

പെട്രോളിയം വിലവര്‍ധനവിന് മുന്‍പ് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ പല തവണ ഇടത്പക്ഷ കക്ഷികളോട് ഇതിനെപ്പറ്റി ചര്‍ച്ച നടത്തിയതാണ്. അന്നും അവര്‍ ഇതിനെ എതിര്‍ക്കുകയും, വിലവര്‍ധനവ് തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ പരസ്യമായി പറയുകയും ചെയ്തതാണ്. എന്നിട്ടും കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ വില കൂട്ടി. മനുഷ്യന്മാരുടെ ഇടയിലാണ് ഇങ്ങനെ നടന്നതെങ്കില്‍ അവര്‍ തമ്മിലാണ് വഴക്കുണ്ടാകുക. എന്നാല്‍ ഇവര്‍ രാഷ്രീയപാര്‍ട്ടികളായതിനാല്‍ തമ്മില്‍ തല്ല് കൂടിയില്ല. പകരം വേറുതേയിരിക്കുന്ന ജനങ്ങളുടെ തലയില്‍ കുതിര കേറി. എന്ത് കൊണ്ട് പ്രതിഷേധിക്കുന്ന ഈ കക്ഷികള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിച്ചില്ല എന്നത് ആലോചിക്കാതെ നമ്മള്‍ നാട്ടുകാര്‍ അന്ന് വീട്ടിലിരുന്ന് തിന്നും ഉറങ്ങിയും കഴിച്ചുകൂട്ടി.

മലയാള മനോരമ പറയുന്നത് ശരിയാണെങ്കില്‍ പെട്രോള്‍ വിലവര്‍ധനവ് പ്രഖ്യാപിക്കുന്നതിന് തൊട്ട് മുന്‍പ് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഇടത് കക്ഷികളെ ഒരു ചര്‍ച്ചയ്ക്ക് വിളിച്ചതാണ്. കോണ്‍ഗ്രസ്സ് വിചാരിച്ചത് ഇവരും കൂടി സംയുക്തമായി വര്‍ദ്ധനവ് പ്രഖ്യാപിച്ചാല്‍ പ്രതിഷേധം ഒരു പരിധി വരെയെങ്കിലും കുറയ്ക്കാം എന്ന്. എന്നാല്‍ ഇത് മുന്‍‌കൂട്ടികണ്ട അവര്‍ ആ ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയും, വിലവര്‍ധനവിന് മൌനാനുവാദം നല്‍കുകയും ചെയ്തു. എന്നിട്ട് വില വര്‍ധിപ്പിച്ചുകഴിയുമ്പോള്‍ പ്രതിഷേധിക്കുന്നത് ഒരു തരം ഇരട്ടത്താപ്പല്ലേ? അല്ല, ഇനി പ്രതിഷേധിക്കണമെന്ന് വാശിയാണെങ്കില്‍ എത് എല്ലാവരും കൂടെ ഒരു ദിവസം ചെയ്തുകൂടെ? എന്തിന്‍ ഒരേ ആവശ്യത്തിന് രണ്ട് ദിവസം ബന്ദ് നടത്തി? എന്ത് പ്രതീക്ഷയില്‍? ആരെ തോല്‍പ്പിക്കാന്‍? എന്നിട്ട് എന്ത് നേടി? ഇതിനൊക്കെ മറുപടി പറയുന്നതാവും മണ്ടത്തരം എന്നറിയാവുന്നത് കൊണ്ട് അവര്‍ അതിന് മുതിരില്ല, നമ്മളതൊട്ട് ആഗ്രഹിക്കുന്നുമില്ല.

കേരളത്തില്‍ മാത്രം ഈ ബന്ദെന്ന ആഭാസം ഒരു വന്‍വിജയമാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. കഴിഞ്ഞ ഒന്‍പതാംതിയതി പ്രതിപക്ഷം നടത്തിയ ബന്ദും നമ്മുടെ നാട്ടില്‍ ഒരു വന്‍വിജയം ആയിരുന്നു. എനിക്ക് തോന്നുന്നു, വെറുതേ ഒരു ദിവസം വീട്ടില്‍ ഇരിക്കാന്‍ കിട്ടുന്ന അവസരം ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍ എന്നാണ്. കേന്ദ്രത്തിലെ പ്രതിപക്ഷം അധികാരത്തിലിക്കുന്ന കര്‍ണാടകയില്‍ ബന്ദ് ഉണ്ടായില്ല. എന്നാല്‍ കേരളത്തില്‍ സംസ്ഥാനത്തോ, കേന്ദ്രത്തിലോ ഒരു മന്ത്രിയെപ്പോലും കൊടുക്കാന്‍ പറ്റാത്ത അതേ പാര്‍ട്ടി, അവിടെ അവിശ്വസാനീയമാം വിധം ആ ബന്ദ് വിജയിപ്പിച്ചു.

ഇവിടെ ആരാണ് മണ്ടന്മാര്‍. മണ്ടത്തരം വിളിച്ച് പറയുന്ന ഈ രാഷ്രീയപാര്‍ട്ടികളാണോ? അല്ലേയല്ല. അതെല്ലാം വിശ്വസിച്ച് വീണ്ടും വീണ്ടും അവര്‍ക്ക് വോട്ട് കൊടുക്കുന്ന, അവരുടെ കൊടി പിടിക്കുന്ന സാമാന്യജനം തന്നെ. ഇന്ന് ഞാന്‍ കേരളത്തിന് വെളിയിലായതിനാല്‍ ഇത്രയും കാലം ഞാന്‍ കേട്ട് തഴമ്പിച്ച ആ വിളി അവരെ വിളിക്കട്ടേ. മണ്ടന്മാരേ ... കഷ്ടം തന്നെ നിങ്ങളുടെ കാര്യം.

ഇനി ഒരു പഴയ തമാശ. ബന്ദിനെക്കുറിച്ച് ഒരു പത്ത് വാക്കുകള്‍ എഴുതാന്‍ പറഞ്ഞാല്‍ എങ്ങിനെ എഴുതാം?

ബന്ദ് കേരളത്തിന്റെ ദേശീയോത്സവമാണ്. കേരളത്തിലെ ജനങ്ങള്‍ സമയം കിട്ടുമ്പോഴെല്ലാം ഒരു കാരണവും കൂടാതെ അതാഘോഷിക്കുന്നു. ആണുങ്ങള്‍ ഭക്ഷണം കഴിച്ചും, പലവിധ കളികളില്‍ ഏര്‍പ്പെട്ടും സമയം കഴിക്കുന്നു. പെണ്ണുങ്ങള്‍ സീരിയല്‍ കണ്ടും, ഫോണില്‍ക്കൂടി പരദൂഷണം പറഞ്ഞും സന്തോഷം കൊള്ളുന്നു. ചിലര്‍ അന്നേദിവസം തെരുവിലിറങ്ങി കല്ലൂകള്‍ പെറുക്കി റോഡിലിട്ടും, വല്ലപ്പോഴും അതു വഴി വരുന്ന വണ്ടികളില്‍ കല്ലെറിഞ്ഞും ആഹ്ലാദിക്കുന്നു. ആശുപത്രിയില്‍ പോകേണ്ടവര്‍, അന്നെ ദിവസം വിദേശരാജ്യങ്ങളിലെക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍, അന്ന് വിവാഹങ്ങളില്‍ പങ്കെടുക്കേണ്ടവര്‍, ആറ്റ് നോറ്റ് കിട്ടിയ അവധിയില്‍ നാടിലെത്തിയിട്ട് പുറത്ത്പോകാന്‍ കഴിയാത്ത പ്രവാസികള്‍ എന്നിവര്‍ കലികാലം, ദൈവം, വിധി തുടങ്ങി ബന്ദ് ആഹ്വാനം ചെയ്യാത്ത ആളുകളെവരെ പ്രാകി മനസ്സിന് ആശ്വാസം കണ്ടെത്തുന്നു. ഇതിനൊക്കെ ആഹ്വാനം ചെയ്ത രാഷ്രീയപാര്‍ട്ടികള്‍, അന്നെ ദിവസം, ബസ്സ്സ്റ്റാന്റിലും റെയില്‍‌വേ സ്റ്റേഷനിലും കുടുങ്ങുന്ന നാട്ടുകാരുടെ കണക്കെടുത്ത് വിജയശതമാനം കണക്ക്കൂട്ടുന്നു. അവസാനം എന്തിനോ വേണ്ടി, ഒരു കാര്യസാധ്യപ്രതീക്ഷയുമില്ലാതെ നടത്തിയ ബന്ദാഘോഷത്തിനെ അന്നേ ദിവസം തന്നെ മറന്ന് കൊണ്ട് അടുത്ത ആഘോഷത്തിനായി ജനം കാതോര്‍ക്കുന്നതോടുകൂടി ഈ അഘോഷം സമാപിക്കുന്നു.

17 comments:

 1. Jayaseelan said...

  Good one Sreejith. Seems we have similar thoughts. Incidentally I give the headline “Njanum ente manadtharangalum’ to my Blog too. And I too from Kannur dist. Little busy. I will read the rest from your Blog later. 2. ബിന്ദു said...

  ശ്രീജിത്തേ.. സീരിയസ്‌ ആവുകയാണോ??? പറഞ്ഞ കാര്യം ശരിയാണ്‌, ബന്ദ്‌ കേരളത്തിന്റെ ദേശീയോത്സവമാണ്‌. ജാതിമതഭേദമന്യേ എല്ലാ കേരളീയരും ബന്ദാഘോഷിക്കേണ്ടി വരുന്നു...
  :) 3. സുനിത said...

  കൊള്ളാം, ശ്രീ‍ജിത്തേ. നന്നായിരിക്കുന്നു ഒബ്സര്‍വേഷന്‍. ചൂരല്‍ കൊണ്ട് സമരക്കാരെ തല്ലി നാണം കെടുത്തിയ ഒരു എസ്.പി. ഉണ്ടായിരുന്നല്ലോ, പേരു മറന്ന് പോയി. അങ്ങനത്തെ മിടുക്കന്മാരായ പോലീസ്കാര്‍ വേണം.

  ഇരുപതു ശതമാനത്തിന് മുകളില്‍ ഞങ്ങള്‍ ഇവിടെ ടാക്സ് കൊടുക്കുന്നു. ഞാന്‍ ഇന്ത്യയില്‍ ജോലി ചെയ്തിട്ടില്ലെങ്കിലും, എന്റെ കെട്ടിയോന്‍ ഡെല്‍ഹിയില്‍ ജോലി ചെയ്ത കതകള്‍ കേട്ടിടത്തോളം, അവിടെയും മിഡില്‍ ക്ലാസ്സുകാരന്റെ ശമ്പളത്തില്‍ നിന്ന് നന്നായി ടാക്സ് പിടിക്കുന്നു. പറഞ്ഞ് വന്നത്, ഈ പറഞ്ഞ മിഡില്‍ ക്ലാസ്സ്കാരനും മറുനാടന്‍ മലയാളിയും‍ സമരം ചെയ്യാന്‍ പോകുന്നില്ല. സമരം ചെയ്യുന്നതും പൊതുമുതല്‍ നശിപ്പിക്കുന്നതും ഒരു പൈസ പോലും ടാക്സ് കൊടുക്കാത്ത/കൊടുക്കേണ്ടാത്തവര്‍.

  ഇപ്പത്തന്നെ, സ്മാര്‍ട്ട് സിറ്റിയും എക്സ്പ്രസ്സ് ഹൈവേയുമൊക്കെ പുതിയ പേരില്‍ കൊണ്ട് വരുന്നു. അപ്പോ പിന്നെ അതിന്റെ പേരില്‍ കഴിഞ്ഞ അഞ്ച് വര്ഷം സമരം ചെയ്യതു കൊണ്ട് എന്തു പ്രയോജനമുണ്ടായി ? പുതിയ മന്തിമാര്‍ക്ക് കമ്മീഷന്‍ മേടിക്കാം എന്നല്ലാതെ.

  എനിക്ക് പണ്ടേ ഈ കപടപ്രതിഷേധം ഇഷ്ടമല്ല. വേറൊന്നും കൊണ്ടല്ല, ഇതു കൊണ്ട് പോകുന്നതാര്‍ക്കാന്നറിയാമോ... ഈ സമരം കണ്ട് ചോര തിളച്ച്, ചാടിയിറങ്ങി തല്ലുമേടിക്കുന്ന പിള്ളേര്‍ക്കും ചെറുപ്പക്കാര്‍ക്കും... 4. Adithyan said...

  ആനുകാലിക വിഷയങ്ങളിലെയ്ക്കു വ്യാപിപ്പിക്കുകയാണോ മണ്ടത്തരാന്വേഷണം? പോസ്റ്റില്‍ നിറഞ്ഞു നില്‍ക്കുന്ന നിസഹായതയും വെറുപ്പും തൊട്ടറിയാം... 5. Anonymous said...

  വളരെ നല്ല ലേഖനം. ഞാന്‍ പക്ഷെ അഭിപ്രായ ഒന്നും പറയുന്നില്ല. പറഞ്ഞിട്ടൊരു കാര്യവുമില്ല.
  നാട്ടില്‍ എല്ലാ ബന്ദിനും വായിക്കുന്നു ഇതേ പോലത്തെ ലേഖനങ്ങള്‍.പക്ഷെ ബന്ദ് മാത്രം നിരുപാധികം തുടരുന്നു....നിയമം കൊണ്ടു വന്നിട്ടു പോലും..... 6. കുറുമാന്‍ said...

  ഞാന്‍ ഇന്നലെ ഒരു കമന്റിട്ടത് വന്നില്ല.......
  അപ്പോള്‍ മണ്ടത്തരങ്ങള്‍ മാത്രമല്ല ശ്രീജിത്തിന് നന്നായി കൈകാര്യം ചെയ്യാന്‍ അറിയാവുന്നത് അല്ലെ?

  വളരെ നന്നായി ഒബ്സര്‍വ്വ് ചെയ്ത് പതിവുപോലെ,നര്‍മ്മം ചാലിച്ചെഴുതിയിരിക്കുന്നു.

  ഗുഡ് വര്‍ക്ക് ശ്രീജിത്ത്. 7. കുഞ്ഞന്‍സ്‌ said...

  ശ്രീജിത്ത്‌, ചിരിയില്‍ നിന്നും ചിന്തയിലേക്ക്‌ ചുവട്‌ മാറ്റിയോ? ലേഖനം കൊള്ളാം, ഇഷ്ടപ്പെട്ടു. ആര്‍ക്കെങ്കിലും ലോകത്തിന്റെ നടത്തിപ്പില്‍ എന്തെങ്കിലും വിരോധമുണ്ടെങ്കില്‍ കേരളത്തില്‍ ഒരു ബന്ദ്‌ നടത്തുന്നത്‌ പതിവാണെന്ന് തോന്നുന്നു. കാഞ്ചി മഠാധിപതി അറസ്റ്റ്‌ ചെയ്യപ്പെട്ടപ്പ്പ്പോള്‍ മഠം സ്ഥിതി ചെയ്യുന്ന തമിഴ്‌നാട്ടില്‍ മൌനജാഥയും കേരളത്തില്‍ ബന്ദും നടന്നത്‌ ഓര്‍മ്മ വരുന്നു. 8. കണ്ണൂസ്‌ said...

  ജിത്തേ,

  ബന്ദ്‌ എന്ന സമരമുറ തന്നെ പാടില്ല എന്ന അഭിപ്രായക്കാരനാണ്‌ ഞാനും. ഉത്‌പാദന ദിനം നഷ്ടപ്പെടുന്നത്‌ അഫോര്‍ഡ്‌ ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ്‌ നമ്മള്‍ എന്നത്‌ എല്ലാവരും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

  പെട്രോളിന്‌ Crude + refining cost 20 രൂപ ആണെന്നത്‌ ശരിയാണെന്ന് തോന്നുന്നില്ല. (പ്രാപ്ര ഒരു ത്രെഡില്‍ ഇതിന്റെ ഒരു ചെറിയ ബ്രേക്ക്‌ അപ്‌ ഇട്ടിരുന്നു.) എന്റെ അറിവ്‌ ശരിയാണെങ്കില്‍, ഇപ്പോഴും ഡീസലില്‍ 3.50 / ലി , പെട്രോള്‍ 1.50 / ലി, ഗ്യാസ്‌ 10.25 / കിലോ, മണ്ണെണ്ണ 5.5 / ലി എന്നിങ്ങനെ സബ്‌സിഡൈസ്ഡ്‌ ആണ്‌ ഇന്ധന വില. നാഫ്ത, L.N.G, ഏവിയേഷന്‍ ഫ്യുവല്‍ എന്നിവയുടെ സബ്സിഡി ഇതിലും കൂടുതല്‍ വരും.

  ഇടത്‌ പാര്‍ട്ടികളുടെ പ്രതിഷേധത്തിന്‌ പക്ഷേ വ്യക്തമായ കാരണങ്ങളുണ്ട്‌. സബ്സിഡി കൂട്ടാതെ തന്നെ വില്‍പ്പന വില കുറക്കാനുള്ള കുറെ നല്ല നിര്‍ദ്ദേശങ്ങള്‍ അവര്‍ സര്‍ക്കാറിന്‌ സമര്‍പ്പിച്ചിരുന്നു. റോഡ്‌ സെസ്സ്‌ എന്ന പേരിലുള്ള ഒരു accumulator ഒഴിവാക്കുക, എക്സൈസ്‌ ഡ്യൂട്ടി അല്‍പ്പം കുറക്കുക, ക്രൂഡിന്റെ ദേശീയ ഉത്‌പാദനത്തില്‍ നിന്ന് നമ്മുടെ റിഫൈനറികള്‍ ഉപയോഗിക്കുന്ന എണ്ണയുടെ വില ഓയില്‍ പൂള്‍ സബ്‌സിഡി നികത്താന്‍ ഉപയോഗിക്കുക, റിലയന്‍സ്‌, എസ്സാര്‍ എന്ന റിഫൈനറികള്‍ക്ക്‌ പെറ്റ്രോള്‍, ഡീസല്‍ കയറ്റുമതി വകയില്‍ അനുവദിച്ചിരിക്കുന്ന വന്‍പിച്ച ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുക തുടങ്ങി പ്രായോഗികമായ കുറേ നിര്‍ദ്ദേശങ്ങളായിരുന്നു അവ. ധനകാര്യ മന്ത്രാലയം ഇതു പരിഗണിക്കാന്‍ പോലും തയ്യാറായിട്ടില്ല എന്നത്‌ ദുഃഖകരം അല്ലേ? 9. വക്കാരിമഷ്‌ടാ said...

  ശ്രീജിത്തേ, വളരെ നല്ല ഒരു പോസ്റ്റ്.

  ഇടതുകക്ഷം ബംഗാളില്‍ ഒരു ടോക്കണ്‍ പണിമുടക്കു മാത്രമേ നടത്തിയുള്ളൂ അത്രേ-ഇന്നത്തെ ഇന്ത്യന്‍ എക്സ്‌പ്രസ്സിലുണ്ട്. അവിടെ ഇനി ഒരു ബന്ദുംകൂടി താങ്ങാനുള്ള ശക്തി ഹൌറാ പാലത്തിനില്ലത്രേ. നമ്മുടെ പാലങ്ങളൊക്കെ നമ്മള്‍ തന്നെ വലിച്ചിട്ടിരിക്കുന്നത് കാരണം, പാലം കുലുങ്ങിയാലും കുലുങ്ങില്ലാത്ത കേളന്മാര്‍ നമുക്ക് ഇവിടെ ബന്ദ് അടിച്ചേല്‍‌പ്പിച്ചു. ഇതിനെ നമ്മള്‍ ഇരട്ടത്താപ്പെന്നൊന്നും വിളിച്ചുകൂടാ.

  എന്തായാലും അഖിലലോക നാടകമത്സരത്തിന് ഒരു സമ്മാനം കൊടുക്കുന്നെങ്കില്‍ അത് ഇടതുപക്ഷക്കാര്‍ക്കു തന്നെ കൊടുക്കണം. ആപ്പീസോഫ്‌പ്രോഫീറ്റാണെങ്കിലും പെട്രോളിന്റെ വിലയാണെങ്കിലും നമുക്കൊരു നീതി, ബാക്കിയുള്ളവര്‍ക്ക് വേറൊരു നീതി. ഇനി നമ്മളില്‍ തന്നെ ബംഗാളിലൊരു നയം നാട്ടില്‍ വേറൊരു നയം. പിന്നെ ആദ്യകാലം മുതല്‍ തന്നെ ഇവര്‍ പറയുന്ന കാര്യങ്ങളൊന്നും അധികം ആര്‍ക്കും മനസ്സിലാകാത്തതു കാരണം (സന്ദേശം സിനിമയില്‍ നമ്മള്‍ എന്തുകൊണ്ടു തോറ്റൂ എന്ന് ശങ്കരാടി വിശദീകരണം കൊടുത്തതുപോലെ), ഇതിലും അവര്‍ ഒരു ഉഗ്രന്‍ സിദ്ധാന്തമങ്ങ് കൊണ്ടുവരും. അത്ര തന്നെ! പാവങ്ങള്‍. 10. bodhappayi said...

  ശ്രീജിത്തേ, മറ്റു പോസ്റ്റുകളില്‍ നിന്നു വേറിട്ടു നില്‍ക്കുന്ന ഇതു നര്‍മം ചാലിച്ചു നന്നായി എഴുതിയിട്ടുണ്ട്‌. വ്യാവസായിക വളര്‍ച്ച മുരടിച്ചു നില്‍ക്കുന്ന നമ്മുടെ നാട്ടില്‍ ബന്ത്‌ പോലത്തെ കലാപരിപാടികല്‍ കാണിച്ചു കുറേ പേര്‍ സമയം കൊല്ലുന്നു.

  അവസാനത്തെ 'പാര'ഗ്രാഫ്‌ തകര്‍ത്തു. 11. മറുനാടന്‍ said...

  ശ്രീ‍ജിത്തേ.. മണ്ടത്തരങ്ങള്‍ കണടും, കാണിച്ചും, അത് വിവരിച്ചും മടുത്ത് ഇപ്പോള്‍ ‘ബുജി’ ആയി മാറിയോ?
  ലേഖനം നന്നായിട്ടുണ്ട്. 12. കലേഷ്‌ കുമാര്‍ said...

  ശ്രീജിത്തേ, ശ്രീജിത്തരം എന്നൊക്കെ പറയുന്ന ഞങ്ങളെല്ലാരുമാ ശരിക്ക് മണ്ടന്മാര്‍ എന്ന് തെളിയിക്കുന്നതാണല്ലോ ഈ പോസ്റ്റ്.
  നന്നായിട്ടുണ്ട്! 13. യാത്രികന്‍ said...

  ശ്രീജിത്തേ...

  ലേഖനം നന്നായി..

  യാത്രികന്‍

  അടിക്കുറിപ്പ്‌ : ബന്ദ്‌ കൊണ്ട്‌ ഒരു ഗുണവുമില്ല ന്ന് പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല. ഇന്നലത്തെ ബന്ദ്‌ കൊണ്ട്‌ എനിക്കു ശ്രീജിത്തിനെ പരിചയപെടാനും എന്റെ ബ്ലോഗ്‌ ഘടന ആകപാടെ ഒന്നു മാറ്റിമറിക്കാനും പറ്റി...:)

  ഒരു ഓണ്‍ലൈന്‍ കസ്റ്റമര്‍ കെയര്‍ പോലെ എന്നെ സഹായിച്ച, സുഹ്രുത്തെ... നന്ദി 14. Vempally|വെമ്പള്ളി said...

  ശ്രീജിത്തെ നന്നായി എഴുതിയിരിക്കുന്നു.
  ഒക്കെ ഒന്നു നന്നായെങ്കില്‍!!!! 15. അജിത്‌ | Ajith said...

  ശ്രീജിത്തെ, സാധാരണക്കാരന്റെ മനസിലെ ഉത്തരമില്ലാത്താ സംശയങ്ങളാണിവ. നന്നായിട്ടുണ്ട്‌

  പിന്നെ, വില വര്‍ദ്ധനവിനു മുന്‍പ്‌ ഇടതു പക്ഷത്തെ ചര്‍ച്ചക്കു വിളിച്ചെന്നതു മനോരമ മാത്രം പറയുന്നതല്ല. മിക്ക മാധ്യമങ്ങളും ഇതു റിപ്പോര്‍ട്ട്‌ ചെയ്തായിരുന്നൂ. 16. Durga said...

  Nissahayathayil ninnumulla amarsham sarikkum vaayanakkaranum manassilaakum.:) Midukkan. Nannayi ezhuthiyirikkunnu..I am proud of you dear friend..!!:) good going...cheers!! 17. സതീര്‍ത്ഥ്യന്‍ said...

  അക്കരെ നിന്നു കൊഞനം കുത്താം..കോക്രി കാണിക്കാം... ആരോ പറഞിട്ടുണ്ട് “ ഒരു ജനത ആഗ്രഹിക്കുന്ന ഭരണ‍കൂടത്തെതന്നെ ലഭിക്കും”