Friday, June 23, 2006

കാറിന്റെ ലൈറ്റും സാമുഹിക പ്രതിബദ്ധതയും

ഈ സംഭവം നടന്ന ദിവസം, സമയം, കാരണം എന്നിവ ശ്രീജിത്തിന്റെ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടില്ല. അതിനാല്‍ ആരും ഇത് എന്ന് നടന്നുവെന്നതിനെക്കുറിച്ച് ഒരന്വേഷണവും നടത്തണ്ട. ഒരു കുന്തവും കണ്ട് പിടിക്കാന്‍ പോകുന്നില്ല.

അങ്ങിനെ എപ്പോഴോ ഉള്ള ഏതോ ഒരു ദിവസം, എന്തോ ഒരു കാര്യത്തിന്, ഞാന്‍ എങ്ങോട്ടോ എന്റെ കാര്‍ എടുത്ത് പോയി. ആ പോക്കിന് പ്രാധാന്യമില്ല. വരവാണ് കഥാനായകന്‍. അയ്യോ!!! അപ്പൊ നായകന്‍ ഞാനല്ലേ. ആ‍ാ‍ാ‍ാ ... നമുക്ക് കാര്യത്തിലേക്ക് കടക്കാം.

ഒരു വഴിക്ക് പോയി തിരിച്ച് വരുമ്പോള്‍ നമുക്ക് മൂത്രമൊഴിക്കാന്‍ മുട്ടുന്നത് പോലെയാണ് കാറിനും. പക്ഷെ കാറിന് ഇന്ധനം നിറയ്ക്കാനാണ് മുട്ടുന്നത്. നിന്ന് ഉറങ്ങുന്ന ഒരാള്‍ എങ്ങിനെ ചരിഞ്ഞ് ചരിഞ്ഞ് താഴെയെത്തും എന്നത് പോലെയാണ് ഇന്ധനോമീറ്റര്‍ E എന്ന അനിവാര്യതയിലേക്ക് കൂപ്പ്കുത്തുന്നത്. ഇനിയും താണാല്‍ വണ്ടി റോഡില്‍ കിടന്നുറങ്ങും എന്ന അവസ്ഥയില്‍ എത്തിയപ്പോള്‍ ഞാന്‍ ആദ്യം കണ്ട പെട്രോള്‍ പമ്പിലേക്ക് വണ്ടി കയറ്റി.

മാരുതി 800 ആയതിനാല്‍, വണ്ടി ഓഫ്ഫാക്കി താക്കോള്‍ പെട്രോളടികാരന് (വാക്ക് കൊള്ളാമല്ലോ ഗഡി) കൊടുത്ത് ഞാന്‍ എന്റെ ചിന്തകളിലേക്ക് ഓടി. മറ്റൊരു കാര്‍ ബ്രേക്ക് ഇടുന്നത് കേട്ടാണ് ഞാന്‍ ചിന്ത ഓഫാക്കിയത്. അയാല്‍ കുറച്ച് ദൂരെയായി അപ്പുറത്ത് എന്റെ അതേ അഗമനോദ്ദ്യേശ്യവുമായി വണ്ടി ഓഫാക്കി ഇരിക്കുന്നത് ഞാന്‍ കണ്ടു.

അതും ഒരു മാരുതി 800. അതിന്റേയും തേരാളി അകത്ത്, താക്കോല്‍ പുറത്ത്. അയാള്‍ പക്ഷെ വണ്ടിയുടെ ലൈറ്റ് കെടുത്തിയിട്ടുണ്ടായിരുന്നില്ല. ബൈക്ക് കഴിഞ്ഞാല്‍ ചക്രത്തിന്റെ എണ്ണംകൊണ്ട് മുകളിലേക്ക് ഉള്ള വണ്ടികള്‍ക്ക്, ലൈറ്റിടാന്‍ എഞ്ചിന്‍ ഓഫാക്കേണ്ടതില്ലല്ലോ.

എനിക്ക് സങ്കടം വന്നു. എന്ത് കൊണ്ട് മനുഷ്യര്‍ ഇത്രയ്ക്ക് നിരുത്തരവാദികളാകുന്നു. വണ്ടി നിര്‍ത്തിയിടുന്നതിനു മുന്‍പ് ലൈറ്റ് ഓഫ് ആക്കാന്‍ ഏതൊരു നല്ല ഡ്രൈവറും ശ്രദ്ധിക്കേണ്ടതല്ലേ? നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടിക്ക് എന്തിന് ലൈറ്റ്? അത്രയും ബാറ്ററിയിലെ ചാര്‍ജ് കുറയില്ലേ? ബാറ്ററി ഡൌണ്‍ ആയാലുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് ഇവരെന്താണ് ഓര്‍ക്കാത്തത്? കാലിയായ ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ എന്തു മാത്രം സമയവും കാശും ചിലവാക്കണം. അത് കേടായിപ്പോയാലുള്ള ബുദ്ധിമുട്ടുകള്‍ പറയുകയും വേണ്ട. അത്രയും ഭാരം ഉള്ള സാധനം ഒന്ന് അഴിച്ച് വയ്ക്കാനോ പുതിയത് വാങ്ങിക്കൊണ്ട് വരാനോ നമ്മളെക്കൊണ്ട് സാധിക്കുമോ? ബാറ്ററി മെയിന്റെനസ് തന്നെ എന്ന് പുലിവാല് പിടിച്ച പരിപാടിയാണ്. ബാറ്ററി കളയുന്നതും പ്രശ്നം തന്നെ. ലെഡ് പോലെ എന്തെല്ലാം മാരകങ്ങളായ വിഷപദാര്‍ത്ഥങ്ങള്‍ ഉള്ള സാധനമാണ് അത്.

അതുമല്ല ആ ബല്‍ബ് ഇത്രയും നേരം കത്തിച്ച് വച്ചിരുന്നാല്‍ അതിന്റെ ആയുസ്സ് കുറയില്ലേ? നല്ലൊരു ഹാലൊജന്‍ ബള്‍ബിന് എന്ത് വിലയുള്ളതാണ്. പോരാണ് സ്റ്റ്‌റീറ്റ് ലൈറ്റ് പോലുമില്ലാത്ത ഒരു സ്ഥലത്ത് വച്ച് വണ്ടി ഓടിച്ച്കൊണ്ടിരിക്കുമ്പോള്‍ ബല്‍ബ് ഫ്യൂസ് ആയാല്‍ എന്ത് ചെയ്യും. അവനവന് ആപത്താണെന്ന് മാ‍ത്രമല്ല, മറ്റ് വണ്ടികള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അവര്‍ക്കും അപകടം പിണയും. ശ്ശൊ. മോശം, മോശം.

എന്റെ സാമൂഹികപ്രതിബദ്ധത ഉണര്‍ന്നു. ഇത് ഒരു വ്യക്തിയുടേയോ, ഒരു കാറിന്റേയോ പ്രശ്നമല്ല. ഒരു സമൂഹത്തിന്റെ പ്രശ്നമാണ്. പാഴായിപ്പോകുന്ന വൈദ്യുതിയുടേയും, മനുഷ്യപ്രയത്നത്തിന്റേയും അത് സൃഷ്ടിക്കുന്ന മറ്റ് പ്രത്യാഘാതങ്ങളുടേയും കൂടെ പ്രശ്നമാണ്. ഇത് ചോദിക്കാതെ വിടുന്നത് ശരിയല്ല. ഞാന്‍ എന്റെ അബോധമണ്ടലം വിട്ട് ബോധത്തിലേക്ക് വന്നു. കര്‍മ്മം ചെയ്യണം, തെറ്റ് ചെയ്യുന്ന ആളുകളെ നേര്‍വഴിക്ക് നടത്തണം.

“സര്‍”

പെട്രോള്‍പമ്പ് ജീവനക്കാരന്‍ വിളിച്ചപ്പോഴാണ് മനസ്സ് തിരിച്ച് കാറിലേക്ക് വന്നത്. പിറകില്‍ മറ്റ് വണ്ടികള്‍ ഹോണ്‍ അടിച്ച് തുടങ്ങിയിരിക്കുന്നു. കര്‍മ്മം ചെയ്യല്‍ പിന്നീടും ആകാം. വീണ്ടും പമ്പില്‍ കയറണമല്ലോ. അപ്പോഴാണ് പമ്പ് ജീവനക്കാരന്‍ തിരിച്ച് വന്ന് തോള‍ത്ത് തട്ടി എന്നോട് ആ ചോദ്യം ചോദിക്കുന്നത്.

സാറിന്റെ വണ്ടി ഓഫായിക്കിടക്കുകയല്ലേ. ലൈറ്റ് ഓഫ് ചെയ്തുകൂടായിരുന്നോ? ബാറ്ററി ചുമ്മാ കിട്ടുന്നതാണോ?

11 comments:

  1. സ്നേഹിതന്‍ said...

    സ്വന്തം കണ്ണിലെ തടി...
    ...ത്തരങ്ങള്‍ പതിവുപ്പോലെ മികച്ചതു തന്നെ!



  2. evuraan said...

    കൊള്ളാം ശ്രീജിത്തേ, നന്നായിരിക്കുന്നു.

    എഴുത്ത് കേമമാവുന്നുണ്ട്, ഹാസ്യകഥകളുടെ വേലിക്ക് വെളിയില്‍ എഴുതരുതോ എന്തെങ്കിലും കൂടേ?



  3. തണുപ്പന്‍ said...

    അങ്ങനെയെങ്കിലും ആ തലക്കകത്തെ ബള്‍ബ് ഒന്ന് കത്തട്ടെ !


    സത്യം പറയട്ടെ, ശ്രീജിയുടെ എഴുത്ത് ഈയിടെ മറ്റൊരു നിലവാരത്തിലേക്ക് ഉയര്‍ന്ന് കൊണ്ടിരിക്കുന്നു. സാമൂഹിക പ്രശ്നങ്ങളെ നര്‍മ്മം കലര്‍ത്തി നീ അവതരിക്കുമ്പോള്‍ അതിന് നല്ല ചന്തം.കൂടാതെ മനസ്സിലും തട്ടുന്നു.ഇനി എപ്പോഴെങ്കിലും ലൈറ്റ് ഓഫാക്കാതെ പെട്രോളടിക്കാനോ മൂത്രമൊഴിക്കാനോ നിര്‍ത്തിയാല്‍ അതുകൊണ്ടുണ്ടാകുന്ന സാമൂഹിക പാരിസ്ഥിതിക സാമ്പത്തിക അങ്ങനെ പലവക പ്രശ്നങ്ങളെക്കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ കഴിയുമോ?
    വെല്‍ഡണ്‍ നാല് മാസത്തിന് ചേട്ടാ...വെല്‍ഡണ്‍



  4. രാജ് said...

    ഇന്ധനോമീറ്റര്‍ E എന്ന അനിവാര്യതയിലേക്ക് കൂപ്പ്കുത്തുന്നത്... ഹാസ്യത്തിനു നിര്‍ബന്ധമില്ലാത്ത ഭംഗിയുള്ള ശൈലി, അതു തന്നെയാവും ഒരു പക്ഷെ distinct ആകുവാന്‍ ശ്രീജിത്ത് ശ്രമിക്കുന്നതിന്റെ മുഖലക്ഷണം. ഏവൂരാന്റെ അഭിപ്രായം എനിക്കും.



  5. Satheesh said...

    നല്ല വിവരണം.. പണ്ട് ,രാത്രി ലൈറ്റ് ഓഫ് ചെയ്യാന്‍ മറന്ന് പോയതിന് പിറ്റന്നാള്‍ രാവിലെ കാര്‍ സ്റ്റാര്‍ട്ടാക്കാന്‍ നടത്തിയ യുദ്ധം ഓര്‍മ്മ വന്നു!



  6. രാജീവ് സാക്ഷി | Rajeev Sakshi said...

    ശ്രീജിത്ത് വിവരണം നന്നായിട്ടുണ്ട്. (മണ്ടത്തരം നന്നായെന്ന് എങ്ങനാ പറയ്യാ)
    അപ്പോള്‍ പതുക്കെ ഗോധയിലേയ്ക്കിറങ്ങ്വല്ലേ.
    ബൂലോകത്തെ രണ്ട് രാജാക്കന്മാരുടെ പിന്തുണയേക്കാളും വലിയ എന്തു പ്രോത്സാഹനമാണ് വേണ്ടത്. ഒന്നു ശ്രമിച്ചു നോക്കുന്നതില്‍ തെറ്റില്ലല്ലോ.



  7. Adithyan said...

    ശ്രീ, നീ എന്നെ ഒരു സാമൂഹ്യ പ്രതിബുദ്ദനാക്കും..

    നന്നായിരിയ്ക്കുന്നു. ഇതു വായിച്ച നാലുപേരെങ്കിലും നാലു ദിവസത്തേയ്ക്കെങ്കിലും ഹെഡ്‌ലൈറ്റ് ഓഫ് ചെയ്തിടും...



  8. Sreejith K. said...

    സ്നേഹിതാ, നന്ദി.

    എവൂരാനേ, മുന്‍പ് ഞാന്‍ ഇത് ആലോ‍ചിച്ചതായിരുന്നു. അന്ന് ഞാന്‍ പെരിങ്ങോടരോട് നല്ല കഥ എഴുതാനുള്ള ടിപ്സ് ചോദിച്ചു. പെരിങ്ങോടന്‍ ഒറ്റ വാചകത്തില്‍ ഉത്തരം പറഞ്ഞു. “നല്ല്ലോണം വായിക്കണം ആദ്യം” ഞാന്‍ ഇത് അത് അക്ഷരപ്രതി അനുസരിക്കുന്നു. എല്ലാ ബ്ലോഗുകളും വിടാതെ വായിക്കൂന്നു. എനിക്കും ഇതുപോലെ ഒരെണ്ണം എഴുതാം എന്ന് തോ‍ന്നുന്നവരെ ഞാന്‍ എന്റെ പേനയെ കെട്ടിയിട്ടിരിക്കുന്നു ഇപ്പോ‍ള്‍.

    തണുപ്പാ, എന്റെ മണ്ടത്തരങ്ങള്‍ ഒരു സാമൂഹികപ്രശ്നമാണെന്നാണോ നീ പറഞ്ഞ് വരുന്നത്? എന്തായാലും ഇനി മൂത്രമൊഴിക്കാന്‍ കാര്‍ നിര്‍ത്തിയാല്‍ നീ ലൈറ്റ് ഓഫാക്കില്ലേ? എനിക്കത് മതി. നീ വലുതാകുമ്പൊ എന്നെപ്പോലെയാകരുതു ;)

    സതീശ്, പണ്ടൊരിക്കല്‍ എന്റെ ഒരു കൂട്ടുകാരന്‍ ഒരാളെ ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്റില്‍ നിന്ന് കൂട്ടിക്കൊണ്ട് വരാന്‍ പോയി. അവിടെ കൊതുകു ശല്യം കൂടുതലായതിനാല്‍ അവന്‍ കാറില്‍ എ.സി ഇട്ട് അതിന്റെ അകത്ത് തന്നെ ഇരുന്നു. കാത്തിരുന്ന ആള്‍ വന്നപ്പോഴേക്കും ബാറ്ററി ഔറ്റ്. പിന്നെ അവര്‍ക്ക് ഓട്ടൊ പിടിച്ച് പോകേണ്ടി വന്നു.

    സാക്ഷീ, പ്രോത്സാഹനം ഈ രാജക്കന്മാരുടെ മാത്രമല്ല, ഈ രാജകുമാരന്റേയും വേണം. തന്നീല്ലേല്‍ ചോ‍ദിച്ച് വാങ്ങിക്കോളാം, പേടിക്കണ്ട ;)

    ആദിത്യാ, നാല് ദിവസം ഓഫ് ചെയ്തിടണോ? അതിത്തിരി കൂടിപ്പോയില്ലേ? രാത്രി ഓടിക്കാത്തവരാണെങ്കില്‍ കുഴപ്പമില്ല.



  9. Ajith Krishnanunni said...

    ശ്രീജിത്തേയ്‌ പെട്രോളടികാരന് സ്വല്‍പം സാമൂഹികപ്രതിബദ്ധത കൂടിപ്പോയതാണു പ്രശ്നം ആയത്‌.

    നന്നായിട്ടുണ്ട്‌



  10. സൂഫി said...

    ജിത്തെ, അന്റെ മണ്ടത്തരങ്ങളൊന്നും കയിഞ്ഞിട്ടില്ല അല്ലേ?
    യ്യെന്താ പറഞ്ഞ്‌ വരുന്നത്‌? മൂത്രമൊഴിക്കുന്നതും പെട്രോളടിക്കുന്നതും സാമൂഹിക പാഠമാണെന്നോ? അത്‌ ശയന്‍സല്ലേ ബലാലേ?

    പിന്നെ അന്റെ "ഇന്ധനോമീറ്റര്‍ E എന്ന അനിവാര്യതയിലേക്ക് കൂപ്പ്കുത്തുന്നത്"
    അതു ഞമ്മക്കിഷ്ടപ്പെട്ടു.



  11. Unknown said...

    കൊള്ളാമെടാ, ഒരു വിരല്‍ മറ്റുള്ളവര്‍ക്ക് നേരെ ചൂണ്ടുമ്പോള്‍...

    എനിക്ക് ഒരു കാലത്ത് പറ്റാറുണ്ടായിരുന്ന ശ്രീജിത്തരം നേരെ തിരിച്ചാണ്‍. ലൈറ്റ് എല്ലാ സിഗ്നലിലും ഓഫാക്കിയിട്ട് പിന്നെ വണ്ടി എടുക്കുമ്പോള്‍ ലൈറ്റിടാന്‍ മറന്ന് പോകുക. ഒരിക്കല്‍ ഒരു 2 km കഴിഞ്ഞിട്ടാണ്‍ മനസിലായത്. ഭാഗ്യത്തിനു ഒന്നും പറ്റിയില്ല.. (പോലീസുകാരൊന്നും കണ്ടില്ല, വേറെയാരെയും ചെന്നിടിച്ചില്ല etc. )

    എനിക്ക് ക്വോട്ട് ചെയ്യാനുള്ളത് തണുപ്പനെയാണ്‍
    “ ശ്രീജിയുടെ എഴുത്ത് ഈയിടെ മറ്റൊരു നിലവാരത്തിലേക്ക് ഉയര്‍ന്ന് കൊണ്ടിരിക്കുന്നു.”

    സത്യം