Monday, June 12, 2006

തെങ്ങിന്‍പൂക്കുലാദിവിവാഹഫോട്ടോ

ഇക്കഴിഞ്ഞ വ്യാഴാഴ്ച, അതായത് ജൂണ്‍ 8-ന് എന്റെ കസിന്‍ ഡോ.ശ്രീനാഥും ഡോ.വിനീതയും ഗുരുവായൂരപ്പന്റെ നടയില്‍ വച്ച് വിവാഹിതരായി. ബാച്ചിലേഴ്സ് ലിസ്റ്റില്‍ ഏറ്റവും മുകളില്‍ ഉണ്ടായിരുന്ന ശ്രീനാഥ് ആ ലിസ്റ്റില്‍ നിന്ന് മാറി വിവാഹിതരുടെ പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍, സീനിയോരിറ്റി കൊണ്ട് ബാച്ചിലേഴ്സ് ലിസ്റ്റിന്റെ മുകളില്‍ എത്തിയ ഞാന്‍ ഗുരുവായൂരപ്പന്റെ നടയിലും പരിസരപ്രദേശത്തും പ്രാഞ്ചി നടന്നെങ്കിലും ആശാവഹമായ ഒരു പുരോഗതിയും ഉണ്ടായില്ല. കയ്യില്‍ ഒരു ക്യാമറ കൊണ്ട് നടന്നിട്ടും, വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു മുഖവും എനിക്കതില്‍ പകര്‍ത്താനായില്ല. കുമാര്‍, തുളസി, വക്കാരി എന്നീ ബ്ലോഗ്കാവിലപ്പന്മാരെ മനസ്സില്‍ ധ്യാനിച്ചും നേര്‍ച്ചകള്‍ നേര്‍ന്ന് കൊണ്ടും ഞാന്‍ പകര്‍ത്തിയ തെങ്ങ്, കുളം, പൂക്കള്‍, ആകാശം, കിണര്‍, വഴിയോരം, ... എന്നിവയൊന്നും ക്യാമറയില്‍ നേരാംവണ്ണം പതിഞ്ഞുമില്ല. കല്യാണത്തിനു മുന്‍പെടുത്ത വധൂവരന്മാരുടെ ചിത്രം ദേ ഇങ്ങനെയും ആയി.ഇതില്‍ വധു എവിടെ വരന്‍ എവിടെ എന്ന് ആര്‍ക്കും സംശയം തോന്നാം. ആ തെങ്ങിന്‍പൂക്കുലയുടെ ഇടയില്‍കൂടെ നോക്കിയാല്‍ രണ്ട് പേരെയും കാണാവുന്നതാണ്‌. വലത് വശത്ത് കാണുന്നത് വധുവും ഇടത് വശത്ത് കാണുന്നത് വരനും.

അവിടെമുഴുവന്‍ ഒരു ഡിജിറ്റല്‍ ക്യാമറ കൊണ്ട് ഷോ കാണിച്ച് നടന്ന എന്നില്‍ അവര്‍ക്ക് വളരെയേറെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. കല്യാണശേഷം സ്റ്റുഡിയോക്കാര്‍ ഫോട്ടോകള്‍ തരാന്‍ താമസിക്കുമെന്നതിനാല്‍, വരനും വധുവുമടക്കം സകല ബന്ധുമിത്രാധികളും എന്റെ ചിത്രങ്ങള്‍ക്കായി പിറ്റേ ദിവസം മുതല്‍ വിളി തുടങ്ങി. ഈ ചിത്രം കണ്ട അവരുടെ മുഃഖഭാവവും, വികാരവും, എന്റെ അവസ്ഥയും ഇവിടെ പ്രത്യേകമായി വിവരിക്കേണ്ടല്ലോ. നാട്ടില്‍ ഞാനുണ്ടായിരുന്ന ശിഷ്ഠ ദിനങ്ങള്‍, വസൂരി വന്ന ഒരു രോഗിയെപ്പോലെ കഴിയേണ്ടി വരുന്നത് വരെ എത്തി കാര്യങ്ങള്‍. ഒരു ഫോട്ടോ വരുത്തിയ വിനയേ. ഈ പരിപാടി നമുക്ക് പറ്റിയതല്ല.

27 comments:

 1. ചില നേരത്ത്.. said...

  നല്ല ഫോട്ടോ..വളരെ ക്രിയേറ്റീവായ ഒരു ഫോട്ടോയാണിത്. ഇതിന്നാ‍യി മാത്രം നീ കാമറയെടുത്തു, ലീവെടുത്തു, മുണ്ടെടുത്തു. അങ്ങിനെ ഫോട്ടോയെടുത്തു.
  തെങ്ങിന്‍ പൂക്കുലാദിഫോട്ടോയെടുത്ത നീയാണ് താരം. 2. കുറുമാന്‍ said...

  മോനേ ശ്രീജിത്തേ.....ഫോട്ടോ, ഫോട്ടോന്ന് പറഞ്ഞാല്‍ ഇതാ ഫോട്ടോ....തെങ്ങിന്‍ പൂക്കുല ലേഹ്യം വെച്ചിരിക്കുന്നത്, നിറപറയിലാണോ, അതോ, നിലവിളക്കിലാണോ......ചെക്കനെവിടെ, കണ്ടാല്‍ എങ്ങിനെയിരിക്കും, പെണ്ണെവിടെ, പെണ്ണെങ്ങിനെയിരിക്കും (രണ്ടുപേരും ഇരിക്കുന്നതെങ്ങിനെയാണെന്നും മനസ്സിലായി) തുടങ്ങി നിരവധി ഇമേജിനേഷനു സ്കോപ്പുള്ള ഒരു ബെസ്റ്റ് തീം. ഇപ്രാവശ്യത്തെ ഏറ്റവും നല്ല ഫോട്ടോ ഗ്രാഫര്‍ക്കുള്ള അവാര്‍ഡു കിട്ടുമെന്നാ തോന്നണെ :) 3. Anonymous said...

  ഹി!ഹി! ഞാന്‍ തലേം കുത്തി കിടന്നു ചിരിക്കുവാണു. :) 4. kumar © said...

  ഇപ്പോഴല്ലേ മ്വാനേ എന്റെ ചിത്രങ്ങള്‍ ശരിയായീല്ല എന്നു താന്‍ പറഞ്ഞതിന്റെ കാരണം പിടികിട്ടിയത്. താന്‍ മുഴുവന്‍ കുളം ആക്കീ. ഞാന്‍ അതൊരു വലിയ അഭിപ്രായമായി പരഗണിച്ച് ഇനി മുതല്‍ പോസ്റ്റ് ചെയ്യേണ്ട ഫോട്ടോ കളുടെ സെലക്ഷനില്‍ ഒരു മാറ്റം തന്നെ വരുത്താന്‍ ഉദ്ദേശിച്ചതായിരുന്നു.

  ആ ക്യാമറ നിന്നോട് എന്തു പാതകം ചെയ്തു?
  ക്യാമറ പോട്ടെ, ആ വധുവരന്മാര്‍ നിന്നോട് എന്തു തെറ്റു ചെയ്തു?
  ആ പൂക്കുല നിനക്ക് എത്ര കമ്മീഷന്‍ തന്നു ഇങനെ ഒരു ചിത്രം എടുക്കാന്‍?
  എന്തായാലും എന്റെ ചിത്രത്തില്‍ കുമാര്‍ ടച്ച് ഇല്ലെങ്കിലും തന്റെ ചിത്രത്തില്‍ ഒരുപാട് ശ്രീജിത്ത് ടച്ച് ഉണ്ട്. ടച്ച് ചെയ്തു ടച്ച് ചെയ്തു ഒരു വഴിക്കാക്കി.

  ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ. നല്ല ചിത്രം. 5. .::Anil അനില്‍::. said...

  എച്ചൂസ് മി.
  ശ്രീജിയെ കളിയാക്കുന്നതിനുമുമ്പ് ഒരു സംശയം.
  ഇങ്ങനെ ഒരു ഭീമന്‍ പൂ മുന്നില്‍ കൊണ്ടുസ്ഥാപിച്ചിരിക്കേ ഏതു ഫോട്ടോഗ്രാഫര്‍ക്കു കിട്ടും ഒരു നല്ല ഫ്രണ്ട് എലിവേഷന്‍ പടം?
  ആംഗിളികളുടെ ട്രിക്കൊന്നും അറിയാത്തോണ്ട് ചോദിച്ചതാണ്.
  കീപ്പിറ്റപ്പ് ശ്രീജി. യു ട്രൈഡ് വെല്‍! 6. താര said...

  ശ്രീജിത്തേ വിഷമിക്കണ്ട...ആര്‍ക്കീ ഫോട്ടോ ഇഷ്ടമായില്ലെങ്കിലും എനിക്കിഷ്ടാവും..അല്ലെങ്കിലും കല്യാണത്തിന് പോയിട്ട് ആരെങ്കിലും കുളവും ആകാശവും നോക്കി ഇരിക്കുമോ?? കാണേണ്ടത് കണ്ടു!! പെണ്ണിന് മാല 9ത്![1 ഞാന്‍ കൂട്ടി ഇട്ടതാ!:)]വള എണ്ണാന്‍ പറ്റില്ലേലും കൊള്ളാം നല്ല ചന്തമുണ്ട്. സാരി ഉഗ്രന്‍! പിന്നെ പിന്നിലുള്ള പട്ടു സാരികളും മോശമില്ല..കല്യാണം ആരുടെതായാലെന്താ, മാലേം വളേം സാരീമൊക്കെ കണ്ടില്ലേ...ഇതു മതി...ഇതു മാത്രം മതി!! കോണ്‍ഗ്രാജുലേഷന്‍സ്!! അടുത്ത പ്രാവശ്യം പടമെടുക്കുമ്പൊ കുറച്ച് ക്ലോസപ്പിലെടുക്കണേ...ഡിസൈന്‍ ഒക്കെ ശരിക്കൊന്ന് കാണാനാ... 7. വക്കാരിമഷ്‌ടാ said...

  എനിക്കിഷ്ടപ്പെട്ടു... ഏറ്റവു ഇഷ്ടപ്പെട്ടതേതാണെന്ന് ചോദിച്ചാല്‍ പൂക്കുല ഇഷ്ടപ്പെട്ടു. പക്ഷേ അതിലും ഇഷ്ടപ്പെട്ടത് കല്ല്യാണച്ചെക്കന്റെ ആ ഇരിപ്പാ. അത് ആ രീതിയില്‍ പടമാകണമെങ്കില്‍, ആ പാവത്തിന്റെ തലവര അതാണെന്ന് കരുതുക തന്നെ :)

  ശ്രീജിത്തേ, ചുമ്മാതാണേ. നല്ല ഫോട്ടോ. ചെക്കനും പെണ്ണും സിമട്രിക്കലായി, ചെക്കന്‍ തല ഒരു മുപ്പതു ഡിഗ്രി ഇടത്തോട്ടും വധു തല എക്സാറ്റ്‌ലി ഓപ്പോസിറ്റ് സൈഡില്‍ എക്സാറ്റ് അംഗിളിലും തിരിച്ചുകൊണ്ടുവരാന്‍ നോക്കിയിരിക്കുകയായിരുന്നോ ക്ലിക്കാന്‍? 8. Anonymous said...

  ഞാനീ ഫോ‍ട്ടോം പിന്നേം പിന്നേം വന്നു നോക്കി ചിരിക്കുവാണു..ഹിഹിഹി..

  ഞാന്‍ പണ്ടു എന്റെ കൂട്ടുക്കരീടെ കല്യാണം ഇതുപോലെ പിടിക്കാന്‍ പോയി. എന്റെ അപ്പന്റെ എസ്.എല്‍.ആര്‍ ക്യാമറയും അടിച്ചു മാറ്റി.
  എന്നിട്ടു മൂന്നു റോള്‍ പടം എടുത്തു. ഓരൊ ഓരൊ ആണ്‍ഗിളും..അന്നു എന്റെ കയ്യില്‍ മാത്രെം ഇങ്ങിനത്തെ ഒരു ക്യാമറ ഉണ്ടായിരുന്ന കൊണ്ടു ഞാന്‍ ഒരു ഫോട്ടോഗ്രാഫ്ര് ആണു എന്നു അഹങ്കാരാവും..ഉണ്ടു. അവിടെ വന്ന പ്രൊഫഷണല്‍ ക്യാമറക്കാരു വരെ എന്റെ ക്യാമറ് (അല്ല അപ്പന്റെ) എടുത്തു നോക്കുന്നു...
  തൊടുന്നു..ഹൊ! ഞാന്‍ അങ്ങനെ വിലസുവാണു..

  എന്നിട്ടു എന്റെ ഈ ഫോട്ടൊ എടുപ്പു കണ്ടു,ആ കൂട്ടുകാരീടെ ചേട്ടന്‍ പറഞ്ഞു, മോളെ, ഈ ഫോട്ടോന്റെ റോളിനും,
  അതു വാഷ് ചെയ്യാനുള്ളതും ഞാന്‍ ചെയ്യാം കേട്ടൊ എന്നു.. കാരണം, അന്നു നല്ല വിലയല്ലെ റോളിനും വാഷാനും ഒക്കെ...നമ്മള്‍ അന്നു സ്റ്റുഡന്റ്സ് അല്ലെ? ഞാന്‍ അഭിമാനപൂര്‍വ്വം ആ ഓഫര്‍ നിരസിച്ചു..അതാണു എന്നു തോന്നുന്നു ഞാന്‍ ചെയ്ത ഏറ്റവും വലിയ ഇന്റലിജ്ന്റ് കാര്യം..
  ഞാന്‍ വഷ്ക് ചെയ്തപ്പൊ ഒരൊറ്റ് ഫോട്ടോ ഇല്ല. നെഗറ്റീവ് മൊത്തം കറുത്തു ഇരിക്കുന്നു..മൂന്നു റോളിലും...എന്തായിതു എന്നു വാഷുന്നോരൊടു ചോദിച്ചപ്പോള്‍ അവരു പറയാ,ഞാന്‍ ഫിലിം നേരെ ചൊവ്വെ ലോഡ് ചെയ്തിട്ടുണ്ടായിരുന്നാല്ലാത്രെ. മൂന്നു റോളും...!!!

  പണ്ടത്തെ മാനുവല്‍ ക്യാമറ്ക്കു ഇന്നത്ത്പ്പോലെ അതൊന്നും കണ്ടുപിടിക്കാന്‍ ദൈവം ബുദ്ധി കൊടുത്തിട്ടുണ്ടായിരുന്നില്ല...
  ഹൊ! എനിക്കു വന്ന സങ്കടം...അന്നേരം ഭൂമിപിളര്‍ന്നെങ്കില്‍ എന്നു തോന്നിപ്പോയി..

  എന്നിട്ട് അവള്‍ എപ്പോഴും ഫോണ്‍ വിളി..ആ ഫോട്ടസ് എന്തിയെ, എന്നു..ഞാന്‍ എപ്പോഴും പറയും...ദേ അയക്കണൂ...എന്നു..... 9. തണുപ്പന്‍ said...

  എ വെരി ഇന്‍റലിജന്‍റ് ഫോട്ടോ, വിവാഹജീവിതത്തിലേക്ക് കടക്കുന്ന നവദമ്പതിമാരുടെ അന്തസംഘര്‍ഷങ്ങള്‍ പൂക്കുല കൊണ്ട് മറഞ്ഞ് നില്‍ക്കുന്നമുഖങ്ങളിലൂടെ കാമറക്കണ്ണുകള്‍കൊണ്ടൊപ്പിയെടുത്ത മഹാനായ ഫോട്ടോഗ്രാഫര്‍.പൂക്കുല അവരുടെ ജീവിതത്തില്‍ വിരിയാന്‍ പോകുന്ന അനേകം പൂക്കളേയും, തിളങ്ങിനില്‍ക്കുന്ന നിലവിളക്ക് സര്‍വ ഐശ്വര്യങ്ങളേയും പ്രതിധാനം ചെയ്യുന്നു.....


  ഹീ..ഹി, വേണ്ട മോനെ, അതൊന്നും പറയില്ല.മറ്റൊരു ശ്രീജിത്തരം. അത്രയോ ഒള്ളൂ ഇതും. 10. Obi T R said...

  ശ്രീജിത്തെ , ഫോണില്‍ ഈ ഫോട്ടോയെ പറ്റി പറഞ്ഞപ്പോള്‍ ഞാന്‍ ഇത്രയും കരുതിയില്ല, എന്തായാലും എന്റെ കല്യാണത്തിനു വരുമ്പോല്‍ വെറുതെ സ്ഥലം മിനക്കെടുത്താനായിട്ട്‌ ക്യാമറ കൊണ്ടു വരണ്ടാ. 11. Obi T R said...

  ഈ പെണ്ണും ചെക്കനും എന്താ രണ്ടു വശത്തേക്ക്‌ നോക്കിയിരിക്കുന്നേ? 12. സു | Su said...

  ഈ ഫോട്ടോ കണ്ടിട്ട്, ആശാവഹമായ പുരോഗതിയൊന്നും ഉണ്ടായില്ല എന്നു പറഞ്ഞിട്ട് എനിക്ക് വിശ്വസിക്കാന്‍ തോന്നുന്നില്ല. എവിടെയോ നോക്കി ഇവിടെ ക്യാമറ ക്ലിക്കിയതിന്റെ തകരാര്‍ ഉണ്ടല്ലോ ശ്രീജിത്തേ ;) 13. Achinthya said...

  ആഹാ ഇത്രേം മനോഹരായിട്ടുള്ള ഒരു കല്യാണപ്പടം ബൂലോകത്തെ വിവാഹിതരേ...നിങ്ങള്‍ടെ ആരട്യെങ്കിലും കല്യാണത്തിന് ഇത്രേം നല്ല പടം ആരെങ്കിലും എടുത്ത് ണ്ടോ? ഇല്ല്യാ...ഇല്ല്യാന്ന് !

  പണ്ട് ബാലരമേല്‍ കുഞ്ഞിക്കിളിടെ കൂട് ഈ കാട്ടില്‍ കണ്ട് പിടിക്കണോര്‍ക്ക് സമ്മാനം ന്നുള്ള ചിത്രം കണ്ട പോലെ. 14. സ്നേഹിതന്‍ said...

  കല്ല്യാണ ഫോട്ടൊ വളരെ നന്നായിരിയ്ക്കുന്നു. എത്ര ഭംഗിയായിട്ടാണ് ആ പൂകുലയെ പകര്‍ത്തിയിരിയ്ക്കുന്നത് ! 15. ബിന്ദു said...

  ശ്രീജിത്തേ.. ഇതിനിടയിലും ഞാന്‍ കണ്ടു, വരന്‍ കിഴക്കോട്ട്‌, വധു പടിഞ്ഞാട്ട്‌ . ഇനി ആരെങ്കിലും വിളിക്കുമോ ഫോട്ടോ എടുക്കാന്‍?? അപ്പോള്‍ അടുത്ത ക്യാന്‍ഡിഡേറ്റ്‌ ആണല്ലേ.. ഗൊച്ചുഗള്ളന്‍.
  :) 16. ഉമേഷ്::Umesh said...

  മോശമായിപ്പോയി ശ്രീജിത്തേ. കല്യാണഫോട്ടോ എടുക്കുന്നതെങ്ങനെയെന്നു കാണണമെങ്കില്‍ ദാ ഇവിടെ നോക്കുക. 17. Reshma said...

  ഹ ഹ! ഇതിനും വേണം കഴിവ്. തണുപ്പന്റെ ആദ്യ പാര തന്നെ ഞാനും നവദമ്പതിമാരുടെ അന്തസംഘര്‍ഷങ്ങളുടെ ഡിങ്കോല്‍ഫിക്കേഷന്‍ എത്ര സുന്ദരമായി നീ ... 18. Adithyan said...

  ശ്രീജിത്തേ കലക്കന്‍...
  ഫോട്ടോഗ്രാഫിയില്‍ ശോഫനമായ ഒരു ഫാവി ഉണ്ട്‌... ഒരു ഫോട്ടോബ്ലോഗ്‌ കൂടെ ..പ്ലീസ്‌... തുടങ്ങൂന്ന്‌...


  ഓടോ:
  ഞാന്‍ ഒരു ഫോട്ടോഗ്രാഫ്ര് ആണു എന്നു അഹങ്കാരാവും..

  എല്‍ജി അതിനെടയ്ക്കു പടമായോ? പടമായതും പോര, അതില്‍ അഹങ്കാരവും... ശിവ് ശിവ് :) 19. saptavarnangal said...

  ഒന്നിരുത്തി ചിന്തിച്ചാല്‍ പല രീതിയിലും വ്യാഖ്യാനിക്കാവുന്ന സങ്കീര്‍ണമായ , വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ചിത്രം..!


  - ശിവ പാര്‍വതിമാരുടെ അടുപ്പവും വധുവരന്‍മാരുടെ അകലവും..
  - പരിഭവത്തോടെ പുറം തിരിഞ്ഞു നില്‍ക്കുന്ന അമ്മാവന്‍, ഫ്രെയിമിന്റെ അപ്പുറത്തു അതു നോക്കി നില്‍ക്കുന്ന സ്വന്തക്കാര്‍..
  ഹൊ..എന്തൊക്കെ ഒളിഞ്ഞു കിടക്കുന്നു ഈ ഫ്രെയിമില്‍!

  ശ്രീജിത്തേ.....
  വ്യാഖ്യാനങ്ങളെ സീരിയസ്‌ ആയി എടുക്കല്ലേ...
  പിന്നെ ശ്രീനാഥിനും വിനയക്കും വിവാഹാശംസകള്‍! 20. ശ്രീജിത്ത്‌ കെ said...

  അയ്യോ, മുല്ലപ്പൂവിന്റെ കളിയാക്കിയത് അറം‌പറ്റുകയാണെന്ന് തോന്നുന്നല്ലോ. എന്റെ ടെമ്പ്ലേറ്റും കുളമായി. ആരെങ്കിലും ഒന്ന് സഹായിക്കൂ പ്ലീസ്.

  ഈ പോസ്റ്റിന് മാത്രമാണ് പ്രശ്നം. വഴിപോക്കന്‍ ഇട്ട ലിങ്ക് ആണ് എന്റെ പ്രോഫൈലിന്റെ ഇടിച്ച് താഴ്തി താഴെക്കൊണ്ടിട്ടത്. ആ കമന്റ് എഡിറ്റ് ചെയ്യാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ? വേറെ എന്നതാ ഒരു വഴി. നാട്ടുകാരേ ഓടിവായോ.

  ഒരു കമന്റ് വിചാരിച്ചാലും ഒരു ടെമ്പ്ലേറ്റ് കുളമാക്കാന്‍ പറ്റുമല്ലേ. ഇനിയിപ്പൊ ആരെയൊക്കെ പേടിക്കണം എന്റീശ്വരാ. 21. കലേഷ്‌ കുമാര്‍ said...

  സാരമില്ല ശ്രീജിത്തേ. ഇങ്ങനെയൊക്കയല്ലേ നമ്മളോരോന്ന് പഠിക്കുന്നത്?
  ഇനി പടമെടുക്കുമ്പോള്‍ ശ്രദ്ധിക്കുക. 22. .::Anil അനില്‍::. said...

  കൊടുകൈ വഴിപോക്കരേ :) 23. മുല്ലപ്പൂ || Mullappoo said...

  ശ്രീജിത്തേ, ഇത്രേ ഒക്കെയേ പറ്റിയുള്ളോ..
  പൂ‍ക്കുല ഇത്ര ഭംഗി ആയി എടുക്കന്‍ പറ്റും ല്ലേ.. 24. വിശാല മനസ്കന്‍ said...

  ആരുപറഞ്ഞൂ..ഈ ഫോട്ടോ കൊള്ളില്ലെന്ന്‌!
  ഫോട്ടോയും ഇഷ്ടായി പോസ്റ്റും ഇഷ്ടായി, എനിക്ക് . ഒന്നുമില്ലെങ്കിലും അതല്ലേ ഈ പോസ്റ്റിന്നാധാരമായത്.

  ..വസൂരി വന്ന ഒരു രോഗിയെപ്പോലെ.. ആ ‘പോലെ‘യെന്നെ ഹഢാദാകര്‍ഷിച്ചു. 25. വഴിപോക്കന്‍ said...

  കമന്റ്‌ ഡിലിറ്റി :) റ്റെമ്പ്ലേറ്റ്‌ ഇപ്പൊള്‍ ശരിയായി.. അറിയാതെ പറ്റിയതാണ്‌

  പക്ഷേ കൊടുത്താല്‍ കൊല്ലത്തല്ല ബ്ലൊഗില്‍ തന്നെ കിട്ടുമെന്ന ഒരു പാഠം ഫ്രീ ആയി പഠിയ്ക്കാന്‍ പറ്റിയല്ലൊ!... 26. ശ്രീജിത്ത്‌ കെ said...

  വഴിപോക്കാ, ഒരുപാട് നന്ദി. വഴിപോക്കന്‍ ചെയ്തതല്ലാതെ ഈ പ്രശ്നം തീര്‍ക്കാന്‍ ഞാനും വേറെ വഴി കണ്ടിട്ടില്ലായിരുന്നു. എന്നാലും അതെങ്ങിനെ ചോദിക്കും എന്ന മടിയിലായിരുന്നു. എല്ലാം കണ്ടറിഞ്ഞ് ചെയ്തതിന് ഒരിക്കല്‍ക്കൂടി നന്ദി.

  അനിലേട്ടാ, ഒരു ഉപകാരം ചോദിച്ചാല്‍ ചെയ്യുകയും ഇല്ല, കഷ്ടപ്പാടിന്റെ സമയത്ത് വന്ന് കൈകൊടുത്ത്കളിക്കലും ആഘോഷിക്കലും ഒക്കെ, അല്ലേ? വഴിപോക്കന്‍ തന്ന ലിങ്ക് അനിലേട്ടന്റെ ബ്ലോഗില്‍ എല്ലാ പോസ്റ്റിലും ഇട്ടാലോ എന്ന് വിചാരിച്ചതാ ഞാന്‍. പിന്നെ എന്റെ മാന്യതയ്ക്ക് നിരക്കാത്തതായത് കൊണ്ട് വേണ്ട എന്ന് വച്ചു.

  കമന്റിട്ട എല്ലാവര്‍ക്കും നന്ദി. പ്രത്യേകിച്ച് ചിത്രം നന്നായി എന്ന് പറഞ്ഞവര്‍ക്ക്. ഒരു ചിത്രത്തിനെ പലരീതിയില്‍ കാണാമല്ലേ. വെറുതേയല്ല കുമാറേട്ടന്റെ മാട്ടുപെട്ടിയും കുറേപ്പേര്‍ നന്നായി എന്ന് പറഞ്ഞത്. 27. Satheesh :: സതീഷ് said...

  എന്താ ഇപ്പം പറയുക.. ഫോട്ടോ നല്ലതായി എന്നു പറഞ്ഞാല്‍ ശ്രീജിത്ത് വിചാരിക്കും ഞാന്‍ കളിയാക്കാന്‍ പറഞ്ഞതാണെന്ന്. മോശംന്ന് പറഞ്ഞാല്‍ ശ്രീജിത്തിന്‍ വിഷമമാകും!
  പക്ഷെ ഉള്ളത് പറഞ്ഞാല്‍ ഫോട്ടോ അടിപൊളി. കല്യാണ ആല്‍ബത്തില്‍ ഫസ്റ്റ് പേജില്‍ ഇത് വെക്കാം..കാലങ്ങളോളം അവര്‍ ശ്രീജിത്തിനെ ഓര്‍ത്തോളും..!