Saturday, February 03, 2007

കൈലാശും ലക്കിയും പിന്നെ ഞാനും

മിനിയാന്ന് പത്രത്തിലാണ് അണ്‍‌മാഡ് എന്ന പേരില്‍ ഐ.ഐ.എം. ബാംഗ്ലൂര്‍ നടത്തുന്ന വാര്‍ഷിക പരിപാടിയോടനുബന്ധിച്ചുള്ള സംഗീത നിശയുടെ പരസ്യം ആദ്യം കാണുന്നത്. പങ്കെടുക്കുന്നത് കൈലാഷ് ഖേറും ലക്കി അലിയും ആണെന്ന് കണ്ടപ്പോഴേ, പരിപാടി കാണണമെന്ന ആഗ്രഹം എന്റെ മനസ്സില്‍ മൊട്ടിട്ടു. പക്ഷെ ആ മൊട്ട് വിരിഞ്ഞ് ഒരു പൂ ആകണമെങ്കില്‍ പരിപാടി കാണാന്‍ പോകാന്‍ എനിക്ക് കൂട്ട് വേണം. ഒറ്റയ്ക്ക് പോകുക എന്നു പറഞ്ഞാല്‍ അതൊരു ബോറ് പരിപാടിയാണ്.

അതിനാണോ ഇത്ര പാട്. ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് ഇരുപതിലധികം വരുന്ന ജനതയായി‍ ഉണ്ടാകുമ്പോള്‍ പിന്നെ ഞാന്‍ എന്തിന് അതോര്‍ത്ത് വേവലാതിപ്പെടണം. ഞാന്‍ വിളിച്ചാല്‍ ആരാ കൂടെ വരാത്തത്? അല്ല പിന്നെ.

അങ്ങിനെയാണ് ഈ പരിപാടിക്ക് വൈകുന്നേരം ആരാ കൂടെ വരുന്നത് എന്നും ചോദിച്ച് ഞാന്‍ എല്ലാവര്‍ക്കും മെയില്‍ അയക്കുന്നത്. സാധാരണ ബാംഗ്ലൂര്‍ ബ്ലോഗേര്‍സിനൊക്കെ നല്ല ശുശ്കാന്തിയാണ്. മെയില്‍ കിട്ടേണ്ട താമസം, എല്ലാവരും മറുപടി അയക്കും. ഈ മെയിലിനായി കാത്തിരിക്കുകയായിരുന്നു എന്ന് തോന്നിപ്പോകും മറുപടി കാണുമ്പോള്‍.

പക്ഷെ ഇത്തവണ എല്ലാവരും പറഞ്ഞത് തങ്ങളില്ല എന്നായിരുന്നു എന്ന് മാത്രം. കണ്ട അണ്‍ലക്കി അലിമാരുടെ പാട്ട് കേള്‍ക്കാന്‍ താന്‍ വരില്ല, ചെമ്പൈ പോലുള്ളവരുടെ കച്ചേരി മാത്രമേ താന്‍ കാണൂ എന്നും പറഞ്ഞ് തദാഗതനും ഈ പരിപാടിയില്‍ മദ്യം വിളമ്പില്ല എന്നും മദ്യമില്ലാത്തിടം തനിക്ക് വര്‍ജ്ജ്യമെന്ന് പറഞ്ഞ് ചന്ദ്രക്കാറനും ഇജ്ജാതി പാട്ടു കാണുന്നത് തനിക്ക് നാണക്കേടാണെന്നും താന്‍ ഇപ്പോള്‍ ഡീസന്റാണെന്ന് പറഞ്ഞ് മഴനൂ‍ലും ആദ്യമേ എന്നെ കൈവിട്ടു. ആകെ പ്രതീക്ഷ ഉണ്ടായിരുന്നത് കുട്ടിച്ചാത്തനിലായിരുന്നു. വൈകുന്നേരം വരെ “വരും, വരാം, വരാതിരിക്കാം, വരുമായിരിക്കാം, വരുന്നതിനേക്കാള്‍ ഭേദമാണല്ലോ വരാതിരിക്കുന്നതിനേക്കാള്‍ ഭേദമാണല്ലോ ...” എന്നൊക്കെ പറഞ്ഞ് ചാത്തന്‍ തന്റെ കുന്തത്തില്‍ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന മട്ടില്‍ ചുറ്റിക്കളിച്ചുകൊണ്ടിരുന്നു. അവസാനം വൈകുന്നേരമായപ്പോഴേക്കും താന്‍ ജോലി ചെയ്യുന്ന ഐ.ടി.പി.എല്‍ എന്നയിടത്ത് ഒരു എയര്‍പ്പോര്‍ട്ട് പണിത് അവിടുന്ന് ബന്നര്‍ഗ്ഗട്ട വരെ ഫ്ലൈറ്റ് സര്‍വ്വീസും തുടങ്ങാതെ തനിക്ക് അവിടെ എത്തിച്ചേരാന്‍ ആവില്ലെന്ന് ചാത്തന്‍ അറിയിച്ചതോടെ അക്കാര്യത്തിനും ഒരു തീരുമാനമായി.

ഇനിയിപ്പോള്‍ ഇവരുടെ എം.പി.ത്രി ഡൌണ്‍ലോഡ് ചെയ്ത് കേള്‍ക്കുകയല്ലാതെ വേറെ നിവര്‍ത്തിയില്ല എന്ന് മനസ്സിലാക്കി ഞാന്‍ എന്റെ മൂന്ന് ദിവസം മുന്‍പ് മൊട്ടിട്ട പൂവ് കരിച്ച് കളയാന്‍ നോക്കുമ്പോഴാണ് ഒരു ഫോണ്‍ കോള്‍ വന്നത്. അങ്ങേത്തലയ്ക്കല്‍ രാധ. രാധയും ഇതേ പോലെ ഒരു പൂ‍മൊട്ട് എങ്ങിനെ പൂ ആക്കിയെടുക്കാം എന്നാലോചിച്ച് ടെന്‍‍ഷനടിക്കുകയായിരുന്നു എന്ന് പറഞ്ഞു. കൂടെ പോകാന്‍ ആരുമില്ലെന്നും, ഒറ്റയ്ക്ക് പോകാന്‍ മടിയാണെന്നും രാധ പറഞ്ഞപ്പോള്‍, രാധയെ സഹായിക്കുക എന്ന നല്ല കാര്യത്തിനു വേണ്ടിയും കൂടെ എന്റെ പാട്ട് കേള്‍ക്കുക എന്ന ഉദ്ദേശ്യവും നടക്കുമെന്നതുകൊണ്ടും‍ ഞാന്‍ കൂടെ വരാം എന്ന് സമ്മതിച്ചു. അല്ലാതെ ഞാ‍ന്‍ ഒരു പഞ്ചാര ആയതുകൊണ്ടൊന്നുമല്ല, സത്യം; ഞാന്‍ മഴനൂലിനേക്കാള്‍ ഡീസന്റാ.

അങ്ങിനെ പ്രസ്തുത സമയമായപ്പോഴേക്കും ഞാന്‍ ടി സ്ഥലത്തെത്തി. പെട്ടെന്ന് തീരുമാനിച്ച പോക്കായതിനാല്‍ ടിക്കറ്റ് എടുത്തിട്ടുണ്ടായിരുന്നില്ല. പുറത്ത് നിന്നിരുന്ന സംഘാടകരോട് ടിക്കറ്റിന്റെ കാര്യം ചോദിച്ചു. അവര്‍ ടിക്കറ്റ് കൌണ്ടര്‍ കാണിച്ചു തന്നു. ബൈക്ക് അവിടെ എവിടെയെങ്കിലും തല്‍ക്കാലത്തേയ്ക്ക് വച്ചിട്ട്, ടിക്കറ്റ് എടുത്തതിനുശേഷം ബൈക്ക് അകത്തുള്ള പാര്‍ക്കിങ്ങ് ഗ്രൌണ്ടിലേയ്ക്ക് കൊണ്ട് പോകാം എന്ന് പറഞ്ഞു. ഞാന്‍ ബൈക്ക് ഒന്നൊതുക്കി വച്ചപ്പോഴേയ്ക്കും രാധയും സഹജോലിക്കാരിയായ സുഹൃത്തും അവിടെ എത്തിച്ചേര്‍ന്നു. ഞങ്ങള്‍ മൂന്നുപേര്‍ക്കും ടിക്കറ്റ് എടുത്തു.

ഐ.ഐ.എമ്മിന്റെ ക്യാമ്പസ്സ് വളരെ വിശാലമാണ്. കഴിഞ്ഞ വര്‍ഷവും ഇവരുടെ വാര്‍ഷിക പരിപാടിക്ക് ഞാന്‍ പോയിരുന്നു. അന്ന് പരിക്രമ എന്ന ഒരു ബാന്റിന്റെ പരാക്രമം ആയിരുന്നു പരിപാടി എന്നത് നല്ല ഓര്‍മ്മ ഉണ്ട്. മറ്റൊന്നും കൂടി ഓര്‍മ്മ ഉണ്ടായിരുന്നത് ഈ പ്രോഗ്രാം നടക്കുന്ന സ്ഥലം കുറേ അകത്താണെന്നും വളരെയധികം നടക്കാനുണ്ട് എന്നതുമാണ്. വെറുതേയല്ല സംഘാടകര്‍ ബൈക്ക് അകത്തേയ്ക്ക് എടുത്തോളൂ എന്ന് പറഞ്ഞത്.

അല്ലെങ്കില്‍ അത് മര്യാദകേടല്ലേ രാധയും കൂട്ടുകാരിയും നടന്ന് വരുമ്പോള്‍ ഞാന്‍ മാത്രം ബൈക്കില്‍ പോകുന്നത്? അവര്‍ക്കെന്ത് തോന്നും! അതുകൊണ്ട് ബൈക്ക് ഇവിടെ വച്ച് അവരുടെ കൂടെ നടന്നാലോ. അയ്യോ, എത്ര ദൂരമാണെന്ന് വച്ചാണ് നടക്കുന്നത്? ബൈക്ക് കയ്യിലുള്ളതിനാല്‍ നടത്തമൊക്കെ ഇപ്പോള്‍ കുറവാണ്. ശീലമില്ലാത്തതിനാല്‍ നടന്നാല്‍ പെട്ടെന്ന് കിതയ്ക്കുന്നു ഈയിടെയായി. അപ്പോള്‍ എന്ത് ചെയ്യും? കണ്‍ഫ്യൂഷനായല്ലോ !!!

അങ്ങിനെ എന്ത് ചെയ്യണമെന്നാലോചിക്കുമ്പോഴാണ് കുറച്ചപ്പുറത്തായി കുറച്ച് പോലീസുകാര്‍ നിന്ന് വെടി പറയുന്നത് ഞാന്‍ കാണുന്നത്. ബാംഗ്ലൂരില്‍ കള്ളന്മാരെ പിന്നേയും വിശ്വസിക്കാം, പോലീസുകാരെ തീരെ വിശ്വസിക്കാന്‍ പറ്റില്ല. ചുമ്മാ ഇരിക്കുന്ന ബൈക്ക് ഒക്കെ അവര്‍ എടുത്ത് പോലീസ് സ്റ്റേഷനില്‍ കൊണ്ട് പോയി വച്ച് പൂട്ടി വീട്ടില്‍ പൊയ്‌ക്കളയും. പിന്നെ അതെടുക്കാന്‍ അടുത്ത ദിവസം വീണ്ടും വരണം. ഒരു അനുഭവം ഉള്ളതുകൊണ്ട് അക്കാര്യത്തില്‍ ഇനി റിസ്ക് എടുക്കുന്ന പരിപാടി ഇല്ല. ബൈക്ക് അകത്തേക്ക് എടുക്കുക തന്നെ.

രാധയോട് നടന്നോളാന്‍ ഞാന്‍ പറഞ്ഞു. ഞാന്‍ ബൈക്ക് പാര്‍ക്ക് ചെയ്തതിനുശേഷം അവിടെ കാത്തു നില്‍ക്കാമെന്നും രാധയോട് ഞാന്‍ പറഞ്ഞു. പരിപാടി തുടങ്ങാറായെന്നും വേഗം നടക്കണമെന്നും രാധയെ ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ മറന്നില്ല.

അങ്ങിനെ ഐ.ഐ.എം ക്യാമ്പസ്സില്‍ ഞാന്‍ ബൈക്കും എടുത്ത് അകത്ത് കടന്നു. ആദ്യം കണ്ട സെക്യൂരിറ്റിക്കാരനോട് എവിടെയാണ് പാര്‍ക്കിങ്ങ് എന്ന് ചോദിച്ചു. അയാള്‍ അല്ലി (അവിടെ എന്നതിന്റെ കന്നഡ) എന്നും പറഞ്ഞ് കൈ നോക്കെത്താത്ത ദൂരത്തേയ്ക്ക് ചൂണ്ടി. ആ റോഡിന്റെ അറ്റം കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ല. രാത്രി ആയതു കൊണ്ടായിരിക്കും എന്നോര്‍ത്ത് ഞാന്‍ സമാധാനിച്ചു ആ വഴിയില്‍ മുന്നോട്ട് നീങ്ങി. പക്ഷെ ആ യാത്ര റെയില്‍പ്പാളത്തിലൂടെ നടക്കുന്നതുപോലെ അനന്തമായി മുന്നോട്ടുപൊയ്ക്കൊണ്ടേയിരുന്നു.

ഓരോ വളവിലും ഓരോ സെക്യൂരിറ്റിക്കാരന്‍ ഉണ്ടായിരുന്നു. ഞാന്‍ ഓരോരുത്തരോടും ചോദിച്ചു പാര്‍ക്കിങ്ങ് എവിടെ എന്ന്. എല്ലാവരും നേരത്തേ പഠിപ്പിച്ച പോലെ അതേ റോഡിന്റെ അറ്റം ചൂണ്ടി അല്ലി എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. ഞാന്‍ അതേ വഴിയില്‍ പൊയ്‌ക്കൊണ്ടുമിരുന്നു. അപ്പോഴാണ് പാവം രാധയുടെ കാര്യവും ഞാന്‍ ഓര്‍ത്തത്. ബൈക്കില്‍ എനിക്കിത്ര ദൂരം തോന്നിയെങ്കില്‍ രാധ എത്ര ദൂരം നടക്കേണ്ടി വരും? പുവര്‍ ഗേള്‍. ഇച്ചിരി നടക്കട്ടെ അല്ലെങ്കിലും, വ്യായാമം വളരെ നല്ലതാണ് ഏതുപ്രായക്കാര്‍ക്കും.

അങ്ങിനെ പോയ് പോയ് പോയ് അവസാനം ഞാന്‍ പാര്‍ക്കിങ്ങ് ഗ്രൌണ്ടിലെത്തി. അപ്പോഴേക്കും സുമാര്‍ രണ്ടരക്കിലോമീറ്റര്‍ ദൂരം ഞാന്‍ താണ്ടിയിരുന്നു. ഇത്രയും ദൂരം നടക്കാന്‍ രാധ കുറച്ച് പണിപ്പെടുമല്ലോ എന്നോര്‍ത്ത് എനിക്ക് ചിരി പൊട്ടി. ബൈക്ക് ഒന്ന് ഒതുക്കി വച്ചു ഞാന്‍ അവിടെ. എന്നിട്ട് പരിപാടി നടക്കുന്ന സ്ഥലം എവിടെ എന്ന്‍ നോക്കി. ഒരു ഒച്ചയും അനക്കവും കേള്‍ക്കുന്നില്ല. ഇനി ഇതുതന്നെയല്ലേ സ്ഥലം?

അതാ വീണ്ടും ഒരു സെക്യൂരിറ്റി. ഇവന്മാരെ കൊണ്ട് തോറ്റു. എല്ലായിടത്തും പോയി കുറ്റിയടിച്ച് നിന്നോളും. “നിങ്ങളീഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ നിശ്ചലം ശൂന്യമീ ലോകം” എന്നൊക്കെ മൂ‍ളിപ്പാട്ടും പാടി ഞാന്‍ അയാളോട് പരിപാടി നടക്കുന്ന സ്ഥലം എവിടെയെന്ന് ചോദിച്ചു. അയാളുടെ മുന്‍‌ഗാമികള്‍ കാണിച്ചതുപോലെ തന്നെ ഇയാളും കൈ ചൂണ്ടി പറഞ്ഞു “അല്ലി”. പക്ഷെ മറ്റുള്ളവര്‍ പറഞ്ഞതിനു നേര്‍ എതിര്‍ദിശയില്‍ ആണെന്ന് മാത്രം. അതായത് ഞാന്‍ വന്ന വഴിക്ക് തന്നെ. വിശ്വാസം വരാതെ ഞാന്‍ ഒന്നുകൂടി ചോദിച്ചു. “എല്ലി?” (എവിടെ എന്ന് അര്‍ത്ഥം). “നീ ഇപ്പൊ ഒരു മെയിന്‍ ഗേറ്റ് കടന്ന് വന്നില്ലേ, അതിന്റെ ഇടത് വശത്ത്” എന്നയാള്‍ മറുപടിയും പറഞ്ഞു. (ഇത് ഞാന്‍ ഊഹിച്ച് ഒപ്പിച്ചതാ. ഇതിന്റെ കന്നഡ പറയാന്‍ തല്‍ക്കാലം നിര്‍വ്വാ‍ഹമില്ല).

കടവുളേ, കാപ്പാത്തുങ്കോ ... ഇക്കണ്ട ദൂരം മുഴുവന്‍ ഞാന്‍ ഇനി നടക്കണമെന്നാണോ. ഓഹ് മൈ ഗോഡ് ! ബൈക്ക് പുറത്ത് തന്നെ വച്ചാല്‍ മതിയായിരുന്നു. കഷ്ടകാലം തലയ്ക്ക് മുകളില്‍ വട്ടമിട്ട് പറക്കുകയാണെന്ന് തോന്നുന്നു. നോ‍ാ‍ാ‍ാ...

നിവര്‍ത്തിയില്ലാതെ ഇത്രയും ദൂരം ഞാന്‍ പിറകോട്ട് നടന്നു അവസാനം. എന്നെ കാത്ത് നിന്ന് മടുത്ത് രാധ പരിപാടി കാണാന്‍ അകത്ത് കയറിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. ഞാന്‍ എത്തുമ്പോഴേക്കും പാട്ടുകള്‍ ഒന്ന് രണ്ട് കഴിഞ്ഞിട്ടുമുണ്ടായിരുന്നു. എങ്കിലും നടന്ന് കിതച്ച് ഒരുവിധം ഞാന്‍ അവിടെ എത്തി. എന്നെ കണ്ടതും രാധ ചോദിച്ചു “എവിടെയായിരുന്നു? കുറേ നേരമായല്ല്ലോ പോയിട്ട്”. എന്റെ മറുപടി “ഒന്നും പറയണ്ട, ഒരു മണ്ടത്തരം പറ്റി”. അതിനു രാധയുടെ മറുപടി ഒരു ചിരി ആയിരുന്നു. വെറും ചിരി ആയിരുന്നില്ല. അതൊന്നൊന്നര ചിരി തന്നെ ആയിരുന്നു. ആ ചിരി തീരാന്‍ നില്‍ക്കാതെ കൈലാശ് ഖേര്‍ അന്നേരം കൊണ്ട് രണ്ട് പാട്ടും പാടിത്തീര്‍ത്തു എന്നതു ഇനി എന്നും ഐ.ഐ.എം ബാംഗ്ലൂരിന്റെ ചരിത്രത്തില്‍ തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പെടുമായിരിക്കാം.

ഡെഡിക്കേഷന്‍: നീ എഴുതിയാലും ബോറാണ് എഴുതിയില്ലെങ്കിലും ബോറാണ്; എന്നാല്‍പ്പിന്നെ എഴുതി ബോറാക്കുന്നതല്ലേ നല്ലത് എന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് ഇതെഴുതിച്ച എന്റെ പ്രിയ സുഹൃത്ത് റോക്സിക്ക്.