Monday, May 22, 2006

ടൈ കെട്ടിയ മണ്ടത്തരം

പതിനെട്ട് തികഞ്ഞ ആര്‍ക്കും തോന്നുന്നത് തന്നെ എനിക്കും തോന്നി അക്കാലത്ത്. തെറ്റിദ്ധരിക്കല്ലേ, വാഹനമോടിക്കാനുള്ള ലൈസന്‍സിന്റെ കാര്യമാണ് ഞാന്‍ ഉദ്ദേശിച്ചത്. അത് മാത്രമോ, ആ സമയത്ത് വരുന്ന ആഗ്രഹങ്ങള്‍ക്ക് വല്ല കയ്യും കണക്കുമുണ്ടോ? പാസ്സ്പോര്‍ട്ടും വേണം എനിക്ക് അപ്പോള്‍ തന്നെ. അതും പ്രായമായി ഒരു ബന്ധവുമില്ല എന്ന് ശരിവയ്ക്കുന്നു. എന്ന് വച്ച് ആഗ്രഹിക്കാന്‍ പാടില്ല എന്നുണ്ടോ.

പോരാണ്ട് മറ്റ് ചില ആവശ്യങ്ങളും. പുതിയ കോളേജില്‍ ചേര്‍ന്നു. അപ്പോള്‍ ഐഡന്റിറ്റി കാര്‍ഡ് വേണം. പിന്നെ ബസ്സില്‍ കണ്‍സഷനുള്ള കാര്‍ഡും എടുക്കണം. എല്ലാം കൂടി പല പല ആവശ്യങ്ങള്‍, പക്ഷെ വേണ്ടത് ഒരേഒരു കാര്യം, ഇല്ലാത്തതും അത് തന്നെ. പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ.

അങ്ങിനെ ആണ് ഒരു സുപ്രഭാതത്തില്‍ ഞാന്‍ ഫോട്ടോ എടുക്കാന്‍ പോകുന്നത് എറണാകുളം ഭവന്‍സ് സ്റ്റുഡിയോയില്‍. അവിടെ ചെന്നു, ആവശ്യമറിയിച്ചു, അവര്‍ എനിക്ക് മേക്കപ്പ് മുറി കാണിച്ചു തന്ന് തയ്യാറായി വരാന്‍ പറഞ്ഞു.

അവിടെയാണെങ്കില്‍ ആവശ്യത്തിലധികം പൌഡര്‍ ഉണ്ടായിരുന്നത് കൊണ്ട് കുറച്ച് സമയം കൊണ്ട് ഞാനൊന്ന് വെളുത്തു. മുടിയും ഒക്കെ ഒതുക്കി വച്ച് ഫോട്ടോ എടുക്കാന്‍ പാകത്തിന് മേക്കപ്പ് മുറിയില്‍ നിന്ന് ഇറങ്ങാന്‍ നേരത്താണ് ഞാനത് കാണുന്നത്.

ഫോട്ടോ എടുക്കാന്‍ വരുന്നവര്‍ക്ക് അണിയാന്‍ കോട്ടും ടൈയും മറ്റ് യൂണിഫോമുകളും. കോട്ടും ടൈയും ഉപയോഗിക്കാന്‍ ആദ്യമായി കിട്ടുന്ന അവസരം. അതിട്ട് ഫോട്ടോ എടുത്താല്‍, അത് കാണിച്ച് കൂട്ടുകാരുടെ മുന്നില്‍ ഒന്ന് തിളങ്ങുകയും ചെയ്യാം. ടൈയും കോട്ടും ഒക്കെയുള്ള ഫോട്ടൊ വച്ച കണ്‍സഷന്‍ കാര്‍ഡ് കാണിച്ചാല്‍ ബസ്സ് കണ്ടക്റ്റര്‍ക്ക് ഒരു ബഹുമാനവും തോന്നിയാലോ? ഒന്ന് ശ്രമിച്ചിട്ട് തന്നെ ബാക്കിക്കാര്യം.

ടൈ കെട്ടുന്നത് ടി.വി.-യില്‍ എന്നോ കണ്ട പരിചയം മാത്രം. എനിക്ക് നല്ല ബുദ്ധിയും ഓര്‍മ്മശക്തിയും ഉള്ളത് കൊണ്ട് കുഴപ്പമില്ല. ടൈ എടുത്ത് കഴുത്തിന് മുകളില്‍ കൂടി ഇട്ട്, മുന്നില്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും പാമ്പിന്റെ സഞ്ചാരപഥം പോലെ ഓടിച്ച്, ടൈ ഒരു വിധത്തില്‍ ശരിയാക്കി. കോട്ട് ഇട്ട് നോക്കി. ശ്ശെടാ, ഒരു മമ്മൂട്ടി ലുക്ക്; പക്ഷെ പൊന്തന്മാട എന്ന സിനിമയിലെ ആണെന്ന് മാത്രം. അത് എടുത്ത അതേ സ്പീഡില്‍ തന്നെ തിരിച്ചും വച്ചു.

ടൈ കിടക്കട്ടെ. അത് വലിയ വലിയ ആള്‍ക്കാര്‍ ഇടുന്ന സാധനമാ. കണ്ഠകൌപീനം എന്നൊക്കെ അസൂയക്കാര്‍ പറയും. ഞാന്‍ എന്തായാലും ഇത് ഊരുന്നില്ല തല്‍ക്കാലം, ന്‍‌ഹാ.

അകത്ത് പോയപ്പോ ഉള്ള ആളല്ലല്ലോ തിരിച്ച് വരുന്നത് എന്ന മട്ടില്‍ ഫോട്ടോഗ്രാഫറുടെ ഒരു നോട്ടം. എന്റെ വെളുത്ത മുഖം അങ്ങേര്‍ക്ക് പിടിച്ചില്ലെന്നാ തോന്നുന്നേ. പിന്നേ, അങ്ങേരല്ലേ കാശ് കൊടുത്ത് അവിടെ പൌഡര്‍ വാങ്ങി വച്ചിരിക്കുന്നത്.

എന്നെ ഒരു സ്റ്റൂളില്‍ പിടിച്ചിരുത്തി ശ്വാസം ഒന്ന് വലിച്ച് വിട്ട് റിലാക്സ് ആയി ഇരിക്കാന്‍ പറഞ്ഞു ഫോട്ടൊച്ചേട്ടന്‍. അപ്പോഴാണ് ആ ദുരന്തസത്യം ഞാന്‍ മനസ്സിലാക്കുന്നത്.

എന്റെ ശ്വാസം പുറത്തേക്ക് പോകുന്നില്ല.

ആ ടൈ അത്രയ്ക്ക് മുറുകിയിരിക്കുന്നു. ഇടയില്‍കൂടെ വിരലിട്ട് ഊരാന്‍ നോക്കി. ഊരാന്‍ശ്രമിക്കുംതോറും കൂടുതല്‍ മുറുകുന്നു. എന്റെ പെടാപ്പാട് കണ്ട് ഉള്ളില്‍ വന്ന ചിരി പുറത്ത് കാണിക്കാതെ ഫോട്ടോചേട്ടന്‍ പറഞ്ഞു, നേരെ നില്‍ക്ക് ഒരു നിമിഷം ശ്വാസം പിടിച്ച്. ഫോട്ടോ പെട്ടെന്നെടുത്തേക്കാം. എന്നിട്ട് എങ്ങിനെയെങ്കിലും കെട്ട് ഊരാം.

അപ്പോഴേക്കും എന്റെ ശ്വാസം നിലച്ചിട്ട് ഒരു മിനിട്ടോളമാകുന്നു. എങ്ങിനെയോ ധൈര്യം സംഭരിച്ച് ക്യാമറയ്ക്ക് മുന്നില്‍ നിന്നു. സ്മൈല്‍ പ്ലീസ് എന്ന് പറയുന്നത് കേട്ട് ചിരിക്കാന്‍ ഒന്ന് ശ്രമിച്ചു. അതും ഹൃദയത്തില്‍ നിന്ന് വന്ന് ആ ടൈയില്‍ കുടുങ്ങി നിന്നു. മുഖത്തേക്ക് വന്നില്ല.

മുന്നേ തേച്ച പൌഡറിന്റെ ഗുണത്താല്‍ ലൈറ്റ് ഒന്നും ശരിയാക്കേണ്ടി വന്നില്ല. മുഖം നല്ല വെണ്ണക്കല്ല് പോലെ വിളങ്ങി നിന്നു. ഫോട്ടൊ എടുത്ത ഉടന്‍ സ്റ്റുഡിയൊ ജീവനക്കാര്‍ ഒരു കത്രിക കൊണ്ട് വന്ന് ടൈ മുറിച്ച് തന്നു. എന്റെ ശ്വാസം തിരിച്ച് കിട്ടിയപ്പോള്‍ തന്നെ അവര്‍ക്ക് ശ്വാസം പോയിത്തുടങ്ങി, ചിരിച്ചിട്ട്. ഒരുതരത്തില്‍ അവിടുന്നു പിന്നെ രക്ഷപ്പെടുകയായിരുന്നു.

അന്നെടുത്ത ഫോട്ടൊ ദാ ഇവിടെ. ഈ ഫോട്ടൊ, എന്റെ യാഹൂ ആല്‍ബത്തിലല്ലാതെ വേറെ എവിടേയും ഞാന്‍ ഉപയോഗിച്ചിട്ടില്ല. അതിനുള്ള തൊലിക്കട്ടി ഇത് വരെ കിട്ടിയില്ല. ഈ പോസ്റ്റ്, ഈ ഫോട്ടൊ കണ്ട് പൊട്ടിപ്പൊട്ടി ചിരിച്ച L G-ക്ക്.

9 comments:

  1. Kumar Neelakandan © (Kumar NM) said...

    ആ ശ്വാസം മുട്ടന്‍ ആ ചിത്രത്തിലുണ്ട്.

    ആ റ്റൈ മുറിച്ചുമാറ്റുന്ന സീനില്‍ ഒരു “വോയ്സ് ഓവര്‍”
    ആകാം : “ഇനി ശ്വസിക്കൂ ഈസിയായി. ആശ്വാസം ഓരോ ഫോട്ടോയിലും”



  2. ദാവീദ് said...

    (good posting. but i just came to make an off-topic comment)

    dont tell anybody. i am stupider than you.

    About the fight on that hindu article, until the end i thought you are that sreejith. And I am thinking 'how is it possible, sreejith wont say a comment like that. and how come everybody is shouting so mercilessly on him'

    At the end, i realised that it is not you, someone else. well, i wasted all my morning.

    anyway, now i can happily continue work.



  3. ബിന്ദു said...

    ഞാനും ഒന്നു തെറ്റിദ്ധരിച്ചൂട്ടോ, സോറി. ഫോട്ടോ കൊള്ളാം. എന്നാലും ആ പാവം എല്‍ ജിയെ പൊട്ടി എന്നു പരസ്യമായിട്ടു വിളിച്ചില്ലേ..



  4. Anonymous said...

    ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ ശ്രീജിത്ത് കുട്ടി പിണങ്ങുവോ? പക്ഷെ എനിക്കതു പറയാണ്ടിരിക്കാന്‍ പറ്റണില്ല്യ. രസതന്ത്രതില്‍ ഇന്ന്സെന്റിനു പറ്റിയ പോലെ. എനിക്കീ ഫോട്ടൊ കണ്ടപ്പൊ എന്താണു ഓര്‍മ്മ വന്നേ എന്നു അറിയൂ.. ഞങ്ങടെ അവിടെ കൂടി ഈ വെട്ടാന്‍ കൊണ്ടു പോണ കാളേനെ അവിടത്തെ ഒരു ചേട്ടന്‍, കാളേടെ കഴുത്തുന്മേല്‍ കയറിട്ടു വലിച്ചു കൊണ്ടുപോവുമായിരുന്നു. എന്താണു എന്നു അറിഞ്ഞൂട ആ കാളേടെ മുഖം ആണു ഈ ഫോട്ട കണ്ടാപ്പൊ എനിക്കു മനസ്സില്‍ വന്നതു. അതുകൊണ്ടു എനിക്കു ചിരി അടക്കാന്‍ പറ്റിയില്ല.
    ഞാനീ പറഞ്ഞതു അല്‍പ്പം കൂടിപ്പോയൊ എന്നു എനിക്കു ഡൌബ്ട് ഉണ്ടു. പക്ഷെ സത്യമായിട്ടു ഈ ഫോട്ടോ കാണുംബോ ആ കാളേടെ മുഖം എന്റെ മനസ്സില്‍ നിന്നു മായാണില്ല്യ,ദേ എനിക്കു ചിരി ഒട്ടു നിര്‍ത്താനും പറ്റണില്ല്യ....:)
    ഇനി ഈ പോസ്റ്റ് കണ്ടു ദേഷ്യം വന്നാല്‍ ഇതു ഡിലീറ്റ് ചെയ്തു കളഞ്ഞോളൂ കേട്ടൊ,പക്ഷെ പ്ലീസ് പിണങ്ങരുതു.

    ബിന്ദൂ,എന്നെ എവിടെയാ പൊട്ടി എന്നു വിളിച്ചേക്കണേ?ദൈവമേ! എന്റെ കാര്യം നൊക്കാണേ, പൊട്ടീന്നു വിളിച്ചതു കണ്ടുപിടിക്കാന്‍ പോലും പറ്റണില്ലാ? ഞാന്‍ രണ്ടുപ്രാവശ്യം വായിച്ചു ഇതു... എവിടെ?



  5. ബിന്ദു said...

    തമാശ പറയാന്‍ അറിയാത്തവര്‍ അതിനു ശ്രമിക്കരുതെന്നു മനസ്സിലായി .:) ഞാന്‍ വെറുതെ പറഞ്ഞതാണു" പൊട്ടി പ്പൊട്ടി ചിരിച്ച എല്‍ ജി എന്നു കണ്ടിട്ട്‌" സോറീട്ടോ



  6. Anonymous said...

    അതു ശെരി! അപ്പൊ എന്നേയും ശ്രീജിത്തിനേയും അടികൂടിപ്പിക്കാന്‍ നോക്കുവായിരുന്നല്ലേ?

    തൊടുപുഴയക്കരിയല്ലേ? നമുക്കു കാണാട്ടോ!! ;)



  7. രാജീവ് സാക്ഷി | Rajeev Sakshi said...

    ശ്രീജിത്തേ തകര്‍ത്തൂ,
    മണ്ടത്തരത്തിന്‍റെ സ്റ്റാന്‍ഡേര്‍ഡ് വളരെ മെച്ചപ്പെട്ടിട്ടുണ്ട്, എഴുത്തിന്‍റേം. ;)
    മസിലുപിടിച്ചിരിക്കുന്നതിന്‍റെയും ടൈ കെട്ടിയിരിക്കുന്നതിന്‍റെയും വിശദീകരണം രസകരമായി.
    ഒരു വെടിയ്ക്ക് ഒരഞ്ചാറു പക്ഷി.



  8. മറുനാടന്‍ said...

    ഫോട്ടൊ കലക്കി!
    ഓരൊ ആള്‍ക്കാരുടെ കണ്ണ് തള്ളിക്കാന്‍ ഇപ്പൊള്‍ സ്റ്റുഡിയൊക്കാര്‍ സൌജന്യമായി റ്റൈ പകുതി മുറുക്കി വച്ചിട്ടുണ്ട്. വെറുതെ അതു എടുത്ത് കഴുത്തിലിട്ട് മുറുക്കിയാല്‍ മതി.



  9. Durga said...

    hahaaahoooy!!!!
    windows labil randamathe nirayile computerukalonnil kidannirunna ee photo kandu njaanorikkal pedichuPoyirunnu.....
    prabhakaran chettano matto paranju...athente classile kuttiaanennu..:-D