ഹൌസ്‌ഓണറും ഓസിന് കിട്ടിയ ഭക്ഷണവും
ഓണര്‍ നല്ല ഓണര്‍
എന്ത് നല്ല ഓണര്‍
കുക്കില്ലാത്ത ദിവസം
ഫുഡുണ്ടാക്കി തന്നു.
ഹൌസ് ഓണറെ പറ്റി നല്ല മതിപ്പായിപ്പോയി അന്ന്. കുക്ക് വന്നില്ല എന്ന് രാവിലെ എങ്ങിനേയോ അറിഞ്ഞ് വൈകുന്നേരം എനിക്കും സഹമുറിയനും വേണ്ട ഭക്ഷണം ഉണ്ടാക്കി കൊടുത്തയച്ചിരിക്കുന്നു. എന്ത് നല്ല ഹൌസ് ഓണര്‍.
പാത്രങ്ങള്‍ കുറേ എണ്ണം ഉണ്ട്. ഒരോന്നായി തുറന്ന് നോക്കി.
ആദ്യത്തേതില്‍ ലെമണ്‍ റൈസ്. അതു തുറന്നത് പോലെ അടച്ച് വച്ചു. എനിക്കും എന്റെ സഹമുറിയനും ലെമണ്‍ റൈസ്, പുളിയോഗരെ, കോക്കനട്ട് റൈസ് എന്നീ കന്നഡ ഡെലിക്കസീസ് കണ്ടു കുട. ചുവന്നരിച്ചോറ്, അല്ലേല്‍ വെളുത്തഅരി, പിന്നെ ബാസ്മതി അരിയും. ബാക്കി എന്ത് കണ്ടാലും ഒന്നുകില്‍ ഞങ്ങള്‍ ഓടും അല്ലെങ്കില്‍ അത് കൊണ്ട് വരുന്നവനെ ഓടിക്കും.
രണ്ടാമത്തെ പാത്രത്തില്‍ സാമ്പാര്‍. ഒരിത്തിരി എടുത്ത് രുചി നോക്കി. നല്ല മധുരം. അല്ലെങ്കിലും കര്‍ണാടകയില്‍ ഇങ്ങനെയാ, എല്ലാത്തിലും ശര്‍ക്കര കലക്കും. അതില്ലാതെ അവര്‍ക്ക് പറ്റില്ല. ഇന്നാള് ഏതോ ഒരു ഹോട്ടലില്‍ പോയി ഊണ് കഴിച്ചപ്പോള്‍ അവിടത്തെ അച്ചാറിനും ഉണ്ട് മധുരം. ശിവ ശിവ. മധുരസാമ്പാറും വേണ്ടേ വെണ്ടേ. അതും അടച്ചു വച്ചു.
പിന്നെ ഒരു പാത്രത്തില്‍ എന്തോ ഒരു തോരന്‍. ചോറും സാമ്പാറും ഇല്ലാതെ തോരന്‍ കഴിക്കുന്നത്തെങ്ങിനാ, ആ പാത്രവും അടച്ചു. ഇനി ഒരു പാത്രവും കൂടി.
അതില്‍ ചിക്കന്‍ തന്നെ ആയിരിക്കും, അതിന്റെ ഒരു ഭാഗത്ത് മസാല ഒഴുകിയ പാട് കാണാനുണ്ട്. കാവിലമ്മയെ മനസ്സില്‍ ധ്യാനിച്ചു കൊണ്ട് പാത്രം തുറന്നു. ഭാഗ്യം, ചിക്കന്‍ തന്നെ. പക്ഷെ രുചി നോക്കിയപ്പൊ അയ്യോന്ന് വിളിച്ചു പോയി. പായസത്തില്‍ ചിക്കന്‍ കഷ്ണം ഇട്ടപോലെ. അതിലും മധുരമയം. ഞങ്ങളുടെ കൊതി ആവിയായി കാറ്റിലലിഞ്ഞു. ആ പാത്രവും ഞങ്ങള്‍ക്ക് അടച്ച് വയ്ക്കേണ്ടി വന്നു.
വന്ന ദേഷ്യത്തിന് ആ പാത്രങ്ങള്‍ ഞങ്ങള്‍ ചപ്പു് ചവറുകള്‍ കൂട്ടിയിട്ടിരിക്കുന്ന മൂലയ്ക്കിട്ട് പുറത്ത് ഊണ് കഴിക്കാന്‍ പോയി. ഊണ് കഴിച്ച് തിരിച്ച് വന്ന ഉടനേ ഹിപ്പൊപ്പൊട്ടാമസ്സിനെപ്പോലെ കിടന്ന് ഉറങ്ങുകയും ചെയ്തു.
അന്നൊരു വ്യാഴാഴ്ച ആയിരുന്നു. പിറ്റേന്ന് വെള്ളിയാഴ്ച ഒരു ബന്ധുവിന്റെ കല്യാണം പ്രമാണിച്ച് എനിക്ക് നാട്ടില്‍ പോകേണ്ട ആവശ്യം വന്നു. എന്റെ സഹമുറിയന് തിരുവനന്തപുരത്ത് ഒരു ട്രൈനിങ്ങ് പ്രമാണിച്ച് അവനും പോയി. രണ്ടാളും തിരിച്ച് വന്നത് മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞ്.
കുക്ക് അപ്പോഴും വന്നിട്ടുണ്ടായിരുന്നില്ല. ഞങ്ങള്‍ അത്താഴം സ്ഥിരമായി പുറത്ത് നിന്നുമാക്കി. സ്ഥിരം ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നത് മുതലാകില്ല എന്ന് കണ്ട് ഓണര്‍ അത് തരുന്നതും നിര്‍ത്തി. മധുരതരമായ അത്താഴം കഴിക്കാന്‍ താല്പര്യമില്ലാത്ത് കാരണം ഫ്രീ ഭക്ഷണം കിട്ടാഞ്ഞിട്ടും ഞങ്ങള്‍ ഹാപ്പി.
ആഴ്ച ഒന്നങ്ങിനെ കഴിഞ്ഞു. ചവറുകള്‍ കൂട്ടിയിട്ടിരിക്കുന്നിടത്ത് നിന്ന് സഹിക്കാന്‍ വയ്യാത്ത് ദുര്‍ഗന്ധം വന്ന് തുടങ്ങിയപ്പോഴാണ് പണ്ട് തന്ന ഭക്ഷണപാത്രങ്ങള്‍ അതിന്റെ അടിയില്‍ ഉള്ള കാര്യം ഓര്‍ത്തത്. അതിന്റെ ആ പരിസരപ്രദേശത്തേക്കെങ്ങും അടുക്കാന്‍ പറ്റുന്നില്ല. അതിനു മുന്നേ ഓക്കാനം വരുന്നു. വീട്ടിലേയ്ക്കേ അടുക്കാന്‍ പറ്റാത്ത സ്ഥിതി.
മൂക്കിനകത്തും പുറത്തും വിക്സും അമൃതാഞ്ജനും ചേര്‍ന്ന മിശ്രിതം തേച്ച് പിടിപ്പിച്ച്, ഇനി വേറെ ഒരു മണവും അകത്ത് കേറില്ലെന്ന് ഉറപ്പിച്ച്, മൂക്കിനു പുറത്ത് തുണിയുടെ ഒരു മറയും കെട്ടി ഇല്ലാത്ത് ധൈര്യവും സംഭരിച്ച് ചവറുകൂനയുടെ അടിയില്‍ നിന്ന പാത്രങ്ങള്‍ നാലും ഞങ്ങള്‍ പൊക്കിയെടുത്തു. ഇത്ര ദുര്‍ഗന്ധം വമിക്കുന്ന സാധനം പുറത്തെങ്ങും കൊണ്ടുപോയി കളയാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ അത് ക്ലോസറ്റില്‍ ഒഴിക്കിക്കളയാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
ബാത്ത്‌റൂമില്‍ ചെന്ന് ആദ്യത്തെ പാത്രം തുറന്നു. തുറക്കേണ്ട താമസം അതില്‍ നിന്നു നൂഡിത്സ് പോലെ കൊച്ച് കൊച്ച് പുഴുക്കളും കൃമികീടങ്ങളും പുറത്ത് ചാടി. അത് വരെ പിടിച്ച് നിന്നതൊക്കെ അവിടെപ്പോയി. കാവിലമ്മ കൈവിട്ടു. രണ്ടാളും ചര്‍ദ്ദി തുടങ്ങി.
ആ പാത്രം തന്നതിന് ശേഷം ഞങ്ങള്‍ കഴിച്ച സകല ഭക്ഷണവും അന്നു ഞങ്ങള്‍ വെളിയില്‍ തള്ളി. എന്നിട്ടും നിന്നില്ല. അടുത്ത രണ്ടു ദിവസം ഞങ്ങള്‍ക്ക് ഭക്ഷണം എന്ന് കേട്ടാല്‍ തന്നെ ഓക്കാനം വരുമായിരുന്നു. ജ്യൂസ് കുടിച്ചാലും ജീവന്‍ നിലനിര്‍ത്താം എന്ന് ഞങ്ങള്‍ക്ക് മനസ്സിലായ ദിവസങ്ങളായിരുന്നു പിന്നീട്.
ഓട കഴുകി വൃത്തിയാക്കുന്ന ഒരാളെ വിളിച്ച് കൊണ്ട് വന്നാണ് ആ പാത്രങ്ങള്‍ ഞങ്ങള്‍ പിന്നീട് വൃത്തിയാക്കിയത്. നേരത്തേ പറഞ്ഞുറപ്പിച്ചതിന്റെ ഇരട്ടി കാശ് കൊടുത്തതിനുപുറമേ അങ്ങേരുടെ പുച്ഛം നിറഞ്ഞ നോട്ടവും കാണേണ്ടി വന്നെങ്കിലും സാരമില്ല, അപകടം ഒഴിവായിക്കിട്ടിയല്ലോ.
എന്തായാലും ആ പാത്രങ്ങള്‍ ഇപ്പോഴും വീട്ടില്‍ അലമാരയില്‍ തന്നെ ഉണ്ട്. പഴയ ഓര്‍മ്മക്ക് മാത്രമായി വച്ചതല്ല. അത് തിരിച്ച് കൊടുത്താല്‍ ചിലപ്പോല്‍ ഇനി എന്നെങ്കിലും ഹൌസ്‌ഓണര്‍ക്ക് ഇനിയും ഭക്ഷണം കൊടുത്തയക്കണമെന്ന് തോന്നിയാലോ? ആ കുക്ക് ഇതു വരെ വന്നിട്ടില്ലേയ്.
13 comments:
നാട്ടിലേയ്ക്ക് അമ്മയെ ഫോണ്‍ വിളിച്ക് ചോദിച്ച് കുക്കിംഗ് അഭ്യസിക്കുന്നൂന്നു പറഞ്ഞപ്പോള്‍ ഇത്രേം വിചാരിച്ചില്ല......:-))
ഇപ്പോളും പറയുന്നുവോ..
ഓണര്‍ നല്ല ഓണര്‍.. :)
കൊള്ളാം ശ്രീജിത്തേ.....മടിയുടേയും, ഒഴപ്പിന്റേയും പര്യായമാണല്ലേ? ഇതുപോലൊരു സംഭവം ഞങ്ങളുടെ ഓഫീസ്സിലും ഉണ്ടായി ഒരു ദിവസം.
ഞങ്ങളുടെ കൂടെ ജോലി ചെയ്തിരുന്ന ഒരു സിന്ധി പെണ്ണുണ്ടായിരുന്നു. അവള്‍ രാവിലെ ഓഫീസില്‍ വരുന്നത് കണ്ടാല്‍ തന്നെ അറിയാം, കിടക്കയില്‍ നിന്നും നേരെ എഴുന്നേറ്റ് വന്ന പടിയാണെന്ന്. മുള്ളന്‍പന്നിയുടെ മുള്ളുകള്‍ എഴുന്നു നിന്‍ല്‍ക്കുന്നപോലെ മുടി മുഴുവനും എഴുന്നേറ്റ് നില്‍ക്കുന്നുണ്ടാകും. മൂക്കിന്റെ ഓട്ടയില്‍ നിന്നും മൂന്നാലു രോമങ്ങള്‍ പുറത്തേക്ക്. മുഷിഞ്ഞു ചുളിഞ്ഞ വസ്ത്രങ്ങള്‍. ഞങ്ങളുടെ ഓഫീസിലെ പ്രെഗ്നന്റായ ചില പെണ്ണുങ്ങള്‍,അവള്‍ അടുത്തുകൂടെ പോയാല്‍, വാളുവെക്കാന്‍ ഓടുമായിരുന്നു!!
ഒരു ദിവസം ഉച്ചക്ക്, ലഞ്ച് റൂമില്‍ ഞങ്ങള്‍ പത്തുമുപ്പതു പേര്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നതിനിടയില്‍, പാട്ടും പാടി, കഥാ നായിക വലിയ രണ്ട് പാത്രങ്ങളുമായി വന്നു. (വീട്ടില്‍ എന്തോ പാര്‍ട്ടി കഴിഞ്ഞതിന്റെ ഭാക്കിയുള്ളതാണ്, എല്ലാവര്‍ക്കും കഴിക്കാംന്ന് അവള്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ നിരസിച്ചില്ല).
അവള്‍ പാത്രങ്ങള്‍ തുറന്ന് ഓവനില്‍ വെച്ച് ബട്ടണ്‍ അമര്‍ത്തി. ഓവനിലെ പ്ലേറ്റ് കറങ്ങാന്‍ തുടങ്ങിയപ്പോള്‍ തന്നെ, മുറിമുഴുവന്‍ നല്ല ഓടമണം പരന്നൊഴുകി. ഭക്ഷണം കഴിച്ചിരുന്നവരെല്ലാം തന്നെ ഭക്ഷണം മതിയാക്കി, കൈപോലും കഴുകാന്‍ നില്‍ക്കാതെ സ്ഥലം കാലിയാക്കി. ഭാഗ്യം അവളെ കമ്പനി വളരെ അടുത്തു തന്നെ പറഞ്ഞയച്ചു. ശ്രീജിത്തിന്റെ ബന്ധുഒന്നും അല്ലായിരുന്നല്ലോല്ലെ?
മോനേ....
നിന്റെ ടൈം ആയി,
ഗല്യാണം ഗഴിക്കാന്‍ :)
അയ്യോ ഇപ്പോള്‍ ആണ് ഓര്‍ത്തതു, വീട്ടിലെ ഷെല്ഫില്‍ നിന്നും ഒരു മാസം മുന്നെ ചേച്ചി കൊണ്ടുതന്ന പായസം എടുത്തു കളഞ്ഞില്ല..(ഇഷ്ടപെടാഞ്ഞിട്ടല്ല അധികം വന്നതു.. കുറെ കൂടുതല്‍ ഉണ്ടായിരുന്നു. കുറച്ചു കുടിച്ചു ബാക്കി പിന്നെ കുടിക്കാന്‍ മാറ്റി വെച്ചതാ.. ) എന്തായാലും ഇതു വരെ ദുര്‍ഗന്ധം ഒന്നും വന്നില്ല.. ഭാഗ്യം..
ഹാ ഹാ... ഈ ആണുങ്ങളൊക്കെ ഇങ്ങനെയാ. കല്യാണം കഴിക്കുന്നതിനു മുന്‍പു ഭക്ഷണ കാര്യത്തില്‍ ഭയങ്കര പിക്കി. ഈ മോരു കാച്ചിയതു നീണ്ടു പോയി, സാംബാറില്‍ പരിപ്പു കൂടി പോയി, അവിയലിലെ തേങ്ങ അരഞ്ഞില്ല, ചായ പതപ്പിച്ചതു ശരിയായില്ല എന്നൊക്കെ അമ്മയുടെ മേത്തു കുതിര കയറും. മോനേ ശ്രീജിയേ, ഇതൊക്കെ താനേ മാറിക്കോളും കേട്ടോ.
പിന്നെ, ഈ റ്റൊമാറ്റോ റൈസ്, തൈരു സാദം, ലെമണ്‍ റൈസ് ഇതിനൊയൊക്ക അങ്ങനെയങ്ങട് പുച്ഛിച്ചു തള്ളണ്ട കേട്ടോ. (സാരമില്ല, അതും പ്രായത്തിന്റെയാ, പഠിച്ചിരുന്ന കാലത്തു ഞാനും അങ്ങനെ തന്നെയായിരുന്നു ). അവരുണ്ടാക്കുന്ന പോലെ ഉണ്ടാക്കാതെ കുറച്ചൊന്നു മലയാളീകരിച്ചുണ്ടാക്കിയാല്‍, എതു തിരക്കിലും പത്തു മിനിറ്റ് കൊണ്ടുണ്ടാക്കാന്‍ പറ്റുന്ന, വല്യ മണമില്ലാതെ ഉച്ചക്കു റ്റിഫിന്‍ കൊണ്ടുപോകാന്‍ പറ്റുന്ന വിഭവങ്ങളാ ഇതൊക്കെ. (ഈ സായിപ്പിനു നമ്മുടെ കറികളുടെയൊന്നും മണം പിടിക്കില്ലാന്നെ. ഉച്ചക്കു മൈക്രോവേവില്‍ വയ്ക്കുമ്പോള്‍ ഹായ്... വാട്ടേ നൈസ് സ്മെല്‍, വണ്ടര്‍ഫുള്‍.. എന്നൊക്കെ അടിക്കും. എന്നിട്ടങ്ങോട്ടു മാറീട്ടു... 'യേ... യാക്കി... സ്റ്റിങ്കിംഗ്... ഐ വണ്ടര്‍ ഹൌ തേ മാനേജ് റ്റു ഈറ്റ് ഇറ്റ്' എന്നും പറയും.
ശ്രീജിത്തേ കലക്കി.... ഇവിടെയും ഞങ്ങള്‍ ഇടക്കിടക്ക് ഇത്തരം അഭ്യാസങ്ങള്‍ നടത്താന്‍ ശ്രമിക്കാറുണ്ട്...പക്ഷെ ഈ ലെവെല്‍ ഇതു വരെ എത്തിയിട്ടില്ല!!!!
ഞങ്ങള്‍ അഞ്ചു പേര്‍ അടുത്തടുത്തുള്ള അപ്പാര്‍ട്ടുമെന്റുകളിളാണ് താമസം..ഒരു ദിവസം രാവിലെ ഒരുത്തന്‍ ചായയുണ്ടാക്കി..എല്ലാവരും കുടിച്ചു...ബാക്കി ഉള്ള ചായ പാത്രത്തില്‍ സ്റ്റൌവുമ്മെതന്നെ വെച്ചു...അതവിടിരുന്നു..
പിറ്റേന്നു രാവിലെ എഴുന്നേറ്റപ്പൊ.. 'ഹായ് ഇതാരാ ചായ ഉണ്ടാക്കി വെച്ചിരിക്കുന്നേ, നല്ല സ്നേഹമുള്ള കൂട്ടുകാര്‍' എന്നൊക്കെ മനസ്സിലോര്‍ത്ത് ഒരുത്തന്‍ അത് കുടിച്ചു...കൂടെയുള്ളവനെ കുടിപ്പിച്ചു...കുറച്ചു കഴിഞ്ഞപ്പൊ രണ്ടാള്‍ക്കും ഒരു ഭാവമാറ്റം...ഒരിളക്കം,ഒരു തളര്‍ച്ച.. രണ്ടാളുടേയും അടപ്പൂരി എന്നു പറഞ്ഞാ മതീലൊ!!!!
കൊള്ളാം ശ്രീജിത്തേ.. പാവം ഓണര്‍. കഷ്ട്ടപ്പെട്ടു ആഹാരം ഉണ്ടാക്കി തന്നതും പോര, കുറ്റവും കേട്ടു.. ദാ ഇപ്പൊ പാത്രവും തിരികെ കൊടുത്തിട്ടില്ല.
ബിന്ദു
@#!@#!!!!!
ഇനി ഞാന്‍ എങ്ങിനെ ഇവിടെ ഭക്ഷണം കഴിക്കും?
പാത്രം തിരികെ കൊടുത്തില്ലല്ലോ അല്ലേ..
ഇതേ കാരണം കൊണ്ട് തന്നെ ഞങ്ങളുടെയും വല്ലപ്പൊഴും നല്ലവനാകുന്ന ഓണര്‍ തരീല്‍ നിര്‍ത്തി കാരണം എല്ലാം കൈ നീട്ടി വാങ്ങലല്ലാതെ കൊടുക്കല്‍ ഇല്ല, പാത്രം പോലും.
സാമ്പാറിന്റെ അവസ്ഥ പരമാര്‍ത്ഥം തന്നെ. ഒരു സ്ട്രോ ഇട്ടു തന്നാല്‍ കുടിക്കാമായിരുന്നു.
പാചകം പഠിക്കൂ ശ്രീജിത്തേ.
സൂവുണ്ട്, ആതുല്യ ചേച്ചിയുണ്ട്.
ഇവരൊക്കെ പാചകകലയുടെ ഉസ്താദുമാരല്ലേ.
പിന്നെ,
വളിച്ച കറികളുടെ വിവരണം അടിപൊളിയായിട്ടുണ്ട്.
ബാക്കിയുള്ളോരുടെ അന്നോംകൂടി മുട്ടിച്ചല്ലോ ദുഷ്ടാ. ഭക്ഷണത്തിനു മുന്നിലിരിക്കുമ്പോള്‍ മനസ്സിലെന്തോക്കെയോ ഞുഴക്കുന്നു.
പസ്റ്റ്... പട്ടിണി കിടക്കണ്ടെന്നു കരുതി അന്നം തന്ന ഓണറെ തന്നെ തെറി വിളിക്കണം... :-)
ഒരു താങ്ക്യൂ പോലും പറഞ്ഞില്ലെന്നോ പോട്ടെ... ആ പാത്രം പോലും തിരിച്ചു കൊടുത്തില്ല അല്ലെ... :-)
ദാണ്ടെ, ബാച്ചിലേഴ്സ് ഗുഹകളില്‍ ഇങ്ങനെയൊക്കെ തന്നെ. കഴിഞ്ഞ ദിവസം റൂമില്‍ ചെന്നു കയറിയപ്പോള്‍ നല്ലൊന്നാന്തരം സ്മെല്‍. ചെന്നൈ ആയതു കൊണ്ട് അത്യാവശ്യം മണങ്ങളൊന്നും മൈന്റ് ചെയ്യാറില്ല. എങ്കിലും മണം റൂമിനുള്ളിലാണല്ലോ? നേരെ കിച്ചണില്‍ കേറി തപ്പല്‍ ആരംഭിച്ചു. സാധനങ്ങള്‍ ഒന്നൊന്നായി ക്ലീന്‍ ചെയ്തു ചെന്നപ്പോഴുണ്ട്. എന്നോ മേടിച്ച മുട്ട പൊട്ടി ചീഞ്ഞ അളിഞ്ഞ് പുഴുവരിക്കുന്നു.
അങ്ങനെ ദിവസവും ഒരു ഓംലെറ്റോ ബുള്‍സൈയോ കഴിക്കാതെ ഉറക്കം വരാതിരുന്ന ഞാന്‍ ഇപ്പോള്‍ മുട്ട എന്നു കേട്ടാല്‍ ഞെട്ടും.
Post a Comment