Saturday, February 25, 2006

വഴി മാറെടാ മുണ്ടക്കല്‍ താറാവേ

ഈ വര്‍ഷം കുമാരസ്വാമി സ്മാരക ഫുട്ബോള്‍ മത്സരം ഫോര്‍ട്ട്‌കൊച്ചിയില്‍ ഫെബ്രുവരി 14-ആം തീയതി മുതല്‍ 21-ആം തീയതി വരെ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത അവസരത്തില്‍ നിങ്ങളേവരുടേയും മഹനീയ സാന്നിദ്ധ്യം ക്ഷണിച്ചു കൊള്ളുന്നു.

ഈ നോട്ടീസ്‌ വായിച്ചത്‌ 21-ആം തീയതി രാവിലെ. എറണാകുളത്തെ പ്രസിദ്ധരും പ്രഗല്‍ഭരും ആയ എല്ലാ ഫുട്ബോള്‍ ടീമുകളും മാറ്റുരക്കുന്ന വേദി. കാണാതിരുന്നാല്‍ നഷ്ടമാകുന്നത്‌ ഒരു ഫുട്ബോള്‍ മാമാങ്കം. ഇനി ഒരു കളി മാത്രം ബാക്കി ഉണ്ട്‌. ഫൈനല്‍. അതു കണ്ടേ തീരൂ.

ഞാനും എന്റെ കൂട്ടുകാരനും കൂടി അവന്റെ ബൈക്കെടുത്തു പോകാന്‍ തയ്യാറായി. അവന്‍ ബഹുമാനത്തോടെ ചേട്ടാ എന്നു മാത്രം വിളിക്കുന്ന അവന്റെ ബൈക്ക്‌. നല്ല പിക്കപ്പും നല്ല പുള്ളിങ്ങും. മീന്‍കാര്‍ പോലും അവരുടെ സൈക്കിളില്‍ പുല്ലുപോലെ ഓവര്‍ടേക്ക്‌ ചെയ്ത്‌ പോകുന്ന സാധനം. ഞങ്ങള്‍ക്ക്‌ പോകേണ്ടത്താണെങ്കില്‍ എറണാകുളം സിറ്റിയിലൂടെയും

വൈകുന്നേരം സമയത്ത്‌ എറണാകുളത്ത്‌ M G റോഡ്‌ വഴി ബൈക്കില്‍ പോകുന്നതിലും ഭേദം നടക്കുന്നതാണ്‌. എറണാകുളത്തു മാത്രമല്ല, ഇന്ത്യയിലെ ഒരു സിറ്റിയിലും വൈകുന്നേരം M G റോഡ്‌ വഴിയുള്ള യാത്ര ദുഷ്കരമാണ്‌. ഇനി എന്തു ചെയ്യും?

ഐഡിയ. എന്റെ ബള്‍ബ്‌ അപ്പൊ കത്തി. നമുക്കു എരൂറിലൂടെ താറാവ്‌ ഫാം റോഡ്‌ വഴി പോകാം. എന്റെ ബുദ്ധിയിലുദിച്ച ആശയം അവനും ഇഷ്ടപെട്ടു അല്ലെങ്കിലും എല്ലാ മണ്ടത്തരവും ആദ്യം ഒരു ബുദ്ധിപൂര്‍വ്വമായ ഐഡിയ ആയിരിക്കും.

താറാവ്‌ ഫാം റോഡിന്‌ ആ പേര്‌ വന്നത്‌ അവിടെ ഒരു പാട്‌ താറാവ്‌ വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്ന് കൊണ്ടാണ്‌. ഒന്നും രണ്ടുമല്ല, ഒരു പാട്‌ ഫാമുകള്‍. ചുരുങ്ങിയത്‌ ഒരു മൂന്നു നാലെണ്ണമെങ്കിലും.

ബൈക്ക്‌ എടുത്ത്‌ ഞങ്ങള്‍ പുറപെട്ടു. വായുവേഗത്തില്‍ ആയിരുന്നു യാത്ര. നമ്മള്‍ കൊട്ടുവായിടുമ്പൊ പുറത്തേക്ക്‌ പോകുന്ന വായുവിന്റെ വേഗം ആണെന്നു മാത്രം. ബൈക്കില്‍ നിന്നു പുറത്തേക്ക്‌ പോകുന്ന പുക കാരണമാണ്‌ മുന്നോട്ട്‌ പോകുന്നതെന്നു തോന്നിപ്പോകും. എന്തായാലും യാത്ര എരൂറും കഴിഞ്ഞു താറാവ്‌ ഫാം റോഡില്‍ എത്തി.

അന്ന് താറാവുകളെല്ലാം സമരത്തിലായിരുന്നു എന്ന്‌ തോന്നുന്നു. ഒരൊറ്റ താറാവ്‌ പോലും ഫാമില്‍ ഉണ്ടായിരുന്നില്ല. പകരം എല്ലാം റോഡില്‍ കുത്തിയിരുപ്പ്‌ സമരം നടത്തുകയായിരുന്നു. പത്തിരുപത്‌ വര്‍ഷം പഴക്കമുള്ള ബാറ്ററി ആണ്‌ ബൈക്കില്‍ എന്നത്‌ കൊണ്ട്‌ ഹോണ്‍ അടിച്ചാല്‍ ചീവീട്‌ കരയുന്ന ശബ്ദം പോലുമില്ല. ഇറങ്ങി താറാവുകളെ ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ അത്‌ സമരക്കാരെ പോലീസ്‌ നീക്കം ചെയ്യുന്നപോലെയേ ആയുള്ളൂ. ഒരെണ്ണം അനങ്ങണമല്ലോ.

ഒരോന്നിനേയും വകഞ്ഞുമാറ്റി അവസാനം ആ റോഡും കടന്ന്‌ ഞങ്ങള്‍ മൈതാനിയില്‍ എത്തി. അവിടെ കളിയും കഴിഞ്ഞ്‌ സമ്മാനദാനവും കഴിഞ്ഞ്‌ എല്ലാവരും പോയിക്കഴിഞ്ഞിരുന്നു. മൈതാനം ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പിനേക്കാള്‍ കഷ്ടമായിരുന്നു. ആട്‌ കിടന്നിടത്ത്‌ പൂട പോലും ഇല്ല എന്ന അവസ്ഥ.

അങ്ങിനെ എന്റെ അതിബുദ്ധി ഒരിക്കല്‍ കൂടി അതിമണ്ടത്തരമായി മാറി. പിന്നീട്‌ ആ വഴി ഒരിക്കല്‍ മാത്രമെ പോയിട്ടുള്ളൂ. അത്‌ പക്ഷെ ആ താറാവുകളെ കാണാന്‍ തന്നെ ആയിരുന്നു. അന്ന്‌ ആ താറാവുകളെല്ലാം അമേരിക്കന്‍ മിസ്സൈല്‍ ആക്രമണം ഭയന്ന്‌ ബങ്കറില്‍ ഒളിച്ചിരിക്കുകയായിരുന്നു എന്ന്‌ തോന്നുന്നു. മരുന്നിനു പോലും കിട്ടിയില്ല ഒന്നിനേയും കാണാന്‍. എന്തായിപ്പൊ കഥ. ഞാന്‍ കാണിക്കുന്നതെല്ലാം മണ്ടത്തരം ആയിട്ടാണോ അതോ ആ താറാവുകള്‍ക്ക്‌ ബുദ്ധി കൂടിപ്പോയിട്ടാണോ എന്തൊ. വന്ന് വന്ന് താറാവുകള്‍ വരെ എന്നെ മണ്ടനാക്കിത്തുടങ്ങിയല്ലൊ എന്റീശ്വരാ.

*സമര്‍പ്പണം: ഷേക്‌ക്‍മാരെല്ലാം വല്ലപ്പോഴും കിട്ടുന്ന മഴ കാണാന്‍ റോഡില്‍ ഇറങ്ങി നിന്ന കാരണം റോഡ്‌ ബ്ലോക്കായി മഴയത്ത്‌ കുടുങ്ങിപ്പോയ ദുബായിലെ എന്റെ ഒരു സുഹൃത്തിന്‌.

11 comments:

 1. ചില നേരത്ത്.. said...

  മീന്‍കാര്‍ പോലും അവരുടെ സൈക്കിളില്‍ പുല്ലുപോലെ ഓവര്‍ടേക്ക്‌ ചെയ്ത്‌ പോകുന്ന സാധനം

  എല്ലാ മണ്ടത്തരവും ആദ്യം ഒരു ബുദ്ധിപൂര്‍വ്വമായ ഐഡിയ ആയിരിക്കും.

  വായുവേഗത്തില്‍ ആയിരുന്നു യാത്ര. നമ്മള്‍ കൊട്ടുവായിടുമ്പൊ പുറത്തേക്ക്‌ പോകുന്ന വായുവിന്റെ വേഗം ആണെന്നു മാത്രം.

  ശ്രീജിത്തേ..വളരെ അധികം ഇഷ്ടമായ വരികളില്‍ നിന്ന് കുറച്ച് മാത്രം എടുത്തെഴുതിയത് മറ്റുള്ളവര്‍ക്കും കമന്റിടാന്‍ അവസരം കിട്ടേണ്ടേ എന്ന് കരുതി മാത്രമാണ്..അളിയാ(പെങ്ങളെ കെട്ടിയത് കൊണ്ടല്ല, സ്നേഹപൂര്‍വ്വം..) നീയും പുലിയാണ്..
  ഓഫ് ടൊപിക് : ഈ സമര്‍പ്പണശൈലി തുളസിയില്‍ നിന്നും കോപ്പിയതാണോ ?. 2. അരവിന്ദ് :: aravind said...

  “അല്ലെങ്കിലും എല്ലാ മണ്ടത്തരവും ആദ്യം ഒരു ബുദ്ധിപൂര്‍വ്വമായ ഐഡിയ ആയിരിക്കും.“

  :-)) ആഫ്രിക്കയില്‍ കാച്ചാന്‍ നല്ല ഒരു സെന്റന്‍സ് പറഞ്ഞു തന്നതില്‍ നന്ദി ശ്രീജിത്തേ..!

  പോസ്റ്റ് കലക്കി. പോക്കു കണ്ടിട്ട് ഇദ്ദേഹം പുലി, പുപ്പുലി, പുപുപ്പുലി അങ്ങനെ കയറിപ്പോകുന്ന ലക്ഷണമാ..:-) 3. ശ്രീജിത്ത്‌ കെ said...

  ഇബ്രു, സമര്‍പ്പണം ഒരു ശൈലി ആക്കാന്‍ ഉദ്ധേശിച്ചല്ല, പക്ഷെ എന്നെ പോസ്റ്റ് എഴുതാന്‍ സ്വാധീനിച്ചവരെ മറക്കുന്നത് നന്ദികേടല്ലേ എന്നുവച്ചാ. തുളസിക്ക് അങ്ങിനെ ഒരു ശൈലി ഉള്ളതായി ശ്രദ്ധിച്ചിട്ടില്ല. അഥവാ ഉണ്ടെങ്ങില്‍ ഈ പോസ്റ്റ് തുളസിക്കും സമര്‍പ്പിക്കുന്നു.

  അരവിന്ദാ, കമന്റ് ഇഷ്ടപെട്ടു. നന്ദി. 4. പെരിങ്ങോടന്‍ said...

  പുലി-പുപ്പുലി-പുപുപ്പുലി-പപ്പു :) 5. കലേഷ്‌ കുമാര്‍ said...

  ശ്രീജിത്തേ, നന്നാകുന്നുണ്ട് തന്റെ മണ്ടത്തരങ്ങള്‍!
  അടുത്തതിനായി കാത്തിരിക്കുന്നു... 6. ദേവന്‍ said...

  ശ്രീജിത്തേ പക്ഷിശല്യം മൂലം വിമാനം വൈകി എന്നു വായിച്ചിട്ടുണ്ട്‌, ബൈക്ക്‌ വൈകി എന്നു വായിക്കുന്നത്‌ ആദ്യമായിട്ടാ!!

  കലേഷേ, പറ്റുന്നതെല്ലാം മണ്ടത്തരം ആയിരിക്കട്ടെ എന്നല്ലേ? നല്ല ബെസ്റ്റ്‌ ആശംസ! 7. സൂഫി said...

  ഞ്ഞി താറാബിനേം റോട്ടിക്കൂടെ നടക്കാന് സമ്മതിക്കൂലേടാ ഹമുക്കെ..മണ്ടാ‍ 8. സാക്ഷി said...

  "ദിവസോം ദിവസോം പോസ്റ്റിട്ടാലും പിന്നേം ബാക്കിയാവും ല്ലേ"

  കൊള്ളാം ഇതു അടിപൊളി. 9. ശ്രീജിത്ത്‌ കെ said...

  കലേഷ്, സാക്ഷി, എന്റെ ജീവിതം തന്നെ മണ്ടത്തരങ്ങളുടെ ഒരു ഫാക്റ്ററി ആണ്. റാഫി മെക്കര്‍ട്ടിന്റെ സിനിമ പോലെ ആകെമൊത്തം കോമഡി ആണ്. ഇനിയും ഒരു പാട് പോസ്റ്റിനുള്ള വക എന്നും ഞാന്‍ ഒപ്പിക്കുന്നുണ്ട്.

  അതു പോട്ടെ, എന്റെ സമര്‍പ്പണാത്തില്‍ പറഞ്ഞ കൂട്ടുകാരനെ നിങ്ങള്‍ ആരും ഊഹിച്ചു കണ്ടില്ല !!! 10. വര്‍ണ്ണമേഘങ്ങള്‍ said...

  കൂട്ടുകാരൻ ബൈക്കിനെ 'ചേട്ടാ' എന്നല്ലേ വിളിക്കുന്നുള്ളൂ...
  ഞാൻ അദ്ദേഹത്തിന്റെ കിക്കറിൽ തൊട്ട്‌ വന്ദിച്ചേ ചവിട്ടാറുള്ളായിരുന്നൂ..
  അല്ലാതെ കാലും കവച്ച്‌ മുകളിൽ ആസനസ്ഥനാവാൻ ഒരു വൈക്ലബ്യം..! 11. അതുല്യ said...

  ഞാന്‍ ഊഹിഛു. ആ ആള്‍ അല്ലേ ഈ അതുല്യ ചേച്ചി? എന്നാലും ഇത്രയ്ക്കു സ്നേഹം ഒന്നും കാട്ടണ്ട ട്ടോ നീയ്‌