പട്ടിയൂട്ട്
ബാല്യകാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഓര്‍മ്മകളിലേക്ക് ഓടിയെത്തുന്നത് കണ്ണൂരിലുള്ള അവധിക്കാലമാണ്. വളര്‍ന്നത് എറണാകുളത്ത് ആയിരുന്നുവെങ്കിലും എപ്പോഴും മനസ്സു കൊണ്ട് ഞാനൊരു കണ്ണൂര്‍ക്കാരനായിരുന്നു.
കണ്ണൂരിനു നാട്ടിന്‍പുറത്തിന്റെ തനിമയുണ്ട്, ഒരു സ്നേഹം നിറഞ്ഞ ലാളിത്യമുണ്ട്, അതിനെ ഭംഗിയുണ്ട്. എറണാകുളത്തിന് ഇതൊന്നുമില്ല. എറണാകുളം സിറ്റി മുഴുവന്‍ പട്ടണമാണ്. അവിടെ നാട്ടിന്‍പുറം എന്നൊരു ഏര്‍പ്പാടേയില്ല.
വേനലവധിക്കാലത്താണ് ഞാന്‍ എല്ലാ വര്‍ഷവും കണ്ണുരില്‍ പൊകുക. അവിടെ ഉണ്ടാകുമായിരുന്ന രണ്ടു മാസം മുഴുവന്‍ ആ നാട്ടില്‍ ചുറ്റിയടിക്കുമായിരുന്നു ഞാന്‍. തൊടിയിലും, വരമ്പിലും, പാടത്തും, പറമ്പത്തും, നദിയോരത്തും, മലഞ്ചെരുവിലും, കാട്ടിലും, തോട്ടത്തിലും എന്നു വേണ്ട ആ നാടിന്റെ ഭംഗി മുഴുവനായും ഒപ്പിയെടുക്കാന്‍ എവിടെപ്പോകാനും ഞാന്‍ മടിക്കില്ലായിരുന്നു, എന്റെ ചെറിയമ്മയുടെ വീട്ടില്‍ ഒഴിച്ച്.
കാരണം അവിടെ ടോമി ഉണ്ടായിരുന്നു.
ടോമി ഒരു ശുനകന്‍ ആയിരുന്നു. യെസ്; പട്ടി, നായ, ഡോഗ്, കുത്താ, എന്തും വിളിക്കാം നിങ്ങള്‍ക്കവനെ. എനിക്കൊരു പ്രശ്നവുമില്ല. അവന്റെ മുഖാമേ കണ്ടുകൂടാ എനിക്ക്. ആസ് എ മാറ്റര്‍ ഓഫ് ഫാക്റ്റ്, എനിക്കൊരു പട്ടിയേയും കണ്ടു കൂടാ. പണ്ടേ അലര്‍ജിയാണ്, കണ്ടാല്‍ അപ്പൊ ഓടാന്‍ തോന്നും.
എന്നാലും ചെറിയമ്മയുടെ വീടല്ലേ, പോകാതിരിക്കാന്‍ പറ്റുമോ. എന്റെ പട്ടി വിദ്വേഷമൊന്നും ചെറിയമ്മയോട് ഞാന്‍ പറഞ്ഞിട്ടില്ല. എന്നിട്ട് വേണം ചെറിയമ്മ അത് പട്ടിയോട് പറയാനും ആ പട്ടി എന്നെ പ്രാകാനും.
ഒരു തവണ അവിടെപ്പോയപ്പോള്‍ വീട്ടില്‍ ചെറിയമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചെറിയമ്മ എന്നെ കണ്ടപ്പോള്‍ത്തന്നെ പറഞ്ഞു, മോനേ, ചക്കരേ, ഇവിടെ ടോമിക്ക് കൊടുക്കുന്ന ഡോഗ് ഫുഡ് തീര്‍ന്നിരിക്കുകയാ. ഒന്നു പോയി വാങ്ങിച്ചോണ്ട് വാടാ.
ഇഷ്ടമില്ലാതിരുന്നിട്ടും ഞാന്‍ പോയി, പട്ടിക്കുള്ള ഭോജനം വാങ്ങാന്‍. കടയില്‍ പോയി ഡോഗ് ഫുഡ്ഡ് ചോദിച്ചതും കടക്കാരന്റെ ഒരു പരിഹാസം.
"ഇതിവിടുന്ന് കഴിക്കാനാണോ, അതോ കൊണ്ടുപോകാനാണോ."
എന്തൊരു തമാശ, അയ്യട. ഞാന്‍ ചിരിച്ചില്ല. എന്നാല്‍ ആ കടയില്‍ പലചരക്ക് വാങ്ങാന്‍ വന്നിട്ടുണ്ടായിരുന്ന ബാക്കി എല്ലാവരും ചിരിച്ചു. ആ പരിസരത്തുണ്ടായിരുന്നവരും ആ ചിരിമത്സരത്തില്‍ പങ്കു ചേര്‍ന്നു. എന്തെങ്കിലും പറയാനൊക്കുമോ? അവിടുന്ന് വേഗം കാശ് കൊടുത്ത് വേദി കാലിയാക്കി.
അതു കൊണ്ട് തീര്‍ന്നില്ല. കാണുന്നവര്‍ക്കെല്ലാം എന്റെ പുറത്ത് കുതിര കേറണം, അഥവാ പട്ടി കേറണം. ഒരുത്തന് അറിയേണ്ടത്ത് എന്താ ഞാന്‍ ഭക്ഷണം പൊതിഞ്ഞ് കൊണ്ടു പോകുന്നത്, ഇന്ന് വീട്ടില്‍ പാചകം ഇല്ലേ എന്നാണ്. വേറൊരുത്തനാണെങ്കില്‍ എന്റെ ബ്രാന്റ് അറിഞ്ഞേ തീരൂ. ആ പറഞ്ഞവനെല്ലാം പണ്ടാരമടങ്ങി കുത്തുപാള എടുത്ത്, ചൊറി പിടിച്ചേ ചാകത്തുള്ളൂ എന്ന് അന്നു തൊട്ടേ ഞാന്‍ പ്രാകുന്നതാ. എന്തെങ്കിലും പുരോഗതി ഉണ്ടോ എന്തോ.
ഏതു നേരത്താനാവോ ചെറിയമ്മയുടെ വീട്ടിലേക്ക് വരാന്‍ തോന്നിയത് എന്നും വിചാരിച്ച് തിരിച്ചു വീട്ടില്‍ ചെന്നെത്തിയപ്പോള്‍ ദാ തരുന്നു ചെറിയമ്മ അടുത്ത പണി. ആ സാധനം വെള്ളത്തില്‍ കലക്കി ഞാന്‍ പട്ടിക്കു കൊടുക്കണമത്രേ. ചെറിയമ്മക്ക് സമയമില്ലെന്ന്. ഈശ്വരാ. ഇന്നു കണികണ്ടവനെ പട്ടി കടിച്ചു കൊല്ലിപ്പിക്കണേ...
എല്ലാം കലക്കി മുന്‍പില്‍ ഒരു പാത്രത്തില്‍ വച്ച് കൊടുത്തിട്ടും ആ പണ്ടാരപ്പട്ടി കഴിക്കണ്ടെ? വായില്‍ വച്ചു കൊടുക്കാനൊക്കുമൊ. എനിക്കറിയാവുന്ന ഭാഷയിലൊക്കെ പറഞ്ഞു നോക്കി, പട്ടി നിരക്ഷരനായതു കോണ്ടോ എന്തോ, അതും ഏറ്റില്ല. ഒരിത്തിരി ബലം പ്രയോഗിച്ചു നോക്കി പിന്നെ. പട്ടി എന്നെ തോണ്ടി അപ്പുറത്തേക്ക് മാറ്റിയിട്ടു. ആ കിടന്ന പാത്രം വച്ച് എനിക്ക് ആരതി ഉഴിഞ്ഞും തന്നു. അവനെപ്പോലെ കുരക്കാനും മുരളാനും കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ അവനുമായി WWF നടത്തിയേനെ. പിന്നെ എന്തിനാ എന്റെ ശരീരം വെറുതെ കേടാക്കുന്നെ എന്നു വിചാരിച്ചു വേണ്ടാന്നു വച്ചു.
വീട്ടില്‍ എത്തിയപ്പൊ അമ്മയുടെ കയ്യില്‍ നിന്നും കിട്ടി നല്ലോണം. നിനക്ക് ദേഹം മുഴുവന്‍ വാരിത്തേക്കാന്‍ പട്ടിക്കു കൊടുക്കുന്നതേ കിട്ടിയുള്ളോടാ എന്ന് അമ്മ ചോദിച്ചപ്പോള്‍ തിരിച്ചു കുരച്ചു കാണിച്ചാലോ എന്നാ ആദ്യം തോന്നിയത്. പക്ഷെ അമ്മയുടെ പട്ടി വിരോദത്തെക്കുറിച്ചോര്‍ത്തപ്പോള്‍ ആ സംരംഭത്തില്‍ നിന്നും ഞാന്‍ പിന്മാറി. എന്നെ കല്ലെടുത്തെറിഞ്ഞോടിച്ചാലോ.
ആ പട്ടിയെ നേരിടാന്‍ ഉള്ള ശക്തി സംഭരിച്ച് വന്നപ്പോഴേക്കും അടുത്ത വര്‍ഷത്തെ വേനലവധി ആയിരുന്നു. എന്തായാലും ആ പട്ടിയെ പിന്നീട് കാണനുള്ള ഭാഗ്യം എനിക്കുണ്ടായില്ല. എന്റെ കൈ കൊണ്ട് ചാകാന്‍ കാത്തു നില്‍ക്കാതെ അവന്‍ ഇഹലോകവാസം വെടിഞ്ഞു. ഇല്ലായിരുന്നേല്‍ ...
സമര്‍പ്പണം: തുളസിയുടെ ഈ പോസ്റ്റ് എനിക്ക് കാണിച്ച് തന്നിട്ട് അടുത്ത പോസ്റ്റില്‍ പട്ടികളെപ്പറ്റി എഴുതണം എന്നെന്നോട് പറഞ്ഞ എന്റെ ഒരു സുഹൃത്തിന്.
9 comments:
പട്ടിയൂട്ട് വായിച്ചു.
പട്ടിയെ പേടിയാണല്ലേ...നീ കണ്ണൂര്‍ക്കാരന്‍ തന്നെയോ?
(വടക്കന്‍ പാട്ടുകളില്‍ അല്ലെങ്കിലും സ്ത്രീകള്‍ക്കാണല്ലോ കേമത്തം).:)
അന്ന് അത് മുഴുവന്‍ പട്ടിക്കു കലക്കി കൊടുത്തോ അതോ വീട്ടിലേക്കുള്ള വഴിയില്‍ പൊതി പൊട്ടിച്ചോ?
വെറുതെയല്ല പട്ടി കഴിക്കാഞ്ഞത്.
കൊള്ളാം കൊള്ളാം!
പാവം ശ്രീജിത്ത്!
ശ്രീജിത്തേ, എറണാകുളം 'സിറ്റി'യില്‍ ചെന്നു നിന്നിട്ട് ഇതുമുഴുവന്‍ പട്ടണമാണെ എന്നു കരഞ്ഞിട്ടു വല്ല കാര്യവുമുണ്ടോ, അതിന്റെ അതിരുകളിലേക്കു പോകു, ഭംഗിയുള്ള ഗ്രാമങ്ങള്‍ കാണാന്‍ പറ്റും.
ബിന്ദു
ബിന്ദു എറനാകുളം കാരി ആണോ. അവിടെ ഏതാ ഗ്രാമമുള്ളത്? ഇപ്പൊ എല്ലായിടവും പുരോഗമിച്ചില്ലേ !!! കണ്ണുരില്‍ ഒരു തവണ പോയാല്‍ വെത്യാസം അറിയാം.
ഞാന്‍ എറണാകുളംകാരിയല്ല, പക്ഷെ അവിടെ കുറെ സ്ഥലങ്ങളൊക്കെ പരിചയമുണ്ട്, പിന്നെ ശ്രീജിത്ത് പറഞ്ഞ പോലെ കണ്ണൂരു കണ്ടിട്ടില്ലാത്തതു കൊണ്ടു ഉദ്ദേശിക്കുന്ന ഭംഗി മനസ്സിലാക്കാത്തതാവും ഞാന്‍.
ബിന്ദു
വായിക്കത്തവര്‍ക്കായി വേറൊരു പട്ടിക്കഥ...
http://www.rajeesh.com/?p=11
ഞാനും ഒരു കണ്ണൂരുകാരനാണെ...
"നിനക്ക് ദേഹം മുഴുവന്‍ വാരിത്തേക്കാന്‍ പട്ടിക്കു കൊടുക്കുന്നതേ കിട്ടിയുള്ളോടാ എന്ന് അമ്മ ചോദിച്ചപ്പോള്‍ തിരിച്ചു കുരച്ചു കാണിച്ചാലോ എന്നാ ആദ്യം തോന്നിയത്. പക്ഷെ അമ്മയുടെ പട്ടി വിരോദത്തെക്കുറിച്ചോര്‍ത്തപ്പോള്‍ ആ സംരംഭത്തില്‍ നിന്നും ഞാന്‍ പിന്മാറി. എന്നെ കല്ലെടുത്തെറിഞ്ഞോടിച്ചാലോ."
:-))
എന്നാ കലക്കാണു കൂവേ ഇദ്! മനുഷേരു ചിരിച്ചിട്ട്...:-))
sreejith, mandatharangaL rasaavunnundu ttoo:)
Post a Comment