Wednesday, March 01, 2006

മണ്ടത്തരം ഓണ്‍‍ലൈന്‍.com

ജോലി കിട്ടി വര്‍ഷമൊന്ന് കഴിഞ്ഞപ്പോഴേക്കും കയ്യില്‍ ഇത്തിരി ചിക്കിലി കൂടുതല്‍ ആയി വന്നു തുടങ്ങി. കഴിക്കാവുന്നത്രയും കപ്പലണ്ടി വാങ്ങി കൊറിച്ചാലും പിന്നേയും കാശ്‌ കയ്യില്‍ ബാക്കി വരുന്ന അവസ്ഥ. ശ്ശൊ. എന്തു കഷ്ടമെന്ന്‌ നോക്കണേ.

ഞാന്‍ എന്റെ പരിചയത്തിലും ബന്ധത്തിലും ഉള്ളവരോട്‌ അഭിപ്രായം ആരാഞ്ഞു. എവിടെയെങ്കിലും നിക്ഷേപിക്കണം എന്നത്‌ എല്ലാവരും തര്‍ക്കലേശമന്യേ പറഞ്ഞു. പക്ഷെ എവിടെ? അതിന്‌ ഓരൊരുത്തര്‍ക്കും ഓരോ അഭിപ്രായങ്ങള്‍. ഷെയര്‍ മാര്‍ക്കറ്റ്‌, മ്യൂച്വല്‍ ഫണ്ട്‌, പോസ്റ്റോഫീസ്‌ RD ഡെപ്പോസിറ്റ്‌, ബാങ്ക്‌ ഫിക്സഡ്‌ ഡെപ്പോസിറ്റ്‌ എന്നിങ്ങനെ മാര്‍ഗ്ഗങ്ങള്‍ നിരവധി. പൊടി പിടിച്ചു കിടക്കുന്ന എന്റെ ബുദ്ധി ഉപയോഗിക്കാതെ നിവര്‍ത്തിയില്ല എന്നായി സ്ഥിതി. എനിക്ക്‌ ഒട്ടും ഇഷ്ടമല്ലാത്ത ഒരു പരിപാടി ആണത്‌.

എന്റെ ചിന്തകള്‍ ഇങ്ങനെ പോയി. ഷെയര്‍ ബിസിനസ്സ്‌ അപകടം പിടിച്ച ഒരു പരിപാടി ആണ്‌. ശരിക്കും ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ സാമ്പത്തികനഷ്ടം വളരെയധികം സംഭവിക്കാവുന്ന ഒരു മേഖല. ഞാനാണെങ്കില്‍ ശ്രദ്ധയോടെ ചെയ്യുന്ന ഒറ്റക്കാര്യം ഈച്ച അടിക്കലാണ്‌. പോസ്റ്റ്‌ ഓഫീസില്‍ ഇട്ടാല്‍ പലിശ കുറവ്‌. എനിക്ക്‌ ഒരുപാട്‌ കാശ്‌ തിരിച്ചു കിട്ടണം. ചെറിയ തുകയേ അങ്ങോട്ട്‌ ഇടാനുള്ളൂ, എന്നാലും. ബാങ്ക്‌ ഫിക്സഡ്‌ ഡെപ്പൊസിറ്റ്‌ ഇടാന്‍ മാത്രം കയ്യിലുള്ള കാശ്‌ തികയുകയുമില്ല. അപ്പൊ മ്യൂച്വല്‍ ഫണ്ട്‌ തന്നെ ശരണം.

ഒരു പഠനം ഒക്കെ നടത്തി ഞാന്‍. ഷെയര്‍ഖാന്‍.com- ഉം മണികണ്ട്രോള്‍.com-ഉം ഒക്കെ അരിച്ചു പെറുക്കി അവസാനം SBI ഫണ്ടിലും, HDFC ഫണ്ടിലും ഇടാം എന്നു തീരുമാനിച്ചു. ഒരു പരീക്ഷണം എന്ന നിലയില്‍ ഒരു ചെറിയ സംഖ്യ രണ്ടിലും ഇട്ടു കുറച്ചു നാള്‍ കാത്തിരുന്നു.

മോശമില്ല. സെന്‍സെക്സിന്റെ സൂചിക പെട്രോളിന്റെ വില പോലെ കുത്തനെ മുകളിലോട്ട്‌ തന്നെ. ഭാഗ്യം. ഫണ്ടുകളുടെ NAV കണ്ണൂരിലെ രാഷ്ട്രീയ ആക്രമണത്തില്‍ മരിക്കുന്നവരുടെ എണ്ണം പോലെ ദിവസവും കുറഞ്ഞത്‌ ഒരു പോയിന്റ്‌ വച്ചെങ്കിലും കൂടുന്നുണ്ട്‌. കാശ്‌ കൂടുന്നതു കണ്ടപ്പോള്‍ ആര്‍ത്തിയും കൂടി.

ഫണ്ടുകളില്‍ പിന്നെയും കുറച്ചു കൂടി നിക്ഷേപിക്കാം എന്നു വച്ചു. അതിന്‌ അപേക്ഷ എഴുതി ചെക്കിന്റെ കൂടെ പോസ്റ്റല്‍ ആയി അയക്കണം. അതാണ്‌ അതിന്റെ രീതി. അപ്പൊ ആദ്യം ഒരു പേന വാങ്ങിക്കണം, പിന്നെ ഒരു എന്‍വലപ്പ്‌ വാങ്ങിക്കണം, അതില്‍ സ്റ്റാമ്പ്‌ വാങ്ങി ഒട്ടിക്കണം, അതു വാങ്ങാന്‍ പോസ്റ്റ്‌ ഓഫീസില്‍ പോകണം, എന്നിട്ട്‌ പോസ്റ്റും ചെയ്യണം. ശ്ശൊ എന്തെല്ലാം നൂലാമാലകളാ. എനിക്കെങ്ങും മേല ഇതിന്റെ പിറകേ ഓടാന്‍.

രണ്ടു ഫണ്ടിന്റേയും വെബ്‌സൈറ്റില്‍ പോയി നോക്കി. SBI-ക്ക്‌ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ഉണ്ട്‌. HDFC-ക്ക്‌ ഇല്ല. HDFC-യോട്‌ പോയി പണി നോക്കാന്‍ പറഞ്ഞു. SBI കീ ജെയ്‌. എന്റെ കാശ്‌ SBI-ക്ക്‌.

സൈറ്റ്‌ തുറന്നു. അപേക്ഷാ ഫോം എടുത്ത്‌ പൂരിപ്പിച്ചു, കാശ്‌ ട്രാന്‍സ്ഫര്‍ ചെയ്തു. ഫോം സബ്‌മിറ്റ്‌ ചെയ്തു. ആഹാ. എന്തൊരു സുഖം, എന്തൊരെളുപ്പം. വിവരസാങ്കേതിക വിദ്യ നീണാള്‍ വാഴട്ടെ.

ഏതു ഫോം സബ്‌മിറ്റ്‌ ചെയ്താലും ഒരു കണ്‍ഫര്‍മേഷന്‍ പേജ്‌ വരണമല്ലോ. കുറച്ചു നേരം എടുത്തു അതു വരാന്‍. അവസാനം "കൊച്ചു കള്ളി, എന്താടീ നിനക്ക്‌ എന്റെ മുന്നിലേക്ക്‌ വരാന്‍ ഇത്ര താമസം" എന്നു പറഞ്ഞപ്പോഴേക്കും അതു വന്നു. കൊള്ളാം എനിക്കിഷ്ടപ്പെട്ടു. നല്ല ഭംഗിയുള്ള പേജ്‌. ക്ലോസ്‌ ചെയ്യുന്നതിന്‌ തൊട്ടു മുന്നേയാണ്‌ താഴെ എന്തോ കാര്യമായി എഴുതി വച്ചിരിക്കുന്നത്‌ ഞാന്‍ കണ്ടത്‌.

പ്രത്യേക ശ്രദ്ധക്ക്‌.
നിങ്ങളുടെ ട്രാന്‍സാക്ഷന്‍ പൂര്‍ണ്ണമാകണമെങ്കില്‍, ഈ പേജിന്റെ ഒരു പ്രിന്റ്‌ എടുത്ത്‌, താഴെ അതിനായി കൊടുത്തിരിക്കുന്ന കോളത്തില്‍ ഒപ്പിട്ട്‌, മുകളില്‍ കൊടുത്തിരിക്കുന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗ്ഗം അയച്ചു തരിക. അല്ലാത്ത പക്ഷം നിങ്ങളുടെ നിക്ഷേപം മുന്നോട്ടുള്ള നടപടിക്രമങ്ങള്‍ക്ക്‌ പരിഗണിക്കപ്പെടുന്നതല്ല.

14 comments:

 1. ചില നേരത്ത്.. said...

  ശ്രീജിത്തേ..
  മടിയന്‍ മല ചുമക്കുമെന്ന് കേട്ടിട്ടില്ലേ.
  ഗുരോ..മുച്വല്‍ ഫണ്ടിന്റെ ആദ്യം പാഠം മനപ്പാഠമാക്കിയിരിക്കുന്നു.
  അടുത്തതും അതിന്റെ അടുത്തതും കഴിഞ്ഞിട്ടാകാം ബാക്കി കാര്യങ്ങള്‍..
  അപ്പോഴേക്ക് മാത്രമേ കൊറിച്ച് കഴിഞ്ഞ് വല്ലതും ബാക്കി വരൂ.. 2. bodhappayi said...

  അവന്മ്മാരുടെ അഹങ്കാരം കണ്ടോ. നീ സ്റ്റാമ്പ്‌ ഒട്ടിക്കണ്ട ശ്രീജിത്തേ, പോസ്റ്റേജ്‌ അവരഡക്കട്ടേ. :) 3. ശനിയന്‍ \OvO/ Shaniyan said...

  അക്കാര്യത്തില്‍ സിറ്റിബാങ്കിന്റെ ഇന്വെസ്റ്റ്‌മന്റ്‌ സ്കീം നല്ലതാ.. എല്ലാം ഓണ്‍ലൈനായിട്ട്‌ ചെയ്യാം.. ഷെയര്‍ മാര്‍ക്കറ്റില്‍ വിത്തും മണ്ണുമറിഞ്ഞു വിതച്ചാല്‍ കുഴപ്പമില്ല (ഈയുള്ളവനും വിതച്ചിട്ടുണ്ട്‌, ഷെയറിലും, മ്യുച്വല്‍ ഫണ്ടിലും).. 4. വര്‍ണ്ണമേഘങ്ങള്‍ said...

  കുട്ടപ്പായി പറഞ്ഞത്‌ കൊള്ളാം
  പക്ഷെ അടുത്ത സ്റ്റേറ്റ്മെന്റിൽ സ്റ്റാമ്പ്‌ ചാർജ്‌ എന്നും പറഞ്ഞ്‌ ബാറ്റ തള്ളി വിടുന്നത്‌ പോലെ ഒരു 19.99 പ്രതീക്ഷിക്കാം..
  അതടച്ചില്ലേൽ ക. 275 ലേറ്റ്‌ ഫീ ആയും പ്രതീക്ഷിക്കാം..! 5. അരവിന്ദ് :: aravind said...

  പോസ്റ്റ് നന്നായി..:-)
  ഈ കമന്റെഴുതുന്നത് വേറെയൊരു കാര്യത്തിനൂടിയാണ്.
  പുതിയ ബ്ലോഗ് റോള്‍ ഉണ്ടാക്കിയതിനും അതു പരിപാലിയ്ക്കുന്നതിനും, എന്റെ അഭിനന്ദനങ്ങള്‍..:-)
  ബാംഗ്ലൂരിലെ ജീവിതത്തിന്റെ തിരക്കെനിക്കറിയാം.അതിനിടയിലും സമയം കണ്ടെത്തി ബൂലോഗത്തിനൊരോര്‍ഡര്‍ ഉണ്ടാക്കിയതിനു, you and peringodan deserve a toast.
  കെട്ടിലും മട്ടിലുമെല്ലാം കേമായിട്ടുണ്ട്.


  നി ഒരു തമാശ:
  ഞ്ഞി ജ്ജ് ഈ പണി ചെയ്തതു നാളെ മണ്ടത്തരങ്ങളില്‍ പോസ്റ്റായി വര്വോ ആവോ.. ;-)) 6. Thulasi said...

  മനസ്സിലായി...മനസ്സിലായി, മ്യൂച്ചല്‍ ഫണ്ടിന്റേയും ഷെയര്‍മാര്‍ക്കറ്റിന്റേയും കാര്യം പറഞ്ഞതു ശ്രീജിത്ത്‌ അത്ര മണ്ടനൊന്നുമള്ള എന്ന്‌ നാലാളെ അറിയിച്ചു കളയാം എന്ന ദുരുദ്ദേശത്തോടെ അല്ലേ? കൊച്ചു കള്ളന്‍ :) 7. സു | Su said...

  അവസാനം കാശിനു പോകുമ്പോള്‍ നിന്റെ തല പോലെ ആവല്ലേ ശ്രീജിത്തേ. 8. ശ്രീജിത്ത്‌ കെ said...

  ഇബ്രൂ, എന്നെ നീ ഗുരുവായി അംഗീകരിച്ചോ, ഞാന്‍ കൃതാര്‍ത്ഥനായി.

  കുട്ടപ്പായി, വര്‍ണ്ണമേഘങ്ങളേ, സ്റ്റാമ്പ് ഒട്ടിക്കാതെ അടുത്ത മണ്ടത്തരം കാണിക്കണ്ട എന്നു വിചാരിച്ചാ. അല്ലായിരുന്നേല്‍ ...

  ശനിയാ, ഇനി സിറ്റി ബാങ്കിലും പോയി മണ്ടത്തരം കാണിക്കാന്‍ എന്നെ പ്രേരിപ്പിക്കരുത്.

  അരവിന്ദാ, ബ്ലോഗ് റോള്‍ ഉണ്ടാക്കിയത് മണ്ടത്തരം ആകുമെന്നു തോന്നുന്നില്ല. അഥവാ ആയാല്‍ ഞാന്‍ ഒറ്റക്കല്ല, പെരിങ്ങോടനും കൂട്ടിനുണ്ട്. അന്ന് ഞാന്‍ വേറൊരു ബ്ലോഗ് തുടങ്ങും “രണ്ട് മണ്ടന്മാര്‍” എന്ന പേരില്‍. പെരിങ്ങോടാ, ക്ഷമിക്കണേ ;)

  തുളസി, ഇക്കാലത്ത് എവിടേയും നിക്ഷേപിക്കാത്തവരാ മണ്ടന്മാര്‍. ഞാന്‍ ആ വിഭാഗത്തില്‍ നിന്നു മാറി, നിക്ഷേപിക്കുന്ന ബുദ്ധിയുള്ളവരുടെ ഇടയിലേക്ക് വന്നതാ. അവിടേയും ഞാന്‍ മണ്ടത്തരം കാണിച്ചു. ഞാനാരാ മോന്‍.

  സു - എന്റെ തലക്കകത്ത് ഒന്നുമില്ലേലും മുഖം സുന്ദരമാണ്. അതു പോലെ സുന്ദരമായ റിട്ടേണും കിട്ടുമായിരിക്കും ഇല്ലേ? ആശീര്‍വദിക്കൂ. 9. Anonymous said...

  ഞാന്‍ : ശ്രീജിത്തേ ഒരു കാല്‍കുലേറ്റര്‍ വേണമായിരുന്നു.

  ശ്രീജിത്ത്‌ : എന്തിനാ? ഇന്ററെസ്റ്റ്‌ കാല്‍കുലേറ്റ്‌ ചെയ്യാനാണോ?

  ഞാന്‍ : അല്ല, എന്റെ ജീവിതമൊന്നു കണക്കു കൂട്ടി നോക്കാനായിരുന്നു.

  ബിന്ദു 10. ശ്രീജിത്ത്‌ കെ said...

  ബിന്ദുവിന് ജീവിതത്തിന്റെ കണക്ക് കൂട്ടി നോക്കാനാണെങ്കില്‍ ഞാന്‍ കാല്‍ക്കുലേറ്ററല്ല, അരക്കുലേറ്ററോ, വേണമെങ്കില്‍ മുഴുക്കുലേറ്ററോ തരും. ഡോണ്ട് വറി. 11. Anonymous said...

  ഞാന്‍ എനിക്കിട്ടു തന്നെ പാര വച്ചു അല്ലേ? ഇപ്പോള്‍ ആര്‍ക്കാണു മണ്ടത്തരം കൂടുതല്‍?

  ബിന്ദു 12. Kuttyedathi said...

  പ്രൊഫെയിലില്‍ കാണണത്‌ തന്നെയല്ലേ ജിത്തേ മോന്തായം ? ആ മുഖം സുന്ദരമാണേന്നവകാശപ്പെടാന്‍.!!!!.. മണ്ടനാണെങ്കിലും ധൈര്യം ജാസ്തി കേട്ടാ.. :))

  കാശൊക്കെ അവധി ദിവസങ്ങളിലൊന്ന് കെട്ടഴിച്ചൊരു മുറത്തിലോ മറ്റോ നിരത്തി വെയില്‌ കൊള്ളിക്കാന്‍ മറക്കണ്ട .. പൂത്തു പോയാലോ.. ഒരുപാട്‌ ബാക്കിയാണെങ്കില്‍ സൂക്ഷിക്കാനെന്നെയേല്‍പ്പിച്ചോളൂട്ടോ.

  ബ്ലോഗ്‌റോളിനഭിനന്ദനങ്ങള്‍ !!! ഈ പാവം ബ്ലോഗത്തിയേക്കൂടിയാ ലിസ്റ്റിന്റെ അടിയിലെങ്ങാനും ചേര്‍ക്കണേ മണ്ടാ..

  റബ്ബേ.. ഞമ്മന്റെ കെട്ടിയവന്റെ ബ്ബ്ലോഗും കാണണില്ലല്ലോ.. ജ്ജാള്‌ ...ശരിയല്ല കേട്ടാ... (ചുമ്മാ..:)) 13. സാക്ഷി said...

  നന്നായിട്ടുണ്ട് 14. ശ്രീജിത്ത്‌ കെ said...

  സാക്ഷി, കുട്യെട്ടത്തി, നന്ദി.

  ഒരു പാവം ബ്ലോഗ്ഗത്തിയെക്കൂടി ലിസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. കെട്ടിയോനെയും അവിടെ കെട്ടിയിട്ടിട്ടുണ്ട്. മനപ്പൂര്‍വമല്ല കേട്ടോ, വേണം എന്നു വച്ചു ചെയ്തതു തന്നെയാ. എന്റെ മോന്തായത്തെ കുറ്റം പറയുന്നോ. എന്റെ ബുദ്ധിക്കുള്ളതിനേക്കാള്‍ ഫാന്‍സ് ഉണ്ട് എനിക്കു എന്റെ സൌന്ദര്യത്തിനു, അറിയോ.