Monday, March 06, 2006

സ്റ്റ്‌റീറ്റിലൊരു കോളേജ്‌ ഡേ

Hero Honda Street
Hero Honda Street എന്നൊരു വാഹനം Hero Motors പുറത്തിറക്കിയിരുന്നു പണ്ട്‌. ഗിയറുള്ള ആദ്യ Scooterette എന്ന നിലയില്‍ വിപണിയില്‍ നല്ല തരംഗം ഉളവാക്കും എന്ന്‌ അവര്‍ പ്രതീക്ഷിച്ചിരുന്ന ഉല്‍പന്നം. ഏതു ഗിയറിലും ഓടിക്കാം എന്നതടക്കം പല പ്രത്യേകതയും ഉണ്ടായിരുന്ന ശകടം.

ആ ഉല്‍പന്നത്തിന്റെ പ്രചരണാര്‍ത്ഥം പലയിടങ്ങളിലും അവര്‍ ഷോകളും ടെസ്റ്റ്‌ ഡ്രൈവുകളും നടത്തിയിരുന്നു അക്കാലത്ത്‌. അതിന്റെ ഭാഗമായി എറണാകുളം മഹാരാജാസിലെ വര്‍ഷികാഘോഷങ്ങള്‍ നടത്തുന്നയിടത്തും അവര്‍ ടെസ്റ്റ്‌ ഡ്രൈവ്‌ സംഘടിപ്പിച്ചിരുന്നു. മഹാരാജാസ്‌ ഓഡിറ്റോറിയത്തിന്റെ കിഴക്ക്‌ വശത്തായി എല്ലാവരും പെട്ടെന്ന്‌ കാണുന്ന സ്ഥലത്ത്‌ തന്നെയായിരുന്നു അവരുടെ സ്റ്റാള്‍. അതോ വലത്‌ വശത്തായിരുന്നൊ? എന്തായാലും, വശക്കേടായത്‌ എന്റെയാണെന്ന് പറഞ്ഞാല്‍ മതിയല്ലൊ.

മഹാരാജാസിലെ കോളേജ്‌ ഡേ പ്രസിദ്ധമാണ്‌. നല്ല നിലവാരമുള്ള പരിപാടികള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാം എന്നത് കൊണ്ട്‌ നല്ല തിരക്കായിരിക്കും ആ ദിവസം അവിടെ. പോരാണ്ട്‌ പുറമെ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ അകത്ത്‌ കയറുന്നതിനും വിലക്കില്ല. പിന്നെ പറയാനുണ്ടോ പൂരം.

ഞാന്‍ അന്ന്‌ അവിടെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്‌. നാലാളുടെ മുന്നില്‍ ആളാകാനും, പെണ്‍കുട്ടികളുടെ ഇടയില്‍ ഹീറോ ചമയാനും എന്താ വഴി എന്ന്‌ ഇരുപത്തിനാലു മണിക്കൂറും ചിന്തിച്ച്‌ നടക്കുന്ന സമയം. അത്‌ കൊണ്ട്‌ തന്നെ ഹീറോ ഹോണ്ടാ സ്റ്റ്റീറ്റ്‌ ആദ്യമേ തന്നെ എന്റെ കണ്ണിലുടക്കി.

അന്ന്‌ എനിക്ക്‌ വാഹന ലൈസന്‍സ്‌ ഇല്ല. എടുക്കണമെന്ന് വിചാരിച്ചാലും അതിനുള്ള പ്രായമായില്ല. അഥവാ പ്രായമുണ്ടായിരുന്നല്‍ തന്നെയും ഓടിക്കാന്‍ അറിയില്ല. എങ്കിലും ഉണ്ടോ അത്യാഗ്രഹത്തിന്‌ പഞ്ഞം. ഈ വണ്ടി കണ്ടതും എനിക്കതില്‍ കയറിയേ പറ്റൂ, ഒന്നു ഓടിച്ചേ മതിയാകൂ.

കമ്പനിയുടെ പ്രതിനിധികളോട്‌ ചെന്ന്‌ ആഗമനോദ്ദേശ്യം അറിയിച്ചു. അവര്‍ സന്തോഷത്തോടെ വണ്ടി എന്നെ എല്‍പ്പിച്ചു, മണ്ടന്മാര്‍, അവരെന്ത്‌ കണ്ടിട്ടുള്ള പുറപ്പാടാ?

വണ്ടി സ്റ്റാര്‍ട്‌ ചെയ്തു. വ്രൂൂൂൂൂൂൂൂംംംം. നല്ല പവറും ഒച്ചയും. എനിക്കിഷ്ടപെട്ടു. ഒന്നാം ഗിയറില്‍ ഇട്ടു നോക്കി. നല്ല സ്മൂത്ത്‌ ട്രാന്‍സിഷന്‍. ഭേഷ്‌. ഇനി ഇത്തിരി സ്പീഡ്‌ എടുത്ത്‌ നോക്കാം.

പരിപാടികള്‍ നടന്നു കൊണ്ടിരുന്ന ഓഡിറ്റോറിയത്തിന്റെ മുന്നിലേക്ക്‌ തന്നെ ഞാന്‍ ആത്മവിശ്വാസത്തിന്റെ ചിറകിലേറി വണ്ടിയും കൊണ്ട്‌ പോയി. അവിടെ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു. ഞാന്‍ അറിയുന്നവരും അല്ലാത്തവരും ആയ എല്ലാവരുടേയും മുന്നില്‍ ഒന്ന്‌ തിളങ്ങാന്‍ ഇതു തന്നെ അവസരം.

പിന്നൊന്നും ആലോചിച്ചില്ല, ആക്സലറേറ്റര്‍ പിടിച്ച്‌ ഒറ്റത്തിരി. അതോടെ കടിഞ്ഞാണ്‍ എന്റെ കയ്യില്‍ നിന്നും പോയി. മുന്‍ചക്രം വായുവിലേക്കുയര്‍ന്നു. മഴവെള്ളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നതിനാല്‍ അവിടെ മുഴുവന്‍ മണല്‍ ഇട്ട്‌ വച്ചിരിക്കുകയായിരുന്നു. അതു കൊണ്ട്‌ പിന്‍ചക്രം എങ്ങിനെ പെരുമാറി എന്നു ഞാന്‍ പ്രത്യേകം പറയണ്ടതില്ലല്ലോ. വണ്ടി എന്റെ പേര്‌ എഴുതാനുള്ള ഉദ്ദേശത്തിലോ എന്തൊ, നിലത്ത്‌ S വരച്ചു. ഞാനാണെങ്കില്‍ ഇടതു ഭാഗത്തേക്ക്‌ ചാടണോ, വലതു ഭാഗത്തേക്ക്‌ ചാടണോ എന്ന സംശയത്തിലും.

എന്തായാലും ഞാന്‍ തീരുമാനം എടുക്കുന്നതിനു മുന്നേ വണ്ടി തീരുമാനം എടുത്തു. അത്‌ വലതു ഭാഗത്തേക്ക്‌ മറിഞ്ഞു. ഞാന്‍ താഴെയും വണ്ടി മുകളിലും. അതും, കൂടി നില്‍ക്കുന്ന ഒരു വന്‍ ജനാവലിയുടെ മുന്നില്‍.

വണ്ടിയുടെ ആള്‍ക്കാര്‍ അപ്പോഴെക്കും ഓടി എത്തി. "എന്തിനാ അറിയത്ത പണിക്ക്‌ നില്‍ക്കുന്നെ" എന്ന ഒരു ചോദ്യം അവര്‍ എന്നൊട്‌ ചോദിച്ചു, അതും സാമാന്യം ഉറക്കെ തന്നെ. എനിക്ക്‌ ഇത്‌ തന്നെയാണ്‌ പണി എന്ന്‌ അവര്‍ക്കറിയില്ലല്ലൊ.

കാണേണ്ടവര്‍ മുഴുവനും കണ്ടു, അറിയേണ്ടവര്‍ മുഴുവനും അറിയുകയും ചെയ്തു. നാണക്കേടു കാരണം പൊട്ടിച്ചിരികളുടേയും കൂക്കു വിളികളുടേയും ഇടയില്‍ നിന്നു ഞാന്‍ പയ്യെ തലയൂരി, മെല്ലെ നടന്നു, പിന്നേ ഓടി, എന്നിട്ട് മുങ്ങി. അങ്ങോട്ട്‌ ആ ദിവസം പിന്നെ ഞാന്‍ പോയില്ല. അങ്ങിനെ നല്ലൊരു കോളേജ്‌ ഡേ എന്നെ സംബന്ധിച്ചിടത്തോളം കുളമായിക്കിട്ടി.

പിന്നീടെനിക്ക്‌ പ്രായമായി ലൈസന്‍സ്‌ ആയി, വണ്ടിയായി. എന്നിട്ടോ? ഒരുപാട്‌ വണ്ടികള്‍ ഇക്കാലത്തിനിടക്ക്‌ ഞാന്‍ ഓടിച്ചിട്ടുണ്ട്‌. എങ്കിലും ഞാന്‍ വേറൊരു വണ്ടി വച്ചും എന്റെ പേര്‌ നിലത്തെഴുതാന്‍ നോക്കിയിട്ടില്ല. അതിന്‌ സ്റ്റ്‌റീറ്റിന്റെ അത്രേം കഴിവ്‌ വേറെ ഒരു വണ്ടിക്കും ഇല്ല. എന്തോ, ആ വണ്ടി റോഡില്‍ അധികം കണ്ടിട്ടില്ല പിന്നെ. അല്ലായിരുന്നേല്‍ ...

4 comments:

 1. Thulasi said...

  മണ്ടന്മാരൊക്കെ ഭയങ്കര ചങ്കൂറ്റമുള്ളവരാണല്ലേ?

  നിന്റെ profile മാറ്റി എഴുതണം( ഇല്ലെങ്കിലും അതൊന്നും ആരും വിശ്വസിക്കാന്‍ പൊകുന്നില്ല)
  കണ്ണൂര്‍ ജില്ലയില്‍ ജനനം എന്നതു എടുത്തു കളയുക. ബാക്കി ഇങ്ങനെ "ന്ഴ്‌സറി മുതള്‍ ബിരുദാനന്തര ബിരുദം വരെ മണ്ടത്തരങ്ങള്‍ എറണാകുളത്ത്‌. ഇപ്പോള്‍ മണ്ടത്തരങ്ങള്‍ ഒക്കെ കാണിച്ച്‌ കൂട്ടൂകാരുടെ സ്വുര്യം കെടുത്തീ ബാംഗ്ലൂരില്‍ സ്വസ്ഥമായ ജീവിതം " 2. അരവിന്ദ് :: aravind said...

  :-) ഞാനും വീണു ശ്രീജിത്തേ..ഇതു പോലെയൊന്ന്.
  കൈനറ്റിക് ഹോണ്ടാ പഠിപ്പിക്കാന്‍ ചേച്ചിയേം കൊണ്ട് പോയതാ.ഞാന്‍ പിന്നിലിരുന്നു. കൃത്യം വെണ്ണീക്കുളം കവലിയില്‍ എത്തിയപ്പൊ, ചേച്ചിയുടെ ബാലന്‍സ് പോയി, മൂന്നും താഴെ.
  അന്നു കിട്ടിയ കൂക്ക്. വണ്ടി പൊക്കി, തിരിച്ചു കണ്ണുംവെട്ടത്തുനിന്നു മറയുവോളം..
  ചേച്ചിയെയാണു കൂക്കിയതെനു ഞാനും, എന്നെയാണെന്നു ചേച്ചിയും ആരോപിച്ചു സമാധാനപ്പെട്ടു. 3. ചില നേരത്ത്.. said...

  ശ്രീജിത്തേ.
  ഷൈന്‍ ചെയ്യാനായിട്ടല്ലെങ്കിലും ഞാന്‍ ഒരിക്കല്‍ ഹീറോ ഹോണ്ട സ്പ്ലെന്‍ഡര്‍ ഓടിച്ചു. റോഡിലെ വളവില്‍ വെച്ച് സ്പീഡ് കുറക്കാന്‍ മറന്ന് നിലത്ത് S വരച്ചു. വണ്ടിയിലും ദേഹത്തും scratch ആയി പെയിന്റിളകി നാലുപാടും ദയനീയമായി നോക്കുമ്പോള്‍ കണ്ട് നിന്നൊരാള്‍ പറഞ്ഞു..
  “ഇതൊക്കെ പഴയ നമ്പര്‍, പുതിയതൊന്നുമില്ലേ?’
  ഇത്രയൊക്കെ പറഞ്ഞാലും ഉപ്പോളം വരുമോ ഉപ്പിലിട്ടത്.. 4. വര്‍ണ്ണമേഘങ്ങള്‍ said...

  ഇതിനാണ്‌ കോളേജ്‌ ഡേ സ്ട്രീറ്റിലായി എന്ന്‌ പറയുന്നയുന്നത്‌..!