Saturday, March 11, 2006

ആദ്യദിനം ഇന്‍ ഓഫീസ്‌

രണ്ടര വര്‍ഷം കളിച്ചും ചിരിച്ചും കടന്നുപോയി. അക്കാഡമിക്ക്‌ പ്രൊജക്റ്റിന്റെ സമയമായപ്പോഴാണ്‌ ജീവിതം പഞ്ചാരയടിയേക്കാളും സിനിമയേക്കാളും വലിയ എന്തോ ആണെന്ന്‌ മനസ്സിലാകുന്നത്‌. കുറച്ചധികം കഷ്ടപ്പെടേണ്ടി വന്നു ഒരെണ്ണം തരമാക്കാന്‍. അവസാനം പ്രോജക്ട്‌ കിട്ടിയത്‌ ബാംഗ്ലൂരിലും. വീട്ടില്‍ നിന്നും മാറി നില്‍ക്കാനോ, പ്രിയപെട്ട പഞ്ചാര മിത്രങ്ങളേ വിട്ട്‌ പോകാനോ ഒട്ടും താല്‍പര്യമില്ലായിരുന്നു, എന്നാല്‍ വേറെ വഴിയുമില്ലായിരുന്നു.

ബാംഗ്ലൂരില്‍ വരുമ്പോള്‍ താമസിക്കാന്‍ ഒരിടത്തിന്‌ തീരെ ബുദ്ധിമുട്ടേണ്ടി വന്നില്ല.ഒരു പാട്‌ ബന്ധുക്കളുണ്ട്‌ എനിക്ക്‌ ബാംഗ്ലൂരില്‍. വലിയമ്മയുടെ മോളും കുടുംബവും, അമ്മായിയും കുടുംബവും, ഇളയച്ഛനും കുടുംബവും എന്നിങ്ങനെ നൂറു കണക്കിന്‌ ബന്ധുക്കള്‍. നൂറ്‌ എന്ന്‌ ഞാന്‍ ഒരു മൂപ്പിനു കേറി അങ്ങ്‌ പറഞ്ഞതാ. നിങ്ങള്‍ ഒന്നു ക്ഷമിച്ചേരെ.

എനിക്ക്‌ അവിടെ റിപ്പോര്‍ട്ട്‌ ചെയ്യേണ്ട ദിവസം 2003 ജൂണ്‍ 25, ബുധനാഴ്ച. ഏറ്റവും അടുപ്പമുള്ള ആള്‍ എന്ന നിലക്ക്‌ വലിയമ്മയുടെ മോള്‍ക്ക്‌ തന്നെ നറുക്ക്‌ വീണു. ചേച്ചിയെ വിളിച്ച്‌ വരുന്നുണ്ടെന്ന മുന്നറിയിപ്പു കൊടുത്തു. 24-ന്‌ രാത്രി എറണാകുളത്ത്‌ നിന്നുള്ള KSRTC ബസ്സ്‌ രാജഹംസ ബുക്ക്‌ ചെയ്തു. ബസ്സ്‌ രാത്രി 7 മണിക്ക്‌ പുറപ്പെട്ട്‌ പിറ്റേ ദിവസം രാവിലെ 6 മണിക്ക്‌ ബാംഗ്ലൂരില്‍ എത്തും. അങ്ങിനെ വരുമ്പൊ ബനശങ്കരിയിലുള്ള ചേച്ചിയുടെ വീട്ടില്‍ പോകാനും തിരിച്ച്‌ ശിവാജി നഗറിലുള്ള ഓഫീസ്സിലെത്താനും ആവശ്യത്തിലധികം സമയം.

വീട്ടുകാരെയും കൂട്ടുകാരെയും നാട്ടുകാരെയും അയല്‍ക്കാരെയും സാക്ഷി നിര്‍ത്തി കണ്ണിരോടെ വിട ചൊല്ലി അങ്ങിനെ ഞാന്‍ 24-ആം തീയതി പുതിയ ലോകത്തേക്ക്‌ യാത്രയായി.

അഞ്ചരക്ക്‌ അലാറം വച്ചിരുന്നു. ആ സമയത്ത്‌ തന്നെ എഴുന്നേറ്റു. ബാംഗ്ലൂരില്‍ എത്തിയിട്ടില്ല. എന്നാലും ചേച്ചിക്ക്‌ ഒരു വാര്‍ണിങ്ങ്‌ കൊടുക്കേണ്ടേ. വേഗം തന്നെ ഫോണ്‍ വിളിച്ച്‌ അവരെ എഴുന്നേല്‍പ്പിച്ച്‌ ഞാന്‍ വരുന്നുണ്ട്‌ എന്ന്‌ അറിയിച്ചു. ഇനിയും സമയമുണ്ടല്ലൊ കുറച്ചും കൂടി ഉറങ്ങിക്കളയാം.

വീണ്ടും എഴുന്നേറ്റത്ത്‌ 8 മണിക്ക്‌. വണ്ടി അപ്പോഴും ഓടിക്കൊണ്ടിരിക്കുന്നു. ആയ്യൊ, വേഗം പോയി കണ്ടക്ടറോട്‌ ബാംഗ്ലൂര്‍ എത്തിയോ എന്നു അന്വേഷിച്ചു. ബാംഗ്ലൂര്‍ അവസാന സ്റ്റോപ്പ്‌ ആണെന്നും അവിടെ എത്താന്‍ ഇനിയും കുറച്ചു സമയം കൂടി പിടിക്കും എന്ന്‌ മറുപടി.

കഷ്ടമായല്ലൊ. എന്റെ പദ്ധതി മുഴുവന്‍ പാളി. വീണ്ടും ചേച്ചിയെ വിളിച്ചു കാര്യങ്ങള്‍ ധരിപ്പിച്ചു. ചേച്ചി പറഞ്ഞു ഒരു 8.30-ക്കെങ്കിലും ബാംഗ്ലൂരില്‍ എത്തിയാല്‍ ഒരു 9.30-ക്കെങ്കിലും ഓഫീസ്സില്‍ എത്താം. ഒരു അര മണിക്കുര്‍ വൈകുന്നത് അത്ര പ്രശ്നമാകില്ല എന്ന്‌. എത്തിയാല്‍ ഉടനെ വിളിക്കാം എന്ന്‌ ഞാന്‍.

KSRTC-യുടെ രാജഹംസം അവസാനം പറന്ന്‌ പറന്ന്‌ ബാംഗ്ലൂര്‍ മജസ്റ്റിക്ക്‌ ബസ്സ്‌ സ്റ്റാന്റില്‍ എത്തിയപ്പൊ സമയം 9. ഹംസങ്ങള്‍ക്ക്‌ സ്പീഡ്‌ കുറവാണെന്ന്‌ അറിയാമായിരുന്നു. എന്നാലും ഇത്ര പ്രതീക്ഷിച്ചില്ല. ഇനിയിപ്പൊ ചേച്ചിയുടെ വീട്ടില്‍ പോകാനൊന്നും സമയമില്ല. നേരെ കമ്പനിയിലേക്കോടാം.

പല്ലു തേക്കണോ?

അതു തല പോകുന്ന കാര്യമൊന്നുമല്ലല്ലോ. ഇന്നൊഴിവാക്കാം.

കുളിക്കണോ?

അതിന്‌ വൈകീട്ടും സമയം ഉണ്ടല്ലോ. ഇപ്പൊ വേണ്ട.

വസ്ത്രം മാറണോ?

അത്‌ വേണം. ഇപ്പോഴേ നാറി തുടങ്ങി. എന്താ ഒരു വഴി.

എന്തായാലും ഇനി നാണവും മാനവും ഒന്നും നോക്കിയിട്ട്‌ കാര്യമില്ല. ബസ്സ്‌ സ്റ്റാന്‍ഡില്‍ ഉള്ള മൂത്രപ്പുരയില്‍ കയറി 50 പൈസയും കൊടുത്ത്‌. അകത്ത്‌ നിന്ന്‌ ഡ്രസ്സ്‌ മാറി ഇറങ്ങി വന്നപ്പൊ കാശ്‌ പിരിക്കാന്‍ നില്‍ക്കുന്നവന്‌ അതിശയം, കള്ളച്ചിരി, പുച്ഛം. നിനക്കെന്തറിയാം എന്റെ ഗതികേടെന്ന്‌ മനസ്സില്‍ വിചാരിച്ച്‌ വേഗം ശിവാജി നഗറിലേക്ക്‌ ബസ്സ്‌ തപ്പിപ്പിടിച്ച്‌ കയറി അവിടെ എത്തി.

സമയം ഒന്‍പതര. എന്റെ കയ്യിലാണെങ്കില്‍ ക്രിക്കറ്റ്‌ കിറ്റ്‌ പോലൊരു വലിയ ബാഗും. കുറെ കാലം ബാംഗ്ലുരില്‍ താമസിക്കാനുള്ളതല്ലേ. ഉപ്പ്‌ തൊട്ട്‌ കര്‍പ്പൂരം വരെ ഉള്ള സകല സാധനങ്ങളും അതിലുണ്ട്‌. വസ്ത്രങ്ങളുടെ കമനീയ ശേഖരം, ഗ്രീറ്റിങ്ങ്‌ കാര്‍ഡുകളുടെ കട തുടങ്ങാന്‍ മാത്രയും അത്‌, സോപ്പ്‌ ചീപ്പ്‌ കണ്ണാടി, ബുക്കുകള്‍,... എന്ന് വേണ്ട എന്റെ റൂമിലുണ്ടായിരുന്ന സകല സാധനവും ആ ബാഗില്‍ ഉണ്ട്‌.

ഇത്ര വലിയ ബാഗും ചുമന്നു ഓഫീസ്സിലെക്ക്‌ ആരൊ വരുന്നത്‌ കണ്ട റിസപ്ഷനിസ്റ്റ്‌ കൊറിയര്‍-കാരനായിരിക്കും എന്നു കരുതിക്കാണും. നിറചിരിയുമായി അവളുടെ ഇരിപ്പു കണ്ടാല്‍ എന്തോ കാര്യമായി അവള്‍ക്കും കിട്ടാനുണ്ടെന്ന ഭാവം. ഞാന്‍ എന്റെ ആഗമനോദ്ദേശ്യം അറിയിച്ചപ്പൊ കലാഭവന്‍ മണിയുടെ ചിരി നിറഞ്ഞ്‌ നിന്ന അവളുടെ മുഖം ബാബു നമ്പൂതിരിയുടെ പോലെ ദുഖ:സാന്ദ്രമായ ഒന്നായി.

പേരും നാളും നക്ഷത്രവുമൊക്കെ കുറിച്ച്‌ കൊടുത്ത്‌ കഴിഞ്ഞ്‌, അകത്തു കയറിക്കോളൂ എന്നവള്‍ പറഞ്ഞപ്പൊ ബാഗ്‌ ആ റിസപ്ഷന്റെ ഏതെങ്കിലും മൂലക്ക്‌ വച്ചോട്ടെ എന്ന്‌ ചോദിച്ചു ഞാന്‍. കൊറിയര്‍ ഒന്നും കിട്ടാതിരുന്നതിന്റെ വിഷമം അവള്‍ അപ്പൊ തീര്‍ത്തു. ബാഗിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പറ്റില്ല എന്ന കാരണം കൊണ്ട്‌ എന്റെ ബാഗിന്‌ മോഹിച്ച ഇരിപ്പിടം നഷ്ടപെട്ടു.

ആ ഗജാനന ബാഗും പിടിച്ചോണ്ടാണ്‌ പിന്നെ ഞാന്‍ ആ ഓഫീസ്സ്‌ മുഴുവന്‍ നടന്നത്‌. എവിടെ കൊണ്ട്‌ വച്ചാലും ആ ബാഗ്‌ ഏതെങ്കിലും ഒരു വഴി ബ്ലോക്ക്‌ ആക്കും, അപ്പൊ ആരെങ്കിലും തെറി വിളിക്കും, ഞാന്‍ ബാഗ്‌ മാറ്റും വേറെ ഏതെങ്കിലും വഴി ബ്ലോക്ക്‌ ആക്കും. ഈ കലാപരിപാടി ദിവസം മുഴുവനും നടന്നു. പുതിയ ഓഫീസില്‍ മാനേജറേയും എനിക്ക്‌ കൂടെ ജോലി ചെയ്യേണ്ടവരേയും എന്നു വേണ്ട ആരെയൊക്കെ അന്നു പരിചയപ്പെട്ടിട്ടുണ്ടൊ, അതൊക്കെ ഈ വലിയ ബാഗും തോളിലെറ്റിക്കൊണ്ടാണ്‌. ഗതികേട്‌ നോക്കണേ.

പിന്നീട്‌ ആ കമ്പനി മാറാനുള്ള തീരുമാനത്തെ വലിയൊരളവ്‌ വരെ സ്വാധീനിച്ചതും എന്റെ ഈ ആദ്യ ദിനം നല്‍കിയ ചമ്മലാണ്‌. ഈ മണ്ടത്തരത്തിന്റെ വില ഞാന്‍ ഇപ്പോഴും കൊടുത്ത്‌ കൊണ്ടിരിക്കുന്നു. പഴയ കമ്പനിയിലെ സഹപ്രവര്‍ത്തകരെ എപ്പോള്‍ കണ്ടാലും അവര്‍ക്കു ചോദിക്കാനുള്ളതൊന്നു മാത്രം. ഇപ്പോഴും ആ ബാഗ്‌ തോളത്തിട്ടാണൊ ഓഫീസ്സില്‍ നടക്കാറ്‌?

15 comments:

 1. ചില നേരത്ത്.. said...

  പഴയ സഹപ്രവര്‍ത്തകര്‍ ചോദിക്കുന്ന അതേ ചോദ്യമാണെനിക്കും ചോദിക്കാനുള്ളത്..
  നീ ഇപ്പഴും ആ വലിയ ബാഗും തോളത്തിട്ടാണോ ബാംഗ്ലൂര്‍ തെരുവിലൂടെ നടക്കുന്നത്? എങ്കില്‍ നിന്നെ ഞാന്‍ കണ്ടിട്ടുണ്ട്. അറിയാവുന്ന ഭാഷയില്‍ എന്തോ പറഞ്ഞിട്ടുമുണ്ട്. 2. സു | Su said...

  ഇപ്പോ ആ ബാഗ് നമ്മുടെ തോളത്ത് ആയ പോലെ തോന്നും വായനക്കാര്‍ക്ക്. ആ റിസപ്‌ഷനിസ്റ്റിന് ആ ബാഗില്‍ നിന്ന് ഒരു സോപ്പെടുത്ത് കൊടുത്ത് സോപ്പിട്ടിരുന്നെങ്കില്‍ അവള്‍ അത് ഏറ്റെടുക്കില്ലായിരുന്നോ?

  മറന്നു. ശ്രീജിത്തേ ആ ബാഗ് ഇപ്പോഴും തോളിലുണ്ടോ? ;) 3. Durga said...

  കൊള്ളാം ശ്രീജിത്തേ....ഇതൊന്നും ഞങ്ങളോടൊന്നും പറഞ്ഞിട്ടില്ല്യാ‍ലോ...വൈവയ്ക്കു വന്നപ്പഴോ ജെഫൂന്റെ കല്യാണത്തിനു വന്നപ്പഴോ ഒന്നും......:-))) 4. സാക്ഷി said...

  ഓ അത് ശ്രീജിത്തായിരുന്നല്ലേ. സോറി. ആളറിയാതെ എന്തൊക്കെയോ പറഞ്ഞുപോയി. 5. വിശാല മനസ്കന്‍ said...

  രസായിട്ട് എഴുതിയിട്ടുണ്ട്..:) 6. bodhappayi said...

  അടിപൊളി... :) 7. Anonymous said...

  ശ്രീജിത്തേ.. ഒരനുഭവം കൊണ്ടൊന്നും പഠിക്കില്ല അല്ലേ???

  ബിന്ദു 8. nalan::നളന്‍ said...

  രസിച്ചു....വായിച്ചു തീര്‍ന്നപ്പോള്‍ കലാഭവന്‍ മണിയുടെ മുഖം പോലെയായി 9. Omni said...

  Hello from America!! :-)

  (Click here if you dare) 10. Thulasi said...

  ശ്രീജിത്തിന്റെ ഓഫീസില്‍ ബ്ലോഗറെ ബ്ലോക്ക്‌ ചെയ്ത്ത നടപടിയില്‍ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുനു :) 11. ചില നേരത്ത്.. said...

  ആ നടപടിയില്‍ ഞാനും പ്രതിഷേധിക്കുന്നു. 12. അതുല്യ said...

  ആ ഓഫീസിനു ഭാഗ്യമുണ്ട്‌. ബ്ലോഗെഴുതി സമയം കളയുന്ന ശ്രീജിത്തീന്ന് അവര്‍ രക്ഷപെട്ടല്ല്.

  ആ ബാഗായിരുന്നോ ഇന്നാളു വീട്ടിലു വന്നപ്പോ കൊണ്ട്‌ വന്നതും? 13. Adithyan said...

  അപ്പൊ, ആക്ചലി, ആ ബാഗ്‌ ഇപ്പോളും തോളിലുണ്ടോ? 14. വക്കാരിമഷ്‌ടാ said...

  ശ്രീജിത്തേ.......മണ്ടത്തരങ്ങൾ കാണിക്കുമ്പോൾ ശ്രീജിത്ത് മൻ-ജിത്തായി മാറുമോ..

  അപരന്റെ മണ്ടത്തരങ്ങൾ ആസ്വദിച്ചാൽ നമ്മളും മണ്ടനാകുമെന്നറിയാം (സ്വതവേ മണ്ടന്മാർക്ക് ബാധകമല്ലെങ്കിലും). എങ്കിലും ആസ്വദിച്ചുപോകുന്നു...മാപ്പ്

  ടോട്ടൽ മണ്ടത്തരമീസേ കോൺസ്റ്റന്റെന്ന ഐൻസ്റ്റൈൻ വാക്യമെങ്ങാനും പൊളിച്ചെഴുതേണ്ടിവരുമോ ആവോ

  “സ്വരരാഗസുധതൂകും അഭിരാമ കവിതേ
  അനുരാഗമോഹങ്ങളുണർത്തുകയോ....

  ഇരുമിഴിയുഴിഞ്ഞെന്റെ ഹൃദയത്തിലുറങ്ങും
  കനവിനെ പുളകത്തിൽ കുളിപ്പിച്ചല്ലോ.....” 15. ശ്രീജിത്ത്‌ കെ said...

  എല്ലാവരുടേയും ശ്രദ്ധക്ക്, ആ ബാഗ് ഇപ്പോള്‍ തോളത്തില്ല. ആ ബാഗ് ഇപ്പൊ എന്റെ റൂമിന്റെ മൂലക്ക് ഗതകാല സ്മരണകള്‍ അയവിറക്കിക്കൊണ്ട് സുഖമായിരിക്കുന്നു. നിങ്ങളുടെ എല്ലാവരുടേയും അന്വേഷണം ഞാന്‍ അറിയിച്ചേക്കാം.

  ഇബ്രു, നിനക്കറിയാവുന്ന ഭാഷ എനിക്കറിയാമോ എന്നു നിനക്കറിയാത്തു കാരണം നിന്നെ ഞാന്‍ കണ്ടിട്ടുണ്ടോ എന്ന് എനിക്കോര്‍മ്മ ഇല്ല. ഇനിയിപ്പൊ അഥവാ ആരെയെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ അതു നീയാനോ സാക്ഷിയാണോ എന്നും എനിക്കറിയില്ല എന്ന് നീ അറിയണം.

  സു, ആ ഐഡിയ കൊള്ളാം. പക്ഷെ ഞാന്‍ ഒരു മണ്ടനായത് കൊണ്ട് അന്നത് തോന്നിയില്ല. എന്നെയൊക്കെ എന്താ ചെയ്യണ്ടേ!!! അഭിപ്രായത്തിന് നന്ദി.

  ദുര്‍ഗ്ഗ, വിശാലാ, കുട്ടപ്പാ, നളാ അഭിപ്രായത്തിന് നന്ദി.

  ബിന്ദു, ഞാന്‍ അനുഭവങ്ങളില്‍ നിന്ന് പഠിക്കുന്നവനായിരുന്നെങ്കില്‍ ഇങ്ങനെ ഒരു ബ്ലോഗ് തന്നെ ഉണ്ടാവുമായിരുന്നില്ല.

  ഇപ്പോള്‍ ഓഫീസില്‍ ബ്ലോഗ്ഗര്‍ ബ്ലോക്ക് ആയതു കാരണം ആര്‍ക്കും കമന്റിടാന്‍ പറ്റുന്നില്ല. എല്ലാവരും ക്ഷമിക്കണം. എനിക്ക് പിന്തുണ പ്രഖ്യാപിച്ച തുളസിക്കും, ഇബ്രുവിനും നന്ദി.

  ആരാ ഈ ഓംനി? സ്പാം അണ്ണന്‍ ആണോ?

  അതുല്യ ചേച്ചി, വീട്ടില്‍ വന്ന കാര്യമൊക്കെ ഇങ്ങനെ പരസ്യമായി വിളിച്ചു പറയല്ലേ, അങ്ങിനെ എങ്കില്‍ എനിക്കാ മണ്ടത്തരം ഇവിടെ തന്നെ പോസ്റ്റ് ചെയ്യേണ്ടി വരും.

  ആദിത്യാ, വക്കാ‍രി, അഭിപ്രായത്തിന് നന്ദി. വക്കാരിയുടെ ഐന്‍സ്റ്റൈന്‍ തീയറിയും സ്ലോകവും എനിക്ക് ഭേഷായി പിടിച്ചു.