Saturday, March 25, 2006

തോമ്മാസ്സുകുട്ടീ, വിട്ടോടാ

തോമസ്സിനെ പണ്ടു തൊട്ടേ എനിക്കറിയാം. എന്റെ സഹപാഠിയും അയല്‍ക്കാരനും ഒക്കെ ആണ്‌. ഡിഗ്രി കഴിഞ്ഞ്‌ നാട്ടില്‍ അല്ലറ ചില്ലറ പണികളുമായി കഴിയുകയായിരുന്നു.

അവന്‌ ബാംഗ്ലൂര്‍ ആണ്‌ ഏതോ ഒരു ബാങ്കിന്റെ ടെസ്റ്റിനുള്ള സെന്റര്‍ ആയി കിട്ടിയത്‌. ഇങ്ങൊട്ടു വരുന്നുണ്ടെന്നു വിളിച്ച്‌ പറഞ്ഞപ്പോള്‍ തന്നെ രാവിലെ പിക്ക്‌ ചെയ്യാനും, പരീക്ഷക്ക്‌ കൊണ്ടു വിടാനും, പിന്നെ വൈകുന്നേരം ഒരു ചെറിയ കറക്കത്തിനും ഞാന്‍ തയ്യാറായി.

നാട്ടില്‍ നിന്നുള്ള ബസ്സുകള്‍ 6 മണിക്ക്‌ മുന്നേ തന്നെ ഇവിടെ എത്തും. ഞാനാണെങ്കില്‍ സൂര്യന്‍ ഒരു 45 ഡിഗ്രി ആങ്കിളിലെങ്കിലും തറനിരപ്പില്‍ നിന്നുയര്‍ന്നാലേ എഴുന്നേല്‍ക്കാറ്‌ പതിവുള്ളൂ. രാവിലത്തെ തണുപ്പും അതിനൊരു കാരണമാണ്‌ എന്ന് വച്ചൊ (ചുമ്മാ).

എന്നാലും തോമസ്സിനു വേണ്ടി ആ കടുംകൈക്ക്‌ ഞാന്‍ തയ്യാറായി. കഷ്ടപെട്ട്‌, ബുദ്ധിമുട്ടി, പാടുപെട്ട്‌ രാവിലെ എഴുന്നേറ്റ്‌, ബൈക്കെടുത്തുപോയി അവനെ കൂട്ടിക്കൊണ്ട്‌ തിരികെ ഉറക്കപ്പിച്ചില്‍ പതുക്കെ ആടിയാടി വരുമ്പോഴാണ്‌ ഞാനതു കണ്ടത്‌. മുന്നില്‍ പോകുന്ന ഓട്ടോറിക്ഷയുടെ പെട്രോള്‍ ടാങ്കിന്റെ വശത്തു നിന്നായി എന്തോ റോഡില്‍ ഉറ്റിറ്റ്‌ വീഴുന്നു.

എന്തു അപകടമാണെന്റെ ഈശ്വരാ, അല്ലേ? തോമാസ്സും ശരി വച്ചു. ആ ഓട്ടോക്കാരനെ എങ്ങിനെയെങ്കിലും രക്ഷിക്കണം. പെട്രോള്‍ കത്താന്‍ മൊബൈല്‍ ഫോണിന്റെ ഉള്ളില്‍ ഉണ്ടാവുന്ന സ്പാര്‍ക്ക്‌ മതിയെന്നാ പെട്രോള്‍ പമ്പുകാര്‍ വരെ പറയുന്നത്‌. ഒരു തീപ്പൊരിയില്‍ ആ ഓട്ടോ കത്തിചാമ്പലാകുന്നതു കാണാന്‍ വയ്യ. അയാളെ രക്ഷപെടുത്തിയാല്‍ ഒരു ധീരതക്കുള്ള അവാര്‍ഡ്‌ ഉറപ്പ്‌. തീയോടല്ലേ കളി.

ഞാന്‍ ബൈക്കിന്റെ വേഗത കൂട്ടി. ഒരു നാലും കൂടിയ കവലയില്‍ എത്തിയപ്പോഴേക്കും സിഗ്നല്‍ ചുവപ്പായി. നാലും കൂടിയ കവലക്കു ബാംഗ്ലൂരുകാര്‍ സര്‍ക്കിള്‍ എന്നു പറയും, ചിലയിടത്ത്‌ സിഗ്നല്‍ എന്നും. എന്തായലും അതു റെഡ്‌ ആയി. എന്നാല്‍ മുന്നേ പോയ ഓട്ടോ സിഗ്നല്‍ കടക്കുകയും ചെയ്‌തു. ഛെ, മിസ്സായി.

എന്നാലും പിന്മാറാന്‍ ഞങ്ങള്‍ ഒരുക്കമല്ലായിരുന്നു. സിഗ്നല്‍ മാറിയതും ഞങ്ങള്‍ തടയാന്‍ ഓട്ടോയെ വീണ്ടും നോക്കി. പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്നു പറഞ്ഞ അവസ്ഥ. പോരാണ്ട്‌ എല്ലാ ഓട്ടോയും പിറകില്‍നിന്നു നോക്കിയാല്‍ ഒരുപോലെ ഇരിക്കും. ഉറ്റിറ്റു വീഴുന്ന പെട്രോള്‍ കണ്ടു വേണം ഓട്ടോ തിരിച്ചറിയാന്‍. അതിന്റെ പെട്രോള്‍ തീരല്ലേ ഭഗവനെ എന്നു മനസ്സില്‍ വിചാരിച്ചതും എന്റെ വണ്ടിയുടെ പെട്രോള്‍ തീര്‍ന്നു.

അധികം ദൂരെയല്ലാതെ ഒരു പെട്രോള്‍ പമ്പുണ്ടായിരുന്നതു ഭാഗ്യം. എന്നാലും തള്ളി തള്ളി അവിടെ എത്തിയപ്പോഴേക്കും രണ്ടാളുടേയും പരിപ്പിളകി. ആ തണുത്ത പ്രഭാതത്തിലും ഞങ്ങള്‍ വിയര്‍ത്തു കുളിച്ചു. എന്നാലും ഞങ്ങള്‍ക്ക്‌ വിടാന്‍ ഉദ്ദേശമില്ലായിരുന്നു.

വയര്‍ നിറഞ്ഞ ആശ്വാസത്തിലിരിക്കുന്ന ബൈക്കിനെ ഞാന്‍ സ്പീഡോമീറ്ററിന്റെ കാണാത്ത കരകളിലെത്തിച്ചു. കാറ്റത്ത്‌ വിയര്‍പ്പൊക്കെ ശ്ശടേന്ന് ഉണങ്ങി. കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ധാര ധാരയായി ഒഴുകിത്തുടങ്ങി. പക്ഷെ അത്‌ കവിളിലെത്തുന്നതിനു മുന്നേ ആവി ആയിപ്പോകും, അത്തരമാ കാറ്റ്‌. ജോണ്‍ എബ്രഹാമിന്റെ പരസ്യത്തില്‍ കാണുന്ന പോലെ ബൈക്ക്‌ ഞാന്‍ കിടത്തിയും ചെരിച്ചും എല്ലാം ഒരു മത്സരത്തില്‍ പങ്കെടുക്കുന്ന കണക്കെ പറപ്പിച്ച്‌ പറപ്പിച്ച്‌ പോകുമ്പോഴതാ ദൂരെയായി നമ്മുടെ കഥാനായകന്‍ ഓട്ടോ. അതെ നമ്മുടെ ഓട്ടോ, ഓട്ടയുള്ള ഓട്ടോ, ഞങ്ങള്‍ക്ക്‌ അവാര്‍ഡ്‌ നേടിത്തരാനുള്ള ഓട്ടോ.

പിന്നെ ഒരു പരവേശമായിരുന്നു. ചാടിക്കെട്ടിയമര്‍ന്ന്‌, മുന്നോട്ടാഞ്ഞ്‌, വലത്‌ മാറി, ഇടത്‌ മാറി, എന്നൊക്കെ അഭ്യാസം കാണിക്കുന്ന ഒരു കളരിയഭ്യാസിയുടെ കണക്കെ ഞങ്ങള്‍ ക്ഷണനേരം കൊണ്ട്‌ ഓട്ടോയുടെ ഒപ്പം എത്തി, മുന്നില്‍ തൊട്ടു തൊട്ടില്ല എന്ന തരത്തില്‍ നിര്‍ത്തി ഓട്ടോയേയും നിര്‍ത്തിച്ച്‌ അയാളെ രക്ഷിക്കാനായി ഓടിവന്ന്‌ "വണ്ടിയില്‍ നിന്നു പെട്രോള്‍ ലീക്ക്‌ ആവുന്നു, വേഗം ഓടിക്കൊ, വണ്ടി ഇപ്പൊ കത്തും" എന്നൊക്കെ പറഞ്ഞ്‌ അയാളെ ഓട്ടോയില്‍ നിന്നിറക്കാന്‍ ശ്രമിക്കുമ്പോഴാണ്‌ തോമസ്സ്‌ ആ ദൃശ്യം കാണുന്നത്‌. പിന്നാലെ ഞാനും. ആ ഓട്ടോയില്‍ നിറയെ ഉണ്ടായിരുന്നത്‌ പലവലിപ്പത്തിലുള്ള അഞ്ചാറ്‌ ഏസ്‌ കട്ടകള്‍. അപ്പൊ റോഡില്‍ ഉറ്റിറ്റ്‌ വീണുകൊണ്ടിരുന്നതു വെറും വെള്ളമായിരുന്നു, സാക്ഷാല്‍ H2O.

രാവിലെ തന്നെ സമയം മെനക്കെടുത്തിയതിനും വെറുതേ ആളെ പേടിപ്പിച്ചതിനും ആ ഓട്ടോക്കാരന്‍ കന്നഡയില്‍ തെറിപറയാനൊരുങ്ങി. ഇമ്മാതിരി മണ്ടത്തരങ്ങള്‍ ഒക്കെ ഒരുപാട്‌ ഒപ്പിച്ചിട്ടുള്ള, അതില്‍ നിന്നൊക്കെ പുല്ലു പോലെ ഊരിയിട്ടുള്ള ഞാന്‍ അതിനു മുന്നേ അലറി "തോമ്മാസ്സുകുട്ടീ, വിട്ടോടാ"

13 comments:

  1. സു | Su said...

    ഹിഹിഹി. പാവം തോമസിന് ഐസ് കട്ട കൊണ്ടെങ്കിലും ഏറ് കിട്ടിക്കാണും. ടെസ്റ്റ് എഴുതാതെ അപ്പോള്‍ത്തന്നെ നാട്ടിലേക്ക് തിരിച്ചും പോയിക്കാണും.



  2. ശനിയന്‍ \OvO/ Shaniyan said...

    ശ്രീജിത്തേ, കന്നഡയില്‍ തെറി പറഞ്ഞാല്‍, നമ്മുടെ സ്ഥിരം പല്ലവി ഇല്ലേ? “കന്നഡാ ഗൊത്തില്ലാ!!“ അതു ഭയങ്കര ഉപയോഗപ്രദം ആണ്.. ;-)



  3. ചില നേരത്ത്.. said...

    ഹ ഹ ..തിരുമണ്ടന്‍.



  4. ഇളംതെന്നല്‍.... said...

    നീയൊരു ഒന്നൊന്നര സംഭവം തന്നെ ശ്രീ.....



  5. രാജീവ് സാക്ഷി | Rajeev Sakshi said...

    ശ്രീജിത്തേ സ്ട്രോങ്ങ് അല്പം കുറഞ്ഞോ?
    സ്ട്രോങ്ങ് കുറഞ്ഞത് മണ്ടത്തരത്തിനാണോ എഴുത്തിനാണോയെന്ന് പിടികിട്ടണില്യാ.

    ഇനി മധുരം കൂട്ടി കടുപ്പത്തിലൊരെണ്ണം പോന്നോട്ടെ.:)



  6. അതുല്യ said...

    എന്റെ സുഹൃത്തിനൊരു മോളുണ്ടായിരുന്നു. ശ്രീജിത്തിന്റെ ഫോട്ടം ഒക്കെ കണ്ട്‌, ഞാന്‍ എന്നാ ഒന്ന് ആലോചിയ്കാം ന്ന് പറഞ്ഞ്‌ ഫോണ്‍ വച്ചിട്ടാ ഈ ബ്ലോഗ്ഗ്‌ വായിച്ചത്‌.

    ഇനി അതു വേണോ ശ്രീക്കുട്ടാ? അവളെ എന്തിനാ കാട്ടിലേയ്ക്‌ അയയ്കുന്നത്‌ അല്ലയോ?



  7. Durga said...

    ഈശ്വരാ, ഈ തിരുമണ്ടന്റെ കൂടെ താമസിച്ചു പാവം സുജേഷിന്റെ ഗതി എന്താവുമോ ആവോ? കുസാറ്റില്‍ ശ്രീജിത്തിന്റെ പേരില്‍ മണ്ടന്മാര്‍ക്കു ഒരു അവാര്‍ഡ് എര്‍പ്പെടുത്തുന്ന കാര്യം പ്രമോദ് സാര്‍ കഴിഞ്ഞ ദിവസം ഞാന്‍ അവിടെ ചെന്നപ്പോള്‍ എന്നൊടു പറയുകയുണ്ടായി.....



  8. bodhappayi said...

    ഈ തോമാസുകുട്ടീം വല്യ മോശം ഒന്നും ഇല്ല്യ ട്ടോ... രണ്ടു പുലികള്‍ നിന്റെ ബൈക്കില്‍ കൊണ്ടതു തന്നെ അദ്ഭുതം... :)



  9. Anonymous said...

    എനിക്കുതോന്നുന്നത്‌ ശ്രീജിത്ത് “പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ” എന്ന്‌ വേറൊരു തരത്തില്‍ പറയുകയാണെന്നാ. “മണ്ടത്തരങള്‍ ചെയ്യാത്തവര്‍ കമന്റ്‌ വെയ്ക്കാതിരിക്കട്ടെ” ഞാനതോണ്ട്‌ ഇതുവരെ കമന്റ് വച്ചില്ല. ഇപ്പോ ഞാനും....... -സു-



  10. Anonymous said...

    പെട്ടെന്നു തന്നെ ഓട്ടോ കണ്ടു പിടിച്ചത്‌ ശരിയായില്ല, കുറച്ചു കൂടി ഓടി വേറെ എന്തെങ്കിലും മണ്ടത്തരങ്ങള്‍ കൂടി ഒപ്പിച്ചിട്ടു മതിയായിരുന്നു.

    ബിന്ദു



  11. അരവിന്ദ് :: aravind said...

    ശ്രീജിത്തിന്റെ ബൈക്കോടിക്കല്‍ വായിച്ചപ്പോ എന്റെ ഒരു ചെറിയ കഥ ഓര്‍മ്മ വന്നു.
    ബാംഗ്ലൂരിലായിരുന്നപ്പോ എനിക്കും ഉണ്ടായിരുന്നു ഉശിരന്‍ ഒരു ശകടന്‍.
    ഒരു ദിവസം ഇന്നൊവേഷന്‍ മള്‍ട്ടിപ്ലെക്സില്‍ സെക്കണ്ട് ഷോയും കണ്ട് സഹമുറിയന്‍ ഒരുത്തനെ പുറകിലുമിരുത്തി ഔട്ടര്‍ റിംഗ് റോഡിലൂടെ പറപ്പിച്ച് വരികയാണ്. റിംഗ് റോഡ് കഴിഞ്ഞ് മഡിവാലയിലേക്ക് വരുന്ന റോഡില്‍ കയറി, അവിടെ ഒരു സ്ഥലത്ത് ഒരു അപാര
    ഹമ്പ് ഉണ്ട്. വാഹനമോടിക്കുന്ന്വരോടും, വാഹനങ്ങളോടും യാതൊരു ദയയുമില്ലാതെ അപകടകര‍മായ രീതിയില്‍ നില്‍ക്കുന്ന ഒരു ഹമ്പ്. അറിയാതെ സ്പീഡില്‍ വന്നു കയറിയാല്‍ പറന്നു പൊങ്ങി ക്രാഷ് ലാന്‍‌ഡ് ചെയ്യും.
    അന്നു രാത്രി ഒന്നുമറിയാതെ ഞാനും ഒരു നൂറേ നൂറ്റിപ്പത്തില്‍ അതില്‍ കയറി.
    ബൈക്കും പൊങ്ങി, അതിനേക്കാളും ഞാനും പൊങ്ങി.
    ദൈവസഹായമോ മറ്റോ..ബൈക്ക് രണ്ടു ടയറും കുത്തി വീണു, ഞാനും ഇരുന്ന പോലെ തിരിച്ചു വീണു, ബാലന്‍സു കിട്ടി, ബൈക്ക് മറിഞ്ഞില്ല.
    ആദ്യത്തെ എക്സൈറ്റ്മെന്റ് കഴിഞ്ഞപ്പോ “ഡാ നീയവിടെ ഒണ്ടോ” എന്നു പുറകിലിരുന്നവനോട് ചോദിച്ചു. ഉണ്ട്. അവനവിടെത്തന്നെയുണ്ട്.
    പൊങ്ങച്ചം എന്റെ കൂടപ്പിറപ്പാണല്ലോ..
    “ഡാ” ഞാന്‍ പറഞ്ഞു.” അത്രേം സ്പീഡില്‍ വന്നു, ബൈക്ക് പൊങ്ങിപ്പോയിട്ടും അതു വീഴാതെ മാനേയ്ജ് ചെയ്ത എന്റെ ബാലന്‍സ് എങ്ങിനെയുണ്ട്?”
    ഒരു പുകഴ്ത്തന്‍ പ്രതീക്ഷിച്ചു. കിട്ടിയത് അവന്റെ അരിശം വന്ന മറുപടി.
    “പോടാ *&%$@@, സീറ്റില്‍ നിന്ന് അത്രേം പൊങ്ങിപ്പോയിട്ടും, തിരിച്ചു സീറ്റില്‍ വന്നിരുന്ന എന്റെ ബാലന്‍സ് എങ്ങനെയുണ്ടെടാ!“



    ശ്രീജിത്തേ , കഥ നന്നായി ട്ടോ. :-)



  12. Sreejith K. said...

    സൂ, തോമസ്സ് എത്തിയതല്ലേ ഉള്ളു. ഇവിടുന്നു കുറച്ചും കൂടി മണ്ടത്തരങ്ങള്‍ കാണിക്കട്ടെ. ഇപ്പോഴേ പോകുന്ന കാര്യം ആലോച്ചിക്കല്ലേ.

    ശനിയാ, കന്നട ഗൊത്തില്ല. എന്നാലും തേറിക്കു ഭാഷ ഉണ്ടോ. അഥവാ ഉണ്ടെങ്കിലും തല്ലിനില്ലല്ലോ. അപ്പൊ ഓടുകയേ നിവര്‍ത്തിയുള്ളൂ.

    ഇബ്രൂ, ആരിഫ്, നന്ദി.

    സാക്ഷി, ഇതിനു മുന്നേയുള്ള പോസ്റ്റിന്റെ അത്രെം ഇത് ആയില്ല എന്നു വേറെ ചിലരും പറഞ്ഞു. അഭിപ്രായത്തിന് നന്ദി. അതു പോലെ ഒരു സീരിയസ്സ് വിഷയം അല്ലാത്തത് കൊണ്ടായിരിക്കാന്‍ അങ്ങിനെ. എന്തായാലും ഇനിയുള്ള രചനകള്‍‍ ഞാന്‍ നന്നാക്കാന്‍ ശ്രമിക്കാം.

    അതുല്യ ചേച്ചി, എന്നെ കൈവിടരുത്, പ്ലീസ്. ആ ആലോചന നമുക്കു ഒന്നുംകൂടി പൊടി തട്ടിയെടുക്കാം. എന്നെ വഴക്കു പറഞ്ഞാല്‍ മതി. ഞാന്‍ നന്നായിക്കൊള്ളും.

    ദുര്‍ഗ്ഗക്ക് എന്നെക്കാളും സ്നേഹം എന്റെ സഹമുറിയനെ ആണ്. ഈ ഏര്‍പ്പാട് ശരിയാവുകേല. ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു.

    -സു-, എന്താ -സു- ഈ ബുദ്ധി എല്ലാവര്‍ക്കും തോന്നാത്തത്. ഏതു മണ്ടനും ഏതു ബുദ്ധിമാനും എന്റെ പോസ്റ്റില്‍ കമന്റിടാം. ഞാന്‍ കാശു ചോദിക്കില്ല, സത്യം.

    ബിന്ദു, ഓട്ടോ പെട്ടെന്ന് കണ്ടുപിടിച്ചാലെന്താ, മണ്ടത്തരങ്ങള്‍ അവസാനിക്കുന്നില്ല. പുതിയ തോമ്മാ സുവിശേഷം നോക്കൂ.

    അരവിന്ദാ, കഥ കലക്കി. ബാലന്‍സ് അപാരം. ആ ഹമ്പില്‍ ഞാനും ബൈക്ക് ഡാന്‍സ് ചെയ്തിട്ടുണ്ട് കേട്ടോ. ഒരിക്കലല്ല, പലവട്ടം.



  13. Kalesh Kumar said...

    അല്പം ലേറ്റായി പോയി!
    കലക്കീട്ടൊണ്ട് ശ്രീജിത്തേ!
    സത്യാന്വേഷണ പരീക്ഷണങ്ങള്‍ തുടര്‍ന്നും ഞങ്ങളെയെല്ലാം അറിയിക്കൂ!