Thursday, March 09, 2006

മണ്ടത്തര വാര്‍ത്തകള്‍

നമസ്കാരം. മണ്ടത്തര വാര്‍ത്തകളിലേക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും സ്വാഗതം. വാര്‍ത്തകള്‍ വായിക്കുന്നത് തിരുമണ്ടന്‍ കുട്ടന്‍.

പക്ഷിപ്പനി ഭീതി അകറ്റാന്‍ കോഴി മുതലാളി സംഘടന നടത്തിയ കോഴി മേള, ആളുകളുടെ തിക്കും തിരക്കും കാരണം അലങ്കോലമായി. കോഴിക്കോടും പിന്നീട് പൊന്നാനിയിലും നടത്തിയ രണ്ടു കോഴി മേളകളും ആളുക്കളുടെ ആക്രാന്തം മൂലം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. രണ്ടിടത്തും പോലീസ് ഇടപെട്ടാണ് ജനങ്ങളെ കോഴിക്കറിയില്‍ നിന്നും അകറ്റിയത്. പോലീസ് വന്നില്ലായിരുന്നുവെങ്കില്‍ അവര്‍ ആ കോഴിക്കറി വച്ചവരേയും പിടിച്ചു തിന്നുമായിരുന്നു എന്നാണ് അവിടെ ഉണ്ടായിരുന്ന മണ്ടത്തരങ്ങള്‍ ടി.വി-യുടെ റിപ്പോര്‍ട്ടര്‍ മണ്ണുണ്ണി ഫോണ്‍ വിളിച്ച് പറഞ്ഞത്. കുറച്ച് നാളുകള്‍ക്ക് മുന്നേ മൈസൂരില്‍ നടന്ന കോഴി മേളയും ഇതു പോലെ ജനങ്ങള്‍ ഒരു വഴിക്കാക്കി കൊടുത്തിരുന്നു.

കാര്യം പരിപാടി അലങ്കോലമായെങ്കിലും ജനങ്ങളുടെ മനസ്സില്‍ കോഴിയെക്കുറിച്ച് ഒരു ഭയവും ഇല്ലെന്ന് ഇതിനാല്‍ തെളിഞ്ഞിരിക്കുകയാണെന്ന് സംഘാടകര്‍ അവകാശപെട്ടു. പക്ഷിപ്പനി എന്ന് കേട്ടാല്‍ ജലദോഷപ്പനി എന്നു കേള്‍ക്കുന്ന അത്രയെ ഉള്ളു ഇപ്പൊ ജനങ്ങള്‍ക്ക് എന്നു അവര്‍ പത്രസമ്മേളനം നടത്തി ചാരിതാര്‍ത്ഥ്യത്തോടെ വിളിച്ചു പറഞ്ഞു.

ഇങ്ങനെ ഒരു വാര്‍ത്ത നിങ്ങള്‍ ടി.വി-യില്‍ കേട്ടു കാണും. ഇതിനേക്കാല്‍ വലിയ മണ്ടത്തരം വേറെ എന്തുണ്ട്? ജനങ്ങള്‍ ഇരച്ചു കേറിയത് പക്ഷിപ്പനിയെക്കുറിച്ച് പേടി ഇല്ലാഞ്ഞിട്ടാണത്രേ. അയ്യട !!! അവിടെ AIDS ബാധിച്ച കോഴിയെ വിതരണം ചെയ്‌തിരുന്നെങ്കില്‍ പോലും ഇത്ര തന്നെ തിരക്കുണ്ടാകുമായിരുന്നു. ആസിഡ് കൊടുത്താലും ഓസിനു കുടിക്കുന്ന ജനങ്ങളല്ലേ നമ്മുടെ നാട്ടിലുള്ളത്.

ഈ വാര്‍ത്തയും അതില്‍നിന്ന് സംഘാടകര്‍ ഊഹിച്ചതും കണ്ടപ്പോള്‍ എനിക്കു ഒരു പഴയ വാര്‍ത്തയാണ് ഓര്‍മ്മ വന്നത്. സമയവും കാലവും ഓര്‍മ്മയില്ല. കേരളത്തില്‍ എപ്പോഴോ എവിടുന്നോ എങ്ങോട്ടൊ പൊയിക്കൊണ്ടിരുന്ന ഒരു ട്രെയില്‍ എവിടെ വച്ചോ അപകടം പറ്റുന്നു. പാളത്തില്‍ കിടന്നിരുന്ന പാറയില്‍ തട്ടി എഞ്ചിന്‍ കേടായിപ്പോകുന്നു. ഇടിയുടെ ആഘാതത്തില്‍ എഞ്ചിന്റെ ഡീസല്‍ ടാങ്ക് പൊട്ടുകയും ഡീസല്‍ അവിടമാകെ പരക്കുകയും ചെയ്യുന്നു.

പിന്നെ അവിടെ കണ്ടത് വെറുതേ കിട്ടിയ ഡീസല്‍ അടിച്ചു മാറ്റാനുല്ല നാട്ടുകാരുടെ വ്യഗ്രത അല്ലെങ്കില്‍ ത്വര ആണ്. ബക്കറ്റിലും കലത്തിലും കുടത്തിലും ആയി ഡീസല്‍ കോരിക്കൊണ്ടു പോകാന്‍ അവിടെ തിക്കും തിരക്കും ആയി, അടിയായി ബഹളമായി. കിട്ടാനുള്ള അത്രയും ഡീസല്‍ വാരിക്കൂട്ടാന്‍ ആ എഞ്ചിന്റെ പുറത്തും അകത്തും ആളുകള്‍ തിങ്ങിക്കൂടി.

രസം ഇതൊന്നുമല്ല. ടാങ്കില്‍ നിന്നും ചീറ്റിക്കൊണ്ടിരുന്ന ഡീസല്‍ അവിടെ നിന്നിരുന്ന എല്ലാവരുടേയും ദേഹത്ത് വീഴുന്നുണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ അവിടെ നിന്നിരുന്നവരെല്ലാം ഡീസലില്‍ മുങ്ങിക്കുളിച്ചിരിക്കുകയായിരുന്നു. ആ ചിത്രം മനോരമയില്‍ വന്നത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. അന്നേരം, എവിടെ നിന്നെങ്കിലും ഒരു ചെറിയ തീപ്പൊരി ഉണ്ടായിരുന്നെങ്കില്‍ ഇക്കണ്ട ജനങ്ങളെല്ലാം നിന്നു കത്തിയേനെ. തീ തപ്പി എങ്ങും പോകണ്ട. അവിടെ ഒരു ട്രെയില്‍ അപകടം കഴിഞ്ഞതേയുള്ളു എന്നതോര്‍ത്താല്‍ മാത്രം മതി.

അങ്ങിനെ ഡീസലില്‍ കുളിച്ച് അപകടപ്പെട്ട ഒരു ട്രെയിന്റെ എഞ്ചിന്റെ നെഞ്ചത്ത് കേറി നില്‍ക്കാന്‍ മടിയില്ലാത്ത നാട്ടുകാര്‍ക്കാണോ വെറുതേ കിട്ടുന്ന കോഴിക്കറി വാങ്ങാന്‍ മടി? എന്തുവാ സംഘാടകരേ നിങ്ങള്‍ ഈ അവകാശപ്പെടുന്നത്? നിങ്ങള്‍ക്ക് നാണമില്ലേ? ഇമ്മാതിരി മണ്ടത്തരം പത്രസമ്മേളനം നടത്തിയാനോ വിളിച്ചു കൂവുന്നത്. കൂടിപ്പോയാല്‍ ബ്ലോഗില്‍ ഇടാം എന്നല്ലാണ്ട്!

***
വാല്‍കഷ്ണം: അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയില്‍ വന്നപ്പോള്‍ അതിനെതിരെ പ്രതിഷേധ ജാഥകളും സമ്മേളനവും നടത്തിയ ഒരു പാര്‍ട്ടി, ഘോര ഘോരം വിളിച്ച് കൂവിയത്, പ്രവാചകനെ മോശമായി ചിത്രീകരിച്ചതിനു ബുഷ് ഭായി മാപ്പ് പറയണമെന്നായിരുന്നു. ഡെന്മാര്‍ക്കില്‍ ഏതോ ഒരു പത്രം ഒരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനു പാവം അമേരിക്കന്‍ പ്രസിഡന്റ് എന്തു പിഴച്ചു? നിങ്ങളോടൊന്നും മണ്ടത്തരം പറഞ്ഞ് മത്സരിക്കാന്‍ ഞാന്‍ ആളല്ലേ...

16 comments:

  1. Durga said...

    :)



  2. Durga said...

    Sreejithinekkaal valia mandanmaaro?



  3. Durga said...

    കൊള്ളാം ശ്രീജിത്തേ, നന്നാവുന്നുണ്ടുട്ടൊ...:))



  4. ചില നേരത്ത്.. said...

    മണ്ടത്തരങ്ങള്‍ ഇങ്ങിനെ വഴിമാറ്റിയതില്‍ സന്തോഷമുണ്ട്. ആനുകാലിക പ്രസക്തമായ മണ്ടത്തരങ്ങള്‍ തുറന്ന് കാട്ടി തുടങ്ങുമ്പോള്‍ ഉത്തരവാദിത്വങ്ങള്‍ കൂടും, വിമര്‍ശനങ്ങളും. പക്ഷേ സ്വന്തം മണ്ടത്തരത്തേക്കാള്‍ സംതൃപ്തി അതിനുണ്ടാകും. അപ്പോ അങ്കം തുടങ്ങിക്കോ..
    എല്ലാവിധ ആശംസകളും..
    സസ്നേഹം
    ഇബ്രു-



  5. ചില നേരത്ത്.. said...

    ദുര്‍ഗാ.
    മലയാള ബ്ലോഗ് കൂടെ തുടങ്ങൂ. advance ആയി സ്വാഗതം..



  6. Durga said...

    ശരി.:)



  7. bodhappayi said...

    AIDS ഒള്ള കോഴിയെ തിന്നാ AIDS വരില്ലാ മാഷെ, അതിനു കീഴെ പറയുന്ന ഏതെഗ്ഗിലും ഒന്നു ചെയ്യണം:
    1. ഒരു മുട്ട വിരിഞ്ഞു ഒണ്ടാവണം,
    2. നമ്മുടെ സാക്ഷിയുടെ ശങ്കുമ്മാനെപ്പോലെ ചോര കുടിക്കണം,
    3. നമ്മുടെ ച്ഛെ എഴുതാന്‍ സധ്യതയുള്ള ഒരു പോസ്റ്റില്‍ പറയാന്‍ പോകുന്ന പോലെ ചെയ്യണം.

    പിന്നെന്താ പേടിക്കാന്‍.



  8. Sapna Anu B.George said...

    ശ്രീജിത്തേ.......... പാവം കോഴിക്കറിയില്ല ഇത്രമാത്രം ഒഴിച്ചുകൂടാന്‍ പറ്റാത്ത,ഇത്ര വിലപിടീപ്പുള്ള ഒരു വസ്തുവായി മാറിയിരിക്കുകയ്ണെന്നുള്ള കാര്യം.
    പക്ഷിതോ രക്ഷതാ.....



  9. Sapna Anu B.George said...

    നന്ദി പെരിങൊടരെ........ഇതാണ് യഥാര്‍ഥ സ്വാതന്ദ്ര്യം'womenhood' എന്ന വാക്കിനെ സ്തിരീകരിച്ചതിന്നു, ഒരു വാക്കിന്റെ അകലത്തില്‍ എപ്പോഴും , ഒരു സഹജീവിയോടുകാണിക്കേണ്ട സഹാനുഭൂതി ഉണ്ടെന്ന്നുള്ള ഒരു തോന്നല്‍.... അതു മതി....... വളരെ നന്ദി.



  10. രാജീവ് സാക്ഷി | Rajeev Sakshi said...

    അതെ ശ്രീജിത്,
    ഇത് നല്ലൊരു ചുവടുമാറ്റമാണ്.
    ശ്രീജിത്തിന്‍റെ ചുമലിലേക്ക് വലിയൊരു ഭാരം കയറ്റി വയ്ക്കുകയല്ല.
    ഇടയ്ക്ക് ഇങ്ങനെയും ആവാം എന്നു പറയുകയായിരുന്നു.
    ആശംസകള്‍.



  11. ശനിയന്‍ \OvO/ Shaniyan said...

    എനിക്ക്‌ ഇതാണ്‌ പെട്ടെന്നോര്‍മ്മ വന്നത്‌..
    :-)

    "അപകടമുണ്ടായാൽ ഇത്രമാത്രം സഹകരിക്കുന്ന നാട്ടുകാരെ നമുക്ക്‌ കണ്ടുകിട്ടാൻ പ്രയാസമാണ്‌. പുലർച്ചെ 5 മണിക്കടുത്ത്‌ മറിഞ്ഞ ചാള (മത്തി )കയറ്റിയ 407, ഒരു മണിക്കൂർ കൊണ്ട്‌, പൊടിപോലുമില്ലാ കണ്ടുപിടിക്കാനെന്ന് പറഞ്ഞപോലെ വൃത്തിയാക്കി വണ്ടി 'മോറി' വച്ചത്‌ ചില്ലറ കാര്യമാണോ??

    അപകടം നടന്നതറിഞ്ഞ്‌ വന്ന പോലീസുകാർ വണ്ടിക്കാരോട്‌ ചോദിച്ചത്രേ. 'ലോഡ്‌ വണ്ടിയാണെന്നല്ലേടാ പറഞ്ഞത്‌...ഇത്‌ കാലി വണ്ടിയാണല്ലോ? എന്ന്.

    "മറിഞ്ഞപ്പോൾ ഫുൾ ലോഡുണ്ടായിരുന്നു. ആക്സിഡന്റ്‌ നടന്ന് ഒരഞ്ചുമിനിറ്റിനുള്ളിൽ ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളുമൊക്കെയായി ഒരു പട വന്ന്, പറഞ്ഞനേരംകൊണ്ട്‌ ചൂരക്കൊട്ടയിലും മാനാങ്കൊട്ടയിലും വാരിയിട്ട്‌ കൊണ്ടോയി സാറെ" എന്ന് ഡ്രൈവർ.

    എനിവേ, അന്ന് ഉളുമ്പത്തുകുന്നുകാർ വിവരമറിഞ്ഞു..! ഫ്രിഡ്ജില്ലാത്തതുകൊണ്ട്‌, കൂട്ടാനും ഫ്രൈക്കും പുറമേ, തോരൻ, ഉപ്പേരി, ചില്ലി ചാള, ചാള 65 തുടങ്ങി, ചാള കഞ്ഞി വരെ വച്ച്‌ കുടിച്ചു ആർമാദിച്ചു. ആനന്ദം ഒരു ദിവസത്തിൽ കൂടുതൽ കിട്ടിയില്ല. ചാള നെയ്യ്‌ അമാശയത്തിന്റെ തലക്കടിക്കുകയും ബാലസുധ കുടിച്ചവരെപ്പോലെ അന്നാട്ടുകാർ രണ്ടുദിവസം 'വെരി ബിസി' ആവുകയും ചെയ്തു.

    ആ സംഭവത്തിന്‌ ശേഷം ചാള അവരാരും കഴിക്കാതെയായി. ചാള കണ്ടാൽ ഇപ്പോഴും ഉളുമ്പത്തുംകുന്നുകാർ തെറിപറയുമത്രേ..!"



  12. ശനിയന്‍ \OvO/ Shaniyan said...

    കടപ്പാട്‌ വിശാലന്‌.. (സാറി സാര്‍.. വിട്ടുപോയി)



  13. Anonymous said...

    അങ്ങനെ അതും സംഭവിച്ചു. ഇതാ, കോഴിമേള + ഫോട്ടോസ്
    http://www.deepika.com/CAT2_sub.asp?ccode=CAT2&newscode=146916
    see it before the link changes:



  14. Unknown said...

    വളരെ പരിമിതമായ അറിവുള്ള ഞാന്‍ ഒരു കാര്യം പറഞ്ഞോട്ടെ, പറഞ്ഞ് കേട്ട അറിവാണ്‌. ഡീസല്‍ വെറുതെ തീ പിടിക്കില്ല. ഡീസല്‍ കത്തണമെങ്കില്‍, അതിനെ കമ്പ്രസ്സ് ചെയ്യണം. ഉയര്‍ന്ന മര്‍ദ്ദത്തില്‍ മാത്രമേ ഡീസലിന്‌ കത്താന്‍ സാധിക്കൂ. അതു കൊണ്ടാണ്‌ ഡീസല്‍ എന്‍ഫീല്ഡിന്റെ സൈഡില്‍ ഒരു വലിയ സുനാമെട്രി വച്ചിരിക്കുന്നത്, പ്രെഷര്‍ കൂട്ടാന്‍. തെറ്റുണ്ടെങ്കില്‍ തിരുത്തുമല്ലൊ അല്ലെ?



  15. Sreejith K. said...

    പെട്രോള്‍ പോലെ എളുപ്പം തീ പിടിക്കുന്ന ഒന്നല്ല ഡീസല്‍. വളരെ ഉയര്‍ന്ന മര്‍ദ്ദത്തിന്റെ സഹായത്തിലാണ് ഡീസല്‍ എഞ്ചിനുകളില്‍ ഇത് കത്തിക്കുന്നത്. ഡീസല്‍ എഞ്ചിനുകളില്‍ സ്പാര്‍ക്ക് പ്ലഗ് ഉണ്ടാവില്ല എന്നതും ശ്രദ്ധിച്ച് കാണുമല്ലോ. താങ്കളുടെ അറിവ് തികച്ചും സത്യം. (എഞ്ചിനു പുറത്ത് കാണുന്ന വലിയ സുനാമെട്രി, റേഡിയേറ്റര്‍ ആണ്. അത് എഞ്ചിന്‍ തണുപ്പിക്കാനായിട്ടുള്ളതാണ്.)

    എന്നാല്‍ ഇത് എഞ്ചിനുകളെ മാത്രം സംബന്ധിക്കുന്ന കാര്യമാണ്. മറ്റൊരു ഉദാഹരണത്താല്‍ ഞാന്‍ പറഞ്ഞത് വ്യക്തമാക്കാം.

    വെളിച്ചെണ്ണ, കത്തുന്ന ഒരു സാധനമല്ല. മെഴുകും കത്തുന്ന ഒരു സാധനമല്ല. പക്ഷെ ഇവ രണ്ടിലും ഒരു തിരി വച്ചാല്‍ ആ തിരി അസ്സലായി കത്തും. അതുപോലെയാണ് ഡീസലില്‍ കുളിച്ച് നില്‍ക്കുന്ന ആളുകളുടെ കാര്യവും. ഡീസലല്ല കത്തുന്നത്, ഡീസല്‍ കത്തല്‍ സഹായിക്കുന്നു എന്ന് മാത്രം. ഇപ്പോള്‍ സംശയം ഒഴിവായെന്ന് കരുതട്ടെ.



  16. മിടുക്കന്‍ said...

    എന്തിനധികം പറയുന്നു..?
    അങ്ങനെ എല്ലാരും കൂടെ ഒരു മണ്ടനെ മിടുക്കനാക്കി...

    (മിടുക്കന്മാരെ മുട്ടീട്ട്‌ ഇപ്പൊ നട്ക്കാന്‍ പറ്റുന്നില്ലല്ലൊ..!)