Saturday, March 04, 2006

International മണ്ടത്തരം

ആദ്യമേ പറയട്ടെ, ഇത്‌ എന്റെ കഥ അല്ല. കുറേ നാളായി ഞാന്‍ എന്നെപ്പറ്റി മാത്രം പറയുന്നു. ഞാന്‍ എന്റെ തന്നെ കുഴി തോണ്ടി എന്നെ സ്വയം നാണം കെടുത്തുന്നു. മതി. ഇനി മറ്റുള്ളവരുടെ പുറത്ത്‌ കുതിര കേറാം എന്നാണ്‌ തീരുമാനം. അത്‌ കൊണ്ട്‌ ഇന്ന്‌ ഞാന്‍ പറയാന്‍ പോകുന്നത്‌ മനോഹരന്‍ ചേട്ടന്റെ കഥയാണ്‌.

മനോഹരന്‍ ചേട്ടന്‍ എന്റെ നാട്ടുകാരന്‍ ആണ്‌. അതാണ്‌ ഞങ്ങള്‍ തമ്മിലുള്ള പരിചയവും. വിവരവും വിദ്യാഭ്യാസവും തീരെ ഇല്ലെങ്കിലും മണ്ടത്തരത്തിന്‌ ഒട്ടും കുറവുമില്ല; അതാണ്‌ മനോഹരന്‍ ചേട്ടന്‍.

നാട്ടില്‍ മനോഹരന്‍ ചേട്ടന്‍ അന്നന്നത്തെ അപ്പത്തിനു വേണ്ടിയുള്ള ഓട്ടത്തില്‍ ആയിരുന്നു എപ്പോഴും എന്നത്‌ കൊണ്ട്‌ ഞങ്ങള്‍ക്കധികം അടുക്കാന്‍ പറ്റിയിട്ടില്ല. അതിലെനിക്ക്‌ ഒട്ടും വിഷമവുമില്ല. പിന്നീട്‌ ഞാന്‍ ബംഗ്ലൂരിലും എത്തിപ്പെട്ടു, അങ്ങനെ ഞങ്ങള്‍ തമ്മിലുള്ള പരിചയവും മുറിഞ്ഞു.

മനോഹരന്‍ ചേട്ടന്‌ ബംഗ്ലൂരില്‍ ഒരു താല്‍ക്കാലിക ജോലി ശരിയായപ്പോള്‍ കൂടെ താമസിക്കാന്‍ തിരഞ്ഞെടുത്തത്‌ ഈ എന്നെ ആയിരുന്നു. പെട്ടെന്നു തന്നെ ഗള്‍ഫില്‍ ജോലി ശരിയായത്‌ കാരണം അധികം വൈകാതെ കടല്‍ കടക്കുകയും ചെയ്തു കക്ഷി. കുറച്ചു കാലമേ ഇവിടെ ഉണ്ടായിരുന്നുള്ളുവെങ്കിലും ചെയ്യാവുന്ന ദ്രോഹമൊക്കെ മനോഹരമായി ചെയ്തിട്ടേ ചേട്ടന്‍ പോയുള്ളൂ.

ഇവിടെ ഉണ്ടായിരുന്ന കാലത്ത്‌ മനോഹരന്‍ ചേട്ടന്‌ മൊബൈല്‍ കണക്ഷന്‍ ശരിയാക്കിക്കൊടുത്തത്‌ ഞാനാണ്‌. മനോഹരന്‍ ചേട്ടന്‌ അഡ്രസ്സ്‌ പ്രൂഫ്‌ ഇല്ലല്ലൊ ഇവിടെ. അന്നു SMS മുഴുവന്‍ ഫ്രീ ആയിരുന്ന ഏതോ ഒരു സ്‌കീം ഉണ്ടായിരുന്നു Airtel-ന്‌. അതാ ഞാന്‍ എടുത്തു കൊടുത്തത്‌. പാവം SMS അയച്ച്‌ കളിച്ചോട്ടെ എന്നു കരുതി. മനോഹരന്‍ ചേട്ടനെ SMS അയക്കാന്‍ ഒക്കെ പഠിപ്പിച്ചത്‌ ഞാനാണ്‌. ആ വകയില്‍ ഒരു ഗുരുസ്ഥാനവും ചുളുവില്‍ അടിച്ചെടുത്തു.

പെട്ടെന്നാണ്‌ മനോഹരന്‍ ചേട്ടന്‌ ഗള്‍ഫില്‍ ജോലി ശരിയായത്‌. നല്ല ഒരു ഓഫര്‍ ആയിരുന്നു. സന്തോഷത്തൊടെ തന്നെ ഞാന്‍ യാത്രയാക്കുകയും ചെയ്തു.

കുറച്ച്‌ നാളത്തേക്ക്‌ പിന്നെ ഒന്നും അവിടുന്ന്‌ കേള്‍ക്കുന്നുണ്ടായിരുന്നില്ല. ആര്‍ക്ക്‌ കേള്‍ക്കണം അല്ലെങ്കില്‍ തന്നെ. പക്ഷെ വേറെ ഒരാള്‍ ഇത്‌ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാന്‍ അവരെ മറന്നു എന്ന്‌ അവര്‍ക്ക്‌ മനസ്സിലായപ്പോള്‍ അവര്‍ ഒരു നോട്ടീസും അയച്ച്‌ തന്നു. വെറും നോട്ടീസ്‌ അല്ല, വക്കീല്‍ നോട്ടീസ്‌. അയച്ചത്‌ എയര്‍ടെല്‍ കമ്പനി. അപ്പോഴല്ലേ കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലാകുന്നത്‌.

മനോഹരന്‍ ചേട്ടന്‍ ഗള്‍ഫില്‍ പോയിട്ടും ഉപയോഗിച്ചു കൊണ്ടിരുന്നത്‌ ഞാന്‍ എടുത്ത്‌ കൊടുത്ത എന്റെ പേരിലുള്ള സിം കാര്‍ഡ്‌. മനോഹരന്‍ ചേട്ടാ‍... യൂ ഫൂള്‍, ബ്ലഡി ഫൂള്‍ റു ബി പ്രിസൈസ്. മനോഹരന്‍ ചേട്ടന്റെ പുതിയ നമ്പര്‍ എവിടുന്നോ സംഘടിപ്പിച്ചു ഞാന്‍ അങ്ങോട്ട്‌ വിളിച്ചു. അപ്പൊഴേക്കും ഇത്തിരി കാശൊക്കെ കയ്യില്‍ ഒത്തു വന്ന മനോഹരന്‍ ചേട്ടന്‍ പഴയ മൊബൈല്‍ ഒക്കെ മാറ്റി SMS പോരാണ്ട്‌ MMS-ഉം GPRS-ഉം ഒക്കെയുള്ള പുതിയ മോഡല്‍ മൊബൈല്‍ വാങ്ങിയിരുന്നു. അതിന്റേയും ചാര്‍ജ്‌ എന്റെ പേരില്‍ എയര്‍ടെല്‍ ഡാറ്റാബേസില്‍ അടിഞ്ഞു കൂടി.

മനോഹരന്‍ ചേട്ടന്‍ അവിടെ എത്തിയിട്ട്‌ കാട്ടാ‍വുന്നതിന്റെ പരമാവധി ആഢംബരം ആയിരുന്നു എന്ന്‍ അപ്പൊ എനിക്ക് മനസ്സിലായി. നാട്ടിലുള്ള സകലര്‍ക്കും SMS-ഉം MMS-ഉം അയക്കല്‍ തന്നെ ആയിരുന്നു മുഖ്യ പണി. അല്‍പ്പന്‌ മൊബൈല്‍ കിട്ടിയാല്‍ അര്‍ദ്ധരാത്രിയിലും SMS അയക്കും എന്ന്‌ ഞാന്‍ കേട്ടിട്ടുണ്ട്‌, ഇപ്പൊ കണ്ടു. മനോഹരന്‍ ചേട്ടന്റെ മൊബൈലില്‍ നിന്ന്‌ മെസ്സേജുകള്‍ കുത്തിച്ചു പാഞ്ഞു. മനോഹരന്‍ ചേട്ടന്‌ അവിടെ SMS കൊണ്ട്‌ ആറാട്ടും MMS കൊണ്ട്‌ അഭിഷേകവും ആയിരുന്നു. അവസാനം എയര്‍ടെല്‍ ഇടപെടേണ്ടി വന്നു അതൊന്ന്‌ നിര്‍ത്തിക്കാന്‍.

ഇപ്പൊ ഞാന്‍ സ്ഥിരം വിളിയാണ്‌ മനോഹരന്‍ ചേട്ടന്‌, അങ്ങേര്‍ ഉണ്ടാക്കിത്തന്ന കടബാധ്യത ഒന്നു തീര്‍ത്ത്‌ തരാന്‍. ഫ്രീ കോള്‍ അല്ല, എന്റെ സ്വന്തം കാശ്‌ മുടക്കിയുള്ള വിളി. അവിടെ റേഞ്ച്‌ കുറവാണെന്ന്‌ തോന്നുന്നു. വിളിക്കുമ്പോള്‍ മനോഹരന്‍ ചേട്ടന്‍ "കമ്പിളിപ്പുതപ്പോ?, ഉറക്കെ പറ" എന്നു മാത്രം പറയുന്ന കേള്‍ക്കാം.

അത്‌ ശരി, പറഞ്ഞ്‌ പറഞ്ഞ്‌ വന്നപ്പോള്‍ ഇത്‌ എന്റെ മണ്ടത്തരം തന്നെ ആയി വന്നു, അല്ലേ. എല്ലാം വിധിയുടെ വിളയാട്ടമാണ്‌. അല്ലേലും, തലേലെഴുത്തു തൂത്താല്‍ പോകുമോ?

സമര്‍പ്പണം: ഇങ്ങനെയുള്ള മണ്ടത്തരം പറ്റിയിട്ടുള്ള എല്ലാവര്‍ക്കും.

13 comments:

  1. ചില നേരത്ത്.. said...

    കസ്റ്റമേഴ്‌സിനെ എങ്ങിനെയെങ്കിലും ചാക്കിടാനുള്ള കമ്പനികള്‍ക്ക് ഇതൊരു താക്കീതാകട്ടെ, മനോഹരന്‍ ചേട്ടന്‍ നാട്ടില്‍ വരുവോളം ‘കമ്പിളി പുതപ്പോ’ എന്ന് ചോദിച്ച് കൊണ്ടിരിക്കും..
    ഇപ്പോ ഒരു കാര്യം മനസ്സിലായി., ബാംഗ്ലൂര്‍ വന്നൊരു കല്ലെടുത്തെറിഞ്ഞാല്‍ കൊള്ളുന്ന ആളെ ഞാന്‍ ശ്രീജിത്ത് എന്നു വിളിക്കാം :)



  2. കണ്ണൂസ്‌ said...

    :-) ജിത്തേ, നിന്റെ അഡ്രെസ്സ്‌ ഒന്നു തരാമോ?



  3. Sreejith K. said...

    കണ്ണൂസേ, എന്തിനാ? എന്റെ പേരില്‍ അടുത്ത സിം കാര്‍ഡ് എടുക്കാനായിരിക്കും അല്ലേ? അതിലും ഭേദം കണ്ണുസിന്റെ അഡ്രസ്സ് എനിക്കു തരുന്നതാ, ഞാന്‍ എന്റെ വീടിന്റെ ആധാരം അങ്ങോട്ട് അയക്കാം.

    ഇബ്രുവേ, ഇനി കമന്റ് ഇടുമ്പൊ മണ്ടന്മാര്‍ക്ക് കൂടി മനസ്സിലാകുന്ന തരത്തില്‍ ഇടണം കേട്ടൊ. എനിക്ക് ഒന്നും മനസ്സിലായില്ല :(



  4. സൂഫി said...

    ശ്രീ.. അന്റെ മണ്ടത്തരങ്ങളൊക്കെ കൊള്ളാം..
    ഞ്ഞി ഞമ്മടെ സന്തതികളെ ബൂലോക റോളില് ഇതു ബരെ കേറ്റീല അല്ലേ.. അനക്കൊരു മെയില് ബിട്ടിരുന്നു... :)



  5. Sreejith K. said...

    തുളസി, സൂഫി, നന്ദി

    സൂഫിയുടെ “നുറുങ്ങു ചിന്തകള്‍” അവിടെ ഉണ്ടായിരുന്നു. “സൂഫിയുടെ നേരുകള്‍” എങ്ങിനേയോ വിട്ടു പോയി. മെയില്‍ കണ്ടില്ലായിരുന്നു. അതിനും ക്ഷമ ചോദിക്കുന്നു.



  6. സു | Su said...

    :) ആ മനോഹരനെ വിളിക്കുന്നതിലും നല്ലത് മനോഹരമായി ഒരു പരാതി കൊടുത്ത് ഫോണ്‍ കളവ് പോയീന്ന് അറിയിച്ചാല്‍ പിന്നെ അതില്‍ നിന്ന് പോകുന്ന കോളിന്റെ ഉത്തരവാദി ശ്രീജിത് ആവില്ല.
    സിം കാര്‍ഡ് കമ്പനി കാന്‍സല്‍ ചെയ്യിക്കും.



  7. Sreejith K. said...

    മൊബൈല്‍ കളവു പോയി എന്നു പരാതി കൊടുത്താലും, കളഞ്ഞു പോയ ദിവസത്തിനു ശേഷമുള്ള കോളുകള്‍ക്കേ അതിന്റെ ഉടമസ്ഥന്‍ ഉത്തരവാദി ആകുന്നുള്ളൂ. ഇതു വരെ പോയ കോളുകളും, വന്ന ബില്ലുകളും, എന്റെ തലവര എന്ന പോലെ, എന്റെ തലയില്‍ ഉറച്ചു കഴിഞ്ഞു. ഇനി രക്ഷപെടണമെങ്കില്‍, എയര്‍ട്ടല്‍ കമ്പനിക്ക് റേഞ്ച് ഇല്ലാത ഏതെങ്കിലും രാജ്യത്ത് പോകണം. എന്നെ അഭയാര്‍ത്ഥിയാക്കാന്‍ ഏത് രാജ്യം തയ്യാറാകും? പറയൂ.



  8. aneel kumar said...

    എയര്‍ടെല്ലിന്റെ കാര്‍ഡ് ഇവിടെ റോമാമെന്ന് അറിയില്ലായിരുന്നു. മനോഹരന്‍ ചേട്ടന്റെ പുത്തി മനോഹരം.



  9. അരവിന്ദ് :: aravind said...

    ശ്രീജിത്തേ.. :-))
    വെല്‍കം ടു ആഫ്രിക്ക. ഇവിടെ എയര്‍ടെല്‍ പോയിട്ട് ഒരു പണ്ടാരത്തിനും റേയ്ഞ്ചില്ല.



  10. രാജീവ് സാക്ഷി | Rajeev Sakshi said...

    നല്ല മനോഹരമായ മണ്ടത്തരം



  11. Kalesh Kumar said...

    സാരമില്ല ശ്രീജിത്തേ...



  12. ഉമേഷ്::Umesh said...

    സംശയമില്ല, മണ്ടന്‍ തന്നെ! (ശ്രീജിത്ത്)



  13. Anonymous said...

    സന്മനസ്സുള്ളവര്‍ക്കു സമാധാനം അല്ല ഇപ്പൊഴത്തെ കാലത്ത്‌` അല്ലേ?

    ബിന്ദു