Thursday, March 16, 2006

ചാറ്റിങ്ങും ചില ലീവ്‌ വിശേഷങ്ങളും

സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി കിട്ടിയതിനു ശേഷം എപ്പൊഴും ആഗ്രഹിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്ന കാര്യങ്ങളുടെ പട്ടികയില്‍ ഒന്നും കൂടി ചേര്‍ക്കപ്പെട്ടു. ലീവ്‌.

ഒരു ലീവ്‌ കിട്ടാന്‍ ഇത്രയും പാടാണെന്നറിഞ്ഞിരുന്നെങ്കില്‍ ഈ വഴിക്കേ വരുമായിരുന്നില്ല എന്ന്‌ തോന്നിപ്പോകാറുണ്ട്‌. ഒരു ദിവസത്തെ ലീവിനു തന്നെ ഒരു നൂറായിരം വട്ടം കാലു പിടിക്കണം. ലീവ്‌ തരാന്‍ മാനേജര്‍ക്ക്‌ അങ്ങേരുടെ പിതൃസ്വത്ത്‌ ഭാഗം വയ്‌ക്കുന്നത്ര വിഷമമാണ്‌. തീരെ സഹിക്കാന്‍ പറ്റാത്തത്‌ ഓരോ തവണ എന്തായി എന്റെ ലീവ്‌ എന്ന് ചോദിക്കുമ്പോഴുമുള്ള അങ്ങേരുടെ 'ഊമപ്പെണ്ണിന്‌ ഉരിയാടാപയ്യന്‍' എന്ന സിനിമയിലെ ജയസൂര്യയുടെ അഭിനയത്തിന്റെ അനുകരണമാണ്‌.

ഒടുവില്‍ ഒരുപറ്റം ദയാഹര്‍ജികളുടെയും ദീനരോദനങ്ങളുടെയും ഫലമായി കഴിഞ്ഞ വെള്ളിയാഴ്ച ഒരു ലീവ്‌ അനുവദിച്ച്‌ കിട്ടി. ലീവ്‌ ഒപ്പിക്കാമെങ്കില്‍ ബസ്സ്‌ ടിക്കറ്റ്‌ ഒപ്പിച്ചെടുക്കാനാണൊ ബുദ്ധിമുട്ട്‌. വ്യാഴാഴ്ച രാത്രി 9 മണിക്കുള്ള ബസ്സിന്‌ ബുക്കും ചെയ്തു.

അങ്ങിനെ വ്യാഴാഴ്ച ആഗതമായി. ഞാന്‍ ഒരു പാട്‌ നാളായി കാത്തിരുന്ന Return to Home ചടങ്ങിനുള്ള സമയമായി. ബാഗും കൊണ്ടാണ്‌ ഓഫീസില്‍ പോയത്‌. കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ പോലത്തെ ബാഗ്‌ അല്ല, ഇതൊരു കുഞ്ഞ്‌ ബാഗ്‌. അല്ലെങ്കിലും വീട്ടില്‍ പോകുമ്പോള്‍ എന്റെ മേക്കപ്പ്‌ സാധനങ്ങളും ഫോട്ടോകള്‍, ഗ്രീറ്റിങ്ങ്‌ കാര്‍ഡുകള്‍ എന്നിവയൊന്നും കൊണ്ട്‌ പോകണ്ടല്ലൊ.

ഓഫീസില്‍ നിന്ന്‌ മുക്കാല്‍ മണിക്കൂറിന്റെ ദൂരമേ ഉള്ളു ബസ്സ്‌ സ്റ്റാന്‍ഡിലേക്ക്‌. ഒരു 8 മണിക്ക്‌ ഇറങ്ങിയാല്‍ മതിയാകും, പോരെ? മതി. നേരെ ബസ്സ്‌ സ്റ്റാന്‍ഡില്‍ പോകുക. ബൈക്ക്‌ അവിടെ പാര്‍ക്ക്‌ ചെയ്യുക വീട്ടില്‍ പോകുക. തിരിച്ച്‌ വരുമ്പോള്‍ ബൈക്ക്‌ എടുത്ത്‌ തിരിച്ച്‌ വരിക. എത്ര മനോഹരമായ പ്ലാന്‍.

8 മണിയായി. ഇറങ്ങാന്‍ നേരത്താണ്‌ ഒരോരുത്തരായി ഓണ്‍ലൈനായി വന്ന്‌ തുടങ്ങിയത്‌. എല്ലാവരോടും കുശലം പറയതെ പോകുന്നതെങ്ങിനെ. ഹായ്‌, ഹോയ്‌, ഹൂയ്‌ വിളികളും, ഹൌ ഡു യു ഡു ക്ഷേമാന്വേഷണങ്ങളും, പുതിയ വിശേഷങ്ങളുടെ പങ്ക്‌ വെയ്ക്കലിനും ശേഷം ഒരു സൈഡിലേക്ക്‌ ഒതുക്കി റ്റാറ്റ പറയമെന്ന്‌ വച്ചാലേക്കും വരും അടുത്ത ആള്‍ ഓണ്‍ലൈന്‍. എല്ലാവരോടും ഒന്ന്‌ സംസാരിക്കാതെ പോകുന്നതെങ്ങിനെ. ഞാന്‍ ഒരു പൌരപ്രമുഖനല്ലെ.

അര മണിക്കൂര്‍ ഈ പരിപാടി നിര്‍ബാധം തുടര്‍ന്നു. 8.30 ആയപ്പൊ വേറെ നിവര്‍ത്തി ഒന്നും ഇല്ലണ്ടായി ഈ ചാറ്റിംഗ്‌ തുടരാന്‍. എല്ലാവരോടും റ്റാറ്റ എന്ന ഒരു ഒറ്റ വാചകം പറഞ്ഞ്‌ പോകാം എന്ന്‌ വച്ചാല്‍ തന്നെ, അതിനെടുക്കും പത്തിരുപതു മിനിറ്റ്‌ ഇനിയും. അത്ര മാത്രം വിന്‍ഡോകള്‍ ഉണ്ട്‌ തുറന്ന്‌ വച്ചിട്ട്‌. പവ്വര്‍ ബട്ടണ്‍ തന്നെ ശരണം. ഞെക്കടാ OFF ബട്ടണ്‍. ഞെക്കി. ഓഫായി, അത്രയും സമാധാനം. ഒരു തലവേദന്‍ ഒഴിവായി. ഇനി അടുത്തത്‌.

നേരായ വഴിക്ക്‌ പോയിട്ട്‌ ഇനിയൊരു കാര്യവുമില്ല. ബന്നര്‍ഘട്ട റോഡ്‌, ഹൊസ്സൂര്‍ റോഡ്‌, റിച്ച്‌മണ്ട്‌ റോഡ്‌, ഇതെല്ലാം കടന്ന്‌ അവിടെ എത്തുമ്പോഴേക്കും ആ ബസ്സ്‌ നാട്ടില്‍ പോയി തിരിച്ച്‌ വന്നിട്ടുണ്ടാകും. വേറെ ഒരു ഷോര്‍ട്ട്‌കട്ട്‌ ഉണ്ട്‌. ഇത്തിരി ദൂരം കൂടുതലാ, എന്നാലും വേഗം എത്താം.

നൂറേ നൂറില്‍ ബൈക്ക്‌ പിടിപ്പിച്ചു. അധികം ജനവാസമോ, വാഹങ്ങങ്ങളോ ഒന്നും ഇല്ലാത്ത വഴിയാണ്‌. അതു കൊണ്ട്‌ തന്നെ ഈ പോക്ക്‌ കണ്ടിട്ട്‌ സമയത്തിനൊക്കെ അവിടെ എത്തുന്ന ലക്ഷണമുണ്ട്‌.

ഠോ.

പൊട്ടി പൊട്ടി ഉച്ചത്തില്‍ പൊട്ടി
മൊട്ട ടയറ്‌ പട്ടേന്ന് പൊട്ടി.

വഴിവിളക്ക്‌ പോലും ഇല്ലാത്ത റോഡ്‌. അടുത്തെങ്ങും ഒരു മനുഷ്യനേയും കാണാനില്ല. എങ്ങനെയെങ്കിലും ഒരു ഓട്ടോ പിടിച്ചിട്ട്‌ പോകാമെന്ന് വച്ചാല്‍ ബൈക്ക്‌ വിശ്വസിച്ച്‌ ഇട്ടിട്ട്‌ പോകാനും പറ്റുന്ന സ്ഥലമേയല്ല. ബൈക്ക്‌ ഒരു സുരക്ഷിത സ്ഥാനത്തെത്തുന്ന വരെ തള്ളുക തന്നെ.

തള്ളി തള്ളി പഞ്ചറൊട്ടിക്കുന്ന ഒരു കടയില്‍ എത്തുമ്പോഴേക്കും സമയം 9. ടയര്‍ നന്നാക്കി കിട്ടുമ്പൊ സമയം 9.30. ഇനി ബസ്സ്‌ സ്റ്റാന്റില്‍ പോയിട്ടെന്തിനാ? ആ ബസ്സ്‌ പഞ്ചറായിരുന്നെങ്കില്‍ ഒരു പക്ഷെ ഇനി പോയാല്‍ കിട്ടിയേനെ. പക്ഷെ അതിന്‌ ആ മണ്ടന്‍ ബസ്സ്‌ ഇതുപോലത്തെ ഏതെങ്കിലും റോഡില്‍ ഓടിച്ചാലല്ലെ. മണ്ടത്തരം കൈ നിറയെ ഉണ്ടെങ്കിലും എന്റെ കയ്യില്‍ ഭാഗ്യം തീരെ ഇല്ല. എന്തായാലും വഴിയില്‍ നിന്ന്‌ പിടിച്ചു പറിക്കാര്‍ക്ക്‌ ഭാഗ്യം ഉണ്ടാക്കിക്കൊടുക്കാന്‍ നില്‍ക്കാതെ വീട്ടിലെക്ക്‌ പോന്നു.

ആറ്റുനോറ്റ്‌ കിട്ടിയ ഒരു ലീവ്‌ അങ്ങിനെ വഴിയാധാരമായി. ഇനി അടുത്ത ലീവ്‌ എപ്പോഴാണാവോ. ഇനി ലീവ്‌ ഒക്കെ കിട്ടി, വീട്ടില്‍ പോകാന്‍ ഇരിക്കുന്ന സമയത്ത്‌ വീണ്ടും ഹായ്‌ ഹോയ്‌ ഹൂയ്‌ എന്നൊക്കെ പറഞ്ഞ്‌ എന്നോട്‌ ചാറ്റ്‌ ചെയ്യാന്‍ വന്നാലുണ്ടല്ലൊ ബ്ലോഗന്മാരേ/ബ്ലൊഗിണികളേ, സത്യമായിട്ടും ഞാന്‍ കേറി സൈനൌട്ട്‌ ചെയ്തു കളയും, പറഞ്ഞേക്കാം.

11 comments:

  1. Anonymous said...

    എന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തിക്കൊള്ളുന്നു.

    ബിന്ദു



  2. കണ്ണൂസ്‌ said...

    കുറ്റം പറയരുതല്ലോ. മണ്ടനാണെങ്കിലും അതിന്റെ ഒരു അഹങ്കാരവും ഇല്ല ജിത്തിന്‌.



  3. ചില നേരത്ത്.. said...

    അപ്പോള്‍ ഇവിടെ രാത്രി പത്ത് മണിയായിരുന്നു. കഥ പറയാം ബാംഗ്ലൂര്‍ വിശേഷങ്ങള്‍ പറയാം എന്നൊക്കെ പറഞ്ഞ് അതുവരെ പിടിച്ച് നിര്‍ത്തിയിട്ട് ഇപ്പോ ബ്ലോഗ് വഴി ചീത്ത വിളിക്കുന്നോ?.



  4. Kalesh Kumar said...

    സാരമില്ല ശ്രീജിത്തേ...
    എന്റെ ഒരേയൊരു പെങ്ങളുടെ ഏക ആങ്ങളയായ ഞാന്‍ അവളുടെ കല്യാണത്തിന് ലീവ് ചോദിച്ചപ്പം ആദ്യം കല്യാണം പോസ്റ്റ്പോണ്‍ ചെയ്യാന്‍ പറഞ്ഞു. വീണ്ടും കെഞ്ചിയപ്പം 5 ദിവസം അനുവദിച്ചു. പിന്നെയും കെഞ്ചിയപ്പം 7 ആക്കി അത്. അവസാനം അത് പത്തില്‍ എത്തിച്ചു. അതിന്റെ കൂടെ ഒരു 2 ദിവസം കൂടെ കിട്ടിയിരുന്നെങ്കില്‍ ഓണം വീട്ടീന്നുണ്ണാ‍മായിരുന്നു!

    ജീവിതം....



  5. bodhappayi said...

    ഗൊച്ചുഗള്ളന്‍... ഇടവഴികളൊക്കെ അറിയാം ല്ലേ...



  6. വര്‍ണ്ണമേഘങ്ങള്‍ said...

    ചാറ്റ്‌ ചെയ്ത്‌ സുഖം പിടിച്ച്‌ ലീവല്ലേ നഷ്ടപ്പെട്ടുള്ളൂ.. പോട്ടെ കേട്ടോ...!



  7. ഉമേഷ്::Umesh said...

    ശ്രീജിത്തേ,

    ഞാന്‍ ജി-മെയിലിലേക്കു രണ്ടു കത്തയച്ചിരുന്നു. മണ്ടനായതുകൊണ്ടു വായിക്കാന്‍ പറ്റിക്കാണില്ല, അല്ലേ. അതുകൊണ്ടു് ഇവിടെ ഇട്ടേക്കാമെന്നു കരുതി.

    bloglines-ലെ മലയാളച്ചുരുളില്‍ (ജ്ജ് ആളൊരു മിടുക്കനാ, കേട്ടോ!) എന്റെ ഗുരുകുലം ബ്ലോഗിന്റെ വിലാസം http://usvishakh.com/blog എന്നതു http://usvishakh.net/blog എന്നു ദയവായി തിരുത്തുക. പഴയ സൈറ്റു ഫ്യൂസടിച്ചുപോയി.

    മുന്‍‌കൂറായി നന്ദി.

    - ഉമേഷ്



  8. ഉമേഷ്::Umesh said...

    ഞാന്‍ അതിനേക്കാള്‍ വലിയ മണ്ടന്‍!

    ബ്ലോഗിന്റെ ശരിക്കുള്ള വിലാസം

    http://malayalam.usvishakh.net/blog



  9. രാജ് said...

    ശ്രീജിത്ത് ഇപ്പോഴതു ശരിയാക്കിയിട്ടുണ്ടെന്നു തോന്നുന്നു ഉമേഷെ.



  10. രാജീവ് സാക്ഷി | Rajeev Sakshi said...

    ശ്രീജിത്തേ, ഈ രക്തത്തില്‍ എനിക്കേതായാലും പങ്കില്ല. അടുത്ത പ്രാവശ്യം നാട്ടില്‍ പോകുന്ന ദിവസം പറഞ്ഞാല്‍ തീര്‍ച്ചയായും ഓണ്‍ലൈനില്‍ വരാം.



  11. Anonymous said...

    Eee Bus lokke irunnu chat cheyyan pattunna oru technology aarengilum onnu kandupidichirunnengil ennu thonnunnudo sreejthe? :)
    Pinne adutha thavana naattil pokumbol ariyikkenam, Namukku naattil poyittu chat cheyyam ;)
    _Friendly_Friend