Monday, February 20, 2006

ഒരിക്കലും തിരിച്ച്‌ കൊടുക്കാത്ത ഗ്രൈന്റര്‍

"എന്താ അച്ഛാ ഇത്‌ തിരിച്ച്‌ കൊടുക്കാത്തേ?"

എന്റെ ചോദ്യം കേട്ട്‌ അച്ഛനൊന്നു ഞെട്ടി. എങ്ങിനെ ഞെട്ടാതിരിക്കും. സ്വന്തം മകന്റെ ചോദ്യം കേട്ടില്ലേ!!! ഇമ്മാതിരി മണ്ടത്തരം എങ്ങിനെ ഇവന്‌ പറയാന്‍ കഴിയുന്നു എന്നു തോന്നിക്കാണും.

കഥ ഒരു ..., അത്‌ വേണ്ട. എത്ര വര്‍ഷം മുന്‍പ്‌ നടന്നതാണെന്ന്‌ ഞാന്‍ പറയില്ല. അങ്ങിനെ നിങ്ങള്‍ ചുളുവില്‍ എന്റെ പ്രായം മനസ്സിലാക്കണ്ട. അന്നും ഇന്നും മണ്ടത്തരങ്ങള്‍ ഒരേപോലെ ഒപ്പിക്കാറുണ്ട്‌ എന്നു മാത്രം മനസ്സിലാക്കിയാല്‍ മതി. അന്ന്‌ എനിക്കൊരു പത്ത്‌ വയസ്സ്‌ പ്രായം കാണും. മണ്ടത്തരങ്ങള്‍ പറയാനും ചെയ്യാനും പറ്റിയ പ്രായം (അത്‌ ബാക്കിയുള്ളവര്‍ക്ക്‌. എനിക്ക്‌ എന്നും ഒരുപോലെയാണ്‌)

എനിക്ക്‌ ഒന്‍പത്‌ വയസ്സുള്ളപ്പോഴോ മറ്റോ ആണ്‌ അച്ഛന്‍ ഗ്രൈന്റര്‍ വാങ്ങുന്നത്‌. ഗ്രൈന്റര്‍ ഇല്ലാതെ എന്ത്‌ പാടാണ്‌ ദോശമാവ്‌ ഉണ്ടാക്കാന്‍, അല്ലേ? അത്‌ അച്ഛന്‌ മനസ്സിലാവാന്‍ കല്യാണം കഴിഞ്ഞ്‌ പത്തു വര്‍ഷം എടുത്തു, മണ്ടന്‍.

വീട്ടില്‍ ഗ്രൈന്റര്‍ കൊണ്ട്‌ വന്നപ്പോള്‍ ഞാന്‍ ആ സാധനം ആദ്യമായിട്ട്‌ കാണുകയായിരുന്നു. അതിന്റെ ഉപയോഗങ്ങളും ഗുണങ്ങളും ഒക്കെ ഞാന്‍ അപ്പോള്‍ തന്നെ അമ്മയോട്‌ ചോദിച്ച്‌ മനസ്സിലാക്കി. എനിക്കെന്തായാലും സാധനം ഇഷ്ടപ്പെട്ടു. എല്ലാം കേട്ട്‌ മനസ്സിലാക്കിയപ്പോള്‍ അങ്ങോട്ടെന്തെങ്കിലും ചോദിക്കണമെന്ന്‌ അടക്കാനാകാത്ത ആഗ്രഹം. ചോദ്യം ചോദിക്കുന്നവനേ വീട്ടിലും നാട്ടിലും സ്ക്കൂളിലും അന്ന്‌ വിലയുള്ളൂ. അല്ലാ, അതിപ്പോഴും അത്രയേ ഉള്ളൂ. അത്‌ കൊണ്ട്‌ കുറെ നേരം ആലോചിച്ച്‌ ബുദ്ധിപൂര്‍വ്വമായ ചോദ്യം ഞാനുണ്ടാക്കി.

"ഇതാരുടെ ഗ്രൈന്ററാ?"

ഇപ്പൊ മാരുതി എസ്റ്റീം കാറിന്റെ പരസ്യത്തില്‍ അങ്ങിനെ ഒരു ചോദ്യമുണ്ട്‌, "Papa, whose big car is this?" എന്ന്‌. ഏതാണ്ട്‌ അത്‌ പോലെ ഒരു ചോദ്യമായി എന്റേതും. അച്ഛനെന്തു പറയും ആ സമയത്ത്‌? നിങ്ങള്‍ തന്നെ പറ, നിങ്ങള്‍ ആണെങ്കില്‍ ഇങ്ങനത്തെ മണ്ടന്‍ ചോദ്യത്തിന്‌ എന്ത്‌ മറുപടി പറയും?

അച്ഛനന്ന്‌ പറഞ്ഞ ഉത്തരം "ഇത്‌ അപ്പുറത്തെ മോഹനന്‍ മാമന്റെ ആണ്‌. കുറച്ച്‌ ദിവസത്തേക്ക്‌ കടം മേടിച്ചതാണ്‌" എന്നായിരുന്നു എന്നത് ചരിത്രം. അത്‌ പുച്ഛം കൊണ്ടാണോ പറഞ്ഞത്‌ അതോ അവജ്ഞ കൊണ്ടാണോ എന്നത്‌ ഇന്നും തര്‍ക്കവിഷയം. തിരുമണ്ടനായ ഞാന്‍ അത്‌ ഒരു വര്‍ഷത്തോളം വിശ്വസിച്ചോണ്ട്‌ നടന്നു എന്നത്‌ അതിന്റെ തമാശ.

അച്ഛന്റെ ഈ അതിബുദ്ധി ആണ്‌ പുത്രന്റെ അതിമണ്ടത്തരമായി ഒരു വര്‍ഷത്തിനുശേഷം തിരിച്ചടിച്ചത്‌. ഒരു ദിവസം അച്ഛനോട്‌ ഞാന്‍ ആദ്യം പറഞ്ഞ ചോദ്യം ചോദിച്ച്‌ അസ്സലായി ഒന്ന്‌ ഞെട്ടിച്ചു. പിന്നീട്‌ ഈ പുത്രനോട്‌ അച്ഛന്‍ നുണ പറഞ്ഞിട്ടില്ല, ഇതു വരെ. ഞാനാരാ മോന്‍, അച്ഛനാരാ അച്ഛന്‍.

8 comments:

  1. Kalesh Kumar said...

    ശ്രീജിത്തേ, കഥ കൊള്ളാം!
    മണ്ടത്തരങ്ങൾ എന്നതിനു പകരം “എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ” എന്നാക്കിക്കൂടേ ബ്ലോഗിന്റെ റ്റൈറ്റിൽ?



  2. Sreejith K. said...

    അതിനു മാത്രം ഞാന്‍ എന്തു പരീക്ഷണമാ നടത്തിയത് എന്റെ കലേഷേ? ഒരു മണ്ടന്‍ എന്തു പരീക്ഷണം നടത്തിയാലും അതു മണ്ടത്തരമല്ലേ ആകൂ?

    എന്നാലും കലേഷ് പറഞ്ഞ സ്ഥിതിക്ക് ഒരു അന്വേഷണം നടത്തുന്ന കാര്യം ആലോചിക്കാം. നടത്തിയാല്‍ അതു വേറൊരു ബ്ലോഗ് ആയി ഞാന്‍ ഇടാം. ചീറ്റിപ്പോയാല്‍ ഇവിടെ വേറെ ഒരു പോസ്റ്റ് ആയും.



  3. ചില നേരത്ത്.. said...

    ശ്രീജിത്തേ..
    പോസ്റ്റുകള്‍ എല്ലാം നന്നാവുന്നു.
    മണ്ടത്തരങ്ങളുടെ കുത്തകാവകാശം എടുക്കാമെന്ന് വ്യാമോഹിക്കരുതേ..



  4. Unknown said...

    HAHAHAHAHAAHAH
    HIHIHIHIHIHIHI
    HUHUHUHUHUHUHU



  5. സൂഫി said...

    നേരാ ശ്രീജിത്തെ, മണ്ടൂസിനെ അന്വേഷിച്ചു ആ മൊതലാളീം, കൊച്ചമ്മേം.. ദേ പാഞ്ഞു വരുന്നോണ്ട്.. സൂക്ഷിച്ചോ…



  6. സ്വാര്‍ത്ഥന്‍ said...

    "അത്‌ അച്ഛന്‌ മനസ്സിലാവാന്‍ കല്യാണം കഴിഞ്ഞ്‌ പത്തു വര്‍ഷം എടുത്തു, മണ്ടന്‍."

    അച്ചന്റെ മോനേ, പോന്നോട്ടെ പോന്നോട്ടെ...



  7. രാജീവ് സാക്ഷി | Rajeev Sakshi said...

    ഇനീം എന്തൊക്കെ കാണാനും കേക്കാനും കിടക്കുന്നു.
    പോന്നോട്ടെ, ഇനീം പോന്നോട്ടെ. ചിരിക്കാന്‍ ഞാന്‍ റെഡി.



  8. Anonymous said...

    ശ്രീജിത്ത് എത്ര അടിപൊളിയായി എഴുതിയിരിക്കുന്നു!! അച്ഛനിട്ട് കൊടുത്തത് അതിലും അടിപൊളി!!
    മൊത്തത്തില്‍ ഇഷ്ടപ്പെട്ടു.. കമന്റ് ചെയ്ത് നാശമാക്കാന്‍ തോന്നുന്നില്ല.