Sunday, February 26, 2006

KFC-യും ബിരിയാണിയും പിന്നെ ഞാനും

പുല്ലൂരാന് ഒരായിരം പിറന്നാള്‍ ആശംസകള്‍. ഇത്ര മനോഹരമായ പിറന്നാള്‍ വിവരണത്തിന്‌ ഒരുപാട്‌ നന്ദി. നന്ദി, എന്നിലെ പിറന്നാള്‍ ഓര്‍മ്മകള്‍ ഉണര്‍ത്തിയതിനും.

ബാംഗ്ലൂരില്‍, പഠനം കഴിഞ്ഞ്‌ ജോലി കിട്ടി താമസമാക്കിയപ്പോള്‍, ഇവിടേക്ക്‌ വന്നത്‌ ഞാന്‍ ഒറ്റക്കായിരുന്നില്ല. എന്റെ കുറെ സഹപാഠികളും പലയിടങ്ങളിലായി ജോലി കിട്ടി ഇവിടെ എത്തിയിരുന്നു. ജോലിത്തിരക്ക്‌ കാരണവും മറ്റു അസൌകര്യങ്ങള്‍ കാരണവും പലപ്പോഴും ഞങ്ങള്‍ക്ക്‌ ഒത്തുകൂടാന്‍ കഴിഞ്ഞിരുന്നില്ല. അതു കൊണ്ടാണ്‌ അത്തവണത്തെ എന്റെ പിറന്നാള്‍ എല്ലാവരുടേയും ഒരു ഒത്തുകൂടലിനുള്ള ഒരു വേദി കൂടി ആക്കണമെന്ന്‌ ഞാന്‍ വിചാരിച്ചതും.

തീറ്റപ്രിയരായ എന്റെ സുഹൃത്തുക്കള്‍ ഇതു വരെ പോകാതിരുന്ന ഏതെങ്കിലും ഹോട്ടലില്‍ വച്ചാകട്ടെ പിറന്നാളാഘോഷം എന്നെനിക്ക്‌ തോന്നി. ചിക്കണ്‍ ബിരിയാണി കിട്ടുന്ന ഹോട്ടലായ ഹോട്ടലിലൊക്കെ എന്റെ മാന്യ സുഹൃത്തുക്കള്‍ ഇതിനകം കയറിയിറങ്ങിക്കാണും എന്നെനിക്കുറപ്പായിരുന്നു. അതു കൊണ്ട്‌ ഏതെങ്കിലും ബഹുരാഷ്ട്ര കമ്പനിയുടെ ചെയിനിലുള്ള ഹോട്ടലില്‍ പോകാമെന്ന് തീരുമാനിച്ചു.

പിസ്സ ഇവര്‍ക്കിഷ്ടപ്പെടാന്‍ പാടാണ്‌. അരിഭക്ഷണം കിട്ടിയില്ലെങ്കില്‍ അവര്‍ അവിടെ കലാപം ഉണ്ടാക്കും. അത്‌ കൊണ്ട്‌ പിസ്സാ ഹട്ട്‌, പിസ്സ കോര്‍ണര്‍ എന്നിവ വേണ്ട. ബര്‍ഗ്ഗറും സാന്‍വിച്ചും ഹോട്ട്‌-ഡോഗും കണ്ടാല്‍ ഇവര്‍ പച്ചവെള്ളം കണ്ട പേപ്പട്ടി കണക്കെ കുരച്ച്‌ ബഹളമുണ്ടാക്കും. അത്‌ കൊണ്ട്‌ അതും വേണ്ട. KFC മോശമില്ല. പേരില്‍ തന്നെ ഉണ്ട്‌ ചിക്കണ്‍. ഇവന്മാരെ അടക്കാന്‍ അത്‌ മതി.

അങ്ങിനെ എന്റെ പിറന്നാളിന്റെ അന്ന്‌ രാത്രി ഞങ്ങളെല്ലാവരും കൂടി KFC-ഇല്‍ എത്തി. മെനു ഞങ്ങളുടെ മുന്നില്‍ കാഴ്ച്‌ വെയ്ക്കപ്പെട്ടു. കരിമീന്‍ പൊരിച്ചതും അയില വറുത്തതും പിന്നെ നാടന്‍ കോഴിക്കറിയും മാത്രം കണ്ടിട്ടുള്ള ഞങ്ങള്‍ക്ക്‌ KFC-യുടെ മെനുവില്‍ എന്ത്‌ മനസ്സിലാകാന്‍. എല്ലാം ഒരോ പ്ലേറ്റ്‌ വരുത്തിച്ചാലോ എന്ന്‌ അപ്പോള്‍ ഒരു കുലദ്രോഹി പറയുകയും എല്ലാവരും അതിന് ഏറാന്‍ മൂളുകയും ചെയ്തു.

വെയിറ്റര്‍ വന്നു. മൂലക്കിരുന്നവന്‍ ഓര്‍ഡര്‍ തുടങ്ങി.

ചിക്കണ്‍ നോണ്‍സെന്‍സ്‌ ഒരു പ്ലേറ്റ്‌,
ചിക്കണ്‍ ജഗജില്ലി ഒരു പ്ലേറ്റ്‌,
കക്കൂസ ചിക്കണ്‍ ഒരു പ്ലേറ്റ്‌,
ചിക്കന്‍ തട്ടിമുട്ടി ഒരു പ്ലേറ്റ്‌,
...,
...

ഇങ്ങനെ ആര്‍ണോല്‍ഡ്‌ ഷ്വാസ്സനേഗ്ഗറിനെ ആര്യനാട്‌ ശിവശങ്കരന്‍ എന്നു വിളിക്കും പോലെ മെനുവില്‍ ഉള്ള വിഭവങ്ങള്‍ക്ക്‌ തനി മലയാളം പേരുകള്‍ നല്‍കി എന്റെ കൂട്ടുകാര്‍. വെയിറ്റര്‍ മലയാളി ആയതു കൊണ്ടോ, എന്തു കൊണ്ടു വന്നാലും ഈ കണ്ട്രികള്‍ക്ക്‌ മനസ്സിലാകില്ല എന്ന്‌ മനസ്സിലായത്‌ കൊണ്ടോ അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല.

ഒരു അര മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്തവയെല്ലം ടേബിളില്‍ എത്തി. "എന്നാല്‍ തുടങ്ങട്ടേ ശ്രീജിത്തേ?" കൂട്ടത്തില്‍ മാന്യത ഉള്ള ഒരുത്തന്‍ ചോദിച്ചു. "ആയിക്കോട്ടെ" എന്ന എന്റെ മറുപടി കേട്ടതും പിന്നെ അവിടെ നടന്നത്‌ ഓപ്പറേഷന്‍ പരാക്രമം ആയിരുന്നു.

സുനാമി ക്യാമ്പിലെ കുട്ടികള്‍ക്ക്‌ ഭക്ഷണം കിട്ടിയാല്‍ അവര്‍ ഇതിലും നല്ല ടേബിള്‍ മാന്നേര്‍സ്‌ കാണിക്കും. അവിടെ കഴിച്ചു കൊണ്ടിരുന്ന മറ്റുള്ളവര്‍ ഈ പൈശാചിക കൃത്യം കാണാനുള്ള ത്രാണി ഇല്ലാത്തത്‌ കൊണ്ട്‌ എണീറ്റ്‌ പോയി. ഞങ്ങള്‍ ആര്‌ അത്‌ ശ്രദ്ധിക്കാന്‍. ഇനി കാക്കയ്ക്ക്‌ തിന്നാന്‍ പോലും ഒന്നും കിട്ടില്ല എന്ന അവസ്ഥയില്‍ എത്തിയിട്ടേ എന്റെ പ്രിയ കൂട്ടുകാര്‍ ആ ഭോജനകര്‍മ്മം അവസാനിപ്പിച്ചുള്ളൂ.

എന്നാലെങ്കിലും നിര്‍ത്തുമോ പണ്ടാരങ്ങള്‍. വീണ്ടും വിശക്കുന്നു, ബിരിയാണി കിട്ടുന്ന വേറെ ഏതെങ്കിലും ഹോട്ടലില്‍ പോയി ഒരു ബിരിയാണി കൂടി കഴിച്ചാലേ തൃപ്തിയാവൂ എന്ന്‌ എല്ലാവരും ഒരേസ്വരത്തില്‍ ഏറ്റുപാടി. എന്തായാലും ഇത്‌ കേട്ടപ്പോള്‍ത്തന്നെ എനിക്കു തൃപ്തിയായി. പക്ഷെ അത്‌ പോരല്ലോ. അതിഥികളല്ലേ തൃപ്തരാവേണ്ടത്‌.

എല്ലാത്തിനേയും അങ്ങിനെ വീണ്ടുമൊരു ഹോട്ടലില്‍ ഞാന്‍ കൊണ്ടു പോയി, അഥവാ കൊണ്ടുപോകേണ്ടിവന്നു. പിന്നെയും അവരുടെ മൃഗയാവിനോദങ്ങള്‍ക്ക്‌ ഞാന്‍ ഇരയായി. കുറ്റം പറയരുതല്ലോ; എന്നെന്നും സൂക്ഷിക്കാനുള്ള ഓര്‍മ്മകളും പാഠങ്ങളും അവര്‍ എനിക്കാ രാത്രി പറയാതെ പറഞ്ഞു തന്നു. എല്ലാം കഴിഞ്ഞ്‌ കൈ കൊടുത്ത്‌ പിരിയുന്ന നേരം അവരിലൊരുത്തന്‍ ചോദിച്ചു "ഇത്‌ എല്ലാ വര്‍ഷവും പ്രതീക്ഷിക്കാമല്ലോ, അല്ലേ?" അതിനുള്ള എന്റെ ഉത്തരം ബ്ലാക്ക്‌ സിനിമയില്‍ റാണി മുക്കര്‍ജി കാണിക്കുന്ന പോലെ ഒരു ഗോഷ്ടി മാത്രമായിരുന്നു.

*സമര്‍പ്പണം: ഫെബ്രുവരി 26-ആം തീയതി, പിറന്നാള്‍ ഞങ്ങള്‍ക്ക്‌ ഒരു ഊണ്‌ തന്ന് ആഘോഷിച്ച ഞങ്ങളുടെ കൂട്ടുകാരന്‍ ഹഫീസിന്റെ ബീവിക്ക്‌.

15 comments:

  1. കണ്ണൂസ്‌ said...

    ജിത്തേ,

    ഇതു വായിച്ചപ്പോള്‍, ഒരു ബെറ്റില്‍ കുടുങ്ങിപ്പോയതു കാരണം ഒരു പാക്കിക്ക്‌ ലഞ്ച്‌ വാങ്ങിച്ചു കൊടുക്കേണ്ടി വന്ന ഒരു സുഹൃത്തിന്റെ കാര്യം ഓര്‍മ്മിച്ചുപോയി.

    KFC-യില്‍ 20 ദിര്‍ഹത്തിന്‌ പറ്റുന്നിടത്തോളം കഴിക്കാം എന്നൊരു ഓഫര്‍ ഉള്ളതു കൊണ്ടാണ്‌ ഇങ്ങേരെ അങ്ങോട്ടു കൊണ്ട്‌ പോയത്‌. രണ്ട്‌ ബക്കറ്റ്‌ ചിക്കനും കഴിച്ച്‌, ഏമ്പക്കവും വിട്ട്‌ വെളിയില്‍ ഇറങ്ങിയപ്പോ, നമ്മുടെ പാക്കി ചോദിച്ചു.

    " യേ തൊ സഹി ഥാ ഭായ്‌, അബ്‌ ഹം ലഞ്ച്‌ കേലിയെ കിഥര്‍ ജാ രഹേ ഹേ?"



  2. Kalesh Kumar said...

    കൊള്ളാം ശ്രീജിത്തേ...



  3. അരവിന്ദ് :: aravind said...

    :-)) ഭേഷായിട്ടുണ്ട് മാഷേ..
    പണ്ട് നോര്‍ത്തിന്ത്യന്‍ ഹോട്ടലില്‍ ശാപ്പാടടിയ്ക്കാന്‍ ഞങ്ങല്‍ കുറച്ചുപേര്‍ കയറി.
    മെനുവിലതാ സബ്ജി ലവാബ്‌ദാര്‍ എന്നൊരു കറി സാധനം.
    തീരുമാനിച്ചുറപ്പിച്ചു കൂട്ടത്തിലൊരുവന്‍ ഉച്ചത്തിലോര്‍ഡറിട്ടു.
    “ പാംച് നാന്‍, ഓര്‍ ഏക് സബ്ജി ലാബ്രഡോര്‍ ലാവോ ഭായീ..”



  4. ചില നേരത്ത്.. said...

    ശ്രീജിത്തേ അവിടെ(ബാംഗ്ലൂരില്‍)KFC ടേക്ക് എവേ അല്ലേ?.
    എങ്ങിനെ ബിരിയാണി ആളുകള്‍ക്ക് ഇത്ര ഇഷ്ടപ്പെടുന്നു എന്ന് മനസ്സിലാകുന്നില്ല. ആനമയക്കീന്ന് ബിരിയാണിയുടെ മറ്റൊരു പേര്..കഴിച്ചാല്‍ ഉച്ചയുറക്കം നിര്‍ബന്ധം.
    അതുപോട്ടെ, അടുത്ത ജൂലൈ 15ന് KFC തന്നെ മതി..



  5. രാജീവ് സാക്ഷി | Rajeev Sakshi said...

    ഞാനും വരും ജൂലായ് 15 ന്. പക്ഷെ KFC വേണ്ട.



  6. Visala Manaskan said...

    'ചിക്കണ്‍ ജഗജില്ലി ഒരു പ്ലേറ്റ്‌'
    nice!



  7. സു | Su said...

    ഡേയ്.. ജിത്തേ...,

    ഒരു കൈ കൊണ്ട് കൊടുക്കുന്നത് മറ്റേ കൈ അറിയരുതെന്നാ പ്രമാണം. കൂട്ടുകാരോട് തന്നെ ഇത് ചെയ്തല്ലോ. ഛെ!

    ഉം.. എഴുതിയെടുത്തോ.

    ക്ലിയര്‍ വെജ് സൂപ്പ് 2, ഗോബി മഞ്ചൂരിയന്‍ 1

    നാന്‍ 4, മലായ് കോഫ്ത 1, പാലക് പനീര്‍ 1,

    പീസ് പുലാവ് 1, ഫലൂദ 2.
    ബാക്കി അവിടെ നിന്ന് ഓര്‍ഡര്‍ ചെയ്യാം.
    ജൂലൈ 15 നു കാണാം. ഞങ്ങള്‍ വരും ബാംഗ്ലൂര്‍ക്ക്.



  8. Sreejith K. said...

    ജൂലൈ പതിനഞ്ചിന് ചിലവു കൊടുക്കുന്ന പരിപാടി ഞാന്‍ അന്നു നിര്‍ത്തിയതാ സു. തുളസിയും ഇബ്രുവും സാക്ഷിയും കൂടി കേള്‍ക്കാനാ പറയുന്നതു. എല്ലാവരും കൂടി എന്നെ ഒരു വഴിക്കാക്കിയേ അടങ്ങൂ അല്ലേ? ഞാന്‍ ഒരു മണ്ടനായത്കൊണ്ട് എന്തും ആകാമെന്നൊ.

    എല്ലവര്‍ക്കും ഒരു ബിരിയാണിയുടെ ചിത്രം വച്ച് അന്നു ഞാന്‍ ഒരു പോസ്റ്റ് ഇടും. എങ്ങനുണ്ടെന്റെ ബുദ്ധി.



  9. bodhappayi said...

    ശ്രീജിത്തേ, കഥ അസ്സലായി. ഇനീം പോരട്ടേ.



  10. Anonymous said...

    ശ്രീജിത്തേ, എനിക്കൊരു വെജി പിസ്സ മതീട്ടോ...:)
    (എനിക്കു കമന്റാല്ലോ ല്ലേ??)

    ബിന്ദു



  11. Anonymous said...

    പെണ്ണുങ്ങളൊന്നും നോണ്‍‌വെജ് കഴിക്കില്ല അല്ലിയോ? (സോമന്‍ ജീവിച്ചിരുന്നെങ്കില്‍ ചോദിച്ചേനെ)



  12. സിദ്ധാര്‍ത്ഥന്‍ said...

    ബാംഗ്ലൂരെങ്ങാനും പോയാല്‍ മതിയായിരുന്നു. ഇവിടെ എത്രയെണ്ണത്തിന്റെ പിറന്നാളു കഴിഞ്ഞു ഒരു വറ്റ്‌ പായസം പോലും കിട്ടിയില്ല.

    മണ്ടത്തരങ്ങളവതരിപ്പിക്കാനും ഒരു വഴക്കം വേണം. ശ്രീജിത്തിനതുണ്ടു്‌. അതില്ലാത്തതു കൊണ്ടു്‌ ഞാനെഴുതിയ ഒരു മണ്ടത്തരം ഇപ്പൊഴും ഒരു മണ്ടത്തരമായി കിടപ്പാണു്‌.

    അഭിനന്ദനങ്ങള്‍!



  13. Sreejith K. said...

    അയ്യോ, വീണ്ടും അമേരിക്കന്‍ ഹോട്ടല്‍. എന്റെ ബിന്ദുവേ, പിസ്സയേ കഴിക്കൂ അല്ലേ? പിന്നെ ബിരിയാണി വേണം എന്നും പറഞ്ഞ് കരയില്ലെങ്കില്‍ പിസ്സ ശരിയാക്കാം. (കമന്റ് ഇടാന്‍ എന്തിനാ ചോദിക്കുന്നേ, ചുമ്മാ ഇടെന്നേ, ഇതൊക്കെയല്ലേ ഈ മണ്ടന്റെ ഒരു സന്തോഷം)

    ഏതാ ഈ അനോണി? അവളൊന്നു മൂളിയിരുന്നെങ്കില്‍, ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍ ഉണര്‍ന്നേനേ എന്നും പറഞ്ഞോണ്ട് നടക്കുന്ന M G സോമന്റെ ആളാ അല്ലിയൊ?



  14. ശനിയന്‍ \OvO/ Shaniyan said...

    മാഷെ, അവിടത്തെ 'റെഡ്‌-ബ്ലാക്ക്‌ അപകടങ്ങള്‍' (പാവം വെയിറ്റിംഗ്‌ സ്റ്റാഫ്‌) കേക്കു തന്നു, ഡിസ്കൊ കളിച്ച്‌, പാട്ടുപാടി നാറ്റിച്ചില്ലെ? അതവരുടെ സ്പെഷ്യാലിറ്റി ആണല്ലൊ?

    അവിടെ ഈറ്റ്‌-ഇന്‍ ഉം ഉണ്ട്‌ ;-)



  15. nalan::നളന്‍ said...

    ശ്രീജിത്തേ,
    ഹായ് ജൂലൈ പതിനഞ്ച് ശനിയാഴ്ചയാണല്ലോ, ലീവെടുക്കേണ്ടി വരില്ല!
    ഇത്തവണ നമുക്കടിച്ചുപൊളിക്കാമെന്നേ.