Wednesday, February 15, 2006

തുമ്മല്‍ വരുന്നുണ്ട്‌, സൂക്ഷിക്കുക

തുമ്മല്‍ വൃത്തികെട്ട ഒരു വികാരമാണ്. എപ്പൊ എവിടെ വച്ച് അത് വരും എന്ന് പറയാന്‍ പറ്റില്ല. വന്നാല്‍ നിര്‍ത്താന്‍ ബുദ്ധിമുട്ടാണ്, നിര്‍ത്തിയാല്‍ അതിനേക്കാള്‍ ബുദ്ധിമുട്ടാണ്. ഇതൊരു രോഗമല്ല, ഇതിന് മരുന്നുമില്ല, തുമ്മല്‍ എന്നും പറഞ്ഞ് ഒരു വൈദ്യനെ കാണാനും പറ്റില്ല. വന്നു, തുമ്മി, കീഴടക്കി എന്നൊക്കെ പറയുന്ന പോലെ ഒരു അവസ്ഥ. വന്നാല്‍ ‘ഈശ്വരോ രക്ഷതു’ എന്ന് പ്രാര്‍ത്ഥിക്കാന്‍ പോലും സമയം കിട്ടില്ല, അതിനു മുന്നേ എല്ലാം തീരും.

ഇന്നും പതിവ് പോലെ ഒരു ദിവസമായിരുന്നു. സൂര്യന്‍ എന്നത്തേയും പോലെ രാവിലെ എഴുന്നേറ്റു; ഞാന്‍ എന്റെ ഓഫീസ് സമയമായപ്പോഴും. സൂര്യനെ തോല്‍പ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല, ഞങ്ങള്‍ തമ്മില്‍ ഒരു മത്സരവുമില്ല. പല്ലുതേപ്പ്, കുളി, ഒരുങ്ങല്‍, ഭക്ഷണം എന്നീ ചിട്ടകള്‍ പാലിച്ച് ഞാന്‍ ഓഫീസിലേക്ക് എന്റെ ബൈക്കില്‍ യാത്രയായി. എന്നും കണ്ടു രസിക്കുന്ന ദൃശ്യങ്ങള്‍ ഇന്ന് വീണ്ടും കണ്ടു രസിച്ച്, വരികള്‍ അറിയാത്ത പുതിയ ഏതോ ഒരു പാട്ട് മൂളിക്കൊണ്ട് ഞാന്‍ അങ്ങിനെ, അങ്ങിനെ ഓഫീസിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ആ നിമിഷത്തിലാണ് അപ്രതീക്ഷിതമായി അത് സംഭവിച്ചത്. ഏയ്, ആക്സിഡന്റ് ഒന്നും അല്ല, ഒന്ന് തുമ്മി അത്രേ ഉള്ളു.

സ്വതവേ മറവിക്കാര‍നാണ് ഞാന്‍. അവശ്യ സാധനങ്ങള്‍ മിക്ക ദിവസവും ഓഫീസിലേക്കെടുക്കാന്‍ മറക്കുന്നവന്‍. എന്നാല്‍ മറക്കേണ്ട സമയം വന്നപ്പോള്‍, മറക്കുന്ന കാര്യം ഞാന്‍ മറന്നു. ഇത്തവണ ഞാന്‍ മറക്കാതിരുന്നത് എന്റെ ഹെല്‍മറ്റ് ആയിരുന്നു. തുമ്മലിന്റെ അവശേഷിപ്പുകള്‍ എന്നാം കൂടി എന്റെ ഹെല്‍മറ്റിന്റെ അകത്ത് പറ്റിപ്പിടിച്ചു. അവിടെ തട്ടി തിരിച്ചു വന്നതില്‍ ചിലത് എന്റെ മുഖത്തിന് അലങ്കാരമായി. എന്റെ മുഖം സ്പൈക്സ് ഉള്ള ഷൂ പോലെ വിളങ്ങി. ഹെല്‍മറ്റിനകത്തായതിനാല്‍ അധികം ആരും കണ്ടില്ല. ആരെങ്കിലും കണ്ടോ എന്ന് ഞാനും നോക്കിയില്ല. തല താഴെക്കു ചരിച്ച് ഓടിക്കേണ്ടി വന്നു ബാക്കി ദൂരം മുഴുവനും.

തുമ്മലിനെക്കുറിച്ചുള്ള ഗവേഷണത്തിലാണ് ഞാനിപ്പൊ. തുമ്മല്‍ എങ്ങിനെ ഒഴിവാക്കാം, എങ്ങിനെ വായ തുറക്കാതെ തുമ്മാം എന്നിവ കൂടാതെ ഹെല്‍മറ്റ് ധരിച്ചവര്‍ എങ്ങിനെ തുമ്മണം എന്നും ഞാന്‍ അന്വേഷിക്കുന്നുണ്ട്. ബിരുദാനന്തര ബിരുദം എടുത്തതോടെ ഇനി പഠനം ഇല്ല എന്ന് തീരുമാനിച്ചതായിരുന്നു. ഇനിയിപ്പോ ഈ ‘തുമ്മല്‍ + ഹെല്‍മറ്റ് ’ വിഷയത്തില്‍ Phd. എടുത്തിട്ടേ ബാക്കി കാര്യമുള്ളൂ.

14 comments:

  1. Kalesh Kumar said...

    തുമ്മൽ ഒരു അലർജിയാന്ന് കേട്ടിട്ടുണ്ട്!
    ഹെൽമറ്റ് ഉപയോഗം നിർത്തരുത്. ഹെൽമറ്റ് കണ്ടുപിടിച്ചില്ലായിരുന്നേൽ ഞാനീ കമന്റ് എഴുതുമായിരുന്നില്ല!



  2. സ്വാര്‍ത്ഥന്‍ said...

    എളുപ്പവഴിയുണ്ട്,
    മൂക്കില്‍ പഞ്ഞി വയ്ക്കുക!!!



  3. അരവിന്ദ് :: aravind said...

    Sreejithe,
    Helmet or Hell Met.
    തുമ്മല്‍ സാരല്ല..സ്വന്തം ല്ലേ ;-)



  4. ചില നേരത്ത്.. said...

    ഞാനും ഒന്ന് തുമ്മട്ടെ.



  5. Visala Manaskan said...

    ശ്രീജിത്തേ ഒരു ചെറിയ ഗർഭം കലക്കി (ഡൈന അമിട്ട്‌) പൊട്ടിയ സൌണ്ട്‌ , അപ്പോൾ കേട്ടിട്ടുണ്ടാവുമല്ലോ...!



  6. അരവിന്ദ് :: aravind said...

    ശ്രീജിത്തേ..
    ഹെല്‍മെറ്റില്‍ ഒരു വൈപ്പര്‍ പിടിപ്പിക്ക്.



  7. Sreejith K. said...

    വൈപ്പര്‍ എന്നൊരാലോചന പണ്ടുണ്ടായിരുന്നു. അത് പക്ഷെ മഴയത്ത് ഓടിക്കാനുള്ള ബുദ്ധിമുട്ട് കാരണമായിരുന്നു. ആ മണ്ടത്തരം പിന്നെ. പക്ഷെ അരവിന്ദാ, അകത്ത് മഴപെയ്യുന്നതിന് എവിടെയാ വൈപ്പര്‍ പിടിപ്പിക്കുക?

    സ്വാര്‍ത്ഥാ, തുമ്മല്‍ ഇതിരീം കൂടി സ്റ്റ്‌റോങ്ങ് ആയിരുന്നെങ്കില്‍ എന്റെ മൂക്കില്‍ പഞ്ഞി വക്കേണ്ടി വന്നേനെ. നല്ല തിരക്കുള്ള റോഡ് ആയിരുന്നു.

    വിശാലാ, ഹെല്‍മെറ്റ് ഇട്ട് തുമ്മിയാല്‍ നല്ല എക്കോ ആണ്. ഒന്ന് ശ്രമിച്ച് നോക്ക്. അമിട്ട് ഒന്നുമല്ല ആ സമയത്ത്. ചെവിയില്‍ നിന്ന് ഇപ്പോഴും മുഴക്കം പോയിട്ടില്ല.



  8. അതുല്യ said...

    ശ്രീജിത്തേ.. ഇവിടുത്തേ സിറ്റി സെന്ററിൽ, തുമ്മാനുള്ള റിമോട്ട് കണ്ട്രോളു കിട്ടും. ഒന്ന് വാങ്ങി അയയ്കട്ടേ??



  9. Adithyan said...

    തുമ്മിയാ തെറിക്കുന്ന ഹെൽമറ്റാണെങ്കിൽ അങ്ങു തെറിക്കട്ടെ, ശ്രീ



  10. ഉമേഷ്::Umesh said...

    ശ്രീജിത്ത്‌: കുറെക്കാലമായി ഞാന്‍ ഈ ചെറിയ സാധനങ്ങളും കൊണ്ടു നടക്കുന്നു. ഇനി ഒരു വലുതു ട്രൈ ചെയ്യട്ടേ.
    ഞങ്ങള്‍: എന്തു്‌?
    ശ്രീജിത്ത്‌: ബ്ലോഗ്‌ പോസ്റ്റ്‌.



  11. Sreejith K. said...

    ഉമേഷേ, കള്ളാ, എന്റെ മറ്റേ ബ്ലോഗ് വായിച്ച് എന്റെ സ്റ്റൈല്‍ കണ്ട് പഠിച്ചു അല്ലേ. പക്ഷെ അവിടെ കമ്മന്റ്സ് ഒന്നും കണ്ടില്ലല്ലോ. അതാണോ ഇതാണോ നല്ലത് എന്നും പറഞ്ഞില്ലല്ലോ.

    അതുല്യചേച്ചി, തുമ്മാനുള്ള റിമോട്ട് കണ്ട്രോളു ഒരെണ്ണം അറ്റാച്ച്മെന്റ് ആയി ഒരു മെയില്‍ അയച്ചേരെ.

    ആദിത്യാ, തുമ്മിയാല്‍ ഹെല്‍മെറ്റ് തെറിക്കുകയണേല്‍ അതിന്റെ കൂടെ എന്റെ തലയും തെറിക്കില്ലേ? അയ്യൊ !!! പറഞ്ഞതു മണ്ടത്തരമായോ. എന്നാല്‍ പിന്നെ ഇത് കമ്മന്റ് ആയി ഇടുന്നതിന് പകരം പോസ്റ്റ് ആയി ഇടാം.



  12. Anonymous said...

    ഒരു simple solution, haven't u seen doctors in operation theatre, or de jain disciples, u can use der style mask



  13. Anonymous said...

    പണ്ട് സ്കൂളില്‍ ഞാന്‍ കലക്കിയഭിനയിച്ച ഒരു നാടകമായിരുന്നു 'മണ്ടൂസിന്റെ ധീരകൃത്യങ്ങള്‍' എത്ര ആരാധികമാരായിരുന്നെന്നോ അതിനു ശേഷം! അതുകൊണ്ട് എല്ലാ മംഗളങ്ങളൂം നേരുന്നു.. മണ്ടത്തരങ്ങളില്‍ പ്രബന്ധമെഴുതിക്കഴിയുമ്പോ ഈയുള്ളവന് ഒരു കോപ്പി അയച്ചു തരണേ.



  14. Anonymous said...

    തുമ്മലിന് അനോണി പറഞ്ഞത് പ്രായോഗികമായ നിര്‍ദ്ദേശമാണ്. ഇവിടെ ജപ്പാന്‍കാരെല്ലാം ഒരു ചെറിയ ജലദോഷത്തിനുപോലും വായും മൂക്കൂം തുണികൊണ്ട് മൂടി നടക്കൂം.