Thursday, September 14, 2006

ഉത്രാടപ്പാച്ചില്‍

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഓണം നാട്ടില്‍ ചിലവഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. ലീവ്, നാട്ടിലേക്കുള്ള വണ്ടികളില്‍ ടിക്കറ്റ് കിട്ടാനുള്ള ബുദ്ധിമുട്ട്, ഓണത്തിന് ബാംഗ്ലൂരില്‍ കൂട്ടുകാരുമായുള്ള ഒത്തുകൂടല്‍, അങ്ങിനെ പലതും എന്നെ തടഞ്ഞു. ഇത്തവണ എന്തായാലും കണ്ണൂരില്‍ തന്നെ ഓണമുണ്ണാന്‍ തന്നെ തീരുമാനിച്ചു. നാലു ദിവസം ലീവെടുത്ത് നാട്ടില്‍പ്പോയി ബന്ധുജനങ്ങളുടെകൂടെ തന്നെ ഓണം ആഘോഷിച്ചു.

നാട്ടില്‍ ഒരു കട നടത്തുന്നതിനാല്‍ അച്ഛനും അമ്മയ്ക്കും കടയിലെ ഓണത്തിരക്കിനിടയില്‍ത്തന്നെ കഴിയേണ്ടി വന്നു ഞാന്‍ നാട്ടില്‍ എത്തിയിട്ടും. ഉത്രാടത്തിന്റന്നാണ് എല്ലാവരും ഒന്ന് ഫ്രീ ആയത്. കട അന്നവര്‍ തൂറന്നില്ല. പുന്നാരമോന്‍ ഓണത്തിന് നാട്ടില്‍ വന്നിട്ട് അവന്റെ കൂടെ സമയം ചിലവഴിക്കണ്ടേ. കടയേക്കാ‍ള്‍ ഞാനല്ലേ പ്രധാനം? ഇതൊന്നവരെ സമ്മതിപ്പിച്ചെടുക്കാന്‍ ഞാന്‍ പെട്ട പാട്.

ഉത്രാടത്തിന് ഒന്ന് കറങ്ങാന്‍ പോകാം എന്ന് തീരുമാനിച്ച് ഞങ്ങള്‍ ഉച്ചയായപ്പോഴേക്കും പോകാന്‍ തയ്യാറായി. വിപുലമായ കലാപരിപാടികളായിരുന്നു. ആദ്യം പയ്യാമ്പലം ബീച്ച്. പിന്നെ കണ്ണൂര്‍ കോട്ട. പിന്നെ ഒന്ന് നാലഞ്ച് തുണിക്കടകള്‍, എല്ലാവര്‍ക്കും ഓണക്കോടിയും വാങ്ങി. പിന്നെ സൂപ്പര്‍ ബസാറില്‍ പോയി മറ്റ് അല്ലറ ചില്ലറ സാധനങ്ങള്‍, വഴിവക്കില്‍ നിന്ന് പൂക്കളമിടാന്‍ പൂക്കള്‍, ഇത്രയൊക്കെ ആയപ്പോഴേക്കും നേരം സന്ധ്യയായി.

ഇനി പൊലീസ് പരേഡ് ഗ്രൌണ്ടിലെ എക്സിബിഷന്‍ കൂടി കണ്ടിട്ട് വീട്ടിലേക്ക് മടങ്ങാം.

ടിക്കറ്റെടുത്ത് അകത്ത് കയറി. ആന മയില്‍ ഒട്ടകം കുതിര. എല്ലാമുണ്ട്. നിരവധി കടകള്‍, ഭക്ഷണശാലകള്‍, ജനക്കൂട്ടം, കൂമിളയുണ്ടാക്കുന്ന സാധനം വില്‍ക്കുന്നവര്‍ ആകാശത്ത് നിറച്ച കുമിളകള്‍, ... പക്ഷെ ഞങ്ങളുടെ കണ്ണുകളുടക്കിയത് മേളയുടെ മുഖ്യാകര്‍ഷണമായ ചലിക്കും വിനോദങ്ങളിലാ‍ണ്. വട്ടത്തിലും ചെരിഞ്ഞും കറങ്ങുന്ന ചക്രങ്ങള്‍, ചെറിയ ട്രെയിനുകള്‍, ഊഞ്ഞാല്‍ പോലെ ആടുന്ന വള്ളം, അങ്ങിനെ പലതും. കണ്ടിട്ട് എല്ല്ലാവര്‍ക്കും കുട്ടികളുടെ മനസ്സായി.

അമ്മയ്ക്ക് ജയന്റ് വീലില്‍ കയറിയാല്‍ തല കറങ്ങും, ആടുക മാത്രം ചെയ്യുന്ന വീല്‍ മതി. അച്ഛന് ചരിഞ്ഞ് കറങ്ങുന്ന റൈഡില്‍ ആണ് കയറേണ്ടത്. എനിക്കാണെങ്കില്‍ എല്ലാത്തിലും കയറണം. അപ്പോഴാണ് അമ്മ കുട്ടികള്‍ക്കായുള്ള ട്രെയിന്‍ കാണുന്നത്. അതില്‍ കയറിയാല്‍ കുഴപ്പമാകുമോ, നീ കേറിക്കോ രസമല്ലേ എന്നെന്നോട് പറഞ്ഞു. അത് കുട്ടികള്‍ക്കുള്ളതാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ നീ എന്നാടാ വലിയ ആളായത് എന്ന് അമ്മയുടെ മറുപടി.

ഇങ്ങനെ തമാശകള്‍ പറഞ്ഞും റൈഡുകളില്‍ കയറാന്‍ പരിപാടിയിട്ടുമിരുന്ന നേരത്താണ് അവര്‍ എല്ലായിടത്തേയും അലങ്കാരവിളക്കുകള്‍ തെളിയിച്ചത്. റൈഡുകളിലും ട്രെയിനിലും ചുറ്റുമുള്ള കടകളിലും ഒക്കെയുള്ള ലൈറ്റുകള്‍ കാണാന്‍ നല്ല ഭംഗിയായിരുന്നു. ഒരു ഫോട്ടൊ എടുത്ത് ബ്ലോഗിലിട്ടാലോ എന്നാലോചിച്ചതേയുള്ളൂ, അമ്മയും പറഞ്ഞു ഫോട്ടോ എടുക്ക് നല്ല ഭംഗിയുണ്ടെന്ന്.

ക്യാമറ എടുക്കാന്‍ പോക്കറ്റില്‍ കൈയിട്ട ഞാന്‍ ഞെട്ടി. ക്യാമറ കാണാനില്ല. ഈശ്വരാ, എന്റെ പതിനായിരം രൂപ വിലയുള്ള ക്യാമറ! (ചില സാങ്കേതികപ്രശ്നങ്ങളാല്‍ ക്യാമറയുടെ യഥാര്‍ത്ഥ വില ഇവിടെ വെളിപ്പെടുത്താന്‍ നിര്‍വ്വാഹമില്ല). തെങ്ങിന്‍പൂക്കുലാദിവിവാഹഫോട്ടോ പോലെ ചരിത്രപ്രാധാന്യമുള്ള ചിത്രങ്ങള്‍ എടുത്ത എന്റെ പൊന്നു ക്യാമറ. കാലങ്ങളായി എന്റെ പോക്കറ്റില്‍ മൊബൈലിനൊടൊപ്പം എല്ലാ യാത്രയിലും കൂടെ വരാറുള്ള എന്റെ സഹതസഞ്ചാരി! എന്റെ ഫോട്ടോഗ്രാഫിക്ക് പരീക്ഷണങ്ങളുടെ അവിഭാജ്യഘടകം! എടുക്കുന്നതെല്ലാം പതിയാറില്ലെങ്കിലും പതിഞ്ഞതൊക്കെയും എന്റെ അഭിമാനമായി മാറാറുണ്ടായിരുന്ന ഇലക്ട്രോണിക്ക് വണ്ടര്‍! അതെനിക്ക് നഷ്ടമായിരിക്കുന്നു.

ഇന്നെവിടെയെല്ലാം പോയതാ. എവിടെ വച്ചാണ് മറന്നതെന്ന് ഒരൂഹവും ഇല്ല. കളയാന്‍ പറ്റില്ലല്ലോ, വിലമതിക്കാത്ത ഉല്‍പ്പന്നമല്ലേ. തിരയുക തന്നെ.

എക്സിബിഷനില്‍ കയറിയതേ ഉണ്ടായിരുന്നുള്ളൂ, ഒന്നും നേരെചൊവ്വേ കാണാനുംകൂടെ പറ്റിയില്ല. ക്യാമറ തപ്പാന്‍ വേണ്ടി ചാടിയിറങ്ങേണ്ടി വന്നു പുറത്തേക്ക്. ആ ടിക്കറ്റിന്റെ കാശ് വെയിസ്റ്റ്. അന്ന് പോയ സ്ഥലങ്ങളൊക്കെ മനസ്സില്‍ ഫ്ലാഷ്‌ബാക്ക് ആയി ഓടിച്ചു നോക്കി. ആ വഴിയേ തന്നെ തിരിച്ചു പോകാനുള്ള റൂട്ട് മാപ്പും ചാര്‍ട്ട് ചെയ്തു. വന്ന വഴി മറക്കാത്തവനാണ് ഞാന്‍ എന്നത് ഈ അവസരത്തില്‍ പ്രയോജനം ചെയ്തു. അങ്ങിനെ “ഓപ്പറേഷന്‍ ക്യാമറ” തുടങ്ങി.

അന്ന് പോയ സൂപ്പര്‍ ബസാര്‍, തുണിക്കടകള്‍, പൂ മേടിക്കാന്‍ പോയ ചന്ത, എന്നിവടങ്ങളിലെല്ലാംതന്നെ പോയ ക്യാമറയ്ക്ക് കുടത്തില്‍വരെ തപ്പി നടന്നു. മുതലാളി മുട്ട വച്ച് ഓം‌ലെറ്റ് അടിച്ച് ഏമ്പക്കം വിടുമ്പോള്‍, ഇവിടെങ്ങാണ്ടാണല്ലോ താന്‍ മുട്ടയിട്ടത്ത് എന്നും പറഞ്ഞ് കോഴി മുട്ടതപ്പി നടക്കുന്നപോലാണോ‍ എന്‍െയീത്തിരച്ചില്‍ എന്ന് പേടിയും തുടങ്ങി. അവസാനമായി കോട്ടയിലും ബീച്ചീലും കൂടി തിരച്ചില്‍ നടത്തി വെറും കൈയോടെ ആ കൈ താടിക്ക് കൊടുത്തിരിക്കുമ്പോള്‍ ആ പേടി യാഥാര്‍ത്ഥ്യവുമായി. ഈ കണ്ണൂരില്‍ മറ്റെവിടെയോ ഒരു ഭാഗ്യവാന്‍ വീണുകിട്ടിയ സൌഭാഗ്യമായ എന്റെ ക്യാമറയുമായി നാളെ പകര്‍ത്താനുള്ള വിവാഹചിത്രങ്ങളെക്കുറിച്ചോര്‍ത്ത് മന്‍സ്സില്‍ ചിരിക്കുന്നുണ്ടാവാം.

അപ്പോഴേക്കും സമയം ഒരുപാടായിരുന്നു. നേരം വൈകിയുള്ള ഓട്ടവും തിരച്ചിലും കാരണം എല്ലാവരും നന്നേ ക്ഷീണിച്ചിരുന്നു. അത്താഴവും കഴിച്ചിരുന്നില്ലല്ലോ. ഈ ടെന്‍ഷനില്‍ വിശപ്പും കെട്ടിരുന്നു. ക്യാമറ പോയത് പോട്ടെ, ഒന്ന്പോയി വീട്ടില്‍ കിടന്നുറങ്ങിയാല്‍ മതി എന്ന മാനസികാവസ്ഥയിലായിരുന്നു അപ്പോള്‍ ഞാന്‍. അച്ഛനുമമ്മയും സേം പിഞ്ച്. വിരഹാര്‍ദ്രമാം മനസ്സോടുകൂടി, വിതുമ്പും ചേതനയോടെ ഞങ്ങള്‍ വീട്ടിലേക്ക് യാത്രയായി.

വിട്ടിലെത്തി വാതില്‍ തുറന്നപ്പോള്‍ ആദ്യം കാണുന്ന ടീപ്പോയിയില്‍ തന്നെ നില്‍ക്കുന്നു നമ്മുടെ കഥാനായകന്‍ ക്യാമറ. നിങ്ങള്‍ എവിടെയായിരുന്നു, എന്നെക്കൂട്ടാണ്ട് പുറത്ത് പോയി അല്ലേ എന്ന മട്ടില്‍ പരിഭവിച്ചുകൊണ്ടവിടെ അവന്‍ അനങ്ങാതെ നില്‍ക്കുന്നു. പിന്നെ ഒരു കള്ളച്ചിരിയുമായി എന്നെ നോക്കി കണ്ണിറുക്കി. ടൈമറില്‍ വച്ചിട്ട് പിന്നെ പടമെടുക്കുന്നപോലെ അവന്‍ എന്നെ നോക്കി ഒരു ഫ്ലാ‍ഷ് അടിച്ചു. ഇനി എനിക്ക് തോന്നിയതാണോ? അതോ അതെനിക്ക് ബോധം പോയതിന്റെ മിന്നായം ആയിരുന്നോ? ആവോ !!!

20 comments:

 1. Raghavan P K said...

  ശ്രീജിത്തേ, കൊള്ളാം! ഇത്രചെറുപ്പത്തിലേ ഇത്ര മറവിയോ? 2. സു | Su said...

  ഹോ...ഇനിയും ആ ക്യാമറയില്‍ നിന്ന് മഹത്തായ ചിത്രങ്ങള്‍ കാണാനുള്ള അവസരം ഇല്ലാതായോ എന്ന് വിചാരിച്ചു. ഇത്തരം മറവിക്കഥകള്‍ ഇവിടെ ഒരുപാടുണ്ട്. പിന്നീടോര്‍ക്കുമ്പോള്‍ രസം തോന്നും.

  :) 3. പച്ചാളം : pachalam said...

  ഹെന്ത് എടേയ് ശ്രീജിത്തെ, ഇരുന്നൂറ്റിയന്‍പത് രൂപക്ക് വിലകൂടിയോ??
  എറണാകുളം ജെട്ടീന്ന് വാങ്ങിച്ച ആ ‘മുഴുത്ത’ ഫോട്ടോയെടുപ്പ് സാധനത്തിന് ഞാനെത്ര കണക്കുകൂട്ടിയിട്ടും .....
  പിന്നെ ഒരു നല്ല പോസ്റ്റായതു കൊണ്ട് ഞാനിതാരോടും പറയുന്നില്ല! 4. പാര്‍വതി said...

  ഈ മറവി ഇങ്ങനെയൊക്കെ തന്നെ പറ്റാറുണ്ട്,പക്ഷേ അപ്പോ തോന്നുന്ന ആ പരവേശത്തെ ഇത്രയും സാരസ്യമായി അവതരിപ്പിക്കാന്‍ ജിത്തിന് മാത്രമേ ആവൂ..

  :-)

  -പാര്‍വതി. 5. ബിന്ദു said...

  അതേയ് ഒരു സംശയം ചോദിച്ചോട്ടെ? സ്വന്തമായി കടയുണ്ടെന്നു പറയുന്നു, എന്നിട്ടെന്തിനാ വേറെ കടയില്‍ പോയി തുണിയെടുത്തത്? :)(ഞാന്‍ ഓടി) 6. Satheesh :: സതീഷ് said...

  ബിന്ദു പറഞ്ഞത് ഞാനും നോട്ട് ചെയ്താരുന്നു! പണ്ട് എന്റെ ഒരു സുഹൃത്തിന്റ്റെ അമ്മാവനു ഒരു ഹോട്ടലുണ്ടായിരുന്നു. ഒരു ദിവസം ഉച്ച കഴിഞ്ഞ് അവനെ അന്വേഷിച്ച് അവിടെ പോയ ഞാന്‍ നോക്കിയപ്പോള്‍ അവിടത്തെ പണിക്കാരെയൊന്നും അവിടെ കാണാനില്ല. ചോദിച്ചപ്പോള്‍ അവന്‍ പറയുകയാ, അവരെല്ലാം ഊണു കഴിക്കാന്‍ വേറെ ഹോട്ടലില്‍ പോയിരിക്കുകയാണെന്ന്.
  ശ്രീജിത്തേ, കഥ നന്നായി..രസകരമായി വറ്ണിച്ചിരിക്കുന്നു! 7. ഉപ്പന്‍ said...

  Lalitham,Manoharam,Sundaram ennee poomaalakal thaankalude ee anubhava chithrathil njaan chaarthunnu.

  Mozhi Keyman madammayude shundi moothappol uninstall cheyyendi vannu

  Bhesh Bhesh .... 8. Adithyan said...

  "എടുക്കുന്നതെല്ലാം പതിയാറില്ലെങ്കിലും പതിഞ്ഞതൊക്കെയും എന്റെ അഭിമാനമായി മാറാറുണ്ടായിരുന്ന ഇലക്ട്രോണിക്ക് വണ്ടര്‍!"

  അതു കലക്കി ശ്രീജീ‍ീ :)) ഒരു നിമിഷത്തേക്ക് എന്റെ ഐ എസ് എസ് ത്രീ എന്റെ മനസില്‍ മിഞ്ഞിമറഞ്ഞു.

  പണ്ടാരമടങ്ങാനുള്ള ആ സാധനം പോയല്ലോ ഇനി ആ മാതിരി ഫോട്ടോഗ്രാഫി എന്ന കലയെ അപമാനിക്കുന്ന ഫോട്ടോകള്‍ കാണണ്ടല്ലോ എന്നൊക്കെ വിചാരിച്ച് ഒന്ന് ആശ്വസിച്ചു വന്നതാ.. കളഞ്ഞില്ലേ.... 9. റീനി said...

  ശ്രീജിത്തെ, എനിക്കിഷ്ടായി ഈ എഴുത്ത്‌. എന്തായാലും ക്യാമറ കിട്ടിയല്ലോ, നന്നായി. ഈയടുത്തകാലത്ത്‌ പാട്ടുപാടി ബ്ലോഗിലിട്ട ആ സൂത്രം എങ്ങും കളഞ്ഞു പോയിട്ടില്ലല്ലോ? 10. ഇത്തിരിവെട്ടം|Ithiri said...

  ശ്രീജിത്തേ... മണ്ടത്തരങ്ങള്‍ക്കോപ്പം മറവിയും. നിന്റെയൊരു കാര്യം. തന്മാത്ര കാണ്ടിട്ടില്ലങ്കില്‍ ഒന്ന് കാണൂ.

  ഇനിയും ആ ക്യാമറയില്‍ വിരിയുന്ന ചിത്രങ്ങള്‍ കാണണമല്ലോ ഈശ്വരാ. ബൂലോഗരേ ഇനിയും പരീക്ഷിക്കണോ ? 11. കലേഷ്‌ കുമാര്‍ said...

  ശ്രീ,
  ഓണാശംസകള്‍! 12. kumar © said...

  മണ്ടത്തരങ്ങള്‍ എന്നതിനു പകരം മറവിണ്ടത്തരങ്ങള്‍ എന്നാക്കിയാലോ ടൈറ്റില്‍. ഒരു പോസ്റ്റ് എഴുതാന്‍ വേണ്ടി എന്തും മറക്കുമോ?

  ഞാനൊന്നും പറയണില്ല. പറഞ്ഞാലൊട്ട് ശരിയാവില്ല.
  ഞാന്‍ പാഞ്ഞു, (ഉത്രാടപാച്ചിലല്ല) 13. ദില്‍ബാസുരന്‍ said...

  ശ്രീജീ,
  ആ മനോഹരമായ വസ്തുവിന്റെ മഹത്തായ സൃഷ്ടികള്‍ കാണാനുള്ള അവസരം ഇനിയുണ്ടായില്ലെങ്കിലോ എന്ന സങ്കടത്തില്‍ ആത്മഹത്യ ചെയ്യാനായി മൂക്കില്‍ തൂവാല കെട്ടാതെ ഒരു പാകിസ്താനി റ്റാക്സിയില്‍ കയറാന്‍ ഒരുങ്ങുകയായിരുന്നു ഞാന്‍ ക്ലൈമാക്സ് എത്തുന്നത് വരെ.

  എങ്കിലും പതിനായിരം എന്ന് പറഞ്ഞ് ചീപ്പാക്കിയത് (ആയത്) മോശമായിപ്പോയി. രണ്ട് വര്‍ഷമായി ബാങ്ക് ലോണ്‍ അടക്കുന്നതും ഇത് വരെയും കടം തീര്‍ന്നിട്ടില്ലത്തതും എന്നൊക്കെ പറയാമായിരുന്നു. അല്ലെങ്കിലും ഈ കോടീശ്വരന്മാരിങ്ങനെയാ... ഒരു മാതിരി മണ്ടന്മാരെപ്പോലെ.... :-) 14. Anonymous said...

  സംഗതി കൊള്ളാമല്ലൊ 15. കുറുമാന്‍ said...

  പൃഷ്ടങ്ങളെ ഉന്നമിട്ട് പടമെടുക്കുന്ന ഇലക്ട്രോണിക് വണ്ടര്‍ ജിത്തിന്ന് നഷ്ടപെട്ടില്ലാന്നോര്‍ത്ത് സന്തോയം.

  വഴിവക്കില്‍ നിന്നും പൂക്കള്‍ വാങ്ങി പൂക്കളമിടേണ്ട ഇന്നത്തെ അവസ്ഥയും,പൂക്കൂടയുമേന്തി, പറമ്പായ പറമ്പില്‍ മുഴുവന്‍ തോട്ടിയുമേന്തി കയറിയിറങ്ങി, കോളാമ്പി മുതല്‍, നങ്ങ്യാര്‍വട്ടം, തുമ്പ, മുക്കുറ്റി, കമ്മല്‍ പൂ, തുടങ്ങിയ പൂപറിക്കാന്‍ നടന്നിരുന്ന കുട്ടിക്കാലവും തമ്മില്‍ എന്തൊരു വിത്യാസം. 16. അഗ്രജന്‍ said...

  അടിപൊളിയായി അവതരിപ്പിച്ചിരിക്കുന്നു ശ്രീജി.

  എന്തായാലും വേറൊരു കടയില്‍ നിന്ന് ഓണക്കോടിയെടുത്തത്ത് നന്നായി.

  അല്ലങ്കില്‍ കുനിഞ്ഞ് നിന്ന് സദ്യ വിളമ്പുമ്പോള്‍ ...ക്..റ്...റ്....റ്....റ്... എന്നൊരു ശബ്ദത്തോടെ ഓണക്കോടി കരയുന്നത് കേള്‍ക്കാമായിരുന്നു.

  [ഞാനീ നാട്ടുകാരനല്ല്] 17. ശാലിനി said...

  മൂക്കത്ത് കണ്ണാടിയും വച്ച് കളഞ്ഞുപോയ ആ കണ്ണാടി തപ്പി കുറേ നടന്നിട്ടുണ്ട് എന്റെ വല്യപ്പച്ചന്‍. റിനി പറഞ്ഞതുപോലെ പാട്ടിന്റെ സൂത്രം കളഞ്ഞു പോകാതെ സൂക്ഷിക്കണേ. 18. വല്യമ്മായി said...

  സ്വന്തം കടയുണ്ടായിട്ട്..... എന്നത് എന്റെ മനസ്സിലും വന്ന ചോദ്യം.അഗ്രജന്റെ കമന്റ് വായിച്ചപ്പോള്‍ ഉത്തരം കിട്ടി.

  ഇനിയും ആ ഫോട്ടോകള്‍ കാണേണ്ടി വരുമല്ലോ ദൈവമേ 19. ഇടിവാള്‍ said...

  കൊള്ളാം ശ്രീ..

  ക്യാമറയുടെ വില മനസ്സിലായി.. ( രൂപയിലുള്ള വിലയല്ല.. ;) അതു പaച്ചാളം കുട്ടന്‍ പറഞ്ഞല്ലോ..) , മറിച്ച്, ആ ക്യാമറ എത്ര മാത്രം വിലപ്പെട്ടതാണു ശ്രീക്ക് എന്ന് !

  ഇനിയ്യുമെത്ര കല്യാണണങ്ങളു കവറു ചെയ്യാണ്ട മൊതലാ അല്ല്യോ ?

  ജൂനിയന്‍ മാന്‍ഡ്രേക്ക് എന്ന ഫിലിമില്‍, ജഗതിയും പറവൂര്‍ ഭരതനും കൂടി ആ പാവ കൊണ്ടു കളയാന്‍ എത്ര ശ്രമിച്ചിട്ടും അതു തിരികെ അവരുടെ കയ്യില്‍ തന്നെ വരും !

  ഇതു വായിച്ചപ്പോള്‍ അതോര്‍മ്മ വന്നു ! 20. കിച്ചു said...

  എന്റെ ശ്രീജി നീ ആയതുകൊണ്ടു ഇങ്ങനെ തന്നെ സംഭവിക്കുമെന്നു ഞാന്‍ ആദ്യമേ കരുതിയിരുന്നു. എനിക്കൊരു കല്യാണം ഉണ്ടാകുവാണേ ക്യാമറ സഹിതമേ ഞാന്‍ നിന്നെ ക്ഷണിക്കൂ. അതു കൊണ്ടു ശ്രീജി മോനെ ക്യാമറ കളയാതെ സുക്ഷിക്കണേ.