Thursday, August 31, 2006

ഓണാഘോഷസ്മരണകള്‍

അന്ന് ഞാന്‍ എറണാകുളം മഹാരാജാസില്‍ ബിരുദത്തിന് പഠിക്കുന്നു.

ക്ലാസ്സില്‍ കൂടെ ഉണ്ടായിരുന്ന മറ്റ് കുട്ടികള്‍ എല്ലാം മഹാ അലവലാതികള്‍ ആയിരുന്നു. ഏത് നേരവും പഠിക്കണമെന്നും, നല്ല മാര്‍ക്ക് നേടണമെന്നും മാത്രം എല്ലാവര്‍ക്കും വിചാരം. പക്ഷെ ഞാന്‍ ഡിസന്റ് ആയിരു‍ന്നു. ബോറടിച്ചിരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കമ്പനി കൊടുത്തും, ഒറ്റയ്ക്ക് സിനിമയ്ക്ക് പോകാന്‍ മടിച്ച് നില്‍ക്കുന്നവര്‍ക്ക് ആശ്വാസമായി കൂടെപ്പോയും, സമരങ്ങള്‍ക്ക് ആള്‍ബലം കൂട്ടാന്‍ പാര്‍ട്ടികാര്‍ക്ക് ഒരു സഹായമായും, ആള്‍ക്കാര്‍ ഇല്ലാതെ ഒഴിഞ്ഞ് കിടക്കുന്ന കോളേജ് കാന്റീനിന് ഒരു പരസ്യമായി അവിടെ ഇരുന്നും ഒക്കെ ആര്‍ഭാടമായി വിരാജിക്കുന്ന ഒരു കാലഘട്ടം.

അങ്ങിനെ ഉള്ള സമയത്ത് ചിങ്ങമാസമായി, ഓണവും വന്നെത്തി.

ക്ലാസ്സില്‍ ആര്‍ക്കും ഒരു ചൂടുമില്ല. അവസാന വര്‍ഷ ബിരുദമായതില്‍ പിന്നെ പഴയതിലും കഷ്ടമാണ് സ്ഥിതി. എല്ലാവര്‍ക്കും വരാനിരിക്കുന്ന പരീക്ഷയിലെ മാര്‍ക്കിന്റെ ആധിയും ബിരുദം കഴിഞ്ഞാല്‍പ്പിന്നെ എന്ത് ചെയ്യും എന്ന ആലോചനയും മാത്രം എപ്പോഴും. ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന്മാര്‍ക്ക് അടുത്ത അവര്‍ എന്താണ് പഠിപ്പിക്കാന്‍ പോകുന്നതെന്ന് മാത്രം ചിന്ത. എനിക്കാണെങ്കില്‍ ഓണത്തിന് പൂക്കളം ഇടാതിരുന്നിട്ട് ഒരു മനസ്സമാധാനവുമില്ല. മറ്റു ക്ലാസ്സുകളിലെ പിള്ളേര്‍ എല്ലാം നല്ല അസ്സലായി പൂക്കളം ഇട്ടു തുടങ്ങി. നാളെ ഇനി അവിടെപ്പോയി പെണ്‍പിള്ളേര്‍ക്ക് കമ്പനി കൊടുക്കുമ്പോള്‍ “നിന്റെ ക്ലാസ്സില്‍ പൂക്കളമിട്ടോടാ” എന്ന് അവര്‍ ചോദിച്ചാല്‍ ഞാന്‍ എന്തു സമാധാനം പറയും?

വിഷയം ഗൌരവത്തോടെ ഞാന്‍ ക്ലാസ്സില്‍ അവതരിപ്പിച്ചു. പൂക്കളം ഒരു അഭിമാനപ്രശ്നമായി ഉയര്‍ത്തിക്കാട്ടിയുള്ള എന്റെ ശ്രമം വിജയിച്ചു. പൂക്കളത്തിന് കൂടെ നില്‍ക്കാന്‍ അവര്‍ തയ്യാറായി.

അപ്പോള്‍ ആദ്യം പൂക്കള്‍ വാങ്ങണം. പിന്നെ ഒരു ഡിസൈന്‍ ഉണ്ടാക്കി അതിടണം. അത്രേയുള്ളൂ. സിമ്പിള്‍.

പൂക്കള്‍ വാങ്ങാന്‍ ധനസമാഹരണം തുടങ്ങണം. പെണ്‍പിള്ളേരുടെ ഇടയില്‍ നിന്ന് പിരിക്കുന്ന ഭാരിച്ച ഉത്തരവാദിത്തം ഞാന്‍ ചോദിച്ച് പിടിച്ച് വാങ്ങി. ആണ്‍പിള്ളേരുടെ ഇടയിലുള്ള പിരിവ് വേറൊരുത്തനും തുടങ്ങി. അരമണിക്കൂറിനുള്ളില്‍ ഒരു മീഡിയം റേഞ്ച് പൂക്കളത്തിനുള്ള പൂക്കള്‍ വാങ്ങാനുള്ള കാശ് ഒത്തുവന്നു.

ഇനി പൂ വാങ്ങാന്‍ പോകണം. ആര് പോകും? ഞാന്‍ പോകില്ല. ഞാന്‍ പോയാല്‍ പിന്നെ ക്ലാസ്സിലെ പെണ്‍പിള്ളേര്‍ക്കൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കാന്‍ ആരുണ്ട്? പോകുന്ന പ്രശ്നമേയില്ല. എന്നാല്‍ ഈ കാരണം പറഞ്ഞാല്‍ അടി നിശ്ചയം. അതിനാല്‍, കാ‍രണം പൂക്കളത്തിന്റെ ഡിസൈനിന്റെ തലയിലിട്ടു. നിങ്ങള്‍ പോയി പൂ വാങ്ങി വാ, ഞാനും പെണ്‍പിള്ളേരും കൂടി ഒരു ഡിസൈന്‍ ശരിയാക്കട്ടെ എന്നായി ഞാന്‍. അതേറ്റു. അവര്‍ പോയി.

ഞാന്‍ ഒരു ശ്രീകൃഷ്ണനായി രൂപാന്തരപ്പെട്ടു. അവിടെ നിന്ന് ഗോപികമാരുടെ ഇടയില്‍ ഞാന്‍ ആനന്ദനടനമാടി. ഡിസൈനിനെ ഞാന്‍ കാറ്റില്‍ പറത്തി. പകരം പുതിയ തരം വളകളെക്കുറിച്ചും പൊട്ടുകളെക്കുറിച്ചും, സാരിയില്‍ സംഭവിക്കുന്ന പുതിയ ട്രെന്റുകളെക്കുറിച്ചും, സൌന്ദര്യം കൂട്ടാനുപയോഗിക്കുന്ന ക്രീമുകളെക്കുറിച്ചും, മറ്റു ക്ലാസ്സുകളിലെ പെണ്‍കുട്ടികളുടെ കുറ്റങ്ങളേയും കുറവുകളേയും കുറിച്ചും, പുതിയ സിനിമകളെക്കുറിച്ചും, സീരിയലുകളെക്കുറിച്ചും, വനിത, ഗൃഹലക്ഷി തുടങ്ങിയ വാരികകളിലെ നുറുങ്ങുകളെക്കുറിച്ചും ഒരു സിമ്പോസിയം തന്നെ നടത്തി. ചര്‍ച്ച പൊടിപൊടിച്ചു, അന്തരീക്ഷം നാരീമൊഴികളാല്‍ മുഖരിതമായി. ഞാന്‍ മേഘം ഒന്‍പതില്‍ (Cloud 9) ഒഴുകി നടന്നു.

അതിനോടൊപ്പം തന്നെ മണിക്കൂറുകളും ഇഴഞ്ഞ് നീങ്ങിക്കൊണ്ടിരുന്നു. ഒന്നായി, രണ്ടായി, മൂന്നായി. പൂ വാങ്ങാന്‍ പോയ മക്കള്‍ തിരിച്ച് വന്നില്ല. എല്ലാവര്‍ക്കും ടെന്‍‍ഷനായി, എനിക്കും. ഇനിയും പൂ കിട്ടിയില്ലെങ്കില്‍ പ്ലാന്‍ പൊളിയും. കുറച്ച് കഴിഞ്ഞാല്‍ എല്ലാവരും ഊണ് കഴിക്കാന്‍ പോകും. ഊണ് കഴിഞ്ഞാണോ പൂക്കളം ഇടുന്നത്, ച്ഛായ്!

ഞാന്‍ സെര്‍ച്ച് പാര്‍ട്ടിയെ വിട്ടു. എനിക്ക് പോകാന്‍ പറ്റില്ലല്ലോ, നേരത്തേ പറഞ്ഞ തിരക്കിലല്ലേ. അന്വേഷകര്‍‍ പോയി, പെട്ടെന്ന് തന്നെ തിരിച്ചും വന്ന് അന്വേഷണ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. പൂ വാങ്ങാന്‍ പോയ ടീമംഗങ്ങള്‍ വഴിയില്‍ കണ്ട പൂവിന്റെ പടമുള്ള ബോര്‍ഡ് വച്ച ബാറില്‍ ആണ് ചെന്നെത്തിയതെന്നും, പൂ വാങ്ങാന്‍ കൊടുത്തയച്ച കാശെടുത്ത് അവര്‍ പൂവിനേക്കാള്‍ സുഗന്ധമുള്ള ഒരു പാനീയം വാങ്ങി മോന്തിയെന്നും, ഇപ്പോള്‍ പൂവിനേക്കാള്‍ ഭാരം കുറഞ്ഞ അവസ്ഥയില്‍ എവിടെയോ പൂക്കുറ്റിയായി കിടക്കുകയാണെന്നും അന്വേഷണറിപ്പോര്‍ട്ടില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിരുന്നു.

എന്റെ നിലനില്‍പ്പ് അപകടത്തിലായി. അനേഷണക്കമ്മീഷനംഗങ്ങളും ക്ലാസ്സിലെ മറ്റ് പൊതുപ്രവര്‍ത്തകരും കൈചുരുട്ടി മസ്സിലു പെരുപ്പിച്ചു കാണിക്കാന്‍ തുടങ്ങി. അത് വരെ ചിരിച്ച് കൂടെ നിന്നിരുന്ന പെണ്‍കുട്ടികള്‍ തിരുവനന്തപുരം ബസ്സ്സ്റ്റാന്റില്‍ നിന്ന പുരുഷന്മാരെ പാര്‍വ്വതി നോക്കിയത് പോലെ നോക്കിത്തുടങ്ങി. പലയിടത്തു നിന്നും മുറുമുറുപ്പുകള്‍, പല്ലിറുമ്മുന്ന ശബ്ദങ്ങള്‍. താണുകിടന്ന മീശകള്‍ ചിലര്‍ ചുരുട്ടിക്കയറ്റി. പെണ്‍കുട്ടികള്‍, ഷോള്‍ എടുത്ത് അരയില്‍ ചുറ്റി. ചിലര്‍ കയ്യില്‍ എടുക്കാന്‍ പറ്റിയ കനവും സാന്ദ്രതയും ഉള്ള വസ്തുക്കള്‍ എടുത്ത് പിടിച്ചു. ചിലര്‍ മുഴുക്കൈയന്‍ ഷര്‍ട്ട് തെരുത്ത് കയറ്റി, മറ്റു ചിലര്‍ എല്ലാം കാണാന്‍ സൌകര്യമുള്ള നല്ല സ്ഥലം നോക്ക് കണ്ട് പിടിച്ച് അങ്കം കാണാന്‍ തയ്യാറായി നിന്നു.

നിമിഷങ്ങള്‍ മണിക്കൂറുകള്‍പോലെ തോന്നിക്കൊണ്ടിരുന്ന ആ ഒരു നിമിഷത്തില്‍ അനിവാര്യമായ എന്റെ വിധി വന്നു ചേര്‍ന്നു. കൂട്ടത്തില്‍ ഞാന്‍ ഏറ്റവും ബഹുമാനിച്ചിരുന്ന എന്റെ സഹപാഠി തന്നെ അത് അനൌണ്‍സ് ചെയ്തു, “ഈ ഓണത്തിനിനി പൂക്കളം വേണ്ട, പകരം നമുക്ക് ഓണത്തല്ലാകാം”. ശേഷം ചിന്ത്യം.

***
ഓണത്തിന് ഞാന്‍ അവധിയിലായിരിക്കുമെന്നതിനാല്‍ എല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍ നേരത്തേ തന്നെ നേരുന്നു. നന്മകളൂം സമ്പല്‍സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്‍ഷം എല്ലാവര്‍ക്കും കിട്ടുമാമാറാകട്ടെ.

12 comments:

  1. ഫാര്‍സി said...

    ഈ ഓണത്തല്ല് ഇതുവരെ കണ്ടിട്ടില്ലായിരുന്നു.അപ്പോ ഇങ്ങനെയാണല്ലെ ഓണത്തല്ലുണ്ടാകുന്നത്(അല്ല ഉണ്ടാക്കുന്നത്!).
    ഓണക്കള്ള് കുടിച്ച സുഹ്രത്തുക്കളും ഓണത്തല്ലില്‍ പങ്കെടുത്തുവോ ആവോ?അവരുടെ സ്ഥിതിയെന്തായിരിക്കും?



  2. ദിവാസ്വപ്നം said...

    ഓണാഘോഷ സ്മരണകള്‍ നന്നായിട്ടുണ്ട്. ഗൃഹാതുരമായ ചില ഓര്‍മ്മകള്‍ ഉണര്‍ത്തി.

    ശ്രീജിത്തിനും ഹാപ്പി ഓണം.



  3. സൂര്യോദയം said...

    ശ്രീജിത്തേ... നല്ല വിവരണം... ഇഷ്ടപ്പെട്ടു.
    അടുത്ത വാരം ഓണം ആഘോഷങ്ങളുടെ തിരക്കായതിനാല്‍ ബ്ലോഗ്‌ വായിക്കാന്‍ പറ്റില്ലല്ലോ എന്നൊരു ദുഖമുണ്ട്‌. (എന്റെ ഭാര്യ ഈയിടെ എന്നോട്‌ ചോദിച്ച ഒരു ചോദ്യം ശരിയല്ലേ എന്ന് തോന്നിപ്പോകുന്നു. 'ബ്ലോഗ്‌ എഴുതാനും വായിക്കാനുമാണോ സഖാവേ കമ്പനി കൂലി തരുന്നത്‌?')

    എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍...



  4. Adithyan said...

    ശ്രീജിത്തേ,
    ഓര്‍മ്മകള്‍!!!

    പൈസ പിരിവിട്ട് പാളയം ചന്തയില്‍ രാവിലെ 5 മണിക്ക് പോയി പൂ വാങ്ങി, ഒരു മണ്ണും അറിഞ്ഞൂടാത്ത ഡിസൈനില്‍ ഒക്കെ കേറി അഭിപ്രായം പറഞ്ഞ്, “കുട്ടീ, അങ്ങനെയല്ല പൂവിടണ്ടത്, ദാ ഇങ്ങനെ” എന്നൊക്കെ കാണിച്ചു കൊടുത്ത്...

    അഹ്ഹഹഹ...

    എന്നിട്ട് എല്ലാം കഴിഞ്ഞ് അവസാനം ആ പൂക്കളം ഇട്ടവര്‍ തന്നെ അതെല്ലാം കുളമാക്കി എല്ലാവരേയും പൂവില്‍ അഭിഷേകം ചെയ്യുന്നതും....

    ഓണാഘോഷത്തിനിടയില്‍ ക്ലാസ് തിരിഞ്ഞുള്ള ഓണത്തല്ല്. കോളേജിനു മുന്നില്‍ വലിയ വാര്‍പ്പില്‍ വെയ്കുന്ന പായസം....

    ഓണാശംസകള്‍!!!



  5. bodhappayi said...

    ഓണാശംസകള്‍ ശ്രീജിത്ത്... :)



  6. myexperimentsandme said...

    ശ്രീജിത്തിനും എല്ലാവര്‍ക്കും ഓണാശംസകള്‍.

    ഓണസ്മരണകള്‍ നന്നായി വിവരിച്ചിരിക്കുന്നു-പ്രത്യേകിച്ചും പൂ വാങ്ങാ‍ന്‍ പോയ അണ്ണന്മാര്‍ പൂക്കുറ്റിയായ വിവരണം.

    “കിട്ടുമാമാറാകട്ടെ” അതാണ് ഹൈലൈറ്റ് :)



  7. Rasheed Chalil said...

    ഞാന്‍ ഒരു ശ്രീകൃഷ്ണനായി രൂപാന്തരപ്പെട്ടു. അവിടെ നിന്ന് ഗോപികമാരുടെ ഇടയില്‍ ഞാന്‍ ആനന്ദനടനമാടി. ഡിസൈനിനെ ഞാന്‍ കാറ്റില്‍ പറത്തി. പകരം പുതിയ തരം വളകളെക്കുറിച്ചും പൊട്ടുകളെക്കുറിച്ചും, സാരിയില്‍ സംഭവിക്കുന്ന പുതിയ ട്രെന്റുകളെക്കുറിച്ചും, സൌന്ദര്യം കൂട്ടാനുപയോഗിക്കുന്ന ക്രീമുകളെക്കുറിച്ചും, മറ്റു ക്ലാസ്സുകളിലെ പെണ്‍കുട്ടികളുടെ കുറ്റങ്ങളേയും കുറവുകളേയും കുറിച്ചും, പുതിയ സിനിമകളെക്കുറിച്ചും, സീരിയലുകളെക്കുറിച്ചും, വനിത, ഗൃഹലക്ഷി തുടങ്ങിയ വാരികകളിലെ നുറുങ്ങുകളെക്കുറിച്ചും ഒരു സിമ്പോസിയം തന്നെ നടത്തി. ചര്‍ച്ച പൊടിപൊടിച്ചു, അന്തരീക്ഷം നാരീമൊഴികളാല്‍ മുഖരിതമായി. ഞാന്‍ മേഘം ഒന്‍പതില്‍ (Cloud 9) ഒഴുകി നടന്നു.


    ശ്രീജിത്തേ നീ ആള് കൊള്ളാമല്ലോ ശ്രീകൃഷ്ണനാവാന്‍ ശ്രമിച്ച് അവസാനം കംസനായല്ലേ... ഏതായാലും ഈ മണ്ടത്തരം അടിപൊളി.

    ഓണാശംസകളോടെ



  8. Peelikkutty!!!!! said...

    ശ്രീജിത്തിനും ഓണാശംസകൾ.



  9. അരവിന്ദ് :: aravind said...

    സൂപ്പര്‍!, ശ്രീജിത്തേ..:-))

    ശ്രീജിയുടെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ മുന്നില്‍ വന്നിരുന്ന് എന്നോട് പറയുന്നപോലെ ഒരു ഫീലിംഗ്..ഇതിനു മാത്രമല്ല, എല്ലാ പോസ്റ്റിലും..

    അപ്പോ ഓണം അടിച്ച് പൊളി. ഹാപ്പി ഓണം!



  10. വളയം said...

    ഇനിയും ഒരു പാട് മണ്ടത്തരങ്ങള്‍ സംഭവിക്കട്ടെ!
    തകര്‍പ്പന്‍ ഓണാശംസകള്‍

    -വളയം



  11. Satheesh said...

    ചില ആഭ്യന്തര പ്രശ്നം കാരണം ഈ പോസ്റ്റ് കാണാന്‍ വൈകി. ഇത്രയും നേരം ഇതു വായിച്ച് ചിരിച്ചിട്ട് ഒരു നന്ദി പോലും പറയാതെ പോകുന്നത് ശരിയല്ലല്ലോ.. നന്നായി ശ്രീജിത്ത്.. നന്നായി എഴുതിയിരിക്കുന്നു!



  12. തണുപ്പന്‍ said...

    മണ്ടസ്യ മണ്ടശ്രീ മണ്ടായാഹതേ..(ഗുരുക്കളെ, ക്ഷമിക്കൂ)

    അങ്ങനെ ഓണത്തിനും വാങ്ങി തല്ല്. ഇനിയെന്താ അടുത്ത തല്ല് കൊള്ളിത്തരം?