Wednesday, August 16, 2006

സിറ്റ്-അപ്പും ചില അനുമാനങ്ങളും

അശ്വമേധമണ്ടത്തരം ഒപ്പിച്ചതിനു ശേഷം എനിക്ക് കൈരളി ടി.വി-യോട് ഒരു പ്രതിപത്തി ഇല്ലാതായിരുന്നു. ഈയിടെയായി സൂര്യയിലാണ് എനിക്ക് കമ്പം.

ഇത്തവണ നാട്ടില്‍പ്പോയപ്പോഴും കണ്ടിരിക്കാന്‍ ഞാന്‍ കൂടുതല്‍ താല്പര്യപ്പെട്ടത് സൂര്യ ടി.വി.യാണ്. ഈ ഞായറാഴ്ച നിങ്ങളുടെ സൂര്യ ടി.വി.-യോടൊപ്പം എന്നവരും പറഞ്ഞപ്പോള്‍ പിന്നെ രണ്ടാമതൊന്നും ആലോചിച്ചില്ല. രാവിലെ തന്നെ പഴം ചിപ്സിന്റെ പുതിയ ഒരു പായ്ക്കറ്റും മടിയില്‍ വച്ച്, റിമോട്ടും എടുത്ത് ഒരു കയ്യില്‍ പിടിച്ച് നിലത്ത് ഒരു പായും വിരിച്ച് നീട്ടി വലിച്ച് കിടന്ന് ടി.വി. കാണല്‍ യജ്ഞം തുടങ്ങി.

ഉച്ചയാകാറായപ്പോള്‍ സൂര്യയില്‍ കളിക്കളം എന്ന പ്രോഗ്രാം തുടങ്ങി.

കളിക്കളം, സൂര്യ ടി.വി-യില്‍ പ്രദീപ് അവതരിപ്പിക്കുന്ന ഒരു ഔട്ട്ഡോര്‍ ഗെയിം ഷോ ആണ്.
ഓരോ ആഴ്ചയും പുതിയ ഓരോ സ്ഥലത്ത് പോയി കൌതുകകരങ്ങളായ മത്സരങ്ങള്‍ കുട്ടികളെ വച്ച് നടത്തി, വിജയികള്‍ക്ക് അപ്പോള്‍ തന്നെ സമ്മാനം നല്‍ക്കുന്ന രസകരമായ ഒരു ചെറിയ പരിപാടി.

ഇത്തവണ മത്സരയിനം സിറ്റ്-അപ്പ്സ് ആയിരുന്നു. ഏറ്റവും കൂടുതല്‍ സിറ്റ്-അപ്പ്സ് എടുക്കുന്നവര്‍ക്ക് സമ്മാനം. അടിപൊളി ഗെയിം. വെറുതേ കുറച്ച് തവണ ഇരുന്നെഴുന്നേറ്റാല്‍ മതി, സമ്മാനം കിട്ടും. കൊള്ളാമല്ലോ വീഡിയോണ്‍.

പങ്കെടുക്കുന്നവര്‍ മുഴുവനും കുട്ടികള്‍. ഓരോരുത്തരായി വന്ന് സിറ്റ്-അപ്പ്സ് എടുത്ത് തുടങ്ങി. ആദ്യമാദ്യം വന്നിരുന്നവര്‍ ഇരുപത്-മുപ്പത് എന്നിങ്ങനെ എടുത്ത് നിര്‍ത്തിപ്പോയ്ക്കൊണ്ടിരുന്നെങ്കിലും സമയം കഴിയുന്തോറും മത്സരത്തിന്റെ വീറും വാശിയും കൂടിക്കൂടി വന്നു. അന്‍പതിനു മുകളില്‍ സിറ്റ്-അപ്പ്സ് എടുക്കാത്തവര്‍ അക്കൂട്ടത്തില്‍ നാണം കെടും എന്ന മട്ടിലായി കാര്യങ്ങളുടെ പോക്ക്.

അങ്ങിനെ അപ്പോഴത്തെ റെക്കോര്‍ഡ് അറുപതില്‍ വിരാജിക്കുമ്പോഴാണ് എന്റെ മനസ്സില്‍ അസൂയ സമം അഹങ്കാരം എന്നീ വികാരങ്ങള്‍ ഉടലെടുക്കുന്നത്. ഈ പീക്കിരി പിള്ളേര്‍ അറുപത് എടുക്കുമ്പെങ്കില്‍ എനിക്കൊരു നൂറ്റി ഇരുപതെങ്കിലും എടുക്കാന്‍ സാധിക്കണം. എന്നാല്‍ അതൊന്ന് അറിഞ്ഞിട്ട് തന്നെ കാര്യം.

രാവിലെ തൊട്ട് ചിപ്സ് തിന്നോണ്ടിരുന്നതല്ലേ, ആ ഊര്‍ജ്ജം കാണാതിരിക്കുമോ? കാവിലമ്മയെ ധ്യാനിച്ചുകൊണ്ട് സിറ്റപ്പാസനം തുടങ്ങി. ആഹ! ഇതിത്ര എളുപ്പമായിരുന്നോ, എന്തു സുഖം ഇരുന്നെഴുന്നേല്‍ക്കാന്‍. സൈക്കിള്‍ ചവിട്ടുന്നപോലെയേ ഉള്ളൂ. എണ്ണി എണ്ണി ഇരുപതെത്തുന്നതു വരെ ടി.വി.പ്രോഗ്രാം ആസ്വദിച്ചുകൊണ്ട് തന്നെ സിറ്റപ്പ് ചെയ്തു.

എന്നാല്‍ ഇരുപത് കഴിഞ്ഞപ്പോള്‍, കയറ്റത്തിലെത്തിയ സൈക്കിളിന്റെ അവസ്ഥ ആയി. വേഗത കുറഞ്ഞു എന്ന് മാത്രമല്ല ഇതു വരെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തി ഉപയോഗിക്കേണ്ടി വരികയും ചെയ്യുന്നു. ശബരിമല അയ്യപ്പനെ മനസ്സില്‍ ധ്യാനിച്ച് “മല കയറ്റം അതികഠിനം പൊന്നയ്യപ്പ” എന്നൊക്കെ പാടി ഒരു വിധം മുപ്പതില്‍ എത്തി.

തേര്‍ട്ടി പ്ലസ്സ് ആയതോടെ കഷ്ടപ്പെട്ട് കേറ്റം വലിച്ചുകൊണ്ടിരുന്നു സൈക്കിളിന്റെ പിറകില്‍ അരിച്ചാക്ക് കെട്ടി വച്ച് കണക്കായി കാര്യങ്ങള്‍. എന്നാലും നിര്‍ത്താന്‍ പറ്റുമോ. അഭിമാന പ്രശ്നമല്ലേ. ആ സമയം കൊണ്ട് കളിക്കളത്തിലെ റെക്കോര്‍ഡ് അറുപത്തി അഞ്ചായി ഉയര്‍ന്നു. നൂറ്റി ഇരുപത് ലക്ഷ്യം വച്ച് തുടങ്ങിയതാ ഞാന്‍. അറുപത് പോട്ടെ, ഒരു നാല്പതെങ്കിലും എത്തിച്ചില്ലെങ്കില്‍ പിന്നെ എന്റെ മുഖത്ത് ഞാന്‍ എങ്ങിനെ നോക്കും?

മുപ്പത്തിഅഞ്ചിനോടടുക്കുന്നു എന്റെ സിറ്റപ്പ് യജ്ഞം. സൈക്കിള്‍ ഇപ്പോള്‍ മണല്‍കൊണ്ട് നിറഞ്ഞ കയറ്റത്തില്‍ കയറിയ പോലെയായി മുന്നോട്ടുള്ള പോക്ക്. മുകളിലേക്ക് പൊങ്ങാന്‍ ഉപയോഗിക്കേണ്ട എന്റെ ഊര്‍ജ്ജം ഇപ്പോള്‍ വിയര്‍ക്കാനും ശ്വാസം കണ്ടെത്താനുമായിട്ടാണ് മുഖ്യമായും ഉപയോഗിക്കപ്പെടുന്നത്. രണ്ടിഞ്ച് മുകളിലേക്ക് പൊങ്ങുമ്പോള്‍ ഒരിഞ്ച് താഴേയ്ക്ക് വരുന്ന ദയനീയ സ്ഥിതിയിലായി ഞാന്‍. എന്നാലും നാല്‍പ്പതെന്ന കടമ്പയില്‍ തൊടാതെ നില്‍ക്കില്ല എന്ന വാശിയില്‍ ഞാന്‍ ശ്രമദാനം തുടര്‍ന്നു.

ഇപ്പോള്‍ എന്റെ സൂചിക കാ‍ണിക്കുന്നത് മുപ്പത്തി‌എട്ട് എന്ന റീഡിങ്ങ്. സൈക്കിളില്‍ മണലുള്ള കയറ്റം കയറിക്കൊണ്ടിരിക്കുന്ന ആ വേളയില്‍ ടയറും കൂടെ പഞ്ചറായാലോ? അവിടെ നിന്നു എന്റെ പരിശ്രമം. മുപ്പത്തി എട്ടില്‍ ഞാന്‍ അടിയറവു പറഞ്ഞു. ടയര്‍ പഞ്ചറാകുമ്പോള്‍ ചെയിനും കൂടെ പൊട്ടിയാലോ? തപ്പോ എന്നൊരു വീഴ്ചയായിരുന്നു ഞാന്‍. അമ്മേ എന്നൊരു കരച്ചില്‍ ബാക്ക്ഗ്രൌണ്ടിനു ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

അടുക്കളയില്‍, പൊന്നുമോന് പോഷകാഹാരം ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു അമ്മ ഓടി വന്നു നോക്കുമ്പോള്‍ മകന്‍ അടുക്കളയിലെ മിക്സിയേക്കാള്‍ ശബ്ദത്തില്‍ ശ്വാസം കഴിച്ചു കൊണ്ട് വെട്ടിയിട്ട ചക്കപ്പോലെ കിടക്കുന്നതാണ് കാണുന്നത്. എന്ത് പറ്റിയെടാ എന്ന് ചോദിച്ച അമ്മയോട് എന്റെ കാലില്‍ മസ്സില്‍ കയറി എന്നേ അപ്പോള്‍ പറയാന്‍ തോന്നിയുള്ളൂ. അമ്മ അച്ഛനെ വിളിച്ച് കൊണ്ട് വന്ന്, രണ്ടാളും കൂടെ പൊക്കിയെടുത്ത് എന്നെ അകത്ത് കട്ടിലില്‍ കൊണ്ട് പോയി കിടത്തി.

ടി.വി. കാണല്‍ അതോടുകൂടി നിന്നു. എന്നാലും ഒരു രോഗിയെന്ന പരിഗണനയില്‍ ഭക്ഷണവും പഴവര്‍ഗ്ഗങ്ങളും വാരികകളും എന്റെ കട്ടിലില്‍ തന്നെ വരുന്നുണ്ടായിരുന്നതിനാല്‍ ഞാന്‍ ഹാപ്പി.

രണ്ട് ദിവസം ചില്ലറയും എടുത്തു പിന്നെ അവിടുന്ന് ഒന്നെഴുന്നേറ്റ് ഒരിടത്തും പിടിക്കാതെ നടക്കാം എന്ന അവസ്ഥയിലെത്താന്‍. കഴിച്ച ചിപ്സ് മുഴുവനും നീരായി കാലില്‍ കിടക്കുന്നുണ്ടായിരുന്നത് വറ്റാതെ നടക്കാനും പറ്റില്ലല്ലോ. അതിന്‍ഫലമായി ഒരു കൊച്ചു കുട്ടി നടക്കാന്‍ പഠിക്കുന്നത് പോലെ ആദ്യം തൊട്ട് തുടങ്ങേണ്ടി വന്നു. ആദ്യം കിടന്ന് കൈകാലിട്ടടിക്കുക, പിന്നെ കമിഴ്ന്ന് കിടക്കുക, പിന്നെ നീന്തുക, പിന്നീട് മുട്ടുകുത്തി നടക്കുക, പിന്നെ എവിടെയെങ്കിലും പിടിച്ച് നടക്കുക, അവസാനം പിടിക്കാതെ നടക്കാന്‍ പ്രാപ്തനാകുക. അതേ പ്രോസസ് തന്നെ. കുട്ടികളുടെ ബുദ്ധിമുട്ട് ശരിക്കും മനസ്സിലായി. ആ പാഠം പഠിച്ചു. ഇനി ഒരു വയസ്സിനു താഴെയുള്ള കുട്ടികള്‍ എന്താ നടക്കാന്‍ ഇത്ര സമയം എടുക്കുന്നത് എന്ന് സംശയം ചോദിക്കില്ല ഞാന്‍. അത് അവര്‍‍ വയറ്റില്‍ കിടന്ന് സിറ്റ്-അപ്പ്സ് എടുക്കുന്നതുകൊണ്ടാകാനാണ് വഴി. മണ്ടന്മാര്‍ കുട്ടികള്‍, അവര്‍ സിറ്റപ്പ്സ് എടുത്താലുണ്ടാകുന്ന ബുദ്ധിമുട്ട് എന്തറിയുന്നു.

33 comments:

  1. ഫാര്‍സി said...

    വയസ്സ് കാലത്തോരൊരോ മോഹങ്ങള്..........



  2. Unknown said...

    ശ്രീജീ,
    സിറ്റപ്പെന്താ കുട്ടിക്കളിയാന്നാ വിചാരം? അവനവന്റെ പ്രായത്തിന് ചേര്‍ന്ന പണികള്‍ ചെയ്യണം. മനസ്സിലായോ?

    ഞാനായിരുന്നെങ്കില്‍ ആ പരിപാടി കണ്ടയുടന്‍‍ എഴുന്നേറ്റ് ഒറ്റയടിക്ക് 100 സിറ്റപ്പെടുക്കും (എന്ന് പറയുന്നവനെ മനസ്സില്‍ തെറി വിളിച്ച് ചാനല്‍ മാറ്റി മലൈക്ക അറോറയെങ്ങാനും എം ടി വിയില്‍ വഴിതെറ്റിവന്നിട്ടുണ്ടോ എന്ന് നോക്കും :))



  3. വളയം said...

    അന്നത്തെ മത്സരം തെങ്ങുകയറ്റമാവാതിരുന്നത് നന്നായി..... ന്റെ ബ്ലോഗനാര്‍കാവിലമ്മ കാത്തു.



  4. അരവിന്ദ് :: aravind said...

    ശ്രീ..:-)) ഹഹഹ
    പതിവുപോലെ അതിരസകരം! :-))
    സിറ്റപ്പ്‌സിന്റെ ഓരോ ഫേസും ഉപമിച്ചിരികുന്നത് സൂപ്പര്‍!

    ചിപ്സും മിച്ചറും കൊറിച്ച്, ഇടക്ക് തൊണ്ടക്ക് ഒരു ഗ്രീസിംഗിനു വേണ്ടി നല്ല പഴുത്ത ചെറുപഴം ഒരു കടി, എന്നിട്ട് പായയില്‍ മലര്‍ന്ന് കിടന്ന് ടി.വി കാണല്‍..
    കൊതിപ്പിച്ചൂലോ ചുള്ളാ...
    (അപ്പോ രഞ്ജിത് മാറിയോ? ക്ലാപ്പ് ക്ലാപ്പേ ആ ക്ലാപ്പ് ക്ലാപ്പേ?)



  5. Mubarak Merchant said...

    കുമ്പാരീ,
    ആദ്യം നീ കള്ള്കുടിനിര്‍ത്ത്. അപ്പൊ പുഷ് അപും സിറ്റപ്പുമൊക്കെ ഈസിയായിട്ടെടുക്കാം, കുടവയറും കുറയും. എന്ന് ഒരഭ്യൂദയകാംക്ഷി എന്നോടുപറഞ്ഞതേ എനിക്ക് നിന്നോടും പറയാനുള്ളൂ.



  6. Adithyan said...

    ശ്രീജിത്തേ കൊള്ളാം :)

    ഇനിയും ഇനിയും ഇതേ പോലെ... ;)



  7. ഹരിശ്രീ (ശ്യാം) said...

    കൊള്ളാം. "ഞാന്‍ എന്റെ മുഖത്തു എങ്ങനെ നോക്കും? ". ആ പ്രയോഗം ക്ഷ പിടിച്ചു. ഹഹഹ്ഹ.....

    അപ്പൊ സൂര്യയും ചതിച്ചു.
    ഇനി ഇപ്പം ഏഷ്യാനെറ്റ്‌ ഒന്നും കണ്ടുനോക്കു. ഒരു സിനിമ 10 പ്രാവശ്യം കണ്ടിട്ടു കളിക്കാവുന്ന ഒരു പ്രോഗ്രാം തുടങ്ങിയിട്ടുണ്ടു.



  8. സു | Su said...

    ഹി ഹി ഹി
    എന്തെങ്കിലും ഒരു വിഷമം ഉണ്ടെങ്കില്‍ ഞാന്‍ ഇവിടെയെത്തും.തല്‍ക്കാലം ഒന്ന് ചിരിക്കാമല്ലോ. ശരിക്കും ചിരിച്ചു. ചക്കച്ചുള തിന്നുന്നതൊന്നും അല്ലാതിരുന്നത് ഭാഗ്യം ;)



  9. Anonymous said...

    ithu evidunnu oppikkunnu mashe???
    vayikkunnore ellam chirippichu kolllanulla paripadiyano????????
    enikku vayyee.......



  10. സഞ്ചാരി said...

    നന്നായി ചിരിപ്പിച്ചു.അടുത്താഴച്ച. മുങ്ങല്‍ മത്സരമാണ് അതു പരിക്ഷിക്കല്ലെ.



  11. Santhosh said...

    രസിച്ചു, ശ്രീജിത്ത്.

    ഒരു എഡിറ്റിംഗ് കൂടി നടത്തിയിരുന്നെങ്കില്‍ കൂടുതല്‍ നന്നാക്കാമായിരുന്നു. ഉദാഹരണത്തിന് അവസാനത്തെ ഒരു വാചകം ഒഴിവാക്കിയാലും ഗുണത്തില്‍ മോശമാവുമായിരുന്നില്ല.



  12. myexperimentsandme said...

    കൊള്ളാം. നല്ല മണ്ടത്തരം. മണ്ടത്തരത്തിനെ സൈക്കിള്‍ യാത്രയുമായി ഉപമിച്ചതൊക്കെ ഇഷ്ടപ്പെട്ടു.
    വളയം പറഞ്ഞതുപോലെ അന്നത്തെ മത്സരം തെങ്ങുകയറ്റമോ കമുക് ചാടലോ മറ്റോ ആകാതിരുന്നത് ഭാഗ്യം.



  13. Visala Manaskan said...

    തകര്‍ത്തു കണ്ണാ തകര്‍ത്തു.

    ‘കഷ്ടപ്പെട്ട് കേറ്റം വലിച്ചുകൊണ്ടിരുന്നു സൈക്കിളിന്റെ പിറകില്‍ അരിച്ചാക്ക് കെട്ടി വച്ച് കണക്കായി കാര്യങ്ങള്‍‘ ഹിഹിഹി..!

    ജിമ്മിന് ആദ്യമായി വരുന്നവരോട് സീനിയേഴ്സ് 50 സിറ്റ്സ് അപ്പ് എടുത്തോളാന്‍ പറയും... ധൈര്യത്തിന് രണ്ട് ഡമ്പല്‍ കയ്യില്‍ പിടിച്ചോളാനും. ദേ എന്റെ കഥ തുടങ്ങി, എനിക്കുവയ്യ. വേണ്ട., അതൊക്കെ എന്നാ ഇത്ര പറയാന്‍!



  14. Rasheed Chalil said...

    ശ്രീജിത്ത് മണ്ട്ത്തരങ്ങള്‍ അസ്സലാവുന്നു.വക്കരിമാഷ് പറഞ്ഞ പോലെ വല്ലതെങ്ങുകയറ്റ മത്സരമോ മറ്റോ ആവാത്തത് എല്ലാ‍വരുടെയും ഭാഗ്യം.

    ശ്രീജിത്ത്..
    മണ്ടന്മാരുടെ സുല്‍ത്താന്‍.. മരമണ്ടന്‍ തിരുമണ്ടന്‍ മണ്ടൂസിന്റെ മണ്ടത്തരങ്ങള്‍ക്കുപോലും വാല്യൂ കുറക്കുന്നവന്‍..( ദൈവമേ കൂടുതല്‍ വിശേഷണങ്ങള്‍ കിട്ടുന്നില്ലല്ലോ..) എല്ലാ വിശേഷണങ്ങള്‍ക്കും അതീതനല്ലേ നീ..



  15. myexperimentsandme said...

    ഇത്തിരിയേ, തിത്തിരിയേ, തെങ്ങുകയറ്റ മത്സരത്തിന്റെ പേറ്റനന്റ് വളയേശ്വരന് :), ഞാന്‍ ക്യാപ്പിയടിച്ചതല്ലേ.

    പേറ്റന്റുള്ളവന്‍, പേറ്റനന്ദന്‍.



  16. Anonymous said...

    ഹഹ...ഇതു കൊള്ളാം ശ്രീജിത്തെ.



  17. Anonymous said...

    ശ്രീജിത്തിന്റെ മണ്ടത്തരങ്ങള്‍ എന്ന ബ്ലോഗ് ഹെഡിങ്ങിന്റെ സൈഡിലുള്ള ഒരു ചെക്കന്റെ ലോഗൊ പോലെ ആരെങ്കിലും വരച്ചതാണൊ?



  18. Rasheed Chalil said...

    വക്കാരിമാഷേ ഞാന്‍ തിരുത്തി.. അതിന്റെ ക്രഡിറ്റ് തങ്കള്‍ക്കിരിക്കട്ടേ എന്നു വച്ചതായിരുന്നു.. ഇനി വളയത്തിനു കൊടുക്കാം..

    ശ്ശോ... ഒന്നുപൊക്കി പറയാം എന്നു വിചാരിച്ചാല്‍ .. ഈ വക്കാരിമാഷിന്റെ ഒരു വിനയം.. (അതോ ഈ ബ്ലോഗിലായത് കോണ്ടാണോ.., ശ്രീജിത്തേ നീ ഇതൊന്നും കാണുന്നില്ലേ...)



  19. bodhappayi said...

    ഹ ഹ.. അതു കലക്കി..



  20. asdfasdf asfdasdf said...

    ഭാഗ്യം അച്ചനുമമ്മക്കും നിങ്ങളെ പൊക്കിയെടുത്ത് ബെഡില്‍ കൊണ്ടിടാനുള്ള ആരോഗ്യമുണ്ടായത്..കൊള്ളാം..



  21. Manjithkaini said...

    :)

    മണ്ടത്തരങ്ങള്‍ക്കെന്തേ രണ്ടാഴ്ച ഗ്യാപ് എന്നു കുടുംബസദസില്‍ ഇന്നലെ മുഴങ്ങുന്നതു കേട്ടു. എന്നെപ്പോലെ ഉറവ വറ്റിയതെങ്ങാനുമാണോ എന്നു സംശയിച്ചു.

    ഈ വിറ്റുകൂടാരം എങ്ങനെ വറ്റാന്‍?



  22. ഏറനാടന്‍ said...

    മോനേ ശ്രീീ.. സൂര്യാ ടീവീടെ പ്യേരില്‌ ഒരു ക്യേസ്സ്‌ കൊടുക്ക്യാം. പ്രദീപിനെ തടവറയിലാക്കി ഇരുമ്പഴികള്‍ പെട്ടെന്നെണ്ണിതീര്‍ക്കുന്ന പുതിയ കളികള്‌ പഠിപ്പീരാം.. ആരോഗ്യധൃഢഗാത്രനായ ശ്രീയ്‌ക്ക്‌ പറ്റിയ അമളിയിനിയാര്‍ക്കും പറ്റാതിരിക്കുവല്ലോ ല്ല്യേരപ്പീീീ...



  23. Ajith Krishnanunni said...

    "പിന്നെ എന്റെ മുഖത്ത് ഞാന്‍ എങ്ങിനെ നോക്കും"
    ഞെരി ശ്രീജിത്തേയ്..



  24. സൂര്യോദയം said...

    ശ്രീജിത്തേ... കിടിലന്‍... കാലിനല്ലെ പ്രയാസമുള്ളൂ... പുഷ്‌ അപ്സ്‌ എടുത്ത്‌ മല്‍സരിക്കാഞ്ഞത്‌ നന്നായി...



  25. Anonymous said...

    ഇത്‌ എങ്ങനെ ഒപ്പിച്ചു ശ്രീജിത്തെ? എനിക്കു പറ്റിയ ഈ അബദ്ധം ആരു പറഞ്ഞു ശ്രീജിതിനോട്‌??



  26. മുല്ലപ്പൂ said...

    ഇതു കൊള്ളാം...
    കുറെ നാളുകള്‍ക്കു ശേഷം ഒരു നല്ല പോസ്റ്റ്.
    (ബാക്കി ഉള്ളതു മോശമായി എന്നല്ല.:



  27. Anonymous said...

    ശ്രീജിത്തെ,
    എന്റെ ‘എന്റെ പ്രാര്‍ത്ഥനാമുറി’ എന്നുള്ള ബ്ലോഗ് ലിസ്റ്റിങ്ങില്‍ നിന്ന് മാറ്റാമൊ? സോറി ഫോര്‍ ദ ഇന്‍ കണ്വീനിയന്‍സ്. വെറുതെ ലിസ്റ്റിന്റ നീളം കൂട്ടണ്ടല്ലൊ.



  28. Durga said...

    എഴുത്തു നന്നാവുന്നു.:)



  29. ഫാരിസ്‌ said...

    ഹ..ഹ..ഹ..ശ്ശൊ ഈ ശ്രീജിത്തിനെ കൊണ്ടു ഞാന്‍ തോറ്റു...ഇനി സപ്ലി എഴുതിയെടുക്കേണ്ടി വരും...



  30. Anonymous said...

    ഇതിപ്പഴാ ട്ടൊ കണ്ടേ.കലക്കീണ്ട്. “കിലുക്ക”ത്ഥിലെ തിലകനെ ഒറ്മ്മ വന്നു. ബക്കെറ്റും ചൂടു വെള്ളോം കൂടി ഉരുണ്ട് വീണിട്ട് കയ്യും കാലും മടക്കിള്ള ഒരു കിടപ്പില്ല്യേ. ആ കട്ടിലില്‍ പാച്ചൂസ്സ്.ഹയ്യോ...ഇനിക്ക് ചിരിച്ചീട്ട് വയ്യേ



  31. രാവണന്‍ said...

    പെരിയവരേ,

    രണ്ടു ദിവസമെല്ലേ ആയിട്ടുള്ളൂ ഞാന്‍ വന്നിട്ട്‌, ഓരോന്നായി കണ്ടു വരുന്നേയുള്ളൂ... എനിക്കു നിങ്ങളെ പുകഴ്താന്‍ വാക്കുകളില്ല മാഷെ.



  32. Aravishiva said...

    എനിക്കൊന്നേ പറയാനുള്ളൂ...ഫൂളിഷ്സ്നെസ്സ്......എന്തായാലും കഥ നന്നായി....



  33. sreeni sreedharan said...

    സാറെ ഞാന്‍ നമിച്ചു!!!
    ഒരുമാസം റെസ്റ്റെടുക്കാന്‍ പറ്റിയ ഒരു ഐഡിയ പറഞ്ഞു തരാം;
    ട്രെഡ്മില്‍ എന്നൊരു സാധനമുണ്ട് , തടി കൊറക്കാന്‍ അതിന്‍റെ മുകളില്‍ കയറിനിന്ന് ഓടിയാല്‍ മതി.
    വേറെയുമുണ്ട് ഉപയോഗം, അതിന്‍റെ മോട്ടര്‍ ഓണ്‍ ചെയ്തിട്ട് കാലെടുത്ത് അതിന്‍റിടയിലേക്ക് വച്ചാല്‍ മതി, നഖം ഫ്രീയായ് ഊരിക്കിട്ടും, എനിക്ക് കിട്ടിയതാ.