ടൊയോട്ട ഇന്നോവയും ഒരു വിവാഹയാത്രയും
ടൊയോട്ട ഇന്നോവ. ഇതാണ് കിട്ടിയത് അവസാന നിമിഷത്തില്‍.
എന്റെ ഒരു വളരെ അടുത്ത ഒരു സുഹൃത്തിന്റെ കല്യാണത്തിന് പോയതായായിരുന്നു കഴിഞ്ഞ ഞായറാഴ്ച. അവന്റെ വീട് ഒറ്റപ്പാലത്തും പെണ്ണിന്റെ വീട് കീച്ചേരിയിലും (ത്രിശ്ശൂര്‍). ഒരു മണിക്കൂര്‍ യാത്ര.
രാവിലെ തന്നെ സ്ഥലത്തെത്തി. ഐ മീന്‍, കല്യാണച്ചെക്കന്റെ വീട്ടില്‍. ബ്രേക്ക്ഫാസ്റ്റ് ഉണ്ടാകുമല്ലോ. അവിടെ എത്തിയപ്പോള്‍ സഹപാഠികള്‍ ഒരുപാടുണ്ട്. എല്ലാവര്‍ക്കും എന്റെ അതേ ചിന്താഗതി തന്നെ. വെറുതേ അല്ല തമ്മില്‍ ഇത്രയും അടുത്തത്.
പ്രാതല്‍ കഴിച്ച പ്രാന്തന്മാരെല്ലാം കല്യാണത്തിന് പോകാന്‍ കല്യാണവീട്ടുകാര്‍ തയ്യാറാക്കി വച്ചിരിക്കുന്ന വണ്ടികള്‍ നോക്കിയപ്പോള്‍ ഞെട്ടി. ആവശ്യത്തിനില്ല. ഒരുമാതിരി എല്ലാവരേയും കുത്തിത്തിരുകി വാനിലും ബസ്സിലും ജീപ്പിലും ഒക്കെ കേറ്റി പറഞ്ഞ വിട്ടപ്പോഴേക്കും ഞാനും എന്റെ കൂട്ടുകാരും പുറത്ത്. ഞായറാഴ്ച ആയതിനാലും കല്യാണ സീസണ്‍ ആയതിനാലും വണ്ടി ഒരു സ്റ്റാന്റിലും കിട്ടാനില്ലായിരുന്നു. വെറുതേ റോഡില്‍ മാനം നോക്കി നിന്നപ്പോഴാണ് ഒരു ടൊയോട്ട ഇന്നോവ വണ്ടി വന്നതും ഞങ്ങള്‍ പത്ത് പേരും അതില്‍ കയറിയതും.
കല്യാണം നന്നായി നടന്നു, സദ്യയും. മണ്ടത്തരം ഒന്നും അപ്പോള്‍ കാണിച്ചില്ല. അല്ലേലും ഞാനല്ലല്ലോ, കല്യാണച്ചെക്കനല്ലേ മണ്ടത്തരം കാണിച്ചത്.
സദ്യ കഴിഞ്ഞപ്പോള്‍ സമയം വെറും പന്ത്രണ്ടര. കല്യണപ്പാര്‍ട്ടി തിരിച്ച് പോകുന്നത് രണ്ട് മണിക്കെന്നും അറിഞ്ഞു. നല്ലൊരു ഞായറാഴ്ച. പോരാണ്ട് ഉച്ച സമയം. പെട്ടെന്ന് വീട്ടില്‍ എത്തിയാല്‍ നല്ലോണം ഉറങ്ങാം. രണ്ട് മണി എന്ന് ഇവര്‍ പറഞ്ഞാലും പുറപ്പെടുമ്പോള്‍ ഒരു മൂന്ന് മണിയോളമാകും. തിരിച്ച് പാലക്കാട്ടെത്തുമ്പോള്‍ ഉറങ്ങാനുള്ള നല്ല സമയം കഴിയുകയും ചെയ്യും. ഉച്ചയുറക്കം നഷ്ടപ്പെടുമല്ലോ എന്നോര്‍ത്തപ്പോള്‍ എന്റെ ക്ഷമ കെട്ടു. കല്യാണപ്പാര്‍ട്ടിയുടെ കൂടെ തിരിച്ച് പോകാന്‍ നില്‍ക്കണ്ട, ഇപ്പോള്‍ തന്നെ പോകാം എന്ന് പറഞ്ഞ് ഞാന്‍ എന്റെ സുഹൃത്തുക്കളെ സമ്മതിപ്പിച്ചു.
അപ്പോഴാണ് അറിയുന്നത് എന്റെ കൂടെ വന്ന സുഹൃത്തുക്കള്‍ ഏഴു പേരും പോകുന്നത് എറണാകുളം ഭാഗത്തേക്ക്, മൂന്ന് പേര് മാത്രമുണ്ട് വന്ന വഴിയേ തിരിച്ച് പോകുന്നവര്‍. മൂന്ന് പേരായി എങ്ങിനെയാണ് ഒരു ഇന്നോവയില്‍ പോകുന്നത് തിരിച്ച്? അത് ആഢംഭരം ആയിപ്പോകില്ലേ? വരുമ്പോള്‍ വണ്ടിക്ക് അത്ര ക്ഷാമമായിരുന്നു എന്നതും ഓര്‍ക്കണ്ടേ!
നമുക്ക് പോയി, ഇപ്പോള്‍ കൂടെ വരാന്‍ താല്പര്യമുള്ള കുറച്ച് പേരെ വിളിച്ച് കൊണ്ട് വരാം കൂട്ടിന് എന്ന് ഞാന്‍ പറഞ്ഞു. മറ്റു രണ്ടു പേരും സമ്മതിച്ചു. തുടര്‍ന്ന്, ഓരോരുത്തരും ഓരോ വഴിക്ക് ആളെപ്പിടിക്കാന്‍ പോയി. ഒരാള്‍ ഓഡിറ്റോറിയത്തിലും ഒരാള്‍ സദ്യ നടക്കുന്നിടത്തും, മൂന്നാമത്തെയാള്‍ സദ്യ കഴിഞ്ഞ് സിഗരറ്റും മുറുക്കുമായി വിശ്രമിക്കുന്നവരുടെ ഇടത്തും പോയി “ഒറ്റപ്പാലം, വണ്ടി വിടാന്‍ പോണേ” എന്ന് വിളിച്ച് ആളെപ്പിടിത്തം തുടങ്ങി.
രണ്ടാളെ ഞാന്‍ സംഘടിപ്പിച്ചു. അവരേയും കൂട്ടി വേഗം ഇന്നോവയുടെ അടുത്തെത്തി. എന്റെ കൂട്ടുകാരും മിടുക്കന്മാര്‍. ഒരുത്തന്‍ രണ്ടു പേരെയും, മറ്റവന്‍ മൂന്ന് പേരെയും വിളിച്ചു കൊണ്ട് വന്നിരിക്കുന്നു.
അപ്പോള്‍ മൊത്തം ആള്‍ക്കാര്‍ ഇപ്പോള്‍ പത്ത്. വന്നപ്പോഴും പത്ത്, പോകുമ്പോഴും പത്ത്. പക്ഷെ വന്നപ്പോള്‍ എല്ലാവരും സുഹൃത്തുക്കള്‍, പോകുമ്പോള്‍ എല്ലാവരും അപരിചിതര്‍. പോരാണ്ട് ഇപ്പോള്‍ എല്ലാവരുടേയും വയറ് നിറഞ്ഞിരിക്കുന്ന സമയവും. മുന്നില്‍ ഒരാളും, നടുവില്‍ മൂന്ന് പേരും പിറകില്‍ മൂന്നാളും മതി എന്നവര്‍ തീരുമാനം എടുത്തു. പ്രായമായവരല്ലേ, പറഞ്ഞത് തട്ടിക്കളയാന്‍ പറ്റുമോ. അപ്പോള്‍ വണ്ടിയില്‍ ഏഴു പേര്‍. ബാക്കി മൂന്ന് പേര്‍ പുറത്ത്.
ആ മൂന്ന് പേര്‍ സ്വാഭാവികമായും ഞങ്ങളാണെന്ന് പറയേണ്ടതില്ലല്ലോ. ഞങ്ങള്‍ക്ക് റ്റാറ്റ പറഞ്ഞ് കൊണ്ട്, ഒരു മന്ദസ്മിതത്താല്‍ നന്ദിയും പറഞ്ഞ്, അവരും ഇന്നോവയും പാലക്കാട്ടേക്ക് യാത്രയായി.
പിന്നെ ഉണ്ടായിരുന്നത് കല്യാണവീട്ടുകാര്‍ വിളിച്ച് കൊണ്ട് വന്ന വണ്ടികളാണ്. ഒരു ക്വാളിസ്സും, രണ്ട് റ്റാറ്റാ സുമോയും, മിനി ബസ്സും, ഒരു വലിയ ബസ്സും, പിന്നെ വീഡിയോക്കാരുടെ കാറും. അവരൊന്നും ആ സമയത്ത് കൂടെപ്പോരാന്‍ തയ്യാറായില്ല. എല്ലാവരുടേയും കൂടെയേ പുറപ്പെടാന്‍ പറ്റൂ എന്ന് അവര്‍ക്ക് ആജ്ഞ കിട്ടിയിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്. പിന്നെ അവിടെ ഇരുന്നും നടന്നും കോട്ടുവായിട്ടും തല ചൊറിഞ്ഞും മണിക്കൂറുകള്‍ കാത്ത് നിന്ന് മൂന്ന് മണിയാക്കി. അവസാനം ഓഡിറ്റോറിയത്തിലെ വന്‍ പുരുഷാരം വണ്ടികളിലേക്ക് ഒതുങ്ങിയപ്പോള്‍, ഞങ്ങള്‍ ഓരോരുത്തരും ഓരോ വണ്ടിയില്‍ ഒരു പൃഷ്ഠത്തിനുള്ള സ്ഥലം ഇരന്ന് വാങ്ങി, കുലുങ്ങിക്കുലുങ്ങി തിരികേ പോന്നു, പാലക്കാട്ടേക്ക്. തിരികെ വരന്റെ വീട്ടിലെത്തുമ്പോള്‍ ആ ഇന്നോവ അവിടെ കാത്ത് നില്‍പ്പുണ്ടായിരുന്നു, വരന്റെ പാര്‍ട്ടിയുടെ കയ്യില്‍ നിന്ന് ടാക്സിച്ചാര്‍ജ്ജ് വാങ്ങാന്‍. ആ ഡ്രൈവര്‍ ഞങ്ങളെ നോക്കി ചിരിച്ചു, ആ ഇന്നോവയും.
24 comments:
മണ്‍ജിത്തേ, മണ്ടത്തരത്തിന് ഇപ്രാവശ്യം ആവശ്യത്തിന് കൂട്ടുണ്ടായിരുന്നല്ലേ ? :)
ഇന്നവക്കഥയുടെ ആദ്യം കൊറുവള്ളാ എന്നെഴുതിയത്...? പടവും ഇന്നവയുടേത് തന്നെയല്ലേ?
ഇന്നവ ഇടക്കാലത്ത് അപശകുനവണ്ടിയായിരുന്നല്ലോ. തിരുവനന്തപുരത്ത് ഒരപകടം കഴിഞ്ഞ് ഒന്നു രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ വൈറ്റിലയില്‍ ഒരു കുട്ടിയൊഴിച്ച് ബാക്കിയുള്ളവരെല്ലാം മരിച്ച വണ്ടിക്ക് തീപിടിച്ച അപകടവും.
കഥ വായിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി..നമ്മുടെ ശ്രീജിത്ത് ബ്രേക്ക്‌ഫാസ്റ്റും, സദ്യയും കഴിക്കാന്‍ മാത്രമാണ് കഷ്ടപെട്ട് കല്യാണത്തിന് പോയത്..പോരാത്തതിന് മണവാളനെ മണ്ടനെന്നും...അമ്പട ശ്രീജിത്തേ...!!!
ശ്രീജിത്ത് എന്ന പേര് മാറ്റി മണ്ടന്‍ജിത്ത് എന്നാക്കിയാലോ..?വക്കാരി എന്തിനാ ഒളിച്ച് കളി..അതങ്ങ് നേരെ പറയാമായിരുന്നില്ലെ. എന്നിട്ട് ദാ മണ്‍ജിത്തേ എന്ന്.....അതോ ഇനി തലക്കകത്ത് മണ്ണാണ് എന്ന അര്‍ത്ഥത്തിലാണോ?
ഹ...ഹ...കുടിയണ്ണാ, മണ്‍ജിത്ത് പണ്ട് ശ്രീജിത്തിനെ കാണിച്ച് അംഗീകാരം വാങ്ങിച്ചിട്ടുള്ള നാമമായിരുന്നു. പക്ഷേ സംഗതി പുതുക്കാന്‍ മറന്നുപോയി. കാലാവധി കഴിഞ്ഞു-ഇപ്പോള്‍ അത് കേട്ടാല്‍ ശ്രീജിത്ത് എനിക്കിട്ടിടിക്കുമോ എന്നറിയില്ല.
പിന്നെ തലയ്ക്കകത്ത് കുണ്ടറയുള്ളവരെയല്ലേ നമ്മള്‍...
(ശ്രീജിത്തേ, സെറ്റിലു ചെയ്യാം, ചെയ്യാം) :)
ശ്രീജിത്തേ എനിക്കൊരു റിക്വസ്റ്റ് ഉണ്ട്. ഇതില്‍ നിന്ന് മണ്ടൂസിന്റെ ചിത്രം മാറ്റിയേക്കണം. ഇല്ലെങ്കില്‍ ഒരു തിരുമണ്ടന്‍ എന്റെ ഫോട്ടോ ഉപയോഗിച്ച് ആളെകൂട്ടുന്നേ എന്ന് മണ്ടൂസ് കേസ് കൊടുക്കും.. ജാഗ്രതൈ...
പിന്നെ ഇതാണെല്ലേ വഴിയെ പോയ വയ്യാ വേലി... ഇപ്പോഴാ ശരിക്കും കാണാനൊത്തത്.
എല്ലാവര്‍ക്കും എന്റെ അതേ ചിന്താഗതി തന്നെ. വെറുതേ അല്ല തമ്മില്‍ ഇത്രയും അടുത്തത്.
.... മണ്ടമ്മാര് തന്നാ കൂട്ടും!; അത് മനസ്സിലായി.
ഏതയാലും ഒരു “മണ്ടലോകമീറ്റും” സംഘടിപ്പിക്കാമായിരുന്നു.
ടൊയോട്ട കൊറോള. ഇതാണ് കിട്ടിയത് അവസാന നിമിഷത്തില്‍.
ഈ ആദ്യവാചകം എനിക്കു മനസ്സിലാകുന്നില്ല. ഈ കറോള എവിടുന്നു വന്നു...????
ശ്രീജിത്തേ,ഹി ഹി ഹി ബസില്‍ കയറിപ്പോവുന്നതായിരുന്നു ഭേദം അല്ലേ? ഇക്കൊല്ലം എത്രയെണ്ണത്തിന് പോയി? അതാ കാരണവന്മാര്‍, അവനുഷാറല്ലേ നടന്ന് വന്ന് കൊള്ളുംന്നേ എന്ന് പറയുന്നത്. എന്തായാലും നടക്കേണ്ടി വന്നില്ലല്ലോ. ഇതിനാണ് ആള്‍ക്കാരെ വെറുതേ വിളിച്ച് കൂട്ടരുതെന്ന് പറയുന്നത്. അനുഭവം ഗുരു എന്ന് മനസ്സിലായില്ലേ?
ശ്രീ, അന്റെ മണ്ടത്തരങ്ങള്‍ ചെറുതായി വരുന്നോ? പണ്ടൊക്കെ ഒരു പോസ്റ്റില്‍ ഒന്നും ഒതുങ്ങാത്ത ജമണ്ടന്‍ മണ്ടത്തരങ്ങളല്ലായിരുന്നോ.. ;)
എന്തായാലും ഉള്ളതു കൊണ്ട് ഓണം പോലെ...
ഞങ്ങളുടെ നാട്ടില്‍ വിവാഹത്തിന്‍ പോകാന്‍ ഉപയോഗിക്കുന്ന കാറില്‍ തന്നെ മടങ്ങിവരണം എന്ന് കാരണവന്മാര് വാശി
പിടിക്കാറുണ്ട്. അതിന്റെ പിന്നില്‍ ഒരു സംഭവ കഥയുമുണ്ട്.
ഒരു ചേട്ടായിയുടെ കല്യാണം അങ്ങു ദൂരെ മലക്കള്‍ക്കിടയില്‍ രാവിലെ
വിട്ടാല്‍ മിനിമം 3 മണിക്കൂറ് എങ്കിലും പിടിക്കും അവിടെയെത്താന്‍ എന്നതിനാല്‍ വരന്റെ കൂട്ടര് ഞങ്ങളുടെ നാട്ടില്‍ നിന്നും പുലറ്ച്ച തന്നെ യാത്ര
തിരിച്ചു. നാടുവിട്ടു പോകയല്ലെ, ഒരു കാരണവറ്ക്ക് ഒന്നു മുറുക്കിയേ പറ്റൂ എന്നായി. വണ്ടി ഒരു പരിചയക്കാരന്റെ മുറുക്കാന്‍
കടയിലേക്ക് ഒതുക്കി നിറ്ത്തി. ചേരുവകള്‍ എല്ലാം വിശദമായി ഒന്നു കൂട്ടി മുറുക്കാന്‍ വായില്‍ ലോഡ് ചെയ്ത് വീണ്ടും യാത്ര തുടറ്ന്നു.
ഉദ്‌ധേശിച്ച് സമയത്ത് തന്നെ ലക്ഷ്യത്തില്‍ എത്തി. പെട്ടെന്ന് ഒരു കൂട്ട കരച്ചില്‍. വരന്റെ പെങ്ങളുടെ 3 വയസായ മകളെ കാണുന്നില്ല. ദൂരെ യായതിനാല്‍ വിടു പൂട്ടിയേച്ചാണ് പോന്നത്. പിന്നെ എവിടെ? തിരക്കിനിടയില്‍ കുട്ടിയുടെ അമ്മ വിചാരിച്ചു കൊച്ച് അപ്പനോടൊപ്പം എന്ന്. അപ്പന്‍ വിചാരിച്ചു കൊച്ച് അമ്മയോടൊപ്പമെന്ന്. വന്ന വണ്ടിക്ക് തന്നെ തിരികെ വിട്ടു.
ഈ സമയത്ത് ഈ മുറുക്കാന്‍ കടയില്‍ മാതാ പിതാക്കളെ കാണാഞ്ഞ് വാശി പിടിച്ച് കരഞ്ഞ് കുട്ടി തളറ്ന്നുറങ്ങിയിരുന്നു. എന്തായാലും വരന്റെ പെങ്ങള്‍ക്ക് ആ വിവാഹത്തില്‍ സംബന്ധിക്കാന്‍ സാധിച്ചില്ല എന്നു പ്രത്യ്യേകം പറണ്ടതില്ലല്ലോ.
(സംഭവം നടക്കുന്നത് മൊബൈല്‍ പ്രചാരത്തിലാകുന്നതിന്‍ മുമ്പ്)
ശ്രീജിത്തിന്റെ മണ്ടത്തരങ്ങള്‍ നിറച്ച ബ്ലൊഗുവായിച്ചപ്പോള്‍ എനിക്കിതു പറയാനാണു തോന്നിയത് ശ്രീജിത്തിന്റെ കൗശലങ്ങള്‍ എന്ന ഒരു ബ്ലോഗും ഉടന്‍ തുടങ്ങണം. ഇല്ലങ്കില്‍ ഡബിറ്റും ക്രഡിറ്റും തുല്യമായിപ്പോകില്ല. വിവാഹമാര്‍ക്കറ്റില്‍ വില്‍ക്കാന്‍ വെച്ച ഈ മധുര നാരങ്ങയുടെ നല്ല ഭാഗവും കൂടി എല്ലാരും കാണട്ടേന്ന് ഏത്.. മനസ്സിലായോ?
ങ്ങേ ശ്രീജിത്തിനെ വില്‍ക്കാന്‍ വെച്ചിരിക്കുന്നോ?? മൊത്തമായോ ചില്ലറയായോ
ബഡെ ഒര് രണ്ടര കിലോന്‍ ശ്രീജിത്തുംങ്കായ് കൊടുക്കീം....
കുടി കൊണ്ടോയ്റ്റ് പീങ്ങിത്തിന്നാം. ബെറുങ്ങനെ കാലി ചായ ഒരരല്ല്യണ്ണി.
വക്കാരീ, ഇന്നോവ തന്നെയായിരുന്നു ഞാന്‍ ഉദ്ദേശിച്ചത്. ടൊയോട്ട എന്ന് പറഞ്ഞാല്‍ അതിനു പിന്നാലെ അറിയാതെ കൊറോള എന്ന് പറഞ്ഞ് പോകുന്നു കുറച്ച് കാലമായി. ടൊയോട്ടയ്ക്ക് മാത്രമല്ല ഈ കുഴപ്പം. ഹുണ്ടായി ആക്സന്റ്, ഫോര്‍ഡ് ഐക്കണ്‍ എന്നിങ്ങനെ എനിക്ക് ഇതേ അബദ്ധം പറ്റിപ്പോകുന്ന ബ്രാന്റുകള്‍ ധാരാളം. തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി. തിരുത്തിയിട്ടുണ്ട്.
കുടിയാ, മണ്‍ജിത്ത് എന്നത് വക്കാരി ഇട്ടു തന്ന പേര് തന്നെ. പിന്നെ ഈ ബൂലോകം എനിക്ക് ശ്രീമണ്ടന്‍ എന്ന പേരും തന്നിട്ടുണ്ട്. മറ്റു പേരുകള്‍ ഇപ്പോള്‍ ഓര്‍മ്മ കിട്ടുന്നില്ല. ഇതൊക്കെ ഓര്‍ക്കാന്‍ ഞാന്‍ പുതിയ ഒരു ബ്ലോഗ്‌റോള്‍ തന്നെ തുടങ്ങേണ്ടി വരും എന്ന് തോന്നുന്നു ;)
ഫാരിസ്, ഇത്തിരിവട്ടം, വളയം, ബിജോയ്, സൂ, ആദിത്യാ, കൈത്തിരീ, അനുച്ചേച്ചീ, മഫോയൂ, കരീം മാഷ്,വല്യമ്മായി, ദില്‍ബൂ, എല്ലാവര്‍ക്കും നന്ദി. ചിലരുടെ കമന്റുകള്‍ പോസ്റ്റിനേക്കാള്‍ ഉഗ്രന്‍. പേരെടുത്ത് പറയുന്നില്ല.
Ohmmm Kreeaaam Mandatharam @@$#$#@$#**(*^)**&(()*$ swaaahaa... Eee blog ezhuthi yadhardha mandanmare apamanikkunna manjith inte mandathala tappe tappe nnu pottippotte.. (Koodothram comment)!
ശ്രീജിത്തേ
എനിക്ക് ശ്ലോകത്തരങ്ങള് വായിക്കാന്‍ പറ്റുന്നില്ല.കുറച്ച് കുത്ത് മാത്രമേ കാണാന്‍ പറ്റുന്നുള്ളൂ
ഷാജ്ജുസ്തുതീ, അത് ആ ടെമ്പ്ലേറ്റ് ആംപ്ലേറ്റിന്റെ കുഴപ്പമാണോ? ഒന്ന് റിഫ്രഷ് ചെയ്യുക, പേജപ്പ് പേജ് ഡൌണ്‍ ചെയ്യുക ഇവയൊക്കെ ചെയ്താല്‍ വല്ല ഗുണവും ഉണ്ടാവുമോ എന്ന് നോക്കിയോ?
വക്കാരീ
എന്റെ അറിവില്‍ പെട്ട വിദ്യകള്‍ കാണിച്ചിട്ടും രക്ഷയില്ല
പതിവുപോലെ രസിച്ചു വായിച്ചു.
ഇടക്കിട്ടിട്ടുള്ള നുറുങ്ങുകള്‍ ഗംഭീരം..
:-)) സൂപ്പറായീണ്ട് ശ്രീജ്യേ :-)
ശ്രീജിത്തേ... മണ്ടത്തരമുണ്ടെന്ന് അഹങ്കാരം പറയുന്ന മഹാന്മാര്‍ താങ്കളെപ്പോലെ ചുരുക്കമേ കാണൂ... (മഹാമണ്ടന്‍ എന്ന് ഉദ്ധേശിച്ചിട്ടില്ല... അങ്ങനെ തോന്നിയാല്‍ യദ്രുച്ഛികം മാത്രം..) :-)
തിരികെ വരന്റെ വീട്ടിലെത്തുമ്പോള്‍ ആ ഇന്നോവ അവിടെ കാത്ത് നില്‍പ്പുണ്ടായിരുന്നു, വരന്റെ പാര്‍ട്ടിയുടെ കയ്യില്‍ നിന്ന് ടാക്സിച്ചാര്‍ജ്ജ് വാങ്ങാന്‍. ആ ഡ്രൈവര്‍ ഞങ്ങളെ നോക്കി ചിരിച്ചു, ആ ഇന്നോവയും...
ശേഷം ചിന്ത്യം!!
ഉച്ചയുറക്കവും പോയി, പിന്നെ, ഇന്നൊവ വാടകയും കയ്യില്‍നിന്നു്..?
ശ്രീജിത്ത്, നന്നായിരിക്കുന്നു
ഏഴും മൂന്നും പത്തു.
ഹിഹി ഇഷ്ടപ്പെട്ടു.
കേച്ചേരിയില്‍നിന്നും, ഫ്രീയായാല്‍ എന്നെ വിളിക്കാം എന്നും പറഞ്ഞു ഫോണ്‍ വച്ചിട്ട് , ഇതായിരുന്നോ മോനേ പണീ ??
തൃശ്ശൂരു ബസ്റ്റാന്റാന്റിലെ കുന്നളം കന്നമ്‌ളം, കേച്ചേരി വഴി.. എന്ന ബസ്സിലെ കിളി നാദങ്ങള്‍ ഓര്‍ത്തുപോയി !
Post a Comment