Tuesday, August 01, 2006

ടാക്സിയില്‍ പോയി എഴുതിയ പരീക്ഷ

അന്നു ഞാന്‍ കൊച്ചിന്‍ യൂനിവേര്‍സിറ്റിയില്‍ പഠിക്കുകയായിരുന്നു.

വിശാലേട്ടന്‍ പറഞ്ഞപോലെ വീട്: കൊടകരേല്, ജോലി:ജെബല്‍ അലീല് , ഡൈലി പോയിവരും എന്ന രീതിയില്‍ ആയിരുന്നു അന്നത്തെ പഠനം. ഡെയിലി പോയി വരും.

ഇരുപത് കിലോമീറ്ററും ചില്വാനവും വരുമായിരുന്നു വീട്ടില്‍ നിന്ന് കോളേജിലേക്കുള്ള ദൂരം. പകുതി ദൂരം യൂനിവേര്‍സിറ്റി ബസ്സിലും പിന്നെയുള്ള ദൂരം പ്രൈവറ്റ് ബസ്സിലും, അങ്ങിനെ ആയിരുന്നു എന്റെ സഞ്ചാരം. യൂനിവേര്‍സിറ്റി ബസ്സ് വൈറ്റിലയില്‍ നിന്ന് രാവിലെ എട്ട് മണിക്ക് പുറപ്പെട്ട്, എറണാകുളം പട്ടണം മുഴുവന്‍ കറങ്ങി (ഇത്തിരി കുറയ്ക്കാം വേണമെങ്കില്‍, മുഴുവന്‍ കറങ്ങില്ല, എം.ജി. റോഡ് വഴി കറങ്ങും) യൂനിവേര്‍സിറ്റിയില്‍ ഒന്‍പതിനു ശേഷമുള്ള ഏതെങ്കിലും സമയത്ത് എത്തും. കുറ്റം പറയരുതല്ലോ, മിക്ക ദിവസവും ഒന്‍പതിനു തന്നെ എത്താറുണ്ട്.

അങ്ങനെ ഇരിക്കുന്ന ഒരു സമയത്തിങ്കല്‍, എന്റെ നാലാം സെമസ്റ്റര്‍ പരീക്ഷ വരവായി. പഠനം ഒക്കെ അതിന്റെ വഴിക്ക് നടന്നു (ഞാന്‍ എന്റെ വഴിക്കും). എന്റെ പരീക്ഷക്കാര്യത്തിലും പഠനകാര്യത്തിലും വീട്ടില്‍ ആര്‍ക്കും ഒരു ശ്രദ്ധയും ഇല്ല എന്നതായിരുന്നു അന്നത്തെ സ്ഥിതി. പാസ്സായാലും ജയിച്ചാലും നിനക്കു കൊള്ളാം എന്ന ആറ്റിറ്റ്യൂഡ് മാതാപിതാക്കള്‍ക്ക്. വൈകീട്ടത്തെ ഫുട്ബോള്‍ കളിയും, രാത്രിയത്തെ കോമഡീ സീരിയലുകളും, പിന്നെ ഒരിത്തിരി പഠനവും കഴിഞ്ഞ് അലാറം വച്ച് ഞാന്‍ ഉറങ്ങാന്‍ കിടന്നു.

രാവിലെ അലാറം അടിച്ചു. ഞാന്‍ എഴുന്നേറ്റു. റെഡിയായി. ബസ്സ് കേറി വൈറ്റിലയെത്തി. യൂനിവേര്‍സിറ്റി ബസ്സ് കാത്ത് നില്‍ക്കാന്‍ തുടങ്ങി. സമയം അപ്പോള്‍ എട്ട് മണി ആകുന്നതേയുള്ളൂ.

പതിനഞ്ച് മിനിറ്റോളം നിന്നു ഞാന്‍ അവിടെ. ഇത്ര നേരം കഴിഞ്ഞിട്ടും ബസ്സ് വരുന്നില്ല. എട്ടേകാല്‍ വരെ സാധാരണ ബസ്സ് വൈകാറില്ല.

അപ്പോഴാണ് ഞാന്‍ മറ്റൊന്നും കൂടെ ശ്രദ്ധിച്ചത്. വൈറ്റിലയില്‍ സാധാരണ ഇതേ ബസ്സ് കാത്ത് ഒരു പത്തോളം പേര്‍ അവിടെ നില്‍ക്കാറുണ്ട്. അന്ന് ഞാന്‍ അവിടെ ഒറ്റയ്ക്കായിരുന്നു. ബസ്സ് പോയിക്കാണുമോ? സംശയമായി, അതിലുമുപരി പേടിയായി ഒന്നും കൂടെ വാച്ച് നോക്കി.

ഉറക്കച്ചടവ് മാറി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അല്ലാതെ വേറെ എന്ത് കാരണമാണ് എനിക്ക് പറയാനുള്ളത്, ഇത്ര നേരവും ഒന്‍പതേകാലിനെ എട്ടേകാല്‍ എന്നും വിചാരിച്ച് ആ ബസ്സ്‌സ്റ്റോപ്പില്‍ തന്നെ കുറ്റിയടിച്ച് നില്‍ക്കാന്‍?

എന്റെ ജീവന്‍ പാതി പോയി. അലാറം വച്ചത് ഒരു മണിക്കൂര്‍ മാറിപ്പോയി എന്നറിഞ്ഞ് കരയണോ നിലവിളിക്കണോ എന്നറിയാത്ത ഒരു സിസ്റ്റുവേഷന്‍. ഇനി ആകെ കാല്‍ മണിക്കൂര്‍ മാത്രം പരീക്ഷ തുടങ്ങാന്‍. വൈറ്റിലയില്‍ നിന്ന് നേരിട്ട് കളമശ്ശേരിയിലേക്ക് ബൈപ്പാസ് വഴി ബസ്സ് ഇല്ല. പാലാരിവട്ടത്ത് ഇറങ്ങി, വേറെ ബസ്സ് പിടിച്ച് പോകണം. എന്തിരുന്നാലും യൂനിവേര്‍സിറ്റിയില്‍ എത്തുമ്പോള്‍ ഒരു മണിക്കൂര്‍ വരെ എടുക്കാം, രാവിലെ ആ തിരക്കുള്ള സമയത്ത്.

അടുത്ത ഓപ്‌ഷന്‍ ഓട്ടോ ആണ്. പത്ത് കിലോമീറ്ററില്‍ കൂടുതല്‍ ഉണ്ട് വൈറ്റിലയില്‍ നിന്ന് യൂനിവേര്‍സിറ്റിയിലേക്ക്. ഓട്ടോ പിടിച്ചാലും അരമണിക്കൂര്‍ കുറഞ്ഞത് എടുക്കും. ഇനി സമയത്ത് എത്തണമെങ്കില്‍ ഒരേ ഒരു മാര്‍ഗ്ഗം, ടാക്സി.

വൈറ്റിലയില്‍ ടാക്സിസ്റ്റാന്റ് ഉണ്ട്. അവിടെ ആദ്യം നിന്ന വണ്ടിയില്‍ കയറി യൂനിവേര്‍സിറ്റിയിലേക്ക് വിട്ടോളാന്‍ പറഞ്ഞു ഡ്രൈവറോട്. എന്റെ പരീക്ഷ ആണെന്നും വൈകിപ്പോയി എന്നും വേഗം പോകൂ എന്നും പറഞ്ഞപ്പോള്‍ ഡ്രൈവറുടെ മുഖത്ത് വന്ന ചിരി ഞാന്‍ കണ്ടില്ല എന്ന് നടിച്ചു.

ടാക്സി ഡ്രൈവറുടെ ശുഷ്കാ‍ന്തിയുടെ സഹായത്താല്‍ യൂനിവേര്‍സിറ്റിയില്‍ പതിനഞ്ച് മിനിറ്റ് കൊണ്ട് എത്തി. ടാക്സി ഡ്രൈവര്‍ ട്രാഫിക്കിനിടയിലൂടെ ആംബുലന്‍സ് ഓടിക്കുന്ന മട്ടിലായിരുന്നു വണ്ടി ഓടിച്ചിരുന്നത്. ഒരര്‍ത്ഥത്തില്‍ ഞാന്‍ അത്യസന നിലയിലും ആയിരുന്നല്ലോ.

എന്റെ ക്ലാസ്സിന്റെ മുന്നില്‍ വരെ ഞാന്‍ പോയില്ല ടാക്സിയില്‍. ടാക്സിയില്‍ ഒക്കെ പരീക്ഷയ്ക്ക് വന്നിറങ്ങുന്നത് കണ്ടാല്‍ ഞാന്‍ ഒരു പണക്കാരനാണെന്ന് തെറ്റിദ്ധരിക്കപ്പെടും. അതോടെ എന്റെ കഷ്ടകാലവും തുടങ്ങും. അത് കൊണ്ട് രണ്ട് കെട്ടിടങ്ങള്‍ക്കിപ്പുറം നിര്‍ത്തി ഞാന്‍ ഇറങ്ങി. കൂലിയായി നൂറ്റമ്പത് രൂപ കൊടുക്കേണ്ടി വന്നു. അത് എന്റെ വെപ്രാളം കണ്ട് അയാള്‍‍ കൂടുതല്‍ വാ‍ങ്ങിയതാണോ സഹതാപത്തിന്റെ പുറത്ത് കുറച്ച് തന്നിരുന്നോ, അതോ അതാണോ ശരിയായ കൂലി എന്നൊന്നും ഇപ്പോഴും എനിക്കറിയില്ല. ഞാന്‍ ആകെ എന്റെ ജീവിതത്തില്‍ സ്വന്തം കൈയ്യില്‍ നിന്ന് ടാക്സിക്ക് കാശ് കൊടുത്തിട്ടുള്ളത് അന്നാണ്.

പിന്നെ ഒരോട്ടമായിരുന്നു. രാവിലെ നല്ല വെയിലും ഉണ്ടായിരുന്നു. അഞ്ച്-പത്ത് മിനുട്ടോളം ഓടി ക്ലാസ്സില്‍ എത്തുമ്പോഴേക്കും ഞാന്‍ ആകെ വിയര്‍ത്ത് കുതിര്‍ന്നിരുന്നു. രാവിലത്തെ ടെന്‍ഷനും, ഓട്ടവും, അനാവശ്യമായി കാശ് ചിലവായ വിഷമവും എല്ലാം കൊണ്ട് എനിക്കപ്പൊഴേക്കും തലവേദനിച്ചും തുടങ്ങി. ഈ ഒരു മാനസികാവസ്ഥയില്‍ മനസ്സമാധാനമായി ഇരുന്ന് പരീക്ഷ നന്നായി എഴുതാം എന്നൊരു പ്രതീക്ഷയും അപ്പോഴുണ്ടായിരുന്നില്ല. വന്ന സ്ഥിതിക്ക് എഴുതിക്കളയാം എന്ന് മാത്രം.

ആകെ ക്ഷീണിതനായി ക്ലാസ്സില്‍ എത്തിയപ്പോള്‍ അവിടേയും ആരുമില്ല. എന്താ ഇന്ന് ഞാന്‍ പോകുന്നിടത്തൊന്നും ആളില്ലാത്തത്? ഇനി രാവിലെ ഒരു മണിക്കൂര്‍ വൈകിയത്, ഈ സമയം കൊണ്ട് മൂന്ന് മണിക്കൂറായോ, എല്ലാവരും പരീക്ഷ കഴിഞ്ഞ് പോയോ എന്ന് പേടിയായി. വാച്ചില്‍ പല‌ആവര്‍ത്തി നോക്കി. ഇല്ല തെറ്റിയിട്ടില്ല. സമയം ശരി തന്നെ.

ആരോടെങ്കിലും ഒന്ന് ചോദിക്കാം എന്ന് കരുതിയിട്ട്‍ ആരെയും കാണാനുമില്ലായിരുന്നു അവിടെങ്ങും. വേഗം നോട്ടിസ് ബോര്‍ഡില്‍ ചെന്ന് നോക്കി. പരീക്ഷ എങ്ങാനും മാറ്റിവച്ചതാണോ?

നോട്ടീസ് ബോര്‍ഡിലെ പരീക്ഷാ കലണ്ടറും ചുമരില്‍ തൂക്കിയിട്ടിരുന്ന സാധാ കലണ്ടറും ഒത്ത് നോക്കിയപ്പോള്‍ പോയ ബോധം എപ്പോള്‍ വന്നു എന്ന് എനിക്ക് ഇപ്പോള്‍ ഓര്‍ത്തെടുക്കാനാകുന്നില്ല.

കാരണം, എനിക്കന്ന് അലാറം വച്ചപ്പോള്‍ മാറിപ്പോയത് ഒരു മണിക്കൂര്‍ മാത്രമല്ല, ഒരു ദിവസം കൂടെ ആയിരുന്നു.

അന്ന്, അന്ന്, ... അന്നൊരു ഞായറാഴ്ച ആയിരുന്നു.

29 comments:

  1. Anonymous said...

    entammo... enikku vayya...



  2. വളയം said...

    ശ്രീജിത്തിനേ കണ്ടപ്പൊഴേ ആ ടേക്സിക്കാരന്‌ മനസ്സിലായല്ലോ "ഇതൊരു മണ്ടനാണെന്ന്" 70 രൂപക്ക്‌ പകരം 150 മേടിച്ചതതുകൊണ്ടല്ലേ?



  3. ബിന്ദു said...

    ദൈവമേ......... ഇത്രനാളും ഞാന്‍ മണ്ടനാണ്‌, എന്നെയൊന്നു മണ്ടാ എന്നു വിളിക്കൂ എന്നു പറഞ്ഞു കേഴുമ്പോഴൊന്നും ഞാന്‍ ഇത്ര വിചാരിച്ചിട്ടുണ്ടായിരുന്നില്ല, ഇതൊരു അസ്സല്‍'...' തന്നെ.:)ടാക്സി ഡ്രൈവര്‍ ചിരിച്ചതെന്തിനാണെന്നു ഇപ്പോള്‍ മനസ്സിലായല്ലൊ.



  4. ഇടിവാള്‍ said...

    എന്നാലുമെന്റെ ശ്രീ....
    എന്റെ പ്രതീക്ഷകളേയൊക്കെ കടത്തിവെട്ടി കേട്ടോ !

    തിരിച്ചും ടാക്സിയിലായിരുന്നോ യാത്ര ??



  5. സ്നേഹിതന്‍ said...

    ജയന്തി ജനത എക്സ്പ്രസ്സ് ബോംബെയില്‍ നിന്നും തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആദ്യമായി കൃത്യ സമയത്തെത്തി (ശനിയാഴ്ച എത്തേണ്ട ട്രെയിന്‍ ഞായറാഴ്ച കൃത്യ സമയത്തെത്തി).

    ശ്രീജിത്തേ നന്നായിരിയ്ക്കുന്നു.



  6. കുറുമാന്‍ said...

    ഇത് മണ്ടത്തരമല്ല ജിത്ത്വോ, ഇത് പോക്കണംകേടാ,,,,,,കൈയ്യിലെ കാശും പോയി, കടിക്കണ ടാക്സീം പിടിച്ചൂന്ന് പറയണ കേട്ടിട്ടേയുള്ളൂ, ഇതിപ്പോ......മണ്ടത്തരങ്ങള്‍ മൂത്തത് എന്നാക്കിക്കോ സൈറ്റ് നൈം.



  7. ലുട്ടാപ്പി !!! said...

    ചുള്ളാ, അടിപോലിയായി എഴുതീട്ടുണ്ടു കേട്ടോ.

    ഞായറാഴ്ച "കുസാറ്റി"ലേക്കു ഓട്ടം വിളിച്ച്പ്പോ ടാക്സിക്കാരന്‍ ഇന്നു അവധിയാന്നു പറഞ്ഞില്ലേ ?

    സത്യം പറ.. ഇതു നുണക്കഥയല്ലേ ? ;)

    എന്തായാലും എഴുതിയതു കൊള്ളാം മണ്ടശിരോമണീ.



  8. സഞ്ചാരി said...

    അബുദാബില്‍(ഇവിടെ വെള്ളിയാഴ്ചയാണ് ഒഴിവു ദിവസം) നിന്നു ലീവിന്നു നാട്ടില്‍ പോയ ഒരു പുള്ളിക്കാരന്‍ ഞായറാഴ്ച പഞ്ചായത്ത് ഓഫീസില്‍ പോയ കഥ എനിക്കറിയാം. ഞാനല്ല കേട്ടോ !



  9. Adithyan said...

    ശ്രീജീ, നമിയ്ക്കുന്നു എന്നു മാത്രം പറഞ്ഞ് അവസാനിപ്പിയ്ക്കുന്നു... :)

    എന്റെ ലുട്ടാപ്പിച്ചേട്ടാ, ഇനിയിച്ചിരെ നുണ ഉണ്ടേല്‍ തന്നെ എന്താ പ്രശ്നം? സംഭവം ജോര്‍ ആകണം... അത്ര മാത്രം...



  10. ദിവാസ്വപ്നം said...

    ടാക്സി പിടിച്ച് പോയ കാര്യം പറഞ്ഞപ്പഴാണ്, ബംഗ്ലൂര് ഒരു തവണ ഓട്ടോ പിടിച്ച കദനകഥ ഓര്‍മ്മ വന്നത്.

    അരവിന്ദ് സ്വാമിയുടെ നിര്‍ദ്ദേശപ്രകാരവും, ഇപ്പഴത്തെ ലേറ്റസ്റ്റ് ട്രെന്‍ഡ് പ്രകാരവും, കമന്റാക്കുന്നില്ല. പോസ്റ്റാക്കി പിന്നെ എഴുതാം :)



  11. പരസ്പരം said...

    ലുട്ടാപ്പി ഒരാളുടെ സൃഷ്ടിയെ ഇങ്ങനെ നുണക്കഥ എന്നു വിളിക്കേണ്ടിയിരുന്നില്ല.എന്നാലും എന്റെ ശ്രീജിത്തെ, സംഭവം ഒരു തള്ള് തന്നെ.ഒരു ദിവസമൊക്കെ മാറി എഴുനേല്‍ക്കെണമെങ്കില്‍ അടിച്ച് ഫിറ്റായി യാതൊരു ബോധവുമില്ലാതെ കിടക്കണം.ഇത് പരീക്ഷയായതിനാല്‍ അതിനുള്ള സാധ്യത കാണുന്നില്ല.പിന്നെ വൈറ്റില ജംഗ്ഷനില്‍ ഞായറാഴ്ചത്തെ അവസ്ഥയും ,പ്രവര്‍ത്തി ദിവസങ്ങളിലെ അവസ്ഥയും തമ്മില്‍ ഒരു പാട് വ്യത്യാസമുണ്ട്.ബസ്സ് കാത്ത് നിന്നപ്പോള്‍ റോഡില്‍ തിരക്ക് കുറവാണല്ലോ എന്നൊന്നും തോന്നിയില്ലേ? നല്ല തിരക്ക് കാരണം യൂണിവേഴ്സിറ്റിയിലെത്താന്‍ ഒരു മണിക്കൂറെങ്കിലുമെടുക്കുമെന്നും കഥയില്‍ പറയുന്നു.ഞായറാഴ്ച എന്തു തിരക്ക്?അങ്ങനെ കഥ മുഴുവന്‍ തള്ളോട് തള്ളു തന്നെ.എങ്കിലും ഈ കഥ നന്നായി രസിച്ചു.ഇത്ര ക്രിയേറ്റീവായി മണ്ടത്തരമെഴുതാന്‍ ശ്രീജിത്തിനേ പറ്റൂ.



  12. Sreejith K. said...

    #അനോണീ
    നന്ദി. പേരെങ്കിലും പറയാമായിരുന്നു.

    #വളയം
    എന്നെക്കണ്ടാല്‍ ആര്‍ക്കും മനസ്സിലാകും ഒരു മണ്ടനാണെന്ന്. അതൊരു രോഗമാണോ ഡോക്റ്റര്‍?

    #ബിന്ദു
    ടാക്സി ഡ്രൈവര്‍ ചിരിച്ചതെന്തിനാണെന്ന് ഇപ്പോള്‍ മനസ്സിലായി. ഇത് പോലെ പലരും പലവട്ടം ചിരിച്ചിട്ടുള്ളതും ഇപ്പോള്‍ മനസ്സിലായി വരുന്നു ;)

    #ഇടിവാള്‍
    ആ കമന്റ് എനിക്കിഷ്ടമായി. തിരികെ ടാക്സിയില്‍ വരാന്‍ എന്റെ സാമ്പത്തിക സ്ഥിതി എന്നെ അനുവദിച്ചില്ല. അല്ലായിരുന്നെങ്കില്‍ ആഡംബരത്തില്‍ തന്നെ വീട്ടില്‍ വന്നിറങ്ങിയേനേ. ചിലപ്പോള്‍ അതൊരു ശീലവുമാക്കിയേനേ.

    #സ്നേഹിതന്‍
    ജയന്തി ജനത എക്സ്പ്രസ്സുമായി എന്നെ താരതമ്യപ്പെടുത്തുവാണോ? ഹ ഹ.

    #കുറുമാന്‍
    കൈയ്യിലെ കാശും പോയി, കടിക്കണ ടാക്സീം പിടിച്ചൂ
    ഇത് കൊള്ളാമല്ലോ പഴഞ്ചൊല്ല്. എനിക്കിഷ്ടപ്പെട്ടു. ഇനി എന്റെ ലിസ്റ്റില്‍ ഈ പഴഞ്ചൊല്ല് കൂടി.

    #ലുട്ടാപ്പി
    ഞായറാഴ്ച യൂനിവേര്‍സിറ്റിയിലേക്ക് ഓട്ടം വിളിച്ചത് കൊണ്ട് ടാക്സിക്കാരന്‍ ഒന്നും പറയണമെന്നില്ല. കാരണം ഞായറാഴ്ച പി.എസ്.സി. യുടേയും ബാങ്കുകളുടേയും മറ്റുമായി പല പരീക്ഷകളും അവിടെ നടത്താറുണ്ട്. അപ്പോള്‍ ഒരാള്‍ ഇന്ന് പരീക്ഷയാണ് വേഗം പോകൂ എന്ന് വെപ്രാളം പിടിച്ച് പറഞ്ഞാല്‍ അത് വിശ്വസിക്കാതിരിക്കേണ്ട കാര്യമില്ല. പോരാണ്ട് അന്നേരം കൂടുതല്‍ ടെന്‍ഷനാക്കാനും അയാള്‍ ശ്രമിക്കണമെന്നില്ല.

    #സഞ്ചാരീ,
    കുട്ടിക്കഥ ഇഷ്ടമായി. ഡിസ്ക്ലെയിമര്‍ അതിലും ഇഷ്ടമായി. ഞാന്‍ തെറ്റിദ്ധരിച്ചില്ലാട്ടോ.

    #ആദീ,
    നന്ദി സപ്പോര്‍ട്ടിന്, അത്രയേ ഞാനും പറയുന്നുള്ളു. നുണയാണോ സത്യമാണോ എന്ന് ഒരു കഥയെക്കുറിച്ച് ആലോചിക്കേണ്ട കാര്യമുണ്ടോ?

    #ദിവാസ്വപ്നം
    ആ കഥ കേള്‍ക്കാനായി ഞാനും കാത്തിരിക്കുന്നു.

    #പരസ്പരം
    ഒരു ഡിസ്‌ക്ലൈമര്‍ പറഞ്ഞ് കൊള്ളട്ടേ. ഈ ബ്ലോഗ് എന്റെ ആത്മകഥ അല്ല. 100% സത്യമായ പോസ്റ്റുകളും, 100% കെട്ടിചമയ്ക്കപ്പെട്ട പോസ്റ്റുകളും ഞാന്‍ ഇവിടെ ഇട്ടിട്ടുണ്ട്. കഥയ്ക്ക് ഒരു ഒഴുക്ക് വരാനും, അത് രസകരമായി അവസാനിപ്പിക്കാനും ചിലപ്പോള്‍ ചില കള്ളത്തരങ്ങള്‍ പറയേണ്ടി വരും. കഥ അല്ലേ എന്നോര്‍ത്ത് ക്ഷമിക്കുക. കഥ മാത്രമാണെന്ന് മനസ്സിലാക്കുക. എങ്കിലും പറയട്ടെ, ഇത് ഒരു നടന്ന കാര്യമാണ്. പക്ഷെ ഞായറാഴ്ച തന്നെയാണ് ഇത് നടന്നതെന്ന് ഞാന്‍ സമര്‍ത്ഥിക്കുന്നില്ല. ഇതൊരു തിങ്കളാഴ്ച ആണ് നടന്നതെന്നും ഞാന്‍ പരീക്ഷ നന്നായി എഴുതി നല്ല മാര്‍ക്കും വാങ്ങി പാസ്സായി എന്നും അവസാന പാരഗ്രാഫ് മാറ്റിയാല്‍ ഇത് മണ്ടത്തരം ആല്ലാണ്ടാവുമോ എന്തോ.



  13. myexperimentsandme said...

    ഹ..ഹ.. ഇതിഷ്ടപ്പെട്ടു. നല്ല ഒഴുക്കുള്ള വിവരണം.

    ഇന്ന് കീറിമുറിക്കല്‍ ദിനമാണെന്ന് തോന്നുന്നല്ലോ. അപ്പുറത്ത് എല്‍‌ജിയുടെ കഥ എല്ലാവരും കൂടി പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നു. അവസാ‍നം തിരിച്ച് തുന്നിക്കെട്ടാന്‍ വല്ലതും ബാക്കിയുണ്ടാവുമോ ആവോ :)



  14. myexperimentsandme said...

    ഇന്നിട്ട കമന്റുകളില്‍ ഒട്ടുമുക്കാലും പതിമൂന്നാമന്‍ ...



  15. Rasheed Chalil said...

    ശ്രീചിത്തേ അസ്സലായി..

    എതോഒരു സിനിമയില്‍ കൊച്ചിഹനീഫയോട് സുകുമാരി പറയുന്ന ഒരു ഡയലോഗ് അറിയാതെ ഓര്‍ത്തുപോയി..
    “ഇത്തിരിയെങ്കിലും ബുദ്ധിയുണ്ടെങ്കില്‍ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു”



  16. മലയാളം 4 U said...

    പ്രിയ സുഹൃത്തെ, ഒരുപക്ഷെ ഇത് താങ്കളുടെ അനുഭവം ആയിരിക്കാം അല്ലായിരിക്കാം. പക്ഷെ ഈ കഥയിലെ/അനുഭവത്തിലെ വില്ലന്‍ സമയം അല്ല കലണ്ടറ് ആണ്‍ എന്നു തോന്നുന്നു. തിരക്കേറിയ ജീവിതത്തില്‍ അഥവാ ഏറെ വൈകിയും ബ്ലോഗ് ലോകത്തില്‍ നിറഞ്ഞു നില്‍ക്കുന്നതിനാല്‍ ഇനിയും ഇങ്ങനെ സംഭവിച്ച് കൂടായ്കയില്ല.കലണ്ടറ് ഇവിടെ നിന്നും പ്രിന്റ് ചെയ്ത് ഓഫീസിലും റൂമിലും ഒട്ടിച്ച് വയ്ക്കാവുന്നതാണ്. ഞാനുദ്ദേശിച്ചത് ഇതിനുവേണ്ടി പ്രത്യേകം പണം മുടക്കണമെന്നില്ല. :)



  17. Unknown said...

    ശ്രീജ്യേ.. കുണ്ടാ... (തെറ്റിദ്ധരിക്കരുത്, പെന്‍ ഫ്രണ്ട് എന്നല്ല):-)

    ഇജ്ജ് ഒരു സംഭവാണ് എന്നാണ് ഞമ്മള്‍ കരുതിയിരുന്നത്.അല്ല മോനേ അല്ല... ഇജ്ജ് ഒരു പ്രസ്ഥാനാണ്. ബല്യ പെര്ന്നാളിന് പടക്കം പൊട്ടണ പോലല്ലേ ഇജ്ജ് ഓരോ പോസ്റ്റെറക്കണത്. അതിന് കൊടുക്കണം കായി!



  18. അരവിന്ദ് :: aravind said...

    ഇത് ഞാന്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണ്.
    ശ്രീജിത്തിന്റെ പോസ്റ്റിനെ ബഹുരസമാക്കുന്നത് ഇടക്കിടക്കുള്ള ചില ക്വിപ്സ് ആണ്.(മനസ്സിലായൊല്ലേ? ഞാനും കഷ്ടപ്പെട്ട് ഡിക്ഷനറി നോക്കി കണ്ടുപിടിച്ചതാ..വേണേ തന്നെ കണ്ടുപിടി).
    “ഇത്തിരി കുറയ്ക്കാം വേണമെങ്കില്‍, മുഴുവന്‍ കറങ്ങില്ല, എം.ജി. റോഡ് വഴി കറങ്ങും“
    “പഠനം ഒക്കെ അതിന്റെ വഴിക്ക് നടന്നു (ഞാന്‍ എന്റെ വഴിക്കും)“
    “ഒരര്‍ത്ഥത്തില്‍ ഞാന്‍ അത്യസന നിലയിലും ആയിരുന്നല്ലോ“
    പിന്നെ ഏറ്റവും സൂപ്പര്‍ “എന്താ ഇന്ന് ഞാന്‍ പോകുന്നിടത്തൊന്നും ആളില്ലാത്തത്? “

    കേമന്‍ തന്നെ. :-)



  19. മുല്ലപ്പൂ said...

    എന്റെ പരീക്ഷക്കാര്യത്തിലും പഠനകാര്യത്തിലും വീട്ടില്‍ ആര്‍ക്കും ഒരു ശ്രദ്ധയും ഇല്ല

    “പ്രതീക്ഷകള്‍ തകര്‍ത്ത പരീക്ഷണം”



  20. വര്‍ണ്ണമേഘങ്ങള്‍ said...

    നീയിക്കണക്കിന്‌ വിവാഹ മുഹൂര്‍ത്തത്തിനും അലാറം വെക്കും..
    നിന്റെ പരീക്ഷക്കാര്യത്തില്‍ ശ്രദ്ധയില്ലേലും ഉറക്കക്കാര്യത്തിലെങ്കിലും അവര്‍ക്ക്‌ ശ്രദ്ധിക്കാമായിരുന്നു.
    തല്‍ക്കാലം ക്ഷമിച്ചേക്കാം.



  21. bodhappayi said...

    നീ ശനിയാഴ്ചത്തെ മീറ്റിനു വെള്ളിയാഴ്ച തന്നെ ചെന്നു നിക്കൂവോടേ...



  22. സു | Su said...

    ഹിഹിഹി. ഈ പോസ്റ്റ് പിന്നേയ്ക്ക് വെച്ചതുകൊണ്ട് ഗുണമുണ്ടായി. അത്രയ്ക്കും രസിച്ചു ഇന്ന് വായിച്ചപ്പോള്‍. ഞായറാഴ്ച ഇഷ്ടം‌പോലെ പരീക്ഷകള്‍ ഉണ്ടാവും. അതുകൊണ്ട് ടാക്സിക്കാരന്‍ , ഇവനെപ്പറ്റിച്ച് കുറേ കാശടിക്കാം എന്ന് വിചാരിച്ച് ചിരിച്ചതാവും.

    “ഞാന്‍ ആകെ എന്റെ ജീവിതത്തില്‍ സ്വന്തം കൈയ്യില്‍ നിന്ന് ടാക്സിക്ക് കാശ് കൊടുത്തിട്ടുള്ളത് അന്നാണ്.”

    കുമാറേ, ബാംഗ്ലൂര്‍ക്ക് പുറപ്പെടുന്നതിനുമുന്‍പ് ഇതു കണ്ടിരുന്നോ ;)



  23. ബിജോയ്‌ മോഹന്‍ | Bijoy Mohan said...

    എന്തോന്നടെ ഇത്‌...വീട്ടുകാരും വല്യ മണ്ടന്‍മാരണോ... ഞായറാഴ്ച യാണെന്ന് അവര്‍ക്കുമറിയില്ലേ..???....



  24. Durga said...

    സത്യം പറയ്...:-) അന്ന് പരീക്ഷ ഉണ്ടായിരുന്നില്ലല്ലോ.....ഉണ്ടെങ്കില്‍ ഏത് സബ്ജ്കക്റ്റ് ആയിരുന്നു? അല്ലെങ്കില്‍ വല്ല ഇന്റേണലുമായിരിക്കും...
    പിന്നെ എന്നെങ്കിലും 10 മണിക്ക് മുന്‍പേ ഡിപ്പാര്‍ട്ട്മെന്റില്‍ എത്തിയ ചരിത്രം ഉണ്ടോ? ഒരു കാഴ്ച നമ്മുടെ ക്ലാസ്സിലെ ആരും മറക്കില്ല....
    സിന്ധുമാഡം സിസ് റ്റെം സോഫ്റ്റ് വേര്‍ എടുത്തു തളര്‍ന്ന്, ഒരാശ്വാസത്തിനായി പുറത്തേയ്ക്ക് നോക്കിയപ്പോള്‍ അതാ ഒരാള്‍ ഒരു കൂസലുമില്ലാതെ, ഫസ്റ്റ് അവര്‍ തീരാറായതിന്റെ ഒരുടെന്‍ഷനും ഇല്ലാത്തെ ഒരു മൂളിപ്പാട്ടും പാടി വരുന്നു..... ആരാണെന്നു പ്രത്യേകം പറയണോ? ;-)



  25. Ajith Krishnanunni said...

    ഞാന്‍ കുറുമേട്ടനെ സെക്കന്‍ഡ്‌ ചെയ്യുന്നു
    ശുദ്ധ പോക്കണം കേട്‌..



  26. Sreejith K. said...

    ശ്ശെഡാ‍, എല്ലാവരും ഈ ഞായറാഴ്ചയില്‍ കേറി പിടിച്ചിരിക്കുകയാണല്ലോ. എന്നാല്‍ ശരി. അതൊരു തിങ്കളാഴ്ച ആയിരുന്നു. എന്നിട്ട് ഞാന്‍ പോയി പരീക്ഷ എഴുതി. മൊത്തത്തില്‍ എളുപ്പമായിരുന്നു പരീക്ഷ. രണ്ട് ചോദ്യങ്ങള്‍ മാത്രം ബുദ്ധിമുട്ടായിരുന്നു. ആ ഭാഗം ഞാന്‍ പഠിച്ചിട്ടുണ്ടായിരുന്നില്ല. റിസള്‍ട്ട് വന്നപ്പോല്‍ എനിക്ക് നൂറില്‍ എഴുപ്പത്തിരണ്ട് മാര്‍ക്ക്. പിന്നീടുള്ള കാലം ഞാന്‍ സുഖമായി ജീവിച്ചു.



  27. Anonymous said...

    sree,
    enikku aadyam vayichappole manassilayi ithu nunakkatha aanennu... athalle enikku vayya ennu paranjathu...
    enthayalum office l irunnu ithu vayichu chirichu..aduthirunna aalu chodichu "what happend" ennu...
    parayan pattuo sree yude nunakkatha vayichittanennu...
    but kidu aanu ketto... keep posting....



  28. Visala Manaskan said...

    ദിവസം ഞായറന്നെ, എന്ന് ആദ്യമേ ഊഹിച്ചുവെങ്കിലും.. ഒരു മണിക്കൂറ് മാറിയെന്ന് പറഞ്ഞപ്പോള്‍ വീണ്ടും സംശയമായി.

    ശ്രീ, രസകരമായി എഴുതിയിട്ടുണ്ട്.



  29. മുസ്തഫ|musthapha said...

    “കാരണം, എനിക്കന്ന് അലാറം വച്ചപ്പോള്‍ മാറിപ്പോയത് ഒരു മണിക്കൂര്‍ മാത്രമല്ല, ഒരു ദിവസം കൂടെ ആയിരുന്നു.” ... ഇതെങ്ങിനെ എന്നാലോചിച്ച് തല പുണ്ണാ(ക്ക്)ക്കുമ്പോഴേക്കും താഴെ ഇങ്ങിനെ കണ്ടത് നന്നായി.. “അന്ന്, അന്ന്, ... അന്നൊരു ഞായറാഴ്ച ആയിരുന്നു.”