Wednesday, July 26, 2006

എ.ടി.എം മെഷീനും ഞാനും

ഇന്നലെ ഓഫീസില്‍ നിന്ന് ഇറങ്ങിയത് പതിവില്ലാത്ത സന്തോഷത്തോടെ ആയിരുന്നു.

ആദ്യമായി ഒരു ജോലി, പറഞ്ഞ സമയത്ത്, പറഞ്ഞ രീതിയില്‍ ചെയ്ത് കൊടുത്തതിന്റെ സന്തോഷം. ഞാന്‍ ചെയ്ത ഒരു പ്രോഗ്രാം ആദ്യമായി മുഴുവനും ഒരു തെറ്റുമില്ലാതെ ഓടി കണ്ട നിര്‍വൃതി വേറെ. കഴിഞ്ഞു എന്ന് ഞാന്‍ പറഞ്ഞത് കേട്ട് മാനേജറുടെ മുഖത്ത് കണ്ട സന്തോഷം, ആ ആശ്വാസം, ഹൊ. അത് ഞാന്‍ എങ്ങിനെ മറക്കും. ഇന്നലത്തെ എന്റെ ജീവിതം ധന്യമായി അങ്ങിനെ.

ആ സന്തോഷത്തില്‍ ഒരു മൂളിപ്പാട്ടും പാടി, എന്തൊക്കെയോ പകല്‍ക്കിനാവുകളും ഒക്കെ കണ്ടായിരുന്നു ഞാന്‍ വീട്ടിലേക്ക് വൈകുന്നേരം യാത്രയായത്. മനസ്സെവിടെയോ, കാലെവിടെയോ എന്ന രീതിയില്‍ അങ്ങിനെ നടക്കുമ്പോഴായിരുന്നു വഴിയില്‍ ഞാന്‍ എന്റെ ബാങ്കിന്റെ എ.ടി.എം കാണുന്നത്.

പതിവില്ലാതെ അവിടെ ഒഴിഞ്ഞ് കിടന്നിരുന്നു. സാധാരണ നല്ല ക്യൂ ഉണ്ടാകാറുള്ള സ്ഥലമാണ്. അതു കൊണ്ട് വല്ലപ്പോഴും മാത്രമേ കാശെടുക്കാന്‍ അവിടെ പോകാറുണ്ടായിരുന്നുള്ളൂ. പോകുമ്പോള്‍ എടുക്കാവുന്നത്രയും എടുത്തു വയ്ക്കുകയും ചെയ്യും. അതിനാല്‍ കാശെടുക്കാനുള്ള ബട്ടനല്ലാതെ വേറെ ഒന്നും അവിടെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. മെഷീനിന്റെ പ്രവര്‍ത്തനരീതി ഒന്ന് മുഴുവനും കണ്ട് മനസ്സിലാക്കാന്‍ ഇത് തന്നെ തക്കം എന്ന് ഞാന്‍ മനസ്സില്‍ വിചാരിച്ച് അങ്ങോട്ട് കയറി.

നേരത്തേ പാടിക്കൊണ്ടിരുന്ന മൂളിപ്പാട്ട് അപ്പോഴും ഞാന്‍ നിര്‍ത്തിയിട്ടുണ്ടായിരുന്നില്ല. മൈക്കിള്‍ ജാക്സനെക്കണക്കെ ഇടയ്ക്ക് കയ്യും കാലും ഊരി തെറിച്ച് പോകുന്ന പോലെ ചില നൃത്തച്ചുവടുകളും കാണിച്ച് കൊണ്ടാണ് ആ എ.ടി.എം ഇല്‍ ഞാന്‍ നില്‍ക്കുന്നുണ്ടായിരുന്നത്. അവിടെ ഉണ്ടായിരുന്ന ക്യാമറയില്‍ എല്ലാം പതിഞ്ഞ് കാണണം. അത് കണ്ട് എനിക്ക് ആരാധകര്‍ ഉണ്ടായിക്കാണുമോ എന്തോ.

മെഷീനിനകത്ത് ഞാന്‍ എന്റെ കാര്‍ഡ് ഇട്ടു. മെനു തെളിഞ്ഞ് വന്നു. പതിവില്ലാത്ത ഒരു മാറ്റം. സ്കീനില്‍ എഴുതിയിരിക്കുന്നതു ഞാന്‍ ഇതു വരെ കാണാത്ത എന്തൊക്കെയോ. കാശെടുക്കാനുള്ള ഓപ്ഷന്‍ മാത്രം അതു പോലെ. ഫോര്‍മാറ്റ് ചെയ്തു കാണും, എന്റെ കമ്പ്യൂട്ടര്‍ മനസ്സ് ചിന്തിച്ചു. പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്തതായിരിക്കാം, അല്ലെങ്കില്‍ പുതിയ സോഫ്റ്റ്വെയര്‍. ഇല്ലെങ്കില്‍ പാച്ച് ഇറങ്ങിയതാവാനും സാധ്യത ഉണ്ട്. എന്തായാലും വന്ന ദിവസം കൊള്ളാം. ഇതൊക്കെ സൌകര്യമായി കാണാന്‍ പറ്റിയല്ലോ.

ബ്ലോഗില്‍ പോയി വായിച്ച്, കമന്റിട്ട്, പിന്നെ തനിമലയാളത്തില്‍പ്പോയി അടുത്ത ബ്ലോഗില്‍ പോയി കമന്റിട്ട് എന്ന പ്രക്രിയ പോലെ ഓരോ മെനുവിലുമായി ഞാന്‍ കയറിയിറങ്ങി. പുതുതായി പലതും കണ്ടു. എന്തെല്ലാം ലോകത്ത് നടന്ന് കൊണ്ടിരിക്കുന്നു. ചിലതെങ്കിലും അറിയണ്ടേ?

അഞ്ച് പത്ത് മിനുട്ട് ആയപ്പോഴേക്കും ബോറടിച്ചു തുടങ്ങി. ഇനി മതിയാക്കാം എന്നായി. എന്തായാലും വന്നതല്ലേ ഒരു 100 രൂപ എടുത്തേക്കാം എന്നും തീരുമാനിക്കപ്പെട്ടു.

എത്ര വേണം എന്ന ചോദ്യത്തിന് 100 എന്ന് പറഞ്ഞ് കഴിഞ്ഞപ്പോഴാണ്, എന്റെ പിന്‍ നമ്പര്‍ മെഷീന്‍ ചോദിച്ചത്. ഞാന്‍ പിന്‍ നമ്പര്‍ അവിടെ അമര്‍ത്തി. പിന്‍ തെറ്റാണെന്ന അറിയിപ്പ് വന്നു. നമ്പര്‍ ഞെക്കിയപ്പോള്‍ ഉന്നം തെറ്റിയതായിരിക്കും എന്ന് കരുതി ഒന്നും കൂടെ നമ്പര്‍ അമര്‍ത്തി. വിണ്ടും വന്നു അറിയിപ്പ്, നമ്പര്‍ തെറ്റാണെന്ന്. അപ്പോള്‍ ഉന്നം തെറ്റുന്നതല്ല, നമ്പര്‍ ആണ് തെറ്റുന്നത്.

എന്റെ സഹമുറിയനെ നല്ല വിശ്വാസമായതിനാല്‍ എന്റെ പിന്‍ നമ്പര്‍ ഞാന്‍ എവിടേയും എഴുതി വച്ചിട്ടുണ്ടായിരുന്നില്ല. എന്റെ മനസ്സില്‍ മാത്രമേ ഉള്ളൂ. എന്റെ ഓര്‍മ്മ, ബുദ്ധിയുടെ അത്ര നല്ല പ്രവര്‍ത്തനശേഷി ഉള്ള ഒന്നല്ലാത്തത് കാരണം സംശയമായി. ഒന്നോ രണ്ടോ അക്കങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോകാനുള്ള സാധ്യത വളരെക്കൂടുതലാണ്.

നടുക്കുള്ള സംഖ്യകള്‍ തിരിച്ചിട്ട് ഒന്നും കൂടെ ശ്രമിച്ച് നോക്കി. രക്ഷയില്ല. അവസാനത്തേയും ആദ്യത്തേയും തിരിച്ചിട്ട് നോക്കി. കിം ഫല.

ഇനി എന്റെ മനസ്സ് ആദ്യം പറഞ്ഞ സംഖ്യ തന്നെ ഒന്നും കൂടെ ശ്രദ്ധിച്ച് ഇട്ടു നോക്കാം എന്ന് കരുതി. കമന്റ് വേരിഫിക്കേഷന്‍, ഓരോ അക്ഷരവും രണ്ടാമതും നോക്കി ഉറപ്പാക്കി മാത്രം ടൈപ്പ് ചെയ്യുന്ന പോലെ പതുക്കെ പതുക്കെ പിന്‍ നമ്പര്‍ കുത്തി. ഇത്തവണ പിന്‍ തെറ്റി എന്ന അറിയിപ്പ് വന്നില്ല.

പകരം വന്നത്, “ഇത്രയും ശ്രമിച്ചാല്‍ മതി. ഇനി ഈ കാര്‍ഡ് വേണമെന്നുണ്ടെങ്കില്‍ ബാങ്കില്‍ വന്ന് വാങ്ങണം” എന്ന അറിയിപ്പായിരുന്നു.

അതെന്താ ‍‍അങ്ങിനെ സംഭവിച്ചത് എന്ന സംശയമായി. ഇത് പതിവില്ലാത്തതാണല്ലോ. പോക്കറ്റില്‍ നിന്ന് പര്‍സ് എടുത്ത് നോക്കി. ഞാന്‍ ഞെട്ടി. ഡെബിറ്റ് കാര്‍ഡ് അതില്‍ തന്നെ കിടക്കുന്നുണ്ട്. അപ്പോള്‍ ഞാന്‍ ഇത്രയും നേരം അതിന്റെ അകത്തിട്ട് കളിച്ചത്? പര്‍സില്‍ തന്നെ വീണ്ടും തപ്പി. വിസിറ്റിങ്ങ് കാര്‍ഡും പര്‍സില്‍ തന്നെ ഉണ്ട്. എന്റെ ലൈസന്‍സും. പിന്നെ മെഷീന്‍ വിഴുങ്ങിയതെന്ത്?

കൂടുതല്‍ അന്വേഷണത്തില്‍ ഒരു കാര്യം വെളിവായി. എന്റെ ക്രെഡിറ്റ് കാര്‍ഡ് കാണുന്നില്ല. അപ്പോള്‍ അവന്‍ തന്നെ വില്ലന്‍. അത് പോയി. അങ്ങോട്ട് കേറിയ നേരത്തെ ശപിച്ച് കൊണ്ട് വേഗം ഫോണ്‍ എടുത്ത് കസ്റ്റമര്‍ സെര്‍വീസിന്റെ വിളിച്ച് കാര്‍ഡ് നഷ്ടപ്പെട്ട കാര്യം അറിയിച്ചു. “അത്രേയുള്ളോ, ബാങ്കിന്റെ മെയില്‍ ഓഫീസില്‍ നിന്ന് രണ്ട് ദിവസം കഴിഞ്ഞ് വന്ന് വാങ്ങിക്കോളൂ, ശുഭദിനം” എന്ന്‍ മറുപടി.

ആ ബ്രാഞ്ച് ആണെങ്കില്‍ എന്റെ വീട്ടില്‍ നിന്ന് വളരെയധികം ദൂരത്തിലും. ഇനി അത് വാങ്ങാ‍ന്‍ ഒരു അരദിവസമെങ്കിലും മെനക്കെടണം. സമയത്ത് ജോലി തീര്‍ത്തതിന്റേയും, ആദ്യമായി ഒരു അഭിനന്ദനം മാനേജറുടെ അടുത്ത് നിന്ന് കിട്ടിയതിന്റേയും സന്തോഷം അവിടെ നിന്നു. ഇനി മേലാല്‍ ഒരു പണിയും സമയത്ത് ചെയ്ത് തീര്‍ക്കില്ലെന്ന ഉഗ്രപ്രതിജ്ഞയുമെടുത്ത് ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവനായിത്തീര്‍ന്ന ദുഃഖത്തില്‍ മൂളിപ്പാട്ടിനുപകരം ശോകഗാനം മൂളിക്കൊണ്ട് ഞാന്‍ വേച്ച് വേച്ച് വീട്ടിലേക്ക് നടന്നു. എന്റെ ക്രെഡിറ്റ് കാര്‍ഡ് ഒന്ന് നിലവിളിക്കാന്‍ കൂടെ കഴിയാതെ, അനാഥമായി ആ മെഷിനിനകത്തും. ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും തിരിച്ചറിയാന്‍ പാടില്ലാതെ വൃത്തികെട്ട മെഷീന്‍. അവനൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ല, നോക്കിക്കോ

23 comments:

 1. കുറുമാന്‍ said...

  ശ്രീജിത്തേ,ജിത്തേ, ത്തേ.......ഇതൊക്കെ ഇവിടെ സാധാരണമാ...........അഞ്ചാറു ക്രെഡിറ്റ് കാര്‍ഡ് മാത്രമായിരുന്നു പെണ്ണുകെട്ടുമ്പോള്‍ എനിക്ക് സ്വന്തമായിരുന്നത്. അതും ഫുള്ളി യൂസ്ഡ്. അതെങ്ങാനും എ ടി എമ്മില്‍ ഇട്ടാല്‍ മെഷീനിലില്‍ നിന്നും കാശ് വരുന്നതിന്നു പകരം ഇടി വന്നേനെ.

  ഇപ്പോ രണ്ടേ ഉള്ളൂ.....ഭാര്യയറിഞ്ഞൊന്നും, അറിയാതെ ബാറില്‍ പോകുനുപയോഗിക്കുന്ന മറ്റൊന്നും!!

  അത്രേയുള്ളോ, ബാങ്കിന്റെ മെയില്‍ ഓഫീസില്‍ നിന്ന് രണ്ട് ദിവസം കഴിഞ്ഞ് വന്ന് വാങ്ങിക്കോളൂ, ശുഭദിനം” - ഈ മെയില്‍ ഓഫീസ്, ഫീമെയില്‍ ഓഫിസ് എന്നൊക്കെ നാട്ടില്‍ ബാങ്കിന്നു ബ്രാഞ്ചുകളുണ്ടോ? മറുപാര :) 2. ലുട്ടാപ്പി ! said...

  അത്‌ എനിക്കിഷ്ടായി ജിത്തേ..
  കാര്‍ഡ്‌ കിട്ടിയല്ലോ, പിറ്റേന്ന്‌ ?? 3. ഫാര്‍സി said...

  ഏതായാലും ഇങ്ങനെ മണ്ടത്തരങ്ങള്‍ പറ്റുന്നതു കൊണ്ട് ഒരു കാര്യം ചോദിച്ചോട്ടെ?....കാര്‍ഡിന്‍റെ പിന്‍ എത്രയാ....? 4. Adithyan said...

  മൈക്കിള്‍ ജാക്സനെക്കണക്കെ ഇടയ്ക്ക് കയ്യും കാലും ഊരി തെറിച്ച് പോകുന്ന പോലെ ചില നൃത്തച്ചുവടുകളും കാണിച്ച് കൊണ്ടാണ്

  ഹഹഹ... കൊള്ളാം...

  ഏതായാലും പ്രശ്നത്തിന്റെ മൂലകാരണം (റൂട്ട് കോസ്) കണ്ടെത്തി അതിനു പെട്ടെന്നു തന്നെ പ്രതിവിധി കണ്ടെത്തിയ രീതി എനിക്കിഷ്ടപ്പെട്ടു. :) 5. ദിവ (diva) said...

  അത് ഇഷ്ടപ്പെട്ടു, ശ്രീജിത്തേ.

  എനിക്ക്, ഡെല്‍ഹിയില്‍ വച്ച് ഒരു ഡസന്‍ തവണയെനിങ്കിലും ഇതേ അബദ്ധം പറ്റിയിട്ടുണ്ട്. ഏബീയെന്‍ ആമ്രോ ബാങ്കിന്റെ ന്യൂ ഫ്രണ്ട്സ് കോളനിയിലുള്ള ഏറ്റീയെമ്മും തൊട്ടടുത്ത് ഡോമിനോസ് പിസ്സായും വീക്കെന്‍ഡുകളും. എന്തൊരു ഗോമ്പിനേഷന്‍ !

  എടുത്ത് പറയാവുന്നൊരെണ്ണം; ജയ്പൂര്‍ക്ക് ഒരു കോണ്‍ഫറന്‍സിനായി പോകുന്ന വഴി കാശെടുത്തിട്ട്............. ജയ്പൂര്‍ ചെല്ലുമ്പോഴാണ് ഓര്‍ക്കുന്നത്... കാര്‍ഡ് മെഷീനില്‍ തന്നെ വച്ച് മറന്നല്ലോ എന്ന്. പിന്നത്തെ കഥ എഴുതുന്നില്ല. ഊഹിക്കാവുന്നതല്ലേ ഉള്ളൂ... 6. ഇടിവാള്‍ said...

  ശ്രിജിത്തേ, മണ്ടത്തരം നല്ല സിമ്പിള്‍ ആയിട്ടു എഴുതി. പിന്ന്യ്യേ, ജാക്സണെപ്പോലെ, എ.ടി.എം നു മുന്നില്‍ അധികം നൃത്തച്ചുവടൊക്ക്കെ കളിച്ചല്‍, 10 മിനിട്ട്ടില്‍ ഇവിടെ ഷുര്‍ത്ത ( പോലീസ്) വന്നു പൊക്കിക്കൊണ്ടു പോകും ! ബാക്കി നൃത്തമൊക്കെ, അഴിയും എണ്ണിക്കൊണ്ടു ചെയ്യേണ്ടി വരും 7. മുല്ലപ്പൂ || Mullappoo said...

  പല ‘നമ്പറും അടിച്ചിട്ടും’ ഒന്നും ഏറ്റില്ല ല്ലേ..
  ആ ഭാഗം അസ്സലായി... :) 8. അപ്പൊള്‍ ദമനകന്‍ ... said...

  ഹ ഹ..
  ഇങ്ങനെ ആയിട്ടെങ്കിലും ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ ഒന്ന് രണ്ട് എണ്ണം അങ്ങ് പോയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണ് ഞാന്‍. ഫ്രീ കിട്ടിയത് കുറേ വാരിക്കൂട്ടി, ഇപ്പൊ ദുഷ്ചിലവും, സമയം തെറ്റിയ പേയ്മെന്റിന്റെ പേരിലുള്ള ഫൈനും. ക്യാന്‍സല്‍ ചെയ്യാമെന്ന് വച്ച് വിളിക്കുംബൊ കളമൊഴികളുടെ സങ്കടം കേള്‍ക്കുംബൊ സാരമില്ല, ഇരിക്കട്ടെ എന്നു വയ്ക്കും ;) 9. ikkaas|ഇക്കാസ് said...

  മൂന്നുമാസം മുന്‍പ് എനിക്കും പറ്റി ഒരബദ്ധം. ഏ ടി എമ്മില്‍ നിന്നു പൈസ എടുത്ത് എണ്ണിക്കൊണ്ടു നില്‍ക്കുമ്പോള്‍ പുറത്തേക്കുവന്ന കാര്‍ഡ് കുറച്ചുനേരം കാത്തിരുന്നിട്ടും ഞാനെടുക്കാതെ വന്നെപ്പോള്‍ “ഇനി വേണെങ്കി താന്‍ ബാ‍ങ്കീപ്പോയി മേടിച്ചോ” എന്ന ഭാവത്തില്‍ നേരേ തിരിച്ച് അകത്തേക്കു പോയി. തൊട്ടുപുറകില്‍തന്നെയുള്ള ബാങ്കില്‍ ചെന്നു പറഞ്ഞപ്പോള്‍ “നിങ്ങളുടെ അക്കൌണ്ട് ഇവിടെയല്ലല്ലോ, ആ ബ്രാഞ്ചില്‍ ചെല്ലൂ, ഞങ്ങളങ്ങോട്ട് കൊറിയര്‍ ചെയ്തേക്കാം” എന്ന മൊഴി.
  കൊറിയര്‍ വരുമെന്നു കരുതി ഒരാഴ്ച കാത്തു. പിന്നെ പുതിയ കാര്‍ഡിനായി 100 രൂപ അടച്ച് അതിനായി കാത്തിരിക്കുന്നു. രണ്ടും കിട്ടിയിട്ടില്ല. കിട്ടുമായിരിക്കും. 10. തന്മാത്ര said...

  പതിവു പോലെ സരസമായ അവതരണം...

  പിന്നെ,
  എന്തിനാ ഈ എ.ടി.എം.'മെഷീന്‍'?
  എ.ടി.എം. എന്നു പോരേ?!!!

  ഉന്നം വെച്ച്‌ അടിക്കാന്‍ ഇതെന്താ വെടിവെക്കുകയാണോ??????? 11. ദില്‍ബാസുരന്‍ said...

  ശ്രീജിത്തേട്ടാ,
  ഇതാണ് ഞാന്‍ എന്റെ ജോലി ഒന്നും സമയത്ത് തീര്‍ക്കാത്തത്. ഈ ലക്കി ചാം എന്നോ മറ്റോ സായിപ്പ് പറഞ്ഞ സാധനം അപ്പൊ പോകും. “അത് ശരി നീ ഒറ്റക്ക് പണിയൊക്കെ തീര്‍ത്ത് വിലസും അല്ലേഡാ, മാനേജരുടെ കണ്ണില്‍ പൊടിയിടാന്‍ നിനക്കിനി എന്റെ സഹായം വേണ്ട അല്ലേഡാ“ എന്നൊക്കെ പറഞ്ഞ് ഫാഗ്യ ദേവത ശപിക്കുന്നതാ. 12. വിശാല മനസ്കന്‍ said...

  രസകരമായി എഴുതി.

  ഇവിടെ എ.ബി.എന്‍. ആമ്രോ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് എടുത്താല്‍ എല്ലാ ആഴ്കയിലും ഷാര്‍ജ്ജ മെഗാ മാളില് പോയി ഒരോ സിനിമാ കാണാം. ഫ്രീ ആയി.
  അങ്ങിനെ സിനിമ കാണാന്‍ വേണ്ടി മാത്രം ക്രെഡിറ്റ് കാര്‍ഡ് എടുത്ത ഒരു സുഹ്രുത്തുണ്ട് എനിക്ക്. 13. ഇത്തിരിവെട്ടം|Ithiri said...

  എ.ടി.എം മിന്നോട് ഒരു നമ്പരും ഏറ്റില്ല അല്ലേ...
  പിന്നെ അവസാനത്തെ പ്രതിജ്ഞ ഒന്നു മാറ്റിപ്പിടിച്ചാല്‍ നന്നായിരിക്കും ഇല്ലങ്കില്‍ അതും മണ്ടത്തരങ്ങളില്‍ ചേര്‍ക്കേണ്ടിവരും. ഹ.. ഹ.. ഹ..

  ഈമണ്ടന്മാരെകൊണ്ടു തോറ്റു...

  ശരിക്കും ആസ്വദിച്ചു കെട്ടോ 14. അജിത്‌ | Ajith said...

  ശ്രീജിത്തിന്റെ ഒരു കാര്യം..

  ഗിന്നസ്‌ ബുക്കില്‍ കേറാന്‍ ചാന്‍സ്‌ ഉണ്ട്‌ കേട്ടോ ശ്രീജിത്തേയ്‌.. 15. അരവിന്ദ് :: aravind said...

  ങി‌ഹിഹിഹി..

  ഒരബദ്ധം എനിക്കും പറ്റിയതാ(ങേ? പറ്റിയെന്ന് മാത്രം പറഞ്ഞാ മതീ ന്നോ?)

  ഡെബിറ്റ് കാര്‍ഡി‍ന്റെ ഒപ്പം ഇവിടെ സ്റ്റോപ് കാര്‍ഡും കിട്ടും..അരെങ്കിലും ഡെബിറ്റ് കാര്‍ഡടിച്ചോണ്ട് പോയാല്‍ സ്റ്റോപ് കാര്‍ഡെടുത്ത് എ.ടി.എം മ്മിലിട്ട് പിന്നടിച്ചാല്‍ മതി.ഡെബിറ്റ് കാര്‍ഡ് എന്നെന്നേക്കുമായി ബ്ലോക്കായിക്കോളും.
  പെട്രൊളടിച്ച് കാശ് തെകയാഞ്ഞതിനാല്‍ “ഇപ്പം കൊണ്ടരാം” എന്ന് പറഞ്ഞ് എ.ടി എമ്മില്‍ പോയി അറിയാതെ ഈ സ്റ്റോപ്പ് പണ്ടാരമിട്ട് പിന്നടിച്ച് അക്കൌണ്ട് കമ്പ്ലീറ്റ് ബ്ലോക്കാക്കി.
  മോഹന്‍‌ലാല്‍ വന്ദനത്തില്‍ സൈക്കിളു നന്നാക്കി കൊണ്ടുംവരുമ്പോഴത്തെപോലെ ഒരു ചിരിയും ചിരിച്ച് ഞാന്‍ പെട്രോളുകാരന്റെ അടുത്ത് ചെന്ന് പറഞ്ഞു.
  “ബാങ്ക് അക്കൌണ്ട് ഔട്ട് കം.....മ്പ്ലീറ്റ്‌ലി...
  പ്ലീസ് വെയിറ്റ്, മൈ വൈഫ് വില്‍ കം വിത്ത് മണി.” 16. Anonymous said...

  ശ്രീജിത്തിന്റെ എല്ലാ പോസ്റ്റും എനിക്ക് ഇഷ്റ്റമാണ്...ഒരു ബൂലോകം ശ്രീനിവാസന്‍ ടച്ച്...ശരിക്കും ശ്രീജിത്തെ... 17. പാര്‍വതി said...

  ഈ ശ്രീജിത്ത്,ശ്രീ എന്നൊക്കെ പറയുന്ന ഒരു മഹാസംഭവമാണല്ലെ?
  ശരിക്കും ഇതു വായിച്ച് പരിസരം മറന്ന് ചിരിച്ച് പൊയി.എന്നിട്ട് എ.ടി.എം ല്‍ പൊയി നിന്നപ്പൊള്‍ പിന്നെയും ഓര്‍ത്ത് ചിരിച്ചു.ക്യുവില്‍ കാത്ത് നിന്ന ആരെങ്കിലും ശ്രദ്ധിച്ചിരുന്നെങ്കില്‍ നൊസ്സാണെന്ന് കരുതിക്കാണും.

  -പാര്‍വതി 18. ബിജോയ്‌ മോഹന്‍ | Bijoy Mohan said...

  ശ്രീ ശ്രീ ശ്രീജിത്തേ,

  പ്രഭോ... അങ്ങയെ നമിച്ചിരിക്കുന്നു... മണ്ടത്തരങ്ങള്‍ ചെയ്യ്‌ത്‌ ചെയ്യ്‌ത്‌ നോബല്‍ സ്മ്മാനം അടിച്ചെടുക്കുമോ..... 19. സൂര്യോദയം said...

  ശ്രീജിത്തേ... കലക്കീ ട്ടാ... കര്‍ഡിട്ട്‌ രണ്ട്‌ കാച്ച്‌ കാച്ചിയിട്ടും മുതല്‌ വഴങ്ങുന്നില്ലെങ്കില്‍ ഊരിക്കൊണ്ട്‌ പോരുന്ന കാരണം ഞാന്‍ രക്ഷപ്പെടാറുണ്ട്‌... :-) 20. മണി | maNi said...

  ശ്രീജിത്തേ, കൊള്ളാം. ഇനി ക്രെഡിറ്റ് കാര്‍ഡിന്റെ ബില്ല് വരുമ്പോള്‍ അതിലും കാണും ഒരു ഫൈന്‍. തെറ്റായ പിന്‍ കൊടുത്തതിന്. 21. കൂമന്‍ said...

  വളരെ നല്ല ഹാസ്യാവതരണം. മൊത്തത്തിലും ചില്ലറയായും നന്നായിട്ടൂണ്ട്. (താനിതാരുവ്വാ.. ചൊവ്വല്ലൂര്‍ കൃഷ്ണങ്കുട്ടിയോ?! ...) ബ്ലോഗെഴുതാനും വായിക്കാനും അറിയാത്ത എന്റെ ശ്രീമതിയുള്‍പ്പെടെ ശ്രീജിത്തിന്റെ ബ്ലോഗു വായിക്കാറുണ്ട്. (എന്റെ കൂമന്‍ ബ്ലോഗിനെപറ്റി കക്ഷിയോട് പറയാന്‍ തുടങ്ങിയിട്ട് ആഴ്ച രണ്ടായി. ങേഹേ..ഇനി വല്ല പി.ഡി.എഫും ആക്കി മെയിലിലാട്ട് അയച്ച് നോക്കണം.)

  “ക്യാന്‍സല്‍ ചെയ്യാമെന്ന് വച്ച് വിളിക്കുംബൊ കളമൊഴികളുടെ സങ്കടം കേള്‍ക്കുംബൊ സാരമില്ല, ഇരിക്കട്ടെ എന്നു വയ്ക്കും ;)“ ദമനകന്റെ ധര്‍മ്മ സങ്കടം മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. :-D 22. കൊച്ചന്‍ said...

  എന്റെ ശ്രീ,

  മണ്ടത്തരം കുറയ്ക്കാന്‍ പറ്റണില്ലെങ്കി, അതു ലോകത്തോടു വിളിച്ചു പറയലെങ്കിലും നിറുത്തിക്കൂടേ? ഈ പ്രോത്സാഹിപ്പിക്കുന്നോര്‌ തന്നെ ഒടുക്കം കല്യാണം മുടക്കും, നോക്കിക്കോ.

  അനുഭവം സാക്ഷി. 23. thenthully said...

  sreejithey...kollam kalakkununde...